കരിങ്കൽ ജെല്ലികളിൽ തെറിച്ചുവീണ രക്ത തുള്ളികൾ ഉണങ്ങി തുടങ്ങിയിരുന്നു. പോലീസുകാർ കൈകാലുകൾ അറ്റ ശവശരീരം എടുത്തു മാറ്റിയിരിക്കുന്നു. കാഴ്ച കാണാൻ കുറച്ചു പേർ വന്നു നിൽക്കുന്നുണ്ടായിരുന്നു.. മുമ്പ് അങ്ങനെ ആയിരുന്നില്ല. റെയിൽവേ കട്ടിംഗിൽ ആരെങ്കിലും മരിച്ചു കിടക്കുന്നുണ്ട് എന്ന് കേട്ടാൽ നാട്ടുകാർ മൊത്തം വന്നു നോക്കുമായിരുന്നു. അന്ന് കട്ടിംഗ് ഇങ്ങനെ ആയിരുന്നില്ല. ഒരു പാതയേ ഉണ്ടായിരുന്നുള്ളൂ.. കട്ടിംഗ് ഒരു നൂറു മീറ്ററെങ്കിലും കാണും… ഇന്ന് അങ്ങനെ അല്ല രണ്ടു പാതയാണ്. കട്ടിംഗിൻ്റെ വീതി കൂടിയിരിക്കുന്നു..
”ആത്മഹത്യ ഒന്നും ആയിരിക്കൂല.. അല്ലെങ്കി ആള് കാണൂലേ… ട്രെയിനീന്ന് ബീണതായിരിക്കും ന്ന്… കണ്ണൂര് എറങ്ങാൻ എണീറ്റ്യാരിക്കും… അല്ലങ്കി ബളപട്ടണം.. ”
“ആ നേരത്തേഡ്യാഡോ ബളപട്ടണത്ത് നിർത്ത്ന്ന ബണ്ടി?”
“ഇങ്ങോട്ട് പോന്നയന്നോ അങ്ങോട്ട് പോന്നയാന്നോ ബണ്ടീന്ന് പറയാമ്പറ്റൂല.. ”
“ശെര്യാ ആ നേരത്ത് ബളപട്ടണത്ത് നിർത്താത്ത ബണ്ടിയിണ്ട്… പക്ഷേ ഏത് പാളത്തിലൂട്യാണ് ഓഡ്ന്നേന്നറിയൂല.”
“എനി കൊന്നിട്ട്യാന്നോ?”
“അതും പറയാമ്പറ്റൂല!”
“ഏട്ത്യാന്നോളീ? ”
“ബേളാപുരത്ത്യാന്നാ പറീന്നേ ”
“എനി ചാവാൻ ബന്ന്യാന്നോ.. ”
“അയിന് ബളോട്ടണം പൊഴയില്ലേ.. ഓക്ക് ആട ചത്താ പോരേന്ന് .. ഈടം ബെരെ ബെരണ്ട കാര്യുണ്ടാ..”
“എന്ത്ന്നാന്ന് നാളത്തെ പേയ്പ്പറില് കാണാ.. ”
ആൾക്കാർ പരസ്പരം സംശയങ്ങൾ പറയുന്നു.. ചിലർ പിറുപിറുത്തു കൊണ്ട് തിരിച്ചുപോയി..
ഞാൻ പാളത്തിൽ നിന്നും എഴുന്നേറ്റു. അടുത്ത പാളത്തിലൂടെ ട്രെയിൽ കടന്നു പോയപ്പോൾ പഴയ പോലെ എനിക്ക് പേടി തോന്നാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല..
പിന്നെ എനിക്ക് പരിചയമില്ലാത്ത സ്ഥലമൊന്നുമല്ലല്ലോ?
കുട്ടിക്കാലത്ത് ഇങ്ങനെ എത്രയെത്ര കഷ്ണം കഷ്ണമായ ശവശരീരങ്ങൾ കണ്ടു കഴിഞ്ഞിരിക്കുന്നു…
അന്ന് താമസിച്ചിരുന്ന വീട് ഈ കട്ടിംഗിന് മുകളിലാണ് ..അത് ഇപ്പോൾ അവിടെ ഇല്ല.. ആൾകൂട്ടത്തിൽ തന്നെ പരിചയമുള്ള ആരും ഇല്ല…
കുറച്ചു പെണ്ണുണൾ ദൂരെ നിൽപ്പുണ്ട്. ഞാൻ അങ്ങോട്ട് നടന്നു. എന്തിനാണ് ഞാൻ ഒറ്റയ്ക്ക് നിൽക്കുന്നത്?
മൂന്ന് നാല് പേർ കാണും.. ഞാൻ അവരുടെ അടുത്തെത്തി. അതിൽ കുറച്ച് തടിച്ച് ഇരുണ്ട നിറമുള്ള സ്ത്രീ എന്നെ നോക്കി ചിരിച്ചു. ചുവന്ന വട്ടപ്പൊട്ട് തൊട്ട് ചുരുളൻ മുടിയിൽ മുല്ലപ്പൂവ് ചൂടിയിരിക്കുന്നു. ചുവന്ന് തിളക്കമുള്ള സാരിയാണ് ഉടുത്തിരിക്കുന്നത്.. ഒരു നാൽപത് നാലപത്തഞ്ച് വയസെങ്കിലും കാണും.
“ഞാൻ സീത! മോളുടെ പേരന്താ?” അവൾ മുല്ലപ്പൂമൊട്ടു പോലുള്ള പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു.
“ഞാൻ…” ഞാൻ ഓർക്കാൻ ശ്രമിച്ചു…
വളപട്ടണം പുഴയിൽ നിന്ന് അടിച്ചതണുത്ത കാറ്റ് മാത്രമാണ് ഓർമ്മ വരുന്നത് ..
ഞാൻ വീണ്ടും പാളത്തിൽ പോയി ഇരുന്നു. എന്തോ അവിടെ ഇരിക്കാനാണ് എനിക്ക് തോന്നിയത്.. ഒരു ആത്മബന്ധം..
എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല. ട്രെയിൻ വരുമ്പോൾ മറ്റൊരു പാളത്തിലേക്ക് ഇരിപ്പു മാറ്റി.
സീത തന്നെ തന്നെ നോക്കി മൈൽ സ്റ്റോണിൽ ഇരിക്കുന്നു. അതിനടുത്ത് ഒരു തമിഴത്തി തറയിൽ കുത്തിയിരുന്ന് കല്ലുകൾ പെറുക്കി പാളത്തിലേക്ക് എറിഞ്ഞു കൊണ്ടിരിക്കുന്നു. അതിനടുത്ത് ചമ്രം പടിഞ്ഞിരുന്ന ഒരു തടിച്ചി തെലുങ്കത്തി തൻ്റെ കഴുത്തിൽ കിടന്ന ആഭരണങ്ങൾ ഭംഗിയായി വെക്കുന്നുണ്ടായിരുന്നു.
“അതങ്ങനെയാണ് ഇവിടെ എത്തിയാ പിന്നെ ഇവിടെ നിന്ന് പോവാൻ തോന്നില്ല.” സീതയാണ്..
“ഞാൻ എങ്ങനെ ഇവിടെ എത്തി എന്ന് അറിയില്ല…” ഞാൻ എൻ്റെ മൗനത്തിന് വിരാമമിട്ടു.
ചിലപ്പോൾ ഇവർക്ക് ആർക്കെങ്കിലും അറിയാമെങ്കിലോ…
“ഞങ്ങളും അത്ര ശ്രദ്ധിച്ചില്ല.. കട്ടിംഗിന് വീതി കൂട്ടിയതുകൊണ്ട് ആരും ഇവിടെ അങ്ങനെ ആത്മഹത്യ ചെയ്യാൻ വരാറില്ല .. അങ്ങനെ വന്നതല്ല കുട്ടി.” സീത പറഞ്ഞു.
“ആ മംഗലാപുരം വണ്ടി നിർത്തിയിട്ടില്ലേ… അപ്പോ ഒരുത്തൻ എറങ്ങി ഓടുന്നുണ്ടായിര്ന്ന് ”
ഞാൻ പുറം തിരിഞ്ഞ് നോക്കി.
മെലിഞ്ഞ ഒരു സ്ത്രീ പഴകി നിറം മങ്ങിയ ഒരു കോട്ടൺ സാരിയായിരുന്നു വേഷം.. ഒട്ടിയ വയറാണ് എൻ്റെ കണ്ണിൽ ആദ്യം പെട്ടത്.
“ആരിത് ജാനുവോ… നീ ഇത്ര നേരം എവിടെ ആയിരുന്നു… നിൻ്റെ വീട്ടിൽ പോയോ?” സീത ചോദിച്ചു.
“ഏയ് ഞാൻ ആ ആൾക്കാരൊക്കെ എന്താ പറയ്ന്നേന്ന് കേൾക്കാൻ പോയതാ ന്ന്.. ” ജാനു പറഞ്ഞു.
“ഇത് ജാനു .. ഭർത്താവ് ചെറുപ്പത്തിൽ തന്നെ മരിച്ചു… ഉള്ള ജോലി ഒക്കെ ചെയ്ത് രണ്ട് പെൺമക്കളെ പഠിപ്പിച്ച് വളർത്തി വലുതാക്കി നല്ല രീതിയിൽ കെട്ടിച്ചു വിട്ടു… പിന്നെ ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോൾ തോന്നിയ ഒരു ദുർബുദ്ധി.”
പ്രായം അറുപതിനോടടുത്ത അവർ എന്നെ നോക്കി വെളുക്കെ ചിരിച്ചു..
“ചേച്ചി എങ്ങനെയാ മരിച്ചത്?” ഞാൻ ചോദിച്ചു.
“ഇവളോ… ആർക്കും വേണ്ടാതാവും എന്ന് തോന്നിയപ്പോ ഒരു പാതിരാത്രിക്ക് പാളത്തിൽ വന്നു കിടന്നു.. ” ജാനു ആർത്തു ചിരിച്ചു.
“നിങ്ങൾ ആരും ഞാൻ മരിക്കുന്നത് കാണാത്ത സ്ഥിതിക്ക് നിങ്ങളുടെ കഥകൾ കേട്ടാൽ ചിലപ്പോൾ ഓർമ്മ വന്നാലോ എന്നു കരുതിയാണ് … ” ഞാൻ പറഞ്ഞു.
“ജാനു ഏച്ചി പറഞ്ഞത് ശരിയാണ്…. അച്ഛനും അമ്മയും മരിച്ചപ്പോ ആങ്ങള നോക്കുമെന്ന് കരുതി… പക്ഷേ അതുണ്ടായില്ല… ഏട്ടൻ കല്യാണം കഴിച്ച് ഏട്ടത്തിയുടെ കൂടെ പോയി.. പ്രായം കൂടിയപ്പോൾ കല്യാണം കഴിക്കുമെന്ന മോഹവും നഷ്ടപ്പെട്ടു. ആദ്യമായി ഒരാൾ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ പറ്റിക്കാനാണെന്ന് കരുതിയില്ല… പിന്നെ ജീവിക്കാൻ ഇഷ്ടമാണെന്ന് പറഞ്ഞ് വന്നവരോടൊപ്പം കിടക്കാൻ മടി കാണിച്ചില്ല… പിന്നെ അതൊരു തൊഴിലായി… അത് അധികകാലം നീണ്ടില്ല… കുറെ പെണ്ണുങ്ങളുടെ ശാപം അത് വയറ്റിൽ മുഴയായി വന്നു… പിന്നെ അധികം ചിന്തിച്ചില്ല… ഒരു പാതിരാത്രി വന്നു പാളത്തിൽ കിടന്നു…”
“പക്ഷേ നാട്ടുകാര് പറഞ്ഞത് നിനക്ക് ഗർഭമുണ്ടായിട്ടെന്നാണ് .. ” ജാനു പറഞ്ഞു.
“ഇവരോ?” ഞാൻ അവരുടെ അടുത്ത് കുത്തിയിരുന്ന തമിഴത്തിയെ നോക്കി.
അവർ എന്നെ നോക്കി നിഷ്കളങ്കമായി ചിരിച്ചു.
“ഇതോ.. ഇതൊരു പൊട്ടിയാ… പാട്ട പെറുക്കാൻ ഇറങ്ങിയതാ… കാലിക്കുപ്പി പെറുക്കി നടന്നപ്പോ ട്രെയിൻ വന്നതറിഞ്ഞില്ല.”
“അവരോ?” ഞാൻ തെലുങ്കത്തിയെ നോക്കി..
“ആള് കെട്ടിയോനേം കളഞ്ഞ് ഒരു ചെക്കെൻ്റെ കൂടെ എറങ്ങിയതാ.. കുറെ കാലം ആളെ കൊണ്ട് നടന്ന് അവസാനം ഒരു ട്രെയിനിലങ്ങ് ഉപേക്ഷിച്ചു. ആള് വളപട്ടണത്ത് ഇറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു. ഇവിടെ എത്തിയപ്പോ ട്രെയിൻ ഇടിച്ച് മരിച്ചു. ”
“ഞാൻ ഇവരെ കണ്ടിട്ടുണ്ട് …. കൈകളും കാലുകളും കഷ്ണം കഷ്ണമായി … കുഞ്ഞായിരുന്നപ്പോൾ അച്ഛൻ്റെ കൂടെ കാണാൻ വന്നിട്ടുണ്ട് .. ” ഞാൻ ഓർമ്മകൾ അയവിറക്കി.
“അതിൻ്റെ പിറ്റേത്ത കൊല്ലമാ ഞാൻ മരിച്ചത്.. അഞ്ചു കൊല്ലം കഴിഞ്ഞ് ജാനു ഏച്ചിയും വന്നു.. എല്ലാ വർഷവും ഒരു മരണം ഇവിടെ നടക്കുമായിരുന്നു.” സീത പറഞ്ഞു.
“ആദ്യം മരിച്ചത് കുഞ്ഞി രാമേട്ടനാണ്… 1955-60 കാലഘട്ടത്തിലാണെന്നു തോന്നുന്നു.. വയലിൽ പശുവിനെയും കെട്ടി തിരിച്ചു വരുന്ന നേരത്ത്.. ഒരു ബീഡിയും വലിച്ച് ആസ്വദിച്ച് നടക്കുകയായിരുന്നു .. ആ നേരത്ത് ട്രെയിൻ വരുമെന്ന് വിചാരിച്ചില്ല പാവം.. ഇവിടെ അല്ല… ആ ഗുഹകഴിഞ്ഞുള്ള വളവിൽ… അവിടെയാണ് മരിച്ചതെങ്കിലും ആള് ഇവിടെയാണ് ഇരിപ്പ്… ഇടയ്ക്കിടക്ക് എങ്ങോട്ടെങ്കിലും പോകും…
ആണുങ്ങളുടെ കൂട്ടത്തിൽ ആകെ മിണ്ടുന്നത് കുഞ്ഞിരാമേട്ടൻ മാത്രമാണ്.. ഒരു സാധു… ” സീത പറഞ്ഞു.
ഞാൻ നോക്കി. ശരിയാണ് മൂന്ന് നാല് ആണുങ്ങൾ മേൽപാലത്തിൻ്റെ തൂണിൻ്റെ തിണ്ണയിൽ ഇരിക്കുന്നു…
“അതാ അതാണ് കുഞ്ഞിരാമേട്ടൻ!” ജാനു വിരൽ ചൂണ്ടി.
കറുത്ത് മെലിഞ്ഞ് എല്ലുന്തിയ വയസ്സായ ഒരാൾ ബീഡി വലിച്ചുകൊണ്ട് തിണ്ണയിൽ കുത്തിയിരിക്കുന്നു.. മുഷിഞ്ഞ ലുങ്കിയാണ് ഉടുത്തിരിക്കുന്നത് .. തോളത്ത് ഒരു തോർത്തിട്ടിരിക്കുന്നു… അയാൾ എന്നെ നോക്കി ഒന്നു ചിരിച്ചു. ഞാനും ക്ഷീണിച്ച മറുചിരി നൽകി.
ആണുങ്ങൾ ആരും തന്നോട് സംസാരിക്കാൻ വന്നില്ല .. താടിയും മുടിയും നീട്ടി വളർത്തിയ നീണ്ട് മെലിഞ്ഞ ചെറുപ്പക്കാരൻ്റെ മുഖത്ത് വിഷാദം തളം കെട്ടിയിരുന്നു.. നീളൻ വരകളും കൂർത്ത കോളറും ഉള്ള ഫുൾ കൈ ഷർട്ടും ബെൽബോട്ടം പാൻ്റും ആയിരുന്നു വേഷം.. പിന്നെ വെളുത്ത മുണ്ടും വെളുത്ത ഷർട്ടും ധരിച്ച ഒരു മദ്ധ്യവയസ്കൻ!
പിന്നെ പാൻറും ഷർട്ടും ധരിച്ച വെളുത്ത് തുടുത്ത മറ്റൊരു ചെറുപ്പക്കാരൻ! ഞാൻ നോക്കുന്നത് കണ്ട് അയാൾ കണ്ണ് വെട്ടിച്ചു കളഞ്ഞു.
“അതേതാ പുതിയ ഒരാൾ!” ജാനു സൂക്ഷിച്ചു നോക്കി…
“അത് അലഞ്ഞ് തിരിഞ്ഞ് വല്ലയിടത്തു നിന്നും വന്നതായിരിക്കും.” ഞാൻ അവിരിലൊരാളായി.
“അത് സാവിത്രി!” സീത തുടർന്നു.
വെളുത്ത് മെലിഞ്ഞ് നീണ്ട മുഖവും നീണ്ട കണ്ണുകളും മുടി ഒതുക്കി കെട്ടിവച്ചിരിക്കുന്നു. ചന്ദന നിറത്തിൽ ചുവന്ന കുഞ്ഞുപൂക്കൾ പാകിയ നേർത്ത പോളിസ്റ്റർ സാരിയും ബൗസും…
കരഞ്ഞു കലങ്ങിയ മിഴികൾ ഇപ്പോഴും അകലെയുള്ള വഴിയിൽ ആരയോ തിരയുകയായിരുന്നു.
“അവർക്ക് എന്തിൻ്റെ കേടായിരുന്നു… കെട്ടിയോൻ വഴക്ക് പറഞ്ഞതിനാ…. പെണ്ണുങ്ങളിൽ ആദ്യം മരിച്ചതും അവരാ.. ” ജാനു ദേഷ്യപ്പെട്ടു.
“വെഷമം കാണും…” ഞാൻ ജാനുവിൻ്റെ മുഖത്ത് നോക്കി.. ജാനു തന്നെയാണോ ഈ പറയുന്നത് ..
“അന്ന് ആദ്യമായിട്ടാ അതിനെ വഴക്ക് പറഞ്ഞത്.. സഹിക്കാൻ കഴിഞ്ഞു കാണില്ല… അത്ര നന്നായിട്ടാ അതിനെ അയാള് കൊണ്ടു നടന്നത്.. പെട്ടന്ന് ഒരു ദിവസം പ്രത്യേകിച്ച് കാരണമെന്നും ഇല്ലാതെ ദേഷ്യപ്പെട്ടു.. ആ സങ്കടത്തിൽ ഇറങ്ങി വന്നതാ.. പുറകെ വിളിക്കാൻ വരുമെന്നു കരുതി.. ആള് വന്നില്ല… മാത്രമല്ല അവൾ പോണെങ്കിൽ പോട്ടെ എന്നു പറയുകയും ചെയ്തു… വീട്ടുകാര് എന്ത് പറയാൻ ഭാര്യയും ഭർത്താവും വഴക്കിടുന്നിടത്ത് അവർക്കെന്ത് കാര്യം.. ” സീത പറഞ്ഞു.
“എന്നിട്ട്?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
“എന്നിട്ടെന്താവാൻ അവർ റെയിൽവേ കട്ടിംഗിൽ ഇറങ്ങി നടന്നു.. ഇപ്പോ നോക്കിയേ എന്നും ആ ക്രോസ്സിംഗിലേക്ക് നോക്കി ഇരിപ്പാണ്. ”
“അതെന്താ?” എനിക്ക് ആകാംക്ഷയായി.
“അതോ അവളുടെ കെട്ടിയോൻ ഇവർ ചത്ത് മാസം ആറ് കഴിഞ്ഞപ്പോൾ വേറേ കെട്ടി.. അയാളെക്കുറ്റം പറയാൻ പറ്റ്വോ… രണ്ട് വയസ്സായ കുഞ്ഞുണ്ടെന്ന കാര്യം അവൾ ഓർത്തില്ലല്ലോ .. ” സീത കിതച്ചു.
“അയാൾ ആരെയാ കല്യാണം കഴിച്ചെ?”
“അയാളുടെ ആപ്പീസിലെ തന്നെ ഒരുത്തിയെ… അവരിതു വഴിയാ അമ്പലത്തില് പോയിരുന്നത്… ചിരിച്ച് കളിച്ച്! അന്ന് എനിക്ക് പത്ത് വയസ്സെങ്ങാനേ ഉള്ളൂ.. അന്ന് തൊട്ട് ഇങ്ങനെ നോക്കി ഇരിക്കുന്നുണ്ടാവാം… പാവം! ചില നേരത്ത് സങ്കടം തോന്നും.. മനസ്സ് അത് വല്ലാത്ത ഒരു സാധനമാണ് .. എപ്പോഴാ മാറുക എന്നറിയില്ല ..അതിൽ എന്താ നടക്കുന്നതെന്നും അറിയാൻ പറ്റില്ല… അങ്ങനെ ഒരു സമയത്ത് അവർക്ക് തോന്നിയ ഒരു മണ്ടത്തരം!”
“എനിക്ക് അങ്ങനെ തോന്നുന്നില്ല.!” എനിക്ക് അങ്ങനെ ചിന്തിക്കാൻ പ്രയാസം തോന്നി..
“പിന്നെ..?” സീത ചോദിച്ചു.
“അങ്ങനെ ആണെങ്കിൽ ഈ ജാനു ഏച്ചി എന്നേ മരിക്കണ്ടതായിരുന്നു… വെറെന്തോ അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് .. ”
സാവിത്രി എന്നെ ഒന്നു നോക്കി. അവരുടെ കണ്ണുകൾ എന്നോട് എന്തോ പറയുന്നുണ്ടായിരുന്നു…. ഞാൻ അവരുടെ അടുത്തെത്തി.
“കുട്ടി പറഞ്ഞത് ശരിയാണ്… എന്തൊരു സ്നേഹമായിരുന്നു അദ്ദേഹത്തിന് എന്നോട് … ഗർഭവും പ്രസവവും പിന്നെ കുഞ്ഞിനെ നോക്കലുമൊക്കെ ആയി ഏറെ സന്തോഷത്തിലായിരുന്നു… പിന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയാൻ തുടങ്ങി .. അതിൻ്റെ കാരണം അറിഞ്ഞപ്പോൾ തകർന്നു പോയി.. അദ്ദേഹത്തിന് കൂടെ ആപ്പീസിൽ ജോലി ചെയ്യുന്നെ പെണ്ണിനോട് താത്പര്യം തോന്നി തുടങ്ങിയിരുന്നു… ഭർത്താവ് വേറൊരുത്തിയുമായി പ്രേമത്തിലാണെന്ന് അറിയുമ്പോൾ … അത് നാട്ടുകാർ അറിഞ്ഞാൽ ! മറ്റുള്ളവരുടെ മുന്നിൽ നാണം കെടുന്നത് ഓർക്കാൻ വയ്യായിരുന്നു ….. അതിനേക്കാൾ വലുതായിരുന്നു ഭർത്താവിൻ്റെ വഞ്ചന… അത്ര നാളും നല്ലൊരു ഭാര്യയായി ഇരുന്നിട്ടും എനിക്കിങ്ങനെ സംഭവിച്ചല്ലോ എന്നോർത്തപ്പോൾ രണ്ടു വയസ്സുള്ള കുഞ്ഞിനെ കുറിച്ച് ഓർത്തില്ല.. ” അവരുടെ പളുങ്കുമണികൾ ചിതറും പോലുള്ള സംസാരം ആദ്യമായാണ് എല്ലാവരും കേൾക്കുന്നത് .. അന്നത്തെ കാലത്ത് ഭർത്താവ് തളളിക്കളഞ്ഞ സ്ത്രീകൾക്ക് സമൂഹത്തിലും സ്വന്തം വീട്ടിലും ഒരു സ്ഥാനമുണ്ടായിരുന്നില്ല ..
“മറ്റുള്ളോരുടെ മനസ്സില് എന്താ നടക്കുന്നെന്ന് ആർക്കെങ്കിലും അറിയാൻ പറ്റ്വോ?”
ജാനു ആരോടെന്നില്ലാതെ പറഞ്ഞു.
നേരം ഇരുട്ടി തുടങ്ങിയിരുന്നു. ട്രെയിനുകൾ പോയി കൊണ്ടിരുന്നു..
ഞാൻ ഓർത്തു കൊണ്ടിരുന്നു..
ഇൻറർവ്യൂ കഴിഞ്ഞപ്പോൾ വൈകുന്നേരമായി.. മംഗലപുരത്ത് നിന്ന് അധികം തിരക്കില്ലാത്ത ട്രെയിനിൽ കയറി. അതിനു പുറകിൽ വേറേ ട്രെയിൻ ഉണ്ട്.. പക്ഷേ നല്ല തിരക്കായിരിക്കും.. പയ്യന്നൂർ കഴിഞ്ഞപ്പോൾ തിരക്ക് കുറഞ്ഞു. ഞാൻ ഇരുന്ന കംപാർട്ട്മെൻ്റ് ഒഴിഞ്ഞുകിടന്നിരുന്നു. വളപട്ടണം പുഴയുടെ കാറ്റേറ്റപ്പോൾ എഴുന്നേറ്റു. വളപട്ടണത്തു നിന്ന് ആരും കയറിയില്ല .. നല്ല ഇരുട്ട് പതിയെ എഴുന്നേറ്റു… ഇനിയുള്ള സ്ഥലങ്ങൾ എനിക്ക് നന്നായി അറിയാവുന്നതാണ് … കണ്ണൂരിൽ എത്താൻ കുറച്ചു സമയം മതി.. ട്രെയിൻ വിട്ടിരിക്കുന്നു. പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല …
ഞാൻ പാളത്തിലൂടെ നടന്നു.. കുഞ്ഞിരാമേട്ടൻ തൻ്റെ പശുവിനെയും കൊണ്ട് വീട്ടിലേക്ക് പോകുന്നുണ്ടായിരുന്നു… കൃഷി ഇറക്കാത്ത വയലിൽ പായൽ മൂടിയിരുന്നു… അവിടെ ഒരു കുളമുണ്ടായിരുന്നല്ലോ… പായൽ മൂടി കുളമേത് വയലേത് എന്ന് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നില്ല.
എന്താണത്? ആരാണവിടെ നിൽക്കുന്നത്.?
ഞാൻ സൂക്ഷിച്ചു നോക്കി.. വയലിലെ കുളത്തിൽ ചത്തുമലച്ച ഒരു ശരീരം ….. അത് ആ ചെറുപ്പക്കാരൻ്റെ തല്ലേ..! നേരത്തെ ഞാൻ നോക്കിയപ്പോൾ കണ്ണുവെട്ടിച്ച ചെറുപ്പക്കാരൻ്റേത്..! അയാൾ ഒരു നെടുവീർപ്പോടെ ആ ശരീരത്തിലേക്ക് നോക്കി നിൽക്കുകയാണ്… എന്നെ കണ്ടതും അയാൾ കുളത്തിലേക്ക് എടുത്തു ചാടി..
എൻ്റെ വീട് എവിടെയാണ്?
ഓർമ്മ വരുന്നില്ല..
ഞാൻ തിരിച്ചു നടന്നു…
“അയാൾ… അയാളുടെ ശവം കുളത്തിൽ പൊങ്ങിയിരിക്കുന്നു. ”
ഞാൻ സീതയോടും ജാനുവിനോടുമായി പറഞ്ഞു.
“ഏത് ആ ചെക്കൻ്റെയോ … ആരും കണ്ടു കാണില്ല.. അതിൽ മുഴുവൻ പായലാ… നാളെ ആരെങ്കിലും കണ്ടാലായി… ”
“അത് മറ്റന്നാളത്തെ പത്രത്തിൽ വരും.. പിന്നെ മോളുടെ കാര്യം നാളെ രാവിലെ കുഞ്ഞിരാമേട്ടൻ ചായ പീടികയിൽ പോയി വരുമ്പോൾ അറിയാം…. ” സീത പറഞ്ഞു.
കുഞ്ഞിരാമേട്ടൻ തൻ്റെ പശുവിനെ വീട്ടിലെ ആലയിൽ കെട്ടി തിരിച്ചു വന്നു. മേൽപാലത്തിൻ്റെ തൂണിൻ്റെ തിണ്ണയിൽ മറ്റ് ആണുങ്ങളുടെ കൂടെ ഇരുന്നു….
“ആ കുഞ്ഞ് ചത്തതെങ്ങനാന്ന് നിങ്ങളാരെങ്കിലും കണ്ടിനാ?” കുഞ്ഞിരാമേട്ടൻ ചോദിച്ചു.
“കണ്ണൂരിൽ നിന്ന് ഇങ്ങോട്ട് വരുന്ന ഏതോ വണ്ടിക്ക് വേണ്ടി ഇവിടെ ഇന്നലെ ഒരു വണ്ടി നിർത്തിയിട്ടിരുന്നു.. ആ കുട്ടി അതിലുണ്ടായിരുന്നു. ആ നേരത്ത് ആരോ അതിനെ ആ വണ്ടിയിൽ നിന്നും എടുത്ത് അടുത്ത പാളത്തിൽ കൊണ്ടു കിടത്തി .. അതിന് അപ്പോ ജീവനുണ്ടായിരുന്നില്ല… അത് വണ്ടിയിൽ വച്ച് തന്നെ മരിച്ചിരുന്നു.” മദ്ധ്യവയസ്കൻ പറഞ്ഞു.
“എന്നാലും അതെങ്ങനെയായിരിക്കും മരിച്ചിരിക്കുക..?” നീണ്ടു മെലിഞ്ഞ താടിക്കാരൻ വിഷാദത്തോടെ പറഞ്ഞു..
“അവൾ ഞാൻ ചത്തപ്പോൾ കാണാൻ വന്നിരുന്നു.. അന്ന് അവൾക്ക് ആറോ ഏഴോ വയസ്സ് കാണും.. അന്ന് അവളുടെ വീട് ഇവിടെ എവിടെയോ ആയിരുന്നു .. പിന്നീട് അവൾ സ്ഥലം മാറിപ്പോയി. എനിക്ക് അവളെ നല്ല ഓർമ്മയുണ്ട്.. ” അയാൾ പറഞ്ഞു.
“നീ നിന്നെ പറ്റിച്ച കാമുകിയെ അല്ലാതെ വേറെ കാര്യങ്ങളും ഓർക്കാറുണ്ടോ?” കടം കേറി ആത്മഹത്യ ചെയ്ത മദ്ധ്യവയസ്കൻ ചോദിച്ചു..
“എന്നാ നിങ്ങള് കേട്ടോ അയിനെ പാളത്ത് കെടത്ത്യോൻ ഇന്നല്ത്തെ പാച്ചലില് ബയലിലെ കൊളത്തില് ബീണ് ചത്ത്… ഓൻ ഇത്ര നേരോം ഓളേം നോക്കി നമ്മളൊപ്പരം ഈട ഇരിക്കുന്നുണ്ടേഞ്ഞ്… ”
“ആര് ആ ചെറുപ്പക്കാരനാ.. ആര് പറഞ്ഞ് ?” എല്ലാവരും ഞെട്ടി.
“എൻ്റെ പശു കണ്ടിനേഞ്ഞും… അത് പറഞ്ഞ് എല്ലാം ” കുമാരേട്ടൻ പറഞ്ഞു.
“എന്നാലും അയാൾ എന്തിന് അങ്ങനെ ചെയ്തു. അയാളാണോ അവളെ കൊന്നത് …. എന്തിനു വേണ്ടി… അവൾ അതറിഞ്ഞില്ലേ?”
“അവൾ ഒന്നും അറിയണ്ട… അതിനോടൊന്നും പറയണ്ട.. അവളെന്നെല്ല… ഇവിടെ ചത്ത് മലച്ച പെണ്ണുങ്ങളൊന്നും അറിയണ്ട… അവരോട് ആരും ഒന്നും മിണ്ടാൻ പോകണ്ട.. കാരണം പെണ്ണുങ്ങൾക്ക് നമ്മളോട് ദേഷ്യമാണ്.. വെറുപ്പാണ്…. അതിനുകാരണം അവരെ ഒക്കെ ചതിച്ചതും ആണുങ്ങളാണ് .. ” ആണുങ്ങൾ ഒന്നടങ്കം പറഞ്ഞു.
കൂടുതൽ കഥകൾ ഇവിടെ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Malayalam Story: The secret of death Story by Aswathi M – Aksharathalukal Online Malayalam Story