വായനക്കാരായ നിങ്ങളുടെ അഭിപ്രായം മാനിച്ചു, നിങ്ങൾ ആഗ്രഹിച്ച ക്ലൈമാക്സ് കൂടി ചേർക്കുന്നു
ക്ലൈമാക്സ്..2…..മലയോരം
ഒരു തണുപ്പുകാലം
“എഴുനേല്ക്ക്.. അമ്മച്ചി പള്ളിയിൽ പോകാനൊരുങ്ങി. എനിക്കും കൂടെ പോകണം. ഇന്ന കാപ്പി “
പുതപ്പിനടിയിൽ ചുരുണ്ടു കൂടി കിടക്കുന്ന ജോസുക്കുട്ടിയെ ഷൈനി മെല്ലെ കുലുക്കി വിളിച്ചു.
“നീ കാപ്പി അവിടെ വച്ചിട്ട് പൊക്കോ. ഞാൻ എഴുനേറ്റു കുടിച്ചോളാം “
ജോസുക്കുട്ടി ഒന്നുകൂടി പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി.
“ഇച്ചായ കളിയെറക്കാതെ എഴുനേറ്റു ചൂടുപോകുന്നതിനു മുൻപ് കുടിച്ചിട്ട് പോയി കുളിക്ക്.. ദേ കാപ്പി മേശപ്പുറത്തു വച്ചിരിക്കുകയാണെ… ഞാൻ പോകുവാ. രണ്ടാമത്തെ കുർബാന തുടങ്ങുന്നതിനു മുൻപ് ചെല്ലണം “
കയ്യിലിരുന്ന കാപ്പി കപ്പ് മേശപ്പുറത്തു വച്ചിട്ട് ഷൈനി വേഗം വരാന്തയിലേക്ക് ചെന്നു.
മോളികുട്ടി പോകാനായി ഒരു കുടയും പിടിച്ചു മുറ്റത്തു നിൽക്കുകയാണ്.
“പോകാമമ്മച്ചി.. ഇച്ചായൻ ഇപ്പോൾ എഴുനേൽക്കുന്ന ലക്ഷണം ഇല്ല. നമുക്ക് പോകാം “
ഷൈനി ഇറങ്ങി മോളികുട്ടിയുടെ അടുത്തേക്ക് ചെന്നു.
“ദേ ഞങ്ങള് പോകുവാന്നേ.. കാപ്പി വേണമെങ്കിൽ അടുപ്പിൽ വച്ചിട്ടുണ്ട്. “
പുറത്തു പല്ലുതേച്ചുകൊണ്ടിരുന്ന വറീതിനോട് വിളിച്ചു പറഞ്ഞിട്ട് മോളികുട്ടി നടന്നു. പുറകെ ഷൈനിയും.
ഷൈനിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസം കഴിഞ്ഞു. ആൻഡ്രൂസിന്റെ മരണന്തര ചടങ്ങിൽ പങ്കെടുത്തു വന്നു ഒരു മാസം കഴിഞ്ഞപ്പോൾ ഷൈനി തന്നെ ജോസുകുട്ടിയുമായുള്ള കല്യാണത്തിന് സമ്മതിക്കുകയായിരുന്നു.ഷൈനിയുടെയും ജോസുകുട്ടിയുടെയും കല്യാണത്തിനൊപ്പം ഷേർലിയുടെയും കുര്യച്ചന്റെ മകൻ റോണിയുടെയും വിവാഹം നടത്തി.ടോമിച്ചനും കുടുംബവും കല്യാണത്തിൽ പങ്കെടുക്കുകയും അവർക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. നഷ്ടപ്പെടലിന്റെ കൊടും നിരാശയിൽ നിന്നും അതിജീവിക്കുവാൻ ഷൈനി പഠിച്ചു കഴിഞ്ഞിരുന്നു . ജോസുക്കുട്ടി മിന്നുചാർത്തിയ നിമിഷം മുതൽ അയാളെ സ്നേഹിക്കുന്ന നല്ലൊരു ഭാര്യയായും , ആ കുടുംബത്തിലെ നല്ലൊരു മരുമകൾ ആയും അവൾ മാറിക്കഴിഞ്ഞിരിക്കുന്നു. ഫാദർ വർഗീസ് പന്തകുഴിയുടെ ധ്യാനക്ലാസ്സുകളും, കൗൺസിലിംങും ഷൈനിയെ മറ്റൊരു ജീവിതത്തിലേക്ക് എത്തിക്കുവാൻ ഏറെ സഹായകമായി.
മോളികുട്ടിയും ഷൈനിയും പള്ളിയുടെ നടക്കല്ലുകൾ കേറുമ്പോൾ കുർബാന തുടങ്ങിയിരുന്നു.
അൾതാരക്ക് മുൻപിൽ മുട്ടുകുത്തി കുർബാനയിൽ പങ്കെടുത്തു. അവസാനം അച്ചന്റെ പ്രെസംഗവും കേട്ടു തിരിച്ചിറങ്ങുമ്പോൾ ഷേർലിയും റോണിയും നിൽക്കുന്നത് കണ്ടത്.
ജോസുക്കുട്ടി റോണിയുടെ അടുത്തേക്ക് ചെന്നു സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ ഷേർലിയും ഷൈനിയും പോയി എണ്ണ ഒഴിക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്തു.
“ഷൈനി നിനക്കവിടെ സുഖമാണല്ലോ അല്ലെ? ജോസുകുട്ടിച്ചായൻ എങ്ങനെയാ ഏതു സമയത്തും സ്നേഹപ്രകടങ്ങൾ ആണോ നിന്നോട് “??
ഷേർലി ചിരിച്ചു കൊണ്ട് ഷൈനിയെ നോക്കി.
“പോടീ അവിടുന്ന്… ഭാര്യമാരോട് സ്നേഹമുള്ള ഭർത്താക്കന്മാർ എങ്ങനെയാണോ? എന്റെ കെട്യോനും അങ്ങനെ തന്നെ “
തെല്ലു നാണത്തോടെ ഷൈനി പറഞ്ഞു.
“എനിക്ക് സന്തോഷം ആയെടി ഷൈനി. നിന്നെ ഇങ്ങനെ സന്തോഷിച്ചു കാണുമ്പോൾ….ആ വീട്ടുകാരെല്ലാം നല്ല സ്നേഹം ഉള്ളവരാ. അവരുടെ കൂടെ അവരിലൊരുവളായി നിന്നോണം.”
ഷേർലി പറഞ്ഞു കൊണ്ട് ഷൈനിയുടെ കയ്യും പിടിച്ചു ജോസു കുട്ടിയുടെയും റോണിയുടെയും അടുത്തേക്ക് നടന്നു.
റോണിയും ഷേർലിയും പോയതിനു ശേഷം ഷൈനി ജോസ്കുട്ടിയുമായി വീട്ടിലേക്കു നടന്നു. ടൗണിൽ എത്തിയപ്പോൾ എതിരെ സ്കൂട്ടറിൽ വരുന്ന നസിയയെ കണ്ടു ഷൈനി നിന്നു. നസിയ ഷൈനിയുടെ അടുത്ത് സ്കൂട്ടർ നിർത്തി.
“നിങ്ങൾ സംസാരിക്ക്. ഞാൻ പോയി കട തുറക്കട്ടെ. ആളുകൾ വരാറായി “
പറഞ്ഞിട്ടു ജോസുക്കുട്ടി പറഞ്ഞിട്ട് കടയുടെ നേർക്കു നടന്നു.ജോസുക്കുട്ടിക്ക് പൊന്മുടി ടൗണിൽ ഒരു പലചരക്കു കടയുണ്ട്.
“നസിയ, എവിടെ പോകുവാ “
ഷൈനി ചോദിച്ചു കൊണ്ട് നസിയയുടെ കയ്യിൽ പിടിച്ചു.
“വെറുതെ.. വീട്ടിൽ ഇരുന്നപ്പോൾ ഇറങ്ങിയതാ പ്രാർത്ഥിക്കാൻ. അതിനല്ലേ എന്നെ കൊണ്ട് പറ്റൂ “
നസിയയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഷൈനിക്ക് വിഷമം തോന്നി.
“നീ ഇങ്ങനെ അതും ഓർത്ത് എത്രനാൾ കഴിയും. മരിച്ചവർ തിരിച്ചു വരുമോ? ഞാനും ഒരുപാടു സ്നേഹിച്ചിരുന്നു ആൻഡ്രൂസിനെ. പക്ഷെ നിന്റെ സ്നേഹം കണ്ടപ്പോൾ എനിക്ക് മനസ്സിലായി എന്നെക്കാളും ചേരുന്നത് നിനക്കാണെന്നു. നീ വച്ചു നീട്ടിയ സ്നേഹത്തിനു മുൻപിൽ ഞാൻ ഒന്നുമല്ലായിരുന്നു എന്ന്. അതിനെ ഉൾകൊള്ളാൻ കഴിഞ്ഞത് കൊണ്ടാ ഞാനിപ്പോൾ മറ്റൊരാളുടെ ഭാര്യയായി ജീവിക്കുന്നത്. ജോസുകുട്ടിയും കുടുംബവും നല്ല സ്നേഹം ഉള്ളവരാ. ഇപ്പൊ എന്റെ ലോകത്തു ഞാനവരെ ചേർത്തു പിടിച്ചു പോകുന്നു. നീയും അതുപോലെ മാറണം നസിയ. ജീവിതം ഒന്നേയുള്ളു. അതിങ്ങനെ എരിച്ചു തീർക്കരുത് “
ഷൈനി നസിയയുടെ കവിളിൽ തഴുകി.
“എനിക്കിപ്പോഴും ആൻഡ്രൂസ് മരിച്ചെന്നു വിശ്വസിക്കാൻ പറ്റുന്നില്ല ഷൈനി. പെറ്റമ്മയുടെ സ്നേഹവും, ആരോടും പറയാതെ മനസ്സിലൊള്പ്പിച്ചു വച്ച പ്രണയവും അദേഹത്തിന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നമ്പോൾ ഒരു മരണത്തിനും ആ ജീവൻ തട്ടിപ്പറിച്ചുകൊണ്ട് ഓടാൻ കഴിയതില്ല. കൂടെ എന്റെ പ്രാർത്ഥനയും ത്യാഗവും. ഇതെല്ലാം കണ്ടു നിശബ്ദതനായി എവിടെയോ മറഞ്ഞിരുന്നു ശ്രെദ്ധിക്കുന്നുണ്ട്. ഓരോ നിമിഷത്തിലും ജീവിച്ചിരിപ്പുണ്ട് എന്ന ചിന്ത എന്നിൽ ശക്തിയാർജ്ജിക്കുവാ…വരും “
നസിയ പറയുന്നത് കേട്ടു ഷൈനി സംശയത്തോടെ അവളെ നോക്കി.
“നീ എന്തൊക്കെയാ നസിയ ഈ പറയുന്നത്. മരിച്ചുപോയവർ എങ്ങനെ തിരിച്ചു വരാനാ. നിനക്കെന്താ അത് മനസ്സിലാകാത്തത്. നീ എന്തുകൊണ്ട ആൻഡ്രൂസ് തിരിച്ചു വരും എന്ന് വിശ്വസിക്കുന്നത്. ങേ. നിനക്ക് എന്തെങ്കിലും സംഭവിച്ചോ “?
ഷൈനിയുടെ ചോദ്യം കേട്ടു നസിയ ചിരിച്ചു.
“പേടിക്കണ്ട.എന്റെ സമനില തെറ്റിയിട്ടൊന്നുമില്ല . എന്റെ സ്നേഹം സത്യമുള്ളതുകൊണ്ട്, അത്രയധികം ആഴത്തിൽ കിടക്കുന്നത് കൊണ്ട്, ആൻഡ്രൂസ് ജീവിച്ചിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു “
നസിയ പറഞ്ഞപ്പോൾ ആ കണ്ണുകളിൽ രണ്ടു കണ്ണുനീർമുത്തുകൾ തിളങ്ങുന്നത് ഷൈനി കണ്ടു.
“ഞാൻ പോകുവാ ഷൈനി, വീട്ടിലന്വേഷിക്കും. അവർക്കും പേടിയാ ഞാനെന്തെങ്കിലും കടും കൈ ചെയ്യുമെന്ന്… പോട്ടെ “
യാത്രപറഞ്ഞു സ്കൂട്ടർ സ്റ്റാർട്ടാക്കി മുൻപോട്ടു പോകുന്ന നസിയയെ നോക്കി ഷൈനി നിന്നു.
*****************†*************************
“ടോമിച്ചാ.. സെലിനമ്മക്ക് നല്ല മാറ്റമുണ്ട്. ഈ രീതിയിൽ ട്രീറ്റ് മെന്റ് മുൻപോട്ടു കൊണ്ടുപോകുകയാണെങ്കിൽ ആറുമാസത്തിനുള്ളിൽ പൂർണ്ണമായും തിരിച്ചു വരാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.”
ബ്ലഡ് റിസൾട്ടും എക്സറെയും, സ്കാനിങ് റിപ്പോർട്ടും പരിശോധിച്ചശേഷം സൈക്യാട്രിസ്‌റ് ഡോക്ടർ സാമൂവൽ ടോമിച്ചനോട് പറഞ്ഞു.
അതുകേട്ടു റോസ്‌ലിന്റെ മുഖത്തു സന്തോഷം തിരതല്ലി.
“അപ്പൊ ഡോക്ടർ, അമ്മച്ചിക്ക് ഭേദമായി ഞങ്ങളെ തിരിച്ചറിയും അല്ലെ”
റോസ്‌ലിൻ ആകാംഷയോടെ ചോദിച്ചു.
“വൈ നോട്ട്? ഇറ്റ് ഈസ് പോസ്സിബിൾ. ഷി വിൽ റിക്കവറി ഫ്രം ഹേർ മെന്റൽ ഡിസോർഡർ വിത്ത് ഇൻ സിക്സ് മന്ത്. ബിലീവ് “
ഡോക്ടറിന്റെ മുഖത്തെ ആത്മവിശ്വാസം അത് ശരിയാണെന്നു ബോധ്യപെടുത്തുന്നതായിരുന്നു.
ടോമിച്ചന്റെയും മുഖത്തു പ്രതീക്ഷയുടെ കിരണങ്ങൾ തെളിഞ്ഞു.
തിരിച്ചു പോകും വഴി പോലിസ് സ്റ്റേഷന് മുൻപിൽ വണ്ടി നിർത്തി.
“ഞാൻ വിദ്യാസാഗർ സാറിനെ ഒന്ന് കണ്ടിട്ട് വരാം.നിങ്ങൾ വണ്ടിയിൽ ഇരുന്നോ “
പറഞ്ഞിട്ട് ടോമിച്ചൻ സ്റ്റേഷനിലേക്ക് നടന്നു.
പുറത്തേക്കു എസ് പി വിദ്യാസാഗർ ഇറങ്ങി വരുമ്പോൾ ആണ് ടോമിച്ചൻ കയറി വന്നത്.
“എന്താ ടോമിച്ചാ.. ഈ വഴിയിൽ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ “?
വിദ്യാസാഗർ ചോദ്യഭാവത്തിൽ ടോമിച്ചനെ നോക്കി.
“ഇല്ല ഇതുവഴി പോയപ്പോൾ സാറിനെ ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി “
ടോമിച്ചൻ പറഞ്ഞു.
“വാ അകത്തേക്ക്.. ഞാനൊന്നു പുറത്തേക്കു പോകാനിറങ്ങിയതാ. അപ്പോഴാ ടോമിച്ചൻ വന്നത്.”
പറഞ്ഞിട്ടു വിദ്യാസാഗർ മേശയുടെ മറുസൈഡിൽ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു. ഇപ്പുറത്തു ടോമിച്ചനും.
“ങ്ങാ ടോമിച്ചാ.. ഗുണ്ട ബിജു കുറ്റങ്ങൾ സമ്മതിച്ചു. ജെയ്‌സണെ മൂന്ന് പ്രാവിശ്യം കുത്തിയതും അവനാണെന്നു സമ്മതിച്ചു.ഭരതന്റെ പേരിൽ കൊലപാതകം, പ്രേരണ കുറ്റം ഉൾപ്പെടെ ഒരു പത്തു കൊല്ലത്തിനുള്ളിൽ പുറത്തിറങ്ങാൻ പറ്റാത്ത രീതിയിലാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്.”
വിദ്യാസാഗർ പറഞ്ഞതു കേട്ടുകൊണ്ടിരുന്നു ടോമിച്ചൻ.
“പിന്നെ ടോമിച്ചാ, ആൻഡ്രൂസിന്റെ കാര്യം. അവനൊരു നല്ലവനായിരുന്നു. അതുകൊണ്ട് ആകാം ദൈവത്തിനു ഇങ്ങനെയൊക്കെ തോന്നിയത്. വിധി. അല്ലാതെന്താ “
വിദ്യാസാഗർ ഒരു സിഗററ്റ് എടുത്തു കത്തിച്ചു, മറ്റൊന്ന് ടോമിച്ചന് നേരെ നീട്ടി. ടോമിച്ചൻ അത് സ്നേഹപൂർവ്വം നിരസിച്ചു.
“സാറെ പിന്നെ ഞാൻ പിടിച്ചു കൊടുത്ത ആ പെൺപിള്ളേരെ കടുത്തുന്ന അവന്മാരുടെ കാര്യം എന്തായി, നാളെ സമാധാനമായി ജീവിക്കുമ്പോൾ ആരെങ്കിലും പ്രശ്നം ഉണ്ടാക്കാൻ വരുമോ എന്നറിയാനാ “?
ടോമിച്ചൻ വിദ്യാസാഗരെ നോക്കി.
“സഫീറും അവന്റെ കൂട്ടുകാരും കുറ്റം ഏറ്റിട്ടിട്ടുണ്ട്. കൂടെ അവന്റെ ബാപ്പ ഹക്കിമും. അന്താരാഷ്ട്ര തലത്തിലേക്കു നീളുന്ന കാര്യമായതുകൊണ്ട് ജീവിതകാലം മുഴുവൻ ഇരുമ്പഴിക്കുള്ളിൽ കിടക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയിക്കേണ്ട. ഇവന്മാർക്കൊക്കെ ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ “?
ടോമിച്ചൻ മെല്ലെ എഴുനേറ്റു.
“ഇതൊന്നറിയാനാ കേറിയത്. ഇനിയെങ്കിലും സ്വസ്ഥതയോടെ കഴിയണം.സാറെ അപ്പൊ ഇറങ്ങുവാ. ജീപ്പിൽ അമ്മയും പെങ്ങളും ഇരിപ്പുണ്ട് “
വിദ്യാസഗാറിനോട് പറഞ്ഞു ടോമിച്ചൻ പുറത്തേക്കു നടന്നു.
***************†***-**********************
തന്റെ കയ്യിലിരുന്ന പനിനീർ പുഷ്പം ആൻഡ്രൂസിന്റെ കല്ലറയുടെ മുകളിൽ വച്ചു നസിയ ഒരു നിമിഷം നോക്കി നിന്നു.
പിന്നെ കല്ലറയിൽ കയ്യിലിരുന്ന മെഴുകുതിരികൾ കത്തിച്ചു വച്ചു കണ്ണടച്ചു നിന്നു. കണ്ണിൽ നിന്നും ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികൾ ആ കല്ലറയുടെ സ്ലാബിൽ വീണു ചിതറി.
ചുറ്റും മഞ്ഞു മൂടികിടക്കുന്നതിനാൽ മെഴുകുതിരിയുടെ നാളങ്ങൾ കല്ലറയെ പ്രകാശപൂരിതമാക്കി.
അതേ സമയം സെമിതേരിയുടെ പ്രധാന കവാടം കടന്നു ഒരു രൂപം ആ ഭാഗത്തേക്ക് നടന്നു വരുന്നത് നസിയ അറിഞ്ഞില്ല. കണ്ണുതുറന്നു, കല്ലറയിലേക്ക് നോക്കി നിന്ന അവളുടെ നോട്ടം ഒരുവേള പ്രധാന കാവടത്തിനു നേരെ തിരിഞ്ഞതും അവൾ കണ്ടു. ആരോ ഒരാൾ തന്റെ ഭാഗത്തേക്ക് നടന്നു വരുന്നു. മഞ്ഞിന്റെ നേർത്ത പടലം പ്രകൃതിയെ മൂടിയതിനാൽ നടന്നു വരുന്ന ആളെ അകലെനിന്നും തിരിച്ചറിയാൻ അവൾക്കു കഴിഞ്ഞില്ല. അടുത്തേക്ക് വരും തോറും നസിയക്കു ആ രൂപത്തിന് വ്യെക്തത കൈവരുന്നതായി തോന്നി.
കല്ലറകൾക്കിടയിലൂടെ മുൻപിലേക്കു വന്ന ആ രൂപത്തിന്റെ ചുണ്ടിൽ ഒരു ബീഡി എരിയുന്നുണ്ടായിരുന്നു. അടുത്തേക്ക് വന്ന ആ ആളിനെ തിരിച്ചറിഞ്ഞ നിമിഷം അവൾ ഞെട്ടി വിറച്ചു പോയി!!!
ഭയം ദേഹത്ത് തേരട്ട പോലെ ഇഴയുന്നത് പോലെ അവൾക്കു തോന്നി.
“ആൻഡ്രൂസ് “
അവളുടെ ചുണ്ടുകൾ വിറച്ചു. കണ്ണുകളിൽ ഇരുട്ടു കേറുന്നത് പോലെയും ദേഹം അടിമുടി തളരുന്നത് പോലെയും അവൾക്കു തോന്നി.
ബോധം കെട്ടു പുറകോട്ടു മറിഞ്ഞു വീഴാൻ പോയ നസിയയെ രണ്ടു കൈകൾ താങ്ങി പിടിച്ചു.
കണ്ണുകൾ തുറക്കുമ്പോൾ അവളൊരു ജീപ്പിൽ കിടക്കുകയായിരുന്നു. ചാടി എഴുന്നേറ്റ അവൾ ചുറ്റും നോക്കി.താനിതെവിടെയാണ്. സെമിതേരിയിൽ നിന്ന താനെങ്ങനെ ഇവിടെവന്നു. തന്റെ മുൻപിൽ വന്ന ആൾ… ആൻഡ്രൂസിനെ പോലൊരാൾ… എന്താണ് സംഭവിച്ചത്? അവൾ ദേഹത്ത് നുള്ളി നോക്കി. വേദനിക്കുന്നുണ്ട്. അപ്പോൾ സത്യമാണോ? പൊന്മുടി ആറിന്റെ തീരമാണ് അതെന്നു മനസ്സിലായി. പുറത്തേക്കിറങ്ങിയ അവൾ ചുറ്റും നോക്കുമ്പോൾ കണ്ടു ആറിന്റെ തീരതൊരാൾ പുറം തിരിഞ്ഞു നിൽക്കുന്നു,!!!
അവളെങ്ങോട്ട് നടന്നു.
“ആരാണ് നിങ്ങൾ “?
ചോദ്യം കേട്ടു പുറം തിരിഞ്ഞു നിന്നയാൾ നസിയക്കു അഭിമുഖമായി തിരിഞ്ഞു.
“ആൻഡ്രൂസ് “
നസിയയുടെ ചുണ്ടുകൾ വിറച്ചു.
“നീ ഇനിയും പേടിച്ചു ബോധം കെടേണ്ട. ഞാൻ ആൻഡ്രൂസ് തന്നെയാ. മരണത്തിൽ നിന്നും തലനാരിഴക്ക രക്ഷപെട്ടത്. കൊക്കയിൽ നിന്നും വലിഞ്ഞു കേറി മുകളിൽ വന്നപ്പോഴേക്കും എല്ലാവരും എന്റെ ശവമടക്കും പതിനാറടിയന്തരവും വരെ നടത്തി. പിന്നെ കുറച്ചു ചതവും മുറിവും ഒക്കെ ഉണ്ടായിരുന്നു. കമ്പത്തുള്ള എന്റെ പരിചയക്കാരന്റെ നഴ്സിംഗ് ഹോമിൽ ആയിരുന്നു ഒരു മാസം. പിന്നെ അതിലെ നടന്നു.ഇടക്ക് ഞാൻ ജീവനോടെ ഉണ്ടെന്ന് തൊമ്മിച്ചനെ എങ്കിലും അറിയിക്കണം എന്നുണ്ടായിരുന്നു. അതിന് വന്നപ്പോ ആണ് ഷൈനിയുടെ കല്യാണം ആണെന്ന് അറിഞ്ഞത്. അതുകൊണ്ട് പിന്നെ അങ്ങോട്ട് പോയില്ല. ചത്തവനായതു കൊണ്ട് രാത്രിയിൽ ആയിരുന്നു സഞ്ചാരം. കുട്ടിക്കാനത്തു പോയി രാത്രിയിൽ കുറച്ചു നേരം അമ്മച്ചിയുള്ള ആ വീട്ടിലേക്കു നോക്കി നിന്നു. പിന്നെ തിരിച്ചു കമ്പത്തിന് തന്നെ പോയി. പക്ഷെ ഇങ്ങനെ ജീവിക്കാൻ മനസ്സ് അനുവദിക്കുന്നില്ല “
ആൻഡ്രൂസ് പറഞ്ഞു നിർത്തിയപ്പോൾ നസിയ അമ്പരപ്പോടെയും അതിലേറെ സന്തോഷത്തോടെയും അവനെ നോക്കി.
“അപ്പൊ ആ കല്ലറയിൽ ഉള്ളതാരാ “?
നസിയ യുടെ ചോദ്യം കേട്ടു ആൻഡ്രൂസ് ഒന്ന് ചിരിച്ചു.
“നീയെന്നും പോയി തിരി കത്തിച്ചും പൂവ് വച്ചും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നത് അന്നവിടെ തല്ലാൻ വന്ന ഏതോ ഒരുത്തന്റെ ശവത്തോടാണ്. ഞാൻ മരിച്ചെന്നു അറിഞ്ഞപ്പോൾ ഷൈനിക്ക് മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ തോന്നി. നിനക്കെന്താ തോന്നാത്തത്. ങേ. മരിച്ചെന്നറിഞ്ഞിട്ടും എനിക്ക് വേണ്ടി എന്ത് ഉദേശത്തിലാ നീ നിന്റെ ജീവിതം ഒറ്റയ്ക്ക് ഇങ്ങനെ ഹോമിക്കാൻ നോക്കിയത്. നിനക്കും ഷൈനിയെ പോലെ ഒരു കൂട്ട് വേണ്ടായിരുന്നോ, നിനക്ക് തോന്നിയില്ലേ അങ്ങനെ ഒന്നും “?
ആൻഡ്രൂസ് നസിയയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. അവിടെ രണ്ടു നീർമുത്തുകൾ ഉരുണ്ടുകൂടി ഇരിക്കുന്നത് അവൻ കണ്ടു.
“ഇല്ല… വേറൊരാളെ ചിന്തിക്കാൻ പോലും എനിക്ക് പറ്റില്ല. അതുപോലെ നിങ്ങളെ ഇഷ്ടപെട്ടുപോയി. നിങ്ങളില്ലാതിരുന്ന ഇത്രയും നാൾ എന്റെ മുൻപിൽ ഒരു ശൂന്യത ആയിരുന്നു. ഇരുട്ടായിരുന്നു. ഒറ്റപെട്ടു, ആരുമില്ലാതെ എന്റെ മുറിയിലെ ഏകാന്തതയിൽ നിങ്ങളെയോർത്തിരുന്നു. അപ്പോഴും എന്റെ മനസ്സ് പറയുമായിരുന്നു, മരിച്ചിട്ടില്ല, തേടി വരുമെന്ന്.ഇപ്പൊ വന്നല്ലോ, എനിക്കതു മതി “
ആൻഡ്രൂസിനെ നോക്കി അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചപ്പോൾ കണ്ണിൽ നിന്നും നീർമണികൾ താഴേക്കുരുണ്ട് ചാടി.
ആൻഡ്രൂസ് അവളുടെ മുൻപിലേക്കു നീങ്ങി നിന്നു.
“ഇതെന്റെ പുനർജ്ജന്മം ആണ്. പഴയ ആൻഡ്റൂസിൽ നിന്നും പുതിയ ജന്മത്തിലേക്കുള്ള യാത്ര. എന്തിന് ഈ രണ്ടാം ജന്മം തന്നു എന്നതിന്റെ ഉത്തരം എനിക്കറിയാം. എന്റെ അമ്മയുടെ കൂടെ കഴിയാൻ. പിന്നെ സ്വൊന്തം ജീവനെക്കാളുപരി എന്നെ സ്നേഹിച്ച നിന്നെ തിരിച്ചറിയാൻ. നിന്റെ മനസ്സറിയാൻ. ഇനിയുള്ള കാലം എന്റെ കൂടെ നിന്നെ ചേർത്തു പിടിച്ചു , സ്നേഹിക്കാനും , ഇണങ്ങാനും പിണങ്ങാനും,പരിഭവിക്കാനും, ആശ്വാസിപ്പിക്കാനും, സംരെക്ഷിക്കാനും എല്ലാം കർത്താവ് എനിക്ക് തന്നതാണ് ഈ ജന്മം. ഒരു പക്ഷെ ഒരു രണ്ടാം ജന്മം വേണ്ടി വന്നു നിന്നെ മനസിലാക്കാൻ….”
ആൻഡ്രൂസ് കൈനീട്ടി അവളുടെ കണ്ണുകൾ തുടച്ചു. ഉള്ളിൽ പിടിച്ചു നിർത്തിയിരുന്ന നൊമ്പരം ഒരു പൊട്ടികരച്ചിലായി അവളിൽ നിന്നുമുയർന്നു. ആൻഡ്രൂസിന്റെ മാറിലേക്ക് വീണു അവൾ സർവ്വ ദുഃഖവും കണ്ണീരായി പെയ്തൊഴിക്കുമ്പോൾ ആൻഡ്രൂസിന്റെ കരങ്ങൾ അവളെ ചേർത്തമർത്തി പിടിച്ചു. ഇനി ഈ സ്നേഹം ഒരിക്കലും നഷ്ടപ്പെടരുത്, തനിക്കു മാത്രമായി വേണം എന്ന ദൃഢ നിശ്ചയത്തോടെ.
*******************************************
പുലർച്ചെ ഫോൺ ബെല്ലടിക്കുന്നത് കേട്ടു ടോമിച്ചൻ ചെന്നെടുത്തു. നസിയ ആണ്.
ഫോൺ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു.അപ്പുറത്ത് നിന്നും കേൾക്കുന്ന സംസാരത്തിനനുസരിച്ചു ടോമിച്ചന്റെ മുഖത്തെ ഭാവങ്ങൾ മാറിക്കൊണ്ടിരുന്നു. ഫോൺ ഡിസ്‌കണക്ട് ചെയ്തു തിരിയുമ്പോൾ മുന്നിൽ ജെസ്സി.
ടോമിച്ചന്റെ മുഖത്തെ ഭാവമാറ്റം കണ്ടു ജെസ്സി അമ്പരന്നു.
“എന്താ രാവിലെ തന്നെ പന്തം കണ്ട പേരുചാഴിയെ പോലെ നിൽക്കുന്നത് മനുഷ്യ.”
ടോമിച്ചൻ ജെസ്സിയെ കുറച്ച് നേരം നോക്കി നിന്നശേഷം പൊക്കിയെടുത്തു ഒന്ന് വട്ടം കറക്കി.
നിലത്തു നിർത്ത് മനുഷ്യ. ആരെങ്കിലും കണ്ടാൽ നാണക്കേട് ആകും. കാര്യമെന്താണെന്നു പറ “
ജെസ്സി അമ്പരന്നു ടോമിച്ചനെ നോക്കി.
“എടി.. നീ അത്ഭുതം എന്ന് കേട്ടിട്ടുണ്ടോ. അതിന്നു കാണാൻ പോകുവാ. കർത്താവ് ഒരത്ഭുതം പ്രവർത്തിച്ചിരിക്കുന്നു. നമ്മുടെ ശോശാമ്മച്ചിയുടെ പ്രാർത്ഥന കർത്താവ് കേട്ടടി. എല്ലാവരോടും ഒരുങ്ങാൻ പറ. നമ്മളൊരു യാത്ര പോകുവാ. പെട്ടെന്നൊരുങ്ങിക്കോ “
അത് പറയുമ്പോൾ ടോമിച്ചന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് ജെസ്സി കണ്ടു.
“എന്റെ പൊന്നു മനുഷ്യ, എന്നെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ. എന്നിട്ടാകാം ഒരുക്കവും യാത്രയും “
ജെസ്സി പരിഭവത്തോടെ നിന്നു.
“നീ ശോശാമ്മച്ചിയോട് പോയി പറ. അമ്മച്ചിയുടെ മകൻ ആൻഡ്രൂസ് ജീവനോടെ ഉണ്ടെന്ന്. നമ്മളിപ്പോൾ അവനെ കാണാൻ പോകുവാ. ഇങ്ങോട്ട് വരാൻ അവനൊരു ചമ്മൽ “
ടോമിച്ചൻ പറഞ്ഞത് കേട്ടു ജെസ്സി സ്തബ്ദയായി.
“നിങ്ങളെന്താ ഈ പറയുന്നത്. മരിച്ചുപോയ നമ്മുടെ ആൻഡ്രൂസ് ജീവിച്ചിരിപ്പുണ്ടെന്നോ. അപ്പോൾ നമ്മൾ ആചാരപൂർവം അടക്കിയത് ആരെയാ “
ജെസ്സി ചിന്തകുഴപ്പത്തിൽ ആയി.
“അത് ആരെങ്കിലും ആകട്ടെ. ഇടവകയിൽ ഉള്ളവരെ മാത്രമേ ഇവിടുത്തെ സെമിതേരിയിൽ അടക്കൂ എന്ന് പറഞ്ഞാ പള്ളിക്കും പട്ടക്കാർക്കിട്ടും ഒരു പണി കൊടുക്കാൻ പറ്റിയല്ലോ. അത്ര ആശ്വാസം. ആരായാലും അവന്റെ ആത്മാവിന് വേണ്ട കാര്യങ്ങൾ നമ്മൾ ചെയ്തു കൊടുത്തിട്ടില്ലേ. നീ അധികം ചിന്തിക്കാതെ അമ്മച്ചിയോടു പറഞ്ഞിട്ട് പോകാനൊരുങ്ങ് “
ജെസ്സി ശോശാമ്മയുടെ മുറിയിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞതും ശോശാമ്മയുടെ കരച്ചിൽ കേട്ടു. അവർ ഹാളിലേക്കിറങ്ങി ടോമിച്ചന്റെ അടുത്തേക്ക് വന്നു.
“എടാ ടോമിച്ചാ. ഇതു സത്യമാണോടാ. ആൻഡ്രൂ ജീവനോടെ ഉണ്ടോടാ.”
ടോമിച്ചനെ കെട്ടിപിടിച്ചു ശോശാമ്മ.
“അമ്മച്ചി പോയൊരുങ്ങു. നമുക്കവന്റെ അടുത്തേക്ക് പോകാം. പെട്ടെന്നാട്ടെ “
ടോമിച്ചൻ ശോശാമ്മയുടെ ശിരസ്സിൽ തഴുകി.
“ഞാൻ പെട്ടന്നൊരുങ്ങാമെടാ. അമ്മച്ചിക്ക് എത്രയും പെട്ടെന്ന് എന്റെ മോനെ കാണണം. അമ്മച്ചി പെട്ടെന്നൊരുങ്ങാം “
ശോശാമ്മ മുറിയിലേക്ക് നടന്നു.
രണ്ടുമണി കഴിഞ്ഞപ്പോൾ അവർ പൊന്മുടിയിൽ എത്തി.തൊമ്മിച്ചന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.
അവിടെയെത്തുമ്പോൾ തൊമ്മിച്ചനും കുര്യച്ചനും ഏലിയമ്മയും, കുഞ്ഞന്നമ്മയും ഷേർലിയും ഷൈനിയും അവരുടെ ഭർത്താക്കന്മാരായ ജോസ്ക്കുട്ടിയും റോണിയുമെല്ലാം ഉണ്ടായിരുന്നു.
വീട്ടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങി വന്ന ആൻഡ്രൂസിനെ കണ്ടു ശോശാമ്മ ഓടി പോയി കെട്ടി പിടിച്ചു.
“മോനെ ആൻഡ്രൂ…. വാക്കുകൾ കിട്ടാതെ അവർ അവന്റെ നെറ്റിയിലും കണ്ണുകളും കവിളിലുമെല്ലാം ഉമ്മ വച്ചു. ആൻഡ്രൂസ് ശോശമ്മയെ ചേർത്തു പിടിച്ചു.
“ഇതൊന്നു ആഘോഷിക്കുകണ്ടേ നമുക്ക്. ഒരു സദ്യതന്നെ ആക്കിയേക്കാം”
ജോസക്കുട്ടി പാചകത്തിനു വേണ്ടി തയ്യാറാക്കിയ സ്ഥലത്തേക്ക് ചെന്നു.
“എന്റെ ജോസുകുട്ടിചായൻ നല്ലൊരു പാചകക്കാരൻ കൂടിയ കേട്ടോ എല്ലാവരും “
ഷൈനി അഭിമാനത്തോടെ പറഞ്ഞു.
“എങ്കിൽ എന്റെ കെട്യോനും നന്നായി പായസം വയ്ക്കും. അല്ലെ റോണിച്ചായാ”
ഷേർലി ചോദിക്കുന്നത് കേട്ടു റോണി പരുങ്ങളോടെ ചുറ്റും നോക്കി.
“ഒരു ചമ്മന്തി പോലും അരക്കാൻ അറിയാത്ത എന്റെ മകനേ കളിയാക്കാതെടി ഷേർലി “
കുഞ്ഞാന്നമ്മ പറയുന്നത് കേട്ടു റോണി പതുക്കെ ജോസകുട്ടിയുടെ അടുത്തേക്ക് മുങ്ങി.
“ഇതാണ് അമ്മച്ചിയുടെ ആന്ധ്രുവിന്റ ഭാവി വധു. അമ്മച്ചിക്കിഷ്ടം ആയോ”?
ടോമിച്ചൻ ചോദിച്ചത് കേട്ടു ശോശാമ്മ ആൻഡ്രൂസിന്റെ ദേഹത്തെ പിടിവിട്ടു നസിയയെ നോക്കി.
പിന്നെ ആൻഡ്രൂസിന്റെ മുഖത്തേക്കും
ആൻഡ്രൂസ് തലയാട്ടി കൊണ്ട് ഒരു ചമ്മിയ ചിരിച്ചിരിച്ചു.
ശോശാമ്മ സംശയത്തോടെ നസിയയുടെ വസ്ത്രധാരണത്തിലേക്കു നോക്കി.
“അമ്മച്ചി മതം വേറെയാ. അതൊന്നും ആരെങ്കിലും നോക്കുമോ ഇപ്പൊ. രണ്ടു പേർക്ക് തമ്മിൽ ഇഷ്ടം തോന്നിയോ. പിന്നെ ജാതിയും നോക്കണ്ട, മതവും നോക്കണ്ട. അങ്ങ് ഒന്നിച് കഴിഞ്ഞോണം. ഇവിടെ സ്ത്രിയും പുരുഷനും. അതുമാത്രം നോക്കിയാൽ മതി “
ടോമിച്ചൻ ശോശാമ്മയുടെ സംശയം തീർത്തു കൊടുത്തു.
ശോശാമ്മ നസിയയുടെ കയ്യിൽ സ്നേഹപൂർവ്വം പിടിച്ചു കവിളിൽ തലോടി.
“അമ്മച്ചി.. സുന്ദരികുട്ടി അല്ലെ. അമ്മച്ചിയെ പോലെ… ആൻഡ്രൂന് നന്നായി ചേരും “
ജെസ്സി അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
തൊമ്മിച്ചനും കുര്യച്ചനും സദ്യ ഉണ്ടാക്കുന്ന ഭാഗത്തേക്ക് നീങ്ങി.
“ആൻഡ്റൂച്ചേ…. ജിക്കു മോന്റെ വിളികേട്ട് ആൻഡ്രൂസ് തിരിഞ്ഞു നോക്കി. റോസ്‌ലിന്റെ കയ്യിലിരുന്നു തന്നെ നോക്കി ചിരിക്കുന്ന അവന്റെ കണ്ണുകളിൽ സന്തോഷത്തിന്റെ രണ്ടു കുഞ്ഞ് നക്ഷത്രങ്ങൾ തെളിഞ്ഞു നിൽക്കുന്നത് പോലെ ആൻഡ്രൂസിനു അനുഭവപ്പെട്ടു. ഓടിയിറങ്ങി വന്ന ജിക്കുമോനെ ആൻഡ്രൂസ് വാരിയെടുത്തു നെഞ്ചോടു ചേർത്തു.
വരാന്തയിൽ കൊണ്ടിരുത്തിയ സെലിനമ്മയുടെ അടുത്തേക്ക് ടോമിച്ചൻ ചെന്നു.
“അമ്മച്ചിയെ ആറുമാസത്തിനുള്ളിൽ ഇതുപോലെ എല്ലാവരും ഓടിനടക്കുന്ന പോലെ ഈ ടോമിച്ചൻ നടത്തും.എന്നിട്ട് വേണം അമ്മച്ചിയോടു എനിക്കൊരു രഹസ്യം ചോദിക്കാൻ “
മിഴികളുയർത്തി സെലിനമ്മ ടോമിച്ചനെ നോക്കി. പിന്നെ നോട്ടം റോസ്‌ലിനിൽ തറഞ്ഞു നിന്നു.
ടോമിച്ചൻ സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു അവരുടെ കണ്ണുകൾ ഈറനണിയുന്നു… ചുണ്ടുകൾ വിറക്കുന്നു. എന്തോ പറയാൻ ആഗ്രഹിക്കുന്ന പോലെ. പക്ഷെ വാക്കുകൾ പുറത്തേക്കു വന്നില്ല.സെലിനമ്മയുടെ അടുത്തിരുന്നു ടോമിച്ചൻ അവരെ തന്റെ ദേഹത്തേക്ക് ചേർത്തു പിടിച്ചു. റോസ്‌ലിൻ സെലിനമ്മയുടെ മുഖം കയ്യിലിരുന്ന കർച്ചീഫ് കൊണ്ട് തുടച്ചു കൊടുത്തു…
പൊന്മുടിയെ തഴുകി ഒരു ഈറൻ കാറ്റ് മെല്ലെ മെല്ലെ വീശി കടന്നു പോയികൊണ്ടിരുന്നു…
( നിങ്ങൾ ആഗ്രഹിച്ച ക്ലൈമാക്സ് )
(അവസാനിച്ചു )
കൊലകൊമ്പൻ, കാവൽ, മലയോരം
ഈ സീരിസ് ഇവിടം കൊണ്ട് തീരുകയാണ്. ഇതിലെ കഥാപാത്രങ്ങളിൽ കുറച്ചു പേർ ഇടുക്കി, കോട്ടയം, ചെങ്ങനാശ്ശേരി ഭാഗങ്ങളിൽ ഞാൻ കണ്ടുമുട്ടിയവരുടെ സ്വഭാവസവിശേഷതകൾ ഉൾക്കൊണ്ടിട്ടുള്ളതാണ്.
സന്തോഷം നിറഞ്ഞ ജീവിതവുമായി അവർ പരസ്പരവിശ്വസത്തിന്റെയും സ്നേഹത്തിന്റെയും അവരുടേതായ ലോകം പടുത്തുയർത്തുമ്പോൾ നമ്മൾക്കും ആഗ്രഹിക്കാം, നേടിയെടുക്കാം ഒരു നന്മനിറഞ്ഞ ജീവിതം
Note
ആദ്യ ക്ലൈമാക്സ് ഇഷ്ടപ്പെട്ടില്ല എന്നുപറഞ്ഞുള്ള മെസ്സേജുകളും തെറികളും കൊണ്ട് എന്റെ ഇൻബോക്സ് ഫുൾ ആണിപ്പോൾ…ഇതിനെ ഒരു കഥയായി മാത്രം കാണൂ… സ്നേഹം കൊണ്ടാകാം തെറിയുടെ ഒരു ഒഴുക്ക് തന്നെ ഇന്നലെയെത്തി.അത് പൊട്ടിത്തെറിക്കുമോ എന്നറിയില്ല. അത്കൊണ്ടാണ് മറ്റൊരു ക്ലൈമക്സും കൂടി ചേർക്കുന്നത്. ചെറിയ തെറികൾ പറയൂ… ഒന്നുമില്ലെങ്കിലും നിങ്ങൾക്ക് വായിക്കുവാൻ ഒരു നോവൽ എഴുതി തന്ന ആളല്ലേ ഞാൻ
ഒരിക്കലും നല്ലൊരു എഴുത്തുകാരൻ ആകണം, അറിയപ്പെടണം, പുസ്തകങ്ങൾ അച്ചടിക്കണം എന്നൊന്നും ഇന്നേ വരെ തോന്നിയിട്ടില്ല.നാളെ തോന്നാം. തോന്നാതിരിക്കാം…
This is a simple story from ordinary writter
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission