Skip to content

The Great Indian Kitchen

“രണ്ടു പെറ്റു… എന്നിട്ടും മാസമാസം ഇതെന്തുവാ ദിവ്യാ.. വയ്യേ വയ്യേ..!!ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കുമുള്ളതല്ലേ??

അഖിലിന്റെ ചൂടായുള്ള സംസാരത്തിൽ അവളുടെ മനസ്സൊന്നു നിന്നു.
ഒരു ഗ്ലാസ് ചൂട് വെള്ളം എടുത്തുതരുമോന്ന് ചോദിക്കാൻ വിളിച്ചതാണ്..

മെയിൽ ചെക്ക് ചെയ്യുന്നതിനിടയിൽ ബുദ്ധിമുട്ടിച്ചു. അതിനാണ് ചൂടാകലും ബഹളവും..

അവൾ കിടന്ന ബെഡിൽ നിന്നും പതിയെ ഒന്നനങ്ങി നോക്കി.
അള്ളിപറിച്ചുള്ള വയറുവേദനയോടൊപ്പം നടുവേദനയും ഇപ്പോൾ അതിഥിയായുണ്ട്. കഴച്ചുകേറുന്ന വേദന ഒപ്പം ഇപ്പോൾ കുറെ മാസമായി അളവില്ലാതെയുള്ള പോക്കുമാണ്…അനങ്ങിയപ്പോൾ ഒഴുകുവാണോന്നോർത്തു അറിയാതെ അവൾ കൈകൊണ്ട് പൊത്തി പിടിച്ചു..

വേണ്ട… തനിക്ക് ഒന്നും ചെയ്യാൻ എഴുനേൽക്കാൻ പോലും പറ്റുന്നില്ല..മനസ് ആരോടെന്നപോലെ ഉള്ളിൽ പറഞ്ഞു..മനസിലെ ചിന്ത തലച്ചോർ കണ്ടില്ലെന്നു തോന്നുന്നു..

അവൾ ബാത്‌റൂമിൽ എത്തി. ഒന്ന് കുളിച്ചു, നിറഞ്ഞ പാഡ് മാറ്റി പുതിയത് വച്ചു. ബാത്‌റൂമിന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയപ്പോൾ ഇതുവഴിതന്നെയാണോ അങ്ങോട്ട് പോയതെന്നോർത്തുപോയി..

വീട് മുഴുവൻ കൊലക്കളമാക്കി വച്ചിട്ടുണ്ട്. നാല് കുട്ടികൈകൾ.. വീടിനകം മുഴുവൻ കണ്ണൊന്നു ശെരിക്ക് തുറന്നുപോലും നോക്കും മുന്നേ തലയ്ക്കു മുകളിലൂടെ പ്ലെയിൻ പറന്നു പോയി. ഇളയാളുടെ കലാവിരുത്..ഒന്നും പറയാൻ നിന്നില്ല ..

അടുക്കളയിൽ പോയി ചൂലെടുത്തു തൂത്തുവാരി വന്നപ്പോഴേയ്ക്കും പാത്രം കഴുകാൻ കുമിഞ്ഞു കിടക്കുന്നു..തൂത്തുവാരി നിവർന്നപ്പോൾ വീണ്ടും ഉള്ളിൽ നിന്നെന്തോ ഉൽക്കപോലെ ഒന്ന് പുറത്തേയ്ക്ക് പോയപോലെ. പെട്ടെന്നൊരു തലകറക്കവും. വാതിൽ പടിയിൽ ഒന്ന് താങ്ങായി കൈ വച്ചു.പറമ്പിൽ എന്തൊക്കെയോ നടാൻ പോയ അഖിലേട്ടന്റെ അമ്മ അതുവഴി വന്നതും ഒരുമിച്ചായിരുന്നു..

“എന്താ ദിവ്യേ… നീ ഇങ്ങനെ തൂണ് വിഴുങ്ങിയ പോലെ നിക്കുന്നെ..”?

“അതല്ല അമ്മേ…” എന്തോപറയാനായി വാ തുറന്ന് വന്നപ്പോഴേയ്ക്കും..

“ഓഹ്.. നീ പുറത്തായാരുന്നല്ലെ..””
ഞാനോർത്തില്ല.. ഞാനൊക്കെ നാല് പെറ്റു.. ഈ പ്രായം വരെ എത്തി.. എനിക്കില്ലായിരുന്നു ഇത്രേം ക്ഷീണം..””

“അതിനെങ്ങനാ…. എന്തേലുമൊന്ന് വന്നാ പിന്നെ വയ്യേ വയ്യേ എന്നാ ഇപ്പോഴത്തെ പെൺപിള്ളേർക്ക്.. ഇതൊക്കെ പെണ്ണുങ്ങൾക്ക്‌ സർവസാധാരണമാ.. ഇത്ര സംഭവമാക്കാൻ എന്തിരിക്കുന്നു?”””

“അല്ല നീ പാത്രമൊന്നും കഴുകിയില്ലേ.. സന്ധ്യയായി..”
കാലും കഴുകി മുഖം കൂർപ്പിച്ചത്രയും അമ്മ പറഞ്ഞപ്പോഴേയ്ക്കും അവൾ പാത്രത്തിന്റെ കൂമ്പരത്തിന്മേൽ കൈ വച്ചു കഴിഞ്ഞിരുന്നു..

രാത്രി കിടക്കാൻ നേരം കട്ടിലിലേയ്ക്ക് നടു നിവർത്തിയപ്പോൾ എല്ലുകൾ പലതും നുറുങ്ങുന്നപോലെ അവൾക്ക് തോന്നി..

“”ഈശ്വരാ..കാലിനാണോ വയറിനാണോ അതോ നടുവിനാണോ വേദന.. ഒന്നും അറിയാൻ പാടില്ല.. ” തനിയെ കിടന്ന് ദേഹത്തിന്റെ എവിടൊക്കെയോ ബാം കൊണ്ട് തിരുമ്മി..

“നീ എന്താ ബാം ഇടുവാണോ.. “?

ഫോണിന്റെ ഡിസ്പ്ലേയുടെ വെട്ടത്തിൽ അഖിലിന്റെ മുഖം കാണാം. അപ്പോഴും കണ്ണ് ഫോണിൽ തന്നെയാണ്..

””ഹമ്മ്..””
മറ്റെന്തോ പ്രതീക്ഷിച്ച അവൾക്ക് പിന്നീട് അഖിലിന്റെ ചോദ്യമൊന്നും വന്നില്ല..

ദേഷ്യവും സങ്കടവും മാറി മാറി കണ്ണുനിറഞ്ഞു. എപ്പോഴോ വിങ്ങിപൊട്ടിയ ഒരു എങ്ങൽ സമ്മതമില്ലാതെ പുറത്തേയ്ക്ക് ചാടി..

“നീ എന്താ കരയുവാണോ ദിവ്യേ..??””

‘”നിനക്കെന്താ ഹോസ്പിറ്റലിൽ പോണോ?”‘

“ഒന്നുമില്ല.. ”

അവളുടെ ശബ്ദമിടറി..

മനസ്സ് പറയുന്നുണ്ടാരുന്നു..
ആ കൈ കൊണ്ട് ഒന്ന് തടവിയിരുന്നെങ്കിൽ… ഒരു ആശ്വാസവാക്ക് പറഞ്ഞിരുന്നെങ്കിൽ..

ഞാൻ കെട്ടിക്കേറി വന്നപ്പോൾ എനിക്കിത്ര ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു.. രണ്ട് പെറ്റു.. പ്രസവവും നിർത്തി.ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും നശിച്ചു.. പെണ്ണെന്നു പറയാൻ ഈ രൂപം മാത്രേ ഇനി ബാക്കിയുള്ളു …

ഒരിയ്ക്കൽ ഞാനും എന്റെ അച്ഛന്റേം അമ്മേടേം രാജകുമാരി ആയിരുന്നു.. അവളുടെ എങ്ങലുകൾ വീണ്ടും നിശബ്ദമായി പുറത്തേയ്ക്ക് വന്നു..

“”എന്തുചോദിച്ചാലും ഒന്നുമില്ല ഒന്നുമില്ല…””

“”പാതിരാത്രിയിൽ നിനക്കൊന്നും വേറെ പണിയില്ലേ.. മനുഷ്യന്റെ ഉറക്കം കളയാനായിട്ട് എണീറ്റിരുന്നോളും “” സ്വയം പിറുപിറുത്തും കൊണ്ട് അഖിൽ
മക്കളെയും കെട്ടിപിടിച്ചു കുറച്ചുസമയത്തിനുള്ളിൽ ഉറങ്ങി..

അവളും എപ്പോഴോ സ്വയം തടവിയും തിരുമ്മിയും ഉറക്കത്തിന്റെ വഴിയേ നടന്നു…

########### ############ #####

നേരം പുലർന്നു.. ഒരു രാത്രിയുടെ മുഴുവൻ ഞെക്കിപിഴിയൽ രാവിലത്തെ ബെഡ് ഷീറ്റിൽ വരെ കാണാനുണ്ടായിരുന്നു..

അഖിലേട്ടൻ കാണും മുന്നേ ബെഡ്ഷീറ് ചുരുട്ടി വാഷിംഗ്‌ മെഷീനിൽ ഇടാൻ മാറ്റിവച്ചതും കയ്യിൽ നിന്നും മറ്റൊരു കൈ അതേറ്റുവാങ്ങി..
നോക്കിയപ്പോൾ അഖിലേട്ടൻ…
വിശ്വസിക്കാനാകാതെ ഒന്നുകൂടി നോക്കി..

“താനതിങ്ങു താ.. കുളിക്കാൻ ചൂടുവെള്ളം ബാത്‌റൂമിൽ എടുത്തുവച്ചിട്ടുണ്ട് പോയി കുളിച്ചിട്ടു വാ..”

അവൾ തന്റെ കാതുകളെ വിശ്വസിക്കാനാകാതെ ബാത്‌റൂമിൽ പോയി നോക്കി…ശെരിയാണ്..

കുളികഴിഞ്ഞിടാനുള്ള ഡ്രസ്സ്‌ ഏട്ടൻ ബാത്‌റൂമിൽ നേരത്തെ വച്ചിരിക്കുന്നു. കുളി കഴിഞ്ഞ് പാഡ് കൊണ്ട് കളയാൻ കയ്യിൽ കരുതിയത് വാങ്ങി പുറത്തേയ്ക്ക് പോയത് തന്റെ ഏട്ടൻ തന്നെയാണോന്നവൾ ഒന്നുകൂടി നോക്കി.

വാ പൊളിച്ചുനിൽക്കുന്ന അവൾക്ക് ഒരു കപ്പ് ചൂട് ചായ കയ്യിൽ പിടിപ്പിച്ചു..

””എങ്ങനെയുണ്ട് ഇന്നത്തെ അവസ്ഥ..?””’

ഈശ്വരാ !!! അഖിലേട്ടന് ഇത്രേം നല്ലതായി പുഞ്ചിരിക്കാൻ അറിയാമോ !!

””നല്ലപോലുണ്ട്.”’

”’സാരമില്ല രണ്ടുമൂന്നു ദിവസമല്ലേ ഉള്ളു..”’

ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയുമായി അടുക്കളയിലേയ്ക്ക് നിങ്ങിയ തന്നെ പിടിച്ചിരുത്തിയിട്ട് പറഞ്ഞു..

””അതേ അടുക്കളപ്പണി കുറച്ചൊക്കെ എനിക്കുമറിയാം.. എന്റെ അമ്മയെ ഞാൻ ഒരുപാട് സഹായിച്ചുകൊടുത്തിട്ടുണ്ട്. അച്ഛൻ അമ്മയെ ഈ സമയങ്ങളിൽ കട്ടിലിൽ നിന്ന് നിലത്തിറക്കില്ലായിരുന്നു.
ഞാനിന്ന് ലീവ് ആണ്.. താൻ ഒന്ന് ഓക്കേ ആവട്ടെ..”

“ഇന്ന് ഇനി ജോലിയൊന്നും ചെയ്യാൻ നിൽക്കണ്ട.. ഇത്തിരി നേരം കൂടി കിടന്നോ..”

അവൾ റൂമിൽ ചെന്ന് നോക്കിയപ്പോൾകട്ടിലിൽ പഴയതിനു പകരം പുതിയ ബെഡ്ഷീറ്..

തലയിണയ്ക്ക് പകരം ഏട്ടനെ വിളിച്ചു മടിയിൽ തലവച്ചു.. ഭർത്താവ് എത്രത്തോളം ഒരു പെണ്ണിന് പ്രീയപ്പെട്ടതാണെന്നു മനസ്സ് മന്ത്രിക്കുന്ന സമയം അവളുടെ ഗർഭവസ്ഥയിൽ മാത്രമല്ലന്ന് അവൾക്ക് തോന്നി.. ഏട്ടന്റെ കൈ അവളുടെ വയറിന്മേലും മുടിയിഴകളിലും ഒക്കെ പതിയെ തഴുകികടന്നുപോയി.. അവൾ മനസ്സിൽ ഓർത്തു.. പെണ്ണിന്റെ പീരിയഡ് സമയത്തും ഗർഭാവസ്ഥയിലും അവളുടെ ഭർത്താവ് നൽകുന്ന സ്നേഹവും കരുതലും എത്രത്തോളം ഒരു പെണ്ണിന് ആവിശ്യമാണെന്ന്.. മാസത്തിൽ നാല് ദിവസം പെണ്ണിന് വയ്യാതെ വരുമ്പോൾ ഭർത്താവിനും കുടുംബത്തിനും വേണ്ടി യന്ത്രം പ്രവർത്തിക്കുന്നമാതിരി പണിയെടുക്കുന്ന ഭാര്യയ്ക്ക് വേണ്ടി ഭർത്താവിന് ഇത്തിരി സ്നേഹവും പരിചരണവും ശ്രദ്ധയും നൽകാൻ കഴിയില്ല.

പക്ഷെ ആ സമയം അവളുടെ അമ്മ കഴിഞ്ഞാൽ അവളുടെ ശരീരം തൊട്ടറിഞ്ഞ ഭർത്താവിനല്ലാതെ അവളെ ആർക്കാണ് പിന്നെ മനസിലാക്കുക..””

വിവാഹശേഷം വർഷമിത്ര കഴിഞ്ഞ് ആദ്യമായറിയുന്ന ഏട്ടന്റെ പരിചരണത്തിൽ അവൾ വീണ്ടും മയങ്ങി പോയി…

“ടപ്പെ “ന്നൊരു ശബ്ദം കേട്ടവൾ ഞെട്ടി ഉണർന്നു..

ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോൾ കുളി കഴിഞ്ഞ് വന്ന് അഖിൽ ടവൽ പിഴിഞ്ഞ് ശക്തിയായി കുടഞ്ഞ ശബ്ദമാണ്..

മുറിയിലേയ്ക്ക് കയറി വന്നപ്പോൾ താൻ കിടക്കയിൽ എണീറ്റിരിക്കുന്ന കണ്ട് ഒന്ന് ചിരിച്ചു..

“നേരം ഒരുപാടായി വേഗം എണീറ്റ്‌ കുളിച്ചിട്ട് പോയി ചായ ഇട്.. എനിക്ക് ഓഫീസിൽ പോകാൻ സമയമാകുന്നു..”

കണ്ട സ്വപ്നം അടുത്ത ജന്മത്തിൽ പോലും സഫലമാകില്ലെന്നുള്ള ചിന്തയിൽ അവൾ എണീറ്റ്‌ ബാത്‌റൂമിലേയ്ക്ക് നടന്നു.

ഷവറിലെ തണുത്ത വെള്ളത്തിൽ ചെറുതായൊന്നു വിറച്ചപോലെ അവൾക്ക് തോന്നി…

കുളികഴിഞ്ഞവൾ വീണ്ടും പാവയായി . കീ കൊടുത്താൽ ചലിക്കുന്ന യന്ത്രപ്പാവ!!!

✍️rejitha sree

4.3/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!