” എന്റെ പൊന്നെ ഇവളെ കെട്ടണവൻ ഭാഗ്യവാൻ …മനസ്സിൽ ഞാൻ പിറുപിറുത്തു.
“കൂയ് മാഷേ ഒരോട്ടം പോണം….ഇങ്ങടെ വണ്ടി പോകോ…..
“പിന്നെ ഓട്ടം പോകാതെ വണ്ടി സ്റ്റാൻഡിൽ ഇട്ടിരിക്കുന്നത് കാണാനാണൊ….
ലേശം ഉളുപ്പു പോലുമുണ്ടായില്ല ആ സാധനത്തിന്റെ മുഖത്ത്…കുറച്ചു ഗൗരവം വരുത്തി ഞാൻ പറഞ്ഞു…
” കയറിക്കോ…
ഭാരമുള്ള ബാഗുകൾ സീറ്റിലേക്കെറിഞ്ഞിട്ട് അതിലവൾ ചാടികയറിയിരുന്നു….
ഓട്ടോ സ്റ്റാർട്ട് ചെയ്യുമുമ്പേ ഞാൻ തിരക്കി…
“എവിടേക്കാ…..
” ആത്മഹത്യ ചെയ്യാൻ പറ്റിയ സ്ഥലം വല്ലതും അടുത്ത് ഉണ്ടെങ്കിൽ അവിടേക്ക് വിട്ടോളൂ….”
“ങേ…ഇതെന്തൊരു സാധനം…വല്ലാത്ത കുരിശായല്ലോ….
” തമാശിക്കാതെ കാര്യം പറയ് കൊച്ചേ….. ഞാൻ ദേഷ്യപ്പെട്ടു…
“ഇന്നൊരു ദിവസം ഫുൾ ചേട്ടനു ഓട്ടം..എനിക്കൊന്ന് ചുറ്റിയടിക്കണം.അത്രമാത്രം…..
“ദിത് പൊളിച്ച് … സവാരിഗിരിരി …ലാലേട്ടന്റെ കമന്റ് പാസാക്കി ഓട്ടോ ഞാൻ മുന്നോട്ട് പായിച്ചു….
അവൾ പറഞ്ഞ സ്ഥലങ്ങളൊക്കെ ചുറ്റിക്കാണിച്ചു.പറഞ്ഞത്രയും കാശും തന്നവൾ….
” എങ്കിൽ ശരി മാഷേ ഞാൻ പോകട്ടെ…
“താങ്ക്സ് മേഡം..ഇനിയും വല്ലപ്പോഴും ഇതുവഴി വന്നാൽ ഞാനും ഓട്ടോയും റെഡിയാണ്…..
” ഓക്കെ…താങ്ക്സ്….
അത് പറഞ്ഞവൾ മുമ്പോട്ട് നടന്നു…….ഞാൻ ഒരു ചെറുതും വാങ്ങി വീട്ടിലേക്കും….
വീട്ടിൽ ചെന്ന് കുളിച്ചു, ഭക്ഷണം കഴിക്കും മുമ്പ് രണ്ടെണ്ണം വീശുന്ന പതിവുണ്ടെനിക്ക്…പതിവുപോലെ വീശാനിരുന്നതും ആ കുട്ടീടെ കാര്യം ഓർമ്മവന്നത്….
തുടക്കത്തിൽ സ്മാർട്ടായിരുന്നെങ്കിലും യാത്രയിലുടനീളം അവൾ മൗനമായിരുന്നു.എന്തൊ ആ പെൺകുട്ടിയെ അലട്ടുന്നുണ്ടെന്ന് ഉറപ്പാണ്….
രാത്രിയിലാണല്ലൊ അവൾ യാത്ര പറഞ്ഞത്.ബസ് ഇനിയില്ലാ താനും..അവൾ എങ്ങനെ പോകും….
” ആത്മഹത്യ ചെയ്യാൻ പറ്റിയ സ്ഥലം വല്ലതും അടുത്ത് ഉണ്ടെങ്കിൽ അവിടേക്ക് വിട്ടോളൂ….” അവൾ ഓട്ടോയിൽ വെച്ച് പറഞ്ഞതെന്റെ ഓർമ്മയിലെത്തിയതും ഞാനൊന്ന് ഞെട്ടി…
പെട്ടെന്ന് തന്നെ ചാവിയുമെടുത്ത് വീട്ടിലെ വേഷത്തിൽ തന്നെ ഞാൻ ഓട്ടോയിൽ കയറി പറപ്പിച്ചു..ഞങ്ങൾ കറങ്ങിയ സ്ഥലങ്ങളിലെല്ലാം അവളെ തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല….
മനസ്സാകെ വിഷമിച്ചു.. ഒരൊറ്റ ദിവസത്തെ പരിചയം മാത്രമേ എനിക്ക് ആ പെൺകുട്ടിയുമായി ഉള്ളൂവെങ്കിലും അവളെനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണെന്ന് തോന്നിപ്പോയി…..
രാവിലെ കണ്ടുമുട്ടിയിടത്ത് ഞാൻ വണ്ടി കൊണ്ടുവന്നിട്ടു.ഓട്ടോ സ്റ്റാൻഡിൽ …..കുറച്ചു നേരമവിടെ വണ്ടി പാർക്കു ചെയ്തു…
“ഹലോ ചേട്ടാ വണ്ടി ഓട്ടം പോകുമോ… പരിചിത സ്വരംകേട്ട് കണ്ണടച്ചിരുന്ന ഞാൻ ഞെട്ടിയുണർന്നു…
” തൊട്ട് മുമ്പിൽ ആ പെൺകുട്ടി പൊട്ടി മുളച്ചത് പോലെ…..
“താനിത് എവിടെ ആയിരുന്നു.. ഞാൻ എവിടൊക്കെ തിരക്കിയെന്ന് അറിയാമൊ….
സങ്കടത്താൽ എന്റെ വാക്കുകൾ ചിതറിത്തെറിച്ചു….
” സമയം ഒരുപാടായില്ലെ..പോകാൻ ഒരു ഇടമില്ലന്നെ..മരിക്കാനും വയ്യ..അതുകൊണ്ടിവിടെ ചുറ്റിപ്പറ്റി നിന്നു…..
ആ പെൺകുട്ടിക്ക് എന്ത് മറുപടി നൽകണമെന്ന് എനിക്ക് അറിയില്ലായിരുന്നു.അതിനെ ഉപേക്ഷിക്കാനും മടി….
“മാഷ് പെണ്ണു കെട്ടിയില്ലെങ്കിൽ ഞാനും കൂടി ഇന്നവിടെയൊരു ദിവസം അന്തിയുറങ്ങിക്കോട്ടെ… ചിരിച്ചു കൊണ്ടവളത് പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാതെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു…
വീട്ടിൽ വന്ന് ഞങ്ങൾ ഓട്ടോയിൽ നിന്ന് ഇറങ്ങുമ്പോൾ വാതിക്കൽ അമ്മയുണ്ട്.എന്റെ കൂടെയവൾ ഇറങ്ങുന്നത് കണ്ടു അമ്മയുടെ മുഖം വീർത്തു….
” ഏതാടാ ഈ പെൺകുട്ടി…..
“അമ്മയാദ്യം ഇവളെ അകത്ത് കൊണ്ട് ചെന്ന് വേണ്ടതൊക്കെ ചെയ്യ്…എല്ലാം രാവിലെ പറയാം….
ഞാൻ കനത്തിൽ പറഞ്ഞതോടെ അമ്മയവളെ കൂട്ടിക്കൊണ്ട് അകത്തുപോയി….
” ഞാൻ ചെറുത് പൊട്ടിച്ച് വീശി ഫുഡ്ഡുമടിച്ച് കിടക്കയിലേക്ക് ചാഞ്ഞു…
“വല്ലാത്ത ക്ഷീണം.. പകൽ മുഴുവനും ഓട്ടമായിരുന്നല്ലൊ….
കിടന്ന് ഞാനങ്ങ് ഉറങ്ങിപ്പോയി.കാലത്ത് ഉണർന്നപ്പോൾ താമസിച്ചു പോയി….
പതിവ് കിട്ടാഞ്ഞ് അടുക്കളയിൽ ചെല്ലുമ്പോൾ ആ പെൺകുട്ടി അടുക്കളയിൽ തകർക്കുകയാണ്…
” അല്ല ഇതാരാ…വീട്ടുഭരണം ഏറ്റെടുത്തൊ….
“അതെ എന്റെ പേര് നിളയെന്നാണു..പേരറിയാണ്ടിനി കഷ്ടപ്പെടണ്ട…… ചിരിച്ചു കൊണ്ട് നിള മറുപടി നൽകി…..
” ഞാൻ കരുതി മാഷിന്റെയമ്മ മൂപ്പാണെന്ന്..പാവമാ ട്ടാ പഞ്ചപാവം..എന്നോട് പറഞ്ഞിനി ഉടനെയെങ്ങും പോകണ്ടാന്ന്….നാണം കൊണ്ടവൾ പൂത്തുലഞ്ഞു….
മറുപടി പറയാതെ നിള നൽകിയ ചായ ഞാൻ ഊതിക്കുടിച്ച് നല്ല സ്വാദുണ്ട്..കൈപ്പുണ്യമുള്ള പെണ്ണ്…..
ഗ്ലാസ് തിരികെ കൊടുത്തു… ഞാൻ അന്ന് ഓട്ടോയുമായി പോയിട്ട് പതിവിലും നേരത്തെയെത്തി…..വരുമ്പോൾ നിളയവിടുണ്ട്….
“ഇവൾ പോകാനുള്ള പരിപാടിയൊന്നുമില്ലെ …. മനസിൽ അങ്ങനെയാണ് കരുതിയതെങ്കിലും അവൾ പോകരുതെന്നാണ് ആശിച്ചത്….
രാത്രിയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ പുറത്ത് കസേരയിട്ട് ഇരിക്കുകയായിരുന്നു.പിന്നിലൊരു പാദപതനം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ നിള നിൽക്കുന്നു…
അടുത്ത് കിടന്ന കസേരചൂണ്ടിയിരിക്കാൻ ഞാൻ പറഞ്ഞതവൾ അനുസരിച്ചു…എന്നോടവൾക്കെന്തൊ പറയാനുണ്ടെന്നൊരു ഭാവം ആ മുഖത്തുണ്ട്….
കുറച്ചു നേരത്തെ നിശബ്ദത..സൂചി നിലത്ത് വീണാൽ കേൾക്കാം….
” അതേ മാേഷ എനിക്കൊരു കൂട്ടം പറയാനുണ്ട്….
“താൻ പറയടോ….
” നാളെ ഞാൻ മടങ്ങിപ്പോവുകയാണ്….
പ്രതീക്ഷിച്ചതാണെങ്കിലും ഞാൻ ശരിക്കും നടുങ്ങിപ്പോയി… അറിയാതൊരിഷ്ടം മനസ്സിൽ കടന്നു കൂടിയിരുന്നു….
“എനിക്കൊരു ജോലി ശരിയായി..മുമ്പ് psc എഴുതീരുന്നു.ഇന്റർവ്യൂം കഴിഞ്ഞിരുന്നു……
മനസ് പതറിപ്പോയി ശരിക്കും.നിള…അവൾ അങ്ങനെയാണ് കൊതിപ്പിച്ചു കടന്നു കളയും….
” മാഷേ ഞാൻ പഠിച്ചതും വളർന്നതുമൊക്കെ അനാഥാലയത്തിലാണ്..വല്ലവരും തരുന്ന വസ്ത്രങ്ങൾ കൊണ്ട് ജാഡ കാണിക്കുന്നു….
അവളുടെ വാക്കുകൾ എന്റെ നെഞ്ചിൽ തന്നെ തറഞ്ഞു…അവളെഴുന്നേറ്റ് പോയിട്ടും ഒരുപാട് സമയം ഞാനവിടെ ചിലവഴിച്ചു….
രാവിലെ ഞാൻ എഴുന്നേൽക്കുമ്പോൾ നിള കുളിച്ച് ഒരുങ്ങി നിൽപ്പുണ്ട്….
“കൂയ് വേഗം വാ എനിക്ക് പോകണം….. നിളയെന്നെ ധൃതികൂട്ടി….
പെട്ടെന്ന് തന്നെ ഞാൻ കുളിച്ചെന്ന് വരുത്തി ഓടിയെത്തി. നിളയെ ഓട്ടോയിൽ ബസ്സ്റ്റാൻഡിൽ കൊണ്ടുചെന്ന് വിട്ടു….
” ഇനിയെന്നാ നമ്മൾ കാണുക… അറിയാതെ ഞാൻ ചോദിച്ചു പോയി….
“എത്രയും പെട്ടെന്ന് കാണാം മാഷേ…ചിരിച്ചു കൊണ്ടവളത് പറഞ്ഞത്….
അവൾ കയറിയ ബസ് ഓടിമറഞ്ഞതും നെഞ്ച് വല്ലാതെ പിടച്ചു.വേണ്ടപ്പെട്ടൊരാൾ അകന്നു പോയതു പോലെ….
രണ്ടു മൂന്ന് ദിവസങ്ങൾ കൊഴിഞ്ഞു വീണു….
” ഇനിയിത് നീട്ടിക്കൊണ്ട് പോകാൻ പറ്റില്ല.എത്രയും പെട്ടെന്ന് നീ പോയി പെണ്ണിനെ കാണണം.അമ്മാവൻ കൊണ്ടുവന്ന ആലോചനയാണ്.നിന്നെ വേണ്ടാന്ന് പറഞ്ഞവളെയോർത്ത് ഇങ്ങനെ വെറുതെയിരുക്കാൻ പറ്റില്ല….
അമ്മ ഒരെയൊരു വാശിയിലാണ്.നിളയുടെ നമ്പരെങ്കിലും വാങ്ങണമായിരുന്നു….
“വേണ്ട….എന്തിനു വെറുതെ….കിട്ടുന്നതെ ആഗ്രഹിക്കാവൂ…..
” ശരി അമ്മയുടെ ഇഷ്ടം ഞാനായിട്ട് എതിരു നിൽക്കുന്നില്ല.ഞായറാഴ്ച തന്നെ നമുക്ക് പോയേക്കാം..ഞാൻ പറഞ്ഞത് അമ്മക്ക് സന്തോഷമായി….
ഞായറാഴ്ച ആയതും ഞാനും അമ്മയും കൂടി പെണ്ണുകാണാൻ പോയി…
“അതെ പെണ്ണിനെ അമ്മക്ക് ഇഷ്ടമായാൽ എനിക്ക് സമ്മതം.ബാക്കിയെല്ലാം തീരുമാനിച്ചോണം….”
“ഓ…നീ അവളെ ഓർത്ത് ഇരിക്കുവാരിക്കും…. അമ്മ പരിഹസിച്ചു….
” അതേ…എനിക്കവളെ ഇഷ്ടമായിരുന്നു…. ഞാൻ പൊട്ടിത്തെറിച്ചു…
“പിന്നെയെന്താടാ അവൾ പോയപ്പോൾ വിട്ടത്… മരത്തലയൻ….
ശരിയാണ് അമ്മ പറഞ്ഞത്..വിടേണ്ടിയിരുന്നില്ല…..
പെണ്ണിന്റെ വീട് കണ്ടപ്പഴെ മനസ്സിലായി ഞങ്ങളെക്കാൾ നല്ല സാമ്പത്തികമുളളവരാണെന്ന്..നടക്കാൻ സാധ്യത കുറവ്..അമ്മയുടെ പ്രയാസം മാറട്ടെ അല്ലെ പിന്നെ….
പെണ്ണിന്റെ വീട്ടുകാർ മാന്യമായി തന്നെയാണ് സ്വീകരിച്ചിരുത്തിയത്.ഓട്ടോ ഓടിക്കുന്നത് ഒരു കുറവായി അവർക്ക് തോന്നിയിരുന്നില്ല…
” ഏത് ജോലിക്കും അതിന്റെ മാന്യതയുണ്ട്…പെണ്ണിന്റെ അച്ഛന്റെ അഭിപ്രായം അതായിരുന്നു….
പെണ്ണിനെ വിളിക്കാൻ അവരുടെ അച്ഛൻ ആവശ്യപ്പെട്ടതും അകത്ത് നിന്ന് അവളുടെ അമ്മ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്നു….
നിളയുടെ സ്ഥാനത്ത് മറ്റൊരുവൾ…ഞാൻ തല കുനിച്ചു….
“എനിക്ക് കാണണ്ട.അമ്മ ഇഷ്ടപ്പെട്ട് തീരുമാനിക്കട്ടെ…
ഞാൻ അങ്ങനെ തന്നെയിരുന്നു…
” ടാ കിഴങ്ങാ പെൺകുട്ടിയെ നോക്കടാ…ഞാൻ മൈൻഡ് ചെയ്തില്ല എന്നിട്ടും…
“കൂയ് മാഷേ…വണ്ടി ഓട്ടം പോകുമൊ.. ചോദ്യത്തോടൊപ്പം ഒരുപൊട്ടിച്ചിരിയും…
” ങേ..എനിക്ക് പരിചിതമായ ശബ്ദം….
തല ഉയർത്തിയ ഞാൻ നീട്ടിപ്പിടിച്ച ചായക്കപ്പിനു മുമ്പിൽ നിൽക്കുന്ന ആളെക്കണ്ടു ഞെട്ടി….
“നിള….
ഞാൻ സ്വപ്നം കാണുകയാണെന്ന് കരുതി കയ്യിൽ നുള്ളിനോക്കി…വേദനിക്കുന്നുണ്ട്….
” വെറുതെ കൈ കളയണ്ട..കാണുന്നത് സത്യമാണ് ട്ടാ….
“എടാ പൊട്ടാ.. നിനക്ക് ആലോചിച്ച പെണ്ണാ നിള.ഞാനും അമ്മാവനും കൂടി വന്ന് കണ്ടതായിരുന്നു.നിനക്ക് കല്യാണം ഉടനെ വേണ്ടെന്ന് പറഞ്ഞപ്പോൾ ഇങ്ങനെയൊരു നാടകം കളിച്ചത് മോളു പറഞ്ഞ ബുദ്ധിയാണ്….
പറഞ്ഞു തീർന്നതും അമ്മ പൊട്ടിച്ചിരിച്ചു..കൂടെ അവളുടെ അച്ഛനും അമ്മയും…
” അതേ മാഷേ കെട്ടാൻ പോകുന്ന ചെറുക്കൻ എങ്ങനെയുള്ളവനാകണമെന്ന് അറിയാൻ പെണ്ണിനും അവകാശമുണ്ടേ.ജീവിതം ഒന്നല്ലെയുള്ളൂ..അത് കോഞ്ഞാട്ടയാകണ്ടാന്നു കരുതി.. പിന്നെ കുറെക്കാലം ആയില്ലെ പെണ്ണുകാണൽ നടക്കുന്നു. ഇനി തിരിച്ചൊരു വെറൈറ്റി ആകട്ടെയെന്ന് ഞാനും കരുതി… അതുകൊണ്ട് ഞങ്ങൾ എല്ലാവരും കൂടിയൊന്ന് ഒത്തു കളിച്ചു….
പറ്റിക്കപ്പെട്ട സങ്കടം എന്റെ മനസിൽ വന്നെങ്കിലും നിളയെ തന്നെ കിട്ടിയത് ഭാഗ്യം…
“പരീക്ഷിച്ചിട്ട് ചെറുക്കൻ എങ്ങനെയുണ്ട്..ഇഷ്ടപ്പെട്ടൊ… വെറുതെ ഞാൻ തട്ടിവിട്ടു…
” മാഷിനെപ്പോലെ നല്ലൊരു മനുഷ്യനെ ഏത് പെൺകുട്ടിയാ നഷ്ടപ്പെടുത്തുക.അനാഥയാണെന്നൊക്കെ കളളം പറഞ്ഞതിനു മാപ്പ്…. അവളുടെ കണ്ണു നിറഞ്ഞു…
“മാപ്പില്ലാ ഈ തെറ്റിനു… ഞാൻ തറപ്പിച്ചു പറഞ്ഞതും അമ്മയടക്കം എല്ലാവരും ഞെട്ടിപ്പോയി…
” അതുകൊണ്ട് മരണം വരെ നിളയെ ഭാര്യയാക്കി സ്നേഹത്താൽ ശിക്ഷിക്കാൻ ബഹുമാനപ്പെട്ട ഈ കോടതി ഉത്തരവിടുന്നു…
എന്റെ വിധി പറച്ചിൽ അവസാനിപ്പിച്ചതും ഞെട്ടിയവരെല്ലാം ആശ്വാസം കൊണ്ടെങ്കിലും നിള ഓടിവന്ന് മൂക്കിൻ തുമ്പിൽ മുറുക്കി നീട്ടിപ്പിടിച്ചു വലിച്ചു….
“ദേ നോവുന്നു… ഞാൻ പറഞ്ഞു..
“നോവട്ടെ…ഞങ്ങളെ ടെൻഷനടിപ്പിച്ചതിനു ചെറിയൊരു ശിക്ഷ… കേട്ടോ എന്റെ മാഷേ…
കുസൃതിയോടെ ചിരിച്ചവളത് പറയുമ്പോൾ എന്റെ മനസ്സ് നിറഞ്ഞിരുന്നു…
” സന്തോഷത്താൽ…ആശിച്ചവളെ തന്നെ കിട്ടിയതിൽ….
#ശുഭം
A story by സുധീ മുട്ടം
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission