Skip to content

സമൂഹം

aksharathalukal-malayalam-kathakal

ഒരിടത്തൊരിടത്ത് ഒരു ബാലൻ ഉണ്ടായിരുന്നു…

അവന്റെ മാതാപിതാക്കൾ ആദം എന്നും ഹവ്വ എന്നും വിളിക്കപ്പെട്ടുപോന്നു.

നെല്ലും പതിരും ഒന്നും ശേഖരിച്ചുവെക്കുന്ന ശീലവും മേലനങ്ങി പണിയെടുക്കുന്നശീലവും ആദത്തിനില്ലാത്തത്കൊണ്ട് കർക്കിടകമാസത്തിൽ കുടുംബത്തിന്റെ വിശപ്പടക്കാൻ ആ ബാലൻ രാത്രിയിൽ ആ നാട്ടിലെ മുതലാളിമാരുടെ കറവയുള്ള പശുക്കളെ തപ്പിപിടിച്ച് അവയുടെ അനുവാദത്തോടെ തന്റെ കൊച്ചനുജത്തിക്കുള്ള പാല് ശേഖരിക്കുകയും…

പത്തായത്തിൽ നിന്ന് ഓട് നീക്കി ഇറങ്ങി ഇടങ്ങഴി നെല്ല് മോഷ്ടിക്കുകയും ചെയ്തുവന്നിരുന്നു. വീട്ടിൽ എത്തി കൊച്ചനുജത്തിക്കുള്ള പാല് ഹവ്വയെ ഏല്പിച്ചശേഷം അവൻ പറഞ്ഞു ‘ പാത്രം കഴുകി വെള്ളം കളയണ്ട ചെമ്പന് കൊടുക്കാം…പാലിന്റെ മണം ഉണ്ടേൽ അവൻ അതുകുടിച്ച് വിശപ്പടക്കിക്കോളും’.

ചെമ്പനെ പണ്ട് ആദം കൊണ്ടുവന്നതാണ്… നെല്ലികുന്നത്ത് നിന്ന് വാറ്റുചാരായം കുടിച്ച് ആടി ആടി വരുന്ന ഒരു വൈകുനേരത്ത് വഴിയരുകിൽ തന്റെ നേരെ കുറച്ചോണ്ട് ഇരുന്നതിനെ പൊക്കി എടുത്ത് വീട്ടിലെത്തിച്ചു. നേരം ഇരുട്ടിയപ്പോൾ ദൂരെ മാളങ്ങളിൽ ഇരുന്നു കുറുക്കന്മാർ ഓരിയിടുന്നതുകേട്ട് കുടെ ചേർന്ന് കൊണ്ടുവന്നതും ഓരിയിടുന്നുണ്ടാർന്നു.

നേരം വെളുത്ത് തലക്ക് വെളിവ് വെച്ചപ്പോളാ അറിയുന്നേ അത്‌ പട്ടിയല്ല…കുറുക്കന്റെ കുഞ്ഞാണെന്നു. ഉടനെ എടുത്ത് ആറ്റിലെറിയാൻ മുതിർന്ന ആദമിനെ കരഞ്ഞു കാലുപിടിച്ചു ബാലൻ മനസുമാറ്റി. അന്നുമുതൽ ചെമ്പൻ അവരുടെ സ്നേഹവും സ്വീകരിച്ച് ചൂടുംപറ്റി കിട്ടുന്നതും തിന്ന് ജീവിച്ചുപോന്നു.

ഒരിക്കൽ പാല് ശേകരിക്കുന്നതിനിടെ ബാലൻ പിടിക്കപ്പെട്ടു. ചുമ്മാതല്ല ഇവനെ ഉണ്ടാക്കിയവൻ ഇവന് ‘ശ്രീകൃഷ്‌ണൻ’ എന്ന് പേരിട്ടത് ..തെങ്ങിൽ കെട്ടിയിട്ട് അടിക്കുന്നതിനിടെ നായനാർ പറഞ്ഞു. ഹവ്വ കരഞ്ഞു കാലുപിടിച്ചത് കൊണ്ട് അയാൾ അവനെ ജീവനോടെ വിടുകയും…

ഇനി മേലാൽ ഇവനെ ശ്രീകൃഷ്‌ണൻ എന്നുള്ളപ്പേരിട്ടുവിളിക്കരുതെന്നു താക്കീത് നൽകുകയും ചെയ്തു. അന്നുമുതൽ ആദാമിന്റെയും ഹവ്വയുടെയും പുത്രനായ ശ്രീകൃഷ്ണൻ…ബാലൻ ആയി പരിണമിച്ചു.

ഒരുനാൾ തോട്ടിൽ വരാൽകേറിയതറിഞ്ഞ ബാലൻ ചൂണ്ടയും ചെമ്പരത്തി ചെടിയുടെ താഴെയുള്ള പുറ്റുകളെ തട്ടിമാറ്റി കിളച്ചെടുത്ത മുഴുത്ത മണ്ണിരകളെയും ചിരട്ടയിലിട്ട് തോട് ലക്ഷ്യമാക്കി നടന്നു.

ചൂണ്ടയിട്ട് മണിക്കൂർ ഒന്നും രണ്ടും കടന്നുപോയി. കാരണം അത്ര എളുപ്പം പിടികൊടുക്കുന്നവനല്ല വരാൽ. കാലാകാലങ്ങളായി അരപൊക്കം വെള്ളത്തിൽ ആയിരം പേരെ മൂഞ്ചിച്ചവനാണ്. ഒടുവിൽ ചൂണ്ടയിൽ എന്തോ കുടുങ്ങിയെങ്കിലും വലിച്ചുകയറ്റാൻ ബാലന് ബലമില്ലാഞ്ഞതിനാൽ ചൂണ്ട ഒരു മരത്തിൽ വലിച്ചുകെട്ടി…

പുരയിൽ ചെന്ന് വീശുവലയെടുത്തുവന്നു…വീശിവലിച്ചു കരക്കുകയറ്റിയ ബാലൻ വലയിൽ കണ്ടത് …തന്നെക്കാൾ മൂന്നിരട്ടി വലിപ്പമുള്ള പെരുമ്പാമ്പ്.

എന്തുചെയ്യണമെന്നറിയാതെ തരിച്ചു നിന്ന ബാലൻ …സ്വബോധം തിരിച്ചെടുത്ത് അടുത്തെവിടെന്നോ ഒരു തടിക്കഷണം ഒപ്പിച്ച്…പെരുമ്പാമ്പിനെ പരലോകമയക്കാൻ തുനിഞ്ഞു മുന്നോട്ട് നടന്നു.

എന്നെ കൊല്ലരുതെ…നിനക്കു വേണ്ടത് എന്നയല്ലലോ..? എന്നെ നീ തിന്നുകയുമില്ല പിന്നെ എന്നെകൊന്നിട്ടെന്ത് പ്രെയോജനം..?പെട്ടന്ന് വലക്കകത്തു നിന്ന് പെരുമ്പാമ്പ് ബാലനോടായി പറഞ്ഞു.

പെരുമ്പാമ്പ് സംസാരിക്കുമോ ഡാഡി..? എന്റെ നെഞ്ചോട് ചൂടുപറ്റി കഥകേട്ട് ഉറങ്ങാൻ കിടന്ന അപ്പുചോദിച്ചു.
കഥയിലെ പാമ്പുകളും പക്ഷികളും സർവ്വചരാചരങ്ങളും മനുഷ്യന് മനസിലാവുന്ന ഭാഷയിൽ ആശയവിനിമയം നടത്തും.

എന്നിട്ട്..പിന്നെന്തു സംഭവിച്ചു ബാക്കി പറ ഡാഡി..? അപ്പു പറഞ്ഞു.

ഞാൻ കഥ തുടർന്നു…

അതുകേട്ട് ബാലനും തോന്നി അത്‌ ശെരിയാണെന്നു…വെറുതെ ഒരു ജീവനെടുക്കുന്നതെന്തിന്..? എന്നെ അത്‌ ഉപദ്രവിച്ചില്ലലോ. ബാലൻ വല മാറ്റി പാമ്പിനെ പൂർണമായും സ്വതന്ത്രമാക്കി പുറകോട്ടു തിരിഞ്ഞ നേരം പെരുമ്പാമ്പ് ബാലനെ വലിഞ്ഞു മുറുകി.

പൊട്ടിചിരിച്ചുകൊണ്ട് ബാലനെ വിഴുങ്ങാൻ തീരുമാനിച്ചു വാ പൊളിച്ചു. നിന്റെ ജീവൻ എടുക്കാതെ വിട്ടതിനു നീ എനിക്ക് തരുന്നതിതാണോ ..? ബാലൻ കരഞ്ഞുകൊണ്ട് ചോദിച്ചു.

ഹഹഹ… നീ മനുഷ്യൻ അല്ലെ ..? വഞ്ചകരും…ക്രൂരന്മാരും…കുബുദ്ധയുള്ളവരും ജീവിക്കുന്ന ഈ സമൂഹത്തിൽ അല്ലെ ജീവിക്കുന്നെ ..?? എന്നിട്ടും നീ ഇത്രമണ്ടനായതെന്തേ..?

എന്നെ ഞാൻ തന്നെ വിശ്വസിക്കില്ല…നിന്നോടാരാ എന്നെ വിശ്വസിക്കാൻ പറഞ്ഞേ..? പാമ്പ് പറഞ്ഞു. ബാലൻ നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു.

അല്പം ആലോചിച്ച പാമ്പ് ഒരു ഉടമ്പടി ഉണ്ടാക്കി… ശെരി ഒരു കാര്യം ചെയ്യാം… ഒരു നാഴികയ്ക്കുള്ളിൽ ഇതുവഴി പോവുന്ന ആരെങ്കിലും ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞാൽ ഞാൻ നിന്നെ വിടാം.

ആദ്യം വന്നതൊരു ചെത്തുകാരൻ ആയിരുന്നു… ബാലൻ അയാളോട് കാര്യങ്ങളവതരിപ്പിച്ചു. അയാളതിനു മറുപടിയായി ഇങ്ങനെ പറഞ്ഞു ‘ ഇത് നിങ്ങൾ രണ്ടുപേർ തമ്മിലുള്ള പ്രെശ്നം അതിൽ ഞാൻ എന്തിനു ഇടപെടണം …

നിങ്ങളായി നിങ്ങടെ പാടായി’ അയാൾ പോയശേഷം വന്നത് ആദാമിന്റെ സുഹൃത് കൂടിയായ പാച്ചുവായിരുന്നു. അയാളോടും ബാലൻ അപേക്ഷിച്ചു. അതിന് പാച്ചുവിന്റെ മറുപടി ഇങ്ങനെ ആയിരുന്നു

‘ നിന്റെ അപ്പൻ പണ്ട് ഒരു തർക്കത്തിൽ എന്നെ ഓടിച്ചിട്ട് തല്ലിയതിനൊരു തിരിച്ചടികൊടുക്കാനിരിക്കയായിരുന്നു… നിനക്കിട്ട് കിട്ടിയാലും നിന്റെ അപ്പന് നോവുമല്ലോ … എനിക്കതുമതി. അത്രയും പറഞ്ഞയാൾ ചിരിചുകൊണ്ട് നടന്നകന്നു. ശേഷം വന്നത് ഒരു മുയലായിരുന്നു… ബാലന്റെ അപേക്ഷകേട്ടു മുയൽ പാമ്പിനോടായി പറഞ്ഞു…

നീ മനുഷ്യൻ അല്ലാഞ്ഞിട്ടും മനുഷ്യരെപ്പോലെ പെരുമാറുന്നതെന്തിന് ..? നിന്നെ വെറുതേ വിട്ടവനെ നീ വകവരുത്തുന്നതാണോ പ്രെകൃതിയിൽ നിന്ന് നീ ഉൾകൊണ്ട പാഠം ..?

മനുഷ്യത്വം ഇല്ലാത്ത മനുഷ്യന് മനുഷ്യൻ തന്നെ വെച്ചപേരാണ് മനുഷ്യൻ എന്ന്. എന്നിട്ട് മനുഷ്യത്വം ഉള്ള മറ്റുജീവികളെയവർ മൃഗങ്ങൾ എന്നും വിളിക്കുന്നു. നീ ആ മനുഷ്യരെ പോലെ നന്ദിയില്ലാത്ത മൃഗം ആവരുത്. അവനെ വീടു.

പാമ്പ് അത്‌ ശെരിവെച്ചു ബാലനെ സ്വതന്ത്രനാക്കി…മുയലിനു നേരെ നീങ്ങി. എനിക്ക് നിന്നെ തിന്നാം..എന്റെ മുന്നിൽവന്നുപെട്ട ഒരു ഇരയാണ് നീ…ഇത് ദ്രോഹം ആവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു..പാമ്പ് പറഞ്ഞു.

ആ നേരം അകത്തുള്ള ഭയം പ്രെകടമാക്കാതെ മുയൽ പെരുമ്പാമ്പിന് നേരെ വിരൽചൂണ്ടി ബാലനോടായി പറഞ്ഞു… നീ പെരുമ്പാമ്പ് ഇറച്ചി കഴിച്ചിട്ടുണ്ടോ..? ഇല്ലെങ്കിൽ ഇതാ നിന്റെ മുന്നിൽ ആ അവസരം തെളിഞ്ഞു വന്നിരിക്കുന്നു…

എന്റെ ജീവൻ രെക്ഷിക്കുന്നതോടൊപ്പം നിനക്ക് ആ ആഗ്രഹവും സഫലമാക്കാം. അത് കേട്ടതും ജീവൻ കിട്ടിയ സന്തോഷത്തിൽ കണ്ണീരൊലിപ്പിച്ചുനിന്ന ബാലൻ പുരയെ ലക്ഷ്യമാക്കി ഓടി…ആദാമിനെയും കൂട്ടിവന്നു പെരുമ്പാമ്പിനെ വകവരുത്തി. നന്ദിപറയാൻ മുയലിനെ നോക്കിയ ബാലൻ കണ്ടത് ആദാമിനോപ്പം വന്ന ചെമ്പൻ…

മുയലിനെ കടിച്ചുകുടഞ്ഞു രണ്ട് കഷ്ണമാക്കിയിരിക്കുന്നതാണ്. അവനു ചെറിയ സങ്കടം തോന്നിയെങ്കിലും…അവൻ പെരുമ്പാമ്പിറച്ചി കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല മറിച്ച് മുയലിറച്ചി കഴിക്കാൻ തീവ്രമായി ആഗ്രഹിച്ചിരുന്നിരുന്നതോർത്ത് സന്തോഷിച്ച് മുയലിന്റെ തല വലതുകൈയിലും ഉടൽ ഇടതുകൈയിലും എടുത്ത് പുരയെ ലക്ഷ്യമാക്കി നടന്നു.

ഞാൻ കഥ പറഞ്ഞു നിർത്തി. ഈ കഥയിൽ ആരാ ഈവിൾ ഡാഡി..? മൗനമായി സെക്കൻഡുകൾ ചിന്തിച്ചശേഷം അപ്പു ചോദിച്ചു.
അതിനുമറുപടിയായി ചിരിചുകൊണ്ട് ഞാൻ പറഞ്ഞു…

ഈ ലോകം. നീ വളർന്നു വലുതാവുമ്പോൾ നീ അത്‌ തിരിച്ചറിയും ഈ ലോകത്ത് നന്മയ്ക്കുള്ള പ്രെതിഫലം എന്നും തിന്മയാണെന്ന്. ഭാവിയിൽ നീ വളർന്നു ഈ സമൂഹത്തിലോട്ട് ഇറങ്ങും ഇവിടെയുള്ള മനുഷ്യരെന്നു അറിയപ്പെടുന്ന പലതരത്തിലുള്ള മൃഗങ്ങളെയും നീ നേരിടേണ്ടി വരും…അത്‌ നിനക്കു ജീവിതവും ഈ കഥയുടെ പൊരുളും പഠിപ്പിച്ചുതരും.

– കിഷോർ വിജയൻ.

4.3/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!