ശ്രുതി – 13

7814 Views

ശ്രുതി Malayalam Novel

ഞങ്ങളുടെ വാഹനം ദൂരേക്ക് മറഞ്ഞകലുന്നത് നോക്കി ആ വാഹനത്തിനുള്ളിലെ മിഴികൾ ഞങ്ങളെ തന്നെ നോക്കി നിന്നു ……………….

സുപരിചിതനായ ആളെ കണ്ടപ്പോൾ ഞാൻ നിർവികാരമായി നിന്നു . ഒരു ചെറുപുഞ്ചിരി പോലും അപ്പോൾ എന്നെ മുഖത്ത് വന്നില്ല .

അത് വേറെ ആരും ആയിരുന്നില്ല , കിച്ചുവേട്ടൻ ആയിരുന്നു . എന്തുകൊണ്ടെന്നറിയില്ല , കിച്ചു ഏട്ടനെ കണ്ടിട്ടും കാണാത്ത പോലെയാണ് ഞാൻ ഇരുന്നത് .

എന്തോ എൻറെ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നു . ചിലപ്പോൾ അതുകൊണ്ടാവും കിച്ചു ഏട്ടനെ കണ്ടിട്ടും ഞാൻ അശ്രദ്ധമായി ഇരുന്നത് .

വാഹനത്തിൻറെ ഡോറിനടുത്ത് തലചാരി ഇരിക്കുമ്പോഴും എൻറെ മനസ്സ് വളരെയധികം അസ്വസ്ഥമായിരുന്നു . പോകുന്ന വഴിയിൽ lalu എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു , എന്നാൽ എൻറെ മനസ്സ് മറ്റെവിടെയോ ആയിരുന്നു .

കുറച്ചുനേരത്തെ യാത്രയ്ക്കൊടുവിൽ ഞങ്ങളിരുവരും വീട്ടിലെത്തി . ചെന്നയുടനെ വേഗം പോയി കുളിച്ചു ഫ്രഷ് ആയി , ഭക്ഷണം കഴിച്ചു കിടന്നു . ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും ഒത്തിരിനേരം കിടന്നു .

പണ്ട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് മനസ്സ് എന്നുപറഞ്ഞാൽ അപ്പൂപ്പൻതാടി പോലെയാണെന്ന് . അതെങ്ങനെ പാറിപ്പറന്നു പാറിപ്പറന്നു നടക്കുമെന്ന് . എന്നിട്ടവസാനം മുൾ മരത്തിൻറെ ഏതെങ്കിലും ചില്ലയിൽ പോയി തങ്ങിനിൽക്കുമെന്ന് .

എൻറെ മനസ്സും വളരെയധികം അസ്വസ്ഥമായിരുന്നു . വളരെ പെട്ടെന്നുതന്നെ ഞാൻ എൻറെ പഴയ കാലത്തേക്ക് പോയി . ഉറക്കം വരാതെ കിടന്നു ഞാൻ എണീറ്റു റൂമിലെ കണ്ണാടിക്ക് അഭിമുഖമായി നിന്നു . ആ കണ്ണാടിയിൽ ഞാൻ കണ്ട പ്രതിബിംബം പുതിയൊരു ശ്രുതിയുടെതായിരുന്നു .

ഇന്ന് കിച്ചു ഏട്ടനെ കണ്ടപ്പോൾ പഴയ കോളേജും അവിടെ നടന്ന സംഭവങ്ങളും എൻറെ മനസ്സിലേക്കോടി വന്നു :

എത്ര പെട്ടെന്നായിരുന്നു ഞാനും കിച്ചുവെട്ടനും തമ്മിൽ അടുത്തത് . ഞങ്ങളുടെ ആ ഫ്രണ്ട്ഷിപ് കണ്ട് കോളേജ് മൊത്തം അസൂയയോടെ നോക്കി നിന്നിരുന്നു . ഇടഞ്ഞുനിൽക്കുന്ന കൊമ്പൻ ആയിരുന്നു കിച്ചുവേട്ടൻ . ആ കൊമ്പനെ ഞാൻ എങ്ങനെ മെരുക്കിയെടുത്തു എന്ന് വരെ ചോദിച്ച പെൺകുട്ടികൾ ഉണ്ടായിരുന്നു ഞങ്ങളുടെ കോളേജിൽ .

അത്യാവശ്യം റൗഡിസവും തെമ്മാടിത്തരവും കയ്യിൽ ഉണ്ടായിരുന്നെങ്കിലും കിച്ചുവേട്ടൻ പെൺകുട്ടികളെ ഉപദ്രവിക്കാറില്ലയിരുന്നു . പുറമേ ദുഷ്ടൻ ആയിരുന്നുവെങ്കിലും ഉള്ളുകൊണ്ട് നല്ലവനായിരുന്നു . എല്ലാവരെയും സഹായിക്കുമായിരുന്നു . പിന്നെ പണ്ടൊക്കെ , പണക്കാരുടെ ഇടയിൽ ജനിച്ചുവളർന്നതിന്റെ അഹങ്കാരം കാണിച്ചിരുന്നു .

എന്നാൽ എല്ലാവരും പറഞ്ഞിരുന്നത് , ഞാനുമായുള്ള ഫ്രണ്ട്ഷിപ്പ് ശേഷമാണ് മസിൽ അളിയൻ എന്ന ക്രൂരൻ നല്ലവനായ കിച്ചു വേട്ടനായി മാറിയതെന്ന് . പണ്ടത്തെ കിച്ചു ഏട്ടൻറെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാക്കാമായിരുന്നു നിയന്ത്രിക്കാൻ ആളില്ലാതെ വളർന്നതിന്റെ അഹങ്കാരമാണ് പണ്ടത്തെ സ്വഭാവത്തിന് കാരണമെന്ന് .

എല്ലാവരും ഭയത്തോടെ മാത്രം നോക്കിയിരുന്ന കിച്ചു ഏട്ടനെ ഞാൻ എൻറെ സ്വന്തമായി തന്നെയാണ് കണ്ടിരുന്നത് . അതിനു തക്കതായ കാരണവും ഉണ്ട് . എല്ലാവരും ഭയത്തോടെ മാത്രം നോക്കിയിരുന്ന കാർത്തിക് എന്ന ഗാങ് ലീഡർ എന്നെ ഒരു പെങ്ങളായി അംഗീകരിക്കാൻ അധികം സമയം വേണ്ടിവന്നില്ല .

എൻറെയും കിച്ചു ഏട്ടനെയും സ്വഭാവങ്ങൾ തമ്മിൽ ഒരുപാട് സാമ്യതകൾ ഉണ്ടായിരുന്നു . ഞങ്ങളുടെ ദേഷ്യവും വാശിയും അഹങ്കാരവും എല്ലാം ഒരു പോലെ തന്നെയായിരുന്നു . അങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളു , കാരണം ഉണ്ട് . വളരെ വലിയ കാരണം . പക്ഷേ അതിപ്പോൾ വെളിപ്പെടുത്താൻ സമയമായിട്ടില്ല .

ഞാൻ കിച്ചു വേട്ടന്റെ ആരാണെന്നുള്ള സത്യം എന്നെങ്കിലും കിച്ചു വേട്ടൻ അറിയാതിരിക്കില്ല .
അതറിഞ്ഞാൽ എന്തായിരിക്കും കിച്ചുവേട്ടന്റെ പ്രതികരണം ?
എന്നോട് ദേഷ്യം തോന്നുമോ ?
എല്ലാം അറിഞ്ഞിട്ടും ഒന്നും പറയാത്തതിനാൽ എന്നെ വെറുക്കുമോ ?
ഞാൻ ആരാണെന്നുള്ള സത്യം മൂടിവെച്ചതിന് എന്നോട് ക്ഷമിക്കുമോ ?
അതോ , പപ്പയുടെ ഉള്ള ദേഷ്യം എന്നോടും കാണിക്കുമോ ?

ഇല്ല , ആരൊക്കെ എത്ര ദേഷ്യം കാണിച്ചാലും ഞാൻ തളരില്ല . ഞാനീ നാട്ടിലെത്തിയതിന് പിന്നിൽ ഒരു ലക്ഷ്യമുണ്ട് . ആ ലക്ഷ്യം പൂർണ്ണമാവാതെ ഞാൻ ഇവിടെ നിന്നു പോവില്ല . അത് വരെ എന്നെക്കുറിച്ച് ആരും ഒന്നും അറിയരുത് . സമയമാകുമ്പോൾ എല്ലാവരും കാര്യങ്ങളൊക്കെ അറിഞ്ഞാൽ മതി .

പെട്ടെന്നായിരുന്നു കതകിൽ ശക്തിയായി മുട്ടു കേട്ടത് . ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി . ഈശ്വരാ ഞാൻ പറഞ്ഞതൊക്കെ ആരെങ്കിലും കേട്ടു കാണുമോ ? വീണ്ടും കതകിൽ
ആരോ ശക്തിയായി മുട്ടി .

” ആരാ ? ”

ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു .

” ഞാനാ മോളെ , കഥക് തുറക്കൂ ”

ചെറിയച്ഛൻ ആയിരുന്നോ , ഞാൻ വെറുതെ ടെൻഷനായി . ഇനി ഞാൻ പറഞ്ഞതു വല്ലതും കേട്ടോ , ഏയ് കേട്ടുകാണില്ല . ഞാൻ പതിയെ കതക് തുറന്നു .

” മോൾ ഉറങ്ങിയിരുന്നോ ? ”

” ഇല്ലല്ലോ , എന്താ ചെറിയച്ചാ ? ”

” വേറെ ഒന്നുമല്ല , നിൻറെ ചെറിയമ്മയുടെ നാട്ടിൽ അടുത്ത ആഴ്ചമുതൽ ഉത്സവം തുടങ്ങുവാ , അപ്പോ നമുക്കെല്ലാവർക്കും കൂടി ഉത്സവത്തിന് പോയാലോ എന്ന് ആലോചിക്കുവാ , എന്താ മോളും വരില്ലേ ? ”

” ആ വരാലോ , അതിനെന്താ ചെറിയച്ഛ , അതൊക്കെ വളരെ നല്ല കാര്യമല്ലേ , ഞാൻ എന്തായാലും വരും . ”

ഞാനങ്ങനെ പറഞ്ഞപ്പോഴേക്കും റൂമിന് പുറത്ത് നിന്നും ഒരു സന്തോഷ ആരവം കേട്ടു . ചെറിയമ്മയും പിള്ളേരും ചെറിയച്ഛനെ എൻറെ സമ്മതം ചോദിക്കാൻ പറഞ്ഞയച്ചിട്ട് പുറത്തു ഒളിച്ചു നിൽക്കുകയായിരുന്നു . എനിക്ക് അവരുടെ സന്തോഷം കണ്ടപ്പോൾ ചിരിയാണ് വന്നത് .

ഇവരൊക്കെ ശരിക്കും എത്ര ഭാഗ്യവാന്മാരാണ് , വളരെ നിസ്സാര കാര്യങ്ങളിൽ പോലും വലിയ സന്തോഷം കണ്ടെത്തുന്നവർ . എത്ര സന്തോഷത്തോടെയാണ് ഇവർ കഴിയുന്നത് . ജനിക്കാണെങ്കിൽ ഇവരെപ്പോലുള്ള അച്ഛൻറെയും അമ്മയുടെയും മകളായി ജനിക്കണം .

സ്വാതിയും ശ്വേതയും ശ്രേയയും എൻറെ അടുത്തേക്ക് ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു . അവരവരുടെ സന്തോഷം പ്രകടിപ്പിക്കുകയാണ് .

” എന്തായിത്ര സന്തോഷിക്കാൻ ? ”

” അതോ , അച്ഛന് അമ്മയുടെ നാട്ടിൽ പോകുന്നത് ഇഷ്ടമല്ല . ”

” അതുകൊണ്ടുതന്നെ അച്ഛൻ അങ്ങോട്ട് വരാറുമില്ല . എല്ലാ തവണയും ഞങ്ങൾ മാത്രം ആണ് ഉത്സവത്തിന് പോകാറ് . ”

” പക്ഷേ ഇത്തവണ ചേച്ചി ഉള്ളതുകൊണ്ട് അച്ഛനും വരാന്ന് പറഞ്ഞല്ലോ ”

അവരും മൂന്നുപേരും ഇത് എന്നോട് പറഞ്ഞത് വളരെ സന്തോഷത്തോടെയായിരുന്നു .

” ആ ശരി ശരി , മതി ഇനി മക്കൾ വന്നു കിടക്കാൻ നോക്ക് . എനിക്ക് ഉറക്കം വരുന്നു . ”

പിന്നെ ഞങ്ങൾ നാലുപേരും കൂടെ കഥകൾ പറഞ്ഞും തല്ലു കൂടിയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങി .

” അമ്മു , പൊന്നു , ചിന്നു , മിന്നു , ഒന്ന് എണീറ്റേ സമയം എത്രയായെന്ന നിങ്ങളുടെ വിചാരം . മതി ഉറങ്ങിയത് എണീക്കാൻ നോക്ക് നിങ്ങൾക്കൊക്കെ ക്ലാസിന് പോണ്ടേ ? ”

ഇന്നലെ അലാറം വയ്ക്കാൻ മറന്നുകൊണ്ട് ചെറിയമ്മയാണ് ഞങ്ങളെ വന്നു വിളിച്ചത് . ഞാൻ പതിയെ എണീറ്റു കണ്ണുതിരുമ്മി ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം എട്ടു മണി .

” അയ്യോ , സമയം 8 മണി യായി ”

ഞാൻ വേഗം ചാടിയെണീറ്റു . എന്നിട്ട് ആരെയും വിളിച്ച് കുളിമുറിയിലേക്ക് ഓടി . അവരും കൂടെ എത്തിക്കഴിഞ്ഞാൽ പിന്നെ ആരാദ്യം കുളിക്കും എന്ന കാര്യത്തിൽ അടിയായിരിക്കും . ഞാൻ കുളിച്ചിട്ട് അവളുമാരെ പോയി വിളിക്കാം . ഞാൻ വേഗം പോയി കുളിച്ചു ഫ്രഷ് ആയി വന്നു . എന്നിട്ട് എല്ലാത്തിനെയും നിരത്തി വിളിച്ചു .

എല്ലാവരും ഉറക്കമുണർന്നു , നല്ല ഉറക്കച്ചടവിൽ ആണ് . അപ്പോൾ ഞാൻ ചെറിയമ്മയുടെ സ്ഥിരം ഡയലോഗ് തന്നെ പ്രയോഗിച്ചു :

” അയ്യോ നിങ്ങൾ ആരും ഇതുവരെ എണീറ്റില്ലേ സമയം 9 : 35 കഴിഞ്ഞു . ”

കേൾക്കേണ്ട താമസം ഒക്കെ ചാടിയെണീറ്റു . ക്ലോക്കിൽ ഒന്ന് നോക്കാൻ പോലും നിൽക്കാതെ ബ്രഷും പിടിച്ച് കുളിമുറിയിലേക്ക് ഓടി. പിന്നെ കുളിമുറിയുടെ മുന്നിൽ നിന്നും അടി തുടങ്ങി .

” ഞാനാണ് ഫസ്റ്റ് എത്തിയത് ഞാനാദ്യം കുളിക്കും ”

” അല്ലല്ല ഞാനാണ് ഫസ്റ്റ് എത്തിയത് ഞാനാദ്യം കുളിക്കും ”

” ആരാദ്യം കുളിച്ചാലും വേണ്ടില്ല , ഞാനാണ് സെക്കൻഡ് എത്തിയത് . അതോണ്ട് ഞാൻ സെക്കൻഡ് കുളിക്കും . ”

അവസാനം മൂന്നും കൂടെ അടിയുടെ വക്കത്തെത്തി . അപ്പൊ പിന്നെ ചെറിയമ്മ കേറി ഇടപെട്ടു :

” സ്വാതിക്ക് കോളജിൽ പോകാനുള്ളതിനാൽ അവൾ ആദ്യം കുളിക്കട്ടെ ”

അപ്പോഴേക്കും ഇളയവൾക്ക് കുശുമ്പ് തുടങ്ങി .

” അല്ലേലും ഈ അമ്മ എപ്പോഴും ചേച്ചിയുടെ സൈഡ് ആണ് . അമ്മയ്ക്ക് ഞങ്ങളോട് ഒന്നും ഒരു സ്നേഹവുമില്ല . ”

“ഉച്ചനേരത്ത് എണീറ്റ് വന്നതും പോരാ , എന്നിട്ട് സ്നേഹത്തിൻറെ കണക്കു പറച്ചിലും . എല്ലാത്തിനും ഞാൻ ചൂരല് വെട്ടി വെച്ചിട്ടുണ്ട് . നാളെ ഇനി ഇന്നത്തെപോലെ നേരം വൈകി എണീക്കാൻ ആണ് ഭാവം എങ്കിൽ എൻറെ കയ്യിൽ നിന്നും മൂന്നും നല്ലോണം മേടിച്ചു കൂട്ടും ”

അതും പറഞ്ഞ് ചെറിയമ്മ അകത്തേക്ക് പോയപ്പോഴാണ് , ഇന്നലെ ലാലുവിന്റെ കൂടെ പുറത്തുപോയപ്പോൾ വാങ്ങിയ ഡ്രസ്സിന്റെ കാര്യം ഓർമവന്നത് . ഞാൻ വേഗം മുറ്റത്തേക്കിറങ്ങി . വീടിൻറെ സൈഡിൽ തന്നെ വണ്ടി പാർക്ക് ചെയ്തിട്ടുണ്ട് . വണ്ടിയുടെ ബാക്കിൽ ലാലു അതാ മൂടിപ്പുതച്ചു കിടന്നു ഉറങ്ങുന്നു . ഞാൻ പതിയെ ഒച്ചയുണ്ടാക്കാതെ വണ്ടിയിൽ വച്ചിരുന്ന ഡ്രസ്സിന്റെ കവർ ഒക്കെ എടുത്തു .

എനിക്കുള്ള ചായയുമായി ഉമ്മറത്തേക്ക് വന്ന ചെറിയമ്മ ശബ്ദം ഉണ്ടാക്കരുത് എന്ന് കൈകൊണ്ട് ആക്ഷൻ കാണിച്ചു . ഞാൻ ചെറിയമ്മയുടെ അടുത്തെത്തിയപ്പോൾ , ചെറിയമ്മയോടായി ചോദിച്ചു :

” എന്താ ചെറിയമ്മേ , ലാലു പുറത്തു കിടക്കുന്നത് ? ”

” ഓ അതോ , അവൻ പണ്ടുമുതലേ അങ്ങനെയാ മോളെ . അവൻറെ അച്ഛനുമമ്മയും മരിച്ചത് മുതൽ അവൻ ഇവിടെ ആയിരുന്നു . എന്നാൽ കുറച്ചു മുതിർന്നതിനു ശേഷം അവൻ ഇങ്ങോട്ടുള്ള വരവും കുറച്ചു . അഥവാ വന്നാലും അവൻ പുറത്തു അവൻറെ വണ്ടിയിലാണ് കിടന്നുറങ്ങുക . ”

” അതെന്താ ചെറിയമ്മേ അങ്ങനെ , അവന് അകത്തു കേറി കിടന്നൂടെ ? ”

” അത് ഞങ്ങളും അവരോട് കുറെ പറഞ്ഞതാ , മൂന്നു പെൺകുട്ടികൾ ഉള്ള വീട്ടിൽ ഒരാൺകുട്ടി ഇടയ്ക്കിടയ്ക്ക് വന്നാൽ നാട്ടുകാരെന്തു പറയും എന്നാണ് അവൻ ചോദിക്കുന്നത് , ആയിരം കുടത്തിന് വായ് നമുക്ക് മൂടിക്കെട്ടാം . എന്നാൽ ഒരു മനുഷ്യന്റേത് കഴിയില്ല . അതുകൊണ്ടാണ് അവൻ അകത്തുകയറി കിടക്കാത്തത് . അവൻറെ ആ തീരുമാനത്തിൽ ഞാനും ചെറിയച്ഛനും അവനെ വഴക്കു പറഞ്ഞിരുന്നു , എന്നാലും അവൻ അതിൽ തന്നെ ഉറച്ചിരുന്നു . ‘ അകത്തുകയറി കിടന്നില്ലെങ്കിലും ഞങ്ങൾക്ക് ഒരു മകനെപ്പോലെ , നിങ്ങൾക്കൊക്കെ ഒരു ആങ്ങളയെ പോലെ , ഈ വീടിനൊരു കാവലായി അവനെന്നും ഒരു വിളിക്കപ്പുറത്തായി , പുറത്തുണ്ടാകും എന്നാണവൻ പറയുന്നത് . ”

ചെറിയമ്മ അത്രയൊക്കെ എന്നോട് പറഞ്ഞപ്പോൾ എനിക്ക് ലാലുവിനോടെ വല്ലാത്തൊരു മതിപ്പുതോന്നി . കുറച്ചൊക്കെ കുസൃതിയും കുറുമ്പു ഉണ്ടെങ്കിലും അവൻ ആള് കൊള്ളാലോ .

ഞാനും സ്വാതിയും കോളേജിൽ പോകാനിറങ്ങുമ്പോൾ , lalu വണ്ടി എടുത്തു പുറത്തേക്കു പോകുകയായിരുന്നു . അപ്പോൾ ഞാൻ അവനോട് പറഞ്ഞു :

” വിരോധമില്ലെങ്കിൽ ഒരു ലിഫ്റ്റ് ഒക്കെ തരാം ”

” ഓ അതിനെന്താ , രണ്ടുപേരും കയറിക്കോളു . ഞാൻ ആ കവലയിൽ ഇറക്കി തരാം. ”

കേൾക്കേണ്ട താമസം ഞങ്ങൾ രണ്ടുപേരും പാഞ്ഞുകയറി . കയറിയ ഉടൻ ഞാൻ വാ തോരാതെ സംസാരിക്കാൻ തുടങ്ങി . അതുകൊണ്ടുതന്നെ ജംഗ്ഷൻ എത്തിയത് അറിഞ്ഞില്ല . പിന്നെ സ്വാതി എന്ന തട്ടി വിളിച്ചപ്പോഴാണ് ഞാനറിഞ്ഞത് . ഞങ്ങൾ രണ്ടുപേരും ലാലുവിനൊരു ബൈ കൊടുത്ത് അവിടെ നിന്നും പോയി .

ഞങ്ങൾ എത്തുമ്പോഴേക്കും കല്യാണി വരുന്നേ ഉണ്ടായിരുന്നുള്ളൂ . ഞങ്ങൾ വേഗം അതിൽ കയറി. കോളേജിന് മുന്നിൽ പോയി ഇറങ്ങി , ക്ലാസിലേക്ക് നീട്ടിവലിച്ച് നടന്നു . അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് മുമ്പത്തേതിലും കൂടുതൽ കുട്ടികൾ ഇന്ന് കോളേജിൽ ഉണ്ട് . ഇതൊക്കെ എവിടന്നു വന്നു ആവോ , അപ്പോഴാണ് സ്വാതി എന്നോട് പറഞ്ഞത് :

” ഇവരൊക്കെ നമ്മുടെ സീനിയേഴ്സ് ആണ് , അവരൊക്കെ എക്സാം കഴിഞ്ഞ് ഇന്ന് ലാൻഡ് ചെയ്തതേയുള്ളൂ . നീ വിഷമിക്കേണ്ട അധികം വൈകാതെ തന്നെ അവരുടെ വക റാഗിങ് കലാപരിപാടികൾ ഉണ്ടാകും ”

” ഈശ്വരാ , ഇവിടെ വന്നു കയറിയപ്പോൾ റാഗിങ്ങ് ഒന്നും കാണാത്തതിനാൽ ഞാൻ കരുതി ഇവിടെ റാഗിങ് ഒന്നും ഉണ്ടാവില്ലെന്ന് ”

” അത് നിന്റെ വെറും കരുതൽ ആണെന്ന് നിനക്ക് അധികം വൈകാതെ മനസ്സിലായിക്കൊള്ളും ”

” ഓഹോ അങ്ങനെയാണോ , എങ്കിൽ ഈ ശ്രുതിയുടെ യുദ്ധമുറകൾ ഈ ക്യാമ്പസ് കാണാൻ പോകുന്നതേയുള്ളൂ ”

അതും പറഞ്ഞു ഞങ്ങൾ ഇരുവരും കണി ചെരിച്ച് ക്ലാസ്സിലേക്ക് ചെല്ലുമ്പോൾ ക്ലാസ്സ് തുടങ്ങിയിരുന്നു . ക്ലാസ് ഇത്ര നേരത്തെ തുടങ്ങിയോ എന്ന് കരുതി ഞങ്ങൾ ക്ലാസിലെത്തി . ക്ലാസ് മുഴുവൻ സീനിയേഴ്സ് വളഞ്ഞിരിക്കുന്നു .

” സംശയിക്കേണ്ട നിങ്ങളുടെ ക്ലാസ് തന്നെയാണ് , കയറി വന്നോളൂ ”

സീനിയേഴ്സിൽ ഒരാൾ പറഞ്ഞു .

ഞങ്ങൾ വേഗം ക്ലാസിലേക്ക് കയറി . ഇരിക്കാനായി ഞങ്ങൾ സീറ്റിന് അടുത്തേക്ക് പോയപ്പോൾ സീനിയേഴ്സിൽ ഒരാൾ തടഞ്ഞു .

” അങ്ങനെയങ്ങ് പോയിരുന്നാലോ , മക്കൾ ഞങ്ങൾ ഇവിടെ നിൽക്കുന്നത് കാണുന്നില്ലേ ? ”

സ്വാതി ഭയത്തോടെ അവരുടെ മുഖത്തേക്ക് നോക്കി .

“ഏയ് , കുട്ടി പേടിക്കേണ്ട , ഞങ്ങൾ നിങ്ങളെയൊക്കെ പരിചയപ്പെടാൻ വന്നതല്ലേ , അപ്പോൾ ഇങ്ങനെ പേടിച്ചാൽ കാര്യങ്ങളൊക്കെ എങ്ങനെ നടക്കും ”

അവനത് പറഞ്ഞുകൊണ്ട് സ്വാതിയുടെ അടുത്തേക്ക് അടുത്തേക്ക് വന്നു കൊണ്ടിരുന്നു . അവൻ ഓരോ സ്റ്റെപ്പ് മുന്നോട്ട് വയ്ക്കുമ്പോഴും അവൾ പേടിച്ച് ഓരോ സ്റ്റെപ്പും പിന്നോട്ട് വയ്ക്കാൻ തുടങ്ങി . അവളുടെ മുഖം കണ്ടാലറിയാം നന്നായി പേടിച്ചിട്ടുണ്ട് . അവൻ അവളിലേക്ക് അടുത്തടുത്ത് വന്നപ്പോൾ ഞാൻ അവൾക്കു മുന്നിൽ കയറി നിന്നു . അപ്പോൾ സീനിയേഴ്സ് ഒക്കെ എന്നെയൊന്നു നോക്കി .

പെട്ടെന്ന് എൻറെ മനസ്സ് എന്നോട് പറഞ്ഞു , അരുത് ശ്രുതി , സീനിയേഴ്സിനോട് ഒരു പ്രശ്നത്തിനും പോവരുത് . അത് നിന്നെക്കാൾ ഏറെ ബാധിക്കുക ഒരുപക്ഷേ സ്വാതിയെ ആവും . അവളെയും ആ കുടുംബത്തെയും ഓർത്ത് ഇരച്ചുകയറി വന്ന എൻറെ ദേഷ്യത്തെ ഞാൻ കണ്ട്രോൾ ചെയ്തു .

” ഹായ് , ഐ ആം ശ്രുതി . ഇതെന്റെ സിസ്റ്റർ സ്വാതി . ഞങ്ങളുടെ നാട് നൂറണിയാണ് . ”

” നൂറണി യിൽ എവിടെ ? ”

” പുഞ്ചപാടത്തിനടുത്ത് ”

” വീട്ടിൽ ആരൊക്കെയുണ്ട് ? ”

അതിനുള്ള ഉത്തരം ഞാൻ പറയാൻ തുടങ്ങിയപ്പോൾ സീനിയേഴ്സിൽ ഒരാൾ സ്വാതിയുടെ നേരെ കൈചൂണ്ടി ചോദിച്ചു :

” എന്താ ഇവള് മിണ്ടില്ലേ ? , നീ പറ വീട്ടിൽ ആരൊക്കെയുണ്ട് ? ”

” അച്ഛൻ , അമ്മ , രണ്ട് അനിയത്തിമാരും ”

” അച്ഛൻ എന്തു ചെയ്യുന്നു ? ”

” കർഷകനാണ് . അമ്മ ഹൗസ് വൈഫ് . ”

” അച്ഛൻടെ പേരെന്താ ? ”

” അച്ഛൻ കൃഷ്ണദാസ് , അമ്മ രാധാമണി ”

അതിനുള്ള മറുപടി ഞാനായിരുന്നു കൊടുത്തത്.

” അനിയത്തിമാർ എന്തു ചെയ്യുന്നു ? ”

” മൂത്തവൾ ശ്വേത പ്ലസ് വണ്ണിൽ പഠിക്കുന്നു . ചെറിയവൾ ശ്രേയ പത്താം ക്ലാസ്സിൽ പഠിക്കുന്നു . ”

” നിങ്ങൾ ട്വിൻസ് ആണോ ? ”

സീനിയേഴ്സിൽ ഒരാൾ അങ്ങനെയൊരു ചോദ്യം ചോദിച്ചപ്പോൾ എനിക്ക് ശരിക്കും ചിരിയാണ് വന്നത് . ഞാനും സ്വാതിയും കാണാൻ ഒരു പോലെയല്ല . എന്നാലും ഞങ്ങൾ രണ്ടുപേരും ഒരേ ഹൈറ്റ് & വെയ്റ്റ് ആണ് . അവളൊരു പഞ്ച പാവം പൂച്ച കുട്ടിയാണ് . എന്നാൽ ഞാൻ …………….

” നിങ്ങളുടെ രണ്ടുപേരുടെയും ഡേറ്റ് ഓഫ് ബർത്ത് same ആണല്ലോ ”

അവർ ഞങ്ങളുടെ ഡാറ്റഷീറ്റ് നോക്കിയാണ് അത് പറഞ്ഞത് . അത് കണ്ടപ്പോഴാണ് ഞങ്ങളും ശ്രദ്ധിക്കുന്നത് , ഞങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് same ആണ് . പിന്നെ രജിസ്റ്ററിൽ ഉള്ള ഗാർഡിയന്റെ പേരും .

” അതെ ”

പെട്ടെന്ന് സ്വാതി ആയിരുന്നു അവർക്കുള്ള ഉത്തരം കൊടുത്തത് . ഞാൻ അവളെ നോക്കിയപ്പോൾ അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു .

പെട്ടെന്നാണ് പുറത്തുനിന്നും പടക്കം പൊട്ടുന്ന ശബ്ദം കേട്ടത് . വെറും പടക്കം അല്ല , ആരോ കോമ്പലക്ക് തീ കൊടുത്തതാണ് . അത് നിർത്താതെ നല്ല ശബ്ദത്തോടെ പൊട്ടുന്നുണ്ട് . ഞങ്ങൾ എല്ലാവരും വേഗം ക്ലാസ്സിനു പുറത്തേക്കു പോയി .

കോളേജിലെ മൊത്തം സ്റ്റുഡൻസും മെയിൻ ഗേറ്റിലേക്ക് നോക്കിനിൽക്കെയാണ് . അപ്പോഴാണ് ഗേറ്റ് കടന്ന് ഒരു കറുത്ത ബുള്ളറ്റ് വന്നത് . അതിൽ വെള്ളമുണ്ടും വെള്ള ഷർട്ടും കറുത്ത കൂളിംഗ് ഗ്ലാസും വെച്ച് ഒരു കട്ട താടിക്കാരൻ .

ആ ബുള്ളറ്റ് കോളേജ് കോമ്പൗണ്ടിലേക്ക് കയറിയതും സീനിയേഴ്സിന്റെ ആരവം കേൾക്കാൻ തുടങ്ങി .

” എൻറെ കർത്താവേ അതിനി ഏതു കുരിശാണോ ആണോ ആവോ ? ”

ഞങ്ങൾ ജൂനിയേഴ്സ് എല്ലാവരും ആ അവതാരത്തെ തന്നെ നോക്കി നിന്നു ….

( തുടരും ) ……………………..

Read complete ശ്രുതി Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “ശ്രുതി – 13”

Leave a Reply