Skip to content

ചാരൻ

വെളിച്ചം കടക്കാത്ത സെല്ലിൽ അയാൾ കുനിഞ്ഞിരുന്നു. എത്ര നാൾ ഈ നരകയാതന അനുഭവിക്കേണ്ടി വരും. അയാൾ ചിന്തിച്ചു. വീര മൃത്യു വരിക്കുന്നതായിരുന്നു ഇതിലും ഭേദം. പിടിക്കപെട്ടിട്ട് ആറ് മാസം കഴിഞ്ഞിരിക്കുന്നു. 82 കിലോ ഭാരം ഉണ്ടായിരുന്നത് നാൽപത്തി എട്ടായി കുറഞ്ഞിരിക്കുന്നു. ആഹാരം ഒരു നേരം. അത് സഹിക്കാം. പക്ഷെ അതികഠിനമായ പീഡനം. ഹൊ! വേദന കൊണ്ട് മരവിച്ച് പോകാറുണ്ട്. ഈ രാജ്യത്തെ പട്ടാള ഭരണക്കാർ ഓരോ നിമിഷവും തല്ലി ചതയ്ക്കുകയാണ്. വേദന അറിയാത്ത ഒരിടവും ശരീരത്തിൽ ബാക്കിയില്ല. എത്ര കഠിനമായ ശിക്ഷകളാണ് അവർ നൽകുന്നത്. ശരീരത്തിൽ കമ്പി വരിഞ്ഞ് കെട്ടി വെള്ളത്തിൽ താഴ്ത്തി. വൈദ്യുതി ശരീരത്തിലൂടെ കടന്ന് പോയപ്പോൾ അനുഭവിച്ച വേദന നിർവചിക്കാൻ പ്രയാസം. തണുത്ത് ഉറയ്ക്കാറായ വെള്ളത്തിലേക്ക് തല കീഴായി കെട്ടി താഴ്ത്തിയപ്പോൾ ശരീരത്തിലും കതിലും അനുഭവിച്ച വേദന അയാൾക്ക് ഓർക്കാൻ കൂടി കഴിഞ്ഞിരുന്നില്ല. ശരീരം മരവിച്ചപ്പോൾ വേദന കാരണം പൊട്ടിതെറിച്ച് പോകും എന്ന് തോന്നി. ദിവസങ്ങൾ പട്ടിണിക്ക് ഇട്ട ശേഷം നൽകിയ ആഹാരത്തിൽ മൊട്ട് സൂചി കാണും എന്ന് അറിയാതെ വെപ്രാളത്തിൽ വിഴുങ്ങിയപ്പോൾ തൊണ്ടയിൽ മൊട്ട് സൂചി തറച്ചു. തൊണ്ട പഴുത്ത് വേദന കാരണം കുറേ നാളത്തേക്ക് ആഹാരം പോയിട്ട് പച്ചവെള്ളം ഇറക്കാൻ പറ്റാതെ ആയി. വീണ്ടും പട്ടിണി കിടക്കേണ്ടി വന്നു. മുറിയിൽ അരണ്ട വെളിച്ചം പരന്നു. സുരക്ഷാ ഭടൻ കമ്പി അഴികളിൽ വടി കൊണ്ട് ആഞ്ഞ് അടിക്കുന്ന ശബ്ദം കേട്ട് അയാൾ ചിന്തയിൽ നിന്ന് ഉണർന്നു.
“നിനക്ക് സന്തോഷിക്കാൻ വകയുണ്ട്. നിന്നെ വന്ന് കാണാൻ പട്ടാള മേധാവി നിന്റെ ബന്ധുകൾക്ക് അനുവാദം നിൽകിയിരിക്കുന്നു.”
കേട്ടത് വിശ്വസിക്കാൻ അയാൾക്ക് സാധിച്ചില്ല. ആരായിരിക്കും അയാളെ കാണാൻ വരിക. സഹോദരൻ മാത്രമായിരിക്കുമോ. അതോ അമ്മയും ഭാര്യയും ആയിരിക്കുമോ…ഈ കോലത്തിൽ കണ്ടാൽ അവർ സങ്കടപെടും തീർച്ച. താൻ അനുഭവിക്കുന്ന വേദന അവർ അറിയാൻ ഇടവന്നാൽ അവർക്കത് സഹിക്കാൻ കഴിയില്ല. അയാൾ ഓരോന്ന് ചിന്തിച്ച് മയങ്ങി പോയി.
“ഉറങ്ങുകയാണോ”
അയാൾ വേഗം കണ്ണുകൾ തുറന്ന് അഴികൾക്ക് അപ്പുറത്തായി നിൽക്കുന്ന സുരക്ഷാ ഭടന്റെ അരികിലെത്തി.
“നിങ്ങളുടെ ബന്ധുക്കൾ വരുന്ന കാര്യം സംശയമാണ്”
കാവൽകാരൻ പറഞ്ഞത് കേട്ടപ്പോൾ അയാൾക്ക് സങ്കടം വന്നുവോ എന്ന് അറിയില്ല.
“നിങ്ങളുടെ സർക്കാർ ചില നിർദ്ദേശങ്ങൾ മുമ്പോട്ട് വെച്ചു. അവർ പറയുന്നതൊക്കെ കേൾക്കാൻ ഞങ്ങളെന്താ നിങ്ങളുടെ അടിമളാണോ”
“എന്താണ് നിർദേശങ്ങൾ എന്ന് അറിയാൻ സാധിച്ചോ”

“എനിക്ക് അത്ര വ്യക്തമായിട്ട് കാര്യങ്ങൾ ഒന്നും അറിയില്ല. നിങ്ങളുടെ ബന്ധുവിന് ഇവിടേക്ക് വരാൻ എന്തോ ബുധിമുട്ടുണ്ട്. അത് കൊണ്ട് അതിർത്തിയിൽ എവിടെ എങ്കിലും വെച്ച് കണ്ട് മുട്ടാൻ ഏർപ്പാട് ചെയ്യണം എന്ന് ആവിശ്യപെട്ടതായി മാത്രം അറിയാൻ സാധിച്ചു. നിങ്ങളുടെ അമ്മയ്ക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടത്രേ. എന്താ അവർക്ക് സുഖമില്ലേ”
“എനിക്ക് അറിയില്ല. ഞാൻ എങ്ങനെ അറിയാനാ”
അയാൾ സെല്ലിന്റെ ഒരു മൂലയിൽ ചെന്ന് ഇരുന്നു. എന്തായിരിക്കും അമ്മയ്ക്ക് പറ്റിയിരിക്കുക. പുറം ലോകവും ആയി ഒരു ബന്ധവും ഇല്ലാതായിട്ട് മാസങ്ങൾ ആയി. പിന്നെ കാര്യങ്ങൾ എങ്ങനെ അറിയാനാണ്.
“ഞാൻ ചാരനാണോ?” അയാൾ മനസിൽ പറഞ്ഞു. റഷ്യയുടേയും ഉത്തര കൊറിയയുടേയും ചാരൻമാരാണ് യഥാർത്ഥ ചാരൻമാർ. ഒരു അന്താരാഷ്ട്ര നിയമങ്ങളും ബാധകം ആകാത്തവർ. പട്ടാള ഭരണക്കാർക്ക് ഒരു ഇര മാത്രമാണ് ഞാൻ. പക്ഷെ എന്റെ രാജ്യത്തെ കൊത്തി വലിക്കാൻ ഞാൻ നിന്ന് കൊടുക്കില്ല. എന്റെ രാജ്യം എന്നെ കൈവെടിയില്ല…
കാൽ പെരുമാറ്റം കേട്ട് അയാൾ അനങ്ങാതെ കിടന്നു.
“നീ ഉറങ്ങുകയാണോ. നിന്നെ കാണാൻ നിന്റെ അമ്മയും ഭാര്യയും വരുന്നുണ്ട്. വല്യേട്ടൻ രാജ്യം സമ്മർദ്ദം ചെലുത്തി എന്നാണ് രഹസ്യമായി അറിയാൻ സാധിച്ചത്”
“നിങ്ങളുടെ പട്ടാള ഭരണാധികാരികൾക്ക് വല്ല്യേട്ടൻ രാജ്യത്തെ ഇപ്പഴും ഭയമാണോ”
അയാൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
“നീ വല്ലതും പറഞ്ഞോ”
“ഇല്ല”
അമ്മയേയും ഭാര്യയേയും കാണാൻ കഴിയും എന്ന് ഓർത്തപ്പോൾ അയാൾക്ക് സന്തോഷം തോന്നി. അതിർത്തിയിലേക്കാണ് കൊണ്ട് പോകുന്നതെങ്കിൽ സ്വന്തം രാജ്യത്തിന്റെ മണ്ണിന്റെ മണം എങ്കിലും ശ്വസിക്കാൻ കഴിയും.
അയാൾക്ക് അവർ നാല് നേരം ഭക്ഷണം നൽകി തുടങ്ങി. അയാൾ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. കുറേ നാളുകൾക്ക് ശേഷമാണ് നല്ല രുചിയുള്ള ഭക്ഷണം ലഭിക്കുന്നത്.
“എന്നെ എന്നാണ് അതിർത്തിയിലേക്ക് കൊണ്ട് പോകുന്നത്. വല്ലതും അറിയാൻ സാധിച്ചോ”
ഭക്ഷണം കഴിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു. മറുപടി ഒന്നും ലഭികാത്തതിനാൽ അയാൾ അഴികൾക്ക് വെളിയിലേക്ക് നോക്കി. സുരക്ഷാ ഭടൻ ചാടി എഴുന്നേൽക്കുന്നത് അയാൾ കണ്ടു. പട്ടാള രാജ്യത്തിന്റെ വേഷം ധരിച്ച, താടിയും മുടിയും നീട്ടി വളർത്തിയ ഒരു വലിയ മനുഷ്യൻ കമ്പി അഴികൾക്ക് മുമ്പിൽ പെട്ടെന്ന് പ്രത്യക്ഷപെട്ടു.
“എന്താ…അതിർത്തിയിലേക്ക് പോകാൻ നീ തയാറാണോ”

ഘനഗംഭീരമായ സ്വരത്തിൽ പട്ടാള ഉദ്ദ്യോഗസ്ഥൻ ചോദിച്ചു. അയാളുടെ മനസിൽ എന്തെല്ലാമോ വികാരങ്ങൾ മിന്നിമറഞ്ഞു. എങ്കിലും ഒന്നും പ്രകടിപിച്ചില്ല. പട്ടാള ഉദ്യോഗസ്ഥന്റെ മുഖഭാവം പെട്ടെന്ന് മാറി. കമ്പി അഴികൾക്കിടയിലൂടെ അയാളെ സൂക്ഷിച്ച് നോക്കി. പെട്ടെന്ന് അഴികളിൽ കൈ കൊണ്ട് ശക്തമായി ഇടിച്ചു.
“നീയും നിന്റെ രാജ്യവും ഞങ്ങളെ കുറിച്ച് എന്താണ് കരുതിയിരിക്കുന്നത്. അതിർത്തിയിലേക്ക് പോകുന്നത് നീ ആയിരിക്കില്ല. നിനക്ക് പകരം ദേ ഇവൻ പോകും.”
അയാൾ അലറുന്നതിനിടയിൽ സെല്ലിന്റെ മറവിൽ നിന്നിരുന്ന ഒരുവനെ തന്റെ ബലിശ്ട്ടമായ കൈ കൊണ്ട് അഴികൾക്ക് മുമ്പിലേക്ക് വലിച്ച് നിർത്തി. അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത് ഞാൻ തന്നെ അല്ലേ. തന്റെ അപരൻ. ഇതെങ്ങനെ സാധിച്ചു. കമ്പി അഴികളിൽ പിടിച്ച് നിന്ന് കൊണ്ട് അയാൾ തന്റെ അപരനെ കണ്ണിമയ്ക്കാതെ നോക്കി നിന്നു. പട്ടാള ഉദ്യോഗസ്‌ഥൻ ഉറക്കെ ചിരിച്ചു.
“നീ നോക്കണ്ട. നിനക്ക് പകരം അതിർത്തിയിലേക്ക് പോകുന്നത് നിന്റെ ഈ അപരൻ ആയിരിക്കും. കുറേ പാട് പെട്ടു ഇവനെ നിന്നെ പോലെ ആക്കി എടുക്കാൻ. അതിന് വേണ്ടി ഒരു മേക്കപ്പ് കാരനെ വിദേശത്ത് നിന്ന് വരുത്തിച്ചു. ഒരു സിനിമയ്ക്കാണ് എന്ന് പറഞ്ഞാണ് അയാളെ കൊണ്ട് വന്നത്. നിനക്ക് സിനിമയുടെ പേര് കേൾക്കണോ”
പട്ടാള ഉദ്യോഗസ്ഥൻ അയാളെ സൂക്ഷിച്ച് നോക്കി.
“ചാരൻ”
അയാൾ ഉറക്കെ ചിരിച്ച് അപരനേയും കൊണ്ട് നടന്നകന്നു.
കമ്പി അഴികളിൽ തലയും ചായിച്ച് എത്ര നേരം നിന്നു എന്ന് അയാൾക്ക് തന്നെ അറിയില്ല.
“നീ അവിടെ എങ്ങാനും പോയി ഒന്ന് ഇരിക്ക്”
സുരക്ഷാഭടൻ പറഞ്ഞത് കേട്ട് അയാൾ പതിയെ തിരിഞ്ഞ് നടന്നു. തറയിൽ ചുരുണ്ട് കൂടി കിടന്നു. വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. കുറച്ച് ദിവസമായി നാല് നേരം ഭക്ഷണം കഴിച്ചതല്ലേ. ഇനി അത് പ്രതീക്ഷിക്കണ്ട . അയാൾ തറയിൽ തളർന്ന് കിടന്നു.

പട്ടാള രാജ്യതിന്റെ പകുതിയോളം സുരക്ഷാ ജീവനക്കാർ ചാരനേയും വഹിച്ച് കൊണ്ടുള്ള കവചിത വാഹനത്തിന്റെ മുൻപിലും പിറകിലുമായി അകമ്പടിയായി നീങ്ങി കൊണ്ടേ ഇരുന്നു. ഒടുവിൽ വാഹന വ്യൂഹം അതിർത്തിയിൽ എത്തി. വളരെ നിഗൂഢമായ ഒരു സ്ഥലത്തേക്ക് ചാരനെ പട്ടാളക്കാർ എത്തിച്ചു. അയാളുടെ മുഖം തുണി കൊണ്ട് മറച്ചിരുന്നു. അവിടെ ഹാജരായിരുന്ന പത്രക്കാർ ബഹളം വെച്ചു.
“ചാരന്റെ മുഖം ഞങ്ങൾക്ക് കാണണം”
അവർ വിളിച്ച് പറഞ്ഞു.
“നിങ്ങൾ സംശയിക്കണ്ട. ഇത് അയാൾ തന്നെയാണ്.”
പെട്ടെന്ന് അതിർത്തിയിൽ സുരക്ഷ വാഹനങ്ങളുടെ അകമ്പടിയോടെ ഒരു നീല വാഹനം വന്ന് നിന്നു. വാഹനതിന്റെ വാതിൽ തുറന്നു. എല്ലാവരും ആകാംഷയോടെ ഉറ്റ് നോക്കി. കമാൻഡോകൾ വാഹനത്തിന് ഉള്ളിൽ നിന്ന് ചാടി ഇറങ്ങി. അതിർത്തിക്ക് ഇപ്പുറത്ത് നിന്നിരുന്ന പട്ടാളക്കാർ ഒന്ന് വിരണ്ടു. വെള്ളസാരി ഉടുത്ത് വെളുത്ത തലമുടി ഉള്ള ഒരു അമ്മ വാഹനത്തിൽ നിന്ന് മെല്ലെ ഇറങ്ങി. പിറകെ മറ്റൊരു സ്ത്രീയും. കമാൻഡോകളുടെ നടുവിലായി അവർ മെല്ലെ നടന്നു. അതിർത്തിയിൽ പട്ടാള ഭരണക്കാർ അവരുടെ രേഖകൾ പരിശോധിച്ചു. അവിടെ കാത്ത് കിടന്നിരുന്ന ഒരു വാഹനത്തിലേക്ക് അവരെ കയറ്റി. കമാൻഡോകൾ അതിർത്തിയിൽ സ്ഥാനം ഉറപിച്ചു.
അവർ കയറിയ വാഹനം നിഗൂഢമായ ഒരു സ്ഥലത്ത് എത്തി നിന്നു. വാഹനത്തിൽ നിന്ന് ഇറക്കി അവരെ വേഗം നടത്തിച്ചു. ഒരു കെട്ടിടത്തിന് ഉള്ളിലേക്ക് അവർ കയറി. പത്രക്കാർ അവിടേയും എത്തിയിരുന്നു. പട്ടാള ഭരണകൂട വക്താക്കൾ പത്രകാർക്ക് ചാരന്റെ ചിത്രം കാണിച്ച് കൊടുത്തു.
“ഇത് എപ്പോൾ എടുത്തതാണ്”
“ഇങ്ങോട്ട് പുറപെടുന്നതിന് മുമ്പ്”
വക്താവ് വിളിച്ച് പറഞ്ഞു.
അര മണിക്കൂർ കഴിഞ്ഞ് അമ്മയും ഭാര്യയും ഇറങ്ങി വരുന്നത് കണ്ട് പത്രക്കാർ അവരുടെ പടം എടുത്തു. ആ അമ്മ കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു. അരികിലേക്ക് വന്ന് നിന്ന വാഹനത്തിലേക്ക് അവർ വേഗം കയറി. വാഹനം അതിർത്തിയിലേക്ക് യാത്ര തിരിച്ചു. അതിർത്തിയിൽ എത്തി നിന്ന വാഹന്നതിന്റെ അരികിലേക്ക് കമാൻഡോകൾ പാഞ്ഞു. അവർ അമ്മയേയും ഭാര്യയേയും കൂട്ടി നീല വാഹനത്തിന്റെ അരികിലേക്ക് നീങ്ങി. അവർ അകത്ത് കയറി. വാതിലുകൾ അടഞ്ഞു. ആ വാഹനം ചീറി പാഞ്ഞ് പോയി.

പട്ടാള സർക്കാർ അന്നത്തെ ദിവസം ഗംഭീരമായി ആഘോഷിച്ചു.
“സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ഇങ്ങനെ ഒരു അവസരം ഒത്ത് വന്നത്. ആ രാജ്യത്തെ മുഴുവൻ നമ്മൾ കബിളിപ്പിച്ചിരിക്കുന്നു. ആ രാജ്യത്തെ ജനങ്ങളുടെ മന:സാക്ഷിയെ നമ്മൾ നോക്ക് കുത്തി ആക്കിയിരിക്കുന്നു. ഇന്ന് നമ്മൾക്ക് ആഘോഷിക്കാനുള്ള ദിവസമാണ്. എല്ലാവരും ആഘോഷിക്കൂ.. ബോധം മറയുന്നത് വരെ ആഘോഷിക്കൂ.”
പട്ടാള മേധാവി തന്റെ കൈയിൽ ഇരുന്ന മദ്യ ഗ്ലാസ്സ് ഉയർത്തി കൊണ്ട് ഉറക്കെ അട്ടഹസിച്ചു.
അയാൾ ഉറക്കം വരാതെ കിടന്നു. ആരോ നടന്ന് വരുന്ന ശബ്ദം അയാൾ കേട്ടു. അവിടെ എത്തിയ സുരക്ഷാഭടൻ താഴെ ചമ്രം പടഞ്ഞിരുന്നു. അയാളുടെ കൈയിൽ ഒരു മദ്യകുപ്പി ഉണ്ടായിരുന്നു.
“നിനക്കും ഇത്തിരി ഒഴിക്കട്ടേ. ഇന്ന് ആരും ഒന്നും പറയില്ല. എല്ലാവരും ആഘോഷത്തിലാണ്. ഓ…ഞാൻ മറന്ന് പോയി. നിനക്ക് തരാൻ മേധാവി എന്നെ ഒരു കാര്യം എൽപിച്ചിരുന്നു…”
അയാൾ ഒരു സഞ്ചി തുറന്ന് എന്തോ പുറത്തെടുത്തു. അഴികൾക്കിടയിലൂടെ അയാൾ അത് അകത്തേക്ക് വലിചെറിഞ്ഞു.
“ഇത് നിന്റെ അമ്മയുടെ ചെരുപ്പാ. നീ ആവിശ്വപെട്ടത് അനുസരിച്ച് നിനക്ക് നൽകാൻ വേണ്ടി ഇത് ഊരി വെച്ചിട്ടാണ് അവർ മടങ്ങി പോയത്’
“ഞാൻ എപ്പോ ആവിശ്യപെട്ടു”
“അത് ഞാൻ എങ്ങനെ അറിയാനാണ്. നീ പണ്ടെങ്ങോ ആവിശ്യപെട്ടിരിക്കും”
“എന്റെ അമ്മയും ഭാര്യയും വന്നിരുന്നോ”
അയാൾ ആകാംഷയോടെ ചോദിച്ചു.
“പിന്നേ…വന്നിരുന്നു. നിന്റെ അപരനോട് സംസാരിക്കുകയും ചെയ്തു. നേരിട്ട് സംസാരിക്കാൻ അനുവദിച്ചില്ല. നിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും സംശയം ഒന്നും തോന്നിയില്ല എന്നാണ് അറിയാൻ സാധിച്ചത്.”
അപരനെ കണ്ടിട്ട് അമ്മയ്ക്ക് ഒരു സംശയവും തോന്നിയില്ലേ. അമ്മയുടെ ചെരുപ്പുകൾ നെഞ്ചിൽ ചേർത്ത് പിടിച്ച് അയാൾ തേങ്ങി.
“നീ വെഷമിക്കണ്ട. നിന്നെ ഞാൻ പൊറത്ത് വിടാം…”
സുരക്ഷാ ഭടന്റെ നാവ് കുഴഞ്ഞ് തുടങ്ങിയിരുന്നു. അയാൾ താഴെ കിടന്ന് ഉറങ്ങി.
മങ്ങിയ വെളിച്ചത്തിൽ അമ്മയുടെ ചെരുപ്പുകൾ അയാൾ തിരിച്ചും മറിച്ചും നോക്കി. അമ്മ എന്ന് മുതൽക്കാണ് ഇത്ര വില കൂടിയ ചെരുപ്പുകൾ
ധരിക്കാൻ തുടങ്ങിയത്. ഇത് അധിക നാൾ ഉപയോഗിച്ചതായും തോന്നുന്നില്ല. പെട്ടെന്നാണ് അയാൾ അത് ശ്രദ്ധിച്ചത്. ചെരുപ്പിൽ എന്തോ തിളങ്ങുന്നു. ഒരു ചുവന്ന വെളിച്ചം കത്തുകയും അണയുകയും ചെയ്ത് കൊണ്ടേ ഇരുന്നു. അത് ഒരു ട്രാൻസ്പോണ്ടർ ആണെന്ന് മനസിലാക്കാൻ അയാൾക്ക് അധിക സമയം വേണ്ടി വന്നില്ല. താൻ എവിടെ ഉണ്ടെന്ന സന്ദേശം എത്തേണ്ട സ്ഥലത്ത് എത്തി കഴിഞ്ഞു എന്ന് അയാൾക്ക് മനസിലായി. അയാളുടെ ശരീരത്തിലെ ഊർജ്ജം ഏറ്റപ്പോൾ അത് പ്രവർത്തിച്ച് തുടങ്ങിയിരുന്നു.

എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാൻ സാധിച്ചില്ലെങ്കിലും അയാൾ ഉറക്കം ഉളച്ച് കാത്തിരുന്നു.
പെട്ടെന്ന് മുകളിൽ നിന്ന് എന്തോ പൊടിഞ്ഞ് അയാളുടെ ദേഹത്ത് വീണു. അയാൾ വേഗം എഴുനേറ്റ് മാറി നിന്നു. മേൽക്കൂരയുടെ ഒരു ഭാഗം മെല്ലെ ഇളകിമാറി. ഒരു കറുത്ത രൂപം കയറിൽ തൂങ്ങി താഴേക്ക് ഊർന്ന് ഇറങ്ങി.
“വേഗം വരൂ”
ആ രൂപം അയാളെ ചേർത്ത് പിടിച്ചു. മേലോട്ട് നോക്കി ആംഗ്യം കാണിച്ചതും കയർ മെല്ലെ പൊങ്ങി.
“നിങ്ങൾ ആ ചെരുപ്പുകൾ എടുത്തോ”
അയാൾ തലയാട്ടി. മുകളിൽ ശബ്ദം ഇല്ലാതെ കറങ്ങി നിന്നിരുന്ന അത്യാധുനിക ഹെലികോപ്റ്ററിലേക്ക് അവർ മെല്ലെ വലിഞ്ഞ് പൊങ്ങി. ഹെലികോപ്ടർ വേഗം ലക്ഷ്യസ്ഥാനത്തേക്ക് പാഞ്ഞു.

“ഞങ്ങൾക്ക് ചാരന്റെ അഭിമുഖം അനുവദിക്കാത്തത് എന്താണ്.” പത്രക്കാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പട്ടാള ഭരണാധികാരികൾ കുഴങ്ങി. തന്റെ ഓഫീസ് മുറിയിൽ പട്ടാള മേധാവി കോപം കൊണ്ട് അലറി.
“ആദ്യം വല്ല്യേട്ടൻ…ഇപ്പോ ദേ അമ്മയും”
അയാൾ മേശ പുറത്തിരുന്ന ഫയലുകൾ തട്ടി തെറുപിച്ചു. ആരോ മുറിയിലേക്ക് വേഗം നടന്നു വന്നു.
“സർ പത്രക്കാർ ബഹളം വെയ്ക്കുന്നു. ചാരനെ നേരിൽ കാണിക്കാം എന്ന് നമ്മൾ അവർക്ക് വാക്ക് നൽകിയതല്ലേ”
പട്ടാള മേധാവി സഹ മേധാവിയെ നോക്കി ആംഗ്യം കാണിച്ചു. സഹ മേധാവി സല്യൂട്ട് ചെയ്ത് വേഗം പുറത്തേക്ക് ഇറങ്ങി.
പത്രക്കാരുടെ ശ്രദ്ധ ഒരു ഭാഗത്തേക്ക് തിരിഞ്ഞു. സുരക്ഷാഭടൻമാർക്ക് നടുവിലായി സഹ മേധാവി നടന്ന് വരുന്നത് അവർ കണ്ടു. അവർക്കിടയിലായി ചാരനും ഉണ്ടായിരുന്നു. ചാരന്റെ മുഖം മ്ളാനമായിരുന്നു. അയാൾ പത്രകാരുടെ മുന്നിൽ തലയും കുനിച്ചു ഇരുന്നു. പത്രക്കാർ ചോദ്യങ്ങൾ ചോദിച്ചു.

“അമ്മ എന്ത് പറഞ്ഞു”
“എന്റെ അമ്മ ഒന്നും പറഞ്ഞില്ല”
അയാൾ ദേഷ്യം അടക്കാൻ പാട് പെട്ടു.
“അമ്മ എന്തോ നൽകി എന്ന് കേട്ടല്ലോ”
അയാൾ ഒരു നിമിഷം എന്തോ ഓർത്തു. അയാൾ അയൽ രാജ്യത്തെ ചാരന്റെ അപരനായി വേഷം കെട്ടാൻ പോവുകയാണെന്ന് അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞ മറുപടി അയാൾ ഓർത്തു.
“പാപമാണ്. ഒരു അമ്മയെ കബിളിപ്പിക്കുന്നത് പാപമാണ്. നിനക്ക് അതിനുള്ള ശിക്ഷ കിട്ടും”
അമ്മയുടെ വാക്കുകൾ സത്യമായിരിക്കുന്നു. ഒരു ചാരനായി ജീവിതകാലം മുഴുവനും കഴിയേണ്ടതായി വന്നിരിക്കുന്നു.
“പറയൂ. അമ്മ എന്താണ് നൽകിയത്”
“ഒരു താക്കീത്”
അയാൾ വേഗം എഴുന്നേറ്റു. സുരക്ഷാഭടൻമാരുടെ നടുവിലായി അയാൾ നടന്നകന്നു.

മാതൃ രാജ്യത്ത് തിരികെ എത്തിയതിന്റെ സന്തോഷത്തിൽ ആയിരുന്നു അയാൾ.
“അമ്മയ്ക്ക് വല്ല അപകടവും പറ്റിയിരുന്നോ”
അയാൾ അമ്മയോട് ചോദിച്ചു.
“ഇല്ലല്ലോ”
“അമ്മയ്ക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് വല്ലതും ഉണ്ടായിരുന്നു വോ”
“ഇല്ല”
അമ്മ പുഞ്ചിരി തൂകി കൊണ്ട് പറഞ്ഞു.
“എന്നാലും അന്ന് അമ്മയുടെ മുമ്പിൽ വന്നിരുന്ന ആൾ ഞാൻ അല്ലായിരുന്നു എന്നു അമ്മയ്ക്ക് എങ്ങനെ മനസിലാകാതെ പോയി”
അയാൾ വേദനയോടെ ചോദിച്ചു
“നിനക്കും മനസിലായില്ലേ”
അയാൾ ഭാര്യയോട് ചോദിച്ചു
“എനിക്ക് മനസിലായി”
“പിന്നെ അമ്മയ്ക്ക് എങ്ങനെ മനസിലാകാതെ പോയി”
അയാൾ ഭാര്യയോട് ചോദ്യം ആവർത്തിച്ചു.
“അതിന് അന്ന് എന്നോടൊപ്പം ഉണ്ടായിരുന്നത് അമ്മ അല്ലായിരുന്നു. അമ്മയുടെ അപരൻ ആയിരുന്നു.”
അയാൾ അമ്പരപ്പോടെ അമ്മയെ നോക്കി. ആ അമ്മ പുഞ്ചിരിച്ച് കൊണ്ടേ ഇരുന്നു.

എന്റെ ‘വേഴാമ്പൽ’ എന്ന കഥാസമാഹാരത്തിൽ നിന്ന്

4.3/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!