Skip to content

പ്രീയപ്പെട്ടവളേ … നിനക്കായ്

  • by
പ്രീയപ്പെട്ടവളേ ... നിനക്കായ്

“നിനക്കെല്ലാം ഒരു തമാശയായിരുന്നു അല്ലേടാ ? ”

വർഷങ്ങളായി എന്റെ നെഞ്ചിനെ കൊത്തി  വലിക്കുന്ന അവളുടെ ചോദ്യം ഇപ്പോഴും തീരാ വേദനയായി എന്നിലുണ്ട് .

ജീവിതത്തിലെ നല്ല ഓർമ്മകൾ നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുന്നത് അനുഭവിച്ചിട്ടില്ലേ …

പ്രണയത്തിന്റെ മധുരവും കയ്‌പും നുകർന്ന ആ ഓർമ്മകൾ ഒരു കടലാസിലേക്ക് പകർത്തണമെന്നു തോന്നി .

എവിടുന്ന് തുടങ്ങണം എന്നറിയില്ല ..ഒരുപാട് നിമിഷങ്ങൾ … അനിതയെ ആദ്യമായി കണ്ടത്, പ്രണയം തുറന്നു പറഞ്ഞത് , ഒന്നിച്ച് ജീവിക്കാന്‍ കൊതിച്ചത്, കോളേജ് വരാന്തയിലൂടെ കൈ കോര്‍ത്ത് നടന്നത്, ബീച്ചിലെ സായാഹ്നങ്ങൾ അങ്ങനെ ഓര്‍ക്കാന്‍ ഒരുപാട് രംഗങ്ങള്‍. ഒരുപാട് നല്ല നിമിഷങ്ങൾക്കിടയിലും മനസ്സിലേക്ക് ഓടിയെത്തുന്നത് മറ്റൊരു രംഗമാണ്…

കോളേജിലെ അവസാന ദിവസം .തത്കാലമെങ്കിലും വേർപിരിയലിന്റെ ആ ദിവസം . കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ കടന്നു പോകുമ്പോൾ ആ  കണ്ണുകളിൽ പ്രണയമാണോ ,പ്രതീക്ഷയാണോ ,നിസ്സഹായതയാണോ എന്ന് വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല . നിസ്സഹായനായി നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു .

കോളേജ് കാലത്തെ പ്രണയമാണ്. അവളുടെ അച്ഛന്റെ കാതിൽ എത്തുന്നത് വരെ സുഗമമായി പൊയ്ക്കൊണ്ടിരുന്നു . നാട്ടിൽ അറിയപ്പെടുന്ന അദ്ദേഹത്തിന് മകളുടെ ബന്ധം അത്ര  രസിച്ചിരുന്നില്ല .പെണ്മക്കളുള്ള പിതാക്കന്മാരുടെ ദുഃഖം അല്ലെങ്കിലും വേറെ തന്നെ അല്ലേ ?കോളേജിലെ അവസാന വർഷം തന്നെ അവൾക്കു ആലോചനകൾ തുടങ്ങിയിരുന്നു .

എന്റെ വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചു .സൗമ്യ ശീലനായിരുന്ന അച്ഛന് ഒന്നേ പറയാനുണ്ടായിരുന്നുള്ളു . “മോനെ ..ആദ്യം ഒരു ജോലി ..ഞങ്ങൾക്ക് ചിലവിനാണെന്നു തെറ്റിദ്ധരിക്കരുത് .ഞങ്ങൾ പെണ്ണ് ചോദിക്കാൻ ചെല്ലുമ്പോൾ പറയണ്ടെടാ ..” അന്നും ഇന്നും അച്ഛന്റെ ആ ചിരിച്ച മുഖമാണ് എന്റെ ശക്തി .

“എനിക്ക് ജീവനുള്ളടിത്തോളം കാലം നിന്റെ വിളിക്കു വേണ്ടി കാത്തിരിക്കും ” വീട്ടിലെ കാര്യങ്ങൾ പറഞ്ഞപ്പോൾ അവളുടെ മറുപടി ഇതായിരുന്നു .

ആവേശത്തോടെ ജോലിക്കായുള്ള ശ്രെമം .തന്നെപ്പോലെ അഭ്യസ്‌തവിദ്യരായ ധാരാളം പരബ്രഹ്മങ്ങൾ ഇപ്പോഴും ഒരു ജോലിക്കായി അലയുന്ന സത്യം ഞാൻ മനസ്സിലാക്കി .തോറ്റു കൊടുക്കാൻ മനസ്സില്ലായിരുന്നു . എല്ലാ ശ്രെമങ്ങളും  വിഭലമാകുന്നത് പോലെ. അതിനിടയിൽ അവൾക്കു ആലോചനകൾ തകൃതിയായി വരുന്നുണ്ടെന്നു കൂട്ടുകാരികൾ മുഖേന അറിയാൻ കഴിഞ്ഞു . എത്ര നാൾ അവളെനിക്ക് വേണ്ടി കാത്തിരിക്കും .ജോലി നേടിയിട്ട് അവളെ സ്വന്തമാക്കാമെന്ന എന്റെ മോഹം വ്യാമോഹമെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രെമിച്ചു .

വീട്ടിലെ എതിർപ്പുകൾ സഹിക്കാൻ കഴിയാതെ  വന്നപ്പോൾ നിസ്സഹായയായ അവൾ ഒരു കത്ത് കൂട്ടുകാരി മുഖേന എനിക്ക് കൊടുത്തുവിട്ടു .അതിലിങ്ങനെ എഴുതിയിരുന്നു

” മരിക്കേണ്ടി വന്നാലും മറ്റൊരാളുടെ മുൻപിൽ ഞാൻ തല കുനിക്കില്ല .എന്റെ കഴുത്തിലെ താലി നിന്റെ മാത്രം ആയിരിക്കും .നിന്റെ മാത്രം “.

അവളുടെ വാക്കുകൾ എന്നെ കൂടുതൽ മുറിവേൽപ്പിച്ചു .

തന്നെ കാത്ത് അവളുടെ ജീവിതം അവൾ യതാർത്ഥത്തിൽ തുലക്കുകയല്ലേ ? എത്ര നാൾ അവളെനിക്ക് വേണ്ടി കാത്തിരിക്കും ? തന്നെക്കാൾ നല്ലൊരു പുരുഷനെ അവൾക്കു കിട്ടട്ടെ .അവളെങ്കിലും രക്ഷപെടട്ടെ. എന്റെ മനസ്സിൽ പല ചിന്തകളും അലയടിച്ചു .അവളെ കാണുവാൻ തന്നെ തീരുമാനിച്ചു .

അങ്ങനെ ഒരു രാത്രിയിൽ അവളുടെ വീടിന്റെ മതിൽ ചാടിക്കടന്നു അവളുടെ മുറിയുടെ ജന്നലിൽ മുട്ടി .നേരത്തെ പറഞ്ഞത് പോലെ അവൾ ജന്നൽ തുറന്നു .ഒരിളം കാറ്റ് എന്നെയും അവളെയും തഴുകി കടന്നു പോയി . അവളുടെ ചുരുൾമുടിയിലെ കാച്ചിയ എണ്ണയുടെ വാസന കാറ്റ് എനിക്ക് വേണ്ടി കട്ടുകൊണ്ട് വരുന്നതുപോലെ ..മെഴുതിരി വെളിച്ചത്തിൽ അവളൊരു അപ്സരസ് പോലെ തിളങ്ങി നിന്നു .ഒരു നേരത്തേക്കെങ്കിലും വന്ന കാര്യം ഞാൻ മറന്നു പോയി …പേടിച്ചരണ്ട മാൻപേടയുടെ കണ്ണുകൾ പോലെ അവളുടെ കണ്ണുകൾ പിടക്കുന്നത് ഞാൻ കണ്ടു .

“ഇവൾ എന്റെ പെണ്ണാണ് .ആർക്കും ഇവളെ വിട്ടുകൊടുക്കരുത്”.സന്ദർഭം എന്റെ മനസ്സിന്റെ അങ്ങനെ ചിന്തിപ്പിച്ചു .നൊടിയിടയിൽ ,”അവളുടെ നല്ലൊരു ഭാവി ഞാൻ മൂലം നശിക്കരുത്”  എന്ന ചിന്തിക്കരുത് എന്ന ചിന്ത എന്നെ പിറകിലേക്ക് വലിച്ചു . ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു .

“എന്റെ പരിശ്രമം മുഴുവൻ പാഴാവുകയാണ് മോളെ ..നല്ലയൊരു ജോലി ..നമ്മുടെ സ്വപനങ്ങൾ ഇതെല്ലാം എനിക്കപ്രാപ്യമാകുന്നത് പോലെ ഒരു തോന്നൽ .നിന്റെ നന്മയെക്കരുത്തി ഞാൻ പറയുന്നത് എന്റെ മോൾ കേൾക്കണം . എന്നേക്കാൾ നല്ലൊരുവിനെ നിനക്ക് ഭർത്താവായി കിട്ടും .അതിനു നീ സമ്മതിക്കണം” .

ഒരുപാട് പ്രതീക്ഷകൾ നിറഞ്ഞിരുന്ന ആ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടു . ” എന്റെ നന്മ ..അതാണ് നിനക്ക് വലുത് അല്ലേ ..അല്ലാതെ നമ്മുടെ സ്വപ്നങ്ങളല്ല …

“നിനക്കെല്ലാം ഒരു തമാശയായിരുന്നു അല്ലേടാ ? ”

അവളുടെ ആ ചോദ്യം നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി …

എന്റെ ആശ്വാസ വാക്കുകൾ അവളിൽ ദേഷ്യത്തിന്റെ അഗ്നി പടർത്തി .തന്നെ കൈ വിടരുതെന്ന് ഒരായിരം വട്ടം അവൾ കേണു പറഞ്ഞു .എന്റെ മൗനം അവളുടെ മനസ്സിനെ കൂടുതൽ മുറിവേല്പിച്ചതു പോലെ തോന്നി .

അങ്ങനെ മാസങ്ങൾ കടന്നു പോയി .ഒരിക്കൽ കേട്ടു അവളുടെ നിശ്ചയമാണ്. എന്റെ തലച്ചോറിൽ ഒരു മിന്നൽ പിണർ പാഞ്ഞതു പോലെ തോന്നി . ഊണും ഉറക്കവും ഇല്ലാത്ത രാത്രികൾ . ഒരേ ഒരു മുഖം മനസ്സിൽ ..അനിത ..അവൾ എന്റെ പെണ്ണാണ് ..ആർക്കും അവളെ വിട്ടുകൊടുക്കില്ല ..ചിന്തകൾ എന്നെ മാനസികമായി തളർത്തിയിരുന്നു .മദ്യപാനത്തിലേക്ക് വഴുതി വീണ എന്നെ അച്ഛന്റെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാനായി .

ഒരിക്കൽ അച്ഛനെന്നോടു ചോദിച്ചു ” നിനക്കൊരു കൂട്ടു വേണ്ടേടാ .നിന്റെ വിഷമം ഒക്കെ മാറുമെടാ “. അച്ഛാ ..എനിക്കൊരെയൊരു പെണ്ണെ ഉള്ളൂ ഈ ജീവിതത്തിൽ ..അതവളാണ് …എന്റെ അനിത ..അവളെ എനിക്ക് വേണമച്ചാ ..കുറച്ചു നാളിനുള്ളിൽ അവൾ മറ്റൊരാളുടെ സ്വന്തമാകും .ഇപ്പോൾ ഞാൻ വിളിച്ചാൽ അവൾ വരുമോ എന്നും എനിക്കറിയില്ല .

വളരെ നേരം ദൂരേക്ക് നോക്കിയിരുന്ന ശേഷം അച്ഛൻ …മോനെ ..പ്രണയവും ജീവിതവും രണ്ടു ധ്രുവങ്ങളാണ് .പ്രണയിക്കുന്ന അവസ്ഥയിൽ നിന്റെമുൻപിൽ തടസ്സങ്ങൾ ഒന്നും കാണില്ല ..കാണുന്നതെല്ലാം നല്ലതു മാത്രം ആയിരിക്കും .എന്നാൽ ജീവിതം അങ്ങനെയല്ല .ഇളകി മറിയുന്ന തിരമാല പോലെയാണ് ജീവിതം . ഒരെടുത്തു ചാട്ടമൊരിക്കലുമരുത് .അവൾ നിനക്ക് യോജിക്കുമോയെന്നു ആയിരം പ്രാവിശ്യം ആലോചിക്കുക ..തീരുമാനിക്കുക ..അച്ഛനുണ്ടാവും കൂടെ …

അച്ഛന്റെ വാക്കുകൾ എന്റെ മനസ്സിനെ പുതിയൊരു തലത്തിലേക്കെത്തിച്ചു .അനിതയെ ഒരിക്കൽ കൂടി കാണാൻ തീരുമാനിച്ചു .സമയവും സന്ദർഭവും ഒരിക്കൽ കൂടി ഒത്തു വന്നു .ഒരിക്കൽ കൂടി ആ വീടിന്റെ മതിൽ ഞാനെടുത്തു ചാടി .അന്നു സങ്കടമായിരുന്നു ഭാവമെങ്കിൽ ഇന്ന് ഭയമായിരുന്നു .എന്തെന്നാൽ ഒന്നാമത്, അവളുടെ നിശ്‌ചയം കഴിഞ്ഞിരിക്കുന്നു രണ്ടാമത് ,അവൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയുകയുമില്ല . അവളുടെ മുറിയുടെ ജന്നലിനരികിൽ ഞാൻ പതുങ്ങി നിന്നു . മുട്ടി നോക്കുവാൻ ധൈര്യം കിട്ടിയില്ല .അവൾ എന്തിനെങ്കിലും വാതിൽ തുറന്നിരുന്നുവെങ്കിൽ …

മനപ്പൊരുത്തമെന്നോ ഭാഗ്യമെന്നോ പറയട്ടെ … മുറ്റത്തെ അയയിൽ വിരിച്ചിട്ടിരുന്ന തുണികൾ എടുക്കാൻ അവൾ …ചാറ്റൽ മഴ പെയ്‌തിരുന്നത് അപ്പോഴാണ്‌ ഞാൻ ശ്രെദ്ധിച്ചത് . തുണിയെടുത്തു തിരികെ കേറാൻ തുടങ്ങിയപ്പോൾ ഞാനവളെ പതിയെ വിളിച്ചു ..

മോളെ …..

സ്തംഭിച്ചതു പോലെ അവൾ ആ മഴയിൽ നിന്നു ….അവളുടെ കണ്ണുകളിൽ ഭയവും അതോടൊപ്പം ദേഷ്യവും മാറി മാറി വരുന്നത് ഞാൻ കണ്ടു .

മോളെ …നീ എന്തെടുക്കുവാടി അവിടെ .മഴ പെയ്യുന്നത് കാണുന്നില്ലേ .കേറി വാ അകത്തു ..മഴ നനഞ്ഞു ജലദോഷം വരുത്തി വെക്കാതെ ..

അമ്മയുടെ വിളി കേട്ട് അവൾ അകത്തേക്കോടി …

പ്രതീക്ഷകൾ അസ്തമിച്ചുവെന്നു തോന്നിയെങ്കിലും ഞാൻ അവിടെ തന്നെ നിന്നു .ഒരുപാട് നാളിനു ശേഷം അവളെ കണ്ടപ്പോൾ മനസ്സിന് കുളിർമയും ആ ചാറ്റൽ മഴ ശരീരത്തെയും കുളിർമ കൊള്ളിച്ചു .എന്തോ ഒരു പോസിറ്റീവ് ഫീൽ അപ്പോളെനിക്ക്  തോന്നി .

ഏകദേശം രണ്ടു മണിക്കൂറോളം ഞാനവിടെ നിന്നു .കുറച്ചു കഴിഞ്ഞപ്പോൾ ആ ജനലുകൾ തുറക്കുന്നത് പോലെ എനിക്ക് തോന്നി .അതേ ..അവൾ തന്നെ … എന്നെ കണ്ടപ്പോൾ അവൾ ചോദിച്ചു …”എന്തിനാ ഈ പാതി രാത്രിയിൽ നീ കഷ്ടപ്പെട്ട് വന്നത് ? രാവിലെ വരാൻ വയ്യാരുന്നോ ? നിനക്ക് സുഖമാണോ ? അവളുടെ സംസാരത്തിൽ പഴയ ആ പ്രണയം തോന്നിയില്ല എനിക്ക് .മിണ്ടാതെ നിന്ന എന്നെ നോക്കി അവൾ പറഞ്ഞു .” എന്റെ കല്യാണമാണ്   …നീ വരണം ” .നമ്മുടെ കാര്യമൊക്കെ അദ്ദേഹത്തിനോട് ഞാൻ പറഞ്ഞിട്ടുണ്ട് . നീ വന്നെന്ന് വെച്ചു എന്റെ കല്യാണം മുടങ്ങുകയൊന്നുമില്ല .അവൾ പരിഹസിക്കുന്നത് പോലെ ..

നീ എന്തിനാ ഈ പാതിരാത്രിയിൽ വന്നത് ? അവൾ വീണ്ടും ചോദിച്ചു ..ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും ? എന്റെ കല്യാണം നീ കാരണം മുടങ്ങില്ലേ ..അങ്ങനെ സംഭവിച്ചാൽ നീയെന്നെ കെട്ടുമോ ..അവൾ പരിഹാസ പൂർവ്വം ചോദിച്ചു .

“ഇപ്പോ തന്നെ കെട്ടണോ” വീണു കിട്ടിയ അവസരം കൈ മുതലാക്കി ഞാൻ ചോദിച്ചു . അവൾ അമ്പരന്നെങ്കിലും കളിയാണെന്നു വിചാരിച്ചു .കാരണം എനിക്ക് കുട്ടിക്കളി കുറച്ചു കൂടുതലായിരുന്നു .അവൾക്കത് നന്നായറിയാം .

നിന്നെ കൊണ്ടു പോകാനല്ലേ ഞാൻ വന്നത് ..
എന്റെ മോളെ ..നിന്നെ കാണാതെ എന്റെ മനസ്സെത്ര ഉരുകിയെന്നറിയോ . നീയെന്റെ പ്രാണനാണെന്നു അന്നു നിന്നെ പിരിഞ്ഞതിന് ശേഷമാണ് ഞാൻ മനസിലാക്കിയത് . നീ മറ്റൊരാളുടേതാകാൻ പോകുന്നത് എന്റെ മരണത്തിനു തുല്യമാണ് .തെറ്റാണു ഞാൻ ചെയ്‍തത് .സാഹചര്യം എന്നെ അങ്ങനെ ചിന്തിപ്പിച്ചു .ഇന്നും എനിക്കൊരു ജോലിയില്ല ..എങ്കിലും നിന്നെ ഞാൻ കൈ വിടില്ല മോളെ …എന്റെ പെണ്ണാണ് നീ ..എന്റെ കൂടെ വരില്ലേ നീ ????

കഴിഞ്ഞോ നിന്റെ കുമ്പസാരം ?? അവൾ അല്പം ദേഷ്യത്തോടെ ചോദിച്ചു .ജോലി ഇല്ലാത്ത നിന്റെ കൂടെ ഞാൻ എന്ത് വിശ്വസിച്ചു ഇറങ്ങി വരും ? എന്റെ ചിലവിനുള്ള വക നീ എങ്ങനെ സമ്പാദിക്കും .എന്നെ ഇട്ടേച്ചു പോവില്ലെന്നെന്താ ഇത്ര ഉറപ്പു ? എന്റെ ചെക്കൻ ഒരു ഡോക്ടറാണ് . ഞാനിപ്പോൾ ആ പഴയ കാര്യങ്ങൾ ഓർക്കാൻ ആഗ്രഹിക്കുന്നില്ല. പഴയ അനിത അന്നേ മരിച്ചു .ഞാനിപ്പോൾ പുതിയ ഒരു ജീവിതം സ്വപ്നം കാണുകയാണ് .നീ പണ്ട് ..ഇതേ ജന്നലരുകിൽ നിന്നു പറഞ്ഞ ആ നല്ല ജീവിതം …അവൾ പരിഹസിച്ചു ..

മറുപടി പറയാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു .അവൾ പറഞ്ഞതെല്ലാം സത്യമായിരുന്നു .എന്റെ നിർബന്ധത്തിനു വഴങ്ങിയതാണവൾ .ഇപ്പോൾ വന്നിരിക്കുന്നു കെട്ടിക്കൊണ്ട് പോകാൻ ..എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി …

മഴ ശക്തിയായി പെയ്‌തു തുടങ്ങിയിരുന്നു ..മിന്നൽ പിണറുകൾ ആകാശത്തെ കീറിമുറിച്ചപ്പോൾ അവളുടെ വാക്കുകൾ എന്റെ ഹൃദയത്തെയും ..

മറിച്ചൊന്നും പറയാതെ ഞാൻ പിന്നോട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി ..ആ മഴയിൽ ..മഴത്തുള്ളികൾ ശരീരത്തു സ്പർശിക്കുന്നത് അറിയുന്നുണ്ടായിരുന്നില്ല ..വേറെ ഏതോ ലോകത്തിലെന്ന വണ്ണം ഞാൻ നടന്നു ….

ഏട്ടാ …പണ്ടെങ്ങോ നഷ്ട്ടപ്പെട്ടു പോയ പ്രണയാർദ്രമായ ആ വിളി എന്നെ പിടിച്ചു നിർത്തി ..തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് കണ്ണീർ വാർക്കുന്ന അനിതയെയാണ് .എന്റെ സന്തോഷത്തിനതീരുകളില്ലായിരുന്നു .

എന്തിനാ മോളെ നീയെന്നെ ഇത്രയും വേദനിപ്പിച്ചത് ? എന്നോട് ഇതിലും വലുതല്ലേ ഏട്ടൻ ചെയ്‍തത് ..ഇത്രയെങ്കിലും ചെയ്‌തില്ലെങ്കിൽ എനിക്കെന്നോട് തന്നെ പുച്ഛം തോന്നില്ലേ ..അപ്പോഴും അവളുടെ കണ്ണിൽ നിന്നും ഈറനണിയുന്നുണ്ടായിരുന്നു .

ആ രാത്രി ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചു .മനസില്ലാ മനസ്സോടെ അവൾ വിവാഹത്തിനൊരുങ്ങുകയായിരുന്നു . എന്റെ മനസ്സിൽ വല്ലാത്തൊരു ആശ്വാസം തോന്നി . ഒരു പക്ഷെ വിവാഹം കഴിഞ്ഞിരുന്നു എങ്കിൽ ആ മനുഷ്യന്റെ അവസ്ഥ എന്താവുമായിരുന്നു .പലരുടെയും ജീവിതം ഇങ്ങനെ പോകുന്നു .

കോളേജിലെ യാമങ്ങളിൽ കണ്ട സ്വപ്നങ്ങൾ ആ രാത്രിയിൽ ഞങ്ങൾ അയവിറക്കി .  എല്ലാത്തിനും സാക്ഷിയായി ആ ജന്നലും . മനസില്ല മനസ്സോടെ ആ രാത്രി ഞങ്ങൾ പിണങ്ങി ..

അന്നു രാത്രി ഒരുപാട് നാളിനു ശേഷം നന്നായി ഞാനൊന്നുറങ്ങി .പിറ്റേന്ന് രാവിലെ തന്നെ അച്ഛനോട് വിവരങ്ങൾ ധരിപ്പിച്ചു . അച്ഛൻ അമ്മയെ കൺവിൻസു ചെയ്യിച്ചു .

നല്ലൊരു നാൾ നോക്കി ഞങ്ങൾ അവളുടെ വീട്ടിൽ ചെന്നു . പ്രതീക്ഷിച്ച പോലെ തന്നെ കാര്യങ്ങൾ അടിയിൽ കലാശിച്ചു .

തടസങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ പിന്നെയും വിലങ്ങു തടിയാകും എന്ന് മനസിലാക്കിയ ഞാൻ ” നല്ലൊരു ദിവസം നോക്കി അച്ഛന്റെ എ .ടി .എം കാർഡും 3000 രൂപയും അവളെയും അടിച്ചു മാറ്റി , രജിസ്റ്റർ മാരിയേജ്ഉം കഴിച്ചു ബാംഗ്ലൂരിലേക്ക് വിട്ടു . അച്ഛന്റെ വിഷമം അറിയാവുന്ന ഞാൻ വിവരം അച്ഛനെ പിന്നീട് വിളിച്ചു പറഞ്ഞിരുന്നു . മകൻ പഴയ അവസ്ഥായിലേക്ക് പോകാതെ സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് കരുതിയായിരിക്കാം , ഇത്ര മാത്രം പറഞ്ഞു …മോനെ ..നിന്നെ വിശ്വസിച്ചിറങ്ങിയ പെണ്ണാണ് ..അധ്വാനിച്ചു അവളെ പോറ്റുക .യാതൊരു കുറവും വരുത്തരുത് .സന്തോഷത്തോടെ ജീവിക്കണം .എല്ലാ നന്മകളും എന്റെ മക്കൾക്കു വരട്ടെ …

ഒരുപാട് പ്രശ്നങ്ങൾ ഇതിനു ശേഷം നാട്ടിൽ നടന്നതായി സുഹൃത്തുക്കൾ മുഖേന ഞാനറിഞ്ഞു .അച്ഛൻ ഒരിക്കൽ പോലും ഇതിനെപ്പറ്റി എന്നോട് സൂചിപ്പിച്ചിരുന്നല്ല .ദൈവാനുഗ്രഹം നിമിത്തമോ എന്റെ അച്ഛന്റെ പ്രാർത്ഥനയോ, നല്ലൊരു ജോലി തരമായി .

കുറച്ചു മാസങ്ങൾ കഴിഞ്ഞു ഞങ്ങൾ രണ്ടു പേരും വീട്ടിൽ ചെന്നു .അപ്പോഴും അച്ഛന്റെ മുഖത്തു ആ പഴയ ചിരി ഉണ്ടായിരിന്നു ….

ഞാനും പ്രിയതമയും ഇപ്പോഴും ആ പഴയ ക്യാമ്പസ്‌ സ്വപ്‌നങ്ങൾ കാണാറുണ്ട് .ഒന്നും നടന്നില്ലെന്ന് മാത്രം ..കൂടെ കൂട്ടിനു രണ്ടു കുസൃതി കുറുമ്പന്മാരും ……

———————————————–

4.2/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!