Skip to content

ഹഖീമും വ്യാളിയും

  • by
malayalam kathakal

ചലിക്കുകയും, ശ്വസിക്കുകയും, സംസാരിക്കുകയും ചെയ്യുന്ന എൻസൈക്ലോപീഡിയയാണ് ഹഖീം. സൂര്യന് കീഴിലും, മുകളിലും, ചുറ്റുമുള്ള എന്തിനെ കുറിച്ചും അവനോട് ചോദിക്കാം. അർദ്ധചോദ്യങ്ങളുടെ അവ്യക്തതയ്ക്ക്‌ പോലും സമ്പൂർണ്ണമായ ഉത്തരങ്ങൾ തരുന്ന വിജ്ഞാനശാലി. എന്നെ കാണുമ്പോഴൊക്കെ സുഗന്ധം പരത്തിക്കൊണ്ടുള്ള ഒരു ചിരി അവൻറെ മുഖത്ത് വിരിയുമായിരുന്നു.

“ടാ, റൗഫേ… സുഖാണോ നിനക്ക്? വാപ്പ ഗൾഫീന്ന് ലീവിന് വന്നൂന്നറിഞ്ഞല്ലോ… ഒരു മിഠായിയെങ്കിലും കൊണ്ട് താടാ പിശുക്കാ…”

മിഠായി മാത്രമല്ല, വാപ്പ എനിക്കായി കൊണ്ട് വന്ന ഒരു ടി-ഷർട്ടും, റബ്ബർ സ്ട്രാപ്പുള്ള ഇലക്ട്രോണിക് വാച്ചും ഞാനവന് നൽകി.

അവൻറെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ഇനിയും എന്തൊക്കെയോ കൊടുക്കാമായിരുന്നു എന്ന് തോന്നിപ്പോയി. എന്നെ കെട്ടിപ്പിടിച്ചിട്ട് മന്ത്രിക്കും പോലെ കാതിൽ പറഞ്ഞു; “ഒരാളും ഇന്നു വരെ എനിക്ക് ഗിഫ്റ്റ് തന്നിട്ടില്ലെടാ റൗഫേ…”

സമാശ്വസിപ്പിക്കുന്നത് പോലെ ഞാനവന്റെ തോളിൽ തട്ടി.

ഇത്രയൊക്കെയാണെങ്കിലും നാട്ടുകാർ അവനെ വിശേഷിപ്പിക്കുന്നത് വട്ടൻ ഹഖീം എന്നാണ്.
ഇടവപ്പാതിയുടെ ആദ്യതുള്ളി മഴ മേടത്തിൻറെ പൊള്ളുന്ന നെഞ്ചിലേക്ക് വീഴുന്ന അന്ന് മുതൽ ഹഖീമിൻറെ രൂപവും ഭാവവുമൊക്കെ മാറും, പിന്നീടങ്ങോട്ട് കർക്കടകത്തിൻറെ അവസാനം വരെ മുഴുത്ത ഭ്രാന്തിൻറെ മായാവാതായനങ്ങൾ കയറിയിറങ്ങുകയായി…കാലത്തിൻറെ രണ്ട് ഉപഭൂഖണ്ഡങ്ങളിൽ രണ്ട് അവസ്ഥാന്തരങ്ങളായി പുലർന്ന്!

സ്വബോധമുള്ള കാലത്ത് ഹഖീമുമായി ന്യൂക്ലിയർ റിയാക്ടറിൻറെ പ്രവർത്തനരീതികളെ കുറിച്ചും, പെൻറഗണിലെ രഹസ്യ അറകളെ കുറിച്ചും, സിറിയയിൽ തകർന്നു വീണ പ്രാചീനകാലാവശിഷ്ടങ്ങളുടെ ഇഷ്ടികക്കല്ലുകളെ കുറിച്ചും സംസാരിച്ച ഒരാൾക്ക് കർക്കടകത്തിൽ കണ്ടാൽ അവനെ തിരിച്ചറിയാൻ പറ്റുകയേയില്ല! മുഷിഞ്ഞു നനഞ്ഞു തൂങ്ങിയ വേഷവും, താടിരോമങ്ങളും, ചപ്രത്തലമുടിയുമായി നാട്ടിലുടനീളം ഭീതി വിതച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഓടുകയായി. മഴക്കാലത്താണ് ചുവന്ന പിടിയുള്ള പേനാ കത്തി അവൻ അരയിൽ തിരുകുന്നത്!

പേരും പെരുമയുമുണ്ടായിരുന്ന ജന്മിത്തറവാടായിരുന്നു ഹഖീമിൻറെ. ഒരു കാലത്ത് ഞങ്ങളുടെ നാട്ടിലെ പ്രമാണിമാർ കൊടികുത്തി വാണിരുന്ന തറവാട്. നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന കാലത്ത് കൂരകെട്ടിത്തതാമസിക്കുന്നവരിൽ നിന്നൊക്കെ ചുങ്കം പിരിച്ച് രാജാവിനെ ഏൽപ്പിച്ചിരുന്നത് ഹഖീമിൻറെ പൂർവ്വികരായ കരണവന്മാരായിരുന്നത്രെ!

 

“മുൻതലമുറ ചെയ്ത പാപങ്ങളുടെ ഫലം അനുഭവിക്കുന്നത് ഇവരൊക്കെയാണ്…” പീടികക്കോലായിലെ ഉപ്പ്പെട്ടിക്കരികിലിരുന്നു കൊണ്ട് ഉമ്മർ കോയ എന്ന എഴുപത്തഞ്ചുകാരൻ പറയും. “ൻറെ ഉപ്പൂപ്പാനെ ചവിട്ടി കിണറ്റിലിട്ടു കൊന്നത് അവൻറെ കാരണവരാണ്! എന്തൊരു ധാർഷ്ട്ര്യമായിരുന്നു… മേലാളെന്ന അഹങ്കാരമായിരുന്നില്ലേ? കാലം പകരം ചോദിക്കാതെ വിട്വോ?” അത് പറയുമ്പോൾ പ്രതികാര സാഫല്യത്തിൻറെ അഗ്നി അയാളുടെ വയസ്സൻ കണ്ണുകളിൽ കെടാതെ കിടന്നിരുന്നു.

“മുൻതലമുറ ചെയ്ത തെറ്റിൻറെ പാപഭാരം അവൻറെ മേൽ ചെന്ന് കൊട്ടാതെ ഒന്ന് പോ കാർന്നോരെ…” സഹിക്കവയ്യാതെ വന്നപ്പോൾ പലപ്പോഴും എനിക്ക് പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്.

“അവൻ മാത്രമാണോ…കണ്ടില്ലേ അവന്റെ കുടുംബം മുഴുവൻ അടിവേര് തൊണ്ടിപ്പോയത്?” ഉമ്മർ കോയയുടെ രോഷം പതഞ്ഞു പൊങ്ങി, അത് തൊണ്ടയിൽ കുരുങ്ങിയപ്പോൾ കുറെയേറെ ചുമച്ചതിന് ശേഷം ആഞ്ഞു തുപ്പി.

ഹഖീമിന് മൂന്ന് സഹോദരങ്ങളാണ്. മൂത്തയാൾക്ക് മുഴു ഭ്രാന്തായിരുന്നു. ഭ്രാന്തിൻറെ ഉന്മാദലഹരിയിൽ നഗരമദ്ധ്യത്തിലെ ഇലക്ട്രിക്ക് പോസ്റ്റിലേക്ക് പാഞ്ഞു കയറി ഷോക്കടിച്ചാണ് മരണപ്പെട്ടത്!

രണ്ടാമത്തെയാൾക്ക് ഇരുപതോ, ഇരുപത്തിരണ്ടോ വയസ്സുവരെ യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. എന്നാൽ പൊടുന്നനെ ഒരു ദിവസമുണർന്നപ്പോൾ ഭ്രാന്തിൻറെ ചേഷ്ടകൾ കാണിച്ചു തുടങ്ങി, വീട്ടിൽ കൂട്ടക്കരച്ചിലുയർന്നു. മച്ചിൻ പുറത്തുനിന്നും ഒരു വ്യാളിയുടെ മുട്ട കിട്ടിയിട്ടുണ്ടെന്നും പറഞ്ഞ് തന്നോടടുക്കുന്നവരോടൊക്കെ ചാടിക്കയർത്ത് ഉപദ്രവിക്കാൻ തുടങ്ങി.ഒരു ഭാഗത്ത് താനും വ്യാളിയുടെ മുട്ടയും മറുഭാഗത്ത് തന്നിൽ നിന്നും മുട്ട മോഷ്ടിക്കാൻ തന്ത്രങ്ങൾ മെനയുന്ന ലോകവുമായി പ്രതിഷ്ഠിച്ച് ആക്രമണം തുടങ്ങിയപ്പോൾ ആരോ പിടിച്ചു കെട്ടി ഭ്രാന്താശുപത്രിയിലാക്കി! ഒരുപാട് കാലത്തെ ചികിത്സയ്‌ക്കൊടുവിൽ എല്ലും തൊലിയുമായി പുറത്തേക്ക് വന്ന ഹഖീമിൻറെ ഇക്കയെ ഒരിക്കൽ കണ്ടതായി ഓർക്കുന്നു. ഒരു മഞ്ഞുകാലത്തെ വെളുത്ത പുകയിലലിഞ്ഞില്ലാതായതു പോലെ അയാളെ കാണാതാവുകയായിരുന്നു. മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് ഇന്നും ആർക്കും നിശ്ചയമില്ല!

സ്കൂളിൽ പോകുന്ന കുട്ടികൾ ഹഖീമിൻറെ ഭ്രാന്തകാലത്ത് അവൻറെ തലവട്ടം ദൂരെ കാണുമ്പോൾ ജീവനും കൊണ്ട് ഓടിയൊളിക്കുമായിരുന്നു. ദേശത്തെ മല്ലന്മാർ പോലും അവൻറെ കണ്മുൻപിൽ പെടാതിരിക്കാൻ ശ്രദ്ധിക്കും. എന്നാൽ ഭ്രാന്തിൻറെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന സമയം പോലും ഹഖീം എന്നെ കാണുമ്പോൾ വഴിമാറി നടക്കുമായിരുന്നു. എൻറെ കണ്ണുകളിലേക്കവൻ നോക്കുകയേ ഇല്ല!

 

 

ഭ്രാന്ത് മാറിയാലും കുറേ കാലത്തേക്ക് അവനോട് സംസാരിക്കാനോ കൂട്ട് കൂടാനോ പേടിയാണ് ആളുകൾക്ക്. എല്ലായ്‌പ്പോഴുമില്ലെങ്കിലും കവലയിൽ വരുന്ന ദിവസങ്ങളൊക്ക വാ തോരാതെ സംസാരിച്ചിരിക്കുമായിരുന്നു ഞങ്ങൾ. വിഷയ ദാരിദ്ര്യത്തിൻറെ വരൾച്ച ഞങ്ങൾക്കിടയിലേക്ക് വന്നതേയില്ല. വായനയിലൂടെ ഞാൻ ആർജ്ജിച്ചെടുത്ത അറിവുകളത്രയും രാകിമിനുക്കിയെടുക്കുന്നത് ഹഖീമുമായുള്ള സംവാദത്തിലാണ്. രാത്രി കൃത്യം പത്ത് മണിയാവുമ്പോഴേക്കും ഉറക്കം വരുന്നെന്നും പറഞ്ഞവൻ പോകും. അപ്പോഴാണ് ഞങ്ങളിൽ നിന്നും അകന്നു മാറി കൂട്ടം കൂടി നിന്ന് സംസാരിക്കുകയായിരുന്ന മറ്റ് കൂട്ടുകാർ എൻറെ അടുത്തേക്ക് വരുന്നത്.

“എന്താണെടാ ഇത്രേം നേരം നോൺ സ്റ്റോപ്പ് കത്തി ആ വട്ടനുമായി…? വല്ല റോക്കറ്റ് വിക്ഷേപണത്തെ കുറിച്ചോ ആഗോള വിപണി തകർന്നു വീണ് ആളുകള് ചത്ത് പോയതിനെ കുറിച്ചോ മറ്റോ ആയിരിക്കും അല്ലേ?” പരിഹാസത്തിൻറെ ഉമിനീര് തെറിപ്പിച്ചു കൊണ്ടവർ ആർത്തട്ടഹസിച്ചു ചിരിക്കുകയായി. തുരുത്തിൽ നിന്നും അകന്നു പോകാതിരിക്കാൻ കയറിട്ടു കെട്ടിയ തോണിയായി ഞാൻ പുഞ്ചിരിക്കും.

 

സ്ത്രീകളുടെ സ്തനങ്ങളുടെ വലിപ്പത്തേയും ആകൃതിയേയും കുറിച്ചുള്ള അവരുടെ കൂലങ്കശമായ ചർച്ചയിൽ എൻറെ തോണി അകലാൻ തുടങ്ങുകയായി. പരിണാമ ദശയിൽ മറ്റെല്ലാ മൃഗങ്ങളിലേതെന്ന പോലെ സ്തനങ്ങളുടെ പ്രാഥമിക ദൗത്യം തൻറെ കുഞ്ഞിന് നാവ് ത്രസിപ്പിക്കുന്ന പോഷകാഹാരം പകർന്നു നൽകുക എന്നതാണ് എന്ന് ഉള്ളിൽ വാഗ്വാദ ബുദ്ദിയൊടെ അട്ടഹസിച്ചു പറഞ്ഞെങ്കിലും പുറമെ നിസ്സംഗമായ ഒരു പുഞ്ചിരി മാത്രം എടുത്തണിഞ്ഞു. പറഞ്ഞില്ലേ, തുരുത്തിൽ നിന്നും തോണി എന്നെന്നേക്കുമായി അകന്നു പോകാതിരിക്കാൻ അനിവാര്യമായിരുന്നു ആ പുഞ്ചിരി!

“റൗഫേ, വ്യാളിയെ കുറിച്ച് കേട്ടിട്ടുണ്ടോ നീ?” ഒരിക്കൽ അതീവ രഹസ്യം പറയുന്നത് പോലെ ചുറ്റും കണ്ണോടിച്ച് ആരും കേൾക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയിട്ട് ഹഖീം ചോദിച്ചു.

“ഡ്രാഗൺ അല്ലേ? അതൊരു മിത്തിക്കൽ കാരക്ടർ അല്ലേ? ”

“അല്ല… ഡ്രാഗൺ സത്യമാണ്… അതിൻറെ മുട്ട എന്നെ ഏല്പിച്ചിട്ടാണ് ഇക്ക പോയ്ക്കളഞ്ഞത്.., എന്നും രാത്രി പത്ത് മണിയാകുമ്പോൾ ഞാൻ വീട്ടിലേക്കെന്നും പറഞ്ഞ് പോകുന്നത് ആ മുട്ട വിരിഞ്ഞു വന്ന ഡ്രാഗൺ കുഞ്ഞിനെ പരിപാലിക്കാനാണ്, അവനുമായി സമയം ചെലവിടാനാണ്…അവനിപ്പോൾ ഒരുപാട് വലുതായി, ഇപ്പോൾ ഞാനവനെ അങ്ങ് ദൂരെ ഒരിടത്ത് വളർത്തിക്കൊണ്ട് വരികയാണ്…” അതീവ താല്പര്യത്തോടെ പറഞ്ഞു കൊണ്ടിരിക്കുകയാണ് ഹഖീം. “എവിടെയാണെന്നറിയോ നിനക്ക്? ദൂരെയങ്ങ് കാട്ടിൽ, ഇടറായി വെള്ളച്ചാട്ടമില്ലേ… അതിൻറെ സമീപത്ത്…” ഒരായിരം നക്ഷത്രങ്ങളുടെ തിളക്കം ഞാൻ അവൻറെ കണ്ണുകളിൽ കണ്ടു.

മഴക്കാലം മാസങ്ങൾക്കകലെയാണ്, ഇക്കയെ പോലെ മുഴു ഭ്രാന്തനായി മാറുകയാണോ ഇവനും? അങ്ങനെ ഉണ്ടാവാതിരിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഞാൻ തന്നെ ആയിരിക്കണം.

 

അവൻ പറയുന്നതൊക്കെ സത്യമാണെന്ന ഭാവത്തിൽ ഞാൻ തല കുലുക്കി. നിർജ്ജീവമായി ചത്ത് മലർന്നു പൊങ്ങിയ എൻറെ പ്രതികരണത്തിലേക്ക് ഗലീലിയോയുടെ ദയനീയതയോടെ അവൻ നോക്കി. പിന്നെ ഉറങ്ങാൻ നേരമായെന്നും പറഞ്ഞ് പോയിക്കളഞ്ഞു!

മുഖഭാവങ്ങളിൽ കുറച്ചു കൂടി സൂക്ഷ്മതയും സ്വാഭാവികതയും വരുത്തേണ്ടിയിരിക്കുന്നു ഞാൻ. അവന് വിഷമമായിക്കാണും.

ഹോസ്റ്റലിൽ താമസിച്ചു പഠിക്കാൻ തുടങ്ങിയപ്പോൾ വളരെയേറെ കാലം ഹഖീമിനെ കാണുകയുണ്ടായില്ല. പുതിയ ചുറ്റുപാടുകളേയും, വെല്ലു വിളികളേയും നേരിട്ട് കൊണ്ടിരുന്നപ്പോൾ യാത്രാവണ്ടിയിലെവിടെയോ മറന്നു വെച്ച് പോയ മണമുള്ള കർഛീഫായി മാറുകയായിരുന്നില്ലേ ഞങ്ങളുടെ സൗഹൃദം? അതെ. അതാണ് ശരി.

ഹോസ്റ്റലിലെ ഇറവെള്ളം പോലുള്ള കറികളിൽ നിന്നുള്ള മോചനം തേടി പുറത്തേക്ക് ചാടിയതാണ് ഞാൻ. കുറച്ചകലെയുള്ള തട്ടുകടയിലെ പൊറോട്ടയും മുട്ട റോസ്റ്റുമാണ് ലക്ഷ്യം.

അവിചാരിതമായി എൻറെ മുൻപിൽ ഹഖീം പ്രത്യക്ഷപ്പെട്ടു!

അത്ഭുതത്തിനൊപ്പം എന്തെന്നില്ലാത്ത സന്തോഷം തോന്നി!

“നീയെന്താ ഇവിടെ?” ആഹ്ലാദം ഉള്ളിലൊളിപ്പിക്കാതെ ഞാൻ ചെന്ന് കെട്ടിപ്പിടിച്ചു.

“നിന്നെ കാണാൻ വന്നതാടാ… ” സുഗന്ധം പരത്തിക്കൊണ്ടവൻ പുഞ്ചിരിച്ചു.

“റൗഫേ, സ്വർഗ്ഗവും നരകവും എവിടെയാണെന്നറിയോ നിനക്ക്?” തട്ടുകടയുടെ പെട്രോമാക്സ് വെളിച്ചത്തിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ ഹഖീം തിരക്കി.

 

“മുകളിൽ… ദൈവത്തിൻറെ ലോകത്ത്…” നിഷ്കളങ്കമായി ഞാൻ പറഞ്ഞു.

അവൻ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. ഒരുപാട് ചിരിച്ചപ്പോൾ ഭക്ഷണത്തുണ്ടുകൾ മൂക്കിൽ കയറി ചുമച്ചു, തുമ്മി. ഞാനവന് വെള്ളം നൽകി.

“നീ കോളേജിൽ ആണെങ്കിലും നിൻറെ ചിന്തയും ആശയങ്ങളും നഴ്സറിയിലാണ്…” ചിരിയടക്കിപ്പിടിച്ചു കൊണ്ട് ഹഖീം പറഞ്ഞു. “സ്വർഗ്ഗവും നരകവും ഇവിടെയാണ്…” അവൻ എൻറെ ശിരസ്സിൽ തൊട്ട് കാണിച്ചു.” മനുഷ്യരുടെ തലച്ചോറിനകത്ത്…ഈ ലോകവും അത് നിയന്ത്രിക്കുന്ന ദൈവവുമെല്ലാം നമ്മൾ കാണുന്ന ലോകത്തിൻറെ പരിധിക്കകത്താണ്…” അവൻറെ കണ്ണുകളിൽ ഉറഞ്ഞു വരുന്ന ദുർഗ്രാഹ്യമായ വികാരം എനിക്ക് വായിച്ചെടുക്കാൻ പറ്റിയില്ല. “ഇനിയും ലോകങ്ങളുണ്ട്… നമ്മളിൽ നിന്നും അകന്നു മാറി, അന്യഗ്രഹത്തിലല്ല, ഈ ഭൂമിയിൽ തന്നെ…ഭൂമിയുടെ കാൽ ഭാഗം മാത്രമേ മനുഷ്യൻ കണ്ടിട്ടുള്ളൂ…” വാചാലനായി തുടരുകയാണവൻ. “പറക്കുകയും തീ തുപ്പുകയും ചെയ്യുന്ന ഡ്രാഗണുകൾ ജീവിച്ചിരിപ്പുണ്ട്, നമ്മുടെ ഒരു റഡാറുകൾക്കും ടെക്നോളജിക്കും കണ്ടെത്താൻ പറ്റാത്ത അകലത്തിൽ… ഐൻസ്റ്റീൻ പൂർണ്ണമാക്കാതെ പറഞ്ഞു വെച്ച ബ്ലാക്ക് ഹോൾ, ടൈം ട്രാവല്ലിങ്ങിനെ കുറിച്ചായിരുന്നോ? ആലോചിച്ചു നോക്കൂ റൗഫ്, സമയത്തിൻറെ യവനികയ്ക്കപ്പുറം മറ്റൊരു ലോകമുണ്ട്… ഡ്രാഗണുകളുടെ ലോകം!”

എന്ത് കൊണ്ടോ എന്നിലെ സന്തോഷം ഇഴയറ്റ മാലയിലെ മുത്തുകൾ പോലെ ഉതിർന്നു വീണുപോയി.

“ഹഖീം, നമുക്ക് സംസാരിക്കാനും ചർച്ച ചെയ്യാനും വേറെ എന്തൊക്കെ വിഷയങ്ങളുണ്ട്… സാഹിത്യമായാലോ? ഡ്രാഗൺസിനെ കുറിച്ചുള്ള സാഹിത്യവുമുണ്ടല്ലോ… ചൈനീസ് സാഹിത്യകൃതികൾ” എൻറെ അലോസരം പതിഞ്ഞ വാക്കുകൾ അവനെ വേദനിപ്പിച്ചിട്ടുണ്ടാകണം. അവൻറെ കണ്ണുകളിൽ ഗലീലിയോയുടെ ദൈന്യത വീണ്ടും പരന്നൊഴുകി.

“റൗഫേ, ഞാൻ പറഞ്ഞത് സത്യമാണ്… വ്യാളികൾ മനുഷ്യരേക്കാൾ ഭേദമാണ്, ഹൃദയമുണ്ടവയ്ക്ക്, വേദനിക്കുന്നവനെ പരിചരിക്കാനും സമാശ്വസിപ്പിക്കാനുമുള്ള കരുതലുണ്ടവയ്ക്ക്.., ഞാനൊന്ന് നൊന്ത് പറഞ്ഞാലുണ്ടല്ലോ; ഈ ഭൂമിയിലെ മനുഷ്യരെയത്രയും തീ വിതറി ഭസ്മമാക്കിക്കളയും വ്യാളി… പക്ഷെ ഞാനത് പറയില്ല… ഒരിക്കലും ഞാനത് ആവശ്യപ്പെടില്ല… മനുഷ്യരിൽ നല്ലവരും കൂടി ഉള്ളത് കൊണ്ടാണ് ഞാനത് ചെയ്യാത്തത്!”

ഞാൻ മറുത്തൊന്നും പറഞ്ഞില്ല.

പിന്നീട് കുറേകാലം ഹഖീമിനെ കണ്ടില്ല. നാട്ടിൽ ചെന്നപ്പോൾ ഏറെ തിരഞ്ഞു ഞാനവനെ. പ്രതാപകാലത്തിൻറെ അസ്ഥികൂടം പോലെ തല കുമ്പിട്ട് കിടക്കുന്ന അവൻറെ തറവാടിൻറെ മുൻപിൽ ചെന്ന് ഉച്ചത്തിൽ വിളിച്ചെങ്കിലും ആരും മറുപടി തന്നില്ല. ശല്യപ്പെടുത്താതെ തിരികെ പോകൂ എന്ന് പറയുന്നത് പോലെ ശോഷിച്ച അകത്തളത്തിലെവിടെയോ കിടന്ന് ഒരു പൂച്ചക്കുഞ്ഞ് കരഞ്ഞു.

 

മഴക്കാലത്തിൻറെ പഴുപ്പ് പൊട്ടിയൊലിക്കുന്നതിന് മുൻപ് അവനെ കാണാനുള്ള വ്യഗ്രതയായിരുന്നു എനിക്ക്.

അന്വേഷണം വെറുതെയായി.

മേഘങ്ങൾ കറുത്തിരുണ്ടു, മഴ പെയ്യാനാരംഭിച്ചു.
എത്ര പെട്ടെന്നാണ് കർക്കടകമെത്തിയത്. തകർത്തു പെയ്ത് പക തീർക്കുകയാണ്.

വഴിയരികിലെ കുത്തിയൊഴുകുന്ന ചാലിലേക്ക് വീഴാതിരിക്കാനായി വളരെ പണിപ്പെട്ട് നടക്കുകയാണ് ഞാൻ. ചൂടിയിരിക്കുന്ന കുടയെ കബളിപ്പിച്ച് ദേഹത്തേക്ക് വീണ മഴത്തുള്ളികൾ എന്നെ നനച്ചുകളയുക തന്നെ ചെയ്തു.

കവലയിൽ ഒരാൾക്കൂട്ടം കണ്ടു, മഴയുടെ ആരവത്തിനും മുകളിൽ കുടകൾ ചൂടിനിൽക്കുന്ന ആളുകൾക്ക് നടുവിൽ നിന്ന് കൊണ്ട് ആരോ ആക്രോശിക്കുന്നുണ്ട്!

എന്നിലെ സംശയം ഒരാന്തലായി മഴത്തുള്ളികൾക്കൊപ്പം പെരുകി വന്നു.

 

“നിൻറെ ചങ്ങാതിയാ… ഹഖീം, ആരെയോ കത്തിക്കിട്ട് പൂളിയിട്ടുണ്ട്…” ആൾക്കൂട്ടത്തിലുണ്ടായിരുന്ന ഒരു സുഹൃത്ത് എന്നെ കണ്ടപ്പോൾ ഓടി വന്ന് പറഞ്ഞു!

ഞടുക്കം പൂർണ്ണമായി! ആളുകളെ തള്ളി മാറ്റി മുൻ നിരയിലേക്ക് ചെന്നു. വട്ടം കൂടി നിൽക്കുന്ന ആളുകൾക്ക് നടുവിൽ ഊരിപ്പിടിച്ച കത്തിയുമായി ഹഖീം!!

മഴ ശക്തമായി പെയ്യുന്നുണ്ട്, ശത്രു പാളയത്തിലേക്ക് ഇറങ്ങിച്ചെന്ന് യുദ്ധം ചെയ്യുന്ന ഭീമസേനൻറെ രൂപമായിരുന്നു അവനപ്പോൾ! കുപ്പായം കീറിപ്പോയിരിക്കുന്നു, ഉറച്ച മാംസപേശികളിലൂടെ മഴവെള്ളം ഒഴുകിയിറങ്ങുന്നു. ഹഖീമിൻറെ പുറകിൽ ദേഹമാസകലം രക്തവുമായി ഒരാൾ നിലത്ത് കിടക്കുന്നുണ്ട്! മഴവെള്ളം അയാളിൽ നിന്നും രക്തമൊഴുക്കി ചുറ്റും ചുവപ്പ് നിറക്കുന്നു!

“ദേ ആ പച്ചക്കറിക്കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പോകുകയായിരുന്ന പെൺകുട്ടിയെ ഒരുത്തൻ കേറിപ്പിടിച്ചു.., പെണ്ണ് കരഞ്ഞോണ്ട് ഓടിച്ചെന്നത് ഈ വട്ടൻറെ മുൻപിലാ…” കൂടിനിന്നവരിൽ ഒരു വൃദ്ധൻ സിനിമാ കഥ പോലെ ത്രസിച്ചു നിന്ന് വിവരിക്കുന്നു. “കത്തിയോണ്ട് വരഞ്ഞ് ചവിട്ടികൂട്ടി ദേ ഇട്ടിരിക്കുന്നു! ഇപ്പൊ തന്നെ ആശുപത്രിയിലെത്തിച്ചാൽ ജീവൻ രക്ഷിക്കാം…അതിന് ഈ ഭ്രാന്തൻ സമ്മതിക്കണ്ടേ!?..”

ഞാൻ കുടമടക്കി നിലത്തു കുത്തി മുൻപോട്ടേക്ക് ചെന്നു.
ആരൊക്കെയോ പുറകിൽ നിന്നും വിലക്കുന്നുണ്ടായിരുന്നു. “പോവല്ലേ അവൻറെ കയ്യിൽ കത്തിയുണ്ട്… പോലീസ് ഇപ്പോൾ എത്തും…”

“ഹഖീം!!!”

സർവ്വശക്തിയും സംഭരിച്ചു കൊണ്ട് ഞാൻ വിളിച്ചു. മഴയുടെ ആരവത്തിനും, ആളുകളുടെ ബഹളങ്ങൾക്കും മീതെ എൻറെ ശബ്ദം തെറിച്ചു വീണു.

തന്നോട് അടുക്കുകയാണെന്ന് തോന്നുന്നവർക്ക് നേരെയൊക്കെ കത്തി വീശിക്കൊണ്ടിരിക്കുകയായിരുന്ന ഹഖീം തിരിഞ്ഞു നോക്കി, തലമുടികൾക്കിടയിലൂടെ ഒഴുകിവന്ന മഴവെള്ളം വായിലെത്തിയപ്പോൾ തുപ്പിക്കളഞ്ഞു.

ഭ്രാന്തിൻറെ മലവെള്ളപ്പാച്ചിലിന് പൊടുന്നനെ തടയിട്ടത് പോലെ അവൻറെ മുഖം മരവിച്ചു, അവനെന്നെ തിരിച്ചറിഞ്ഞുവെന്ന് തോന്നി…അവൻറെ ക്രുദ്ധമായ മുഖത്ത് സൗമ്യത പരന്നിറങ്ങി! മുൻപൊരിക്കലും സംഭവിച്ചിട്ടില്ലാത്തതാണ്! ഭീമാകാരമായ അവൻറെ രൂപം ചുരുങ്ങി ചെറുതാവുന്നതായി തോന്നി.

 

“റൗഫേ, നീയെപ്പോ വന്നു?” ആ ചോദ്യം പൂർണ്ണമാക്കാനാവുന്നതിന് മുൻപ് പുറകിൽ ഓടി വന്ന ആരോ ഒരാൾ സോഡാ കുപ്പിയുമായി കൈ ഉയർത്തി വീശി ഹഖീമിൻറെ തലയിൽ ആഞ്ഞടിച്ചു!

തലയിൽ ചിതറിപ്പോയ കുപ്പി, ചെറിയ ചില്ലുകളായി നാനാഭാഗത്തേക്കും മഴത്തുള്ളികൾക്കൊപ്പം തെറിച്ചു വീണു!

“അരുതേ!” എന്ന് എനിക്ക് അലറിവിളിക്കാൻ ആവുന്നതിന് മുൻപ് അത് സംഭവിച്ചു കഴിഞ്ഞിരുന്നു!

തലയിൽ നിന്നും ഒഴുകിയിറങ്ങിയ ചോര പുരകത്തിന് മുകളിലൂടെ താഴേക്ക് ഇറ്റു വീഴുമ്പോഴും എന്നിൽ നിന്നും കണ്ണുകളെടുക്കാതെ ഹഖീം കാൽ മുട്ടുകൾ നിലത്ത് കുത്തി വീണു!

 

ഞാൻ ഓടിച്ചെന്ന് പിടിക്കാനൊരുങ്ങുമ്പോഴേക്കും അവൻറെ ബോധം നഷ്ടപ്പെട്ടു പോയിരുന്നു!

ഹോസ്പിറ്റലിലെ തുന്നിക്കെട്ടലുകൾക്കും, പോലീസ് ചടങ്ങുകൾക്കുമൊടുവിൽ ഹഖീമിനെ ഭ്രാന്താശുപത്രിയിലാക്കി. അവൻറെ ഇക്കയെ ചികിൽസിച്ച ആശുപത്രി തന്നെയാണതെന്ന തിരിച്ചറിവ് എന്നെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയത്.

വല്ലാത്തൊരു കുറ്റബോധത്തിൻറെ ഉഷ്ണം വമിക്കുന്ന കരിമ്പടത്തിനുള്ളിലാണ് പിന്നീട് ഞാനെൻറെ ദിനങ്ങൾ തള്ളി നീക്കിയത്. എന്നോടുള്ള സൗഹൃദമായിരുന്നില്ലേ അവനെ വീഴ്ത്തിക്കളഞ്ഞത്.

അവൻറെ ഇക്കയുടെ വിധി അവനും ഉണ്ടാവാതിരിക്കാനായി പലതവണ ഞാൻ ഹോസ്പിറ്റലിൽ യാചനയുടെ നിഴലുമായി ചെന്നു. ക്രിമിനൽ സ്വഭാവമുള്ള പേഷ്യന്റായതിനാൽ പുറത്ത് വിടാൻ നിർവ്വാഹമില്ലെന്ന് തീർത്തു പറഞ്ഞു. പൊലീസിൻറെ നിർദേശമുണ്ടത്രെ. അവൻറെ കുടുംബത്തിലെ ആരെയെങ്കിലും കൂട്ടി ചെന്നാൽ ശ്രമിച്ചു നോക്കാമെന്ന് ഡോക്ടർ തന്ന വിദൂര പ്രതീക്ഷയിൽ പലതവണ ഞാൻ അവൻറെ പൊളിഞ്ഞു വീഴാറായ തറവാട്ടിൽ ചെന്നു. പതിവ് പോലെ എൻറെ വിളിക്ക് ആരും മറുപടി തന്നില്ല!

എത്രകാലമങ്ങനെ പോയെന്നറിയില്ല. ഒരിക്കലൊരു രാത്രിയിൽ ഉറക്കമില്ലായ്മയുടെ ചുട്ടുപൊള്ളുന്ന മെത്തയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് ജനാലയ്ക്കരികിൽ ഒരാൾരൂപം കണ്ടത്!

ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു ഞാൻ!

” ടാ.. റൗഫേ… ഞാനാണ്…”
ഉറക്കത്തിൽ പോലും സുപരിചിതമായ ശബ്ദം.

ഞാൻ തിടുക്കത്തിൽ ഒരു ഷർട്ട് എടുത്തണിഞ്ഞിട്ട് വെളിയിലേക്കിറങ്ങി.

“നീയെങ്ങനെ പുറത്തു ചാടി?”

“അതൊക്കെ വലിയ കഥയാണ്…” സുഗന്ധം പരത്തിക്കൊണ്ട് ഹഖീം പുഞ്ചിരിച്ചു.

അവൻറെ കയ്യിൽ അണഞ്ഞു കിടക്കുന്ന ഒരു പന്തം ശ്രദ്ധയിൽ പെട്ടു.

“നിനക്കെന്നോട് ദേഷ്യമില്ലേടാ..?” ഒരുപാട് കാലമായി ഉള്ളിൽ വിങ്ങി നിന്നതാണ് ആ ചോദ്യം.

 

“എന്തിന്…നീയൊന്ന് പോടാ…” ഹഖീം എൻറെ കൈകളിൽ ഇരുകരങ്ങൾ കൊണ്ട് ചേർത്തു പിടിച്ചു. “ഞാൻ പോവ്വ്വാടാ റൗഫേ.., ഈ ലോകത്ത് യാത്ര ചോദിക്കാൻ എനിക്ക് നീ മാത്രമേ ഉള്ളൂ…”

“എവിടെ പോകുന്നു നീ?”

“നീ എന്നെ ആ ഇടറായി വെള്ളച്ചാട്ടത്തിന്റെ സമീപത്ത് ബൈക്കിൽ കൊണ്ട് ചെന്നാക്കണം” എൻറെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് അവൻ പറഞ്ഞു.

രണ്ട് മണിക്കൂറിനോടടുത്ത് ഓടണം.
യാത്രയിലുടനീളം ഒരക്ഷരം പോലും മിണ്ടിയില്ല ഹഖീം. വല്ലാത്തൊരു ധർമ്മസങ്കടത്തിൻറെ സംഘർഷങ്ങളിൽ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണവൻറെ മനസ്സെന്ന് ഞാൻ തൊട്ടറിഞ്ഞു. ആദ്യമായാണ് ഞങ്ങൾക്കിടയിൽ മൗനം ചിലന്തിവല നെയ്യുന്നത്.

ചോദ്യങ്ങൾക്കൊന്നും മറുപടിയും തന്നില്ല.

റോഡരുകിൽ ഞാൻ ബൈക്ക് നിർത്തി. കാട് പടർന്നു കിടക്കുന്ന ചെങ്കുത്തായ പ്രദേശമാണവിടെ. കാട്ടിലൂടെ ഏറെ ദൂരം താഴേയ്ക്ക് ചെല്ലണം ഇടറായി വെള്ളച്ചാട്ടത്തിനടുത്തെത്താൻ. വാഹനങ്ങൾ പോവില്ല. ഇറങ്ങി നടക്കുക മാത്രമേ നിവൃത്തിയുള്ളൂ.

പെട്ടെന്ന് ഹഖീം എന്നെ കെട്ടിപ്പിടിച്ചു.

“ഇനി നീ പൊയ്ക്കോളൂ…”

“നീ എങ്ങോട്ട് പോകുന്നു?” അവിശ്വസനീയതയോടെ തിരക്കി ഞാൻ.

“ഹഖീം ഒരു കടങ്കഥയുടെ ഭാഗമായിരുന്നെന്ന് കരുതിയാൽ മതി…”

“നീയെന്ത് ഭ്രാന്താണ് പറയുന്നത്? കാട്ടുപന്നികളും കുറുനരികളുമിറങ്ങുന്ന സ്ഥലമാണ്…”

“പൊയ്‌ക്കോ നീ…” ഹഖീം വന്നെൻറെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഹെഡ് ലൈറ്റ് ഓൺ ചെയ്തിട്ട് മുഖത്തേക്ക് ഹാൻഡിൽ തിരിച്ചു. ശക്തമായ വെളിച്ചം കണ്ണിലേക്കടിച്ചപ്പോൾ ഞാൻ പുറം കൈ കൊണ്ട് മറച്ചു പിടിച്ചു. ബൈക്ക് ചെന്ന് ഓഫ് ചെയ്തപ്പോൾ ഹഖീമിനെ അവിടെങ്ങും കണ്ടില്ല!

 

“ടാ… ഹഖീം…” ഉച്ചത്തിൽ വിളിച്ചു.
കുറുക്കന്മാരുടെ മറുശബ്ദം ഒരപശകുനം പോലെ അങ്ങകലെ കേട്ടു!

പുനർവിചിന്തനത്തിൻറെ താക്കോൽ ദൂരേക്കെറിഞ്ഞിട്ട് ഞാൻ കാട്ടിലേക്ക് ഊർന്നിറങ്ങി! പലതവണ ഉരുണ്ട് വീണു, കൈകാലുകളിൽ അട്ടകൾ ഇഴയുന്നതറിഞ്ഞു.., നിലാവ് ഉയർന്ന മരങ്ങളുടെ ചില്ലകൾക്കിടയിലൂടെ പൊട്ടിപ്പൊളിഞ്ഞു വീഴുന്നുണ്ട്. ഇടറായി വെള്ളച്ചാട്ടത്തിൻറെ ഇരമ്പം അടുത്തടുത്ത് വന്നു കൊണ്ടിരുന്നു.

പെട്ടെന്നൊരു വെളിച്ചം കണ്ണിൽ പെട്ടു!

ഒരു കാട്ട് പൊന്തയ്ക്ക് മറവിൽ ഒളിഞ്ഞിരുന്നു കൊണ്ട് ഞാൻ സൂക്ഷിച്ചു നോക്കി.

വെള്ളച്ചാട്ടത്തിന് സ്വല്പമകലെയായി തള്ളി നിൽക്കുന്ന ഒരു പാറയ്ക്ക് മുകളിൽ ഹഖീം പന്തവുമായി നിൽക്കുന്നത് കണ്ടു! പന്തത്തിൻറെ വെളിച്ചം കാറ്റിൽ ആടിയുലയുന്നുണ്ട്. എന്തിനുള്ള പുറപ്പാടാണവൻ?

“ഹഖീം!” എന്ന നിലവിളി തൊണ്ടയിൽ നിന്നും ഉയർന്നു പൊങ്ങാൻ തുടങ്ങുമ്പോഴാണ് ആ അത്ഭുതകരമായ കാഴ്ച കണ്ടത്!

കണ്ണുകളെ വിശ്വസിക്കാനായില്ല!

ഡൈനോസറിനെ പോലെ ഭീമാകാരനായ ഒരു ജീവി പാറക്കൂട്ടങ്ങൾക്കിടയിലെ ഇരുട്ടിൽ നിന്നും ഹഖീമിൻറെ കയ്യിലെ പന്തത്തിൻറെ മഞ്ഞവെളിച്ചത്തിലേക്ക് തല നീട്ടി!!

ഭയത്താൽ ശ്വാസമെടുക്കാൻ മറന്നു പോയ ഞാൻ പുറകോട്ടേക്ക് മാറി! ഞടുക്കം വല്ലാത്തൊരാശ്ചര്യത്തിലേക്ക് വഴിമാറിയപ്പോൾ സിരകൾ തണുത്തുറഞ്ഞുപോയി!

 

വിറച്ചു കത്തുന്ന തീപന്തത്തിലേക്കും ഹഖീമിൻറെ മുഖത്തേക്കും കണ്ണുകൾ നട്ടുകൊണ്ട് നിൽക്കുകയാണ് ആ ജീവി!

ഹഖീം സുഗന്ധം പരത്തിക്കൊണ്ട് പുഞ്ചിരിച്ചു, തീ പന്തം അലക്ഷ്യമായി വെളിച്ചത്തുണി പോലെ താഴേക്ക് വന്ന് വെള്ളത്തിൽ വീണണഞ്ഞു.

നിലാവിൻറെ അവ്യക്തതയിൽ ഹഖീം ഒരു സർക്കസ്സ്കാരൻറെ മെയ് വഴക്കത്തോടെ ആ ജീവിയുടെ പുറത്തേക്ക് ചാടിക്കയറുന്നത് കണ്ടു!

പൊടുന്നനെ അതിശക്തമായ കാറ്റടിച്ചു… കാട്ടുമരങ്ങളും ഞാനിരുന്ന പൊന്തക്കാടും ആടിയുലഞ്ഞു. ആ കാറ്റിൽ വെള്ളച്ചാട്ടത്തിൽ നിന്നുള്ള ജലകണികകൾ എൻറെ മുഖത്തും ദേഹത്തേക്കും പാറി വീണു!

അവിശ്വസനീയമാം വിധത്തിൽ ഭീമാകാരനായ ആ ജീവി ചിറകടിച്ചുയരുകയാണ്…അതിൻറെ ചിറകടിയിൽ നിന്നുള്ള ശക്തമായ കാറ്റായിരുന്നു അതെന്ന് തിരിച്ചറിയാൻ നിമിഷങ്ങളെടുത്തു. കാട്ടുമരങ്ങളിലെ ദുർബ്ബലമായ ചില്ലകൾ മുറിഞ്ഞു വീഴുകയാണ്!

പൂർണ്ണചന്ദ്രൻറെ വെളുപ്പിലേക്ക് ആ ജീവി ഹഖീമുമായി ഏതോ മുത്തശ്ശികഥയ്ക്ക് ജീവൻ വെച്ചത് പോലെ പറന്നുയർന്നു പോകുന്നത് കണ്ട് മായാലോകത്തിൽ നിന്നും വലിച്ചെറിയപ്പെട്ടവൻറെ കരയിൽ പതുക്കെ എഴുനേറ്റു നിന്നു ഞാൻ!

പൊന്തക്കാട്ടിൽ നിന്നും വെളിയിൽ വന്നു നോക്കി… കാണുന്നത് സത്യമാണ്!

 

തിരിച്ചറിവ് ഭീകരമാണ്, ആശ്ചര്യാജനകമാണ്, നിഗൂഢതകളുടെ പൊളിച്ചെഴുത്തുകൾക്കുമപ്പുറം എഴുതും മുൻപേ വീണു പൊട്ടിയ സ്ളേറ്റിൻറെ കഷണങ്ങളാണ്. അർത്ഥഗർഭമായി പുഞ്ചിരിച്ചപ്പോഴൊക്കെ വഴിമാറി നടന്നതിനാൽ ഒന്നും കാണാൻ പറ്റിയില്ല; മരിച്ചു വീണ സത്യങ്ങളുടെ കബന്ധങ്ങൾക്ക് മീതെ കാലുകൾ വെച്ച് നടന്നു.

“ഭ്രാന്ത് ഹഖീമിനായിരുന്നില്ല… അവനായിരുന്നു സത്യം!”

 

കഥ; പോസ്റ്റർ ഡിസൈൻ : ഒഫിറോസ്‌

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!