Skip to content

ക്രിസ്മസ് രാത്രി ഒരു ഓർമ്മ

വിവാഹം കഴിഞ്ഞാൽ ആദ്യം പോകുന്നത് ധനുഷ്കോടിയിലേക്കാണ്‌..ധനുഷിന്റെ തീരുമാനം ആയിരുന്നു.അതും ക്രിസ്തുമസ് വേളയിൽ തന്നെ അവിടെ എത്തണം എന്ന നിർബന്ധവും..

ആദ്യ രാത്രിയിൽ പറഞ്ഞു തന്നതും ആ കഥയാണ്.1964 ഡിസംബർ 22 ന് ധനുഷ്‌കോടി എന്ന സ്വർഗ്ഗ സുന്ദരമായ ആ നഗരം വീശിയടിച്ച ചുഴലിക്കാറ്റിലും, വെള്ളപ്പൊക്കത്തിലും നാമാവശേഷമായ ആ കഥ..

രാമേശ്വരം ടൗണിൽ നിന്നും ധനുഷ്കോടിയിലേക്ക്.മഹീന്ദ്ര വാനിലാണ് ഞങ്ങൾ.രാമസേതുവിന് ഒന്നു രണ്ടു കിലോമീറ്റർ ഇപ്പുറം വരേ വാൻ ചെല്ലൂ.

ഇറങ്ങി നടന്നു..കൂടെ രണ്ടു ,മൂന്നു കുടുംബങ്ങളും ഉണ്ടായിരുന്നു.ഓമനത്തം തുളുമ്പുന്ന മൂന്നു നാലു വയസു പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടി.മറാത്തിക്കാരാണ് എന്നു തോന്നുന്നു. അവൻ വാനിൽ കയറിയപ്പോൾ തൊട്ട് ഞങ്ങളെ നോക്കി പുഞ്ചിരിക്കുകയായിരുന്നു.

നുണക്കുഴി വീഴിയുന്ന ഓമനമുഖം,ആഴക്കടലിന്റെ ഓളങ്ങൾ അലതല്ലുന്ന നീല നയനങ്ങൾ.

“നോക്കൂ ധനൂ..ആ കുട്ടി നമ്മളെത്തന്നെ നോക്കുന്നു..ആ ചിരി കണ്ടോ അവന്റെ..ന്തു ഭംഗ്യാ അല്ലേ??”

“ഒരു സിഗ്നൽ തരുവാ മോളേ..ആൺകുട്ടിയായിരിക്കും നമുക്കും ആദ്യം ണ്ടാവുക ”

എന്നിട്ട് തന്നെ വലിച്ചടുപ്പിച്ച്‌ ,ചെവിയിൽ മന്ത്രിച്ചതോർത്തപ്പോൾ ചിരിപൊട്ടി..

“പോ..” ഒരു നുള്ളു വച്ചു കൊടുത്തു.
കള്ളൻ..

നീല നിറത്തിന്റെ ഭാവുക വർണ്ണം ..
രാമസേതു കടൽവരമ്പിലൂടെ ഞങ്ങൾ കൈകോർത്തു നടന്നു.കിലോമീറ്ററോളം നീണ്ടു നിവർന്നു കിടക്കുന്ന വഴിയുടെ ഇരുവശങ്ങളിലും വെയിലിൽ തിളങ്ങുന്ന പഞ്ചാരപ്പൂഴി..

പഴയ റയിൽവേ സ്റ്റേഷനും,വാട്ടർ ടാങ്കിന്റെ തൂണുകളും.കരകൗശല വസ്തുക്കളും,ശീതളപാനീയങ്ങളും വിൽക്കുന്ന ഷെഡ്ഡുകൾക്കിടയിലൂടെ ..

“ഏയ്‌ ധനൂ.”ഞാൻ വിളിച്ചു

.നിശബ്ദനായി എന്തോ തിരഞ്ഞു അടക്കുന്നത് പോലെ..ഇതു പതിവില്ലാത്തതാണ്..ചലപില സംസാരിക്കുന്ന ആളിന് എന്തോ ആവോ!!

പെട്ടെന്ന് അവനെന്റെ കൈകളിൽ മുറുകെ പിടിച്ചു. വല്ലാതെ തണുത്തിരിക്കുന്നതായി തോന്നി ആ കൈകൾ.

വെറുതെ അപ്പൊ ഞാൻ സീതയെ ഓർത്തു.
രാമസേതു വരമ്പിലൂടെ നടക്കുന്നത് കൊണ്ടാകും.
.പിന്നെ രാമലക്ഷ്മണന്മാരും, വാനരസേനകളും,രാവണനും ഒക്കെ വരിവരിയായി മനസിലൂടെ കടന്നുപോയി.മിത്തുകളുടെ പുനർവായന.

“സ്വർണ്ണമയിയായ രാവണലങ്ക ഏതാനും കിലോമീറ്ററുകൾക്കുമപ്പുറം
ഉണ്ടാകും അല്ലേ..?”

ഞാനുറക്കെ ചോദിച്ചു.ഒക്കെയും അവനിൽ നിന്നും കിട്ടിയ അറിവുകൾ തന്നെയാണ്.

നിശബ്ദത മാത്രമായിരുന്നു ഉത്തരം.നടക്കുകയാണ്.

പെട്ടെന്ന് ഒരാവേശത്തോടെ അവൻ വിളിച്ചുകൂവി.

“അവിടെ ഒരു വീടുണ്ടായിരുന്നു.”

നീണ്ടുകിടക്കുന്ന പഞ്ചാര മണലിലേക്ക് കൈചൂണ്ടി ഒന്നു വട്ടം തിരിഞ്ഞ് ധനുഷ് വിളിച്ചു പറഞ്ഞു.

പൊട്ടിപ്പൊളിഞ്ഞ പാലത്തിന്‌ ഒരു ഇരുന്നൂറു മീറ്ററോളം ഇപ്പുറത്തായിരുന്നു തങ്ങൾ..

“എന്നും മദിരാശിയിൽ നിന്നെത്തുന്ന ശ്രീലങ്കൻ മെയിലിൽ ആൾക്കാർ സാധനങ്ങൾ കൊണ്ടുവരും.പാമ്പൻ പാലം കടന്നെത്തുന്ന ട്രെയിൻ യാത്രികർക്ക് താമസിക്കാനും ,സാധനങ്ങൾ വാങ്ങാനും,ശ്രീലങ്കയിലേക്ക്‌ ചരക്കുകളൊക്കെ കടത്താനുമൊക്കെയുള്ളതായിരുന്നു അന്ന് ഈ പട്ടണം…”

എല്ലാമറിയാവുന്ന ഒരു ഗൈഡിനെ പോലെ ധനു വിശദീകരിക്കുകയാണ്.ആദ്യമായിട്ടാണ് ഇവിടെ വരുന്നത്..ന്നിട്ടും..

“ആ പള്ളിമേട കണ്ടോ..?”

അവൻ ദൂരേക്ക്‌ കൈ ചൂണ്ടി.അകലെ പള്ളിയുടെ അവശിഷ്ടങ്ങൾ..

“ധനൂ..നീ ഇവിടെ വന്നിട്ടുണ്ടോ..?ഈ സ്ഥലങ്ങളൊക്കെ നീ നേരത്തേ കണ്ടിട്ടുള്ളതുപോലെ..”

എനിക്കെന്തോ വല്ലാതെ പേടിതോന്നി. ..

അവനതൊന്നും കേട്ടതേയില്ല .എന്റെ കൈപിടിച്ചു കൊണ്ട്‌ സ്ഥിരപരിചിതമായ സ്ഥലത്തിലൂടെ എന്ന പോലെ വെപ്രാളത്തിൽ മുന്നോട്ടു നടന്നു..

പൊളിഞ്ഞു കിടക്കുന്ന ആ റെയിൽവേ സ്റ്റേഷനിലൂടെ ധനു മുന്നോട്ടോടി.കൂടെ ഓടിയെത്താൻ ഞാൻ വല്ലാതെ പണിപ്പെട്ടു.

ആ മറാത്തിക്കുടുംബവും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.പുഞ്ചിരിക്കുന്ന മുഖത്തോടെ ആ കുഞ്ഞും.

“നിനക്കറിയ്യോ..ഈ റയിൽ പാതയിലൂടെ അന്ന് കടന്നുപോയ ആ ട്രെയിനിൽ നൂറ്റമ്പതോളം ആൾക്കാർ ഉണ്ടായിരുന്നു.’

“ഏതു ട്രെയിൻ?”

എന്റെ ചോദ്യം ഉച്ചത്തിൽ ആയിരുന്നു..

ശ്മശാന മൂകത..

ആ പള്ളിയുടെ അടുത്തേക്ക്‌..ആരെയൊക്കെയോ പരതുന്നതുപോലെ.

ശംഖു കളും,കാരകൗശലസാധനങ്ങളും ഒക്കെ വിൽക്കുന്ന നിരവധി കൊച്ചു കടകൾ.ആരെയോ പരതി നടക്കുന്ന ധനു..ആ കടയുടെ മുൻപിൽ..

വെള്ളിപ്പട്ടുപോലെ തല മുഴുവൻ നരച്ച ,വെളുത്തു സുന്ദരിയായ ഒരു സ്ത്രീ.നിസഹായതയുടെയും,അനാഥത്വത്തിന്റെയും അലയൊടികൾ ആ മുഖത്ത്..

ധനു അവരുടെ അരികിലേക്ക്..

“നോക്കൂ ഇവിടെ ഒരു സ്‌കൂൾ ഉണ്ടായിരുന്നില്ലേ?നാലുവശവും വീടും.”

“ജെന്നീ” വിളിച്ചു..

.വെപ്രാളപ്പെടുകയായിരുന്നു .അപരിചിതത്തിന്റെ മൂടൽമഞ്ഞിലൂടെ അവൻ മറ്റൊരാൾ ആകുന്നത് പോലെ.

ആ സ്ത്രീയുടെ കൈയിൽ ധനുഷ്‌ കടന്നുപിടിച്ചു.നിർന്നിമേഷിത നയനങ്ങളിലൂടെ അവനെ നോക്കിനിൽക്കുകയാണ് അവർ.കണ്ണിൽ സ്നേഹത്തിരയിളക്കം..പ്രണയത്തിന്റെ മത്താപ്പൂ കത്തിപ്പടരുന്നതുപോലെ.

“റോബെർട്ട്… എത്ര നാളായി..എവിടാരുന്നു..??”

ഒരു കൊച്ചു പെണ്ണിനെ പോലെ അവർ പൊട്ടിപ്പൊട്ടിക്കരഞ്ഞു.

“ഈ ജെന്നിയെ നിനക്കെങ്ങനെ മറക്കാൻ കഴിഞ്ഞു റോബർട്ട്..എത്ര നാളായി കാത്തിരിക്കുകയാന്നറിയ്യോ..എനിക്കറിയാരുന്നു നീ വരുമെന്ന്..”

ഇതെല്ലാം കണ്ട്‌ ഞാൻ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്..

പ്രണയാതുരനെ പോലെ ആ വൃദ്ധയെ നോക്കി നിന്നു അവൻ.ആ ശുഷ്കിച്ച കൈയിൽ പിടിച്ച്, അവരെ നെഞ്ചോടു ചേർത്തുനിർത്തി ,നരച്ചമുടി സ്നേഹപരവശതയോടെ കോതിയൊതുക്കി, ആ നെറ്റിയിൽ തെരുതെരെ ചുംബിക്കുകയാണ് അവൻ.

“ധനൂ.”

.ഞാനവനെ പിടിച്ചു വലിച്ചു..

ആ മറാത്തി സ്ത്രീയുടെ കൈയിൽ നിന്നും ചാടിയിറങ്ങി ആ കുഞ്ഞ്

“നമ്മുടെ മോൻ.’.അവർ അവനെ വാരിയെടുത്തു..

അപ്പോൾ പള്ളിമണികൾ മുഴങ്ങുന്നതുപോലെ തോന്നി എനിക്ക്..

******************************************************************
ക്രിസ്തുമസ് രാവ്..

ക്രിസ്തുമസ് ട്രീ എങ്ങും..മണിനാദങ്ങളും, നക്ഷത്രങ്ങളും നിറഞ്ഞ നിലാ രാവ്.. കാലിത്തൊഴുത്തിൽ പിറന്നുവീണ ഉണ്ണിയേശുവിനെ സ്പർശിക്കാൻ നഗരമാകെ ഉണർന്നിരിക്കുന്നു.

പിറവിത്തിരുന്നാളിന്റെ സന്ദേശം എല്ലാവീടുകളിലും എത്തിക്കുന്ന കരോൾ ഗാനങ്ങൾ പാടി ചെണ്ടകൊട്ടി സാന്താ ക്ലോസ്..

ഇറച്ചിയും,പാലപ്പവും, താറാവ് മപ്പാസ് കറിയും ഒക്കെ തയ്യാറാക്കി ജെന്നി കാത്തിരിക്കുകയാണ്..പ്രിയനെ..

ഇന്നവരുടെ ആറാം വിവാഹ ദിനം കൂടിയാണ്.പൊന്നുമകൻ ക്രിസ്റ്റിയുടെ അഞ്ചാം ജന്മദിനവും..

നക്ഷത്രങ്ങൾ ആകാശത്തു പൂക്കളമിടുന്നു.മഞ്ഞുപാളികൾ പ്രകൃതിയിൽ കളം വരക്കുന്നു. രാവ് നിദ്രയിലേക്കമരുന്നു.

“ജീങ്കിൾ ബെൽസ്,….ജിങ്കിൾ ബെൽസ്…

ജിങ്കിൾ ആൾ ദി വേ…”

രാജാക്കന്മാരുടെ രാജാവിനെ വരവേൽക്കുന്നു..

ചുമന്ന കുപ്പായവും,കൂർത്ത തൊപ്പിയുമണിഞ്ഞുകൊണ്ട്, മാനുകൾ വലിക്കുന്ന വണ്ടിയിൽ സമ്മാനങ്ങളുമായി ആകാശത്തുനിന്നും വരുന്ന സന്താക്ലോസ്..

ഇടവിട്ട് ചെറുപടക്കങ്ങൾ..കമ്പിത്തിരി കത്തിച്ച് , മത്താപ്പൂ പൊട്ടിവിരിഞ്ഞ്‌..

“പപ്പ എപ്പോഴാ വരിക..?”

ജെന്നിയോട് ചേർന്നിരുന്ന് ക്രിസ്റ്റി ചോദിച്ചു.

“എന്തു സമ്മാനമാകും പപ്പാ കൊണ്ടുവരിക?” ആ നീല നയനങ്ങൾ തിളങ്ങുകയായിരുന്നു.

“പപ്പാ കൈ നിറയെ സമ്മാനവുമായി വരും മോനേ..”

ചെന്നൈയിലേക്ക് പോയതാണ് റോബർട്ട്..കരകൗശല സാധനങ്ങൾ വിൽക്കുകയാണ് ജോലി..മലയാളക്കരയിൽ ഏതോ വേരോട്ടമുണ്ട് റോബെർട്ടിന്.. ജെന്നിക്കും..

മൂന്നാം വിവാഹ വാർഷികത്തിൽ ഒന്നിച്ചെടുത്ത ഫോട്ടോ ഭിത്തിയിൽ..

ജെന്നീ നീയെന്തു സുന്ദരിയാണ്..ആ ചുണ്ടുകൾ മന്ത്രിക്കുന്നത് പോലെ.

“നമ്മുടെ ക്രിസ്റ്റിക്ക് ഒരു കുഞ്ഞു പെങ്ങൾ വേണ്ടേ..ജെന്നീ..”

കാതിൽ മന്ത്രിക്കുന്നതുപോലെ.

അവൾ തന്റെ വയർ തലോടി..

“വേണം റോബെർട്ട്.. നമ്മുടെ പൊന്നു മോൾ..ദാണ്ടെ..”
എന്നു പറയുമ്പോൾ ആഹ്ലാദിച്ചു,കെട്ടിപ്പിടിച്ചു ഉമ്മകൾ കൊണ്ടു മൂടുന്ന റോബർട്ട്.. ആ ഓർമ്മയിൽ അവൾ കോരിത്തരിച്ചു..

റോബർട്ട് ജെന്നിയെക്കുറിച്ചും,ക്രിസ്റ്റിയെക്കുറി ച്ചും മാത്രം ഓർക്കുകയായിരുന്നു..സുദീർഘമായ പ്രണയം..ഒടുവിൽ ആ രത്നം സ്വന്തമായപ്പോൾ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാനായി..മാറ്റുകൂട്ടാൻ പൊന്നുമോനും..

ജെന്നിക്കായി വാങ്ങിയ ആ നീലദാവണി.. മയിൽപ്പീലി നിറഞ്ഞ സുന്ദരമായ ആ ദാവണിയിൽ അതിസുന്ദരിയായ ജെന്നിയെ ഓർത്തയാൾ കണ്ണടച്ചിരുന്നു..ക്രിസ്റ്റിക്കായി വാങ്ങിയ സാന്താ ക്ലോസിന്റെ വേഷം..അതു വാങ്ങി കവിളിൽ മുത്തമിടുന്ന ക്രിസ്റ്റിയെ അയാൾ പാതിമയക്കത്തിൽ കണ്ടു..

പെട്ടെന്ന് വീശിയടിക്കുന്ന കൊടുങ്കാറ്റിന്റെ ശബ്ദം.ട്രെയിൻ ആടിയുലയുന്നതുപോലെ..വല്ലാത്ത ശബ്ദം..കൂട്ട നിലവിളികൾ..ട്രെയിൻ ആടിയുലഞ്ഞു..

“ജെന്നീ…”

ഉറക്കെ വിളിച്ചു..

“ന്റെ..പൊന്നുമോനേ…”

നിലവിളിയുടെ ആരവങ്ങളുമായി ഏതോ അഗാധതയിലേക്ക്‌..

***************************************************************

“റോബർട്ട്.. ഞാൻ കാത്തിരിക്കുകയായിരുന്നു..നിങ്ങൾ തിരിച്ചുവരുമെന്ന് എനിക്കറിയാമായിരുന്നു..”

ആ വൃദ്ധ പ്രണയാതുരയായി മന്ത്രിക്കുകയായിരുന്നു..

ആ വൃദ്ധയെ വരിഞ്ഞു മുറുക്കി..ആ കുഞ്ഞിനെ ചേർത്തുപിടിച്ചുകൊണ്ടു ഏതോ മായാലോകത്തു നിൽക്കുകയാണ് മൂന്നാളും..

“എന്റെ ജെന്നീ..പൊന്നുമൊനേ..”,മന്ത്രണങ്ങൾ..

ആ മറാത്തി സ്ത്രീ ബഹളമുണ്ടാക്കുന്നു..അതിനേക്കാൾ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് ഭ്രാന്തിയെ പോലെ ഞാൻ ധനുവിനെ പിടിച്ചു വലിച്ചു..

പെട്ടെന്നൊരു ശക്തമായ കാറ്റു വീശി..ആ കാറ്റിൽ ആ വൃദ്ധ പറന്നു പോകുന്നതുപോലെ..നീല മേഘങ്ങൾക്കിടയിലൂടെ ഒരു മഞ്ഞു പുകപോലെ മായുന്നതുപോലെ..

മറാത്തി സ്ത്രീയുടെ കൈയിലേക്ക് ആ കുഞ്ഞ് ഓടിക്കയറി.

കാറ്റിൽ നിലം തെറ്റി വീണ ധനു..ബോധ രഹിതനായിരുന്നു..

ഞാൻ അടുത്തിരുന്നു.. ചാറ്റൽ മഴ..മുഖത്തേക്ക് വെള്ള ത്തുള്ളികൾ വീണപ്പോൾ ധനു കണ്ണു തുറന്നു..

‘എന്താടീ പെണ്ണേ ഇങ്ങനെ നോക്കുന്നേ..’

പഴയ ധനുവായി ..

“വാ പോകാം നീനാ..മതി കാഴ്ചകളൊക്കെ കണ്ടത്..ഹോട്ടലിൽ പോയി കുളിച്ചിട്ട് ഒന്നുറങ്ങണം.. വല്ലാത്ത ക്ഷീണം പോലെ..”

അവൻ എന്നെ വലിച്ചു കൊണ്ടു നടന്നു..

അവന്റെ കൂടെ നടന്നപ്പോൾ വെറുതെയൊന്നു തിരിഞ്ഞു നോക്കി..

അപ്പോ മഞ്ഞുരൂപം പോലെ ആരോ കൈവീശി കാട്ടുന്നുണ്ടായിരുന്നു..ധനുവിനോട് ചേർന്ന് ഞാൻ നടന്നു..അവനെ ആരും കൊണ്ടുപോകാതെ..

സ്വപ്ന.എസ്.കുഴിതടത്തിൽ.. ‌

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!