മകളുടെ വിവാഹം – 1

  • by

4132 Views

മകളുടെ വിവാഹം

ദേ ഇക്കാ ഇങ്ങള് എത്ര കൊല്ലമായി പോയിട്ട് നമ്മുടെ മോളെ കെട്ടിച്ചു വിടാറായെന്ന് വല്ല വിചാരവും ഉണ്ടോ. അവളുടെ മാമ്മന്മാര് എത്ര ആലോചനകളായി കൊണ്ട് വരുന്നു. ഇങ്ങടെ പുന്നാര മോള് സമ്മതിക്കണ്ടേ. ഉപ്പ വന്നിട്ടേ വിവാഹത്തിന് സമ്മതിക്കൂ എന്നും പറഞ്ഞ് അവള് വാശി പിടിച്ച് നിൽക്കാ.ഓൾക്ക് വയസ്സ് പതിനെട്ട് കഴിഞ്ഞു ഇനിയും ഓളെ ഇങ്ങനെ നിർത്താനാണോ ഉദ്ദേശം. അവളുടെ താഴെ ഒരു പെൺകുട്ടി കൂടി വളർന്നു വരുന്നുണ്ടെന്ന കാര്യം കൂടി ഇങ്ങക്ക് ഓർമ്മ വേണം..

ന്റെ സജ്‌ന ഇയ്യ് വിഷമിക്കണ്ട.ഓൾടെ കല്യാണം നമ്മള് ഗംഭീരമായി തന്നെ നടത്തും. ന്റെ മക്കൾക്കും അനക്കും കുടുംബത്തിനും വേണ്ടിയല്ലേ ഞമ്മള് ഈ മരുഭൂമിയിൽ വന്ന് കഷ്ടപ്പെടുന്നത്. ഞാൻ നാട്ടിൽ നിന്നും വരുമ്പോൾ മ്മടെ മക്കള് ചെറിയ കുട്ടികളായിരുന്നു. ഇപ്പോ അവരൊക്കെ കെട്ടിച്ചു വിടാറായി വർഷങ്ങൾ പോയത് അറിഞ്ഞില്ല. എന്തായാലും ഈ കൊല്ലം കൂടി ഇയ്യ് ക്ഷമിക്ക് അടുത്ത കൊല്ലം ഞാൻ നാട്ടിൽ വരുമ്പോൾ ഓൾടെ കല്യാണം നടത്തീട്ടേ ഞാൻ തിരിച്ചു പോകൂ…

ഇക്കാ ഇങ്ങള് ഇപ്പോ പോയിട്ട് എത്ര കൊല്ലമായി എന്ന് വല്ല ഓർമ്മയും ഉണ്ടോ.

ഈ ജോലി തിരക്കിനിടയിൽ അതൊക്കെ ഓർക്കാൻ എവിടെയാ സമയം…

എന്ന എനിക്ക് ഓർമ്മയുണ്ട് അഞ്ചു വർഷമായി ഇങ്ങള് പോയിട്ട്..

എന്ത് ചെയ്യാനാ സജ്‌ന. ഓരോ കൊല്ലം കഴിയുമ്പോഴും വിചാരിക്കും ഈ കൊല്ലമെങ്കിലും നാട്ടിൽ പോണമെന്ന് സാധിക്കണ്ടേ. വീട് പണി മക്കളുടെ പഠിപ്പ് പെങ്ങമ്മാരുടെ കല്യാണം അവരുടെ പ്രസവം. ഉമ്മാടെ ഓപറേഷൻ അങ്ങനെ ഓരോ പ്രശ്നങ്ങൾ വരുമ്പോഴും പിന്നെ വിചാരിക്കും എന്ന അടുത്ത കൊല്ലം പോകാമെന്ന് അങ്ങനെ വർഷങ്ങൾ പോയത് അറിഞ്ഞില്ല. എന്തായാലും അടുത്ത കൊല്ലം വന്നാൽ രണ്ട് മാസമെങ്കിലും നിന്നോടൊപ്പവും മക്കളോടൊപ്പവും സന്തോഷത്തോടെ എനിക്ക് ജീവിക്കണം.

അഞ്ചു വർഷത്തോളം ഗൾഫിൽ പോയി കഷ്ടപ്പെട്ട് നാട്ടിൽ വന്നാൽ വെറും രണ്ട് മാസം ഞങ്ങളോടൊപ്പം സന്തോഷത്തോടെ ജീവിക്കണം അതിന് ഞാൻ സമ്മതിക്കില്ല. ഇനിയും ഇക്കാനെ പിരിഞ്ഞ് ജീവിക്കാൻ എന്നെകൊണ്ട് കഴിയൂല്ലാ. നാട്ടിൽ വന്നാൽ പിന്നെ ഇക്കാനെ തിരിച്ചു പോകാൻ ഞാൻ സമ്മതിക്കൂല്ലാ…

എന്താ ഇയ്യ് പറയുന്നത്. കുറച്ച് മുന്നേ എന്താ എന്നോട് പറഞ്ഞത്. മൂത്ത മോളെ വിവാഹം കഴിപ്പിച്ചു വിട്ടാലും താഴെ നമ്മുക്ക് ഒരു മോളുകൂടി വളർന്നു വരുന്നുണ്ടെന്ന ഓർമ്മവേണം എന്നല്ലെ.

അതിനെന്താ. ഇങ്ങൾക്ക് നാട്ടിൽ വന്നിട്ട് വല്ല ബിസ്‌നസ്സും തുടങ്ങിയാൽ പോരേ പിന്നെ തിരിച്ചു പോണോ.

എന്ത് ബിസ്സ്നസ്സ് ചെയ്യാനാ. നമ്മുടെ മൂത്ത മോളുടെ വിവാഹം നടത്തി കഴിഞ്ഞാൽ തന്നെ അവൾക്ക് വേണ്ടി കരുതി വെച്ചതെല്ലാം തീരും ഇനി അവളുടെ താഴെയുള്ളവളുടെ കാര്യം വരുമ്പോൾ നമ്മൾ എന്ത് ചെയ്യാനാ അവളുടെ പഠിപ്പ് വീടിന്റെ ലോൺ. ഉമ്മാടെ മരുന്നിനു തന്നെ വേണം മാസ്സം നല്ലൊരു തുക. ഈ ചിലവെല്ലാം ഞാൻ നാട്ടിൽ നിന്നാൽ എങ്ങനെ നടത്തും. ഒരുപാട് സമയമായില്ലേ നീ ഫോൺ വെച്ചോ എനിക്ക് ജോലിക്ക് പോകാനുള്ള സമയമായി. ഉമ്മാട് എന്റെ സലാം പറയണം. ഞാൻ നാളെ വിളിക്കാം.

ഉം ശെരി ഇക്കാ….

ഒരു നെടുവീർപ്പിന്റെ സ്വരത്തോടെ സലീം ഫോൺ കട്ട് ചെയ്തു. കുറച്ച് സമയം സലീം അവിടെ ഇരുന്നു കൊണ്ട് എന്തൊക്കെയോ ആലോചിച്ചു കൂട്ടി.

പാവം ഓൾക്ക് ഭയങ്കര സങ്കടമുണ്ട്. അഞ്ചു കൊല്ലം വെറും ഈ ഫോൺ വിളിയിലൂടെ ജീവിതം തള്ളി നീക്കുമ്പോൾ അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം എനിക്കും മക്കൾക്കും കുടുംബത്തിനും വേണ്ടി വേണ്ടന്ന് വെക്കുന്നു. ഈ കൊല്ലത്തിനിടയിൽ അവൾക്ക് വേണ്ടി അവളുടെ ഇഷ്ടത്തിന് വേണ്ടി എന്നോട് ഇതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല എല്ലാം മക്കൾക്കും കുടുംബത്തിനും വേണ്ടി മാത്രം എന്നാൽ അവളുടെ ഇഷ്ടത്തിനും ആഗ്രഹത്തിനും വേണ്ടി ഇതുവരെ എനിക്ക് അവൾക്കൊന്നും ചെയ്ത് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതിന് ഇതുവരെ ഒരു പരാതി പോലും പറഞ്ഞിട്ടില്ല…

എന്താ സലീമിക്ക ഇങ്ങള് ആലോചിച്ച് ഇരിക്കുന്നത്…

എന്താ ബഷീറേ നമ്മളെപ്പോലെയുള്ള പ്രവാസികൾക്ക് ആലോചിക്കാനുള്ളത്. നമ്മുടെ വീട്ടുകാരുടെ കാര്യം തന്നെ…

ആ ഇക്കാ ഞാൻ നാളെ നാട്ടിൽ പോകും. പെട്ടന്നാണ് ലീവ് ശെരിയാണ്. എന്റെ പെങ്ങളുടെ വിവാഹമാണ്. അടുത്ത ആഴ്ച്ച പോകാൻ പറ്റുമെന്നു വിചാരിച്ചതല്ല. പിന്നെ എന്റെ ഒപ്പം ജോലി ചെയ്യുന്ന ഹമീദ്ക്ക പോകാൻ ഇരുന്നതാ എന്തോ കാരണത്താൽ പോകുന്നില്ല എന്ന് പറഞ്ഞു. അതിന് പകരം എന്നോട് പോയിക്കോളാൻ പറഞ്ഞു മാനേജർ.

അതെന്തായാലും നന്നായി പെങ്ങളുടെ കല്യാണത്തിന് കൂടാൻ സാധിക്കുമല്ലോ.

അതെ സലീമിക്ക. എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു. പെങ്ങളുടെ കല്ല്യാണം കൂടണമെന്നു അത് പടച്ചോൻ സാധിപ്പിച്ചു തന്നു.

അതെ ബഷീറേ പടച്ചോൻ വലിയവനാണ് എല്ലാം കാണുന്നവനും അറിയുന്നവനും.

ബഷീറേ ഇയ്യ് എപ്പോഴാ നാട്ടിൽ പോകുന്നത്.

അല്ല ഇതാര് ഹമീദ്ക്കയോ. സലീമിക്കാ ഇതാണ് ഞാൻ പറഞ്ഞ ആള്.

അസ്സലാമുഅലൈക്കും.

വാ അലൈക്കും മുസ്സലാം.

ബഷീറേ ഇയ്യ് എനിക്ക് ഒരു ഉപകാരം ചെയ്യണം…

എന്താ ഹമീദ്ക്കാ എന്താണെങ്കിലും പറഞ്ഞോ.

ഞാൻ ഇവിടെ വന്നിട്ട് മുപ്പത് വർഷത്തോളമായി. അതിനിടയിൽ എന്റെ മക്കൾക്കും ഭാര്യക്കും വേണ്ടതല്ലാം ഞാൻ ചെയ്ത് കൊടുത്തു.ഓരോ പ്രാവശ്യം നാട്ടിൽ പോകുമ്പോളും ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ പോയിരുന്നത്. എന്റെ ഭാര്യയുടെയും മക്കളുടെയും ഒപ്പം ഒരു മാസമെങ്കിൽ ഒരു മാസ്സം സന്തോഷത്തോടെ ജീവിക്കാല്ലോ എന്ന് കരുതീയിട്ട്. പക്ഷെ ഈ പ്രാവശ്യം എന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റി. ഇന്ന് എന്നോടൊപ്പം എന്റെ ഭാര്യയില്ല.ഞാൻ ഇതുവരെ സമ്പാദിച്ചതെല്ലാം എടുത്തുകൊണ്ട് അവൾ മറ്റൊരാളുടെ കൂടെ പോയി. എന്റെ കൂട്ടുകാരെല്ലാം എന്നോട് ഓരോന്നും വിളിച്ചു പറയുമ്പോൾ ഞാൻ ഒന്നും വിശ്വസിച്ചില്ല. ഒരു തവണ പോലും അതിനെ കുറിച്ച് അവളോട്‌ ഞാൻ ചോദിക്കുക പോലും ചെയ്തില്ല.അവളെ എനിക്ക് അത്രക്കും വിശ്വാസമായിരുന്നു. ഇഷ്ട്ടമായിരുന്നു. എന്റെ രണ്ട് ആണ്മക്കളും അവരുടെ കാര്യം നോക്കി പോയി. ഇനി ആർക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. ഇത്രയും കാലം ഞാൻ ഈ മരുഭൂമിയിൽ കിടന്ന് സമ്പാദിച്ചതിൽ നിന്നും എന്റെ കയ്യിൽ ബാക്കിയുള്ള സമ്പാദ്യം നീ ഏതെങ്കിലും പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താനായി ഏതേങ്കിലും അനാഥാലയത്തിൽ ഏൽപ്പിക്കണം. ഇനി ഞാൻ ആർക്ക് വേണ്ടിയാണ് സമ്പാദിക്കുന്നത്. അതിന് വേണ്ടി നീ എന്നേ സഹായിക്കണം…

ഹമീദ്ക്കാ ഇങ്ങള് ഇതെന്തൊക്കെയാ പറയുന്നത്. നാളെ നിങ്ങൾക്ക് ഒരാവശ്യം വന്നാൽ ആരാണ് നിങ്ങളെ ഒന്ന് സഹായിക്കാ.ഒന്നുകൂടി ആലോചിച്ചിട്ട് പോരേ…

ഇനി ഞാൻ എന്ത് ആലോചിക്കാനാ. ഇനി ആർക്ക് കൊടുക്കാനാ. ഏതേങ്കിലും പാവപ്പെട്ട കുട്ടികൾക്ക് അത് ഉപകരിക്കുമെങ്കിൽ അതല്ലെ നല്ലത്….

ഉം ശെരി ഹമീദ്ക്കാ ഞാൻ ചെയ്‌തോളാം.

എന്ന ഞാൻ പോട്ടെ. ഇത് കൂടി വെച്ചോ ബഷീറേ…

ഇത് എന്താ ഹമീദ്ക്കാ….

എന്റെ ഒരു സന്തോഷത്തിന് നിന്റെ പെങ്ങളുട്ടിക്ക് എന്റെ വക ഒരു വിവാഹ സമ്മാനം….

അതൊന്നും വേണ്ടാ ഇക്കാ. എല്ലാം ഞാൻ അവിടെ എത്തിച്ചിട്ടുണ്ട്…

അത് സാരമില്ല. ഇതും കൂടി ആ കൂട്ടത്തിൽ ഇരിക്കട്ടെ. ഇത് ഞാൻ എന്റെ ഭാര്യക്ക് വേണ്ടി കരുതി വെച്ചതാ ഇനി ഞാൻ ഇത് ആർക്ക് കൊടുക്കാനാ.

എന്നാ ഇക്കാന്റെ ഇഷ്ട്ടം പോലെ…

ഞാൻ ഇറങ്ങട്ടെ. ഇനി നീ പോയി വന്നിട്ട് കാണാം…

തുടരും…..

മകളുടെ വിവാഹം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

പ്രിയ സൗഹൃദങ്ങളെ….

ഇത് ഒരു കഥയാണോ എന്ന് ചോദിച്ചാൽ ആണെന്ന് പറയാൻ എനിക്ക് കഴിയില്ല.
കാരണം. ഇത് ഞാൻ കണ്ടതും അറിഞ്ഞതുമായ ജീവിതങ്ങളുടെ നേർകാഴ്ച്ചയാണ്. ചെറിയ മാറ്റങ്ങൾ വരുത്തി എന്നാൽ അതിൽ നിന്നും ഒന്നും ചോർന്ന് പോകാതെ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. അടുത്ത രണ്ട് മൂന്ന് പാർട്ട് കൂടി തുടർന്ന് ഉണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങൾ എന്തായാലും അറിയിക്കുക…
അടുത്ത പാർട്ട് ഉണ്ടൻ തന്നെ ഉണ്ടാകും….

എന്ന് സ്നേഹപൂർവ്വം
ShaaN.wky..

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply