അലറി കരഞ്ഞു കൊണ്ട് തലയ്ക്കു കൈകൊടുത്തു നിലത്തിരുന്ന ടോമിച്ചൻ പതിയെ തലപൊക്കി നോക്കി.
ഭരതൻ നിലത്തു നിന്നും പതുക്കെ എഴുന്നേറ്റു വാനിനടുത്തേക്ക് വേച്ചു വേച്ചു നടക്കുവാൻ തുടങ്ങുകയാണ്.
ചാടിയെഴുന്നേറ്റ ടോമിച്ചൻ ഭരതന് നേരെ പാഞ്ഞു. നിലത്തു കിടന്ന ഒരുത്തനെഴുനേറ്റു ടോമിച്ചനെ തടയുവാൻ നോക്കി.
കൈചുരുട്ടിയുള്ള ടോമിച്ചന്റെ ഒറ്റയിടിക്കു തന്നെ അവന്റെ മൂക്കിന്റെ പാലമൊടിഞ്ഞു,മുഖം ചതഞ്ഞു വായിൽ നിന്നും രക്തം തെറിച്ചു.
നിലവിളിയോടെ നിലത്തേക്ക് മറിഞ്ഞ അവനെ വട്ടത്തിൽ പൊക്കി എടുത്തു കൊക്കക്ക് നേരെയെറിഞ്ഞു. വായുവിൽ കൈകാലിട്ടടിച്ചു അവൻ കൊക്കയുടെ ഗർധത്തിലേക്ക് താഴ്ന്നു താഴ്ന്നു പോയി.
വാനിലേക്ക് കയറാൻ തുടങ്ങിയ ഭാരതന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു പുറകിലേക്ക് വലിച്ചു.
ഭരതൻ ഭയത്തോടെ തിരഞ്ഞു കൈകൂപ്പി.
“ടോമിച്ചാ.. എന്നെ ഒന്നും ചെയ്യരുത്. ഞാനിനി ഈ പരിസരത്ത് പോലും വരില്ല. ഇനി നാടുവിട്ടു പോണോ. അതിനും തയ്യാറാ. ഒന്നും ചെയ്യല്ലേ ടോമിച്ചാ “
കരയുന്ന സ്വരത്തിൽ അപേക്ഷിക്കുന്ന ഭാരതന്റെ കണ്ണുകളിൽ ഭയം തേരട്ട പോലെ പുളയുന്നത് ടോമിച്ചൻ കണ്ടു.
“നിനക്ക് മരിക്കാൻ ഭയമുണ്ടല്ലേ. നിനക്ക് ജീവിക്കണം. അപ്പൊ സ്വൊന്തം അമ്മയെ തിരിച്ചറിഞ്ഞു ആ അമ്മയെ ഒന്ന് ചേർത്തു പിടിക്കാൻ, മകനാണെന്ന അവകാശത്തോടെ ആ മടിയിൽ ഒന്ന് തലചായ്ച്ചുറങ്ങാൻ കൊതിച്ച എന്റെ ആൻഡ്രൂസിനു ഇല്ലായിരുന്നോടാ ഈ കൊതി. സ്നേഹിച്ച പെണ്ണിനെ തിരിച്ചറിഞ്ഞു അത് അവളെ അറിയിക്കാനായി പോകാൻ തുനിഞ്ഞ ന്റെ ആൻഡ്രൂസിനു ഇല്ലായിരുന്നോടാ ജീവിതത്തോട് കൊതി.ഉണ്ടായിരുന്നു. ഒരു നല്ല ജീവിതം അവനാഗ്രഹിച്ചിരുന്നു. അവനെയാ നിന്റെ ചേട്ടനെന്നു പറയുന്ന ആ തന്തയില്ല കഴുവേറിയും, നീയും ചേർന്നു ഇല്ലാതാക്കിയത്. എന്റെ ആൻട്രുവിന്റെ അമ്മയോട്, എന്റെ ശോശാമ്മച്ചിയോട് ഞാനിനി എന്ത് പോയി പറയും.പറഞ്ഞു താടാ പട്ടി “
അലറിക്കൊണ്ട് മുട്ടുകാൽ മടക്കി ഭാരതന്റെ അടിവയർ നോക്കി ഒറ്റയിടി!!
ശ്വാസം വിലങ്ങി ഭരതൻ തെറിച്ചു ഒമിനി വാനിനുള്ളിലേക്ക് വീണു.
“അവൻ പോയ സ്ഥിതിക്കു നീ ഇനി ഈ ഭൂലോകത്തു കാണത്തില്ല. നീയും അറിയണം മഞ്ഞുവമിക്കുന്ന കൊക്കയുടെ അഗാധ ഗർധത്തിലേക്ക് കൈകാലിട്ടടിച്ചു താഴേക്കു പോകുമ്പോൾ ഉള്ള നിസ്സഹായ അവസ്ഥ.”
ഭരതനെ ഒമിനിക്കുള്ളിൽ ഇട്ടു ഒരു ചവിട്ട് കൊടുത്തു ഡോർ വലിച്ചടച്ചു.
ഇടിയേറ്റ് ചോരയൊലിപ്പിച്ചു വഴിയിൽ കിടന്നു ഞരങ്ങികൊണ്ട് കിടന്ന ഗുണ്ടകളെ ഓരോരുത്തരെയായി കൊണ്ടുവന്നു പുറകിലെ ഡോർ തുറന്നു ഉള്ളിലേക്കിട്ടു ബാക്ക് ഡോറും അടച്ചു. ഡ്രൈവിംഗ് സീറ്റിൽ കേറി സ്റ്റാർട്ട് ചെയ്യുവാരംഭിക്കുമ്പോൾ ആണ് മുൻപിലേക്കു ഒരു പോലിസ് ജീപ്പ് വന്നു നിന്നത്. അതിൽ നിന്നും എസ് പി വിദ്യാസാഗർ ഇറങ്ങി. കൂടെ എസ് ഐ മോഹനനും സി ഐ മൈക്കിളും… മൂന്നുനാല് പോലീസുകാരും..
എസ് പി വിദ്യാസാഗർ ഒമിനിയുടെ മുൻപിലേക്കു വന്നു ഡ്രൈവിംഗ് സീറ്റിനടുത്തെത്തി ടോമിച്ചനെ നോക്കി.
അപ്പോഴേക്കും ഒമിനിയുടെ ഡോറുകൾ പോലീസുകാർ തുറന്നിരുന്നു.
സി ഐ മൈക്കിളിനെ കണ്ടു ഭരതന്റെ മുഖത്തു ഒരു പ്രതിക്ഷ തെളിഞ്ഞു.
“മൈക്കിളെ..എന്റെ ചേട്ടനെ കൊക്കയിൽ ഇട്ട, എന്റെ പിള്ളേരെ തല്ലിയൊടിച്ച ഇവനെ വെറുതെ വിടരുത്.”
ഭരതൻ ടോമിച്ചന് നേരെ വിരൽ ചൂണ്ടി അലറി.
അതേ സമയം ഭരതന്റെ മുഖമടച്ചു സി ഐ മൈക്കിൾ ഒറ്റയടി!!
“പ്ഫ.. പന്ന റാസ്‌ക്കൽ.. സി ഐ യെ ക്കേറി മൈക്കിൾ എന്നോ? നിന്റെ തന്ത ആണോ എനിക്ക് പേരിട്ടത്. ആ പണ്ടത്തെ ഏറാൻ മൂളി മൈക്കിൾ അല്ല ഞാൻ. വിളിയെടാ പുല്ലേ സാറെ എന്ന് “
ഭരതനെ വാനിലേക്ക് ചേർത്തു വച്ചു അടിവയറിനു താഴെ ജനനേഡ്രിയത്തിൽ കേറി അള്ളി പിടിച്ചു ഒരു പൊക്കു പൊക്കി.
ഭരതനിൽ നിന്നും ഒരു നിലവിളി ഉയർന്നു.
“സാറെ… ഒന്നും ചെയ്യല്ലേ “
ഭരതൻ കരച്ചിലോടെ യാചിച്ചു.
“ഒന്നും ചെയ്യുന്നില്ല. ഏതെങ്കിലും മുറിയിൽ കൊണ്ടുചെന്നിട്ടു ചവിട്ടി നിന്റെ മൂത്രസഞ്ചി പൊട്ടിക്കും ഞാൻ. പോലീസുകാർ എപ്പോഴും കാശും സ്വാധീനവും ഉള്ളവന്റെ മുൻപിൽ കുനിഞ്ഞു നിൽക്കുമെന്ന് കരുതിയോട പന്നീ. വരാൽ ജെയ്‌സണെ കുത്തിമലർത്തിയതിന് പിന്നിൽ നീയാണെന്നു ഗുണ്ട ബിജു പറഞ്ഞിട്ടുണ്ട്. നീയങ്ങു അത് സമ്മതിച്ചാൽ നിന്റെ ശരീരത്തിലെ ഓരോ ഭാഗവും ഇരിക്കേണ്ടിടത്തു ഇരിക്കും. ഇല്ലെങ്കിൽ ഓരോന്നായി ഞാനിങ്ങു പറിച്ചെടുക്കും. പിന്നെ പറഞ്ഞില്ല കേട്ടില്ല എന്ന് പറഞ്ഞേക്കരുത് “
മൈക്കിൾ മുരണ്ടു കൊണ്ട് ഭരതന്റെ കയ്യിൽ വിലങ്ങണിയിച്ചു
“ഈ നാറിയ നിയമവും, മണിക്കൂറിനു ലക്ഷങ്ങൾ മേടിച്ചു വാദികളെ പ്രതികളാക്കുന്ന വക്കീലന്മാരും, അന്തവും കുന്തവും ഇല്ലാതെ വിധിപറയുന്ന ജഡ്ജിമാരും ഉള്ളപ്പോൾ ഇവനെപ്പോലെ കുറ്റം ചെയ്യുന്നവർ പാട്ടും പാടി നടക്കും. ഇതിന്റെ പുറകെ കാക്കിയിട്ടതിന്റെ പേരിൽ പ്രതികളെ പിടിച്ചു വിഡ്ഢികളാകുന്ന പോലീസുകാരും. അപ്പൊ പിന്നെ കുറ്റം ചെയ്തു കോടതിയിലെത്തി പുല്ലുപോലെ ഊരിപോരും എന്നുറപ്പുള്ളവനെ ഒറ്റയ്ക്ക് പിടിച്ചോണ്ട് പോയി ഇടിച്ചു കൂമ്പുവാട്ടി സത്യം പറയിപ്പിക്കുകയെ നിവർത്തിയുള്ളു.”
വിദ്യാസാഗർ പറയുന്നതിനിടയിൽ ടോമിച്ചൻ പുറത്തേക്കിറങ്ങി. ദേഹത്ത് അവിടവിടങ്ങളിൽ പറ്റിയ മുറിവുകളിൽ നിന്നും ചോരയോലിക്കുന്നുണ്ടായിരുന്നു.
“സാറെ… എന്റെ ആൻഡ്രൂസ് ആ കൊക്കയിലേക്ക് പോയി. ആ ഭദ്രനാണിത് ചെയ്തത്. എങ്ങനെയെങ്കിലും അവനെ ഒന്നാന്വേഷിക്കാൻ പറ്റുവോ “
ടോമിച്ചൻ കരഞ്ഞുകൊണ്ട് വിദ്യാസാഗറെ നോക്കി.
വിദ്യാസാഗർ കൊക്കയുടെ ഭാഗത്തേക്ക് ചെന്നു. കൂടെ മറ്റുള്ള പോലീസുകാരും.
“സാറെ ഈ കൊക്കയിൽ പോയാൽ പിന്നെ പൊടികിട്ടത്തില്ല. പോയവരാരും രക്ഷപെടാൻ സാധ്യത ഇല്ല. അല്ലെങ്കിൽ വല്ല ദൈവാനുഗ്രഹവും കൊണ്ട് പോകുന്ന വഴിയിൽ എവിടെയെങ്കിലും തങ്ങി കിടക്കണം. നേരം വെളുക്കാതെ താഴെക്കിറങ്ങിയുള്ള അന്വേഷണം നടക്കില്ല. മഞ്ഞും ഇരുട്ടും കാരണം ഒട്ടും നടക്കില്ല “
എസ് ഐ മോഹനൻ പറഞ്ഞു.
അത് കേട്ടുകൊണ്ട് ടോമിച്ചൻ ഒമിനിയിലേക്ക് ചാരി.
വിവരമറിയിച്ചതിനെ തുടർന്നു രാത്രി തന്നെ മൂന്നുനാല് വണ്ടികളിൽ രക്ഷപ്രവർത്തകർ എത്തി.
നേരം വെളുക്കുന്നതിനായി കാത്തിരുന്നു.
ടോമിച്ചൻ വിളിച്ചു പറഞ്ഞതനുസരിച്ചു ആന്റണിയും ഡേവിഡും ഒരു മണിക്കൂറിനുള്ളിൽ എത്തി.
“ആന്റണിച്ച.. നമ്മുടെ ആൻഡ്രൂ പോയി… ഒരുപാടു ആഗ്രഹത്തോടെ വന്നതാ എന്റെ കൂടെ അവൻ കുട്ടികാനതേക്ക്. ആ അവനാ ഇപ്പൊ…….”
ആന്റണി ടോമിച്ചനെ കെട്ടിപിടിച്ചു സമാധാനിപ്പിച്ചു.
“കരയാതെടാ ടോമിച്ചാ… നേരം പുലരാറാകുമ്പോൾ അന്വേഷണം തുടങ്ങും. നീ സമാധാനപ്പെട്. നമ്മുടെ ആൻഡ്രൂ ന് ഒന്നും സംഭവിക്കതില്ലെടാ. അവനെ അങ്ങനെയൊന്നും ഒരു മരണത്തിനും കൊണ്ടുപോകാൻ പറ്റുകേല. കാലനോട് പോടാ പുല്ലേ, നീ വിളിച്ചാൽ എനിക്ക് വരാൻ സൗകര്യപ്പെടുകേല എന്ന് പറഞ്ഞു ഒരു ബീഡിയും വലിച്ചു അവനിങ്ങു കേറി വരും. നീ നോക്കിക്കോ “
ആന്റണി തോളിൽ തട്ടി ടോമിച്ചനെ ആശ്വസിപ്പിച്ചു.
നേരം പുലർന്നപ്പോഴേക്കും അവിടെയാകെ ആളുകളെ കൊണ്ട് നിറഞ്ഞു, കേട്ടറിഞ്ഞും വഴിയിലൂടെ വാഹനങ്ങളിൽ പോകുന്നവരുമെല്ലാം അവിടെ തടിച്ചു കൂടി. രക്ഷപ്രേവർത്തകർ ജോലി ആരംഭിച്ചു. മുകളിലേക്കു മഞ്ഞു പൊങ്ങി കൊണ്ടിരിക്കുന്നതിനാൽ താഴേക്കിറങ്ങി ചെല്ലും തോറും പ്രവർത്തനം ദുഷ്കരമായി കൊണ്ടിരുന്നു.രാവിലെ പത്തുമണി കഴിഞ്ഞപ്പോൾ അറിയിപ്പ് കിട്ടി.ചിതറി തെറിച്ച തലയില്ലാത്ത കുറച്ചു ശരീരഭാഗങ്ങളും വസ്ത്രങ്ങളും കിട്ടിയതായി. ഇനിയും താഴെക്കിറങ്ങാൻ രക്ഷപ്രേവർത്തകർക്കു സാധിക്കാത്തത് കൊണ്ട് കിട്ടിയ ശരീരഭാഗങ്ങളുമായി അവർ തിരിച്ചു കയറി
പത്രണ്ടു മണിയായപ്പോൾ അവയെല്ലാം മുകളിലെത്തിച്ചു. ചതഞ്ഞു നുറുങ്ങിയ ശരീരഭാഗങ്ങൾ കണ്ടു ആളുകൾ തലതിരിച്ചു.
ശരീരഭാഗത്തിന്റെ കൂടെ കണ്ടെത്തിയ തോർത്ത് ആൻഡ്രൂസിന്റെ ആണെന്നറിഞ്ഞ ടോമിച്ചൻ സകലനിയത്രണങ്ങളും വിട്ടു അലറി കരഞ്ഞു.ആന്റണിയും ഡേവിഡും ഇടതും വലതും നിന്നു ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
ടി വി യുടെ മുൻപിലിരുന്നു ഉദാസീനമായി ചാനൽ മാറ്റികൊണ്ടിരുന്ന നസിയ ശ്രെദ്ധ പെട്ടന്ന് “മലയോരം വാർത്ത ” ചാനലിൽ ഉടക്കി നിന്നു.
ജീപ്പ് കൊക്കയിൽ പോയ വാർത്തയിലേക്ക് നോക്കിയിരുന്ന അവൾ അതിൽ ആൻഡ്രൂസ് എന്ന പേര് കണ്ടു. വാർത്തയുടെ സൂക്ഷ്മശംങ്ങളിലേക്ക് കടന്നതും അവൾ വിശ്വാസം വരാതെ ടി വി യിലേക്ക് വീണ്ടും വീണ്ടും നോക്കി. പിന്നെ ഒരു പൊട്ടികരച്ചിലോടെ എഴുനേറ്റു മുറിയിലേക്കോടി.
മകൾ പെട്ടെന്ന് പൊട്ടികരഞ്ഞുകൊണ്ട് എഴുനേറ്റു ഓടിപ്പോകുന്നത് കണ്ടു അലി സാഹിബും ആയിഷയും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി.
ആയിഷ എഴുനേറ്റു നസിയയുടെ മുറിയുടെ മുൻപിലേക്കു ചെന്നു.
അടച്ചിട്ട മുറിക്കു പുറത്തു നിന്ന അവർക്കു മകളുടെ ഹൃദയം തകർന്ന കരച്ചിൽ മുറിക്കുള്ളിൽ നിന്നും കേൾക്കാമായിരുന്നു.
“എടി നസി.. വാതില് തുറക്ക്… നിനക്കെന്താ പറ്റിയത്. പെട്ടെന്ന് ഇങ്ങനെ കരഞ്ഞോണ്ട് ഓടി വന്നു മുറിയിൽ കേറി ഇരിക്കാൻ… വാതില് തുറക്ക്..”
ആയിഷ വാതിലിൽ ഇടിച്ചു കൊണ്ട് പറഞ്ഞു.
കുറച്ചു നേരം അങ്ങനെ വാതിലിൽ തട്ടിക്കൊണ്ടു നിന്നപ്പോൾ നസിയ വാതില് തുറന്നു.
“എന്താടി പറ്റിയത്. ഉപ്പയും ഒന്നും മനസ്സിലാകാതെ അവിടെ ഇരിപ്പുണ്ട്. നിനക്കെന്താ പെട്ടെന്ന് ഒരു സ്വഭാവമാറ്റം. വല്ല ജിന്നും കൂടിയോ “
മുൻപിൽ കണ്ണീരുമായി നിൽക്കുന്ന നസിയയെ നോക്കി അമ്പരപ്പോടെ ആയിഷ ചോദിച്ചു.
“ഉമ്മ പൊക്കോ, എനിക്കൊന്നുമില്ല. എനിക്കൊറ്റക്ക് കുറച്ചു നേരം ഇരിക്കണം “
പറഞ്ഞിട്ട് അവൾ വാതിലടച്ചു.
കുറച്ചു നേരം അവിടെ നിന്നശേഷം ആയിഷ താഴേക്കു വന്നു.
എന്താ എന്ന അർത്ഥത്തിൽ അലി സാഹിബ് ആയിഷയെ നോക്കി.
“എനിക്കറിയില്ല. ചോദിച്ചിട്ട് ഒന്നും പറഞ്ഞുമില്ല. ഓരോ സമയത്തും അവൾക്കു ഓരോ സ്വഭാവം ആണല്ലോ “
പറഞ്ഞിട്ട് അവർ അടുക്കളഭാഗത്തേക്ക് പോയി.
അലി സാഹിബ് ടി വി വാർത്തയിലേക്ക് നോക്കി. വാർത്തയിൽ കാണിക്കുന്ന ചെറുപ്പക്കാരന്റെ മുഖം കണ്ടു അയാളുടെ നെറ്റി ചുളിഞ്ഞു.
നസിയയെ സഫീറിന്റെ കയ്യിൽ നിന്നും രക്ഷിച്ചു ഇവിടെ കൊണ്ടുവന്നയാളാണ് അതിൽ കാണുന്നതെന്നു അയാൾക്ക് മനസ്സിലായി.
അയാൾ മുഖമുയർത്തി നസിയയുടെ മുറിയുടെ നേർക്കു നോക്കി.
********************************************
വിവരമറിഞ്ഞ ഉടനെ തൊമ്മിച്ചനും കുര്യച്ചനും കുടുംബങ്ങളുമായി ഒരു ടെമ്പോ ട്രാവെലറിൽ കുട്ടിക്കാനത്തേക്ക് തിരിച്ചു. ഷൈനി കരഞ്ഞു തളർന്നു ഏലിയമ്മയുടെ മടിയിൽ കിടക്കുകയാണ്. ഏലിയമ്മയും തൊമ്മച്ചനും സങ്കടം ഉള്ളിലൊതുക്കി ഇരിക്കുകയാണ്. ഇടക്കിടെ ഏലിയമ്മയുടെ ഉള്ളിൽ നിന്നും തേങ്ങലുകൾ ഉയരുന്നുണ്ട്.മറ്റുള്ളവർ നിശബ്ദരായി പുറത്തെ കാഴ്ചകളും നോക്കി ഇരുന്നു.
ടോമിച്ചന്റെ വീടിനുമുൻപിൽ എത്തുമ്പോൾ അവിടെ നല്ലൊരു ജനതിരക്ക് ഉണ്ടായിരുന്നു.
ആന്റണി വന്നു അവരെയും കൂട്ടി വീടിനുള്ളിലേക്ക് പോയി. ശോശാമ്മ വിവരമറിഞ്ഞതുമുതൽ അലമുറയിട്ട് കരയുകയാണ്.ജെസ്സി കുഞ്ഞിനേയും കൊണ്ട് ശോശാമ്മയുടെ അടുത്ത് തന്നെ ഇരിക്കുകയാണ്. റോസ്‌ലിൻ ജിക്കുമോനെയും കൊണ്ട് മറ്റൊരു മുറിയിൽ പോയിരുന്നു കരഞ്ഞു.
“മമ്മി.. ആൻഡ്റൂച്ചു എങ്ങോട്ട് പോയി മമ്മി. എന്താ വരാത്തത് “
ജിക്കുമോൻ റോസ്‌ലിന്റെ മടിയിലിരുന്നു ചോദിച്ചു കൊണ്ടിരുന്നു. റോസ്‌ലിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി ജിക്കുമോന്റെ ദേഹത്ത് വീണു. അവനതു കണ്ടു മുഖമുയർത്തി റോസ്‌ലിനെ നോക്കി.
“അയ്യേ.. മമ്മി എന്തിനാ കരയുന്നത്. ആൻഡ്റൂച്ചു മോനെ കാണാൻ വരും. ചോക്ലേറ്റും കൊണ്ട്. മമ്മി കരയണ്ട..ട്ടോ. മോനിനി ഒന്നും ചോദിക്കില്ല. മമ്മി കരഞ്ഞാൽ മോന് സങ്കടം ആകും. മോനും കരയും. കരയല്ലേ മമ്മി “
ജിക്കുമോൻ അവന്റെ കുഞ്ഞ് കൈകൾ കൊണ്ട് റോസ്‌ലിന്റെ കണ്ണുകൾ തുടച്ചു.
“ഇല്ല.. മമ്മി കരയില്ല.. മോൻ വിഷമിക്കണ്ട. മോന്റെ ആൻഡ്രൂ വരും. മോന്റെ അടുത്ത് “
റോസ്‌ലിൻ ജിക്കുമോനെ മാറോടു ചേർത്തു പിടിച്ചു ഭിത്തിയിൽ ചാരിയിരുന്നു.
രണ്ടുമണിയായപ്പോൾ ആമ്പുലൻസ് എത്തി. ടോമിച്ചനും ഡെവിടും ആന്റണിയും മറ്റ് രണ്ടുപേരും ചേർന്നു പെട്ടിയിറക്കി വീടിന് മുൻപിൽ സജ്ജീകരിച്ചിരുന്ന മേശമേൽ കൊണ്ട് വച്ചു.
അപ്പോഴേക്കും ഫാദർ തോമസ് തോപ്പിൽകുഴിയും കപ്യാർ സ്കറിയായും എത്തി .
ഫാദർ തോമസ് ടോമിച്ചനെ മാറ്റി നിർത്തി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.
“സഭാപരമായി കുറച്ചു തടസ്സങ്ങൾ ഉണ്ടായിരുന്നു. കാരണം ആൻഡ്രൂസ് നമ്മുടെ ഇടവകക്കാരൻ അല്ല.അത് ടോമിച്ചന് അറിയാമല്ലോ “
ഫാദർ തോമസ് ചോദിച്ചു കൊണ്ട് ടോമിച്ചന്റെ തോളിൽ പിടിച്ചു.
” സഭാ വിശ്വാസം… അത് പാലിക്കേണ്ടേ..ക്രൈസ്ഥവാ വിശ്വാസതിന്റെ ചട്ടക്കൂടിൽ നിൽക്കുമ്പോൾ ഇതെല്ലാം നമ്മൾ പാലിക്കണം. ഒരാൾക്ക് ഒറ്റക്കൊരു തീരുമാനം എടുക്കാൻ പറ്റില്ല “
ഫാദർ തോമസിനെ ടോമിച്ചനൊന്നു നോക്കിയതിനു ശേഷം വേഗം വീട്ടിനുള്ളിലേക്ക് കയറി പോയി. തിരിച്ചു വന്നപ്പോൾ കയ്യിലൊരു ഡയറിയും കുറച്ചു പേപ്പറുകളും ഉണ്ടായിരുന്നു.
“അച്ചന് ആൻഡ്രൂസിനു ഈ ഇടവകയുമായി ബന്ധം ഉണ്ടോ, ഇവിടെ അവന്റെ ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ എന്നല്ലേ അറിയേണ്ടത്. ഇന്ന ഇതൊന്നു വായിച്ചു നോക്ക്. ഈ എടവകയിലുള്ളതാ അവനെ പ്രെസവിച്ച അവന്റെ അമ്മ. അതാ എന്റെ ശോശാമ്മച്ചി. ഇതിലും വലിയ ബന്ധം വേണോ അവനെ ഈ ഇടവകയിൽ അടക്കാൻ. അതും പറ്റത്തില്ലെങ്കിൽ പിന്നെ ഒരു പള്ളിക്കാരനും എന്റെ വീടിന്റെ മുറ്റത്തു വന്നേക്കരുത്. പിരിക്കാനും കൊണവതിയാരം പറയാനും “
ടോമിച്ചൻ കലി കൊണ്ട് വിറച്ചു.
“ടോമിച്ചാ ഒന്ന് പതുക്കെ.. ആളുകള് കേൾക്കും. നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം “
കാപ്യര് സ്കറിയ ടോമിച്ചനെ ആശ്വസിപ്പിച്ചു.
“എങ്ങനെ ആശ്വസിക്കും സ്കറിയ ചേട്ടാ… ഒരു മറ്റവടത്തെ ചട്ടകൂടും വിശ്വസവും. മരിച്ചു മണ്ണടിയാൻ കാത്തുകിടക്കുന്നവന് ആറടി മണ്ണ് കൊടുക്കരുതെന്ന് ഏത് കർത്താവാ പറഞ്ഞിട്ടുള്ളത്.”
ടോമിച്ചൻ തൂണിൽ ചാരി നിന്നു.
അപ്പോഴേക്കും വീടിനുള്ളിൽ നിന്നും ഒരു നിലവിളി ശബ്‌ദം കേട്ടു.
“എന്റെ മോനെ.ആൻഡ്രൂ …നിന്നെ ഞാൻ തിരിച്ചറിഞ്ഞില്ലല്ലോടാ.. ഞാൻ നൊന്തു പ്രസവിച്ച എന്റെ മോന്റെ കൂടെ ഒരു ദിവസം കഴിയാൻ ഈ പാപിയായ അമ്മക്ക് കഴിഞ്ഞില്ലല്ലോടാ…നീ എന്തിനാടാ ഈ അമ്മച്ചിയെ വിട്ടു പോയത് “
വീടിനുള്ളിൽ നിന്നും അലമുറയിട്ട് കരഞ്ഞു കൊണ്ട് ശോശാമ്മ ഓടിയിറങ്ങി വന്നു പെട്ടിയുടെ മുകളിൽ വീണു. പുറകെ ജെസ്സി വന്നു ശോശാമ്മയെ താങ്ങി പിടിച്ചു.
റോസ്‌ലിൻ ജിക്കുമോനെയും കൊണ്ട് വന്നു പെട്ടിയുടെ ഒരു സൈഡിലായി ഇരുന്നു.
ടോമിച്ചൻ കൊടുത്ത പേപ്പറുകൾ വായിച്ചു നോക്കിയ ശേഷം ഫാദർ തോമസ് കുറച്ചു മാറി നിന്നു ആരെയൊക്കെയോ വിളിച്ചു സംസാരിച്ചു. കുറച്ചു നേരത്തെ സംസാരത്തിനു ശേഷം ടോമിച്ചന്റെ അടുത്തേക്ക് വന്നു.
“ടോമിച്ചാ..പ്രാർത്ഥന കർമ്മങ്ങൾ കഴിച്ചു വേഗം പള്ളിയിലേക്ക് കൊണ്ടുപോകാം. അധികം വച്ചുകൊണ്ടിരിക്കേണ്ട “
മരണനന്തര ചടങ്ങുകൾക്ക് ശേഷം ആൻഡ്രൂസിന്റെ ശവമഞ്ചം വിലാപയാത്ര ആയി പള്ളയിലെക്കെടുത്തു.
നാലുമണിയോടെ പള്ളി സെമിതേരിയിൽ ആൻഡ്രൂസിനെ അടക്കം ചെയ്തു.
ശോശാമ്മയെ വളരെ പണിപെട്ടാണ് ടോമിച്ചൻ സെമിതേരിയിൽ നിന്നും തിരികെ പോകാൻ കാറിനടുത്തു എത്തിച്ചത്.
“എടാ ടോമിച്ചാ മോനെ…. എന്റെ ആൻഡ്റൂവിന്റെ അടുത്ത് നിന്നും എന്നെ കൊണ്ടുപോകല്ലേടാ.. അവനൊറ്റക്കായി പോകുമെടാ… കൊണ്ടുപോകല്ലേടാ മോനെ……”
ശോശാമ്മ ടോമിച്ചനെ കെട്ടിപിടിച്ചു കരഞ്ഞു.
ഷൈനി കരഞ്ഞു തളർന്നു ഏലിയമ്മയെ ചാരി പടിക്കെട്ടിൽ ഇരിക്കുകയാണ്. തൊമ്മിച്ചൻ വിളിച്ചിട്ടും പോകാൻ തയ്യാറാകാതെ അവളവിടെ തന്നെ ഇരുന്നു.
ശോശാമ്മയെയും റോസ്‌ലിനെയും കൊണ്ട് ജെസ്സി കാറിൽ വീട്ടിലേക്കു പോയി. ഓരോരുത്തരായി ടോമിച്ചനോട് യാത്ര പറഞ്ഞു പിരിഞ്ഞു പോയികൊണ്ടിരുന്നു. അവസാനം തൊമ്മിച്ചന്റെയും കുര്യച്ചന്റെയും കുടുംബങ്ങൾ മാത്രമായി.
തൊമ്മിച്ചൻ ടോമിച്ചനെയും കൊണ്ട് കുറച്ചു മാറി നിന്നു.
“ടോമിച്ചാ.. ആൻഡ്രൂ എനിക്കെന്റെ മോനെ പോലെ ആയിരുന്നു. വീട്ടിൽ വന്നു ഏലികുട്ടിയുടെ കയ്യിൽ നിന്നും ചോറും വാങ്ങി കഴിച്ചു സന്തോഷത്തോടെയാ അവിടുന്ന് ഇറങ്ങി പോന്നത്. എന്നിട്ട് ഇതു കാണുമ്പോൾ എന്റെ ചങ്ക് പൊടിയുകയാ…. എന്റെ മോളു ഷൈനിക്കാ സങ്കടം കൂടുതൽ. കാരണം ഇന്ന മനസ്സിലാക്കിയത്.അവളുടെ ഉള്ളിൽ ആൻഡ്രൂ ഉണ്ടായിരുന്നു എന്ന്. ഞങ്ങൾ അറിഞ്ഞിരുന്നെങ്കിൽ സമ്മതിച്ചേനെ. പക്ഷെ ഞങ്ങൾ സമ്മതിക്കില്ലെന്ന ഭയത്താൽ ആകും അവള് ഞങ്ങളോട് പറയാത്തത്.”
തോമിച്ചൻ കരഞ്ഞു കൊണ്ട് മൂക്ക് പിഴിഞ്ഞു.
“ഇനി അതോർത്തിട്ട് കാര്യമില്ല തൊമ്മിച്ചയാ. അവൻ പോയി..ഈ സമയത്ത് പറയേണ്ട കാര്യമല്ല. എങ്കിലും പറയുവാ . ഇനി അവളെ അധികം തനിച്ചു വിടണ്ട. വറീത് ചേട്ടന്റെ വീട്ടിൽ പോയപ്പോ ആ ജോസുകുട്ടി ഒരു കാര്യം പറഞ്ഞിരുന്നു. നിങ്ങളോടും സൂചിപ്പിച്ചു എന്നാ പറഞ്ഞത്. ഷൈനിയെ അവന് കെട്ടിച്ചു കൊടുക്ക്. അവർക്കു പൊന്നും വേണ്ട, പണവും വേണ്ട. പെണ്ണിനെ കൊടുത്താൽ മതി. പൊന്നുപോലെ നോക്കിക്കോളും. അവൾക്കു ഒരാശ്വാസം ആകും. മറക്കേണ്ടത് മറന്നാലേ ജീവിതം മുൻപോട്ടു പോകൂ “
ടോമിച്ചൻ പറഞ്ഞു.
“ഞാനും തൊമ്മിയോട് അതാ പറഞ്ഞത്. കൂടെ ഒരാള് വരുമ്പോൾ അവളെല്ലാം മറന്നോളും “
കുര്യച്ചനും ടോമിച്ചനെ പിന്താങ്ങി.
“അമ്മച്ചി.. ഞാനൊന്നുകൂടി ആൻഡ്രൂസിന്റെ കല്ലറയിൽ പൊക്കോട്ടെ. ഒരു പ്രാവിശ്യം. എന്നിട്ട് വേഗം വന്നോളാം “
ഷൈനി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഏലിയാമയുടെ മുഖത്തേക്ക് അനുവാദത്തിനായി നോക്കി.
“മോളു പോയിട്ട് വേഗം വാ…”
ഏലിയമ്മയുടെ അനുവാദം കിട്ടിയതും ഷൈനി എഴുനേറ്റു സെമിത്തേരിക്കുള്ളിലേക്ക് നടന്നു. നേർത്ത മഞ്ഞു പ്രകൃതിയെ മൂടാൻ തുടങ്ങിയിരുന്നു.
മുൻപോട്ടു നടക്കുമ്പോൾ കണ്ടു ആൻഡ്രൂസിന്റെ കല്ലറയുടെ മുൻപിൽ ഒരു ആൾ രൂപം മുട്ടുകുത്തി നിൽക്കുന്നു!!
ഒന്ന് സംശയിച്ച ശേഷം ഷൈനി ആ ഭാഗത്തേക്ക് നടന്നു.
ശവകല്ലറയിൽ മെഴുകുതിരികൾ തെളിഞ്ഞു കത്തുന്നു.
ഷൈനി കുറച്ചു കൂടി മുൻപോട്ടു ചെന്നപ്പോൾ ആ രൂപം ഒരു സ്ത്രി ആണെന്ന് തോന്നി.
“അമ്മയെ കാണാൻ ഓടി വന്നത് ഇതിനായിരുന്നു അല്ലെ. എന്നോട് യാത്ര പറഞ്ഞത് മരണത്തിലേക്ക് പോകാനായിരുന്നോ. അതറിയാമായിരുന്നു എങ്കിൽ ഞാനും കൂടെ പോരില്ലായിരുന്നോ? എന്തിനാ നിങ്ങൾ തനിച്ചു പോയത്. ജീവിതത്തിൽ ഒരു പാട് പേരെ കണ്ടുമുട്ടും. പക്ഷെ ഇതു നിനക്ക് വേണ്ടി ഉള്ള ആളാണെന്ന് മനസ്സ് പറയുന്ന ആൾ ഒരാൾ മാത്രമായിരിക്കും. എനിക്ക് അതായിരുന്നു നിങ്ങൾ. ഞാനീ കത്തിച്ചു വച്ച മെഴുകുതിരി പോലെയാ എന്റെ മനസ്സിപ്പോൾ. കത്തി ഉരുകുകയാ.. എരിഞ്ഞെരിഞ്ഞ ഒടുങ്ങുന്നത് വരെ ഈ നെഞ്ചിൽ നിങ്ങളുണ്ടാകും.”
പിന്നിൽ കാൽപെരുമാറ്റം കേട്ടു മുട്ടുകുത്തി നിന്ന ആ സ്ത്രി രൂപം തിരിഞ്ഞു നോക്കി.
പിന്നിൽ മറ്റൊരാൾ വന്നു നിൽക്കുന്നു.
“നിങ്ങളാണ് നസിയ അല്ലെ “
ഷൈനി യുടെ ചോദ്യം കേട്ടു മുട്ടുകുത്തി നിന്നിരുന്ന സ്ത്രി രൂപം എഴുനേറ്റു അവൾക്കഭിമുഖമായി നിന്നു.
“അതേ….”
ആ ശബ്‌ദം നേർത്തതും ഇടറിയതുമായിരുന്നു.
“നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കേട്ടു. ആൻഡ്രൂസിനെ ഇഷ്ടമായിരുന്നു അല്ലെ. ആൻഡ്രൂസിനു നസിയെയോ “?
ഷൈനിയുടെ ചോദ്യത്തിന് നസിയ നിറഞ്ഞ മിഴികൾ ഉയർത്തി നോക്കി.
“ഇഷ്ടമായിരുന്നു എനിക്ക്. എത്രത്തോളം എന്ന് ചോദിച്ചാൽ എന്നെക്കാളും എന്നേ പറയാനറിയൂ. പക്ഷെ തിരിച്ചു എന്നോട് എന്തായിരുന്നു എന്ന് എനിക്കറിയില്ല…. “
നിറഞ്ഞു തുളുമ്പിയ കണ്ണുകൾ അവൾ ഷാള് കൊണ്ട് തുടച്ചു.
ഷൈനി ഒരു നിമിഷം നിശബ്ദയായി. എന്നിട്ട് നസിയയുടെ അടുത്തേക്ക് ചെന്നു മുഖം പിടിച്ചുയർത്തി.
“എങ്കിൽ എനിക്കറിയാമിപ്പോൾ അയാളുടെ മനസ്സിൽ ആരായിരുന്നു എന്ന്. അത് നീയായിരുന്നു. എന്നെ വിഷമിപ്പിക്കാതിരിക്കാൻ, ഉണ്ട ചോറിനു എന്റെ പപ്പയോടും അമ്മച്ചിയോടും നന്ദി കേട് കാണിക്കാതിരിക്കാൻ അയാള് എല്ലാം ഉള്ളിലൊതുക്കിയതാ. അതാ ആൻഡ്രൂസ് നിന്നോട് ആ ഇഷ്ടം പറയാതിരുന്നത്. എനിക്ക് കിട്ടിയില്ലെങ്കിലും,ജീവിച്ചിരുന്നെങ്കിൽ, നിന്റെ കൂടെ, നിങ്ങളൊരുമിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുവാ ഇപ്പോൾ.”
ഷൈനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയതോടൊപ്പം ചുണ്ടുകളും വിറച്ചു.
അവൾ കൈനീട്ടി നസിയയെ തന്നിലേക്ക് ചേർത്തു കെട്ടിപിടിച്ചു. അവരുടെ നിറഞ്ഞു തുളുമ്പിയ മിഴികളിൽ നിന്നും കണ്ണുനീർ അവരുടെ ചുമലിൽ വീണു നനച്ചു കൊണ്ടിരുന്നു.
“ഷൈനി… എന്റെ മനസ്സ് പറയുന്നു ആൻഡ്രൂസ് മരിച്ചിട്ടില്ലെന്നു. എവിടെയോ മറഞ്ഞിരുന്നു ഇതെല്ലാം നോക്കിയിരിപ്പുണ്ടെന്നു. സ്വൊന്തം പെറ്റമ്മയെ ഒരു നേരമെങ്കിലും ചേർത്തു പിടിച്ചു, ആ മടിയിൽ തലചായ്ച്ചുറങ്ങാതെ യാത്ര പറഞ്ഞു പോകാൻ പറ്റുമോ? പിന്നെ എന്റെ … “?
മുറിഞ്ഞു മുറിഞ്ഞു പോകുന്ന വാക്കുകളോടെ വിതുമ്പിക്കൊണ്ട് പറഞ്ഞത് പൂർത്തിയാക്കാതെ നസിയ നിർത്തി.
പുറത്തു നിന്നും ഏലിയമ്മയുടെ വിളിയൊച്ച കേട്ടു ഷൈനി നസിയയെ അടർത്തി മാറ്റി.
“ഞാൻ പോകുവാ.അമ്മച്ചി വിളിക്കുന്നു തിരിച്ചു പോകാൻ ..ഇടക്കൊക്കെ കാണണം.സംസാരിക്കണം. ആൻഡ്രൂസിന്റെ ആത്മാവ് എപ്പോഴും കൂടെയുണ്ടാകും “
നസിയയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത ശേഷം ഷൈനി വേഗം തിരിഞ്ഞു നടന്നു.
അപ്പോൾ ഒരു കുളിർ കാറ്റു അവരെ തഴുകി കടന്നു പോയി.
**************************************** ആറു മാസങ്ങൾക്ക് ശേഷം ഒരു രാത്രി.
ഉറങ്ങികിടന്നിരുന്ന ശോശാമ്മ വലിയൊരു കരച്ചിലോടെ ചാടി എഴുനേറ്റു ചുറ്റും നോക്കി.
“എന്റെ ആൻഡ്രൂ… നീ വന്നിട്ട് എവിടെ പോയി. ഇത്രയും നേരം എന്റെ അടുത്തിരിപ്പുണ്ടായിരുന്നല്ലോ… ആൻഡ്രൂ… ഒളിച്ചിരിക്കാതെ അമ്മച്ചിയുടെ മുൻപിലേക്കു വാടാ..”
ശോശാമ്മയുടെ കരച്ചിൽ കേട്ടു ടോമിച്ചനും ജെസ്സിയും ഓടിവന്നു.
കട്ടിലിൽ പകച്ചിരുന്നു പിറുപിറുക്കുന്ന ശോശാമ്മയെ കണ്ടു ടോമിച്ചൻ അടുത്ത് ചെന്നിരുന്നു.
“അമ്മച്ചി.. എന്താ പറ്റിയത്? സ്വൊപ്നം കണ്ടോ “
ശോശാമ്മയെ ചേർത്തു പിടിച്ചു ടോമിച്ചൻ.
“എടാ ടോമിച്ചാ.. ആൻഡ്രൂ ഇപ്പൊ ഇവിടെ വന്നെടാ.ദേ ആദ്യം ആ ജനാലയുടെ അടുത്ത് വന്നു എന്നെ വിളിച്ചു. പിന്നെ എന്റെ അടുത്ത് വന്നു അമ്മച്ചിക്ക് സുഖമല്ലേ. കാലിന്റെ വേദനയൊക്കെ മാറിയോ എന്നൊക്കെ ചോദിച്ചു. പിന്നെ എന്റെ കാലെടുത്തു മടിയിൽ വച്ചു തിരുമ്മി തന്നു. ഇപ്പൊ നോക്കിയപ്പോൾ കാണുന്നില്ലാ.അവനവിടെ എവിടെയോ ഒളിച്ചിരിപ്പുണ്ട്. അവന് വിശക്കുന്നുണ്ടായിരിക്കും. വിശപ്പുണ്ടെങ്കിലും അവനോടു ചോദിച്ചാ ഇല്ലെന്നേ പറയൂ. വിളമ്പി വച്ചു നിർബന്ധിച്ചു കഴിപ്പിക്കണം. ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ.നീ അവനെ കണ്ടുപിടിക്ക് “
ശോശാമ്മ ബെഡിൽ നിന്നും എഴുനേൽക്കാൻ തുടങ്ങി.
“അമ്മച്ചി എന്താ ചെയ്യുന്നത്. അമ്മച്ചി സ്വൊപ്നം കണ്ടെതാ. ഇവിടെ ആരുമില്ല.”
ജെസ്സി അടുത്തിരുന്നു ശോശാമ്മയുടെ കയ്യിൽ പിടിച്ചു.
ശോശാമ്മയെ ആശ്വസിപ്പിച്ചു കിടത്തി ഉറക്കി ജെസ്സി.
“നിങ്ങള് പോയി കിടന്നോ മോളു ഒറ്റക്കല്ലേ മുറിയിൽ . ഞാൻ അമ്മച്ചിയുടെ കൂടെ ഇവിടെ കിടക്കാം. അമ്മച്ചി വല്ലാതെ പേടിച്ചു പോയിട്ടിട്ടുണ്ട് “
ജെസ്സി ടോമിച്ചനോട് പറഞ്ഞു.
ടോമിച്ചൻ എഴുനേറ്റു പുറത്തേക്കു നടക്കുമ്പോൾ റോസ്‌ലിൻ മുറിക്കുള്ളിലേക്ക് വന്നു ജെസ്സിയുടെ അടുത്തിരുന്നു.
ടോമിച്ചൻ ഹാളിലെത്തി കുറച്ചു നേരം സോഫയിൽ ഇരുന്നു.
പിന്നെ കതക് തുറന്നു പുറത്തിറങ്ങി സിറ്റൗട്ടിൽ നിന്നു ഒരു ബീഡി എടുത്തു കത്തിച്ചു.
“എടാ ടോമിച്ചാ എനിക്കും താടാ ഒരു ബീഡി. നല്ല തണുപ്പ് “
ആരോ ആൻഡ്രൂസ് അടുത്ത് വന്നു ചോദിക്കുന്ന പോലെ..തോന്നിയതാണോ?
ടോമിച്ചൻ ചുറ്റും നോക്കി. ആരെയും കണ്ടില്ല.
മഴ ശക്തമായി പെയ്യുവാൻ തുടങ്ങി. കൂടെ ഇടിവാളും മിന്നലും..
“ഉറങ്ങുന്നില്ലേ “
പുറകിൽ വാതിൽക്കൽ റോസ്‌ലിന്റെ ശബ്‌ദം.
“എനിക്കൊരു രഹസ്യം പറയാനുണ്ട്. അത് നെഞ്ചിൽ ഇരിക്കുബോൾ ഒരു വീർപ്പുമുട്ടൽ “
റോസ്‌ലിൻ ടോമിച്ചന്റെ അടുത്തേക്ക് ചെന്നു.ടോമിച്ചൻ റോസ്‌ലിനെ സൂക്ഷിച്ചു നോക്കി.
“അറിയാം നീ പറയാൻ വന്നത് എന്താണെന്നു. ജെയ്‌സണെ കൊന്നത് നീയാണെന്ന് അല്ലെ. ഗുണ്ട ബിജു എന്നോട് നെഞ്ചിൽ കുത്തി എന്നാണ് പറഞ്ഞത്. അപ്പോൾ കഴുത്തിലുള്ള മാരക മുറിവ് എവിടുന്നു വന്നു. ഞാൻ രാത്രിയിൽ ആ വീട്ടിൽ പോയി. അപ്പോൾ എനിക്കൊരു കത്തി കിട്ടി. അതിൽ നീളമുള്ള തലമുടിയും നിന്റെ മോതിരവും. ആൻഡ്രൂസ് ആ മോതിരം നിന്റെ ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി. സാരമില്ല. നീ അനുഭവിച്ചത് വച്ചു നോക്കുമ്പോൾ അവൻ ചാകേണ്ടതാ. നിന്റെ കൂടെ കർത്താവുണ്ട്. മനസ്സിൽ ഇതു കുഴിച്ചു മൂടി പോയികിടന്നുറങ്ങിക്കോ “
റോസ്‌ലിനെ പറഞ്ഞു വിട്ടു
വലിച്ചു തീർന്ന ബീഡികുറ്റി മഴയത്തേക്കെറിഞ്ഞു ടോമിച്ചൻ വാതിലിനു നേരെ നടന്നു. ഉള്ളിലേക്ക് കയറുന്നതിനു മുൻപ് ഒന്ന് കൂടി തിരിഞ്ഞു നോക്കി. അപ്പോൾ ഉണ്ടായ മിന്നലിൽ ടോമിച്ചൻ കണ്ടു!
ഗേറ്റിനടുത്തു ഒരാൾരൂപം നിൽക്കുന്നപോലെ!!
തോന്നലാണോ? സംശയത്തോടെ ടോമിച്ചൻ ഗേറ്റിന്റെ ഭാഗത്തേക്ക് നോക്കി നിന്നു. അടുത്ത മിന്നലിൽ ടോമിച്ചൻ അങ്ങോട്ട് സൂക്ഷിച്ചു നോക്കി.
അവിടെ ആരുമുണ്ടായിരുന്നില്ല.ചുറ്റും ഒരിക്കൽ കൂടി നോക്കിയ ശേഷം
ടോമിച്ചൻ വീടിനുള്ളിലേക്ക് കയറി വാതിലടച്ചു.!!!
അപ്പോൾ ഗേറ്റിനടുത്തായി ഒരാൾ വീടിന് നേരെ നോക്കി നിൽപ്പുണ്ടായിരുന്നു.
കുറച്ചു നേരം നിശ്ചലനായി അങ്ങനെ നിന്നശേഷം മഴത്തുള്ളിയോടൊപ്പം കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീരും കൈകൊണ്ടു തുടച്ചു തിരിഞ്ഞു നടന്നു. ഇരുളിൽ മഴന്നൂലുകൾക്കിടയിലൂടെ അയാൾ നടന്നകന്നു.
(അവസാനിച്ചു )
ഒന്ന് സൂക്ഷ്മമായി നോക്കിയാലോ?
ആറു മാസങ്ങൾക്ക് മുൻപുള്ള ആ ദിവസം..
ഡിവൈഡർ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് ആൻഡ്രൂസിനെയും ഭദ്രനെയും കൊണ്ട് ജീപ്പു കൊക്കയിലേക്ക് മറിഞ്ഞു..
താഴേക്കും പോയ ജീപ്പ് മുൻപിലേക്കു ചാഞ്ഞു കിടക്കുന്ന പാറകളുടെ ഇടയിൽ പോയി ഇടിച്ചു തൂങ്ങി കിടന്നു. സ്റ്റിയറിങ്ങ് വീൽ നെഞ്ചിലിടിച്ചു ഭദ്രൻ സീറ്റിനിടയിൽ ഞെരിഞ്ഞിരുന്നു പിടഞ്ഞു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ ആൻഡ്രൂസ് പരന്നു കിടന്ന പാറയിൽ പോയി വീണു.
വേദനകൊണ്ട് നിലവിളിച്ചു പോയ ആൻഡ്രൂസ് പതിയെ എഴുനേറ്റിരുന്നു. തലയിലാകെ ഒരു മരവിപ്പ്. പൊട്ടിപോകുന്ന വേദന ശരീരമാകെ. അപ്പോൾ ആണ് മുൻപിൽ ഒരു ഒരു രൂപം നിൽക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു പോത്തിന്റെ പുറത്തു കയറും പിടിച്ചു കൊണ്ടൊരാൾ!
“ആൻഡ്രൂസെ.. ഞാൻ കാലൻ.. നമുക്ക് പോയാലോ “
പോത്തിന്റെ പുറത്തിരുന്നായാൾ ചോദിച്ചു.
“എങ്ങോട്ട് “? ആൻഡ്രൂസ് ചോദിച്ചു.
“കാലപുരിക്ക്. ഇന്ന് നാലുപേര് ആണ് എന്റെ ടാർഗറ്റ്. ആദ്യം താഴേക്കു വന്നവരിൽ ഒരുത്തന്റെ ശരീരം ആണ് ചിന്നിശ്ചിതറി നിനക്ക് ചുറ്റും കിടക്കുന്നത്. തല താഴേക്കു തെറിച്ചു പോയി. ഒരുത്തൻ റോക്കറ്റ് വിട്ടപോലെ നേരെ പോയിട്ടുണ്ട്. നിന്നെയും കൂട്ടി നാല് പേരായാലേ എനിക്ക് തിരിച്ചു പോകാൻ പറ്റൂ “
കാലൻ കയറുമായി ഇറങ്ങി.
“പോടാ പുല്ലേ.. നീ വിളിച്ചാലുടനെ വരാൻ എനിക്ക് സൗകര്യപ്പെടുകേല. പ്രണയിച്ച പെണ്ണിനേയും വിളിച്ചോണ്ട്, എന്റെ അമ്മയുടെ കൂടെ സ്നേഹിച്ചു സന്തോഷിച്ചു കഴിയാനിരുന്നപ്പോഴാ താൻ എന്നോട് ഈ തെണ്ടിത്തരം കാണിച്ചത്. അധികം വിളച്ചിലെടുത്താൽ തന്റെ പോത്തിനെ തട്ടി ഫ്രൈ ആക്കി പള്ളി പെരുന്നാളിന് വിളമ്പും ഞാൻ. തിരിച്ചു പോകാൻ വണ്ടി കിട്ടാതെ താനിതിലെ തെണ്ടി തിരിഞ്ഞു കൊറോണ പിടിച്ചു നടക്കും “
ആൻഡ്രൂസ് കലിപ്പോടെ കാലനെ നോക്കി,
“എടാ ആൻഡ്രൂസെ, ഒരു കാലനോട് ഇങ്ങനെയൊന്നും പറയരുത്.”
കാലൻ സങ്കടത്തോടെ ആൻഡ്രൂസിനെ നോക്കി.
“ഞാൻ എന്ത് തെറ്റാടോ കാലമാടാ തന്നോട് ചെയ്തത്. എന്റമ്മയെ നോക്കി നല്ലൊരു മകനായി ജീവിക്കാൻ ആഗ്രഹിച്ചതോ? അതോ ജീവനുതുല്യം സ്നേഹിച്ച പെണ്ണിനോട്,പോയി എനിക്കും നിന്നെ ഇഷ്ടമാണെന്ന് പറയാൻ പോയതോ ? ഏതാ തനിക്കു കണ്ടിട്ട് സുഖിക്കാത്തത് കാലാ “
ആൻഡ്രൂസ് മുൻപിൽ നിൽക്കുന്ന കാലനെ നോക്കി.
“എടാ.. എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല. നാലുപേരെയും കൊണ്ട് ചെന്നു ടാർഗറ്റ് തികച്ചില്ലെങ്കിൽ ഈ മാസത്തെ സാലറി അക്കൗണ്ടിൽ വരത്തില്ല. കുടുംബം പട്ടണിയാകും. അതുകൊണ്ടാ ഒറ്റയടിക്ക് നിങ്ങളെ നാലുപേരെ തീർക്കാൻ നോക്കിയത്. നിന്നെ എനിക്ക് മനസിലായി.പക്ഷെ നിന്നെ വെറുതെ വിട്ടാൽ എന്റെ ജോലി… സാലറി “
കാലൻ വിഷമത്തോടെ ആൻഡ്രൂസിനെ നോക്കി.
“ആൻഡ്രൂസേ എനിക്ക് നിന്നെ വേണമെന്നില്ല. പകരം ഒരാളെ വേണം. പതിനഞ്ചു മിനിറ്റിനുള്ളിൽ. നിനക്ക് പറ്റുമോ ഒരാളെ തരാൻ “?
കാലൻ പ്രതിക്ഷയോടെ ആൻഡ്രൂസിനെ നോക്കി.
“എടോ.. ഭൂമിയിലുമല്ല ആകാശത്തുമല്ല എന്ന് പറഞ്ഞിരിക്കുന്ന ഞാനെവിടുന്നു ഉണ്ടാക്കാന ഒരാളെ. താൻ ആളുകളെ തട്ടുന്നത് പോലെ എനിക്ക് പറ്റത്തില്ല “
ആൻഡ്രൂസ് തലയ്ക്കു കൈകൊടുത്തിരുന്നു.
അതേ സമയം കൊക്കയുടെ മുകളിൽ വഴിയിൽ…
ചാടിയെഴുന്നേറ്റ ടോമിച്ചൻ ഭരതന് നേരെ പാഞ്ഞു. നിലത്തു കിടന്ന ഒരുത്തനെഴുനേറ്റു ടോമിച്ചനെ തടയുവാൻ നോക്കി.
കൈചുരുട്ടിയുള്ള ടോമിച്ചന്റെ ഒറ്റയിടിക്കു തന്നെ അവന്റെ മൂക്കിന്റെ പാലമൊടിഞ്ഞു,മുഖം ചതഞ്ഞു വായിൽ നിന്നും രക്തം തെറിച്ചു.
നിലവിളിയോടെ നിലത്തേക്ക് മറിഞ്ഞ അവനെ വട്ടത്തിൽ പൊക്കി എടുത്തു കൊക്കക്ക് നേരെയെറിഞ്ഞു. വായുവിൽ കൈകാലിട്ടടിച്ചു അവൻ കൊക്കയുടെ ഗർധത്തിലേക്ക് താഴ്ന്നു താഴ്ന്നു പോയി.
ആൻഡ്രൂസിന്റെ അടുത്ത് നിന്ന കാലൻ മുകളിലേക്കു നോക്കി. ഒരുത്തൻ മുകളിൽ നിന്നും താഴേക്കു നിലവിളിച്ചു കൊണ്ട് പറന്നു വരുന്നു.
“ആൻഡ്രൂസെ.. നീ വിട്ടോ.. ദേ ഒരുത്തൻ വരുന്നുണ്ട്. ടാർഗറ്റ് ആയി. അപ്പൊ വീണ്ടും….”
കാലനെ മുഴുവനാക്കാൻ ആൻഡ്രൂസ് സമ്മതിച്ചില്ല.
“വീണ്ടും കണമെന്നാണ് ഉദേശിച്ചത് എങ്കിൽ തന്നെ കണ്ടുപോകരുത്.എന്റെ അമ്മയോടും പെണ്ണിനോടും ഒപ്പം എനിക്ക് ഒരു അൻപതു കൊല്ലം ജീവിക്കണം. അതുകഴിഞ്ഞു നോക്കാം “
ആൻഡ്രൂസ് കൃദ്ധനായി പറഞ്ഞു.
“എന്നാൽ അങ്ങനെ ആകട്ടെടാ ഉവ്വേ, ഇനി നീ വിളിക്കുമ്പോഴേ ഞാൻ വരത്തൊള്ളൂ “
കാലൻ പറഞ്ഞു കൊണ്ട് ജീപ്പിനു നേരെ തിരിഞ്ഞു. മുകളിൽ നിന്നും താഴേക്കു വന്നവൻ തൂങികിടന്ന ജീപ്പിനു മുകളിലേക്കു വന്നു വീണു ജീപ്പുമായി താഴേക്കു പോയി.
(എല്ലാ നല്ലവരായ വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission