Skip to content

മലയോരം – 24

malayoram novel

തന്റെ അടുത്തേക്ക് വരുന്നയാളെ സഫീർ സൂക്ഷിച്ചു നോക്കി.

കള്ളിമുണ്ടും ഷർട്ടും ധരിച്ചു ചുവന്ന തോർത്തു കൊണ്ട് തലയിൽ വട്ടത്തിൽ കെട്ടിയ ഒരാൾ!!

എവിടെയോ കണ്ടിട്ടുള്ള പോലെ!!!

അതേ സമയം ചോരയൊലിപ്പിച്ചു കിടക്കുന്ന കടുവ സേവ്യർ കൈകുത്തി എഴുനേൽക്കാൻ നോക്കിയെങ്കിലും വീണു പോയി!!

കട്ടിലിൽ ഇരുന്നു എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകാതെ  ഭയത്തോടെ നോക്കികൊണ്ടിരുന്ന  നസിയയുടെ മുഖത്തു പെട്ടെന്ന് സന്തോഷം തിരതല്ലി.

സഫീറിന്റെ മുൻപിൽ നിൽക്കുന്നയാൾ ആൻഡ്രൂസ് ആണെന്ന തിരിച്ചറിവ് അവളെ തെല്ലൊന്നുമല്ല സമാധാനപ്പെടുത്തിയത്.

“ആരാടാ പുല്ലേ നീ. എന്റെ ഗോഡൗണിൽ വന്നു എന്നെ തല്ലി ആളുകളിക്കാൻ. ഇന്നത്തെ കൊണ്ട് നീ തീർന്നു. ഇവിടെ നിന്നും വന്നപോലെ തിരിച്ചു പോകാതില്ലെടാ “

സഫീർ കോപത്തോടെ അലറി കൊണ്ട് ചാടി എഴുനേറ്റു തലയൊന്ന് കുടഞ്ഞു.

“ഞാൻ നിന്റെ അപ്പന്റെ രണ്ടാം കെട്ടിലുള്ള മാമ്മിയുടെ മൂത്ത മോനാടാ.. നിന്റെ ചേട്ടനായിട്ട് വരും. നീ ഇങ്ങനെ ഓടിനടന്നു പീഡനവും പെണ്ണുകടത്തും നടത്തി അറുമാദിക്കുമ്പോൾ എനിക്ക് നാണം കെട്ടിട്ടു പുറത്തിറങ്ങി നടക്കാൻ പറ്റുമോ. ഒരു ചേട്ടനെന്ന നിലക്ക് നിന്നോട് വന്നു ചോദിക്കേണ്ട  കടമയില്ലേ എനിക്ക്  ? നിന്നെ ഗുണതോഷിച്ചു നേരെയാക്കണ്ടേ?എന്താടാ കൊച്ച് കഴു &%@@മോനെ, തന്തയില്ല തരം കാണിക്കുന്നതിനു പരിധിയില്ലേ’ എന്നെങ്കിലും  ഞാൻ ചോദിക്കേണ്ടടാ ഉവ്വേ “

ആൻഡ്രൂസ് സഫീറിനെ നോക്കി.

“എന്റെ തന്ത നിന്നെപ്പോലെ ഒരു തെരുവ് തെണ്ടിയെ ജനിപ്പിച്ചത് എനിക്കറിയത്തില്ല .. പിന്നെ എന്റെ ജീവിതം സുഖിക്കാനുള്ളതാ…അതിന് പെണ്ണും മതിരാക്ഷിയും ഒക്കെ ഒരു ഘടകമാ..അതിന് വേണ്ടിയാ ഇവളെ ഇങ്ങോട്ട് പൊക്കി കൊണ്ടുവന്നത് . അതൊക്കെ ഊര് തെണ്ടിയായ നിന്നോട് പറഞ്ഞാൽ മനസ്സിലാകുമോ. ഞാൻ പെണ്ണ് കടത്തും, കൂട്ടികൊടുക്കും മദ്യം കടത്തും. അത് നിന്നെ ബോധ്യപെടുത്തേണ്ട കാര്യമില്ല.”

സഫീർ കോപത്തോടെ മുരണ്ടു.

“ഞാൻ ഊരുതെണ്ടിയാ.. അത് സമ്മതിച്ചു. പക്ഷെ ഞാനും നീയും തമ്മിൽ ഒരു വിത്യാസം ഉണ്ട്. നീ നിന്റെ തന്തക്കും മുൻപേ ജനിച്ചവനും ഞാൻ തന്തക്കും ജനിച്ചവനും ആണ്. അതുകൊണ്ടാ നിനക്ക് പെണ്ണും മദ്യവും കൊണ്ട്  സുഖിക്കാൻ തോന്നുന്നത്. നിന്റെ തന്ത ഏതു കൊമ്പത്തവനായാലും ഇനി നിന്നെ പുറം ലോകം കാണിക്കത്തില്ല.”

ആൻഡ്രൂസ് പറഞ്ഞു കൊണ്ട് തലതിരിച്ചു നസിയയെ നോക്കി.

“നീ പേടിക്കാതെ ആ കട്ടിലിൽ കിടന്നു ഒന്ന് ഉറങ്ങിക്കോ. അപ്പോഴേക്കും ഇവിടുത്തെ കലാപ്രകടനം പൂർത്തിയാക്കി വന്നു വിളിച്ചെഴുനേൽപ്പിച്ചോളാം.”

പേടിച്ചു തുറിച്ചു നോക്കി ഇരിക്കുന്ന നസിയയോട് പറഞ്ഞിട്ട് സഫീറിനു നേരെ തിരിഞ്ഞു.

അതേ നിമിഷം സഫീർ കാലുയർത്തി ആൻഡ്രൂസിനു ഒരു ചവിട്ട് കൊടുത്തു.ആൻഡ്രൂസ് പുറകോട്ടു പോയി ഭിത്തിയിൽ ഇടിച്ചു നിന്നു.

വീണ്ടും കൈവീശി മുൻപോട്ടു അടുത്ത സഫീറിന്റെ മുഖമടച്ചു അടി വീണു.

ബാലൻസ് തെറ്റി നിലവിളിയോടെ പുറകോട്ടു മലച്ച സഫീറിന്റെ നെഞ്ചിൻ കൂട് ലക്ഷ്യമാക്കി കാലുമടക്കി ആഞ്ഞൊരടി അടിച്ചു. തെറിച്ചു പോയ സഫീർ തറയിലേക്ക് തലയിടിച്ചു വീണു.

“എടാ പട്ടി… നിന്നെ ഇവിടുന്നു വെറുതെ വിടില്ലെടാ..”. ആൻഡ്രൂസിനെ നോക്കി അലറി കൊണ്ട് എഴുനേറ്റു , തറയിൽ ഇരിക്കുന്ന  കടുവ സേവ്യരെ നോക്കി.

“എഴുനേറ്റു പോയി നമ്മുടെ ആളുകളെ വിളിച്ചോണ്ട് വാടാ… ഈ പൊല &%@മോനെ ഇവിടെ തന്നെ കുഴിച്ചു മൂടണം. എഴുനേറ്റു പോടാ വേഗം “

കടുവ സേവ്യറിനു ഒരു തൊഴി കൊടുത്തു കൊണ്ട് സഫീർ അലറി.

കടുവ സേവ്യർ നിസ്സഹായതയോടെ സഫീറിനെ നോക്കി.

“അവരെയെല്ലാം അടിച്ച് മടക്കി പട്ടിവാല് പോലെ ചുരുട്ടിക്കൂട്ടി ഓരോ മൂലയ്ക്ക് ഇരുത്തിയിട്ട ഇവനിങ്ങോട്ട് കയറി വന്നത്. എല്ലാത്തിന്റെയും നട്ടെല്ലും അണ്ഡഹടാഹവും തകർന്നു കിടക്കുവാ. അസ്ഥാനത്തു ഏറുകിട്ടിയ നായയെ പോലെ മോങ്ങിക്കൊണ്ടിരിക്കുന്ന അവന്മാരെ  ഇനി രണ്ടുകാലിൽ നേരെ നിർത്തണമെങ്കിൽ  മാസങ്ങളോളം എണ്ണതോണിയിൽ പിറന്നപടിയിൽ കിടത്തി ചവുട്ടി തിരുമ്മി കിഴി പിടിക്കേണ്ടി വരും.”

കടുവ സേവ്യർ മുക്കി മുക്കി പറയുന്നത് കേട്ട് സഫീർ കോപത്തോടെ ആൻഡ്രൂസിനെ നോക്കി.

“എടാ… നീ ..നിനക്ക് എന്റെ തന്ത ഹക്കിംമിനെ അറിയതില്ലാത്തത്  കൊണ്ട. എന്റെ രോമത്തിന് കേട് വന്നാൽ നിന്റെ കുടലുമാല വലിച്ചൂരി മാവിൻകൊമ്പിൽ ഊഞ്ഞാല് കെട്ടി ആടി കളിക്കും.നീ എന്ത് അഭ്യാസം കാണിച്ചാലും ഞങ്ങടെ കയ്യിൽ നിന്നും രക്ഷപെടില്ലെടാ.”

സഫീർ ആൻഡ്രൂസിനെ നോക്കി ക്രൂരമായി ചിരിച്ചു.

“ചാകാൻ തയ്യാറായി തന്നെയാടാ ഞാനിങ്ങോട്ട് കയറി വന്നത്. കാത്തിരിക്കാനോ സങ്കടപെടാനോ ആരുമില്ലാത്ത എനിക്ക് ജീവിച്ചാലെന്തു, ചത്താൽ എന്ത്? പക്ഷെ ചാകുന്നതിനു മുൻപ് നിന്നെ ഞാൻ കടുക്കവെള്ളം കുടിപ്പിച്ചു, ചുടുകാട്ടിൽ കിടത്തി പരലോകത്തിനു വിസയും മേടിച്ചു തന്നു,കബറിടത്തിൽ നിന്റെ  നെഞ്ചത്ത് കല്ലും കേറ്റി വച്ചു, ഇവളെയും ഇവിടുന്നു രക്ഷപ്പെടുത്തിയിരിക്കും.നിന്നെ കടുക്കവെള്ളം കുടിപ്പിച്ചില്ലെങ്കിൽ   ചുടുകാട്ടിൽ സമാധാനത്തോടെ പരദൂക്ഷണവും പറഞ്ഞു സന്തോഷിച്ചു കിടക്കുന്ന പെണ്ണുങ്ങളെ ചത്തവരാണെന്ന ബഹുമാനം പോലും കൊടുക്കാതെ നീ  മാപ്പിളപ്പാട്ടും പാടി ഓടി നടന്നു പീഡിപ്പിക്കും”

നിലത്തു കിടന്ന കമ്പിയുമെടുത്തു ചാടി  എഴുനേറ്റു നിന്ന സഫീർ അത് ആൻഡ്രൂസിനു നേരെ വീശി.

ഞൊടിയിടയിൽ നിലത്തുകിടന്ന കസേരയെടുത്തു ആൻഡ്രൂസ്, സഫീറിന്റെ  അടി തടുത്തു. അടികൊണ്ടു കസേരയുടെ ഒരു ഭാഗം ചളുങ്ങി പോയി. കമ്പി വീണ്ടും പൊക്കാൻ തുടങ്ങിയതും ആൻഡ്രൂസ് കയ്യിലിരുന്ന കസേര കറക്കി സഫിറിന്റെ തലനോക്കി ഒരടി!!!

ഒരലർച്ചയോടെ സഫീർ തെറിച്ചു ഭിത്തിയിൽ പോയിടിച്ചു നിലത്തേക്ക് വീണു. വായിൽ നിന്നും ചോര ഒലിച്ചിറങ്ങി!!

കയ്യിലിരുന്ന കസേര വലിച്ചെറിഞ്ഞു ആൻഡ്രൂസ് മുൻപോട്ടു നീങ്ങി. നിലത്തു കിടന്ന സഫീറിനെ വലിച്ചു പൊക്കി കഴുത്തിൽ പിടിച്ചു തള്ളി കൊണ്ട് പോയി നസിയയുടെ  മുൻപിൽ നിർത്തി.

“പട്ടി കഴു &%@മോനെ അഴിക്കട അവളുടെ കാലിലെ ചങ്ങലയുടെ പൂട്ട്.”

ആൻഡ്രൂസ് അലറിക്കൊണ്ട് കൈ വീശി മുഖമടച്ചു ഒരടി!!

മുൻപോട്ടു കുനിഞ്ഞു നസിയയുടെ കല്പാദത്തിലേക്കു വീഴാൻ പോയ സഫീറിനെ ആൻഡ്രൂസ് താങ്ങി പിടിച്ചു.

“എടുക്കടാ പുല്ലേ താക്കോൽ വേഗം  “

സഫീർ ആയാസപ്പെട്ടു പോക്കറ്റിൽ നിന്നും താക്കോൽ തപ്പിയെടുത്തു ആൻഡ്രൂസിന്റെ നേരെ നീട്ടി.

“എനിക്കെന്തിനാ താക്കോൽ? നിലവറ തുറക്കാനോ? ഞാനല്ല ഇവളെ പിടിച്ചോണ്ട് വന്നു പൂട്ടിയിട്ടത്. നീയാ.. അത്കൊണ്ട് നീ തന്നെ ഇവളെ പൂട്ടഴിച്ചു, വണ്ടിയിൽ കൊണ്ടുപോയി അവളുടെ വീട്ടിൽ കൊണ്ട് വിടണം.സ്വമത പ്രീണനവും,  കാശും മാത്രം ചിന്തിച്ചു, വീട്ടിലുള്ള പെണ്ണുങ്ങളെ അടിച്ചമർത്തി വച്ചു ആളായി നടക്കുന്ന  ഇവളുടെ തന്തപ്പടി കാണട്ടെ അയാൾ മകൾക്കു വേണ്ടി കണ്ടുപിടിച്ച  ഭാവി മരുമകന്റെ തനി കൊണം.”

സഫീർ ആയസപ്പെട്ടു നസിയയുടെ കാലും കട്ടിലും തമ്മിൽ ബെന്ധിച്ചിരുന്ന പൂട്ട് അഴിച്ചു.

“ഇവനേതു വണ്ടിയിലാ നിന്നെ ഇവിടെ കൊണ്ടുവന്നത് എങ്കിൽ ആ വണ്ടിയിൽ തന്നെ തിരിച്ചു കൊണ്ടുവിടാൻ പോകുവാ.. പുറത്തോട്ടു നടന്നോ “

ആൻഡ്രൂസ് നസിയയോട് പറഞ്ഞിട്ട് സഫീറിനെ വലിച്ചിഴച്ചു പുറത്തേക്കു നടന്നു പുറകെ നസിയയും.

മുറ്റത്തു കിടന്ന ഒമിനി വാനിന്റെ ഡോർ തുറന്നു സഫീറിനെ അകത്തേക്ക് തള്ളിയിട്ടു ഡോർ വലിച്ചടച്ചു. പിന്നെ  ഫോണെടുത്തു ടോമിച്ചനെ വിളിച്ചു കാര്യം പറഞ്ഞു.

ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ ആൻഡ്രൂസ് വണ്ടി സ്റ്റാർട്ടു ചെയ്തു.

പാഞ്ഞു കേറി വന്ന ഒമിനി വാൻ നസിയയുടെ വീടിന്റെ മുറ്റത്തേക്ക് കേറി നിന്നു.

മുറ്റത്തു അവിടവിടങ്ങളിൽ നിന്നിരുന്നവർ ഒമിനി വാനിനു നേരെ തിരിഞ്ഞു.

ഡോർ തുറന്നു ആൻഡ്റൂസും നസിയയും പുറത്തേക്കിറങ്ങി. ആൻഡ്രൂസ് പുറകിലെ ഡോർ തുറന്നു അകത്ത് കിടന്ന സഫീറിനെ വലിച്ചു മുറ്റത്തേക്കിട്ടു.

പൂമുഖത്തു നിന്നും അലി സാഹിബ്‌ മുറ്റത്തേക്കിറങ്ങി.അയാൾ ആ കാഴ്ചകണ്ടു അമ്പരന്നു. കൂടെയുള്ളവർ ജാഗരൂഗരായി.

“എവിടെ പോയി കിടക്കുകയായിരുന്നെടി നീ.. ആളുകളെ നാണം കെടുത്താൽ “

അലി സാഹിബ്‌ നസിയയോട്  രോക്ഷത്തോടെ ചോദിച്ചു.

“ആ ചോദ്യം അവളോട്‌ ചോദിക്കാതെ ഈ കിടക്കുന്ന നിങ്ങളുടെ ഭാവി മരുമകനോട് ചോദിക്ക് “

ആൻഡ്രൂസ് അലി സാഹിബിനോട് പറഞ്ഞു.

“എന്തിനാടാ നീ ഇവനെ തല്ലി ഇങ്ങനെ ആക്കിയത്‌. എന്റെ മകളുടെ ഭർത്താവാകാൻ പോകുന്ന  ഇവനെ തല്ലാൻ മാത്രം ധൈര്യമോ “

അലി ക്രുദ്ധനായി ആൻഡ്രൂസിനെ നോക്കി.

“ഈ ചോദ്യങ്ങൾക്കൊക്കെ മകൾ മറുപടി തരും “

ആൻഡ്രൂസ് ഒരു ബീഡി എടുത്തു ചുണ്ടിൽ വച്ചു തീകൊളുത്തി വണ്ടിയിൽ ചാരി നിന്നു വലിച്ചു പുക പുറത്തേക്കു ഊതി വിട്ടു.

“മോളെ.. നീ ഇന്നലെ എവിടെ പോയതായിരുന്നെടി.നിനക്കെന്താ സംഭവിച്ചത് . ഞാനിന്നലെ ഉറങ്ങാതെ തീ തിന്നു ഇരിക്കുകയായിരുന്നു. പറയെടി മോളെ “

പുറത്തേക്കോടി വന്ന ആയിഷ നസിയയുടെ  ചുമലിൽ പിടിച്ചു കുലുക്കി.

നസിയ ഒന്നും മിണ്ടാതെ തലചെരിച്ചു താഴെകിടക്കുന്ന സഫീറിനെ നോക്കി. അപ്പോഴാണ് ആയിഷ അത് കണ്ടത്.

“അയ്യോ ഇതു സഫീറല്ലേ? ഇതെന്ത് പറ്റിയതാ “

ആയിഷ ഭയത്തോടെ ചോദിച്ചു കൊണ്ട് വണ്ടിയിൽ ചാരി നിൽക്കുന്ന ആൻഡ്രൂസിനെ നോക്കി.

മുറ്റത്തു നിന്നിരുന്നവർ ആൻഡ്രൂസിന്റെ ഇരുഭാഗങ്ങളിലും ആയി നിലയുറപ്പിച്ചു.

“ഉമ്മ.. ഈ കിടക്കുന്ന മോളുടെ ഭാവി വരൻ, ഗുണ്ടകളെ വിട്ടു ഇവളെ ഇന്നലെ വൈകുന്നേരം തട്ടിക്കൊണ്ടു പോയി. കാര്യം കഴിഞ്ഞു വിദേശത്തേക്ക് കടത്താനായിരുന്നു പരിപാടി. ഇവനും ഇവന്റെ തന്തക്കും ഉള്ള പ്രധാന ബിസിനസ്‌ എന്താണെന്നു അറിയാമോ?. പാവപെട്ട  അന്യമതസ്ഥരായ ആളുകളുടെ വീടുകളിലെ പെൺകുട്ടികളെ ആളുകളെ വിട്ടു സ്നേഹം നടിച്ചു വശത്താക്കി കൊണ്ടുപോയി പീഡിപ്പിച്ചു ട്രാപ്പിലാക്കി വിദേശത്തേക്ക് കടത്തുക. അതിന്റെ കേരളത്തിലെ ഏജ്‌ജന്റ് ആണ് ഇവനും ഇവന്റെ അപ്പനും. ഉമ്മയുടെ മകൾക്കു ഭാഗ്യമുണ്ട്. അതുകൊണ്ടാ ഇപ്പോൾ ഇവിടെ നിൽക്കുന്നത് ഒരു പോറൽ പോലും ഏൽക്കാതെ “

ആൻഡ്രൂസ് പറഞ്ഞത് കേട്ടു ആയിഷ നസിയയെ നോക്കി.

“അയാൾ പറഞ്ഞത് അക്ഷരം പ്രതി സത്യമാണ് ഉമ്മ. നമ്മള് ചതിക്കപെടുകയായിരുന്നു. പ്രായപൂർത്തിയായ പെണ്മക്കളെ, അന്തസ്സ് കാണിക്കാൻ  ഏതെങ്കിലും പണവും സ്വത്തും  ഉള്ളവന്റെ തലയിൽ കെട്ടി വയ്ക്കാൻ ഇറങ്ങുമ്പോൾ ഓർക്കണം ആഗ്രഹങ്ങളും  സ്വൊപ്നങ്ങളും ഉള്ള ഒരു മനുഷ്യ ജീവിയാണ് തങ്ങളുടെ മകൾ എന്ന്. ഭാരമൊഴിച്ചു കടമതീർക്കാൻ എവിടെയെങ്കിലും കൊണ്ട് തള്ളേണ്ട വസ്തുവല്ല പെണ്മക്കൾ എന്ന് “

നസിയ പറഞ്ഞിട്ട് വേഗം വീടിനുള്ളിലേക്ക് നടന്നു.

“തല്ലി കൊല്ലെടാ എന്റെ മോളെ തട്ടിക്കൊണ്ടു പോകാൻ നോക്കിയ ആ കള്ള ഹിമാറിനെ “

അലി സാഹിബ്‌ നിലത്തു കിടക്കുന്ന സഫീറിനെ നോക്കി മുറ്റത്തു നിന്നവരോടായി അലറി.

അതേ നിമിഷം ഗേറ്റ് കടന്നു രണ്ട് ഒരു ജിപ്സിയും ഒരു കാറും വന്നു നിന്നു.

കാറിൽ നിന്നും ഹക്കിംമും ബീവിയും പുറത്തിറങ്ങി. ജിപ്സിയിൽ വന്നവരും വണ്ടിയിൽ നിന്നും പുറത്തിറങ്ങി നിന്നു.

“മോനെ.. നിനക്കെന്ത് പറ്റിയെടാ… ആരാ നിന്നോട് ഈ ചതി ചെയ്തത് “

ബീവി ഓടി വന്നു ചോരയൊലിപ്പിച്ചു കൊണ്ട് മുറ്റത്തിരിക്കുന്ന സഫീറിന്റെ അടുത്തേക്ക് ഓടി വന്നു.

“ഏതു നായീന്റെ മോനാടാ എന്റെ മോന്റെ ദേഹത്ത് കൈ വച്ചത് “

ഹക്കിം കലികൊണ്ട് വിറച്ചു മറ്റുള്ളവരെ നോക്കി.

“എടാ ഹക്കിംമേ… നിന്റെ മോനെ, ഈ കള്ള പന്നിയെ തല്ലുകയല്ല, കൊന്ന് കുഴിച്ചു മൂടുകയാ വേണ്ടത്. അവന് വേണ്ടി കല്യാണം ഉറപ്പിച്ച എന്റെ മോളെയാ അവൻ ആളുകളെ വിട്ടു തട്ടിക്കൊണ്ടു പോയി തന്തയില്ല തരം കാണിച്ചത്. നീയും നിന്റെ മോനും കാണിക്കുന്ന നാ &*@തരത്തിനു തീർത്തു കളയുകയാ വേണ്ടത്. പെണ്ണുങ്ങളെ വിറ്റാണോടാ ചെകുത്താനെ കാശ് ഉണ്ടാക്കുന്നത് “

അലി സാഹിബ്‌ ഹക്കിംമിനെ നോക്കി മുരണ്ടു കൊണ്ട് തന്റെ ആളുകൾക്ക് നേരെ നോട്ടം തിരിച്ചു.

അത് കേട്ടു ഹക്കിം ഒന്ന് സംശയിച്ചു നിന്നു.

“നീ എന്തൊക്കെ അസബദ്ധങ്ങൾ ആണ് അലി വിളിച്ചു പറയുന്നത്.പെണ്ണുങ്ങളെ കടത്തിയെന്നോ? ആര്?നിന്റെ മോളെ  തട്ടിക്കൊണ്ടു പോയെന്നോ? അതും എന്റെ മോൻ… ഇതൊക്കെ ആരാ പറഞ്ഞത് “

ഒന്നും അറിയാത്ത ഭാവം നടിച്ചു കൊണ്ട് ഹക്കിം അലിയെ നോക്കി.

“ദേ… ആ വണ്ടിയിൽ ചാരി നിൽക്കുന്നവനാ പറഞ്ഞത് ഇതൊക്കെ. മാത്രമല്ല നിന്റെ മകന്റെ കയ്യിൽ നിന്നും എന്റെ മോളെ രക്ഷപ്പെടുത്തി കൊണ്ട് വന്നത് ഇവനാ. അതുകൊണ്ട് തന്നെ ഇവൻ പറഞ്ഞതിൽ സത്യമുണ്ടെന്നു എനിക്ക് മനസ്സിലായി.  നീ അധികം ഉരുണ്ടു കളിക്കണ്ട. എന്റെ മോളുടെ ദേഹത്ത് കേറി പിടിച്ച ഇവന്റെ പൂതി ഇവിടെയിട്ടു തീർത്തിട്ടെ ഞാൻ വിടത്തൊള്ളൂ.”

അലി ക്രോധത്താൽ മുരണ്ടു.

“അടിക്കെടാ എന്റെ മോന്റെ ദേഹത്ത് തൊട്ട ഈ കഴു &*%@യെ “

ഹക്കിം ആൻഡ്രൂസിന്റെ നേരെ വിരൽ ചൂണ്ടികൊണ്ട് ജിപ്സിയിൽ വന്നവരോട് ആഞാപിച്ചു.

അവർ ആൻഡ്രൂസിന്റെ നേരെ നടന്നടുത്തു. അതേ സമയം അലി സാഹിബിന്റെ ആളുകൾ അവരെ തടയാൻ തയ്യാറെടുത്തു.

“എന്റെ മുറ്റത്തു വച്ചു അവന്റെ രോമത്തിൽ നീയൊന്നും തൊടതില്ല.എന്നാൽ നിന്റെ മോന്റെ രോമം മാത്രമല്ല അവന്റെ തൊലിവരെ ഉരിച്ചെടുക്കും ഞാൻ “

അലി സാഹിബും കൈചൂണ്ടി ഗർജിച്ചു കൊണ്ട്  സഫീറിന്റെ അടുത്തേക്ക് നടന്നടുത്തു.

ജിപ്സിയിൽ വന്നവരിൽ ഒരുത്തൻ ഇടയിലൂടെ വന്നു ആൻഡ്രൂസിന്റെ മുഖത്തടിക്കാൻ കയ്യോങ്ങി.ആൻഡ്രൂസ് അവന്റെ കയ്യിൽ പിടിച്ചു മുൻപോട്ടു വലിച്ചു കയ്യിലിരുന്ന എരിയുന്ന സിഗർറ്റ് കുറ്റി അവന്റെ കൈത്തണ്ടയിൽ കുത്തി പിടിച്ചു. വേദനകൊണ്ട് പുളഞ്ഞ അവനെ  ഒമിനിക്കുള്ളിലേക്ക് കുനിച്ചു നിർത്തി ആഞ്ഞൊരു ചവിട്ട് കൊടുത്തു. വാനിനുള്ളിലൂടെ മറുഭാഗത്തെ ഡോറിന്റെ ചില്ല് തകർത്തു കൊണ്ട് അവൻ പുറത്തേക്കു തെറിച്ചു വീണു.

അപ്പോഴേക്കും അലി സാഹിബിന്റെയും ഹക്കീംമിന്റെയും ആളുകൾ തമ്മിൽ ചേരി തിരിഞ്ഞു അടി തുടങ്ങിയിരുന്നു. തെറിവിളികളും പോർവിളികളും കൊണ്ട് അന്തരീക്ഷം മുഖരിതമായി..

ആൻഡ്രൂസ് ഗേറ്റിനു നേരെ നടക്കുമ്പോൾ ഗേറ്റിനു പുറത്തു ടോമിച്ചന്റെ ജീപ്പ് വന്നു നിന്നു. പുറകെ സി ഐ മൈക്കിളും,എസ് ഐ മോഹനനും കോസ്റ്റബിൾമാരും അടങ്ങിയ സംഘം പോലീസ് ജീപ്പിലുമെത്തി.

“സാറെ എന്നെ കൊണ്ട് ചെയ്യാവുന്നത് ചെയ്തിട്ടുണ്ട്. പെണ്ണുകടത്തലിനു അപ്പനെയും മോനെയും കയ്യോടെ പൊക്കിക്കോ. ടീവി യിലും പത്രങ്ങളിലും വാർത്തവരാൻ തുടങ്ങിക്കാണും. ഇതു കഴിയുമ്പോൾ സാറിന് ഒരു പ്രമോഷൻ ഉറപ്പാ.അന്തരാഷ്ട്ര പെണ്ണുകടത്തൽ വിഷയമാ, വാർത്ത കുറച്ചു നാളത്തേക്ക് കത്തി നിൽക്കും  “

ആൻഡ്രൂസ് ജീപ്പിൽ നിന്നും ഇറങ്ങിയ സി ഐ മൈക്കിളിനോട് പറഞ്ഞു.

“മൈക്കിൾ സാറെ… അവരോടുള്ള കൂറൊക്കെ മാറ്റിവച്ചിട്ടു സ്മാർട്ടായി പോയി പൊക്കിയെടുത്തു ജീപ്പിലിട്ടോ. അതല്ല വല്ല ഉഡായിപ്പും കാണിക്കാനാണെങ്കിൽ ടോമിച്ചന്റെ തനി സ്വഭാവം കാണും. കാക്കിയും തൊപ്പിയും മാത്രമല്ല ഇട്ടിരിക്കുന്ന അണ്ടർ വെയർ വരെ പോകും. സാറിനെക്കാളും വലിയവൻ വെല്ലുവിളിച്ചതാ.. ഒന്ന് ഇരുണ്ടു വെളുത്തപ്പോഴേക്കും ജോലിയും പോയി ജയിലിലും ആയി. അത്കൊണ്ട് സാറ് ചെന്നു ഡ്യൂട്ടി ചെയ്യ് “

ജീപ്പിൽ നിന്നും ഇറങ്ങി അടുത്തേക്ക് ചെന്നു ടോമിച്ചൻ സി ഐ മൈക്കിളിനോട് പറഞ്ഞു.

മൈക്കിൾ ടോമിച്ചനെ രൂക്ഷമായി നോക്കിയിട്ട് എസ് ഐ മോഹനന്റെ നേരെ തിരിഞ്ഞു.

“പോയി എടുത്തിട്ടു ചാമ്പി ആരെയാണെങ്കിൽ തൂക്കിയെടുത്തോണ്ട് വാടോ.മന്ത്രിതലത്തിൽ നിന്നും നിർദേശം ഉണ്ട്. ആരായാലും പൊക്കിക്കോളാൻ.ചെയ്തതും തെളിയാതെ കിടക്കുന്ന കേസുകളും എല്ലാം ഇവന്മാരുടെ തലയിൽ കെട്ടി എഫ് ഐ ആർ എഴുതി ഒരിക്കലും പുറം ലോകം കാണിക്കാത്ത തരത്തിൽ എഴുതിക്കോണം  . വമ്പൻ ഷോട്ടുകളാ. രാജ്യത്തിനകത്തും പുറത്തും നെറ്റ്‌വർക്ക് ഉള്ളവർ. ഇവന്മാർ പുറത്തിറങ്ങിയാൽ നമ്മളെ തീർക്കും. ആരും കാണത്തില്ല സഹായത്തിന്.അതുകൊണ്ട് തന്റെയും എന്റെയും രക്ഷക്ക് വേണ്ടി പറയുകയാ. ഈ കേസോടെ ഊരിപോരാൻ പറ്റാത്ത രീതിയിൽ   തീർത്തേക്കണം. വാളൂര് പോലുള്ള കുരുട്ടുബുദ്ധി വക്കീലന്മാർക്ക്‌  പോലും വന്നു ഇവന്മാരെ രക്ഷപ്പെടുത്താൻ പറ്റാത്ത രീതിയിൽ നാറ്റിച്ചു തുലച്ചു കളഞ്ഞേക്കണം.  ആരുടെയും കാലുനക്കാതെ ഒരു പ്രേമോഷൻ കിട്ടുകയാണെങ്കിൽ കിട്ടട്ടെ “

മൈക്കിൾ നിർദേശിച്ചത്  കേട്ടു മോഹനൻ കോൺസ്റ്റബിൾ മാരെ നോക്കി.

“സാറെ.. അവിടെ അടി തുടങ്ങിയതേ ഉള്ളു. അടികൊണ്ടു കുറച്ചു പേര് വീഴട്ടെ. എല്ലാം അവശതയിൽ എത്തുമ്പോൾ നമുക്ക് പോയി പൊക്കാം. അതുവരെ ഫ്രീ ആയി അവന്മാരുടെ അടി കണ്ടു നിൽക്കാം “

മോഹനൻ തലയിലെ തൊപ്പി നേരെ വച്ചു കൊണ്ട് പറഞ്ഞു.

“എടാ ആൻഡ്രൂ… വാ നമുക്ക് പോയേക്കാം. പൂച്ചക്ക് പൊന്നുരുക്കുന്നിടത്തു എന്ത് കാര്യം.”

ടോമിച്ചൻ പറഞ്ഞിട്ട് ജീപ്പിൽ കേറി. പുറകെ ആൻഡ്റൂസും.

“അപ്പോ സാറുന്മാരെ.. എല്ലാം പറഞ്ഞപോലെ. പോട്ടെ “

ജീപ്പ് തിരിച്ചു കൈ വീശി കാണിച്ചു ടോമിച്ചൻ. അകന്നു പോകുന്ന ജീപ്പ് നോക്കി നിന്ന സി ഐ മൈക്കിൾ മോഹനന് നേരെ തിരിഞ്ഞു.

“ആരാടോ അവൻ, ആ ടോമിച്ചൻ. അവന് മുകളിലേക്കു നല്ല പിടിപാട് ആണല്ലോ “?

മൈക്കിളിന്റെ ചോദ്യം കേട്ട് മോഹനൻ ഒന്ന് ചിരിച്ചു.

“കുട്ടിക്കാനതുള്ളതാ… ഒടക്കാൻ പോയ പോലീസുകാരുടെയും എം ൽ എ മാരുടെയും പണിയും പോയിട്ടുണ്ട്. കളസവും കീറിയിട്ടുണ്ട്. അതുകൊണ്ട് അയാളെ പിണക്കാത്തെ ഇരിക്കുന്നതാ ബുദ്ധി. സാറിനും അനുഭവം ഉണ്ടല്ലോ. അയാള് ഒന്നും ഇല്ലായ്മയിൽ നിന്നും ചങ്കൂറ്റം കൊണ്ട് ഉയർന്നു വന്നവനാണ്. അതുകൊണ്ട് മുട്ടാൻ പോയാൽ മുട്ടിലിഴയും പോകുന്നവൻ.നമുക്ക് കുടുംബവും കുട്ടികളും പ്രാരാബ്ദവും ഒക്കെയുള്ള ആളുകളല്ലേ സാറെ. കിട്ടിയ ജോലി നേരെ ചൊവ്വേ ചെയ്തു മാന്യമായി ജീവിച്ചാൽ ആരെയും പേടിക്കണ്ടല്ലോ. വയസ്സാം കാലത്തു പെൻഷൻ മേടിച്ചു പട്ടണി ഇല്ലാതെ കഴിയാം “

മോഹനൻ പറഞ്ഞത് കേട്ടു മൈക്കിൾ ഒന്ന് മൂളി.

അപ്പോഴും വീടിന്റെ മുറ്റത്തു നിന്നും അടിയുടെയും നിലവിളികളുടെയും ശബ്‌ദം ഉയർന്നു കൊണ്ടിരുന്നു.

********************************************

രാത്രിയിൽ അത്താഴം കഴിഞ്ഞു ടോമിച്ചനും ആൻഡ്റൂസും കൂടി മുറ്റത്തിരുന്നു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പെരുമ്പാവൂർ ഹോളി ഏഞ്ചൽ മാനസികാരോഗ്യകേദ്രത്തിൽ നിന്നും റോസ്‌ലിന്റെ ഫോൺ വന്നത്. ടോമിച്ചൻ ഫോണെടുത്തു.

ടോമിച്ചൻ കുറച്ചു നേരം റോസ്‌ലിനു മായി സംസാരിച്ചശേഷം ഫോൺ ഡിസ്കണക്ട് ചെയ്തു.

“ആൻഡ്രൂസ് സെലിനമ്മക്ക് ഇടക്കിടക്ക് സ്വബോധം വരുന്നുണ്ട്. ഓർമ്മയിൽ പരതി. ആരെയൊക്കെയോ അന്വേഷിക്കുന്നുണ്ട്. അതാരെയൊക്കെ ആണെന്ന് അറിയണമെങ്കിൽ നമുക്ക് നാളെ അവിടം വരെ പോകേണ്ടി വരും. ചിലപ്പോൾ അവരുടെ ബന്ധുക്കളെയോ, മറ്റ് അറിയാവുന്ന ആരെയെങ്കിലുമോ  ആയിരിക്കാം.”

പറഞ്ഞു കൊണ്ട് ടോമിച്ചൻ ഒരു ബീഡി കത്തിച്ചു വലിച്ചു കൊണ്ട് മറ്റൊരു ബീഡി കത്തിച്ചു ആൻഡ്രൂസിന്റെ നേരെ നീട്ടി.

“ടോമിച്ചാ, റോസ്‌ലിന്റെ അമ്മ സെലിനാമ്മ ആണെങ്കിൽ അവരുടെ ഭർത്താവ് ആരായിരിക്കും. എവിടെ ആയിരിക്കും “? അത് നമുക്ക് കണ്ടു പിടിക്കണ്ടേ “

മൂക്കിലൂടെ പുക പുറത്തേക്കു വിട്ടു കൊണ്ട് ആൻഡ്രൂസ് ടോമിച്ചനെ നോക്കി.

“വേണം..അന്വേഷിക്കാം  “

എന്തോ ആലോചിച്ചു കൊണ്ട് ടോമിച്ചൻ ബീഡിയുടെ അറ്റത്തുള്ള ചാരം തട്ടികളഞ്ഞു.

“മക്കളെ.. പുറത്തിരുന്നു തണുപ്പടിക്കാതെ അകത്ത് പോയി കിടക്ക്. നല്ല മഞ്ഞു വീഴ്ചയുണ്ട്. “

ശോശാമ്മ വാതിൽക്കൽ വന്നു ടോമിച്ചനെയും ആൻഡ്രൂസിനെയും നോക്കി വിളിച്ചു പറഞ്ഞു.

“മോള് ഉറങ്ങിയോ അമ്മച്ചി, എങ്കിൽ അമ്മച്ചിയും പോയി കിടന്നുറങ്ങിക്കോ, മോളെയും അമ്മച്ചിയുടെ കൂടെ കിടത്തിക്കോ. ഞങ്ങൾക്ക് പുലർച്ചെ പെരുമ്പാവൂർ വരെ പോണം “

ടോമിച്ചൻ ശോശാമ്മയോട് പറഞ്ഞു.

“എന്ന ഞാൻ കിടക്കാൻ പോകുവാ. മോള് മുറിയിൽ ഒറ്റക്ക “

ശോശാമ്മ പറഞ്ഞിട്ട് അകത്തേക്ക് പോയി.

കുറച്ചു നേരം കൂടി സംസാരിച്ചശേഷം ടോമിച്ചനും ആൻഡ്റൂസും കിടക്കുവാൻ പോയി.

പുലർച്ചെ ടോമിച്ചനും ആൻഡ്റൂസും പെരുമ്പാവൂർക്കു യാത്ര തിരിച്ചു.

പത്തുമണി ആയപ്പോൾ അവർ മാനസികാരോഗ്യകേന്ദ്രത്തിൽ എത്തി.

അവരെയും പ്രതീക്ഷിച്ചു റോസ്‌ലിൻ ജിക്കുമോനെയുംക്കൊണ്ട് മുറ്റത്തു നിൽപ്പുണ്ടായിരുന്നു.

ജീപ്പ് നിർത്തി ടോമിച്ചനും ആൻഡ്രൂസും പുറത്തിറങ്ങി റോസ്‌ലിന്റെ അടുത്തേക്ക് ചെന്നു.

ആൻഡ്രൂസിനെ കണ്ടു ജിക്കുമോൻ ഓടി ചെന്നു കെട്ടിപിടിച്ചു. ആൻഡ്രൂസ് ജിക്കുമോനെ പൊക്കിയെടുത്തു കവിളിൽ ഒരുമ്മകൊടുത്തു. അവന്റെ കുഞ്ഞി കണ്ണുകളിൽ  മുഖത്തു സന്തോഷം അലതല്ലി.

“ടോമിച്ചായാ.. അമ്മച്ചി ഇടക്കൊക്കെ എന്തൊക്കെയോ പറയുന്നുണ്ട്. പിന്നെ ഏതോ ഒരു ഫാദറിന്റെ പേരും പറയുന്നുണ്ട്. ഒന്നും മനസ്സിലാകുന്നില്ല “

അകത്തേക്ക് നടക്കുന്നതിനിടയിൽ റോസ്‌ലിൻ പറഞ്ഞു.

“വാ.. നിങ്ങൾ വന്നാൽ മദറിന്റെ റൂമിലേക്ക്‌ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.”

അവർ നടന്നു മദർ സൂപ്പീരിയർ അൽഫോൻസയുടെ റൂമിനു മുൻപിൽ എത്തി.

“നിങ്ങൾ രണ്ടുപേരും അകത്തോട്ടു ചെല്ല്. ഞാനിവിടെ നിൽക്കാം “

റോസ്‌ലിൻ ടോമിച്ചനോടും ആൻഡ്രോസിനോടും പറഞ്ഞിട്ട് ജിക്കുമോനെ മേടിച്ചു.

ടോമിച്ചനും ആൻഡ്റൂസും റൂമിനുള്ളിലേക്ക് ചെന്നു. നേരത്തെ കണ്ടു പരിചയമുള്ളത് കൊണ്ട് സിസ്റ്റർ  അൽഫോൻസാ ചിരിയോടെ അവരോടു കസേര ചൂണ്ടിയിരിക്കാൻ പറഞ്ഞു.

“മദർ… എന്താ അന്വേഷിച്ചത്?സെലിനമ്മക്ക് എന്തെങ്കിലും പുരോഗതി”

ടോമിച്ചൻ ചോദ്യഭാവത്തിൽ അൽഫോൻസായെ നോക്കി.

“ടോമിച്ചൻ… ഇടക്ക് സെലിനമ്മ ആരുടെയൊക്കെയോ കാര്യം പറയുന്നുണ്ട് എന്ന് റോസ്‌ലിൻ പറഞ്ഞത് കേട്ടു ഞങ്ങൾ സ്പീച് തെറാപ്പിസ്റ് ജോസിനെ കൊണ്ട് സെലിനമയെ പരിശോധിച്ചു. വളരെ സമയത്തെ പരിശ്രമത്തിന് ശേഷം ഒരു കാര്യം വ്യെക്തമായി. അവർ പറയുന്ന പേര് ഒരു ഫാദർ ബെനഡിക്ടിനെ ക്കുറിച്ചാണ്. ആ ഫാദറിനെ കുറച്ചു ഞങ്ങൾ അന്വേഷിച്ചു. അപ്പോൾ കിട്ടിയ വിവരമനുസരിച്ചു ഇപ്പോൾ ഫാദർ ബെനഡിക്ട് ഉള്ളത് ചാലക്കുടിക്കു അടുത്തുള്ള ഒരു സെന്ററിൽ ആണ്. പ്രായമായ അച്ചന്മാർ അവസാനകാലം കഴിച്ചു കൂട്ടുന്ന സ്ഥലം. ഫാദറിന് നല്ല പ്രായമുണ്ട്. ഞാൻ സെലിനമയുടെ ഫോട്ടോ പതിച്ച,അവരിവിടെ വന്നത് മുതലുള്ള വിവരങ്ങൾ അടങ്ങിയ ഫൈയലിന്റെ കോപ്പി എടുത്തു തരാം. അതുമായി നിങ്ങൾ ഫാദറിനെ പോയി കാണണം. ചിലപ്പോൾ ആ ഫാദറിന് സെലിനമയേ കുറിച്ചുള്ള വിവരങ്ങൾ അറിയാമെങ്കിലോ? അപ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ വ്യെക്തമാകും. ഇതു പറയാനാണ് വിളിച്ചത്. പിന്നെ റോസ്‌ലിൻ ഔട്ട്സ്റ്റാൻഡേറേ ഞങ്ങൾ ഇവിടെ നിർത്താറില്ല. പക്ഷെ ജീവിതത്തിൽ ഒറ്റപെട്ടു ഒരുപാടു ദുരിതങ്ങൾ അനുഭവിച്ച ആ പെൺകുട്ടിക്ക് തന്റെ അമ്മയെ തിരിച്ചു കിട്ടി എന്നറിഞ്ഞപ്പോൾ ഉള്ള, സന്തോഷം, പിന്നെ അമ്മയുടെ അടുത്ത് കുറച്ചു ദിവസം നിൽക്കണമെന്ന അവളുടെ അപേക്ഷ,കേട്ടപ്പോൾ തള്ളിക്കളയാൻ തോന്നിയില്ല. അതുകൊണ്ടാണ് ഇവിടെ നിർത്തിയത്. എപ്പോ നോക്കിയാലും സെലിനമയെയും നോക്കി മുറിക്കു പുറത്തു ഒരേ ഇരിപ്പാ.ഓർക്കപ്പുറത്തു വന്നു കിട്ടിയതല്ലേ അവൾക്കു അമ്മയെ. പക്ഷെ കിട്ടിയപ്പോൾ അവളുടെ അമ്മച്ചിയുടെ അവസ്ഥ ഇങ്ങനെയുമായി “

ഒരു ദീർഘാനിശ്വാസം എടുത്തു അൽഫോൻസാ കസേരയിലേക്ക് ചാരി ഇരുന്നു.

“എന്റെ മനസ്സ് പറയുന്നു റോസ്‌ലിന്റെ കണ്ണുനീർ കർത്താവ് കാണുന്നുണ്ട് എന്ന്. അതുകൊണ്ട് നിങ്ങൾ എത്രയും പെട്ടെന്ന് ആ ഫാദറിന്റെ അടുത്തെത്തണം. പറ്റുമെങ്കിൽ ഇന്ന് തന്നെ “

മദർ അൽഫോൻസാ ടേബിളിന്റെ പുറത്തിരുന്ന ബെല്ലിൽ വിരലമർത്തി.

അൽപ്പനിമിഷത്തിനുള്ളിൽ മറ്റൊരു സിസ്റ്റർ മുറിക്കുള്ളിലേക്ക് വന്നു.

“സിസ്റ്ററെ മരിയ.. ആ ബ്ലോക്ക്‌ ബി, റൂം നമ്പർ 15 ഇൽ ഉള്ള സെലിനമയുടെ ഫയൽ എടുത്തു, അതിന്റെ പ്രിന്റ് ഔട്ട്‌ എടുത്തു കൊണ്ട് വരൂ “

അൽഫോൻസാ നിർദേശിച്ചു.

“ശരി സിസ്റ്റർ… ഇപ്പൊ കൊണ്ടുവരാം “

സിസ്റ്റർ മരിയ പുറത്തേക്കു പോയി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ സിസ്റ്റർ ഒരു ഫയൽ കൊണ്ടുവന്നു അൽഫോൻസക്ക് നേരെ നീട്ടി.

അൽഫോൻസാ അത് മേടിച്ചു മറച്ചു നോക്കി ഉറപ്പിച്ച ശേഷം ടോമിച്ചന് നേരെ നീട്ടി.

“അപ്പോ കർത്താവ് അനുഗ്രഹിക്കട്ടെ. പോയി വാ. എല്ലാം നന്നായി വരും “

ടോമിച്ചൻ ഫയൽ മേടിച്ചു എഴുനേറ്റു ഒപ്പം ആൻഡ്റൂസും. യാത്രപറഞ്ഞു പുറത്തേക്കിറങ്ങിയ റോസ്‌ലിന്റെ അടുത്തേക്ക് ചെന്നു. സെലിനമാ കിടക്കുന്ന മുറിയുടെ പുറത്തിരിക്കുകയായിരുന്നു അവളും ജിക്കുമോനും.

“എന്ത് പറഞ്ഞു മദർ “

കസേരയിൽ നിന്നും എഴുനേറ്റു ആകാംഷയോടെ റോസ്‌ലിൻ അവരെ നോക്കി.

മദർ അൽഫോൻസാ പറഞ്ഞ കാര്യങ്ങൾ ആൻഡ്രൂസ് റോസ്‌ലിനോട് പറഞ്ഞു.

“അപ്പോ ഫാദറിനെ കണ്ടാൽ എല്ലാകാര്യങ്ങളും അറിയാൻ കഴിയുമായിരിക്കും അല്ലെ “

റോസ്‌ലിന്റെ മുഖത്തു ഒരു സന്തോഷം മിന്നിമറയുന്നത് ടോമിച്ചൻ കണ്ടു.

“അങ്ങനെ പ്രതീക്ഷിക്കാം. ഞങ്ങൾ ഇപ്പൊ തന്നെ ചാലക്കുടിക്കു പോകുവാ. പ്രാത്ഥിച്ചോ. എല്ലാം ശരിയാകും “

പറഞ്ഞിട്ട് ടോമിച്ചൻ മുറിക്കുള്ളിലേക്ക് നോക്കി. സെലിനമ്മ ഉറക്കത്തിൽ ആണ്. രാവിലെ കൊടുത്ത മരുന്നിന്റെ സെടേഷനിൽ ആണെന്ന് തോന്നുന്നു.

“ഞങ്ങൾ പോയിട്ടു വരാം “

ടോമിച്ചൻ പറഞ്ഞിട്ട് ആൻഡ്റൂസുമായി പുറത്തേക്കിറങ്ങി.

“ടോമിച്ചാ.. ഈ പോക്ക് എന്തിന്റെയൊക്കെയോ ഒരു തുടക്കം ആണെന്ന് എനിക്ക് തോന്നുന്നു. റോസ്‌ലിന് അവളുടെ യഥാർത്ഥ രക്തബന്ധങ്ങളെ തിരികെ കിട്ടാൻ പോകുന്നു എന്ന് മനസുപറയുന്നു. എനിക്ക് വളരെ സന്തോഷം തോനുന്നെടാ ടോമിച്ചാ. ആരുമില്ലാതെ ഭൂമിയിൽ ഒറ്റപെട്ടു ജീവിക്കുന്നവന്റെ അവസ്ഥ എന്താണെന്നു നിനക്കറിയാമോ? അനുഭവിച്ചിട്ടുണ്ടോ? ചങ്ക് പറഞ്ഞു പോകുന്ന വേദനയും നീറ്റലും അടങ്ങിയ ഒരവസ്ഥയാ. പറഞ്ഞാൽ മനസ്സിലാകാതില്ല. അനുഭവിക്കണം. ഇത്രയും വർഷം ഞാൻ അനുഭവിച്ചതും അതായിരുന്നെടാ.ഇനി അങ്ങോട്ട്‌ അനുഭവിക്കാൻ പോകുന്നതും അത് തന്നെ. രക്തബന്ധം കാശുകൊടുത്താൽ കിട്ടുന്നതല്ലല്ലോ.വിധിയാ…. എന്തായാലും റോസ്‌ലിനു അവളുടെ അമ്മയെ കിട്ടി. ഇനി ആരൊക്കെയോ അവളെ തേടി വരാനുമുണ്ട്.”

ജീപ്പിലേക്കു കയറി ഇരുന്നു ടോമിച്ചനെ നോക്കി ആൻഡ്രൂസ് പറഞ്ഞു.

“എടാ ആൻഡ്രൂ, നമ്മള് പരിചയപ്പെട്ടത് മുതൽ നീ എനിക്ക് എന്റെ കൂട്ടുകാരനോ, സഹോദരനോ ആരൊക്കെയോ ആണ്. അമ്മച്ചിക്കാണെങ്കിൽ നിന്നെ ജീവനാ. എന്റെ രണ്ടുമക്കളിൽ ഒരാളാണ് നീ എന്ന പറയുക. അപ്പോ നീ എങ്ങനെ ആരുമില്ലാത്തവൻ ആകും. ങേ “

ചോദിച്ചു കൊണ്ട് ടോമിച്ചൻ ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു മുൻപോട്ടെടുത്തു.

ചാലക്കുടി ലക്ഷ്യമാക്കി ജീപ്പ് ഓടിക്കൊണ്ടിരുന്നു.

                                 (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!