Skip to content

കുഞ്ഞോർമ്മ

കുഞ്ഞോർമ്മ

“അമ്മയ്ക്കാകെ വയ്യാണ്ടായിരിക്കുന്നു.”

ശരീരത്തിന്റെ ആലസ്യം മുഖത്ത് തെളിഞ്ഞു കാണാം .കത്തി ജ്വലിച്ചു നിന്നിരുന്ന സൂര്യൻ പെട്ടെന്ന് അസ്തമിച്ചത് പോലെ.

” കല്യാണം കഴിഞ്ഞിട്ട് ആറു മാസം തികച്ചായില്ല .അതിനു മുൻപേ പണി പറ്റിച്ചു .സ്ഥിര വരുമാനമില്ലാത്ത ഇവനിതെന്തു ഭാവിച്ചാണോ എന്തോ. അല്ലെങ്കിലും അവനെയെന്തിനാ കുറ്റം പറയുന്നത്? .ഒരു കെട്ടിലമ്മയുണ്ടല്ലോ അകത്ത്‌.”

അമ്മൂമ്മ എന്താണ്‌ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും, അത് കേട്ട അമ്മയുടെ ഹൃദയം പിടഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു .

അച്ഛനെല്ലാം കേൾക്കുന്നുണ്ടായിരുന്നു.

എന്തു ഭംഗിയാണ് എന്റെ അച്ഛന്റെ ചിരി.

അമ്മയുടെ കണ്ണിൽ നിന്നും ഊർന്നു വീഴുന്ന കണ്ണീർതുള്ളികൾ ഒപ്പി നെഞ്ചോടു ചേർത്തു പിടിക്കുമ്പോൾ ഞാൻ ഉള്ളിൽ നിന്നും മന്ത്രിക്കുണ്ടായിരുന്നു .

“എന്നെയും കൂടി ഒന്ന് കെട്ടിപ്പിടിക്കുമോ അച്ഛാ ”
അത് കേട്ടവണ്ണം അമ്മയുടെ വയറിൽ തലോടി അച്ഛൻ പറഞ്ഞു ..

” മക്കള് കരയണ്ടാട്ടോ ..അമ്മ വെറുതെ കുസൃതി കാണിക്കുന്നതല്ലേ ”

അതു കേട്ട് എന്റെ സങ്കടമെല്ലാം മാറി .സന്തോഷം കൊണ്ട് ഞാനൊന്നു കുതിക്കാൻ ശ്രെമിച്ചു .

“ദേ ഏട്ടാ ,,ആള് കളി തുടങ്ങിയിട്ടുണ്ട് കേട്ടോ ”

എന്നാ എന്റെ പൊന്നിനൊരുമ്മ ഇരിക്കട്ടെ ..

ആദ്യമായി അച്ഛനന്നെനിക്കൊരുമ്മ തന്നു..

ഗർഭാശയത്തിലെ ഏഴു ഞരമ്പുകൾ കൊണ്ട് ചുറ്റപ്പെട്ടു കിടന്നിരുന്നുവെങ്കിലും അതെല്ലാം തരണം ചെയ്ത് അച്ഛനെ കെട്ടിപിടിച്ചൊരുമ്മ കൊടുക്കണമെന്നു തോന്നിയെനിക്കപ്പോൾ .

മാസങ്ങൾ കടന്നു പോയി .
അച്ഛനെയും അമ്മയെയും കാണാൻ കൊതിയായിതുടങ്ങിയിരുന്നു.

കുസൃതി കൂടുമ്പോൾ സ്നേഹപൂർവ്വം അമ്മയെന്നെ ശാസിക്കുന്നത് ഞാനറിഞ്ഞു .

അച്ഛനെന്നെ താരാട്ട് പാട്ടുകൾ പാടി ഉറക്കിയിരുന്നു . അമ്മയുടെ മടിയിൽ പതിയെ തല ചായ്ച്ചു കിടക്കുമ്പോൾ, ഞാൻ സുഖമായി ഉറങ്ങുവാൻ അച്ഛൻ ശ്രെദ്ധിച്ചിരുന്നു .

അന്ധകാരത്തിനുള്ളിലെ വാസമെനിക്ക് മടുത്തു തുടങ്ങിയിരിക്കുന്നു . അമ്മയോട് എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല . അമ്മയെ ശല്യപ്പെടുത്തുവാൻ തന്നെ ഞാൻ തീരുമാനിച്ചു . എന്റെ ചവിട്ടും ,കളികളും പാവം അമ്മയെ വേദനിപ്പിച്ചെങ്കിലും ഒരു പുഞ്ചിരിയോടെ എല്ലാം സഹിക്കുണ്ടായിരുന്നു .

അച്ഛനെന്നോട് മിണ്ടിയിട്ട് രണ്ട് ദിവസമായി .ആ ഉള്ളു പിടയുന്നത് എനിക്കറിയാൻ പറ്റുന്നുണ്ടായിരുന്നു .
പഴയതു പോലെ ജോലിയില്ലയിപ്പോൾ. അന്നത്തെ അന്നത്തിനായുള്ള പരക്കം പാച്ചിൽ പതിവായി .

ഉള്ളിൽ ദുഃഖത്തിന്റെ അഗ്നി വേണ്ടുവോളം ഉണ്ടെങ്കിലും, ഞങ്ങളെ കാണുമ്പോഴുള്ള, പൂർണ ചന്ദ്രനെപ്പോലെ തെളിഞ്ഞ ആ മുഖത്തെ ചിരി മാത്രം മതിയായിരുന്നു എനിക്കും അമ്മയ്ക്കും .

അന്നൊരു ഞായറാഴ്ചയായിരുന്നു . അച്ഛൻ ഇന്നെന്നോടൊപ്പം മുഴുവൻ സമയം ഉണ്ടെന്ന ചിന്ത എന്നെ സന്തോഷിപ്പിച്ചിരുന്നു .

പക്ഷെ അന്നും അച്ഛൻ ജോലിക്കായി വീട്ടിൽ നിന്നുമിറങ്ങി .

“എനിക്ക് ഒത്തിരി സങ്കടമായി ”
അത് മനസ്സിലായതു പോലെ തിരികെ വന്ന് അച്ഛനെനിക്ക് ഒരുമ്മ തന്നു .

അച്ഛൻ എന്നെ തനിച്ചാക്കി പോയതിന്റെ വിഷമം കൊണ്ടാണോ എന്തോ ,അന്നെന്റെ കുസൃതി അല്പം കൂടിയിരുന്നു .

എന്റെ കുസൃതി താങ്ങാനാകാതെ അമ്മ നിലവിളിക്കുന്നുണ്ടായിരുന്നു. അമ്മയുടെ കരച്ചിൽ കേട്ട് എനിക്കും സങ്കടം വന്നു .

എല്ലാവരും കൂടി അമ്മയെ ആശുപത്രിയിലേക്ക് കൊണ്ട് പോയി . അച്ഛനെന്റെ അടുത്തുണ്ടായിരുന്നെകിൽ എന്നു ഞാൻ ആഗ്രഹിച്ചു .

“നീയൊന്നു വേഗം വന്നേ …ഞങ്ങളൊക്കെ ഇവിടെയുണ്ട് ..പേടിക്കാനൊന്നുമില്ല ”

ആരോ അച്ഛനെ വിളിക്കുകയാണ് ..

ആ മനസ്സിന്റെ നീറ്റൽ ഞാനറിയുന്നുണ്ടായിരുന്നു .ആശുപത്രിയിൽ പണം കെട്ടണം .
കയ്യിൽക്കിടന്ന മോതിരം വിറ്റ് എന്നെ കാണാൻ ഓടി വരുന്ന അച്ഛനെ എനിക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നു .

ആരോ തലയിൽ പിടിച്ചു ശക്തിയായി വലിക്കുന്നുണ്ട് .ശരീരം മുഴുവൻ വരിഞ്ഞു മുറുകുന്നത് പോലെ തോന്നി . വേദനയോടു കൂടി ഞാനെന്റെ ആദ്യ വാസ സ്ഥലം ഉപേക്ഷിച്ചു മറ്റൊരു ലോകത്തേക്ക് എത്തിച്ചേർന്നു .

കരഞ്ഞു കൊണ്ട് കണ്ണ് തുറന്നു നോക്കുമ്പോൾ കണ്ടു പരിചയമില്ലാത്ത കുറെ രൂപങ്ങൾ . തന്റെ അടുത്ത് കിടക്കുന്നത് അമ്മയാണെന്ന് ആരോ പറഞ്ഞു തരുന്നത് പോലെ തോന്നി .

അപരിചിതമായ ലോകത്ത് തനിച്ചായിപ്പോയപ്പോൾ സങ്കടം തോന്നി .അലറിക്കരഞ്ഞ എന്നെ മാറോടു ചേർത്ത് അമ്മ മുലപ്പാൽ ചുരത്തി .

ആ അമൃത് നുണയുമ്പോഴും എന്റെയുള്ളിൽ ഒരു ചോദ്യം ബാക്കിയായി .

എന്നെ കാണുവാൻ അച്ഛൻ എന്തേ വരാഞ്ഞു ??

പല മുഖങ്ങൾ വന്നു പോയെങ്കിലും അവരിലാരിലും തന്റെ അച്ഛനെ കണ്ടെത്താൻ എനിക്കായില്ല .

അമ്മയുടെ മുഖത്തെ ശോക ഭാവം എന്നെ വേദനിപ്പിച്ചു .

“എന്നെ അമ്മക്കിഷ്ടമായില്ലേ “?

സങ്കടം കൊണ്ട് പലപ്പോഴും ഞാൻ കരഞ്ഞിരുന്നു .എന്റെ അച്ഛൻ ഒന്നിങ്ങു വന്നിരുന്നുവെങ്കിൽ താരാട്ടു പാടി എന്നെ ഉറക്കിയേനെ ..മനസ്സു മന്ത്രിച്ചു .

ഒരിക്കൽ അമ്മ തെക്കേ പറമ്പിലെ മൺകൂന കാട്ടി പറഞ്ഞു

“മോന്റെ അച്ഛൻ അവിടെ സുഖമായി ഉറങ്ങുന്നുണ്ടെന്ന് ”

പിന്നീട് ഞാനങ്ങോട്ടേക്കു നോക്കുക പതിവാക്കി .ആ വഴി അച്ഛൻ വരുമ്പോൾ ആദ്യം തനിക്ക് കാണണമെന്ന വാശിയിൽ . ഇത്രയും നാൾ വരാതിരുന്നതിനു പരിഭവം പറയുവാൻ .

അമ്മയുടെ കണ്ണിലെ അശ്രു കണങ്ങൾ തന്റെ കവിളിൽ പതിക്കുന്നത് പതിവായിരുന്നു .

“ഈ മൂധേവി ഇവിടെ വന്നു കേറിയപ്പോൾ തുടങ്ങിയ അനിഷ്ടങ്ങളാണ് .എന്റെ മോനേം ഇവള് കൊന്നു കളഞ്ഞില്ലേ .ഇനി ആരുടെയൊക്കെ ജീവനെടുക്കുമോ എന്തോ ”

അമ്മൂമ്മ അമ്മയെ വഴക്ക് പറയുന്നത് എനിക്കിപ്പോൾ മനസ്സിലാകും .

” അന്ന് രാത്രി അമ്മ ഒരുപാട് കരഞ്ഞിരുന്നു .എന്നെ ചേർത്തു പിടിച്ചു നെറുകയിൽ ഉമ്മ തന്നിട്ട് പറഞ്ഞു

“നമുക്ക് നാളെ അച്ഛന്റെ അടുത്തു പോകാം .അച്ഛൻ മോനെ കാത്തിരിക്കുന്നുണ്ടെന്ന് ”

എനിക്ക് ഒത്തിരി സന്തോഷമായി .അന്ന് രാത്രി ഒരുപാട് നേരം ഞാൻ അമ്മയോടൊപ്പം കളിച്ചു .

നാളെ അച്ഛന്റെ അടുത്തു പോകണം . എന്നെ കാണുമ്പോൾ ഒരുപാട് സന്തോഷമാകും . അച്ഛൻ എന്നെ താലോലിക്കും ,ഉമ്മ തരും ,പാട്ട് പാടി ഉറക്കും …

ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് ഞാനന്നുറങ്ങി …

ഈ ഭൂമിയിലെ അവസാന ഉറക്കം …

************************************

4.5/5 - (6 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!