Site icon Aksharathalukal

മലയോരം – 20

malayoram novel

നിലാവുവീണുകിടക്കുന്ന പറമ്പിലൂടെ ടോമിച്ചനും ആൻഡ്രൂസും ആന്റണിയും മുൻപോട്ടു നടന്നു.

അടച്ചു പൂട്ടി കിടക്കുന്ന ഗോഡൗൺ കെട്ടിടത്തിന്റെ ഒരു ഭാഗത്തു കൂടി റോസ്‌ലിൻ താമസിച്ചിരുന്ന വീടിന്റെ മുൻവശത്തേക്ക് ചെന്നു മൂവരും. വീടിന്റെ മുറ്റത്തു കരിയിലകൾ ചിതറി കിടക്കുന്നുണ്ട്. കാൽ പെരുമാറ്റം കേട്ടു ഒന്ന്‌ രണ്ട് പന്നിയെലികൾ മുറ്റത്തു കൂടി തലങ്ങും വിലങ്ങും പാഞ്ഞു .ഒരു നീർക്കോലി പാമ്പ് എലിയുടെ പുറകെ ഇഴഞ്ഞു പോയി.അൽപ്പസമയത്തിനുള്ളിൽ എലിയുടെ കരച്ചിൽ കേട്ടു.

വീടിന്റെ മുൻഭാഗത്തെ വാതിലിനടുത്തെത്തിയ ടോമിച്ചൻ കതകിൽ മെല്ലെ ഒന്ന്‌ തള്ളി നോക്കി.

എന്നാൽ കതക് പൂട്ടിയ നിലയിൽ ആയിരുന്നു.

“ഇവിടെയാണ് ജെയ്സൺ കുത്ത് കൊണ്ട് ഓടിവന്നു വീണു കിടന്നത് എന്നാണ് റോസ്‌ലിൻ പറഞ്ഞത് “

ആൻഡ്രൂസ് വീടിന്റെ മുറ്റത്തിന്റെ ഒരു വശത്തേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.

ടോമിച്ചനും ആന്റണിയും ടോർച്ചു തെളിച്ചു അവിടെ നോക്കി

അവിടെ നിൽക്കുന്ന ചെടികളുടെ ഇലകളിലും മറ്റും ചോരക്കറ പറ്റിപ്പിടിച്ചിരിക്കുന്നത് ടോമിച്ചൻ കണ്ടു.

“ആൻഡ്രൂസെ … ആന്റണിച്ച… ഈ പരിസരവും വീടിന്റെ അകവും എല്ലാം ഒന്നരിച്ചു പെറുക്കി നോക്കാം നമുക്ക്. ചിലപ്പോ എന്തെങ്കിലും കിട്ടാം. അതുമല്ലെങ്കിൽ കിട്ടിയില്ലെന്നും വരാം.ഈ കേസ് അന്വേഷിക്കുന്ന സി ഐ മൈക്കിൾ വരദന്റെ ആള്  ആണ്. അതുകൊണ്ട് സ്വഭാവികമായും പ്രതികൾ രക്ഷപെടും.  “

ടോമിച്ചൻ പറഞ്ഞു.

“മാത്രമല്ല, ആ ഒളുവിൽ കഴിയുന്ന, റൗഡി ബിജുവിനെ  കിട്ടിയാലേ ഇതിന്റെ നിജസ്ഥിതി അറിയാൻ പറ്റൂ. അവനെക്കൊണ്ട് വരദനാണ് ഇതു ചെയ്യിപ്പിച്ചതെന്ന സത്യം പറയിപ്പിക്കണം . മാത്രമല്ല ഗോഡൗണിനുള്ളിൽ വച്ച് ആൻഡ്രൂസുമായി ജെയ്‌സൺ അടിപിടി ഉണ്ടാക്കിയെന്നും അങ്ങനെ വന്നതാണ് ജെയ്‌സന്റെ ദേഹത്തെ ആൻഡ്രൂസിന്റെ കൈവിരൽ പാടുകൾ എന്നും സ്ഥാപിക്കാൻ പറ്റണം. പിന്നെ കുത്താൻ ഉപയോഗിച്ച കത്തി ഇതുവരെ പോലീസിന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ലല്ലോ. എന്റെ വിശ്വാസം അത് ഈ പരിസരത്ത് എവിടെയോ ഉണ്ടെന്ന് തന്നെയാണ്. മാത്രമല്ല എന്തൊക്കെയോ നിഗൂഢതകൾ ഉള്ളത് പോലെ ഒരു തോന്നൽ ഇവിടെ വന്നപ്പോൾ “

ടോമിച്ചൻ വീടിന്റെ പടിഞ്ഞാറു ഭാഗത്തേക്ക്‌ ടോർച്ചും തെളിച്ചു നടന്നു. ആന്റണി വീടിന്റെ പുറകുവശത്തേക്കു നടന്നു. ആൻഡ്രൂസ് വീടിന്റെ വടക്കുഭാഗത്തു ടോർച്ചു അടിച്ച് നോക്കി കൊണ്ടിരുന്നു.

ടോമിച്ചൻ പരിസരമാകെ നോക്കി കൊണ്ട് മുൻപോട്ടു നടന്നു. വീടിനോട് ചേർത്തു നിർമ്മിച്ചിട്ടുള്ള ബാത്‌റൂമിന്റെ സമീപത്തു ചെന്നു. അതിനടുത്തു രണ്ട് വൃത്തകൃതിയിൽ ഉള്ള സ്ലാബുകൾ കിടന്നിരുന്നു. അതിന് ചുറ്റും മണ്ണിട്ടു ഉയർത്തിയിട്ടുണ്ട്.

സ്ലാബിനെ മറികടന്നു പോകുവാൻ തുടങ്ങിയപ്പോൾ ആണ് ടോമിച്ചന്റെ ശ്രെദ്ധയിൽ പെട്ടത്.

ഒരു സ്ലാബിന്റെ ഇടയിൽ മണ്ണിനോട് ചേർന്നു എന്തോ കിടക്കുന്നു..

ടോമിച്ചൻ കുനിഞ്ഞു അതിന് ചുറ്റുമുള്ള മണ്ണുമാറ്റി അതിൽ പിടിച്ചു വലിച്ചു. സ്ലാബിന്റെ അടിയിൽ നിന്നും അത് പുറത്തേക്കു വന്നു.

ടോമിച്ചൻ അതിലേക്കു സൂക്ഷിച്ചു നോക്കി.

സ്റ്റീൽ നിറത്തിൽ ഉള്ള ഒരു കത്തി ആയിരുന്നു അത്. അതിൽ ചോരകറയും മണ്ണും പറ്റിയിരുന്നു!!കത്തിയുടെ വായ് ത്തലയിൽ തുരുമ്പിന്റെ അംശവും കാണപ്പെട്ടിരുന്നു.

അത് രണ്ടായി മടക്കി വയ്ക്കുവാൻ പറ്റുന്ന കത്തി ആയിരുന്നു.!!അതിന്റെ പിടിയിൽ സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു തലമുടി ചുറ്റിയിരിക്കുന്നത് ടോമിച്ചൻ കണ്ടു.

 കത്തി കിട്ടിയതിനടുത്തായി പരതി  നോക്കി എങ്കിലും വേറൊന്നും കണ്ടു കിട്ടിയില്ല.!!!

പെട്ടെന്നാണ് എന്തോ തട്ടിമറിഞ്ഞു വീഴുന്ന പോലുള്ള ശബ്‌ദം കേട്ടത്.!! ടോമിച്ചൻ ടോർച്ചു തെളിക്കാതെ, ശബ്ദമുണ്ടാക്കാതെ ബാത്‌റൂമിനോട് ചേർന്നു നിന്നു.

ആരോടും ശ്വാസം  എടുക്കുന്ന പോലുള്ള ശബ്‌ദം!ടോമിച്ചൻ കാത് കോർപ്പിച്ചു.

ബാത്‌റൂമിനുള്ളിൽ നിന്നാണ് ആ ശബ്‌ദം കേട്ടത് എന്ന് ടോമിച്ചന് മനസ്സിലായി.

ബാത്‌റൂമിൽ ആരോ ഉണ്ട്. വീടുമായി അറ്റാച്ച് ചെയ്തിരിക്കുന്നതു കൊണ്ട് വീടിനുള്ളിൽ ഉള്ളവർക്കേ അതിനുള്ളിൽ കയറുവാൻ സാധിക്കു.

അപ്പോൾ വീടിനുള്ളിൽ ആരോ ഉണ്ടെന്നുള്ളത് ഉറപ്പാണ്.!!!

ശബ്ദമുണ്ടാക്കാതെ ടോമിച്ചൻ വീടിന്റെ മുൻഭാഗതെത്തി. അപ്പോൾ അവിടെ ആൻഡ്റൂസും ആന്റണിയും എത്തിയിരുന്നു.

“ഇവിടെനിന്നും ഒന്നും കിട്ടിയില്ല ടോമിച്ചാ. കൊലനടന്ന ദിവസം പോലീസുകാർ വന്നു അരിച്ചു പെറുക്കിയതല്ലേ. പിന്നെ നമുക്ക് എവിടെനിന്നും കിട്ടാനാ. ആ ഒളിവിൽ കഴിയുന്ന പന്ന കഴുവേ&%#@യെ കിട്ടിയിരുന്നെങ്കിൽ ചവുട്ടി അവന്റെ ആറാം വാരി ഒടിച്ചു സത്യം മണി മണി പോലെ പറയിപ്പിക്കാമായിരുന്നു.”

ആന്റണി പറഞ്ഞു കൊണ്ട് വീടിനുള്ളിലേക്ക് കയറാനുള്ള പടിയിൽ ഇരുന്നു.

“മിണ്ടരുത്… വീട്ടിനുള്ളിൽ ആരോടും ഉള്ളപോലെ തോന്നി. എന്റെ സംശയം ശരിയായത് പോലെ. നമ്മളിവിടുന്നു തിരിച്ചു പോകുമ്പോൾ ഉള്ളിലുള്ളത് ആരാണെങ്കിലും നമ്മുടെ കൂടെ ഉണ്ടായിരിക്കണം. ഒരു പക്ഷെ വീടിനുള്ളിൽ ഒളിവിൽ കഴിയുന്ന റൗഡി ബിജു ആണെങ്കിലോ.”

ടോമിച്ചൻ അവരുടെ അടുത്തേയ്ക്ക് നീങ്ങി നിന്നു അടക്കിയ ശബ്ദത്തിൽ പറഞ്ഞു.

അത്കേട്ട് ആന്റണിയും ആൻഡ്റൂസും പരസ്പരം നോക്കി.

“എന്നാ ചവിട്ടിപൊളിച്ചു അകത്ത് കടന്നു ആരാണെങ്കിലും  അങ്ങ് പൊക്കിയേക്കാം.സമയം കളയണ്ട ടോമിച്ചാ “

ആൻഡ്രൂസ് തോളിൽ കിടന്ന തോർത്തെടുത്തു അരയിൽ വട്ടത്തിൽ കെട്ടി.

അതേ സമയം അകലെ നിന്നും ഒരു ബുള്ളറ്റിന്റെ ശബ്‌ദം കേൾക്കായി. അത് അടുത്തടുത്തു വന്നു പുറത്തെ ഗേറ്റി നടുത്തായി   നിന്നു. ഹെഡ്ലൈറ്റ് അണഞ്ഞു.!!

ടോമിച്ചനും ആൻഡ്റൂസും ആന്റണിയും വേഗം വീടിന്റെ ഒരു ഭാഗത്തേക്ക്‌ മാറി മറഞ്ഞു നിന്നു..

കുറച്ചു സമയത്തിനുള്ളിൽ ഇരുട്ടിൽ നിന്നും മുറ്റത്തെ നിലാവെളിച്ചത്തിലേക്കു മൂന്നു ആജാനബാഹുക്കൾ കയറി വന്നു.

അതിലൊരുവൻ മൊബൈൽ ഫോണെടുത്തു ആരെയോ വിളിച്ചു. വീടിനുള്ളിൽ നിന്നും മൊബൈലിന്റെ ബെൽ ശബ്‌ദം മുഴങ്ങി!!

ആരോ എടുത്തു സംസാരിക്കുന്ന ശബ്ദവും..

മുറ്റത്തു നിന്ന മറ്റു രണ്ടുപേർ ടോമിച്ചനും കൂട്ടരും നിന്ന ഭാഗത്തേക്ക്‌ നടന്നു. ആൻഡ്റൂസും ആന്റണിയും പ്രതിരോധിക്കാൻ തയ്യാറായി നിന്നു.

നടന്നു വന്നവർ മറഞ്ഞു നിൽക്കുന്നവരുടെ അടുത്തായി വന്നു നിന്നു.

“അവനെ തട്ടികളഞ്ഞേക്കനാണ് മുതലാളി പറഞ്ഞിരിക്കുന്നത്. ഇനി അവനെ ഒളിച്ചു താമസിപ്പിക്കുന്നത് ബുദ്ധിയല്ലെന്നു. അവന്റെ മൊബൈലും നഷ്ടപെട്ടത് കൊണ്ട് വരദൻ മുതലാളിക്ക് പേടിയുണ്ട്. അവനെ പോലീസുകാരുടെ കയ്യിൽ കിട്ടിയാൽ ഇടികിട്ടി തത്ത പറയുന്നപോലെ എല്ലാം പറയുമെന്നോർത്ത് . മൈക്കിൾ സാറും തട്ടികളഞ്ഞേക്കനാണ് ഉപദേശിച്ചിരിക്കുന്നത്. ഇവനെപ്പോലെ അടിയും പിടിയും കൊലപാതകവുമായി നടക്കുന്ന ഒരുത്തൻ ചത്താൽ ആര് അന്വേഷിക്കാനാണ്. അവന്റ ഭാര്യക്ക് കുറച്ചു കാശുകൊടുത്തു ഒതുക്കിക്കളയുകയും ചെയ്യാം.”

ശബ്‌ദം താഴ്ത്തി അവർ പറയുന്നത് കേട്ടു ടോമിച്ചനും കൂട്ടരും പരസ്പരം നോക്കി.

വീടിന്റെ മുൻവശത്തെ വാതിൽ തുറക്കുന്ന ഒച്ച കേട്ടു ആ രണ്ടുപേർ അങ്ങോട്ടേക്ക് നീങ്ങി.

“അവന്മാരുടെ ഉദ്ദേശം നടക്കരുത്. വീടിനുള്ളിലുള്ളവനെ തട്ടുന്നതിനു മുൻപ് രക്ഷപ്പെടുത്തണം. അവന്റെ വിചാരം ഇവർ രെക്ഷപെടുത്താൻ വന്നവരാണെന്നാ. വാ സമയം കളയാനില്ല.”

ടോമിച്ചനും ആൻഡ്റൂസും ആന്റണിയും വീടിന്റെ മുൻഭാഗത്തെ വാതിലിനു നേരെ പാഞ്ഞു.

അകത്ത് എന്തൊക്കെയോ തട്ടിമറഞ്ഞു വീഴുന്ന ഒച്ച. ഒപ്പം അലർച്ചെയും.

ടോമിച്ചൻ വീടിനുള്ളിലേക്ക് പാഞ്ഞു കയറി. പുറകെ ആൻഡ്റൂസും ആന്റണിയും.

മുറിക്കുള്ളിലെ വെളിച്ചത്തിൽ രണ്ടുപേർ ചേർന്നു ഒരുവനെ ബലമായി ഭിത്തിയിൽ ചേർത്തു നിർത്തിയിരിക്കുകയാണ്. അയാൾ അവരുടെ കയ്യിൽ കിടന്നു കുതറുന്നുണ്ട്. മറ്റൊരുത്തൻ ഊരിപ്പിടിച്ച കത്തിയുമായി അവന് നേരെ അടുക്കുകയാണ്.

“നമ്മളൊക്കെ ഒരുമിച്ചു നടന്നവരല്ലേടാ. എന്നിട്ടാണോടാ എന്നോടീ ചതി “

കൈകളിൽ കിടന്നു പിടഞ്ഞു കൊണ്ട് അവൻ കത്തിയുമായി അടുത്തേക്ക് വരുന്നവനെ നോക്കി ദയനീയമായി ചോദിച്ചു.

“എന്ത് ചെയ്യാമെടാ ബിജു .. മുതലാളി പറയുന്നതല്ലേ കേൾക്കാൻ പറ്റൂ. കൂടെപിറപ്പായാലും കൊല്ലാൻ പറഞ്ഞാൽ കൊന്ന് കളയുകയേ നിവൃത്തി ഉള്ളു. അതാ ഈ ജോലിയുടെ സ്വഭാവം. നീ ഞങ്ങളോട് ക്ഷമിക്കട “

പറഞ്ഞു കൊണ്ട് കുത്താനായി അയാൾ കൈ ഉയർത്താൻ തുടങ്ങിയതും ഒരു കസേര പറന്നു വന്നു അവന്റെ തലയിൽ ഇടിച്ചതും ഒരേപോലെ ആയിരുന്നു.അയാൾ തെറിച്ചു ഭിത്തിയിൽ പോയിടിച്ചു നിലത്തേക്ക് വീണു. കൂടെയുണ്ടായിരുന്നു മറ്റു രണ്ടുപേർ ബിജുവിന്റെ ദേഹത്ത് നിന്നും പിടി വിടാതെ ഞെട്ടി തിരിഞ്ഞു.

മുറിക്കുള്ളിലേക്ക് കടന്ന ടോമിച്ചനും കൂട്ടരും വാതിൽ ചേർത്തടച്ചു.

നിലത്തു വീണുകിടന്നവൻ ചാടിയെഴുനേറ്റു.

“അടിച്ച് ചുരുട്ടി മടക്കട ഈ പൊല &%#@മക്കളെ “

ടോമിച്ചന് നേരെ കൈചൂണ്ടി അയാൾ കൂടെയുള്ളവരോട് അലറി.

തുടർന്നു കത്തിയുമായി ടോമിച്ചന് നേരെ നീങ്ങി.

കത്തികൊണ്ടുള്ള കുത്തിൽ നിന്നും ഒഴിഞ്ഞു മാറിയ ടോമിച്ചൻ പുറം കാൽ വീശി  അവന്റെ തുടയിൽ അടിച്ചു. വേച്ചു വീഴാൻ പോയ അവന്റെ നെഞ്ചത്ത് മുട്ടുകാൽ കൊണ്ട് ആഞ്ഞോരിടി!!!

.അവനിൽ നിന്നും ഒരു നിലവിളി പുറത്തേക്കു തെറിച്ചു.ആക്രമിക്കാൻ നിവർന്നു വന്ന അവനെ വട്ടത്തിൽ പൊക്കിയെടുത്തു കറക്കി മുറിയിൽ കിടന്ന സോഫയ്ക്ക് നേരെ എറിഞ്ഞു. സോഫയിൽ ചെന്നുവീണ അവൻ സോഫയോട് കൂടി തറയിലേക്ക് മറിഞ്ഞു. അപ്പോഴേക്കും ആൻഡ്റൂസും ആന്റണിയും മറ്റു രണ്ടുപേരെ ചവിട്ടി ഒതുക്കി അട്ട ചുരുണ്ടു ഇരിക്കുന്നപോലെ ആക്കി ഇരുന്നു.

വാതിൽ തുറന്നു പുറത്തേക്കു ഓടാൻ തുടങ്ങിയ റൗഡി ബിജുവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു പുറകിലേക്ക് വലിച്ചു ടോമിച്ചൻ മുഖമടച്ചു ഒന്ന്‌ കൊടുത്തു.

“ഞങ്ങളിവിടെകിടന്നു നിന്നെ രക്ഷപ്പെടുത്താൻ  ഇവന്മാരുമായി ഗുസ്തി നടത്തുമ്പോൾ നീ രക്ഷപെട്ടു അങ്ങനെ സുഖിക്കേണ്ട കേട്ടോടാ പുന്നാര മോനെ “

റൗഡി ബിജുവിന്റെ വായിൽ നിന്നും ഒരു പല്ല് അടർന്നു തറയിൽ വീണു.അവന്റെ മുഖമടച്ചു ഒന്നുകൂടി കൊടുത്തു , മറിഞ്ഞു കിടന്ന സോഫയുടെ അടുത്തുള്ള കസേരയിൽ ഇരുത്തി.

“ഞങ്ങള് ഇവിടെ വന്നത് നിന്നെ തിരക്കിയ. നിനക്കും നിന്റെ മുതലാളിക്കും മാത്രമേ ബുദ്ധിയുള്ളു എന്ന് കരുതിയതാണ് നിങ്ങൾക്ക് പറ്റിയ തെറ്റ്. കുന്തം പോയാൽ കുടത്തിലും തപ്പണം എന്നല്ലേ പ്രമാണം. നിന്നെ ഒളിപ്പിച്ചു വയ്ക്കാൻ ഇതിലും നല്ലൊരു താവളം വേറെയില്ലെന്നു മനസിലാക്കാൻ ഒരുപാട് ബുദ്ധിയുടെ ആവശ്യമില്ല. പുറത്ത് ഞങ്ങൾ വന്നത് അകത്തുള്ള നീ അറിഞ്ഞെന്നും, രെക്ഷപെടാൻ ഇവന്മാരെ വിളിച്ചു വരുത്തിയതാണെന്നും എനിക്ക് മനസ്സിലായി. പക്ഷെ അവിടെ നിനക്ക് തെറ്റി. ഇവന്മാരെ വരദൻ, നിന്റെയൊക്കെ മറ്റവടത്തെ  മുതലാളി,പറഞ്ഞു വിട്ടത് നിന്നെ തട്ടികളയാൻ വേണ്ടിയിട്ട. ഇപ്പൊ ഞങ്ങളൊന്നു സമ്മതിച്ചാൽ അടികൊണ്ടു നിലത്തു കിടന്നു ക്ഷ വരച്ചു മുക്രയിടുന്ന ഇവന്മാർ നിന്നെ തീർത്തു കളയും. അത്കൊണ്ട് ഇവന്മാരുടെ കൈകൊണ്ടു ചാകണോ, അതോ ചെയ്ത കുറ്റങ്ങൾ ഏറ്റു പറഞ്ഞു കീഴടങ്ങണോ എന്ന് നിനക്ക് തീരുമാനിക്കാം.”

ടോമിച്ചൻ ബിജുവിന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി.

“എന്നെ കൊല്ലരുത്… ഞാനെന്തു വേണമെങ്കിലും ചെയ്തോളാം “

ബിജു കൈകൂപ്പി.

“ശരി, നിന്റെ ഭാര്യയുടെ അനിയത്തിയെ കേറി പിടിക്കാൻ പറഞ്ഞാൽ നീ ചെയ്യുമോ? എടാ ചെയ്യുമൊന്നു, നിന്റെ അമ്മായിഅമ്മയെ  തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ പറഞ്ഞാൽ നീ ചെയ്യുമോ”

ആന്റണി ക്ഷുഭിതനായി ബിജുവിനെ പിടിച്ചു പൊക്കി ഭിത്തിയിൽ ചേർത്തു വച്ചു.

“അത്.. പിന്നെ….”

ബിജു ശ്വാസം കിട്ടാതെ തലയിട്ടടിച്ചു.

“വേണ്ടി വന്നാൽ നീ അതും ചെയ്യും അല്ലേടാ പന്ന പൊല &%@മോനെ… ഇതുപോലെ എത്ര പാവങ്ങൾ ജീവന് വേണ്ടി, മാനത്തിന് വേണ്ടി നിന്റെ മുൻപിൽ യാചിച്ചിട്ടുണ്ടെടാ കഴുവേർടാ മോനെ. അപ്പോ ഒക്കെ ലേശം ദയ അവരോടു തോന്നിയിട്ടുണ്ടോ.ഇല്ല. അപ്പോ ഞങ്ങൾക്ക് നിന്നോട് അത് തോന്നേണ്ട കാര്യമില്ല “

മുട്ടുകാൽ മടക്കി ആന്റണി ബിജുവിന്റെ ജനനേദ്രിയം നോക്കി ഒരിടി!!!

ബിജുവിൽ നിന്നും വലിയ വായിലൊരു നിലവിളി പുറത്തേക്കു തെറിച്ചു.

“പറയെടാ പുല്ലേ എന്താണ് അന്നവിടെ സംഭവിച്ചത്. വള്ളി പുള്ളി തെറ്റാതെ പറഞ്ഞോണം. ഇല്ലെങ്കിൽ പരലോകത്തും കൊണ്ടുപോയി മലയാളി നെഞ്ചത്ത് വച്ച് പരത്തിയ വറുത്ത  പരിപ്പുവട തീറ്റിക്കും ഞാൻ “

ആന്റണി ബിജുവിന്റെ ദേഹത്തെ പിടിവിട്ടു അടുത്തുകിടന്ന സോഫയിൽ ഇരുന്നു.

ടോമിച്ചൻ കയ്യിലിരുന്ന മൊബൈലിലെ വീഡിയോ റെക്കോർഡർ ഓണാക്കി ആൻഡ്രൂസിന്റെ കയ്യിൽ കൊടുത്തു.

“അവൻ പറയുന്നത് അണുവിടെ തെറ്റാതെ പകർത്തിക്കോ. കേസിൽ നിന്നും നിനക്കൂരാനുള്ള തെളിവാ”

പറഞ്ഞിട്ട് ടോമിച്ചൻ ബിജുവിന് നേരെ തിരിഞ്ഞു.

ഇടികൊണ്ട് മുറിയിൽ കിടന്നവർ പതിയെ തലപൊക്കി നോക്കുവാൻ ശ്രെമിച്ചു കൊണ്ടിരുന്നു.

ആൻഡ്രൂസ് ഒരു കസേരപൊക്കി എടുക്കുന്നത് കണ്ടു അവർ തല താഴ്ത്തി അനങ്ങാതെ കിടന്നു.

“അപ്പോ ബിജുവേ പറഞ്ഞോ നടന്ന കാര്യങ്ങൾ “

ആൻഡ്രൂസിനെ നോക്കിയിട്ട് ടോമിച്ചൻ ബിജുവിന് നിർദേശം നൽകി.

“ഗോഡൗണിൽ വച്ച് നടന്ന അടിപിടിയിൽ ആൻഡ്രൂസ് ജെയ്സനെയും എന്റെ കൂടെ ഉണ്ടായിരുന്നവരെയും  അടിച്ച് വീഴിച്ചു. അതേ സമയം  വരദൻ മുതലാളിയോട് ഫോണിൽ സംസാരിക്കാൻ ഞാൻ ഗോഡൗണിന്റെ പുറത്തേക്കു പോയി. അവിടെ വച്ച് ആൻഡ്രൂസുമായി ഏറ്റുമുട്ടി. നിലത്തു വീണുപോയ എന്റെ മൊബൈൽ ഫോണും എടുത്തു കൊണ്ട് ആൻഡ്രൂസ് പോയി. വരദൻ മുതലാളി ഫോണിൽ വിളിച്ചു ജെയ്‌സൺ തീർത്തു കളയാനാണ് പറഞ്ഞത്. ജെയ്‌സൺ മരിച്ചാൽ ജെയ്സന്റെ ഭാര്യയെ സ്വന്തമാക്കാം എന്നായിരുന്നു വരദൻ മുതലാളിയുടെ കണക്കു കൂട്ടൽ. ഗോഡൗണിന്റെ ഉള്ളിലേക്ക് ചെന്ന ഞാൻ ജെയ്സൺ അറിയാതെ മറ്റുള്ളവരെ കാര്യം ധരിപ്പിച്ചു. അവശനായി ഇരിക്കുകയായിരുന്ന ജെയ്‌സന്റെ നെഞ്ചത്ത് രണ്ട് പ്രാവിശ്യം കുത്തിയത് ഞാനാണ്. മറ്റുള്ളവർ ചേർന്നു പിടിച്ചു വച്ചു. എന്നാൽ കുത്ത് കൊണ്ട ജെയ്‌സൺ മരണവെപ്രാളത്തിൽ ഞങ്ങളെ തട്ടി തെറിപ്പിച്ചു ഇറങ്ങി ഓടി. ഓടുന്നതിനിടയിൽ ഗോഡൗണിന്റെ ഷട്ടറും താഴ്ത്തി.പുറത്തിറങ്ങി അന്വേഷിച്ചു പോയ ഞങ്ങൾ റോസ്‌ലിനെയും കുഞ്ഞിനേയും താമസിച്ചിരിപ്പിക്കുന്ന വീടിന് മുൻപിൽ ജെയ്സൺ മരിച്ചു കിടക്കുന്നതാണ് കണ്ടത്.!!!!

വരദൻ മുതലാളി പറഞ്ഞപോലെ മൈക്കിൾ സാറിനെ വിളിച്ചു ആൻഡ്റൂസും റോസ്‌ലിനും കൂടി ജെയ്‌സനെ കുത്തി കൊന്ന് കടന്നു കളഞ്ഞു എന്ന് പറഞ്ഞു. അപ്പോഴേക്കും വരദൻ മുതലാളിയുടെ വിശ്വസ്ഥർ ആയ മൂന്നുനാലുപേർ എത്തി റോസ്‌ലിനെ പിടിച്ചു കൊണ്ട് പോയി. ഇതാണ് അവിടെ സംഭവിച്ചത് “

റൗഡി ബിജു പറഞ്ഞു നിർത്തി.

“കുറച്ചു വെ.. ള്ളം വേ. ണം “

അയാൾ ദയനീയമായി ചുറ്റും നിൽക്കുന്നവരെ നോക്കി.

“പട്ടി കഴു *&%@മോനെ നിനക്ക് വെറും വെള്ളമല്ല മോരും വെള്ളം തരാം. വല്ലവനെയും കുത്തിമലർത്തി വച്ചിട്ട് അതെടുത്തു എന്റെ നെഞ്ചത്ത് വയ്ക്കുന്നോടാ പുല്ലേ, കൂടെ അവിഹിതവും “

ഭിത്തിയിൽ ചാരിനിന്ന ബിജുവിനെ വലിച്ചു പൊക്കി എടുത്തു മുറിയുടെ മൂലയിലെക്കെറിഞ്ഞു ആൻഡ്രൂസ്. ഒരലർച്ചയോടെ ഭിത്തിയിൽ പോയിടിച്ചു ബിജു തറയിൽ വീണു പുളഞ്ഞു.

“അവനെ ഇനിയൊന്നും ചെയ്യണ്ട. അവൻ കുറ്റം സമ്മതിച്ച സ്ഥിതിക്കു ഇവനെയും റെക്കോർഡു ചെയ്ത വീഡിയോയും എസ് പി വിദ്യാസഗറിന് കൈമാറിയേക്കാം.”

വീണ്ടും ബിജുവിനെ തല്ലാൻ ചെന്ന ആൻഡ്രൂസിനെ ടോമിച്ചൻ തടഞ്ഞു.

********-**********************************

രാജാക്കാട് ടൗണിൽ ജീപ്പ് നിർത്തി ആൻഡ്രൂസ് ഇറങ്ങി. തൊട്ടടുത്തു കണ്ട കടയിൽ കയറി ഒരു സിഗററ്റ് മേടിച്ചു.

രണ്ട് ഓറഞ്ച് ജ്യൂസിന് പറഞ്ഞിട്ട് സിഗററ്റ് കത്തിച്ചു.

“എവിടുന്നാ… ഇവിടെയെങ്ങും കണ്ടു പരിചയം ഇല്ലല്ലോ “

കടയിൽ ഇരുന്ന പ്രായമായ ആൾ കണ്ണാടിയുടെ മുകളിലൂടെ ആൻഡ്രൂസിനെ നോക്കി.

“അങ്ങ് പൊന്മുടിയിൽ നിന്നാ.. ഇവിടെയൊരു വീട് വരെ വന്നതാ. ഇല്ലഞ്ഞിമറ്റം…”

ആൻഡ്രൂസ് പുകയൂതി വിട്ടു കൊണ്ട് പറഞ്ഞു.

“കുറച്ച് മുൻപ് മത്തച്ചൻ ഇവിടെ നിന്നും അങ്ങ് പോയതേയുള്ളു “

കടക്കാരൻ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഒരു പയ്യൻ രണ്ട് ഗ്ലാസിൽ ജൂസും ആയി വന്നു.

ആൻഡ്രൂസ് ജൂസും മേടിച്ചു ജീപ്പിന്റെ അടുത്തേക്ക് ചെന്നു.

ജീപ്പിൽ ഇരുന്ന റോസ്‌ലിനും ജിക്കുമൊന്നും കൊടുത്തു.

“ജ്യൂസ് കുടിച്ചോ, അവിടെ ചെല്ലുമ്പോൾ ശരിക്കും വെള്ളം കുടിക്കാനുള്ളതാ. മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ.. നോക്കാം “

ആൻഡ്രൂസ് റോസ്‌ലിനോട് പറഞ്ഞു കൊണ്ട് ജീപ്പിൽ ചാരി നിന്നു സിഗരറ്റ് ആഞ്ഞു വലിച്ചു.

റോസ്‌ലിനും ജിക്കുമോനും  ജൂസ് കുടിച്ചു തീർത്തപ്പോൾ ആ ഗ്ലാസുകളും വാങ്ങി ആൻഡ്രൂസ് കടയുടെ നേരെ നടന്നു.

ഗ്ലാസ്സുകൾ തിരികെ നൽകി ഒരു കൂട് സിഗററ്റും വാങ്ങി പൈസ കൊടുക്കുമ്പോൾ ആണ് തൊട്ടടുത്തു ബെഞ്ചിൽ ഇരുന്നു രണ്ടുപേരുടെ സംസാരം ആൻഡ്രൂസിന്റെ കാതിൽ വീണത്.

“എവിടുന്നോ, ആരുടെയോ കെട്യോളെയും കൊച്ചിനെയും അടിച്ചോണ്ടു വന്നതാണെന്ന് തോന്നുന്നു കണ്ടിട്ട്. എന്തായാലും സ്വൊന്തം കെട്യോൾ അല്ല “

പൈസ കൊടുത്ത ശേഷം ആൻഡ്രൂസ് പറഞ്ഞവന്റെ അടുത്തേക്ക് ചെന്നു ബെഞ്ചിന്റെ അറ്റത്തു പിടിച്ചു ഒരു പൊക്കു പൊക്കി. ബെഞ്ചിലിരുന്ന രണ്ടുപേരും മറിഞ്ഞു താഴെ വീണു.

“മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ അടിച്ച് നിന്റെയൊക്കെ കാരണം പുകച്ചു വിടും ഞാൻ. തെണ്ടി തരം പറയുന്നോടാ.”

ആൻഡ്രൂസ് ബെഞ്ചു എടുത്തു പൊക്കി.

കടക്കാരൻ ചാടിയിറങ്ങി വന്നു ആൻഡ്രൂസിനെ തടഞ്ഞു.

“വേണ്ട, ഒന്നും ചെയ്യണ്ട.. എന്നും ആരുടെയെങ്കിലും വായിൽ നിന്നും തെറി കേൾക്കാതെയോ, താടിക്ക് നല്ല തട്ട് കിട്ടാതെയോ ഇവന്മാർക്ക് ഉറക്കം വരത്തില്ല. ചീള് കേസാ. വിട്ടേക്ക് “

ആൻഡ്രൂസ് ബെഞ്ചു താഴെയിട്ടു താഴെനിന്നും എഴുനേറ്റു വരുന്നവന്മാരെ സൂക്ഷിച്ചൊന്നു നോക്കി.

പിന്നെ നടന്നു പോയി ജീപ്പിൽ കേറി ഓടിച്ചു പോയി.

ഒരുകിലോമീറ്റർ മുൻപോട്ടു പോയി തിരിഞ്ഞു മൺ വഴിയിലൂടെ ഓടി ജീപ്പ് ഒരു ഇരുനില മാളികയുടെ മുന്പിലെ ഗേറ്റിനു സമീപം നിന്നു.

റോസ്‌ലിൻ ജീപ്പിലിരുന്നു കൊണ്ട് വീടിന് നേരെ മിഴികൾ പായിച്ചു.

സീറ്റിൽ കിടന്നു ഉറങ്ങാൻ തുടങ്ങിയ ജിക്കുമോനെയും എടുത്തു കൊണ്ട് ജീപ്പിന്റെ പുറത്തിറങ്ങി.

“പോയിട്ട് വാ.പൂച്ചക്ക് പൊന്നുരുക്കുന്നിടത്തു എന്ത് കാര്യം എന്ന് ചോദിക്കുന്നപോലെ  നിങ്ങൾ അപ്പനും അമ്മയും മകളും സംസാരിക്കുന്നിടത്തു എനിക്കെന്തു കാര്യം. ഞാനിവിടെ നിന്നോളാം “

ആൻഡ്രൂസ് റോസ്‌ലിനോട് പറഞ്ഞു. അവളുടെ മിഴികളിൽ പരിഭ്രമം നിറഞ്ഞു നിന്നിരുന്നു.

ഗേറ്റ് മെല്ലെ തുറന്നു റോസ്‌ലിൻ കുഞ്ഞുമായി വീടിന്റെ മുറ്റത്തേക്ക് നടന്നു.

മുറ്റത്തു എത്തിയപ്പോൾ മുൻഭാഗത്തു ആരെയും കണ്ടില്ല.

ശങ്കിച്ചു നിൽക്കുമ്പോൾ ആണ് വീടിന്റെ തെക്കുഭാഗത്തു ഒരാൾ നിന്നു വിറക് കീറുന്നതു കണ്ടത് . താഴെ കിടന്ന വിറക് കീറിയ കഴിഞ്ഞ ശേഷം തിരിഞ്ഞു വന്ന  അയാൾ  മുറ്റത്തു നിൽക്കുന്ന റോസ്‌ലിനെയും കണ്ടിരുന്നു.

“ആരാ… എന്ത് വേണം “

പരുക്കൻ ശബ്ദത്തിൽ ചോദിച്ചു അയാൾ റോസ്‌ലിന്റെ   അടുത്തേക്ക് വന്നു. കുറച്ചടുത്തെത്തിയ അയാൾ പെട്ടന്ന് നിന്നു. മുഖത്തു രോക്ഷം ഇരച്ചു കയറി.

“നീയോ… ആരാടീ നിന്നോട് ഈ പടിക്കകത്തു കേറാൻ പറഞ്ഞത്. ഇലഞ്ഞിമറ്റം വീട് വഴിയേ വരുന്നവർക്കും പോകുന്നവർക്കും കേറി നിരങ്ങാനുള്ള സത്രം അല്ല.ഇറങ്ങടി എന്റെ വീടിന്റെ മുറ്റത്തു നിന്നും “

അയാൾ ക്രോധത്തോടെ അലറി.

“പപ്പാ… ഞാൻ…..”

റോസ്‌ലിൻ നിറഞ്ഞ മിഴികളോടെ അയാളെ നോക്കി.

“ഏതു പപ്പാ… ആരുടെ പപ്പാ…ഇലഞ്ഞിമറ്റത്തെ മത്തച്ചന് ഇങ്ങനെ ഒരു മകളും ഇല്ല, ബന്ധവും ഇല്ല. കണ്ടുപോകരുത് എന്റെ കണ്മുൻപിൽ. അവളുടെ ഒരു പപ്പാ. നിവൃത്തിയില്ലാതെ വന്നപ്പോൾ കണ്ട റൗഡിക്കും തെമ്മാടിക്കും ഉണ്ടായ കൊച്ചിനെയും കൊണ്ട് കേറി വന്നിരിക്കുന്നു. ഒരു നിമിഷം നിന്നെ ഇവിടെ കണ്ടു പോകരുത് “

മത്തച്ചൻ കലികൊണ്ട് വിറക്കുകയായിരുന്നു.

പുറത്തെ ഒച്ചകേട്ടു വീടിനുള്ളിൽ നിന്നും മധ്യവയസ്കയായ ഒരു സ്ത്രി ഇറങ്ങി വന്നു. മുറ്റത്തു നിൽക്കുന്ന റോസ്‌ലിനെ കണ്ടു അവർ പകച്ചു നിന്നു.

പിന്നെ അവരുടെ മിഴികൾ നിറഞ്ഞു, ചുണ്ടുകൾ വിറച്ചു,

“മോളെ റോസി….”

വിളിച്ചു കൊണ്ട് അവർ മുറ്റത്തേക്കിറങ്ങാൻ തുടങ്ങി

“എങ്ങോട്ടാടി ചിന്നമ്മേ ഇറങ്ങി ഓടുന്നത് . പഴയ ബന്ധം സ്ഥാപിക്കാൻ വീട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങിയാൽ നിന്നെ വെട്ടി കണ്ടിക്കും ഞാൻ. കേറി പോടീ അകത്ത്”

കോടാലി പൊക്കി മത്തച്ഛൻ വീടിന്റെ വരാന്തയിൽ നിന്നും റോസ്‌ലിന്റെ അടുത്തേക്ക് ചെല്ലാൻ ഭാവിച്ച സ്ത്രിക്ക്‌ നേരെ അലറി.

“അപ്പനും അമ്മയ്ക്കും പുല്ലുവില തന്നിട്ട് കണ്ട തെണ്ടിയുടെ കൂടെ പോയപ്പോൾ എവിടെ പോയി ഈ ബന്ധം. ങേ. ചോദിക്കെടി അവളോട്‌…കൈവളരുന്നോ കാലുവളരുന്നോ എന്ന് നോക്കി രാത്രി ഉറക്കമിളച്ചു ഇരുന്നു വളർത്തി കൊണ്ട് വരും. പ്രായപൂർത്തിയാൽ പിന്നെ ആരും ഒന്നും ചോദിക്കാൻ പാടില്ല. ഏതവനെങ്കിലും കണ്ണും കയ്യും കാണിച്ചാൽ പിന്നെ അവന്റെ കൂടെ അഴിഞ്ഞാടിക്കോളും. കാർന്നോമ്മാര് ചോദ്യം ചെയ്‌താൽ അത് ഇവളുമാരുടെ സ്വാതന്ത്രത്തിൽ കൈകടത്തൽ ആയി മാറും.ഒടുവിൽ പ്രേമിച്ചവന്റെ  നല്ല കരുതലും സ്നേഹവും കാരണം വയറു വീർത്തു വരുമ്പോഴേ വളർത്തി വലുതാക്കിയ തന്തക്കും തള്ളക്കും പണികിട്ടിയ കാര്യം മനസ്സിലാകത്തൊള്ളൂ.അപ്പോ പ്രസവിച്ചു വളർത്തി വലുതാക്കിയ തള്ളയും കഷ്ടപ്പെട്ട തന്തയും ആരായി. ശശി ആയി. അതാ ഇപ്പൊ നീ ഞങ്ങളോട് ചെയ്തത്. പച്ചക്കു പറഞ്ഞാൽ പ്രായം പൂർത്തിയായ പെണ്മക്കൾ താൽക്കാലിക കിഴപ്പ് തീർക്കാൻ ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങി പോകുമ്പോൾ പൊട്ടുന്നത് വളർത്തി വലുതാക്കിയവരുടെ ചങ്ക് ആണെന്ന്. പെണ്മക്കൾ കാർന്നോന്മാരുടെ നിയത്രണത്തിൽ നിൽക്കത്തില്ല,പിഴക്കും എന്നുറപ്പുണ്ടെങ്കിൽ അങ്ങ് തട്ടികളഞ്ഞേക്കണം.സമൂഹം എങ്കിലും നന്നാകും.”

കയ്യിലിരുന്ന കോടാലി നിലത്തു വച്ചിട്ട് മാത്തച്ചൻ ജ്യൂബയുടെ കൈകൾ തെറുത്തു കേറ്റി.

“എന്തോന്നാ മനുഷ്യ ആ പെങ്കൊച്ചിന്റെ മുൻപിൽ വച്ച് വിളിച്ചു കൂവുന്നത്. നിങ്ങക്ക് നാണമില്ലേ “

വരാന്തയിൽ നിന്ന ചിന്നമ്മ മത്തച്ചനെ നോക്കി.

“ഒരാളോട് ഇഷ്ടം തോന്നിയത് ആണോ പപ്പാ തെറ്റ്. മനുഷ്യനല്ലേ?ഞാനൊരു പെണ്ണല്ലേ “

റോസ്‌ലിൻ സങ്കടത്തോടെ മത്തച്ചനെ നോക്കി.

“എടി നിന്നോട് ഞാൻ പറഞ്ഞു, ഞാൻ നിന്റെ പപ്പയോ, കുപ്പയോ ഒന്നുമല്ലെന്നു”

റോസ്‌ലിന്റെ നേരെ കൈചൂണ്ടി പറഞ്ഞ ശേഷം ചിന്നമ്മക്ക് നേരെ തിരിഞ്ഞു.

“അപ്പോ നീയെന്താ പറഞ്ഞത്, എനിക്ക് നാണമില്ലെന്നോ, ഈ നിൽക്കുന്നവള് കാണിച്ചു കൂട്ടിയത് ഒക്കെ മഹത്തരമായ കാര്യങ്ങൾ ആയിരിക്കും. അല്യോടി. എടി പ്രേമമൊക്കെ എല്ലാവരുടെയും മനസ്സിൽ തോന്നും. എന്ന് വച്ച് ഓടിപ്പോയി കിടന്നുകൊടുക്കുകയല്ല വേണ്ടത്. ചക്കയായാലും മാങ്ങാ ആയാലും തുരന്നു നോക്കണം, അകത്ത് പുഴുവുണ്ടോ, കേടുണ്ടോ, ,ചുളയുണ്ടോ, കുരുവുണ്ടോ,അണ്ടിയുണ്ടോ  എന്നൊക്കെ. അല്ലാതെ തൂങ്ങികിടക്കുന്നതെല്ലാം അഴകൊത്തതാണെന്നു കരുതുകയല്ല വേണ്ടത് “

മത്തച്ചൻ പറഞ്ഞിട്ട് കൈ ചുരുട്ടി കലി തീർക്കാണെന്നോണം ഭിത്തിയിൽ ഇടിച്ചു.

“റോസിമോള് കുഞ്ഞിനേയും കൊണ്ട്  ആദ്യമായി ഇവിടെ വരെ വന്നതല്ലേ. എന്തെങ്കിലും കഴിച്ചിട്ട് പോയാൽ പോരെ. ആ കുഞ്ഞിന്റെ മുഖം ഞാനൊന്നു കാണട്ടെ “

അനുമതിക്കെന്നോണം ചിന്നമ്മ മത്തച്ചനെ നോക്കി.

“എടി ചിന്നമ്മേ, ഇലഞ്ഞിമറ്റം മത്തച്ചന് തന്ത ഒന്നേയുള്ളു. അതുപോലെ വാക്കും. ഇവളിപ്പോ ഗേറ്റ് കടന്നു പുറത്തേക്കു പോകും. നീ വീടിന്റെ അകത്തേക്ക് പോകാൻ നോക്ക് “

മാത്തച്ചൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞിട്ട്  ചോദ്യഭാവത്തിൽ റോസ്‌ലിനെ നോക്കി.

“മോളെ നീ ഇപ്പൊ പൊക്കോ.റോബിനും അവന്റെ കെട്യോളും ഇപ്പൊ വരും. നിന്നെ കണ്ടാൽ ഇവിടെ കിടന്നു ബഹളം ആകും. അവന് വെട്ടൊന്നു മുറിരണ്ടു സ്വഭാവം ആണ് “

ചിന്നമ്മ സങ്കടത്തോടെ റോസ്‌ലിനെ നോക്കി കൊണ്ട് പറഞ്ഞു.

“പോകുവാ അമ്മച്ചി… പപ്പയെയും അമ്മച്ചിയേയും ഒന്ന്‌ കാണണം എന്ന് തോന്നി. എന്റെ മോന് ഈ ഭൂമിയിൽ ആകെയുള്ള ബന്ധങ്ങളാണ് ഇത്. അവന്റെ അമ്മ ചെയ്ത തെറ്റിന് അവനും ശിക്ഷ അനുഭവിക്കുകയാണല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം ഉണ്ട്. എന്നാലും എനിക്കാരോടും പരിഭവമില്ല. ചെറുപ്പത്തിലേ വീണ്ടുവിചാരം ഇല്ലാതെയുള്ള എടുത്തു ചാട്ടത്തിന് കർത്താവ് തന്ന ശിക്ഷയാ ഇത്. ഞാൻ അനുഭവിച്ചു തീർത്തോളാം “

നിറഞ്ഞ കണ്ണുകൾ തുടക്കാതെ റോസ്‌ലിൻ ജിക്കുമോനുമായി തിരിഞ്ഞു നടക്കാൻ തുടങ്ങി.

“പിന്നെ ഒരു കാര്യം, ബന്ധം പറഞ്ഞു വീണ്ടും ഇങ്ങോട്ട് വന്നേക്കരുത്. ഒരിക്കൽ വേലിയേൽ ഇരുന്ന പാമ്പിനെ എടുത്തു വേണ്ടാത്തിടത്തു വച്ചതിന്റെ ഫലമാ ഈ കാണുന്നത്. അതും ഈ നിൽക്കുന്ന എന്റെ കെട്യോൾടെ നിർബന്ധം കാണണം. ഇപ്പൊ മനസ്സിലായി അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കത്തില്ലെന്ന്. അപ്പോ സമയം കളയണ്ട. സ്ഥലം കാലിയാക്കിക്കോ “

മാത്തച്ചനെ ഒന്ന്‌ നോക്കിയിട്ട് റോസ്‌ലിൻ ഗേറ്റിനു നേരെ നടന്നു. അത് നോക്കി നിന്ന ചിന്നമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉള്ളിൽ നിന്നും ഇരച്ചു കയറി വന്ന കരച്ചിൽ കടിച്ചമർത്തി അവർ വീടിനുള്ളിലേക്ക് നടന്നു.

ഗേറ്റ് തുറന്നു പുറത്തിറങ്ങിയ റോസ്‌ലിൻ ജീപ്പിന്റെ അടുത്തേക്ക് ചെന്നു.

“എന്തായി പോയ കാര്യം വല്ലതും നടന്നോ..”

.ആൻഡ്രൂസ് ചോദിച്ചു കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു.

റോസ്‌ലിൻ ഒന്നും മിണ്ടിയില്ല.

“ലക്ഷണം കണ്ടിട്ട് അപ്പനും അമ്മയും വയറു നിറച്ചു ഊട്ടി വിട്ട പോലുണ്ടല്ലോ. അപ്പോ ഇനി ഉച്ചക്ക് ഒന്നും കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. അല്ലെ”

ആൻഡ്രൂസ് സ്റ്റിയറിങ്ങ് വീലിൽ കൊട്ടികൊണ്ട്  ഗേറ്റിനു നേരെ നോക്കി .

റോസ്‌ലിൻ ജിക്കുമോനെ സീറ്റിൽ കിടത്തി കയറുവാൻ തുടങ്ങുമ്പോൾ ഒരു കാർ അവരുടെ മുൻപിൽ വന്നു നിന്നു. ജീപ്പിനരുകിൽ നിൽക്കുന്ന റോസ്‌ലിനെ നോക്കി കൊണ്ട് കാറിൽ നിന്നും ഒരാൾ പുറത്തിറങ്ങി.

                            (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (1 vote)
Exit mobile version