ഒടിയൻ

4640 Views

ഒടിയൻ malayalam story

“ഇന്നലെ കിഴക്കേലെ കുളപ്പുരയുടെ ചായ്പ്പിൽ ഒരു പെണ്ണിനെ ബോധമില്ലാതെ കിടക്കുന്നത് കണ്ടെത്രെ”

“ആഹ്.. ഞാനുമറിഞ്ഞു. വസ്ത്രങ്ങളൊന്നും ദേഹത്തില്ലത്രേ. ഒരു മുണ്ട് മാത്രം ദേഹത്തൂടെ ഇട്ട് മറച്ചിട്ടുണ്ടായിരുന്നത്.”

“മ്മടെ പറയൻ കേശുവിന്റെ പെണ്ണാണ് അത്. പാവം.. ഇച്ചിരി സൗന്ദര്യമൊക്കെ ഉള്ള കൂട്ടത്തിലായിരുന്നു. എന്താ ചെയ്യാ മ്മൾ കീഴാളർക്ക് ജന്മിമാരുടെ ആട്ടും തുപ്പും ഇതുപോലെ അവരുടെ സുഖത്തിനും മാത്രം ഇരകൾ ആകാനേ വിധിയുള്ളൂ.”

“ഹും.. ജന്മീടെ മകനാണ് ചെയ്തത് എന്ന് സംസാരമുണ്ട്. ഇതിപ്പോ ഇടക്കിടക്ക് കേട്ടുതുടങ്ങി. നമ്മടെ വീട്ടിലും ഉണ്ട് പെണ്ണുങ്ങൾ. ഇന്ന് കേശുന്റെ പെണ്ണ് നാളെ ആരാണാവോ. എന്നാണാവോ ദൈവേ ഇതിനൊരു അവസാനം”

പേരടിയൂർ ഗ്രാമത്തിൽ ഈയിടെയായി പുതുമയില്ലാത്ത ഒരു വാർത്തയാണ് സ്ത്രീകളെ കീഴ്‌പ്പെടുത്തി മാനഭംഗം ചെയ്തും പീഡിപ്പിച്ചും വഴിയോരത്ത് ഉപേക്ഷിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത്. ഗ്രാമത്തിലെ കീഴ്ജാതിയിൽ പെട്ട പെൺകുട്ടികൾക്കും സ്ത്രീകൾക്കുമാണ് കൂടുതലും ഈ അനുഭവം ഉണ്ടാകുന്നത്. പള്ളിക്കൂടത്തിൽ പോയ പെൺകുട്ടികളുടെ കാലിലൂടെ രക്തം ഒഴുകി കരഞ്ഞുകൊണ്ടാണ് പല ദിവസങ്ങളിലും വീടുകളിൽ എത്തുന്നത്.

ഇന്നത്തെ ഇര കേശുവിന്റെ ഭാര്യയാണ്. ഒരു മനയിൽ അടുക്കളജോലിക്ക് പോയി വരുന്ന കേശുവിന്റെ ഭാര്യയെ വഴിയിൽ വെച്ച് നാട്ടിലെ ജന്മിയുടെ മകനും കൂട്ടുകാരും ചേർന്ന് ആക്രമിക്കുകയായിരുന്നു. കുളപ്പുരയുടെ ചായ്പ്പിൽ ബോധംകെട്ടുകിടന്ന കേശുവിന്റെ ഭാര്യയെ കുളിക്കാൻ ചെന്ന സ്ത്രീകളാണ് കണ്ടത്. നാട്ടിലെ ജന്മിയുടെ മകൻ ആയതുകൊണ്ട് ചോദ്യം ചെയ്യാനും എതിർക്കാനും ആരും പോകാറുമില്ല.

പേരടിയൂർ ഗ്രാമത്തിലെ ദേശമ്പലത്തിലെ ഉത്സവം പ്രസിദ്ധമാണ്. തലേന്നാൾ നാടകവും പാവക്കൂത്തുമെല്ലാം ഉണ്ടാകാറുണ്ട്. പുറത്തുനിന്നും ചൂട്ടും കത്തിച്ചു വീട്ടുകാരെയുംകൊണ്ട് ഒരുപാട് ജനങ്ങളും ഉത്സവത്തലേന്നു രാത്രി നാടകവും പാവക്കൂത്തും കാണാൻ വരാറുണ്ട്. രാത്രി പരിപാടികൾ തുടങ്ങിയാൽ പിറ്റെന്നാൾ പുലരുംവരെ അതുണ്ടാകാറുണ്ട്.

ഉത്സവത്തിന്റെ തലേന്നാൾ കേശുവും അനിയനും അവരുടെ ഭാര്യയും കുട്ടികളുമെല്ലാം നാടകം കാണാൻ വേണ്ടി വയലിന്റെ നടുവിലൂടെ ചൂട്ടും കത്തിച്ചു വന്നു. വയൽ കയറിയപ്പോൾ കേശുവിന്റെ അനിയന്റെ മകളെ കാണാനില്ല. അനിയന്റെ ഭാര്യ അലറിക്കരഞ്ഞു മോളെ വിളിച്ചപ്പോളാണ് എല്ലാവരും ശ്രദ്ധിച്ചത്. വയൽ കയറിയ കേശുവും അനിയനും വീണ്ടും ചൂട്ടും കൊണ്ട് വന്നവഴിയെ തിരിച്ചോടി.

കുറച്ചുകലം ചെന്നപ്പോൾ അവരുടെ അടുത്തേക്ക് അനിയന്റെ മകൾ ഓടിക്കിതച്ചു വരുന്നുണ്ടായിരുന്നു. എവിടെയായിരുന്നു നീയെന്നു കേശുവും അനിയനും ചോദിച്ചെങ്കിലും അവൾക്ക് കിതപ്പുകൊണ്ടും ഭയംകൊണ്ടും നാവ് അനക്കാൻ പറ്റിയിരുന്നില്ല. എല്ലാവരും അമ്പലത്തിൽ പോകാതെ അവളെയുംകൊണ്ട് വീട്ടിലേക്ക് മടങ്ങിപ്പോയി.

വീട്ടിലെത്തി കുറച്ചുനേരം കഴിഞ്ഞു കേശുവും അനിയനുംകൂടി മകളോട് എവിടെക്കാ പോയത് നീ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു.

അവൾ നിറഞ്ഞ കണ്ണോടെ വിറയ്ക്കുന്ന ചുണ്ടോടെ പറഞ്ഞു.

“ഞാൻ വരമ്പത്തൂടെ നടക്കുമ്പോൾ ന്റെ കൈ ആരോ പിടിച്ചു വലിച്ചു. ഞാൻ കരയാൻ തുടങ്ങുമ്പോളെക്കും ന്റെ വായ പൊത്തിപ്പിടിച്ചു പുൽകാടിന്റെ ഇടയിലൂടെ വലിച്ചുകൊണ്ടോയി. കുറച്ചുദൂരം ചെന്ന് എന്റെ പിടി വിട്ടപ്പോൾ എന്നെ പിടിച്ചോണ്ട് പോയ ആളെ നോക്കി. അന്ന് അച്ഛനും ഞാനും കവലയിൽ നിന്ന് വരുമ്പോൾ പാടത്ത് ഒരു കസേരയിൽ കസവുമുണ്ടൊക്കെ ഉടുത്ത് കഴുത്തിൽ സ്വർണ്ണത്തിന്റെ മാലയൊക്കെ ഇട്ട് ഒരാൾ ഇരുന്നില്ലേ, അയാളും അയാളുടെ വേലക്കാരനുമായിരുന്നു അത്. അപ്പൊ ഞാൻ ഓടാൻ നോക്കിയപ്പോൾ ആ വേലക്കാരൻ ന്നെ പിടിച്ചു. ഞാൻ അയാളുടെ കയ്യിൽ കടിച്ചപ്പോൾ എന്നെ പിടി വിട്ടു. ഞാൻ അവിടെനിന്ന് ഓടിവരുമ്പോള അച്ഛനും വല്യച്ചനും വന്നത്”

അതുകേട്ട് അവളുടെ അമ്മ ഓടിവന്നു അവളെ കെട്ടിപ്പിടിച്ചു. കേശുവിന്റെ ഭാര്യ നിറകണ്ണോടെ കേശുവിനെനോക്കി. അവർക്ക് മനസ്സിലായി മകളെ പിടിച്ചുകൊണ്ടുപോയത് ജന്മിയാണെന്ന്. കേശു ഒന്നും മിണ്ടാതെ പുറത്തോട്ടിറങ്ങിപോയി.

പിറ്റെന്നാൾ കേശു നേരെ പോയത് പാടത്തേക്കാണ്. അവിടെനിന്നും ചുള്ളിക്കമ്പുകൊണ്ട് കുറച്ചു കളിമണ്ണ്‌ കൊത്തിയെടുത്തു തേക്കിന്റെ ഇലയിൽ പൊതിഞ്ഞു തലയിൽ വെച്ച് വീട്ടിലെത്തി. വെള്ളവും മുറ്റത്തെ മണലും കളിമണ്ണും കൂടി കൂട്ടികുഴച്ചു അവർണ്ണർക്ക് ഉപാസിക്കാൻ പാകത്തിൽ ഒരു രൂപമുണ്ടാക്കി തീയിൽ ചുട്ട് കരിച്ചെടുത്തു തന്റെ മുറ്റത്തൊരു കോണിൽ ആ രൂപത്തെ കുടിയിരുത്തി അതിനൊരു പേരും നൽകി, “കരിംകുട്ടി!!!”

കേശു ദിവസവും ആ രൂപത്തെ ഉപാസിക്കാൻ തുടങ്ങി. ഒരുനാൾ കേശുവിന്റെ ഉപാസനയിൽ പ്രസാദിച്ചു കരിംകുട്ടി എന്ന ഉപാസനാമൂർത്തി കേശുവിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. കേശു തന്റെ സങ്കടങ്ങൾ ഉപാസനാമൂർത്തിയോടായ് പറഞ്ഞു.

“എന്നെയും എന്റെ കുലത്തെയും കുറെ നാളുകളായി ഇവിടുത്തെ ജന്മിയും അവരുടെ കുലത്തിൽ പെട്ടവരും ഉപദ്രവിക്കുകയും സ്ത്രീകളുടെയും ചെറിയ പെൺകുട്ടികളുടെ മാനവും കളയാൻ ഒരുമ്പെട്ട് നടക്കുകയാണ്. അവരെ എതിർക്കാൻ ഞങ്ങളെക്കൊണ്ടാകില്ല. ഞങ്ങളെ എങ്ങനെയെങ്കിലും അവരിൽ നിന്നും രക്ഷിക്കണം. ഞങ്ങളുടെ രക്ഷകനാകണം. തന്റെ ജാതിക്കാരെ ദ്രോഹിക്കുന്നവരെ ഉന്മൂലനം ചെയ്യാനുള്ള ഒരു വരം എനിക്ക് തരണം.”

എല്ലാം കേട്ട ഉപാസനാമൂർത്തി കേശുവിനോട് പറഞ്ഞു

“എനിക്ക് അങ്ങനെയുള്ള വരം തരുവാനാകില്ലാ.. പകരം ഞാനൊരു മന്ത്രം പറഞ്ഞുതരാം. ആ മന്ത്രംവഴി ഏതൊരു ആളെയും നിഷ്പ്രയാസം കീഴ്പ്പെടുത്താനും ഉന്മൂലനം ചെയ്യാനും സാധിക്കുന്ന ശക്തി ലഭിക്കുന്നതാണ്.”

താമസിയാതെ കേശുവിന് ഉപാസനാമൂർത്തി ഒരു മന്ത്രം ചൊല്ലിക്കൊടുത്തു അപ്രത്യക്ഷമായി.

അന്നുരാത്രി കഞ്ഞി കുടിക്കുമ്പോൾ കേശു തന്റെ ഭാര്യയോടായ് പറഞ്ഞു.

“നാളെ കോലോത്ത് പോകുമ്പോൾ നീയ് ഒരു കാര്യം അന്ന്വേഷിച്ചറിയണം. മനയ്ക്കലെ ജന്മിയുടെ ജനിച്ച വർഷവും ദിവസവും ജന്മനക്ഷത്രവും എങ്ങനെയെങ്കിലും അറിഞ്ഞിട്ട് വരണം. അവിടെ ജോലി ചെയ്യുന്ന ആർക്കെങ്കിലും അറിയുമായിരിക്കും. മറക്കരുത്”

എന്തിനാണെന്ന് ഭാര്യ ചോദിച്ചെങ്കിലും കേശുവിന്റെ നോട്ടത്തിൽ ഭാര്യ അകത്തോട്ട് പോയി.

പിറ്റെന്നാൾ കേശുവിന്റെ ഭാര്യ ജോലി കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ കേശുവിന് കൈമാറാൻ ജന്മിയുടെ ജനനവര്ഷവും ദിവസവും ജന്മനക്ഷത്രവും ആയിട്ടാണ് വന്നത്. എല്ലാം അവൾ കേശുവിനോട് പറഞ്ഞു കൊടുത്തു. കേശു ഒന്നും മിണ്ടാതെ തോർത്തെടുത്ത് തോളിലിട്ട് മുറ്റത്തോട്ട് ഇറങ്ങി നടന്നു.

അന്ന് കേശു വീട്ടിൽ വരാൻ അല്പം നേരംവൈകി. അർധരാത്രി വീട്ടിൽവന്നുകയറിയ കേശുവിനോട് എവിടെയായിരുന്നു എന്ന് തിരക്കിയ ഭാര്യയോടായ് പറഞ്ഞു.

“പേരടിയൂർ ഒരു വീട്ടിൽ ഒരു കാട്ടുപോത്ത് വന്നു. അടുക്കളയുടെ വാതിലിന്റെ പുറംഭാഗത്തു കൊമ്പുകൊണ്ട് ശബ്ദമുണ്ടാക്കിയപ്പോൾ അവിടത്തെ പെണ്ണുങ്ങൾ വാതിൽ തുറന്നുനോക്കി. അപ്പോഴാണ് ഒരു വലിയ കാട്ടുപോത്ത് നിൽക്കുന്നത് കണ്ടത്. പെണ്ണുങ്ങൾ ചൂലും വിറകും ചട്ടിയും എല്ലാമെടുത്തു എറിഞ്ഞിട്ടും പോത്ത് പോയില്ല. അവസാനം അടുപ്പിൽ തിളപ്പിച്ച വെള്ളമെടുത്തു അതിന്റെ ദേഹത്തോട്ട് ഒഴിച്ച് വാതിലടച്ചു. വെള്ളം ദേഹത്തുവീണപ്പോൾ പോത്ത് അലറികൊണ്ടോടി”

“അയ്യോ ആരെയെങ്കിലും ഉപദ്രവിച്ചോ,?”

“ഇല്ലാ.. പലയിടങ്ങളിയായി ഇപ്പൊ കാണുന്നുവത്രെ ആ പോത്തിനെ. ചൂടുള്ള വെള്ളം ഒഴിക്കുമ്പോളാത്രേ പോത്ത് ഓടുന്നത്. ഞാനില്ലാത്തപ്പോൾ ഇവിടെ എങ്ങാനും പോത്ത് വന്നാൽ നീയും ചൂടുവെള്ളം ഒഴിച്ച് വാതിൽ അടച്ചോണം..കേട്ടല്ലോ,”

കേശു പറഞ്ഞതുകേട്ട് വായിൽ കൈവെച്ചു തലയാട്ടി.

“പിന്നെ നാളെ പുലർച്ചെ ഞാൻ ഒരിടംവരെ പോകും. കൂടെ പണിയെടുക്കുന്നവന്റെ പെണ്ണിന് ദീനം. കുറെ ദൂരെയാ അതിന് ചികിത്സ. ഇവിടെനിന്ന് പുലർച്ചെ നാലിന് പോകും. ഇവിടെ നടക്കുന്നതൊക്കെ അറിയാലോ നിനക്ക്. കുട്ടികളെ നോക്കണം. വെളുപ്പിനെ ഞാനിങെത്തൂ.. പോത്തിന്റെ കാര്യവും മറക്കണ്ടാ.”

പിറ്റെന്നാൾ പുലർച്ചെ കേശു പുറപ്പെട്ടു. കയ്യിൽ തോർത്തും ചുരുട്ടിപ്പിടിച്ചു കേശു മുറ്റത്തോട്ടിറങ്ങിനടന്നു. കേശു പോയപ്പോൾ ഭാര്യ വാതിലടച്ചു കിടന്നു.

കോലോത്ത് മുറ്റമടിക്കാനും അടുക്കളജോലിക്കും പോകുന്ന കേശുവിന്റെ ഭാര്യ പോകുന്നതിന് മുമ്പ്തന്നെ കഞ്ഞിയും പയറും ഉണ്ടാക്കിവെച്ചിട്ടാണ് പോകാറുള്ളത്. അത്രയും നേരത്തെ പോയാലേ കോലോത്തുള്ളവർ ഉറക്കമെഴുന്നേൽക്കുമ്പോഴേക്കും മുറ്റമടിക്കാനാകൂ. അതുകൊണ്ട് നേരത്തെ എഴുന്നേറ്റ് കഞ്ഞിക്ക് കലം അടുപ്പത് വെച്ച് മുറ്റം അടിച്ചുവാരാൻ നിൽക്കും.

മുറ്റമടിച്ചുവാരി അകത്തോട്ട് കേറിയ കേശുവിന്റെ ഭാര്യ അടുക്കളവാതിലിൽ എന്തോ മുട്ടുന്ന ശബ്ദം കേട്ടു. മെല്ലെ അടുക്കളയിൽ എത്തിയ അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി. അപ്പോൾ കണ്ടത് പകുതി വാൽ മുറിഞ്ഞ ഒരു വലിയ കാട്ടുപോത്തിനെയാണ്. അവളപ്പോ തന്നെ വാ പൊത്തിപ്പിടിച്ചു അടുക്കളവാതിലിൽ ചാരിനിന്നു. എന്ത് ചെയ്യണമെന്നറിയാതെ കിതക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് കേശു പറഞ്ഞത് അവളോർത്ത്. അവൾ മെല്ലെ വാതിലിന്റെ ഓടാമ്പല തുറന്നു അടുപ്പത്തിരിക്കുന്ന കലം പൊക്കിയെടുത്തു ചൂടുവെള്ളം വാതിൽ കാൽകൊണ്ട് തുറന്നപാടേ പോത്തിന്റെ നേരെ ഒഴിച്ചു. അപ്പൊത്തന്നെ അവൾ വാതിൽ കൊട്ടിയടച്ചു. പോത്തിന്റെ ഒരു അലർച്ച അവൾ കേട്ടു. പിന്നെ അവിടെ നിശബ്ദമായി. ജനലിലൂടെ നോക്കിയപ്പോൾ പോത്തിനെ കണ്ടില്ല.

കുറച്ചുനേരത്തിന് ശേഷം ഉമ്മറത്തെ വാതിലിൽ ഒരു മുട്ട് കേട്ടു.. കൂടെ ഒരു ചുമയും. ചുമ കേട്ടപ്പോൾ അവൾക്ക് മനസ്സിലായി അത് തന്റെ ഭർത്താവ് കേശു ആണെന്ന്. അവൾ അപ്പോൾത്തന്നെ ഓടിച്ചെന്ന് വാതിൽ തുറന്നു. കേശു അകത്തോട്ട് കയറിയപ്പോൾ തന്നെ അവൾ വാതിൽ കൊട്ടിയടച്ചു.

“എന്തിനാടി നീയിങ്ങനെ വാതിൽ അടച്ചു പൊളിക്കുന്നെ. നേരം വെളുത്തു തുടങ്ങിയല്ലോ. ഇനിയെന്തിന് അടക്കുന്നത്?”

അവൾ അവിടെ ഉണ്ടായ സംഭവങ്ങൾ കേശുവിനോട് പറഞ്ഞു. പോത്ത് വന്നതും ചൂടുവെള്ളം ഒഴിച്ചതും എല്ലാം.

എല്ലാം കേട്ട കേശു ഭാവവ്യത്യാസമില്ലാതെ ഞാനൊന്നു കുളിക്കട്ടെ എന്നും പറഞ്ഞിട്ട് പോയി. കേശു പുറത്തോട്ട് ഇറങ്ങിയപ്പോൾ ഭാര്യ അയാളുടെ വസ്ത്രം പുറത്തോട്ട് കൊണ്ടുപോകാൻ വേണ്ടി എടുത്തപ്പോൾ അതിൽനിന്നും എന്തോ താഴെ വീണു. അവൾ അത് കയ്യിലെടുത്തു. അത് ഒരു മുളകൊണ്ടുണ്ടാക്കിയ എന്തോ ആയുധം പോലെതോന്നി.

“ഇതെന്താ ഏട്ടാ.. കുപ്പായത്തിൽ നിന്ന് വീണതാണല്ലോ”

“ആഹ്.. അതവിടെങ്ങാനും വെച്ചേക്ക്. വരുന്നവഴിക്ക് കിട്ടിയതാ. കണ്ടപ്പോൾ എടുക്കാൻ തോന്നി. ഉമ്മറത്തെ ഇറയത്ത് വെച്ചേക്ക്”

അവൾ അതുപോലെ ചെയ്തു.

അന്ന് നേരം പുലർന്നത് രണ്ടു മരണ വാർത്തയുമായിട്ടാണ്. ഇത്രയും കാലം പാവപ്പെട്ട സ്ത്രീകളുടെ മാനം കവർന്നിരുന്ന ദുഷ്ടനായ ജന്മിയും പിന്നെ പേരടിയൂരിലേക്ക് താമസം മാറിവന്ന ഒരു ഗർഭിണിയായ സ്ത്രീയും. ജന്മിയുടെ തല ഒടിഞ്ഞിട്ടാണ് കിടന്നിരുന്നത്. ഗർഭിണിയായ സ്ത്രീയാകട്ടെ അവളുടെ വയർ എന്തോ ആയുധംകൊണ്ട് കീറിമുറിച്ചു അതിലെ വളർച്ച തുടങ്ങിയ ജീവനെ എടുത്തുകൊണ്ടുപോയ രീതിയിലും.

ജന്മിയുടെ മരണവാർത്തയറിഞ് പാവപ്പെട്ട എല്ലാവരും ഉള്ളിൽ ചിരിച്ചും സന്തോഷിച്ചും അവർ ആഹ്ലാദം പങ്കിട്ടു. എന്നാൽ ഗർഭിണിയായ ആ സ്ത്രീയുടെ മരണം എല്ലാവരെയും വിഷമത്തിലാഴ്ത്തി.

കുറച്ചുകാലത്തേക്ക് നാട്ടിലെ സ്ത്രീകൾക്കും കുട്ടികൾക്കും ആരിൽനിന്നും ദേഹോപദ്രവം ഉണ്ടായില്ല. എന്നാൽ ജന്മിയുടെ മരണം കഴിഞ്ഞു നാല്പതാം നാൾ നാട്ടിലെ ഒരു പെൺകുട്ടി കൂടി മാനഭംഗത്തിന് ഇരയായി. അന്ന് ആ പെൺകുട്ടി പറഞ്ഞു “ജന്മിയുടെ മകനെന്ന്”

അച്ഛൻ മരണപ്പെട്ടപ്പോൾ മകൻ അവന് തോന്നിയപോലെ ജീവിക്കാൻ തുടങ്ങി. വൈകുന്നേരങ്ങളിൽ കള്ള് സേവിക്കാൻ കൂട്ടുകാരോടുത്തു പോകാനും തുടങ്ങി. ഒരുനാളിൽ കൂട്ടുകാരന്റെകൂടെ കള്ളും സേവിച്ചു കാട്ടിലൂടെ നടന്നുവരുന്ന വഴിയിൽ അവർക്ക് മുന്നിൽ ഒറ്റക്കൊമ്പനായ ഒരു വലിയ കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടു. പോത്തിനെ കണ്ടപ്പോൾ കൂടെയുണ്ടായിരുന്ന കൂട്ടുകാരൻ ഓടി മരത്തിന്റെ പുറകിൽ ഒളിച്ചു. എന്നാൽ ജന്മിയുടെ മകൻ തന്റെ അധികാരവും അഹങ്കാരവും പോത്തിന്റെ അടുത്തും നടക്കുമെന്ന ചിന്തയിൽ അവിടെനിന്നു. താമസിയാതെ ജന്മിയുടെ മകന്റെ അലർച്ച ആ കാട്ടിൽ ഉയർന്നു. ഒറ്റക്കൊമ്പനായ ആ പോത്ത് ജന്മിയുടെ മകന്റെ കൂട്ടുകാരനുനേരെ തിരിഞ്ഞു നിന്നു. കൂട്ടുകാരനെ ഒന്നും ചെയ്യാതെ ആ പോത്ത് അവിടെനിന്നും പോയി. ആ ഒറ്റക്കൊമ്പൻ പോത്തിനെനോക്കി കൂട്ടുകാരൻ മെല്ലെ പറഞ്ഞു ” #ഒടിയൻ !!!”

പിറ്റെന്നാൾ മുതൽ നാട്ടിൽ ആ വാർത്ത പരന്നു. ആരോ ഒടി വെച്ചിട്ടാണ് ജന്മിയും ജന്മിയുടെ മകനും കൊലചെയ്യപ്പെട്ടത്. പക്ഷെ ആ ഗർഭിണി ആയ സ്ത്രീ എങ്ങനാ മരണപ്പെട്ടതെന്ന് ആർക്കുമറിയില്ല.

നാട്ടിൽ വാർത്ത പരന്നപ്പോൾ കേശുവിന്റെ ഭാര്യയുടെ ചെവിയിലും ഈ വാർത്ത എത്തി. ജന്മി അവസാനമായി കൈവെച്ച ഇര ഏട്ടന്റെ അനിയന്റെ മകളാണ്. ജന്മിയുടെ മകൻ അവസാനമായി കൈവെച്ചത് തന്നെയും. അവൾ മുൻപ് നടന്ന സംഭവങ്ങളും കേശു പറഞ്ഞതുമെല്ലാം ആലോചിച്ചു.

ഇതുവരെ കാണാത്ത ഏതോ ദൈവത്തിന്റെ രൂപം ഈയടുത്തു മുറ്റത്ത് ഒരു കോണിൽ വന്നതും ആരും പറഞ്ഞുകേൾക്കാത്ത ഒരു പോത്തിന്റെ കഥ പറഞ്ഞതും അതും ഇവിടെ രണ്ടുവട്ടം പോത്ത് വന്നതും താൻ ചൂടുവെള്ളം ഒഴിച്ചതും ഏട്ടന്റെ കുപ്പായത്തിൽനിന്നും വീണ മുള കൊണ്ടുണ്ടാക്കിയ എന്തോ ആയുധവും എല്ലാം അവളുടെ മനസ്സിൽ വന്നു.

അന്നുച്ചക്ക് കഞ്ഞി കുടിക്കാൻ വന്ന കേശുവിന്റെ മുഖത്തോട്ട് അവൾ കുറേനേരംനോക്കി. അവസാനം ചോദിച്ചു.

“ഏട്ടാ.. ഏട്ടന് എന്നോടും മക്കളോടും സ്നേഹമുണ്ടോ?”

“അതെന്നാടി അങ്ങനെ ചോദിച്ചേ. പിന്നാർക്ക് വേണ്ടിയാ ഞാൻ കഷ്ടപ്പെടുന്നത്?”

“എങ്കിൽ നമ്മുടെ മുറ്റത്തു ഈയടുത്തു കൊണ്ടുവെച്ച ആ രൂപത്തെതൊട്ട് ഏട്ടൻ സത്യം ചെയ്യണം. ഈയിടെ നമ്മുടെ നാട്ടിൽ നടന്ന മരണങ്ങളുമായി ഏട്ടന് ബന്ധമില്ലാന്ന്”?

“അത്.. അത്പിന്നെ..”

“അപ്പൊ ഞാൻ ഊഹിച്ചതൊക്കെ സത്യമാണല്ലേ. എങ്ങനെ കഴ്ഞ്ഞു നിങ്ങൾക്ക് അങ്ങനൊരു നീചകൃത്യം ചെയ്യാൻ. എന്നെ നശിപ്പിച്ചെങ്കിലും ജന്മിയെ കൊള്ളാൻ ചേട്ടനല്ല ദൈവത്തിനാണ് അധികാരo”

“അതേടി.. ദൈവത്തിനാണ് അധികാരം.. അതുകൊണ്ടാണ് ഞാൻ കളിമണ്ണ് കുഴച്ചുണ്ടാക്കി കരിച്ചു ദാ ആ ഇരിക്കുന്ന കരിംകുട്ടിയുടെ രൂപമുണ്ടാക്കി ഇത്രനാൾ ഉപാസിച്ചത്. കുറച്ചുനാൾ മാത്രമേ ആ ഉപാസനാമൂർത്തി എന്നെ പരീക്ഷിച്ചുള്ളൂ. എനിക്ക് ദർശനം തന്നു. കൂടെ ഒരു വരവും.”

“ഏട്ടാ.. എന്തൊക്കെയാ ഈ പറയുന്നേ..”

“അതെ സത്യമാണ്. എനിക്ക് കരിംകുട്ടി ഒരു മന്ത്രം ചൊല്ലിത്തന്നു.. അതുവഴി എനിക്ക് ഒടിയൻ ആകാനുള്ള കഴിവും മരുന്നിന്റെ കൂട്ടും പറഞ്ഞുതന്നു”

“മരുന്നോ.. അതെന്തിനാ?”

“അതേ.. കന്നി ഗർഭിണി ആയ ഒരു പെണ്ണിന്റെ വയർ മുളങ്കത്തി കൊണ്ട് കീറിമുറിച്ചു വളർന്നുവരുന്ന ആ ജീവനെ കൈകൊണ്ട് വയറിന്റെ ഉള്ളിൽ നിന്നും പറിച്ചെടുത്തു ചില പച്ചിലക്കൂട്ടുമായി ഉണ്ടാക്കിയെടുക്കുന്ന മരുന്ന്. ഞാൻ പൂർണ നഗ്നനായി ആ മരുന്ന് എന്റെ വലത് ചെവിക്ക് പുറകിൽ പുരട്ടി ഒരു മന്ത്രം ചൊല്ലിയാൽ ഞാൻ ആഗ്രഹിച്ച വേറെ രൂപത്തിൽ എനിക്ക് മാറാൻ സാധിക്കും”

“അപ്പൊ അന്ന് നമ്മുടെ പുറകുവശത്തു വന്ന പോത്ത്?”

“അതേ.. ഈ ഞാൻ തന്നെയാണ്. ജന്മിയെ കൊന്നുതള്ളി വന്നതായിരുന്നു അന്ന്. നമ്മൾ അപായപ്പെടുത്താൻ ഉദ്ദേശിക്കുന്ന ആളിന്റെ ജനിച്ചവർഷവും ദിവസവും ജന്മനക്ഷത്രവും അറിഞ്ഞാൽ മാത്രമേ ഒടിവിദ്യ ഫലിക്കൂ. അതിനുവേണ്ടിയാണ് അന്നു നിന്നോട് അതെല്ലാം അന്ന്വേഷിച്ചുവരാൻ പറഞ്ഞത്.ഞാൻ രൂപം മാറികഴിഞ്ഞാൽ എനിക്ക് പഴയ രൂപത്തിൽ ആകാൻ എന്റെ ദേഹത്ത് ചൂടുവെള്ളം ഒഴിക്കണം. എങ്കിലേ പഴയ രൂപത്തിലാകാൻ സാധിക്കൂ. ഇല്ലെങ്കിൽ കുറേനേരം കഴിഞ്ഞു എനിക്ക് നിന്നെയും നമ്മുടെ മക്കളെയും തിരിച്ചറിയാനാകില്ല. നിങ്ങളെയും ചിലപ്പോ കൊല്ലും ഞാൻ. അതുകൊണ്ടാ അന്ന് മുൻകൂട്ടി ചൂടുവെള്ളം ഒഴിക്കണമെന്ന് പറഞ്ഞത്”

“അപ്പൊ മരുന്ന് ഉണ്ടാക്കിയത്?”

“അന്ന് മുതൽ ഞാൻ അന്ന്വേഷിച്ചുനടന്നു ഒരുപാട്. അങ്ങനെയാണ് പേരടിയൂർ അമ്പലത്തിനടുത് പാലക്കാടിൽ നിന്നും വീടുമാറിവന്ന ഒരു നമ്പൂരി പെണ്ണിനെപ്പറ്റി അറിഞ്ഞത്. വൈകുന്നേരം അവൾ അമ്പലത്തിൽ വരുന്നവഴിക്ക് ഒരു മന്ത്രം ഉപയോഗിച്ച് അവളെ വശീകരിച്ചു നരണിപ്പുഴയുടെ അടുക്കെത്തിച്ചു. അവിടെവെച്ച് വയർകീറി ഭ്രൂണമെടുത്തു അവളെ കെട്ടി വെള്ളത്തിൽ താഴ്ത്തി. കെട്ട് പൊട്ടിയതാണോ എന്തോ പിറ്റെന്നാൾ അവളുടെ ശവം പൊന്തി. ഇല്ലേൽ ആരും ആ ശവം കാണില്ലായിരുന്നു.”

“അയ്യോ.. എങ്ങനെ തോന്നി നിങ്ങൾക്ക് ഒന്നുമറിയാത്ത ആ പാവം പെണ്ണിനെ”

“എനിക്കെന്റെ വീട്ടുകാരാണ് വലുത്. അവരെ കാക്കണം. അതേ ഞാൻ ചിന്തിച്ചുള്ളൂ.”

“ഇനി നമുക്ക് ഇത് വേണ്ടാ. എന്നെയും അനിയന്റെ ഭാര്യയെയും ആക്രമിച്ചവരെ ഇല്ലാതാക്കിയില്ലേ. ഇനി നമുക്ക് ഈ വരവും മന്ത്രവും വേണ്ട ഏട്ടാ. പഴയപോലെ ഉള്ള ജീവിതം മതി. എനിക്കാകെ പേടിയാകുന്നു.”

“മ്മ്.. ശരിയാ.. എന്റെ ലക്‌ഷ്യം നിറവേറ്റി.. ഇനി ആരും ഒരു സ്ത്രീക്കും മാനം നഷ്ട്ടമാകരുത്. അതേ ഞാനാഗ്രഹിച്ചുള്ളൂ. അവസാനിപ്പിച്ചു ഇതോടെ എല്ലാം”.

കേശു ഉമ്മറത്തെ ഇറയിൽ നിന്നും മുളങ്കത്തി എടുത്തു തന്റെ വേലിക്ക് പുറത്തോട്ട് വലിച്ചെറിഞ്ഞു. അതുകണ്ട് കേശുവിന്റെ ഭാര്യ നെഞ്ചിൽ കൈവെച്ചു കണ്ണുമടച്ചു ദൈവത്തോടെന്തോ പ്രാർത്ഥിച്ചു…

*******************::::

കുറച്ചു മാസങ്ങൾക്ക്ശേഷം വള്ളിയും ഇലയും ചളിയും ആയി കിടന്നിരുന്ന കേശുവിന്റെ വീട്ടിലെ കരിംകുട്ടിയുടെ രൂപം ഒരു സുപ്രഭാതത്തിൽ വൃത്തിയായി നിൽക്കുന്നു. അവിടെ ഇലയും വള്ളിയും ചളിയും ഒന്നുമില്ല. ആരോ അവിടം വൃത്തിയാക്കി കഴുകിയിരിക്കുന്നു. കേശുവും ഭാര്യയും അതുകണ്ടു മുഖാമുഖം നോക്കി.

അന്ന് രാത്രി ആരോ കേശുവിന്റെ വീടിന് മുന്നിലൂടെ ഉറക്കെ അലറിവിളിച്ചു ഓടി..

“ഒടിയൻ.. ഒടിയൻ.. ഒടിയൻ…”

രചന
വിപിൻ‌ദാസ് അയിരൂർ.

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply