മദർ അൽഫോൻസാ മുൻപ്പിലിരിക്കുന്ന ടോമിച്ചനെയും ആൻഡ്രൂസിനെയും നോക്കി.
“ഇതു കർത്താവിന്റെ അത്ഭുത പ്രവർത്തനം ആണ്. പലയിടതായി ചിതറികിടന്ന ബന്ധങ്ങൾ കൂടി ചേരുക. അതിലൂടെ തങ്ങളുടെ പെറ്റമ്മയെ തിരിച്ചറിയുക.കേൾക്കുമ്പോൾ തന്നെ എന്ത് സന്തോഷം തോന്നുന്നു എന്നറിയുമോ.നിങ്ങളുടെ കഥകൾ കേട്ടപ്പോൾ തന്നെ ഞാൻ കർത്താവിനോട് നന്ദി പറഞ്ഞു. കാരുണ്യവാനായ ദൈവം പരീക്ഷിക്കുമെങ്കിലും ആരെയും കൈവിടുകയില്ല.സത്യം എങ്ങനെ മറഞ്ഞിരുന്നാലും ഒരിക്കൽ പുറത്തുവരുക തന്നെ ചെയ്യും “
ടോമിച്ചന് കൊടുത്തു വിട്ട ഫയൽ അൽഫോൻസാ തിരികെ വാങ്ങി.
“ഇതിവിടെ സൂക്ഷിച്ചോളാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇവിടെ വന്നാൽ മതി “
പറഞ്ഞു കൊണ്ട് മേശയുടെ ഡ്രോ തുറന്നു ഫയൽ അതിനുള്ളിൽ വച്ചു.
“അപ്പൊ ഇനിയെന്താ മുന്പോട്ടുള്ള കാര്യങ്ങൾ “
മദർ അൽഫോൻസാ അവരെ ചോദ്യരൂപേണ നോക്കി.
“സെലിനമ്മയെയും റോസ്‌ലിനെയും കുഞ്ഞിനേയും വീട്ടിലേക്കു കൊണ്ട് പോകണം.അതിനുമുൻപ് വീട്ടിൽ പോയി സത്യാവസ്ഥകൾ ബോധിപ്പിക്കണം.”
ടോമിച്ചൻ പറഞ്ഞിട്ട് അടുത്തിരുന്ന ആൻഡ്രൂസിനെ നോക്കി. പിന്നെ കൈനീട്ടി ചേർത്തു പിടിച്ചു.
“എന്റെ ശോശാമ്മച്ചിയുടെ കയ്യിൽ ഇവനെ ഏൽപ്പിക്കണം. അമ്മച്ചി നൊന്തു പ്രെസവിച്ച മകൻ ഇതാണെന്നു പറയണം.”
ടോമിച്ചൻ പറഞ്ഞിട്ട് മദർ അൽഫോൻസക്ക് നേരെ തിരിഞ്ഞു.
“ടോമിച്ചാ.. കുറച്ചു പ്രോസീജ്യർ ഒക്കെയുണ്ട്. സെലിനമയെ ഇവിടെനിന്നും കൊണ്ടുപോകണമെങ്കിൽ. അതിന് ഒരാഴ്ച സമയം എടുക്കും. കുറച്ചു കൂടി നല്ല ട്രീറ്റ്മെന്റ് കൊടുത്താൽ സെലിനമ്മ പൂർണ്ണമായും സുഖപെടും. ഇവിടുത്തെ പരിമിതികൾ അറിയാമല്ലോ “
അൽഫോൻസ പറഞ്ഞുകൊണ്ട് മുഖത്തിരുന്ന കണ്ണെട എടുത്തു അതിന്റെ ചില്ല് തുടച്ചു.
“മതി മദർ.. അപ്പോഴേക്കും എല്ലാ കാര്യങ്ങളും ഞാൻ ശരിയാക്കും. എത്ര കഷ്ടപ്പെട്ടിട്ടായാലും എനിക്ക് അവരെ ചികിത്സിച്ചു ഭേദമാക്കണം.സ്വൊന്തം മക്കളെ തിരിച്ചറിഞ്ഞു ചേർത്തു പിടിക്കാൻ കഴിയണം. സ്നേഹിച്ചും, സന്തോഷം പങ്കുവച്ചും ശേഷകാലം കഴിയാൻ സാധിക്കണം. അതുമതി ഈ ടോമിച്ചന്. ഇപ്പൊ എനിക്ക് രണ്ടമ്മമാരല്ലേ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാൻ. ഈ ഭാഗ്യം ഈ ടോമിച്ചനല്ലാതെ ആർക്കാ കിട്ടിയിട്ടുള്ളത്.”
മനസ്സിനുള്ളിലെ ആരും കാണാതമർത്തി വച്ച നോവ് കണ്ണുകളിൽ പടരുന്നത് അയാളറിഞ്ഞു.
“റോസ്‌ലിനും കുഞ്ഞും അതുവരെ ഇവിടെ നിൽക്കട്ടെ മദർ. അവരെ ഒരുമിച്ചു കൊണ്ടുപോകാം “
ടോമിച്ചൻ പോകുവാൻ എഴുനേറ്റു, കൂടെ ആൻഡ്റൂസും.
“മതി… കർത്താവ് എപ്പോഴും കൂടെയുണ്ടാകും… ഞങ്ങളുടെ പ്രാർത്ഥനയും “
അൽഫോൻസയുടെ വാക്കുകൾ കേട്ടു നന്ദി സൂചകമായി കൈകൾ കൂപ്പി അവർ പുറത്തേക്കിറങ്ങി സെലിനമയെ താമസിപ്പിച്ചിരിക്കുന്ന മുറിയുടെ മുൻപിലേക്കു ചെന്നു.
സെലിനാമ്മ നല്ല ഉറക്കത്തിൽ ആയിരുന്നു.
“രാവിലെ കൊടുക്കുന്ന മരുന്നിന്റെ സെടേഷനിൽ ആണ്.”
അവിടേക്കു വന്ന ഒരു സിസ്റ്റർ അവരെ നോക്കി പറഞ്ഞു.
അഴികളിൽ പിടിച്ചു അകത്തേക്ക് നോക്കി ടോമിച്ചൻ നിന്നു.
പ്രെസവിച്ചു എങ്കിലും സ്വന്തം കുഞ്ഞിനെ,മുലയൂട്ടി, താലോലിച്ചു, ഒരമ്മയുടെ സ്നേഹം മുഴുവൻ കൊടുത്തു വളർത്താൻ വിധി അനുവദിക്കാത്ത ഒരമ്മ.മക്കളെ കണ്ടാൽ പോലും തിരിച്ചറിയുവാൻ സാധിക്കാത്ത ഒരവസ്ഥയിൽ, ഈ മുറിയിൽ… ഇതു തന്റെ അമ്മയാണ്.. ഇനി തനിക്കു സ്നേഹിക്കണം.ബാക്കിയുള്ള ജീവിതത്തിൽ എങ്കിലും സന്തോഷവും സ്നേഹവും നിറക്കണം…
ചുമലിൽ ഒരു കൈ വന്നു പതിച്ചപ്പോൾ ടോമിച്ചൻ ചിന്തയിൽ നിന്നുണർന്നു തിരിഞ്ഞു നോക്കി.
“എടാ… അമ്മ കിടന്നുറങ്ങട്ടെ… നീ ഇങ്ങനെ നോക്കി നിന്നു സങ്കടപെടണ്ട. എല്ലാം ശരിയാകും. നമ്മള് ശരിയാക്കുമെടാ “
ആൻഡ്രൂസ് പറഞ്ഞ് കൊണ്ട് ടോമിച്ചന്റെ കയ്യിൽ ബലമായി പിടിച്ചു. ഒരുറപ്പു കൊടുക്കുന്ന പോലെ.
*******************************************
പൊന്മുടി എത്തി ഒരു ഷാപ്പിന്റെ മുൻപിൽ ജീപ്പ് നിർത്തി ടോമിച്ചനും ആൻഡ്റൂസും ഇറങ്ങി.
“ആൻഡ്രൂ.. കുറച്ചു ദിവസമായല്ലോ ഇങ്ങോട്ടേക്കൊക്കെ കണ്ടിട്ട്. ഇവിടെയെങ്ങും ഇല്ലായിരുന്നോ “
കറിക്കാരൻ നാണു ലോഹ്യം ചോദിച്ചു.
“ങ്ങാ.. ഹിമാലയത്തിൽ സന്യസിക്കാൻ സ്ഥലം നോക്കാൻ പോയതാ. ചെന്നപ്പോ ഇവിടെയുള്ള രാഷ്ട്രീയനേതാക്കളെയും സിനിമക്കാരെയും കൊണ്ട് നിറഞ്ഞിരിക്കുവാ അവിടം. പീഡനവും, കൊല്ലും കൊള്ളയും കഴിഞ്ഞു ഒളിവിൽ സുഖവാസത്തിന് വേണ്ടി വന്നിരിക്കുവർ. ഇനി നാളെ കാശിക്കു പോകണം. അവിടെ ചെല്ലുമ്പോൾ അറിയാം സ്ഥലമുണ്ടോ എന്ന് “
ആൻഡ്രൂസ് പറഞ്ഞത് കേട്ടു ഷാപ്പിലുള്ളവർ ചിരിച്ചു.
ആൻഡ്റൂസും ടോമിച്ചനും ഷാപ്പിനുള്ളിലേക്ക് കയറി ഒരു ബെഞ്ചിൽ ഇരുന്നു.
“ആശാനേ.. രണ്ടുകുപ്പി മൂത്ത കള്ള് കൊണ്ടുവാ. പന മതി “
ആൻഡ്രൂസ് വിളിച്ചു പറഞ്ഞു.
“ഒരേ ബെഞ്ചിലിരുന്നു, ഇങ്ങനെ കുറച്ചു കള്ളടിച്ചിട്ടു എത്ര കലമായെടാ ടോമിച്ചാ നമ്മൾ.”
ടോമിച്ചന്റെ മുൻപിലിരുന്ന ഗ്ലാസ്സിലേക്ക് കള്ള് ഒഴിച്ച് കൊണ്ട് ആൻഡ്രൂസ് പറഞ്ഞു.
“അതേടാ. അന്നത്തെ കാലമായിരുന്നു കാലം.ങ്ങാ അതൊക്കെ പോയി.പോയ കാലമോ പ്രായമോ തിരിച്ചു കിട്ടുമോ. അപ്പൊ അതോർത്തു ദുഃഖിച്ചിട്ടും കാര്യമില്ല. എന്തായാലും നിനക്ക് എന്റെ ശോശാമ്മച്ചിയുടെ മകനാകാനുള്ള ഭാഗ്യം കിട്ടിയില്ലേ. അതാടാ ഇപ്പോ എന്റെ സന്തോഷം “
ടോമിച്ചൻ ഗ്ലാസ്സിലെ കള്ളെടുത്തു വായിലേക്ക് കമഴ്ത്തി.
“ഓരോ കുപ്പി കൂടി മേടിക്കട്ടെടാ ടോമിച്ചാ”
ആൻഡ്രൂസ് കാലിയായ കുപ്പിയിലേക്ക് നോക്കി ചോദിച്ചു.
“വേണ്ടടാ… വണ്ടി ഓടിക്കാനുള്ളതാ. വഴിയിൽ വല്ല ചെക്കിങ്ങും ഉണ്ടങ്കിൽ പൊല്ലാപ്പാകും. ഇതു മതി “
ടോമിച്ചൻ എഴുനേറ്റു. പുറത്തിറങ്ങി അവർ ജീപ്പിനു നേരെ നടന്നു.
“എടാ ആൻഡ്രൂ.. എനിക്ക് ആ വറീത് ചേട്ടന്റെ വീടുവരെ ഒന്ന് പോകണം.”
ടോമിച്ചൻ പറഞ്ഞിട്ട് ഒരു ബീഡി കത്തിച്ചു.
“എങ്കി നീ പോയിട്ട് വാ. അപ്പോഴേക്കും തൊമ്മിച്ചായനെ ഒന്ന് കണ്ടിട്ട് ഞാനിങ്ങു വരാം “
പറഞ്ഞിട്ട് ആൻഡ്രൂസ് മുൻപോട്ടു നടന്നു.
അതേ സമയം ടോമിച്ചനെയും ആൻഡ്രൂസിനെയും നിരീക്ഷിച്ചു കൊണ്ട് വഴിയരുകിൽ ബൈക്കിൽ ഇരുന്നിരുന്ന ആൾ മൊബൈൽ ഫോണിൽ ആരെയോ വിളിച്ചു സംസാരിച്ചു.
“നീ എവിടെപ്പോയി കിടക്കുകയായിരുന്നെടാ ആൻഡ്രൂ. നിന്നെ കുറച്ചു ഒരറിവും ഇല്ല. ഫോൺ വിളിച്ചാൽ കിട്ടുന്നുമില്ല.”
ആൻഡ്രൂസ് വീട്ടിലേക്കു കയറി വരുന്നത് കണ്ടു മുറ്റതിരിക്കുകയായിരുന്ന തൊമ്മിച്ചൻ ചോദിച്ചു.
“ടോമിച്ചന്റെ കൂടെ ആയിരുന്നു. അതുകൊണ്ടാ ഇങ്ങോട്ട് വരാൻ സാധിക്കാത്തത് “
ആൻഡ്രൂസ് തിണ്ണയിൽ ഇരുന്നു.
“ഞങ്ങളോർത്തു ഞങ്ങളെയൊക്കെ ഉപേക്ഷിച്ചു സ്ഥലം വിട്ടു എന്ന്.”
വീടിനുള്ളിൽ നിന്നും ഷൈനി വിളിച്ചു പറഞ്ഞു.
ആൻഡ്രൂസ് അതിന് മറുപടി പറഞ്ഞില്ല.
അപ്പോഴേക്കും ഏലിയാമ്മ അങ്ങോട്ടേക്ക് വന്നു.
“ആൻഡ്രൂ… നിന്നെ അന്വേഷിച്ചു മടുത്തു. കുടുംബത്തു ഒരു നല്ലകാര്യം നടക്കാൻ പോകുമ്പോൾ നിന്നെ കാണില്ല. എടാ ഷേർലിയുടെയും കുര്യച്ചന്റെ മോൻ റോണിയുടെയും മനസ്സമ്മതം അടുത്ത ഞായറാഴ്ച നടത്താൻ തീരുമാനിച്ചു. അതൊന്നു നിന്നെ അറിയിക്കാൻ നോക്കിയിട്ട് നടക്കണ്ടേ “
ഏലിയാമ്മ പറഞ്ഞു കൊണ്ട് ആൻഡ്രൂസിന്റെ അടുത്തിരുന്നു അടിമുടി ഒന്ന് നോക്കി.
“നീ അങ്ങ് ക്ഷീണിച്ചു പോയല്ലോ, ആഹാരം ഒന്നുമില്ലായിരുന്നോ “?
ഏലിയാമ്മ ചോദിച്ചിട്ട് ആൻഡ്രൂസിന്റെ മുടിയിഴകൾക്കിടയിലൂടെ സ്നേഹത്തോടെ വിരലോടിച്ചു.
“കുടിയും വലിയും അല്ലെ പ്രധാന പണി. പിന്നെ എങ്ങനെ മെലിയാതിരിക്കും “
പുറകിൽ വന്നു നിന്ന ഷൈനി ചോദിച്ചു.
ആൻഡ്രൂസ് തലതിരിച്ചു അവളെയൊന്നു നോക്കി.
“പോടീ അവിടുന്ന്.. ആണുങ്ങളായാൽ കുടിക്കും വലിക്കും. അതൊക്കെ കുറ്റമാണോ.”
ഏലിയാമ്മ പറഞ്ഞു കൊണ്ട് ഷൈനിയെ നോക്കി.
“കുറ്റമല്ല.. നല്ല പ്രായത്തിൽ വലിച്ചു കേറ്റി ചങ്കും കരളും വാട്ടി പ്രായമാകുമ്പോൾ പട്ടികൊരക്കുന്ന പോലെ കുരക്കുമ്പോൾ പഠിച്ചോളും. എനിക്കെന്താ “
ഷൈനി പരിഭവത്തോടെ നിന്നു.
“പട്ടി കുരക്കുന്നത് പോലെ കുരക്കുന്നത് നിന്റെ അപ്പൻ “
ആൻഡ്രൂസ് ഷൈനിയെ നോക്കി ദേഷ്യം ഭാവിച്ചു.
“ദേ തൊട്ടടുത്തിരിപ്പുണ്ട് എന്റെ അപ്പൻ. കുരക്കാൻ അറിയാമോ എന്ന് നേരിട്ടു ചോദിച്ചു നോക്ക് “
ഷൈനി ചിരിച്ചു കൊണ്ട് പറഞ്ഞു.
അപ്പോഴാണ് ആൻഡ്രൂസിനു പറ്റിയ അബദ്ധം മനസ്സിലായത്. അവൻ ഒളിക്കണ്ണിട്ടു തൊമ്മിച്ചനെ നോക്കി.
ഭക്ഷണം കഴിച്ചു കൈകഴുകാൻ പൈപ്പിൻ ചുവട്ടിലേക്കു ചെന്നു. കൈകഴുകി തിരിഞ്ഞപ്പോൾ മുൻപിൽ ഷൈനി!!!
അവൾ ആൻഡ്രൂസിനെ സൂക്ഷിച്ചു നോക്കി.
“എന്റെ കാര്യത്തിൽ എന്താ നിങ്ങടെ തീരുമാനം. ഞാനിവിടെ ജീവിക്കണോ അതോ കാലന്റെ കൂടെ യമലോകത്തേക്ക് പോണോ. അത് പറഞ്ഞിട്ട് പോ.ഞാൻ ജീവനുള്ള ഒരു പെണ്ണാ. പ്രായം കൂടുകയാ. കുറയുകയല്ല.”
ഷൈനിയുടെ ചോദ്യം കേട്ടു ആൻഡ്രൂസ് അവളെ ഒന്ന് പാളി നോക്കി.
“നിങ്ങക്കറിയാമോ. സ്നേഹം അറിയാതെ പോകുന്ന ജീവിതം നഷ്ടം മാത്രമാണ്. എന്നാൽ അതിലും നഷ്ടമാണ് സ്നേഹിക്കുന്നവരെ അറിയാതെ, മനസിലാകാതെ പോകുന്നത്.”
ഷൈനിയുടെ മുഖത്തു ദുഖത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടു കൂടി.
“നിന്നോട് ഒരു കാര്യം ചോദിക്കട്ടെ ഞാൻ. അതിന് കൃത്യമായി മറുപടി തരണം “
ആൻഡ്രൂസ് കൈ തുടക്കാൻ വേണ്ടി ചുറ്റും നോക്കി. ഷൈനി തന്റെ പാവാടയുടെ തുമ്പ് എടുത്തു നീട്ടി.
“ഇതിൽ തുടച്ചോ തത്കാലം “
ആൻഡ്രൂസ് ചുറ്റുമൊന്നു നോക്കി.
“പാവാട താഴ്ത്തി ഇടടി ആരെങ്കിലും കാണുന്നതിന് മുൻപ്. ഇതു ആരെങ്കിലും കണ്ടോണ്ടു വന്നിട്ട് വേണം നിന്റെ പാവാട പൊക്കി നോക്കിയെന്നും പറഞ്ഞ് എന്നെ തല്ലിയോടിക്കാൻ അല്ലെ.”
ആൻഡ്രൂസ് ഉടുത്തിരുന്ന മുണ്ടിൽ കൈ തുടച്ചു.
“പൊക്കി നോക്കിയാലും എനിക്ക് പരാതിയൊന്നും ഇല്ല. എന്താ ചോദിക്കാൻ വന്നത് അത് പറ.”
ഷൈനി പാവാട തുമ്പ് താഴ്ത്തിയിട്ടുകൊണ്ട് ആൻഡ്രൂസിനെ നോക്കി.
“നിനക്ക് രണ്ട് കണ്ണുണ്ട് ഇല്ലെ. ഒന്ന് ഇടത്തേതും മറ്റൊന്ന് വലത്തേതും. ഇതിൽ ഏതാണ് നിനക്ക് ഏറ്റവും ഇഷ്ടമുള്ള കണ്ണ് “
ആൻഡ്രൂസിന്റെ ചോദ്യം കേട്ടു ഷൈനി ഒന്നമ്പരന്നു.
“ഇടതു പക്ഷ കമ്മ്യൂണിസ്റ്റ് കാരനോട് ഇടതു കണ്ണ് വച്ചിട്ട് വലതു കണ്ണ് ആർക്കെങ്കിലും ദാനം ചെയ്യാൻ പറഞ്ഞാൽ അവർ കൊടുക്കുമോ? അതുപോലെ വലതു പക്ഷ കോണ്ഗ്രസുകാരനോട് വലതു കണ്ണ് വച്ചിട്ട് ഇടതു കണ്ണ് ആർക്കെങ്കിലും ദാനം ചെയ്യാൻ പറഞ്ഞാൽ കൊടുക്കുമോ? ഇല്ല. അപ്പൊ എല്ലാവർക്കും അവരുടെ രണ്ടുകണ്ണുകൾ ഒരേപോലെ ഇഷ്ടമാണ്, അവരുടെ ജീവിതത്തിൽ തുല്യ പ്രാധാന്യം ഉള്ളതാണ്.”
പറഞ്ഞിട്ടു ഷൈനി നെറ്റി ചുളിച്ചു ആൻഡ്രൂസിനെ നോക്കി.
“നിങ്ങക്ക് ഇങ്ങനെയൊന്നുമല്ലേ. നിങ്ങടെ ഏതെങ്കിലും കണ്ണുകളോട് പ്രേത്യേക ഇഷ്ടം ഉണ്ടോ “
അതുകേട്ടു ആൻഡ്രൂസ് ചുണ്ടിൽ ഒരു ചിരി വിടർന്നു.
“ഇല്ല.. നീ പറഞ്ഞില്ലേ എല്ലാവരുടെയും ജീവിതത്തിൽ രണ്ടുകണ്ണുകൾക്കും തുല്യ പ്രാധാന്യം ആണെന്ന്. അതുപോലെയ ഇപ്പോൾ എന്റെ അവസ്ഥ.മനസാക്ഷിയുടെ തുലാസിൽ തൂക്കി നോക്കിയപ്പോൾ രണ്ട് ഭാഗത്തും ഒരേ തൂക്കമാണ്. ഒരിഞ്ചു പോലും വ്യത്യാസമില്ല. അതുകൊണ്ട് നീ ചോദിച്ച ചോദ്യത്തിന് ഉള്ള ഉത്തരം എനിക്കറിയത്തില്ല. എന്നെങ്കിലും കിട്ടുകയാണെങ്കിൽ ഞാൻ പറയാം “
പറഞ്ഞിട്ടു ആൻഡ്രൂസ് മുറ്റത്തേക്ക് നടന്നു.നിശ്ചലമായി, ഷൈനി അത് നോക്കി നിന്നു. അവളുടെ മിഴികൾ സജ്ജലങ്ങളായി!
********************************************സെന്റ് .മേരീസ് കോളേജ് ജക്ഷൻ അടുത്തപ്പോൾ ആണ് ബസ്റ്റോപ്പിൽ നസിയ നിൽക്കുന്നത് ആൻഡ്രൂസ് കണ്ടത്.
“ടോമിച്ചാ.. ജീപ്പൊന്നൊതുക്കിക്കേ..ഒരാളെ ഒന്ന് കാണാനുണ്ട് “
ആൻഡ്രൂസ് പറഞ്ഞത് കേട്ടു ടോമിച്ചൻ ജീപ്പ് സൈഡിൽ ഒതുക്കി നിർത്തി.
“ഞാനിപ്പോ വരാം “
ആൻഡ്രൂസ് ജീപ്പിൽ നിന്നുമിറങ്ങി ബസ്റ്റോപ്പിലേക്കു നടന്നു. അടുത്തെത്തിയപ്പോൾ ആണ് നസിയ ആൻഡ്രൂസിനെ കണ്ടത്. അവളുടെ കണ്ണുകളിൽ അമ്പരപ്പ് പ്രകടമായി.
“എന്താ ഈ കോളേജിനു മുൻപിൽ. പെണ്ണുങ്ങളെ വായിൽ നോക്കാൻ വന്നതാണോ. അതോ ഞാൻ നിൽക്കുന്നത് കണ്ടിട്ട് വന്നതോ “
നസിയ ചെറിയ ചിരിയോടെ ചോദിച്ചു.
“നിന്നെയും കണ്ടു, വായിലും നോക്കാമെന്നു കരുതി. ഇന്നെന്താ നിന്റെ ബാപ്പ കാറ് അയച്ചില്ലേ കൊണ്ടുപോകാൻ “
ആൻഡ്രൂസ് ചുറ്റും നോക്കിയിട്ട് ചോദിച്ചു.
“കാറ് വർക്ഷോപ്പിൽ ആണ്. ജോസേട്ടൻ അവധിയിലും. അതുകൊണ്ട് ബസിൽ പോകാൻ തീരുമാനിച്ചു. എന്താ ഇതു വഴിയൊക്കെ “
നസിയ ആൻഡ്റൂസിൽ നോട്ടമുറപ്പിച്ചു.
“കുട്ടിക്കാനത്തേക്ക് പോകുന്ന വഴിയാ. എന്റെ ജീവിതത്തിലെ സന്തോഷിക്കാൻ പറ്റിയ ദിവസമാ ഇന്ന് “
ആൻഡ്രൂസ് മടക്കികുത്തിയിരുന്ന മുണ്ട് അഴിച്ചിട്ടു.
“എന്താ ഇത്ര സന്തോഷിക്കാനുള്ളത്. എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറ. ഞാനും സതോഷിക്കട്ടെ. സന്തോഷം എന്താണെന്നു അറിഞ്ഞിട്ടു തന്നെ നാളുകളായി.”
നസിയ തലയിൽ നിന്നും ഊർന്നുപോകാൻ തുടങ്ങിയ ഷാൾ വലിച്ചിട്ടു.
“ഒടുവിൽ എന്നെ പ്രസവിച്ച, എന്റെ അമ്മയെ ഞാൻ കണ്ടെത്തി “
ആൻഡ്രൂസ് പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അവളുടെ മുഖതും സന്തോഷം വിടർന്നു.
“ഇതു അത്ഭുതം ആയിരിക്കുന്നല്ലോ. ഒരു കഥപോലെ. അപ്പൊ നിങ്ങൾക്ക് പെറ്റമ്മയെ തന്നെ പടച്ചോൻ കാണിച്ചു തന്നു അല്ലെ. നിങ്ങടെ മനസ്സ് നല്ലതാ. അതുകൊണ്ടാ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അപ്പൊ ഈ പോക്ക് അമ്മയുടെ അടുത്തേക്ക് ആയിരിക്കും അല്ലെ “
നസിയയുടെ ചോദ്യത്തിന് അതേ എന്ന് ആൻഡ്രൂസ് തലകുലുക്കി.
“അമ്മയുടെ സ്നേഹ വാത്സല്യം കൊണ്ട് മതിമറക്കുമ്പോൾ നമ്മളെയൊക്കെ മറക്കുമോ? എന്നെക്കുറിച്ച് അമ്മയോട് എന്തെങ്കിലും പറയുമോ.”?
നസിയ ചോദിച്ചത് കേട്ടു ആൻഡ്രൂസ് ഒന്ന് ചിരിച്ചു.
“എന്റെ അന്വേഷണം അറിയിക്കണം ആ അമ്മയോട്. നിങ്ങളനുവദിച്ചാൽ ഒരിക്കൽ എനിക്ക് ആ അമ്മയെ കാണാൻ വരണം. അന്യയായിട്ടല്ല.നിങ്ങടെ സ്വൊന്തം ആയിട്ടു. നടക്കുമോ “?
നസിയ ആൻഡ്രൂസിന്റെ കണ്ണുകളിലേക്ക് നോക്കി.
“നീ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല. ചുറ്റുപാടുമുള്ള പിള്ളേര് ഇങ്ങോട്ട് ശ്രെദ്ധിക്കുന്നുണ്ട് “
ആൻഡ്രൂസ് പതുക്കെ പറഞ്ഞു.
“ആര് ശ്രെദ്ധിച്ചാലും എനിക്കൊന്നുമില്ല. ഞാൻ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാത്തത് കൊണ്ടല്ല.മനസിലാകുന്നില്ലെന്നു അഭിനയിക്കുന്നത് കൊണ്ടാണ്. നിങ്ങൾ ഓസ്കാർ അവർഡിന് അപേക്ഷിക്കണം”
നസിയ തെല്ലു നീരസത്തോടെ പറഞ്ഞു.
“എല്ലാവർക്കും എല്ലാവരുമായി. എനിക്കോ? പറയാമോ എന്റെ സ്ഥാനം എന്തായിരുന്നു എന്ന്. ഒന്നറിയാനുള്ള ആഗ്രഹം കൊണ്ടാ.”
നസിയ ആൻഡ്റൂസിൽ നിന്നും നോട്ടം മാറ്റി. നിറഞ്ഞു വരുന്ന കണ്ണുകൾ കരകവിഞ്ഞൊഴുകതിരിക്കാൻ അവൾ പ്രയാസപ്പെട്ടു.
“നിന്റെ ഈ രണ്ടു കണ്ണുകളെയും നീ ഒരേ പോലെ സ്നേഹിക്കുന്നില്ലേ. ഏതു കണ്ണിനോടാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ പറയാൻ പറ്റുമോ. അറിയാതെ സംഭവിച്ചതാണെങ്കിലും അതിലൊരു കണ്ണായി പോയി നീയും. എന്റെ നോട്ടത്തിൽ ഉത്തരം ഇല്ലാത്ത കടങ്കഥ പോലെ “
ആൻഡ്രൂസ് നസിയയുടെ മുഖത്തേക്ക് തന്നെ നോക്കി.
“സാരമില്ല.. മനസ്സിൽ ഇടം തന്നുവെന്നു പറയാതെ പറഞ്ഞുവല്ലോ. അത് മതി.ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. വാക്കുകൾ ചേർത്തു വച്ചിട്ടും അർത്ഥം കിട്ടാത്ത വരികളാണ് നമ്മളെന്ന് “
നസിയ കയ്യിലിരുന്ന കർച്ചീഫ് കൊണ്ട് കണ്ണുകൾ തുടച്ചു.
“സ്നേഹം എന്ന വികാരത്തിനു സ്വാർത്ഥതയുടെ നിറം ചാർത്തുമ്പോൾ ആണ് പ്രണയം ജനിക്കുന്നതെന്നു എവിടെയോ വായിച്ചിട്ടുണ്ട്. നിങ്ങളാരാണ്, എന്താണ് എന്നൊന്നും എനിക്കറിയില്ല. എങ്ങനെ ഇഷ്ടം തോന്നി എന്നുപോലും അറിയില്ല. പക്ഷെ നിങ്ങൾ എനിക്ക് ആരൊക്കെയോ ആയിരുന്നു. ഈ ജന്മത്തിൽ മറ്റാർക്കും ആകാൻ പറ്റാത്ത ഹൃദയത്തിൽ പതിഞ്ഞു പോയ എന്തോ ഒന്ന്.”
പറഞ്ഞ് നിർത്തി അവൾ ആൻഡ്രൂസിന്റെ നേരെ നോക്കി.
“എവിടെ ആയാലും സന്തോഷത്തോടെ ഇരിക്കണം കേട്ടോ. ഹൃദയത്തിൽ പതിഞ്ഞു പോയ ആൾ എന്നും സുഖമായി ഇരിക്കണമെന്നേ ഏതു പെണ്ണും പ്രാർത്ഥിക്കൂ. ഞാനും “
ആൻഡ്രൂസ് ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി നിന്നു.
“പൊക്കോ. ഇനി ഇവിടെ നിന്നാൽ എനിക്ക് എന്നെ നിയത്രിക്കാൻ പറ്റാതെ വരും. പോയി അമ്മയെ കണ്ടു സന്തോഷത്തോടെ ഇരിക്ക് “
അപ്പോഴേക്കും അവൾക്കു പോകാനുള്ള ബസ് വന്നു സ്റ്റോപ്പിൽ നിന്നു.
“പോകുവാ “
അവൾ ആൻഡ്രൂസിനെ ഒരിക്കൽക്കൂടി നോക്കിയിട്ട് ബസിലേക്ക് കയറി.മിഴികളിൽ നിന്നും ഊർന്നു വീണ കണ്ണീർകണങ്ങൾ ഡോറിൽ വീണു ചിതറി തെറിച്ചു.
ബസ് പോയ ഭാഗത്തേക്ക് കുറച്ചു നേരം നോക്കി നിന്ന ശേഷം ആൻഡ്രൂസ് ജീപ്പിനടുത്തേക്ക് നടന്നു.
ജീപ്പൊടിക്കുമ്പോൾ ടോമിച്ചൻ ശ്രെദ്ധിച്ചു ആൻഡ്രൂസിന്റെ മ്ലാനത. ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കിയിരിക്കുകയാണ്.
“നിനക്കെന്തു പറ്റി? ജീപ്പിൽ നിന്നും ഇറങ്ങി ആരെയോ കാണാൻ പോയപ്പോൾ കുഴപ്പമില്ലായിരുന്നല്ലോ. പിന്നെ എന്ത് പറ്റി.”
ടോമിച്ചന്റെ ചോദ്യം കേട്ടു ആൻഡ്രൂസ് തലതിരിച്ചു നോക്കി.
“ഒന്നുമില്ലെടാ “
ആൻഡ്രൂസ് വീണ്ടും മൗനത്തിലേക്കു കടന്നു.
“എന്നിട്ടാണോ നീ മാങ്ങാണ്ടി പോയ അണ്ണാനെ പോലെ ഇരിക്കുന്നത്. കാര്യം പറയെടാ ആൻഡ്രൂ.എടാ നിനക്ക് എന്താണ് പറ്റിയതെന്നു.? കാര്യം പറഞ്ഞാലല്ലേ പരിഹാരം കണ്ടെത്താൻ പറ്റൂ “
ഒരു ഹെയർപിൻ വളവ് തിരിഞ്ഞു ജീപ്പ് ഇറക്കം ഇറങ്ങി കൊണ്ടിരുന്നു.
“ടോമിച്ചാ.. ഞാൻ ആകെ ധർമ്മസങ്കടത്തില. ചങ്കിൽ ഇരുന്നു എന്തോ കൊളുത്തി വലിക്കുന്നപോലെ.ആരുടെയൊക്കെയോ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ പോലെ. ഞാൻ പറയാതിരുന്നാൽ എന്റെ നെഞ്ച് പൊട്ടും. ഞാൻ പറയാം. നീ ഇതിനൊരു പരിഹാരം പറഞ്ഞു താ “
ആൻഡ്രൂസ് പറയുന്നത് ടോമിച്ചൻ മൂളി മൂളി കേട്ടിരുന്നു.പിന്നെ ജീപ്പ് നിർത്തി.
“ഇതിലാരെ സ്വീകരിക്കണം എന്നത് നിന്റെ തീരുമാനമാണ്. എന്തായാലും ഒരാളെ സങ്കടപെടുത്തിയെ മതിയാകൂ.രണ്ടു പെണ്ണുങ്ങളെയും ഇടതും വലതും കെട്ടികൊണ്ട് വരാൻ നമ്മുടെ മതമോ, സമൂഹമോ സമ്മതിക്കത്തില്ല. മാത്രമല്ല അവരും സമ്മതിക്കത്തില്ല. തങ്ങൾ ജീവനു തുല്യം സ്നേഹിക്കുന്ന പുരുഷന്റെ സ്നേഹം പലവർക്കായി വീതിച്ചു പോകുന്നത് ഏതെങ്കിലും പെണ്ണ് സഹിക്കുമോ. അപ്പൊ ചെയ്യേണ്ടത് കണ്ണുകൾ കൊണ്ട് നോക്കുമ്പോൾ തുല്യ സ്ഥാനം ആണെന്ന് തോന്നും. പക്ഷെ മനസ്സുകൊണ്ട് നോക്കുമ്പോൾ അതിലൊരാൾക്ക് മുൻതൂക്കം കൂടുതൽ ആയിരിക്കും.നീ കണ്ണുകൾക്കൊണ്ട് മാത്രമാണ് അവരെ കണ്ടത്.അതുമാറി നീ അവരെ മനസ്സ് കൊണ്ട് ഒന്ന് കണ്ടു നോക്ക്. അപ്പോൾ നിനക്കൊരു ഉത്തരം കിട്ടും.ഇപ്പോൾ നീ ശാന്തമായി കണ്ണടച്ചു ഇരിക്ക്. ആരെക്കുറിച്ചും ഓർക്കണ്ട. പക്ഷെ അപ്പോഴും നിന്റെ മനസ്സിലേക്ക് നിന്റെ അനുവാദമില്ലാതെ ഇവരിലരാണ് തെളിഞ്ഞു വരുന്നതെങ്കിൽ അവരാണ് നിന്റെ മനസ്സിൽ സ്ഥാനം പിടിച്ച ആൾ.”
ടോമിച്ചൻ പറഞ്ഞത് കേട്ടു ആൻഡ്രൂസ് കണ്ണടച്ചു സീറ്റിലേക്ക് ചാരിയിരുന്നു.
“ചാരിയിരുന്നു ഉറങ്ങി പോകരുത്.മനസ്സ് ഏകാഗ്രമാക്കി വയ്ക്ക്. നീ ഇതിനൊരു ഉത്തരം കണ്ടെത്തുമ്പോൾ ഞാനൊരു ബീഡി വലിക്കാം. നല്ല തണുപ്പ്”
ടോമിച്ചൻ ഒരു ബീഡി കത്തിച്ചു വലിച്ചു കൊണ്ട് പുറത്തിറങ്ങി. വഴിയുടെ മറുഭാഗത്തുള്ള കൊക്കയിൽ നിന്നും മഞ്ഞു പൊങ്ങുന്നുണ്ട്. അവ ചുറ്റുപാടും വ്യാപിക്കുന്നു.അകലെ നിന്നും ഏതോ വാഹനങ്ങൾ ലൈറ്റ് തെളിച്ചു വരുന്നുണ്ട്. ബീഡി വലിച്ചു തീർത്തു ബീഡികുറ്റി എറിഞ്ഞു കളഞ്ഞു ജീപ്പിലേക്കു കയറി ആൻഡ്രൂസിനെ നോക്കി. കണ്ണുതുറന്നിരിക്കുകയാണ്.
“ആരെങ്കിലും വന്നോ.. എടാ വന്നോന്നു “
ടോമിച്ചൻ ആൻഡ്രൂസിന്റെ തട്ടിക്കൊണ്ടു ചോദിച്ചു.
“ടോമിച്ചാ…വന്നെടാ… കണ്ണടച്ചപ്പോ തൊട്ടു തുറന്നപ്പോ വരെ ആ മുഖം മാത്രമായിരുന്നു മനസ്സിൽ. എനിക്ക് ഇപ്പൊ മനസ്സിലായി. ആർക്കായിരുന്നു എന്റെ മനസ്സിൽ സ്ഥാനം എന്ന്. ആരെയാ ഞാൻ മനസ്സുകൊണ്ട് സ്നേഹിച്ചതെന്ന്. കണ്ണുകൊണ്ടു കാണുന്ന പോലെയല്ലടാ മനസ്സുകൊണ്ട് നോക്കുമ്പോ കാണുന്നത്. ആഴത്തിൽ വേരിറങ്ങി ദൃഢമായ ബന്ധമേ അവിടെ കാണൂ. എടാ ടോമിച്ചാ ജീപ്പ് തിരിക്ക്. എനിക്ക് അവളെ കാണണം. സംസാരിക്കണം. പറ്റുമെങ്കിൽ തിരിച്ചു വരുമ്പോൾ അവളും കാണണം എന്നോടൊപ്പം.. ജീപ്പ് തിരിക്കടാ “
ആൻഡ്രൂസ് ടോമിച്ചനെ നോക്കി പറഞ്ഞു.
“ഇത്രയും കാര്യമേ ഉള്ളു. ഇതിനാണ് രണ്ടു കണ്ണ് പോലെ ആണ്, മൂക്കിന്റെ രണ്ടു തുള പോലെ ആണ് രണ്ടുപേരും എന്നൊക്കെ പറഞ്ഞോണ്ട് നടന്നത്. വാ പോയേക്കാം. നിന്റെ ആഗ്രഹം നടക്കട്ടെ”
ടോമിച്ചൻ ജീപ്പ് തിരിക്കാൻ തുടങ്ങുമ്പോൾ ഇറക്കമിറങ്ങി വന്ന ഒരു ജീപ്പ് വഴിയുടെ മദ്ധ്യത്തിൽ വന്നു നിന്നു.അതിന് പുറമേ ഒരു ഒമിനി വാനും.
ഹെഡ്ലൈറ്റ് തെളിച്ചിട്ടിരുന്ന ജീപ്പിന്റെ മുൻഭാഗത്തേക്ക് രണ്ടുപേർ ഇറങ്ങി വന്നു.
ചെങ്കൽ ഭദ്രനും അയാളുടെ അനുജൻ ഭരതനും.!!!
ഒമിനി വാനിൽ നിന്നും നാലഞ്ചു പേർ പുറത്തിറങ്ങി.
“കണ്ടിട്ട് പിശകാണല്ലോ ആൻഡ്രൂ “
ടോമിച്ചൻ സ്റ്റിയറിങ്ങ് വീലിൽ തട്ടികൊണ്ട് വഴിയിൽ നിൽക്കുന്നവരെ നോക്കി.
“ടോമിച്ചാ… ഇതു കരുതി കൂട്ടിയുള്ള കെണിയ.. എനിക്ക് വച്ചതാ… ഭദ്രന്റെ സ്പിരിറ്റ് ലോറി അടിച്ചോണ്ടു പോയ ഒരു ചൊരുക്ക് ഉണ്ടവന്. അത് കൂടാതെ വരാൽ ജെയ്സൺ കൊല്ലപ്പെട്ടതിനു പിന്നിൽ ഇവനാണെന്നു ഗുണ്ട ബിജുവിനെ കൊണ്ട് പോലീസിന് മുൻപിൽ മൊഴികൊടുപ്പിച്ചതിനും ഉള്ള പണിയാ. ടോമിച്ചാ നീ എങ്ങനെയെങ്കിലും രക്ഷപെട്ടോ. എന്നെ നോക്കണ്ട. നിന്നെ ആശ്രെയിച്ചു വേണം ഒരുപാടു പേർക്ക് ജീവിക്കുവാൻ.ശോശാമ്മച്ചി, സെലിനമ്മച്ചി, ജെസ്സി, മോള്,റോസ്‌ലിൻ, കുഞ്ഞ്, എല്ലാവർക്കും നീ വേണം. നിനക്കൊന്നും പറ്റരുത്.ആ ഉള്ള ഗ്യാപ്പിൽ കൂടി ജീപ്പും കൊണ്ട് നീ വിട്ടോ “
പറഞ്ഞിട്ട് ജീപ്പിൽ കിടന്ന ജാക്കി ലിവർ എടുത്തു ആൻഡ്രൂസ് പുറത്തേക്കിറങ്ങി.
“എടാ ആൻഡ്രൂസേ… കഴുവേറി..ഈ ചെങ്കൽ ഭദ്രനിട്ടു ഉണ്ടാക്കിയിട്ടു അങ്ങ് പോകാമെന്നു കരുതിയോ. പുലി ഒന്ന് പതുങ്ങിയത് കുതിച്ചു ചാടി എതിരാളിയുടെ തല പറിച്ചെടുക്കാനാണെന്നു മനസ്സിലായില്ല. അല്ലേടാ പട്ടി പൊല &%*₹@മോനെ. ലക്ഷങ്ങൾ വരുന്ന സ്പിരിറ്റ് ലോറി നീ കൊണ്ടുപോയി. ഇപ്പോ കൊലക്കുറ്റത്തിന് എന്റെ അനുജനെ കോടതി കേറ്റാൻ നോക്കുന്നോ. എടാ ഞങ്ങള് തല്ലും കൊല്ലും, ഒരു പട്ടിയും ചോദിക്കാൻ ധൈര്യപ്പെടില്ലെടാ ഇവിടെ. അപ്പോഴാ നിന്നെ പോലൊരു ഞാഞ്ഞൂലു തലപൊക്കി വരുന്നത്. എല്ലാം കൂടി കൂട്ടി പലിശയും, പലിശയുടെ പലിശയും കൂട്ട് പലിശയും തന്നു നിന്നെ കുളിപ്പിച്ച് പാളയിൽ കിടത്തിയിട്ടേ ഞങ്ങള് പോകുന്നുള്ളു “
ഭദ്രൻ അലറുന്ന സ്വരത്തിൽ മുരണ്ടു.
“അതേടാ… ഒളിവിൽ പോയ ഞാൻ ജാമ്യം എടുത്തു ഇറങ്ങിയത് നിന്നെ തീർക്കാനാ. എന്നിട്ടേ വിശ്രെമം ഉള്ളു “
ഭരതൻ ആക്രോശിച്ചു കൊണ്ട് കയ്യുയർത്തി പുറകിൽ നിന്നവർക്ക് നിർദേശം നൽകി.
അവരിൽ രണ്ടുമൂന്നു പേർ പുറത്തിറങ്ങി നിൽക്കുന്ന ആൻഡ്രൂസിനു നേരെ പാഞ്ഞു വന്നു.
അതേ നിമിഷം ടോമിച്ചൻ ജീപ്പ് വെട്ടി തിരിച്ചു പാഞ്ഞടുക്കുന്നവർക്ക് നേരെ ചെന്നു.ഓടി വന്ന മൂന്ന് പേർ ജീപ്പിൽ ഇടിച്ചു തെറിച്ചു. ഒരാൾ തെറിച്ചു പോയി ഭദ്രന്റെ ദേഹത്തിടിച്ചു നിലത്തേക്ക് വീണു. മറ്റൊരാൾ തെറിച്ചു കൊക്കയിലേക്ക് പോയി. ഒരുവൻ ഇടിയേറ്റ് മുകളിലേക്കു പൊങ്ങി ടോമിച്ചന്റെ ജീപ്പിന്റെ പുറത്തു വീണു ഞരങ്ങി.ജീപ്പിൽ നിന്നും ചാടിയിറങ്ങിയ ടോമിച്ചന് നേരെ മൂന്നുന്നാലുപേർ ഓടിയടുത്തു.ഒരുത്തന്റെ വടിവാൾ കൊണ്ടുള്ള വെട്ടു ജാക്കിലിവറിന് തടുത്തു, ആൻഡ്രൂസ് മുട്ടുകാലിനു ഇടിച്ചിരുത്തി, ജാക്കിലിവർ വീശി തലക്കടിച്ചു തെറിപ്പിച്ചു. മറ്റൊരുത്തന്റെ കുതിച്ചു ചാടിയുള്ള ചവിട്ടിൽ നിന്നും ഒഴിഞ്ഞു മാറിയ ടോമിച്ചൻ വായുവിൽ വച്ചു പിടിച്ചു വലിച്ചു തോളിൽ ഇട്ടു വട്ടം ഒരൊടി ഒടിച്ചു.അവനിൽ നിന്നും ഒരു നിലവിളി ഉയർന്നു. പിന്നെ അവിടെ പൊരിഞ്ഞ അടി ആയിരുന്നു. അലർച്ചെയും പോർവിളികളും അന്തരീക്ഷത്തിൽ മുഴങ്ങി.
അടിയേറ്റ് മൂക്കിന്റെ പാലം തകർന്നു നിലത്തേക്കിരുന്ന ഒരുത്തനെ ടോമിച്ചൻ തൊഴിച്ചു തെറിപ്പിച്ചു. തെറിച്ചു പോയ അവൻ ജീപ്പിന്റെ ബമ്പറിൽ പോയിടിച്ചു അടിയിലേക്ക് കയറി പോയി.ഒരു ചവിട്ട് കിട്ടി മുൻപോട്ടു വേച്ചു പോയ ആൻഡ്രൂസിനെ ഒരുത്തൻ വട്ടം പിടിച്ചു. ഭരതൻ വടിവാളുമായി പാഞ്ഞടുത്തു. ആ നിമിഷം ടോമിച്ചന്റെ അടിയേറ്റ് തെറിച്ച ഒരാൾ ഭരതന്റെ ദേഹത്ത് വന്നിടിച്ചു രണ്ടുപേരും മറിഞ്ഞു വീണു.
ചാടിയെഴുന്നേറ്റ ഭരതൻ ടോമിച്ചന് നേരെ വടിവാൾ വീശി.
അതേ സമയം ചെങ്കൽ ഭദ്രൻ തന്റെ ജീപ്പിൽ കേറി സ്റ്റാർട്ടു ചെയ്തു. ജീപ്പ് റിവേഴ്‌സ് ഗിയറിൽ ഇട്ടു പുറകോട്ടു പോയി. അതുകണ്ട ആൻഡ്രൂസ് ജീപ്പിനു നേരെ പാഞ്ഞു ചെന്നു മുൻ സീറ്റിലേക്ക് ചാടി കയറി ഭദ്രന്റെ കഴുത്തിൽ പിടുത്തമിട്ടു.
“പൊല &%@മോനെ ജീവിക്കാൻ നീ സമ്മതിക്കത്തില്ല അല്ലേടാ. എങ്കിൽ നിന്നെ തീർത്തിട്ടെ ഇ ആൻഡ്രൂസ് പോകൂ “
ആൻഡ്രൂസ് ഭദ്രന്റെ കഴുത്തിൽ ഞെക്കിപിടിച്ചു കൊണ്ട് അമറി.
മരണവെപ്രാളംത്തോടെ കുതറി കൊണ്ട് ഭദ്രൻ ആക്സിലേറ്ററിൽ കാൽ അമർത്തി.ജീപ്പ് ഭരതനുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ടോമിച്ചന് നേരെ കുതിച്ചു. ആൻഡ്രൂസ് ജീപ്പിന്റെ സ്റ്റിയറിങ്ങ് വീലിൽ പിടിച്ചു തിരിച്ചു കാലുയർത്തി ഭദ്രനെ ചവുട്ടി.
ലക്ഷ്യം തെറ്റിയ ജീപ്പ് ഡിവൈഡറിനു നേരെ പാഞ്ഞു കയറി, ഇടിച്ചു തെറിപ്പിച്ചു ആൻഡ്രൂസിനെയും ഭദ്രനെയും കൊണ്ട് അഗാധമായ കൊക്കയിലേക്ക് മറിഞ്ഞു..
“ആൻഡ്രൂ…. ആാാാാ “
ടോമിച്ചന്റെ അലർച്ച അവിടെ മുഴങ്ങി.
ഓടി കൊക്കയുടെ സൈഡിലെത്തി താഴേക്കു നോക്കിയ ടോമിച്ചന് താഴെ നിന്നും മുകളിലേക്കു പൊങ്ങുന്ന മഞ്ഞു മാത്രമേ കാണുവാൻ കഴിഞ്ഞുള്ളു.
“എടാ ആൻഡ്രൂ ഊഊഊഊ… ആാാാാ”
നിലവിളിച്ചു കരഞ്ഞു കൊണ്ട് ടോമിച്ചൻ നിലത്തേക്കിരുന്നു.
ടോമിച്ചന്റെ നിലവിളി ശബ്‌ദത്തിനു കൊക്കയിൽ നിന്നും പ്രതിധ്വനി ഉണ്ടായെങ്കിലും ആൻഡ്രൂസിന്റെ മറുപടി മാത്രം വന്നില്ല
(തുടരും )
അടുത്തഭാഗത്തോടെ അവസാനിക്കുന്നു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





