വിളക്ക് മരം പറഞ്ഞ കഥ

1064 Views

street light story

“എന്തെല്ലാം പ്രതീക്ഷകളുമായിട്ടാണ് ഈ ഇന്റർവ്യൂന്ന്‌ വന്നത്. അതും പോയി. നേരത്തെ ഡിസൈഡ് ആണ് പോലും.ഒരു കോപ്പിലെ ശുപാർശ. എന്നിട്ട് എന്തിനാണാവോ ഈ പ്രഹസനം….. നശിക്കാനായിട്ടു. ഇല്ലാത്ത കാശും ഒപ്പിച്ചാണ് നാട്ടിൽ നിന്ന് ഇതിനു വേണ്ടി വന്നത്. എന്നിട്ടിപ്പൊ കിട്ടിയതും ഇല്ല പിടിച്ചതുമില്ല എന്നവസഥയായല്ലോ കർത്താവേ…”

ബിടെക്ക് കഴിഞ്ഞു ജോലിയില്ലാതെ നട്ടം തിരിയുന്ന കേരളത്തിലെ അനേകം യുവാക്കളിൽ ഒരാളാണ് വിക്ടറും. ജീവിതത്തിൽ ഇല്ലാത്ത വിജയം പേരിൽ കൊണ്ട് നടക്കുന്ന ഒരുത്തൻ. ഇതാണ് ഇവൻ സ്വയം പരിചയപ്പെടുത്തുന്ന ഡയലോഗ്.

സാധാരണ കഥകളിലൊക്കെ കാണുന്ന ക്ളീഷേ ചുറ്റുപാടൊന്നുമില്ല എങ്കിലും അത്യാവശ്യം ബാധ്യത ഇവനുമുണ്ട്. വിധവയായ അമ്മയും കുടിച്ചു തെണ്ടിതിരിഞ്ഞു നടക്കുന്ന ചേട്ടനും ആരുടെ കൂടെയാണ് ചാടി പോകേണ്ടത് എന്നു ചിന്തിച്ചു കോഴിത്തരം കാണിച്ചു നടക്കുന്ന പെങ്ങളും. പിന്നെ ആകെ ആശ്വാസം പാറുവാണ്, തന്റെ കളാസ്സ്മേറ്റ്. സൗഹൃദം ത്തിൽ കവിഞ്ഞ ഒരു ബന്ധം ഞങ്ങൾ പ്രണയത്തിലാണെന്ന് ഒരു അടക്കം പറച്ചിലുണ്ടെങ്കിലും ഇതുവരെയും ഞങ്ങൾ പറഞ്ഞിട്ടില്ല.

എന്താണേലും അവൾ ഒരു ആശ്വാസം ആണ്. ദേ ഈ ഇരുട്ടിൽ തെളിഞ്ഞു നിൽക്കുന്ന സ്ട്രീറ്റ് ലൈറ്റ് പോലെ. അവൻ ആ സ്ട്രീറ്റ് ലൈറ്റിന്റെ താഴെയുള്ള പൊളിഞ്ഞു കിടക്കുന്ന ചാരുബഞ്ചിൽ ഇരുന്നു. ഇന്റർവ്യിൽ പരാജയവും തിരിച്ചു പോകാനാണേൽ കാശില്ല. ഇരുട്ട്, പൊളിഞ്ഞു കിടക്കുന്ന ചാരു ബെഞ്ച്, മിന്നി കത്തുന്ന സ്ട്രീറ്റ് ലൈറ്റ് ആഹാ അന്തസ്സ്. ഡെസ്പ് അടിക്കാൻ ഇനി വേറെ എന്ത് വേണം. എന്തായാലും ഇനി വല്ലോ ലോറിക്കും കൈ കാണിച്ചു നോക്കാം.അതുവരെ ഇതു തന്നെ ശരണം.

ഒന്നു മയങ്ങിയെന്നു തോന്നുന്നു. ആരോ വിളിക്കുന്നപോലെ തോന്നിയപ്പോൾ എഴുന്നേറ്റു, ആരെയും കണ്ടില്ല. വീണ്ടും കണ്ണടച്ചു. വീണ്ടും വിളികേട്ടു. ഇത്തവണയും ആരെയും കണ്ടില്ല. മിന്നി കത്തുന്ന സ്ട്രീറ്റ് ലൈറ്റ് മാത്രം. തോന്നൽ ആണെന്ന് കരുതിയെങ്കിലും ചെറിയ ഒരു പേടി തോന്നി തുടങ്ങിയിരുന്നു. പരിചിതമല്ലാത്ത വിജനമായ സ്ഥലം, രാത്രി സമയം…ഇനി വല്ലോ പ്രേതോ മറ്റും ആണോ ആവോ….കഴുത്തിൽ കിടന്ന കുരിശിൽ അവൻ ഒന്നു മുറുക്കെ പിടിച്ചു.
ദേ വീണ്ടും ആരോ വിളിക്കുന്നുണ്ട്. ഇതു തോന്നലല്ല, ആരോ ഉണ്ട് ഇവിടെ പക്ഷെ ആരെയൊട്ടും കാണുന്നുമില്ല.

വിക്ടർ പതുക്കെ കണ്ണു തുറന്നപ്പോൾ വീണ്ടും മിന്നുന്ന സ്ട്രീറ്ലൈറ്റ് ആണ് കണ്ടത്. ഇനി ഇതെങ്ങാനും…. ഹേയ് അതെങ്ങിനെ…. ശരിയാവും….

“ഹേയ്, ഞാൻ പറയുന്നത് തനിക്കു കേൾക്കുന്നുണ്ടോ?” ആ സ്വരം ചോദിച്ചു.

” ഉണ്ട്, പക്ഷെ, ഇത് ആരാണ്?. എനിക്ക് എന്താണ് താങ്കളെ കാണാൻ പറ്റാത്തത്.

“എന്നെ കാണുന്നില്ലന്നോ. അതുകൊള്ളാം. അതിരിക്കട്ടെ തനിവിടെ ഇപ്പോൾ എന്താണ് കാണുന്നത്. ”

” ഇവിടെ ഇപ്പോൾ ഈ സ്ട്രീറ്റ് ലൈറ്റും ബഞ്ചും മാത്രമേ ഉള്ളല്ലോ.”

“എങ്കിൽ അതു തന്നെ ആണെന്ന് കരുതിക്കോളൂ.”

വിക്ടറിന് ആകെ കൻഫ്യൂഷൻ ആയി. ജോലി കിട്ടാത്ത തിന്റെ പേരിൽ തന്റെ ഫ്യൂസ് എങ്ങാനും ഇനി പോയതാണാവോ, മാതാവേ…. എന്നു ചിന്തിച്ചു.

” എടോ തന്റെ ഫ്യൂസ് പോയതോന്നും അല്ല. ഇത് ഒർജിനൽ ആണ്. താൻ പേടിക്കേണ്ട. ഞങ്ങൾക് ഞങ്ങളുടെ അതിഥികളോട് സംസാരിക്കാൻ പറ്റും. താൻ പറ, തനിക്കു എന്താ പറ്റിയെ. ആകെ ഡെസ്പ് ആണെന്ന് തോന്നുന്നല്ലോ.”

“ഞങ്ങൾക്കോ…?”

” ഓ അതൊക്കെ ഞാൻ വഴിയേ പറയാം.
‘പങ്കുവയ്ക്കപ്പെടുന്ന സന്തോഷം ഇരട്ടിക്കും, സങ്കടമാണെങ്കിലോ കുറയും എന്നു കേട്ടിട്ടില്ലേ. അതോണ്ട് താൻ പറ. ഒരു പക്ഷെ ഒന്നു തുറന്നു പറയുമ്പോൾ സങ്കടം മാറിയാലോ”.

” എന്തായാലും വേണ്ടില്ല. ഏതേലും വണ്ടി വരുന്നതുവരെ ഇവിടെ ഇരിക്കണം. ടെൻഷൻ കാരണം ഉറക്കം വരില്ല. ഇനി ഉറങ്ങുന്ന സമയത്ത് എങ്ങാനും വണ്ടി മിസ്സാകാനും വഴിയുണ്ട്. അതുകൊണ്ട് ഒന്നു സംസാരിക്കാൻ തന്നെ വിക്ടർ തീരുമാനിച്ചു. ഈ പോസ്റ്റ് പറഞ്ഞപോലെ ചിലപ്പോൾ വിഷമം കുറഞ്ഞാലോ.”

വിക്ടർ തന്റെ വിഷമം എല്ലാം അവിടെ തുറന്നു പറഞ്ഞു. നിരാശയും ദുഖവും നടക്കാത്ത സ്വപനങ്ങളും എല്ലാം അവൻ അവിടെ ഇറക്കി വച്ചു. പറയുന്തോറും മനസ്സിന് ഒരാശ്വാസം തോന്നിതുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഒന്നു രണ്ട് ലോറി കടന്നു പോയത് അവൻ അറിഞ്ഞില്ല.(അതോ കണ്ടില്ലെന്നു നടിച്ചതോ). അവൻ പറഞ്ഞതെല്ലാം കണ്ണു ചിമ്മി ആ വഴി വിളക്ക് കേട്ടു നിന്നു. ഇടക്കെപ്പോഴോ ചിമ്മിയ കണ്ണുകൾ കുറച്ചു നേരം കഴിഞ്ഞാണ് തുറന്നത്. ഒരു പക്ഷെ തന്റെ വിഷമങ്ങൾ വഴിവിളക്കിനെയും സങ്കടപെടുത്തിരിയിരിക്കാം.

ഒന്നു കൂടെ കണ്ണു ചിമ്മി തുറന്നതിനു ശേഷം വിളക്ക് പറഞ്ഞു.
” എടോ താൻ തൻറെ കഥ പറഞ്ഞില്ലേ എനിക്കുമുണ്ടൊരു കഥ പറയാൻ.”

“വഴിവിളക്കുകൾക്കും കഥയോ? വിക്ടർ ആതമഗതം ചെയ്തു. പക്ഷേ അതിതിരി ഉച്ചത്തിൽ ആയി. ”
“അതെന്താ ഞങ്ങൾക്ക് കഥ ഉണ്ടായാൽ? ഞങ്ങളെ ഒരു കഥയും ഇല്ലാത്തവർ ആയിട്ടാണോ നിങ്ങൾ കണ്ടിരിക്കുന്നത്.”

” അയ്യോ അതല്ല ഞാൻ ഉദ്ദേശിച്ചത്. ”

” വേണ്ട താൻ കിടന്നു ഉരുളണ്ട.
എൻറെ കഥ ഞാൻ പറയാം എന്നെ ഇവിടെ ഈ തുരുത്തിൽ അത് സ്ഥാപിച്ചിട്ടു കുറേവർഷങ്ങളായി തുടക്കത്തിൽ ഒക്കെ എനിക്ക് നല്ല സന്തോഷം ആയിരുന്നു കാരണം അന്നിവിടെ നല്ല തിരക്കുള്ള സ്ഥലമായിരുന്നു. താൻ ഇന്ന് ഇന്റർവ്യൂ നു പോയില്ലേ. ആ കമ്പനി ഇവിടെ ആരുന്നു. ചെറിയ ഒരു തീപിടുത്തം ഉണ്ടായി. കമ്പനിയുടെ മുൻപിൽ താമസിച്ചിരുന്ന സെക്യൂയിരിറ്റി ഗർഡും കുടുംബവും തീയിൽ പെട്ടു.പിന്നെ കുറേ പ്രശ്നങ്ങളായി.കേസായി. മുതലാളി കുറച്ചപ്പുറം മാറി വേറെ കെട്ടിടം പണിതു. ഞാൻ ഇവിടെ ഒറ്റകുമായി.

മരിക്കാൻ പോലും ആശിച്ച നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.

” മരിക്കാൻ ഇവറ്റക് ജീവനുണ്ടോ? ഉണ്ടാവും ഇല്ലേൽ സംസാരിക്കില്ലല്ലോ അല്ലെ” വീണ്ടും വിക്ടർ ആത്മഗതം ചെയ്തു.പക്ഷേ ഇത്തവണ സ്വരം പുറത്തുവരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

വിളക്കു മരം കഥ തുടർന്നു.

“അങ്ങനെ ഇരിക്കുമ്പോൾ ആണ് ഈ സ്ഥലം പാർക്ക് ആക്കാൻ തീരുമാനം ഉണ്ടായത്. അതിന്റെ ഭാഗം ആയിട്ട് ആണ് ഈ ചാരു ബഞ്ച് വന്നത്. അന്ന് തൊട്ട് എനിക് ഒരു കൂട്ടായി ഇവളുമുണ്ട്. ഇവളാണ് എന്നെ തളർന്നു പോകാതെ താങ്ങി നിർത്തിയത്.
നിങ്ങൾ കരുത്തുന്നപോലെ ഒന്നുമല്ല. ഇവൾക്ക് വല്യ ലോകവിവരം ഒക്കെയുണ്ട്. ഒത്തിരി കഥകൾ ഒക്കെ അറിയാം. വഴിവിളക്കിന്റെ കീഴെ ഇരുന്നു പഠിച്ചു പിന്നീട് രാജ്യത്തിന്റെ പ്രസിഡന്റ്റ് ആയ ആളുടെ കഥയൊക്കെ ഇവളാണ് എനിക് പറഞ്ഞു തന്നത്.

” ആര്, എബ്രഹാം ലിങ്കനോ”
“അതേ അതേ”.

വിക്ടർ അത്ഭുതത്തോടെ താനിരിക്കുന്ന പൊട്ടിപ്പൊളിഞ്ഞ ആ ബഞ്ചിലേക്കു നോക്കി. ഒരു മോടിവഷണൽ സ്പീക്കറുടെ മുകളിൽ ആണ് താൻ ഇരിക്കുന്നത് എന്ന ചിന്ത അവനെ തികച്ചും അമ്പരപ്പിച്ചു.

“എന്തു പറയാനാ അതൊക്കെ ഒരു കാലം . ശപിക്കപ്പെട്ട ഒരു രാത്രി ഏതോ ഒരു ലോറി വന്നു ഞങ്ങളെ ഇടിച്ചു. അവൾക് മിണ്ടാൻ പറ്റാതെ ആയി. എന്റെ കാലും ഒടിഞ്ഞു, കാഴ്ചയും മങ്ങി.”

‘ഓ അങ്ങിനെ ആണല്ലേ ഈ വിളക്ക് മരത്തിന്റെ കാല് ചളുങ്ങി ഒരു വശത്തേക്ക് ചെരിഞ്ഞു നിൽക്കുന്നത് ‘ വിക്ടർ ചിന്തിച്ചു.

“പക്ഷേ ഞാൻ ഇന്ന് സന്തുഷ്ടനാണ്. കാഴ്ചമങ്ങിയാലും കാലിനു സ്വാധീനകുറവുണ്ടെങ്കിലും എനിക് ഇന്ന് ജീവിക്കാൻ ഒരു കാരണമുണ്ട്. എന്നെക്കൊണ്ട് ഇനിയും ഒത്തിരിയേറെ കാര്യം ചെയ്യാൻ സാധിക്കും. അല്പം മങ്ങിയലും ഇരുട്ടത്ത് വരുന്നവർക്ക് ഞാൻ ഒരാശ്വാസം തന്നെയാണ്. ഇരുട്ടിൽ മറിഞ്ഞുവീണ എത്രയോ പേർ എന്റെ അടുത്ത് വന്നു അവരുടെ മുറിവ് കെട്ടിയും ക്ഷീണം മാറ്റിയും ഒക്കെ പോയിരിക്കുന്നു. എന്റെ ഈ കുഞ്ഞു വെട്ടത്തിന്റെ കീഴിൽ വച്ചാണ് ഒരു കുഞ്ഞിനെ പാമ്പ് കടിക്കാതെ രക്ഷിച്ചത്. അങ്ങിനെ കുറെയുണ്ട് പറയാൻ.

പക്ഷേ ഒന്നുണ്ട് എനിക് എന്റെ ജീവിതത്തിനും അർത്ഥമുണ്ടന്നു പഠിപ്പിച്ചത് ഈ ബഞ്ചി ആണ് കേട്ടൊ. (ഞാൻ സ്നേഹം കൂടുമ്പോൾ അവളെ വിളിക്കുന്നത് അങ്ങിനെയാണ്. ഇവൾ എന്നെ പോളി എന്നും.) ഇവൾക്ക് വേണ്ടി ഞാൻ ഇന്ന് എന്റെ അടുത്ത് വരുന്നവരെ ഇങ്ങനെ അൽപ്പം വെളിച്ചവും നുറുങ്ങു കഥയുമായി സ്വീകരിക്കാറുണ്ട്.
നമ്മളെ കൊണ്ട് വലുതൊന്നും ചെയ്യാൻ പറ്റിയില്ലേലും ചെയ്യാൻ പറ്റുന്നത് ചെയ്യാമല്ലോ അല്ലേ…… എടോ താൻ വിഷമിക്കണ്ട. ജീവിതത്തിൽ എന്തേലും സങ്കടം വരുമ്പോൾ അതിനു പുറകിൽ എന്തേലുമൊക്കെ സന്തോഷം ദൈവം ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും…അത് ഉറപ്പ്.

“എടോ, താൻ വിക്ടറല്ലേ….താനെന്താ ഇവിടെ കിടക്കുന്നത്. തന്നെ ഞാൻ അവിടെ കുറെ നോക്കിയല്ലോ.”

” ഹേയ് ഇതരാ, വിഷ്ണുസാറോ “?

“ആതെ, എടോ ഞാൻ തന്നോട് ആളെ വിട്ടു പറഞ്ഞത് അല്ലെ പുറത്ത് വെയിറ്റ് ചെയ്യാൻ. താൻ പിന്നെ എങ്ങോട്ടാണ് പോയത്. എടോ ഇങ്ങനത്തെ കമ്പനികളിലെ രീതി ഒക്കെ ഇതാണ് രാഷ്ട്രീയ പാർട്ടികളുടെ ശുപാർശകൾ കൊണ്ട് കഴിവുള്ള പലരെയും നമുക്കു അപ്പോയിൻറ് ചെയ്യാൻ പോലും പറ്റാത്ത അവസ്‌ഥ ആണ്. എന്തായാലും അത് ചോദ്യം ചെയ്യാൻ കാണിച്ച ആ ധൈര്യം ഇഷ്ടമായി. അതുകൊണ്ട് തനിക്കു ഒരു ടെംപററി പോസ്റ്റ് തരാൻ തീരുമാനിച്ചു.”

” നന്ദി സാറേ,….എന്തു പറയണമെന്ന് എനിക്കറിയില്ല. ”

“എന്തായാലും തനിക് ഇവിടെ നിൽക്കാൻ തോന്നിയത് നന്നായി. ” എന്നു പറഞ്ഞു വിഷ്ണു അവിടെ ഒന്നു ചുറ്റും നോക്കി.

” അതേ, എന്താ സാർ നോക്കുന്നേ?”

” ഒന്നുമില്ലെടോ, താൻ വായോ ഞാൻ ഡ്രോപ്പ് ചെയ്യാം . അടുത്ത തിങ്കളാഴ്ച്ച ജോയിൻ ചെയ്തോളൂ.”

വിക്ടർ അദ്ദേഹത്തിന്റെ കൂടെ ബൈക്കിൽ കേറി പോകുന്നതിനു മുൻപ് ഒരിക്കൽ കൂടി തിരിഞ്ഞു നന്ദിയോടെ നോക്കി. അപ്പോഴും ആ വിളകുമരം ഒന്നു കണ്ണു ചിമ്മി കത്തുന്നുണ്ടായിരുന്നു……

ബൈക്കിൽ പോവുമ്പോൾ വിഷ്ണു ചോദിച്ചു.
“എടോ വിക്ടറേ താൻ പോളേട്ടനെ കണ്ടില്ലേ അവിടെ. ”
“എവിടെ? അല്ല അതരാ?

“അത് നമ്മുടെ പണ്ടത്തെ സെക്യൂരിറ്റി ആയിരുന്നു. ഒരു ആക്സിഡന്റിൽ ആളുടെ കുടുംബം പോയി. പിന്നെ ആള് സ്ഥിരം ആ വിളകും ചോട്ടിൽ ആണ് താമസം. ആദ്യം വല്യ ഡെസ്പ് അയിരുന്നു. പിന്നെ ഒരു ഭ്രാന്തിയെ കൂട്ടു കിട്ടി അതേ പിന്നെ അത് അവരുടെ ലോകം ആണ്.”

അതു കേട്ടപ്പോൾ വിക്ടറിന്റെ മുഖത്തെ എല്ലാ സംശയങ്ങളും മാറി. തിരിഞ്ഞു നോക്കുമ്പോൾ അങ്ങു ദൂരെ മങ്ങിയ വെട്ടത്തിൽ ഒരു രൂപം ആ വിളക്ക് മരത്തിന്റെ അടുക്കൽ ഇരിക്കുന്നുണ്ടായിരുന്നു…അപ്പോഴും ആ വിളക്ക്‌മരം കണ്ണു ചിമ്മുന്നുമുണ്ടായിരുന്നു.

✍️ചങ്ങാതീ❣️

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: Story by Changathi – Aksharathalukal Online Malayalam Story

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply