Skip to content

ഉണങ്ങാത്ത തിരുമുറിവുകൾ

aksharathalukal-malayalam-kathakal

       ഉണങ്ങാത്ത തിരുമുറിവുകൾ

 

ഉണങ്ങാത്ത ആ മുറിവുകളിൽനിന്നും അപ്പോഴും രക്തം ഒഴുകിക്കൊണ്ടേയിരുന്നു… ആ മുറിവുകൾ എന്നോട് എന്തോ പറയുന്നുണ്ടായിരുന്നു. ഞാനാ മുറിവുകളിലേക്ക് സൂക്ഷിച്ചുനോക്കി. വികൃതമാക്കപ്പെട്ട ശരീരം.. ശിരസ്സ് മുതൽ പാദംവരെയും ആഴത്തിലുള്ള മുറിവുകൾ… മുറിവുകളിൽ നിന്നും മാംസം പുറത്തേക്ക് തള്ളി നിൽക്കുന്നു.. അതിൽ നിന്നും രക്തം പ്രവഹിച്ചു കൊണ്ടേയിരുന്നു.. കാണുന്നവരെല്ലാം മുഖം മറച്ചു കളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു. അവന്റെ രൂപം കണ്ടാൽ ആളല്ല എന്നും , അവൻറെ ആകൃതി കണ്ടാൽ മനുഷ്യൻ അല്ല എന്നും തോന്നുമാറ് വിരൂപം ആയിരുന്നു. അവൻറെ മുതുകിൽ ഉഴവുകാർ ഉഴവുചാൽ കീറുന്നത് പോലെ നീളത്തിൽ മുറിവുകളും അതിൽനിന്നും രക്തവും ഒഴുകിക്കൊണ്ടിരുന്നു .അവൻ തകർക്കപ്പെട്ടവനായി കാണപ്പെട്ടു. ആ രൂപം കണ്ടു ഭയപ്പട്ട ഞാൻ അത് കാണുവാൻ ശക്തിയില്ലാതെ എന്റെ കണ്ണുകളടച്ച് , തല താഴത്തി നിന്നു .

അപ്പോൾ അവൻ എന്നോട് സംസാരിക്കുവാൻ തുടങ്ങി ….

” ഞാൻ നിന്നെ സ്നേഹിക്കുന്നു”, ” ഞാൻ നിന്നെ സ്നേഹിക്കുന്നു”…നിന്നോടുള്ള സ്നേഹത്തെ പ്രതിയാണ് ഈ മുറിവുകൾ ഞാൻ ഏറ്റുവാങ്ങിയത്… നീ സഹിക്കേണ്ട പീഡകൾ ആണ് ഞാനെന്റെ ശരീരത്തിൽ സഹിച്ചത്.. നീ കൊള്ളേണ്ട അടികളാണ് ഞാനേറ്റത്.. കാരണം ഞാൻ നിന്നെ അത്രമാത്രം സ്നേഹിക്കുന്നു ..എന്റെ ജീവനേക്കാളധികമായി … പാപത്തിന്റെ മരണകരമായ ഈ അവസ്ഥയിൽ നീ നിൽക്കുമ്പോഴും , നിന്നെ ഞാൻ സ്നേഹിക്കുന്നു… നീ എന്റെ സ്വന്തമാകണമെന്ന് ഞാനാഗ്രഹിക്കുന്നു…രക്തമൊഴുകുന്ന ആ മുറിവുകൾ അപ്പോഴും പറഞ്ഞുകൊണ്ടേയിരുന്നു..

 

ആ മുറിവുകളിലേക്ക് നോക്കി നിൽക്കുമ്പോൾ അതിന്റെ ആഴവും വ്യാപ്തിയും കൂടുന്നതും , ആ ശരീരത്തിൽ പുതിയ പുതിയ മുറിവുകൾ സൃഷ്ടിക്കപ്പെടുന്നതും ഞാൻ കണ്ടു . ആ ശരീരം വേദനയാൽ പിടയുന്നത് എനിക്ക് കാണാമായിരുന്നു. ഞാനാ കണ്ണുകളിലേക്ക് നോക്കി.. സ്നേഹാർദ്രമായ ആ കണ്ണുകൾ അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു… കടലാഴങ്ങളോളം സ്നേഹം എനിക്കതിൽ കാണാൻ കഴിഞ്ഞു… ആ കണ്ണുകൾ എന്നോട് പറഞ്ഞു ” നീ പാപത്താൽ എന്നെ മുറിവേൽപ്പിക്കുമ്പോഴും , തിന്മയിൽ മുഴുകി എന്നെ തളളിപ്പറയുമ്പോഴും, നൈമിഷികങ്ങളായ ലോക സുഖങ്ങൾക്ക് പിറകെ പോകുമ്പോഴും, എന്നെ വിട്ടു , എൻറെ വചനത്തിൽ നിന്നകലുമ്പോഴും ഞാൻ നിനക്കായ് കാത്തിരിക്കുന്നു… നിനക്കായി ഞാൻ വീണ്ടും വീണ്ടും മുറിക്കപ്പെടുന്നു.. ഓരോ തവണ ഞാൻ മുറിക്കപ്പെടുമ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു…. എന്നിട്ടും എൻറെ സ്നേഹം തിരസ്കരിക്കപ്പെടുന്നു…. ഞാൻ നിന്നെ എത്രമാത്രം ആഴത്തിൽ സ്നേഹിക്കുന്നുവോ അത്രത്തോളം നീ എന്നിൽ നിന്നും അകന്നു കൊണ്ടേയിരിക്കുന്നു…. “ ഞാൻ നിന്നെ അറിയുന്നില്ല,” എന്നു പറഞ്ഞു നീ എന്നിൽ നിന്നും എത്ര ദൂരം ഓടി… ഞാൻ നിന്നെ എൻറെ ഹൃദയത്തിൽ ചേർത്തു വെച്ചിരിക്കുന്നു എന്ന് പറഞ്ഞിട്ടും , നിന്നെ എന്റെ ഉള്ളം കരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞിട്ടും നീ എനിക്ക് ചെവിതന്നില്ല …” ഞാൻ നിന്നെ അറിയുന്നില്ല “ എന്ന് നീയെന്നെ തളിപ്പറഞ്ഞു… നിന്റെ വാക്കിലൂടെ അല്ലെങ്കിൽ പ്രവർത്തിയിലൂടെ ……. അപ്പോഴും ഒരിക്കൽ നീയെന്നെ തിരിച്ചറിയുമെന്നും എൻറെ സ്നേഹത്തെ മനസ്സിലാക്കുമെന്നും ഞാൻ പ്രതീക്ഷിച്ചു… അവൻറെ ശബ്ദമിടറി ,മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു … അപ്പോഴും അവന്റെ ശരീരത്തിൽ മുറിവുകളുടെ എണ്ണം കൂടുന്നതും അതിൽ നിന്നും രക്തം പ്രവഹിക്കുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു. അവന്റെ മിഴികൾ നേരിടാനാവാതെ ഞാൻ വീണ്ടും തല കുനിച്ചു….

 

എൻറെ ഉള്ളിൽ എവിടെയോ ഒരു കുത്ത് കൊണ്ടതു പോലെ തോന്നി. എൻറെ ഹൃദയം വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു.. ഏതോ ഒരു വേദന എന്നെ പൊതിയുന്നതായി എനിക്കനുഭവപെട്ടു .. ലോകത്തിനും ലോകമോഹങ്ങൾക്കും പിറകേ ,സ്നേഹത്തിനു വേണ്ടി , അംഗീകാരത്തിനു വേണ്ടി ,പണത്തിനും പദവിക്കും വേണ്ടി, സ്ഥാനമാനങ്ങൾക്ക് വേണ്ടി , ആ ശമര്യാക്കാരിയെപ്പോലെ പല പല കുടങ്ങളുമായി അലഞ്ഞിട്ടും, ഒന്നും ലഭിക്കാതെ , എന്റെ കുടം ശൂന്യമായിപ്പോകുമ്പോൾ, നിരാശയിൽ , കരഞ്ഞ് തളരുമ്പോഴും, എൻറെ കണ്ണീരൊപ്പി ,” കരയണ്ട , ഞാൻ നിൻറെ കൂടെയുണ്ട് “ എന്ന് എൻറെയുള്ളിൽ നിന്നും എന്നോട് മന്ത്രിച്ചുകൊണ്ടിരുന്ന മൃദുവായ സ്വരം കേൾക്കാറുള്ളത് ഞാനറിഞ്ഞിരുന്നു… എന്നിട്ടും ആ സ്വരം തള്ളിക്കളഞ്ഞ്,നിരാശയിലും വെറുപ്പിലും വിദ്വേഷത്തിലും ദിവസങ്ങൾ കഴിച്ചുകൂട്ടിയത് ഞാനോർത്തു.

 

അപ്പോൾ ഞാൻ മുഴങ്ങുന്ന ശബ്ദം കേട്ടു… “ എനിക്ക് ദാഹിക്കുന്നു .. എനിക്ക് ദാഹിക്കുന്നു … “ ദിഗന്ധങ്ങൾ മുഴങ്ങുന്ന ഒരു ശബ്ദം… ഞാൻ ചുറ്റും നോക്കി .. വീണ്ടും വീണ്ടും ആ സ്വരം എന്റെ കാതുകളിൽ മുഴങ്ങി.. ഞാനോർത്തു …. ഈസ്വരം ഞാനെവിടെയോ കേട്ടിരുന്നു… ഒരുപാടൊരുപാട് തവണ … പക്ഷേ അന്നൊന്നും ഞാനതിന് ചെവി കൊടുത്തിട്ടില്ല.. പക്ഷേ ഇപ്പോൾ അതെന്റെ കാതുകളെ മാത്രമല്ല ഹൃദയത്തെക്കൂടി കുത്തിത്തുളക്കുന്നു..ഹൃദയ വേദന സഹിക്കാനാവാതെ ഞാൻ ഉറക്കെ ചോദിച്ചു “ നീ ആരാണ് ??? ഞാനെന്താണ് ചെയ്യേണ്ടത് “ ??? അപ്പോൾ ഞാനൊരു ഇടറിയ സ്വരം കേട്ടു… നിന്നെ നേടുന്നതിന് വേണ്ടി , നിന്നെപ്പോലെ പാപത്തിന്റെ നൈമിഷിക സുഖം നുകർന്ന്, നിത്യനാശത്തിലേക്ക് നിപതിച്ചു കൊണ്ടിരിക്കുന്ന അനേകം ആത്മാക്കളെ നേടുന്നതിനുവേണ്ടിയുള്ള അടങ്ങാത്ത ദാഹമാണെനിക്ക്…. അവരുടെ ആത്മാവിനു മറുവിലയായി ഞാനെന്റെ ജീവൻ കൊടുത്തു…. എന്നിട്ടും ഞാൻ വില കൊടുത്തു വാങ്ങിയ എന്റെ ജനം , എന്നെ ഉപേക്ഷിച്ചു , പാപത്തിന്റെ അടിമ നുകത്തിനു കീഴിൽ ആനന്ദം കണ്ടെത്തി …. ഒരിക്കലും നീ എൻറെ സ്വരം മനസ്സിലാക്കിയില്ല… എൻറെ വാക്കുകൾ എല്ലാം നീ തള്ളിക്കളഞ്ഞു.. നിന്നെക്കുറിച്ചുള്ള എന്റെ പദ്ധതികൾക്കും മുകളിൽ നിന്റെ ആഗ്രഹങ്ങളും , തീരുമാനങ്ങളും, സ്വപ്നങ്ങളുമായിരുന്നു. നിന്നെക്കുറിച്ചുള എന്റെ പദ്ധതികൾ നിന്റെ നാശത്തിനല്ല , ക്ഷേമത്തിനുള്ള പദ്ധതിയാണെന്ന് പറഞ്ഞിട്ടും അത് കേൾക്കാനൊ , മനസ്സിലാക്കാനൊ നിനക്ക് മനസ്സായിരുന്നില്ല … നിന്റെ ആഗ്രഹങ്ങളും , തീരുമാനങ്ങളും നേടിയെടുക്കാനുള്ള ഓട്ടത്തിനിടയിൽ “ ഞാൻ നിന്നെ അറിയുന്നില്ല “ എന്ന് നീ എന്നോട് പറഞ്ഞുകൊണ്ടിരുന്നു … എന്നിട്ടും ഒരു നിഴൽപോലെ ഞാൻ നിൻറെ കൂടെ നടന്നു…. നിന്റെ നഷ്ടങ്ങളുടെ വേദനയിലും , തകർച്ചയിലും നീ തളർന്നപ്പോൾ നിന്നെ ആശ്വസിപ്പിക്കാനും ചേർത്തുനിർത്താനും ഞാനെത്രമാത്രം കൊതിച്ചിരുന്നു … സ്നേഹം തേടി നീ അലഞ്ഞപ്പോൾ, ആരും നിന്നെ സ്നേഹിക്കുന്നില്ലെന്നും, മനസ്സിലാക്കുന്നില്ലെന്നും പറഞ്ഞ് നീ കരഞ്ഞു തളർന്നപ്പോൾ , നിന്നെ മാറോടണച്ചു ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നും , നീ എന്റേതാണെന്നും ഞാൻ എത്ര തവണ നിന്നോട് പറഞ്ഞിട്ടുണ്ട് … എന്റെ കൈവെള്ളയിൽ വരച്ചുചേർത്ത നിന്റെചിത്രം , നിന്നോടുള്ള എന്റെ സ്നേഹത്തിന്റെ അടയാളം ആയിരുന്നില്ലേ??? എൻറെ ഹൃദയത്തിൽ നിനക്ക് വേണ്ടിഞാൻ ഒരുക്കിയ ഇടം … അതും നിന്നോടുള്ള എൻറെ സ്നേഹത്തിൻറെ തെളിവ് ആയിരുന്നില്ലേ ??? എന്നിട്ടും , എന്നിട്ടും “ഞാൻ നിന്നെ അറിയുന്നില്ല “ എന്ന് പറഞ്ഞു നീ , നിൻറെ ഹൃദയവാതിൽ എനിക്ക് മുൻപേ കൊട്ടിയടച്ചപ്പോഴും , നിൻറെ ഹൃദയവാതിലിൽ മുട്ടിക്കൊണ്ട് , ഞാൻ വീണ്ടും കാത്തു നിന്നു… എപ്പോഴെങ്കിലും , എന്നെങ്കിലും നീ എനിക്ക് വേണ്ടി തുറക്കും എന്ന പ്രതീക്ഷയോടെ ….അവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു… സ്നേഹാർദ്രമായ ആ കണ്ണുകൾ നിറഞ്ഞിരുന്നു ….

ഞാൻ വളരെ ഹൃദയ ഭാരത്തോടെ തലകുനിച്ചു . ഞാനെന്തേ ഈ സ്വരം കേട്ടിട്ടും ഇത്രനാൾ തിരിച്ചറിയാതിരുന്നു ?? സ്വന്തജീവൻ തന്നും എന്നെ സ്നേഹിച്ച ഇവനെ ഇത്രയും വേദനിപ്പിച്ചു??? ഞാൻ മനമുരുകി കരഞ്ഞു… എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. അപ്പോൾ എന്റെ അന്തരീക നയനങ്ങൾ തുറക്കപ്പെട്ടു…. എന്റെ അമ്മയുടെ ഉദരത്തിൽ ഉരുവായ നിമിഷം മുതൽ ഈ നിമിഷം വരേയും ഞാൻ നടന്നുതീർത്ത ഓരോ വഴികളും , ഓരോ നിമിഷങ്ങളും എനിക്ക് മുന്നിൽ തെളിഞ്ഞു … ഞാനവനെ വേദനിപ്പിച്ച , തള്ളിപ്പറഞ്ഞ , പാപത്താൽ മുറിപ്പെടുത്തിയ ഓരോ സന്ദർഭങ്ങളും എന്റെ കൺമുമ്പിൽ … അപ്പോൾ അവൻറെ ശരീരത്തിൽ സൃഷ്ടിക്കപ്പെടുന്ന ഓരോ മുറിവുകളും എനിക്കു കാണുവാൻ കഴിഞ്ഞു .. ആ മുറിവിൽ നിന്നും രക്തവും മാംസവും പുറത്തേക്കൊഴുകുന്നുണ്ടായിരുന്നു… എന്നിട്ടും അവനെന്നെ സ്നേഹിക്കുന്നതും, എന്റെ കണ്ണുനീർ തുടക്കുന്നതും, ഒരു നിഴൽ പോലെ എന്റെ കൂടെ നടക്കുന്നതും ഞാൻ കണ്ടു… ദൈവം പോലും എന്നെ ഉപേക്ഷിച്ചു എന്ന് തോന്നിയ, സഹനത്തിന്റെ തീച്ചുളയിലൂടെ കടന്നു പോയ ജീവിതാനുഭവങ്ങളിൽ , ആ തീയിൽ ഞാൻ കത്തിച്ചാമ്പലാകാതെ , എന്നെ ഉളളം കയ്യിലെടുത്ത് നടക്കുന്ന ദൈവത്തെ ഞാൻ കണ്ടു. പാപത്തിന്റെ വഴുവഴുക്കുന്ന ചേറ്റിലൂടെ ഞാൻ നടന്നപ്പോഴെല്ലാം , ഞാൻ വീഴാതെ , അവനെന്റെ കരങ്ങളിൽ മുറുകെ പിടിച്ചിരിക്കുകയായിരുന്നു…. എന്നിട്ടും, എന്നിട്ടും അവനെ ഞാൻ തള്ളിപ്പറയുന്നതും , ” ഞാനവനെ അറിയുന്നില്ല ” എന്ന് പറഞ്ഞ് എന്റെ ഹൃദയവാതിൽ അവന്റെ മുമ്പിൽ വലിച്ചടക്കുന്നതും എന്റെ കാതുകളിൽ മുഴങ്ങി …. എന്നിട്ടും എന്റെ ഹൃദയവാതിലിനു പുറത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ സ്നേഹിതനെ ഞാൻ കണ്ടു… എന്റെ ഹൃദയം മരണകരമായ ഒരു വേദനയനുഭവിക്കുവാൻ തുടങ്ങി … പക്ഷേ ഇതൊന്നും അവനെ ഇത്രമേൽ വേദനിപ്പിച്ചിരുന്നു എന്നും, മുറിപ്പെടുത്തിയിരുന്നുവെന്നും ഞാൻ അറിഞ്ഞിരുന്നില്ല . ആ മുറിവുകളിൽ നിന്നും അപ്പോഴും രക്തം ഒഴുകിക്കൊണ്ടേയിരുന്നു .. എന്റെ പാപങ്ങളാണ് അവനെ കീറി മുറിച്ചതെന്ന കുറ്റബോധം താങ്ങാനാവാതെ ഞാൻ ഉറക്കെ കരഞ്ഞു…എൻറെ കണ്ണുകളിൽ നിന്നും പാപബോധത്തിന്റെ , പശ്ചാത്താപത്തിന്റെ കണ്ണുനീർചാലുകൾ ഒഴുകി ഇറങ്ങി അവൻറെ പാദങ്ങളിൽ വീഴുന്നുണ്ടായിരുന്നു . അവൻറെ പാദങ്ങളെ ഞാനെന്റെ കണ്ണുനീരാൽ കഴുകി … ഈ ലോക മോഹങ്ങളുടെ , ആസക്തികളുടെ മൺകുടങ്ങൾ ഞാനവന്റെ പാദാന്തികത്തിൽ സമർപ്പിച്ചു. ഇനി നിന്നെ വിട്ടു , നിന്റെ സ്നേഹത്തെ വിട്ടൊരിക്കലും പോകില്ല എന്ന് ഞാനവന് വാക്കുകൊടുത്തു…

 

ഞാൻ തലയുയർത്തി അവനെ നോക്കി… സ്നേഹത്താൽ തിളങ്ങുന്ന കണ്ണുകളോടെ , മനോഹരമായ പുഞ്ചിരിയോടെ , വിടർത്തിയ കരങ്ങൾ നീട്ടി അവനെന്നെ സ്വീകരിക്കുവാൻ നിൽക്കുന്നത് ഞാൻ കണ്ടു … ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ പുഞ്ചിരിയായിരുന്നു അത്. ആ സ്നേഹം എൻറെ ഹൃദയത്തെ കീഴടക്കുന്നത് ഞാൻ അറിഞ്ഞു …. എന്റെ ഹൃദയം അവൻറെ സ്നേഹത്താൽ നിറഞ്ഞുകവിയുന്നുണ്ടായിരുന്നു… അപ്പോൾ അവൻ തൻറെ സ്നേഹത്താൽ എന്നെ വാരി പുണർന്നു, എന്നെ തന്റെ നെഞ്ചോട് ചേർത്ത് എന്റെ നെറുകയിൽ ഉമ്മ വച്ചു….ആരെല്ലാം നിന്നെ മറന്നാലും , നിൻറെ പെറ്റമ്മ നിന്നെ തള്ളിക്കളഞ്ഞാലും ഞാൻ നിന്നെ മറക്കുകയില്ല എന്ന് അവൻ എൻറെ കാതോരം മൊഴിഞ്ഞു…. നീ എനിക്ക് മാന്യനും വിലപ്പെട്ടവനുമാണെന്നും, നിന്റെ സ്ഥാനം എൻറെ ഹൃദയത്തിൽ ആണെന്നും അവൻ എനിക്ക് വാക്ക് തന്നു. തന്റെ കൈവെള്ളയിൽ വരച്ചു ചേർത്ത എന്റെ ചിത്രം അവനെന്നെ കാണിച്ചു…

എന്നിട്ട് സ്വന്തം മുറിവുകളിൽ നിന്നും ഒഴുകിയിറങ്ങിയ തിരുരക്തത്താൽ അവനെന്നെ കഴുകി .. എൻറെ ശിരസ്സ് മുതൽ പാദം വരെയും അവന്റെ തിരുരക്തത്താൽ കഴുകപ്പെട്ടപ്പോൾ ഞാൻ ശുദ്ധനായിത്തീരുന്നത് ഞാനറിഞ്ഞു…. അവൻ എന്റെ സകല പാപങ്ങളേയും ക്ഷമിച്ച് , എന്റെ അകൃത്യങ്ങളിൽ നിന്നും എന്നെ മോചിപ്പിച്ചു. എന്റെ ഹൃദയഭാരമെല്ലാം മാറി , ശുഭ്രവസ്ത്രധാരിയായി ഞാനൊരു മാടപ്രാവിനെപ്പോലെ പറക്കാൻ തുടങ്ങി….

 

അപ്പോൾ ഞാനൊരു കാഹളധ്വനി കേട്ടു.. … അസംഖ്യം സ്വർഗ്ഗീയസൈന്യം കാഹളനാദത്തോടെ, പാട്ടുപാടി അവനെ ആരാധിക്കുന്നത് ഞാൻ കണ്ടു .. കുഞ്ഞാടിന്റെ രക്തത്താൽ തങ്ങളുടെ അങ്കി വെളുപ്പിച്ച വിശുദ്ധർ തങ്ങളുടെ സ്വർഗ്ഗീയ മണവാളനെ ആരാധിച്ച് മഹത്വപ്പെടുത്തുന്നുണ്ടായിരുന്നു…… വഴുക്കുന്ന ചേറ്റിൽ നിന്നും വീണ്ടെടുക്കപ്പെട്ട എന്നെ ഓർത്തു ആഹ്ലാദിക്കുന്ന അനേകം സാക്ഷികളുടെ സമൂഹത്തെ ഞാനവിടെ കണ്ടു… അവിടെ ഒരു വിവാഹാഘോഷത്തിന്റെ ഒരുക്കങ്ങൾ ഉണ്ടായിരുന്നു . അപ്പോൾ ഞാൻ അവനെ , മഹത്വത്തിന്റെ അങ്കി ധരിച്ചും, നീതിയുടെ കിരീടം ചൂടിയും നിൽക്കുന്നതായി കണ്ടു, അവൻ അതീവ സുന്ദരനും, നീതിസൂര്യനുമായിരുന്നു. അവന്റെ തേജസ്സ് ആയിരം സൂര്യചന്ദ്രന്മാരേക്കാൾ പ്രകാശമേറിയതായിരുന്നു. അവന്റെ മഹത്വം കണ്ട് അമ്പരന്നുനിന്ന എന്നെ അവൻ രക്ഷയുടെ വസ്ത്രമണിയിച്ച് , നീതിയുടെ കിരീടം ധരിപ്പിച്ചു.. എന്നെ തന്റെ മണവാട്ടിയായ് ചേർത്തു. ഞാൻ അവൻറെ മണവാട്ടിയായി അവനോടുകൂടെ പുത്തനാം യെരുശലേമിൽ സന്തോഷത്തോടെ ചേർന്നു.

                                                                                                                                         (സിമി മാത്യു )

*******†*******

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!