COSCO BALL

5795 Views

aksharathalukal-malayalam-stories

കോസ്‌കോയുടെ ബോൾ…

ജൂണിലെ മഴയിൽ …ആദ്യ നാളുകളിലെ മഴയിൽ തോടുകളിൽ ചാലിട്ടൊഴുകുന്ന ചെറു നീർച്ചാലിൽ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്ന മീനുകളെ ഉന്നമിട്ടു പിടിക്കാൻ കൂടുന്ന സുഹൃത്തുക്കൾ …മഴയുടെ ശക്തി വർധിച്ചാൽ ഇടത്താവളമായി വട്ടം കൂടി സൊറ പറയുന്ന ഒരു സ്ഥലമായിരുന്നു വീടിന്റെ വരാന്ത . അങ്ങനെ കൂടിയിരിക്കുമ്പോൾ ചിലരുടെ തള്ളുകളും തമാശകളും,അനുഭവ കഥകളും, പരദൂഷണങ്ങളും ഉണ്ടാകാറുണ്ട്.
ഒരിക്കൽ കഥകൾ പറയുന്നവരുടെ കൂട്ടത്തിൽ സാജൻ ചേട്ടനും ഉണ്ടായിരുന്നു.8- 10 പേരിൽ കുറയാത്ത ആളുകൾ ഉള്ള സദസ്സിൽ സാജൻ ചേട്ടൻ കഥ പറയാൻ ആരംഭിച്ചു ……

കൂടെ പണിചെയ്തിരുന്ന ഒരാളായ മാധവൻ ചേട്ടന് ഒറ്റ മോനായിരുന്നു …മനു. മനുവിന്റെ ജനനത്തിനു ശേഷം ‘അവന്റെ 3 ആം വയസ്സിൽ അമ്മ മരിച്ചു. പിന്നെ അച്ഛനും മോനും മാത്രം ആയി. എന്തിരുന്നാലും മാധവൻ പുനർവിവാഹം ചെയ്തില്ല എന്ന് മാത്രമല്ല മകന്റെ കാര്യങ്ങൾക്കു ഒരു കുറവും വരുത്തിയിരുന്നില്ല.ആഘോഷങ്ങളിൽ തന്നെ ഏറ്റവും കൊണ്ടാടിയിരുന്നത് അവന്റെ ജന്മദിനം തന്നെ ആയിരുന്നു . അവന്റെ ഒന്നാം ജന്മ ദിനത്തിൽ ‘അമ്മ ഉള്ളപ്പോൾ തന്നെ പല സമ്മാനങ്ങളും വാങ്ങുന്ന കൂട്ടത്തിൽ അവർ ഒരു ബോളും വാങ്ങിയിരുന്നു …കോസ്‌കോ കമ്പനിയുടെ ബോൾ …മഞ്ഞ നിറം.പാവകളും മറ്റു കളിപ്പാട്ടങ്ങളും ഏറെ ഉണ്ടായിട്ടും മനുവിന് പ്രിയം ആ ബോളിനോട് ആയിരുന്നു .മറ്റെന്തും അവൻ ആർക്കു കൊടുത്താലും അവൻ ആ ബോള് ആർക്കും കൊടുക്കില്ല എന്ന് മാത്രമല്ല .അതെവിടെ ഒളിപ്പിക്കുന്നു എന്ന് പോലും ശ്രമകരമായ മാത്രമെ കണ്ടെത്താൻ പറ്റിയിരുന്നുള്ളു.അതുകൊണ്ടു തന്നെ അവന്റെ 2 ഉം 3 ഉം ജന്മദാഇനത്തിനും അവർ കോസ്‌കോയുടെ മഞ്ഞ നിറമുള്ള ബോളും അറിയാതെ തന്നെ സമ്മാനത്തിൽ ഉൾപ്പെടുത്തി.പഴയ 2 ബോളുകളും തട്ടിൻ പുറത്തു ഒരു പെട്ടിയിൽ അപ്പോഴും സുരക്ഷിതമായി ഉണ്ടായിരുന്നു .4 ആം ജന്മദിനത്തിൽ മാധവൻ ഭാര്യയുടെ അകാല വേർപാടിന്റെ വിഷമം മറച്ചു മോനോട് ചോദിച്ചു ” മോന് ഹാപ്പി ബർത്ത്ടേക്ക് ..എന്ത് സമ്മാനമാണ് വേണ്ടത്???” ഞെട്ടിച്ചു കൊണ്ട് മനുവിന്റെ… ഇനിയും സംസാരം തിരിയാത്ത അവന്റെ ഉത്തരം വന്നു.” കൊക്കോയുടെ പന്ത്”….ഓർമകളുടെ തള്ളൽ കണ്ണിനെ ഈറൻ അണിയിച്ചപ്പോൾ മാധവൻ പതിയെ മനുവുമായി കടയിലേക്ക് കയറി. അധികം തിരയാതെ തന്നെ പണം മേടിക്കുന്ന ആളുടെ മുൻപിലെ കുപ്പികളിൽ ഒന്നിൽ അവർ മഞ്ഞ നിറത്തിലുള്ള കോസ്‌കോയുടെ ബോൾ കണ്ടെത്തി. മനു ബോൾ വാങ്ങിയതും ചാടിക്കേറി ആ ബോൾ കയ്യിൽ ഒതുക്കി അത് നെഞ്ചോടു ചേർത്ത് വച്ചു വീടെത്തുന്ന വരെയും.

കാലങ്ങൾ കടന്നു പോയി പല മാറ്റങ്ങളും സംഭവിച്ചെങ്കിലും ആ ബോൾ വാങ്ങുന്ന കാര്യത്തിൽ മാത്രം ഒരു മാറ്റവും സംഭവിച്ചില്ല.മാത്രവുമല്ല ആ ബോൾ അവൻ ജീവിതത്തിൽ ഒരിക്കൽ പോലും ഉപയോഗിച്ചിരുന്നില്ല .ഒരുവർഷത്തോളം അത് മനുവിന്റെ മുറിയുടെ ഏതെങ്കിലും കോണിൽ മാറ്റി മാറ്റി വെക്കപ്പെടുകയും അടുത്ത ജന്മ ദിനത്തിൽ തട്ടിൻ പുറത്തെ പെട്ടിക്കുള്ളിലേക്കു നിക്ഷിപ്തമാകുകയും ചെയ്യ്തിരുന്നു.മനഃക്ഷോഭവും മനഃപ്രയാസവും ഉണ്ടാകുമ്പോൾ അവൻ ആ ബോളിൽ കണ്ണുനട്ടിരിക്കുകയും അത് അമ്മാനമാടുകയും ചെയ്യുമായിരുന്നു. അങ്ങനെ 17 ഓളം ബോളുകൾ ആ പെട്ടികളിൽ നിറഞ്ഞിരുന്നു. അവന്റെ 15 ആം ജന്മദിനത്തിലും അവൻ ആവശ്യപെട്ടത് അനുസരിച്ചു ബോള് മാധവന് കോസ്‌കോയുടെ കമ്പനി നിർത്തിയതായി അറിയാൻ കഴിഞ്ഞിരുന്നു…അതിനാൽ അന്ന് 3 എണ്ണം വാങ്ങിയിരുന്നത് കൊണ്ടാണ് മുൻപുള്ള വർഷങ്ങളിൽ അവൻ ആവശ്യപ്പെട്ടത് അനുസരിച്ചു ബോൾ കൊടുക്കാൻ കഴിഞ്ഞത് .

15 ആം ജന്മദിനത്തിൽ പഴയ ബോള് പെട്ടിയിൽ നിക്ഷേപിക്കുമ്പോൾ … മാധവൻ മോനോട് ചോദിച്ചിരുന്നു …”മോൻ എന്താണ് കോസ്‌കോയുടെ ബോൾ…അതും മഞ്ഞ നിറമുള്ള ബോൾ എല്ലാ ജന്മദിനത്തിലും ആവശ്യപ്പെടുന്നത്?”…മനു അന്ന് പറഞ്ഞു “…അച്ഛാ …അതൊരു രഹസ്യമാണ് …ഞാനതു അച്ഛനോട് എന്തായാലും പറയും….അതും എന്റെ 18 ജന്മദിനത്തിൽ “. എന്നിട്ടു ആ പെട്ടിയിൽ നോക്കി നിഗൂഢമായ മന്ദസ്മിതം തൂകി.

മാധവൻ ഏറെ വൈകാതെ ഓർത്തു ഇനിയും ഒരു മാസം കൂടിയേ ഉള്ളു മകന്റെ ജന്മദിനത്തിന്.ഒരു ബൈക്ക് വാങ്ങി നൽകണം അവനു.അത് വളരെ നിസ്സാരം ആണ്.കോസ്‌കോയുടെ ബോൾ ആണ് പ്രശനം. ഈ തവണ അവനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ബോള് ഒഴിവാക്കണം.പക്ഷെ അവന്റെ ബോളുമായുള്ള ആത്മബന്ധം ഈ ജന്മദിനത്തിൽ മാത്രമേ അറിയാൻ കഴിയുകയുള്ളു.അങ്ങനെ ആണല്ലോ അവൻ പറഞ്ഞിരിക്കുന്നത്.അതുകൊണ്ട് ഈ തവണ എങ്ങനെയും ആ ബോള് സങ്കടിപ്പിക്കണം. മാധവൻ പല പഴയ കടകളിലും കയറിയിറങ്ങാൻ ആരംഭിച്ചു.എന്തിനു ജില്ലകൾ വിട്ടു ജില്ലകൾ തോറും കയറിയിറങ്ങി നോക്കി.പല ക്ലബ്ബുകളിലേക്കും സ്റ്റേഷനറി സ്റ്റോറേജ് സ്ഥലങ്ങളിലേക്കും വിളിച്ചു നോക്കി .അതൊന്നും ഫലം കണ്ടില്ല.ഈ തവണ അവനു ബോള് സമ്മാനിക്കാൻ പറ്റില്ല എന്ന് തന്നെ തോന്നി .ദിവസങ്ങൾ അതിവേഗം കടന്നു പോയി.മനുവിന്റെ ജന്മദിനത്തിന് തലേ ദിവസമാണ് മാധവന് ഒരു കാൾ വന്നത് എകദേശം 80 കിലോമീറ്റർ അപ്പുറത്തുള്ള കടയിൽ നിന്നാണ് .അവർക്കൊരു കോസ്‌കോയുടെ ബോള് സ്റ്റോർ ക്ലീൻ ആക്കിയപ്പോൾ കിട്ടിയിരിക്കുന്നു. പക്ഷെ ചുവപ്പു നിറമാണ്.ആവശ്യമെങ്കിൽ ഇന്ന് ഞായറാഴ്ച അവധി ആയതുകൊണ്ട് നാളെ രാവിലെ 8 മണിക്ക് കട തുറക്കുമ്പോൾ വന്നു വാങ്ങിക്കോളാൻ.മാധവൻ ആലോചിച്ചു നിറം മാറ്റമുണ്ടെങ്കിലും ബോള് കോസ്‌കോ അല്ലെ ….മനുവിനെ എന്തെങ്കിലും പറഞ്ഞു മനസിലാക്കി എടുക്കാം.മാധവൻ അതിരാവിലെ തന്നെ ബൈക്ക് എടുത്ത് കടയിലേക്ക് തിരിച്ചു. എത്ര വിലയാണെങ്കിലും കൊടുക്കാൻ തയ്യാറായിരുന്ന മാധവന് ആ ബോള് അവർ പണം ഒന്നും വാങ്ങാതെ തന്നെ അദ്ദേഹത്തിന് നൽകി.മനസ്സ് നിറഞ്ഞു തിരികെ വീട്ടിൽ എത്തിയ മാധവന് മനുവിനെ അവിടെ കാണാൻ കഴിഞ്ഞില്ല. അപ്പോഴാണ് അയല്വക്കത്തുകാരൻ ഓടി വന്നു പറഞ്ഞത് മനു വീടിന്റെ വരാന്തയിൽ ഒന്ന് കാല് തെറ്റി വീണിരുന്നു .തല അവിടെ കിടന്നിരുന്ന ടീപ്പോയിൽ തട്ടികുറച്ചൊന്നു പൊട്ടി.പേടിക്കാനൊന്നുമില്ല.അടുത്തുള്ള ക്ലിനിക്കിൽ മുറിവ് കാണിക്കാൻ പോയിട്ടുണ്ട്.മാധവൻ നേരെ ക്ലിനിക്കിൽ ചെന്നപ്പോൾ മനു ചിരിച്ചു കൊണ്ട് പറഞ്ഞു “ആഹാ അച്ഛൻ എത്തിയോ? പേടിക്കുവൊന്നും വേണ്ട 2 സ്റ്റിച്ച് ഉണ്ട് …അത്രയേ ഉള്ളു”…മാധവൻ ടെൻഷൻ പുറത്തു കാണിക്കാതെ ചിരിച്ചെന്നു വരുത്തി.

മനു..”എന്താണ് അച്ഛന്റെ കയ്യിൽ?”.മാധവൻ വികാരധീനനായി പൊതി അവനു നീട്ടി.മനു” ആഹാ ഇത് കോസ്‌കോയുടെ ബോള് അല്ലെ?..ഈ തവണ ചുവന്ന നിറമെ കിട്ടിയുള്ളൂ അല്ലെ അച്ഛാ?…സാരമില്ല ഇനി അച്ചനെ ഈ ബോളിനായി ഞാൻ ബുദ്ധിമുട്ടിക്കില്ല .ഓഹോ ഈ തവണ അല്ലെ ഞാൻ ഇത്രയും നാൾ ഈ ബോള് എന്തിനു വാങ്ങിയെന്നു പറയാമെന്നു പറഞ്ഞത്?”

മാധവൻ”ആഹ് …എന്തായിരുന്നു അത് “മനസ്സുകൊണ്ട് അടക്കിയെങ്കിലും കണ്ണുകളിൽ ആകാംഷ മറക്കാൻ പറ്റിയില്ല മാധവന്.

മനു..”അത് …പിന്നെ …”പൊടുന്നനെ മനു കുഴഞ്ഞു താഴേക്ക് വീണു. മാധവനെ തള്ളിമാറ്റി ഡോക്ടർമാരും നഴ്സുമാരും പാഞ്ഞു വന്നെത്തി.കണ്ണിൽ ഇരുട്ടു കയറി.മാധവൻ അടുത്ത് കണ്ട കസേരയിൽ തളർന്നിരുന്നു.അടുത്തുള്ള ഹോസ്പിറ്റലിലേക്ക് അവർ മനുവിനെ റഫർ ചെയ്തു .ആംബുലൻസും ഏർപ്പാടാക്കി.

പോകുന്ന വഴിയിൽ മനു പതിയെ കണ്ണ് തുറന്നു എന്നിട്ടു ഓക്‌സിജൻ മാസ്ക് മാറ്റി മെല്ലെ പറഞ്ഞു. “അത് …പിന്നെ …അച്ഛാ…ഈ കോസ്‌കോയുടെ ബോൾ ഉണ്ടല്ലോ …അത് ..അത്….”എന്ന് പറഞ്ഞതും അവൻ മരിച്ചു .

സാജൻ ചേട്ടൻ കഥ പറഞ്ഞു നിർത്തി …എല്ലാവരുടെയും ആകാംഷ എങ്ങും എത്താത്ത നിർത്തിയ ആ കഥയുടെ ബാക്കി ഭാഗത്തിനു വേണ്ടിയുള്ള പ്രതീക്ഷയിൽ സാജൻ ചേട്ടന്റെ മുഖത്തു തന്നെ ആയിരുന്നു.

ഒരു ദീർഘ നിശ്വാസത്തിനു ശേഷം …

സാജൻ ചേട്ടൻ…”ശരിക്കും ആ പയ്യൻ …മനു എന്തിനാണ് കോസ്‌കോയുടെ ബോൾ ആവശ്യപ്പെട്ടതെന്നറിയാമോ?”

“ഇല്ല”…കോറസ് പോലെ എല്ലാരും പറഞ്ഞു…..

സാജൻ ചേട്ടൻ ..”അതെങ്ങനെ നമുക്കറിയാം…അവൻ മരിച്ചു പോയില്ലേ?”….എന്നിട്ടു നിഗൂഡമായ ചിരിയോടെ ചാറ്റൽ മഴയിലേക്ക് ഇറങ്ങി നടന്നു ഇരുട്ടിലേക്ക് മറഞ്ഞു.എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.ചമ്മൽ നിറഞ്ഞ മുഖങ്ങൾ മാത്രം ….

ഇപ്പോഴും ഞാൻ ഇടക്കൊക്കെ ആലോചിക്കാറുണ്ട് …”എന്നാലും അവനെന്തിനാണ് കോസ്‌കോയുടെ മഞ്ഞ നിറമുള്ള ബോള് വാങ്ങിയത്?”

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply