സിയ 5

7098 Views

siya malayalam novel

അക്കു എന്റെ തോളിലൂടെ കയ്യിട്ടു എന്നെ വിളിച്ചുകൊണ്ട് പോയി.

******

ആ ആഴ്ച അങ്ങനെ കടന്നുപോയി..

ഞങ്ങളുടെ രണ്ട് പെർഫോമൻസ് കഴിഞ്ഞു.

ഞാനും അക്കുവും പ്രണയമാണെന്നും അടുത്ത മാസം കല്യാണം ആണെന്നും ക്യാമ്പ് മുഴുവൻ വ്യാപിച്ചിരുന്നു.

ആദി പല തവണ എന്നോട് മിണ്ടാൻ ശ്രമിച്ചു എങ്കിലും അക്കു അതിന് ഒരിക്കലും അവസരം കൊടുത്തില്ല. ഞാനും നിന്നു കൊടുത്തില്ല.

എന്നാല് ഒരു ദിവസം തനുജ എന്നെ പിടിച്ച് നിറുത്തി..

” നീയും അവനും തമ്മിൽ ഭയങ്കര പ്രേമം ആണെന്ന് കേട്ടല്ലോടി.. നേരാണോ.. അതോ അന്നത്തെ പോലെ..”

” അതേടി.. ഞാനും അവനും തമ്മിൽ നല്ല മുഴുത്ത പ്രണയം ആണ്. അതിന് നിനക്കെന്താ നഷ്ടം?”

അവള് മറുപടി പറയുന്നതിന് മുൻപേ അക്കു എത്തിയിരുന്നു.

” എന്താ ദേവു?”

” ഒന്നുമില്ലാടാ.. “

” നീയും അവനും ചേർന്ന് മറ്റെപ്പണി ചെയ്യുകയാണോ എന്ന് ഞാൻ ചോദിച്ചു എന്ന് തന്നെ പറയടീ “

അത് പറഞ്ഞതും അവളുടെ കാരണം പൊത്തി അടി വീണു.

അക്കുവിനേ നോക്കിയപ്പോൾ അവൻ കൈ ഉയർത്തിയത് മാത്രമേ ഉള്ളു. അവന്റെ നോട്ടം അടുത്ത് നിന്ന ആദിയിലേക്ക്‌ നീണ്ടത് ഞാൻ കണ്ടു.
അപ്പോളാണ് എനിക്ക് മനസ്സിലായത് ആദിയാണ് അവളെ തല്ലിയത് എന്ന്.

” എടാ… നീ എന്നെ തല്ലിയല്ലെ.. “

” അതേടി.. ഇവളുടെ മുന്നിൽ വച്ച് നിനക്ക് ഇങ്ങനൊന്ന് തരാൻ വേണ്ടി മാത്രമാണ് ഞാൻ ഇത്രയും നാൾ നിന്റെ കൂടെ നടന്നത്. “

” നീ എന്ത് അറിഞ്ഞിട്ടാ… നിനക്ക് അന്ന് മനസ്സിലായത് അല്ലേ ഇവളുടെ സ്വഭാവം.”

” അന്ന് ഞാൻ മനസിലാക്കിയത് അവളുടെ അല്ല നിന്റെ സ്വഭാവം ആണ്. വിമലിനെ പനിച്ച് ക്ഷീണിച്ച് ഉറങ്ങിയ അവളുടെ മുറിയിൽ കയറ്റി കതകടച്ച നിന്റെ സ്വഭാവം. വിമലിനിട്ട്‌ അന്ന് തന്നെ ഞാൻ പൊട്ടിച്ചു. അത് കൊണ്ടാ അവൻ നിറുത്തി പോയത്. എനിക്ക് അവളെ അത്രക്ക് ഇഷ്ടമായിരുന്നു. ഇന്നും അവളെ അതെ അളവിലോ അതിനേക്കാൾ കൂടുതലോ ഇഷ്ടമാണ്. അവളുടെ സന്തോഷം എന്തോ അതാണ് എനിക്ക് വലുത്. ഇനി നിന്റെ നിഴൽ പോലും അവളുടെ മേൽ വീണേക്കരുത്. പിന്നെ ഇനി മുതൽ ഈ ഗ്രൂപ്പ് ഇങ്ങനെ പോകണം എന്ന് നിനക്കുണ്ടെങ്കിൽ ഞാൻ നിൽക്കാം. അല്ലെങ്കിൽ ഞാൻ ഈ നിമിഷം പോവുകയാണ്..”

അത്രയും പറഞ്ഞ് ആദി എന്റെ മുഖത്തേക്ക് നോക്കിയതും അക്കു എന്റെ കയ്യിൽ പിടിച്ചു വലിച്ച് നടന്നു തുടങ്ങിയിരുന്നു. ആദിയെ ഞാൻ ഒന്ന് കൂടി തിരിഞ്ഞ് നോക്കി. തനുജ അവനോട് സോറി പറയുന്നത് കേട്ടിട്ടും അവൻ എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.

ഞാൻ വേഗം തലവെട്ടിച്ച് അക്കുവിനേ നോക്കി.. അവൻ വേഗം അവിടന്നും പോകാനുള്ള വ്യഗ്രതയിൽ ആയിരുന്നു.

*******

” അവന്റെ മനസ്സിൽ എന്താണെന്ന് അറിയില്ല. എന്തായാലും നീ അവനോട് മിണ്ടാൻ പോകണ്ട. തനുജ ആളു ശരിയല്ല. ഒരു തവണ അവള് പണിതന്നതാ. ഇപ്പോ അവളുടെ കൂട്ടത്തിലെ ഒരുത്തൻ അവളുടെ നേരെ തിരിഞ്ഞു. ഇനിപ്പോ അവള് എന്തൊക്കെ കാട്ടികൂട്ടും ആവോ..”

റൂമിൽ എത്തിയപ്പോൾ അക്കു പറഞ്ഞു.

എല്ലാത്തിനും തലയാട്ടി കൊടുത്തു എങ്കിലും എനിക്ക് മനസ്സിലായിരുന്നു ആദി എന്നെ ഇഷ്ടപ്പെടുന്നു എന്ന്. തനിക്ക് വേണ്ടി ഇത്രയും നാൾ കാത്തിരിക്കുകയായിരുന്നു എന്ന്..

അവന്റെ കണ്ണുകളിൽ കണ്ടത് തന്നോട് ഉള്ള മനസ്സ് നിറഞ്ഞ പ്രേമം ആണെന്ന്. പക്ഷേ അക്കുവിന്റേ സമ്മതം ഇല്ലാതെ പ്രേമിക്കാൻ ഒന്നും തനിക്ക് ആവുമായിരുന്നില്ല.

പിന്നെ അങ്ങോട്ട് എന്റെ ഉള്ളിൽ ആദിയെ കാണാനുള്ള ആഗ്രഹം വർദ്ധിച്ചു. ഭക്ഷണം കഴിക്കാൻ പോകുമ്പോൾ അവനിരിക്കുന്ന സ്ഥലം നോക്കി വക്കും. ഇടയ്ക്ക് ഒളികണ്ണിട്ടു അവനെ നോക്കും.

ഇടയ്ക്ക് കണ്ണുകൾ തമ്മിൽ കോർക്കും എന്നാകുമ്പോൾ ഞാൻ നോട്ടം പിൻവലിക്കും..

അവനോടുള്ള ഇഷ്ടം മനസ്സിൽ കുന്നുകൂടുന്നത് ഞാൻ അറിഞ്ഞു.
എന്നാലും എല്ലാം അടക്കിപ്പിടിച്ച് ഓരോ ഡാൻസും കളിച്ചു.

****

അക്കുവിനു എന്റെ മാറ്റം മനസ്സിലാകുന്നുണ്ടെന്ന് ഞാൻ അറിഞ്ഞത്
അവസാന ദിവസത്തിന്റെ തലേന്ന് അക്കു എന്നെ ആദിയുടെ മുന്നിൽ കൊണ്ടുപോയി നിർത്തുമ്പോൾ ആണ്..

അക്കു അങ്ങനെ ചെയ്തപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി.. വേഗം അവിടന്നും തിരിച്ച് നടന്നു.. അക്കു എന്റെ പേര് വിളിച്ച് പുറകെയും….

തുടരും..

Read complete സിയ Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply