Skip to content

ശ്രുതി – 21

ശ്രുതി Malayalam Novel

ഞാൻ കണ്ണടച്ച് ചെവിയും പൊത്തി അനങ്ങാതെ അവിടെത്തന്നെ നിന്നു . പെട്ടെന്നാണ് എന്റെ കയ്യിൽ ആരോ പിടിച്ചു വലിച്ചത് . ആ കൈകളുടെ ഉടമ എന്നെ ഗജന വെടിയുടെ അടുത്തുനിന്നും തിരിച്ചു നിർത്തി . വെടിക്കെട്ട് ശബ്ദം കൂടി കൂടി വന്നപ്പോൾകണ്ണുതുറക്കാതെ അയാളുടെ നെഞ്ചിലേക്ക് മുഖമമർത്തി . എന്റെ പേടി കണ്ടിട്ട് എന്നോളം അയാൾ എന്നെ മുറുക്കി ചുറ്റിപ്പിടിച്ചു ………………..

അല്പസമയത്തിനുശേഷം വെടിക്കെട്ടിന്റെ ശബ്ദം പൂർണ്ണമായി നിലച്ചു . ശബ്ദം പൂർണ്ണമായി നിന്നു എന്ന് മനസ്സിലായപ്പോൾ ഞാൻ പതിയെ കാതുകളിൽ പൊത്തിയ എന്റെ രണ്ടു കൈകളും എടുത്തു മാറ്റി . പതിയെ മിഴികൾ തുറന്നു നോക്കിയപ്പോൾ എനിക്കു മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ചെറുതായൊന്ന് ഷോക്ക് ആയി . ആ നിമിഷം എനിക്ക് എന്റെ മിഴികളെ വിശ്വസിക്കാൻ കഴിഞ്ഞില്ല . പതിയെ എന്റെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു :

” കിച്ചു വേട്ടൻ “………………

” കിച്ചു ഏട്ടൻ അല്ല കാർത്തിക് കാശിനാഥ് വർമ്മ ”

കിച്ചൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ഒരു ഞെട്ടലോടെ ഞാൻ കിച്ചുവേട്ടന്റെ അരികിൽ നിന്നും കുറച്ചു പിന്നോട്ട് നിന്നു . കിച്ചുവേട്ടൻ അപ്പോഴും എന്റെ അടുത്തേക്ക് വന്നു കൊണ്ടിരിക്കുകയായിരുന്നു .

” എന്താ ശ്രുതി നീ ഞെട്ടിയോ ? , സോറി ശ്രുതി വിശ്വനാഥ വർമ്മ ”

ഈശ്വരാ … കിച്ചുവേട്ടൻ എല്ലാം അറിഞ്ഞിരിക്കുന്നു ഇപ്പോൾ ആ കണ്ണുകളിൽ പണ്ടത്തെപ്പോലെ എന്നോട് സ്നേഹമോ വാത്സല്യമോ ഒന്നും തന്നെ ഇല്ല . ആ കണ്ണുകളിൽ എന്നോടുള്ള പക മാത്രമാണ് ഞാൻ കാണുന്നത് . ഇല്ല , കിച്ചു വേട്ടൻ എന്നെ വെറുക്കരുത് . എനിക്ക് എല്ലാം തുറന്നു പറയണം .

” കിച്ചു ഏട്ടാ ഞാൻ ”

” വിളിക്കരുത് നീ എന്നെ അങ്ങനെ ”

ഞാൻ പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് തന്നെ കിച്ചുവേട്ടന്റെ ശബ്ദം ഉയർന്നിരുന്നു . സങ്കടം കൊണ്ട് എന്റെ മിഴികൾ നിറഞ്ഞൊഴുകി .

” നീ പഠിച്ച കളളിയാണ് . വളരെ നന്നായി തന്നെ നീ അഭിനയിച്ചു തകർത്തു . എങ്ങനെ തോന്നിയെഡി നിനക്ക് ഞങ്ങളെയൊക്കെ കബളിപ്പിക്കാൻ . നീ എന്താടി കരുതിയത് , ഏട്ടാ എന്ന് വിളിച്ച് എന്റെ പിറകെ കൂടി നിന്റെ അച്ഛന്റെ പ്ലാനുകൾ ഒക്കെ നടപ്പിലാക്കാമെന്നോ ”

” കിച്ചുവേട്ട ഞാൻ ഒന്ന് പറഞ്ഞോട്ടെ ”

” മിണ്ടരുത് നീ , നിനക്ക് എന്റെ മുന്നിൽ നിന്ന് സംസാരിക്കാൻ പോലും ഒരു അർഹതയുമില്ല . ബിക്കോസ് യുവർ എ ലയർ . തെരുവിൽ ജീവിക്കുന്ന സ്ത്രീകൾക്കു കൂടി നിന്നെക്കൾ അന്തസ്സുണ്ട് . ”

” കിച്ചു ഏട്ടാ…………… ”

ഇത്തവണ എന്റെ ശബ്ദം ഒരല്പം ഉയർന്നിരുന്നു . എന്നാൽ അതിനു മറുപടിയായി കിച്ചുവേട്ടന്റെ കൈ എന്റെ മുഖത്തിന് നേരെ ഉയർന്നു . ഒരുനിമിഷം ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു നിന്നു . കണ്ണ് തുറന്ന് നോക്കിയപ്പോൾ ഞാൻ കണ്ടത് കിച്ചു ഏട്ടന്റെ കയ്യിൽ പിടിച്ച് എനിക്ക് നേരെ വന്ന അടി തടുത്തു നിർത്തി ആളെയാണ് .

” അഭിയേട്ടൻ ”

അറിയാതെ ഞാൻ ആ പേര് മന്ത്രിച്ചു . ഞാൻ നോക്കുമ്പോൾ കിച്ചു ഏട്ടനും അഭി ഏട്ടനും നേർക്കുനേർ നിൽക്കുകയാണ് .

” ആരാടി ഇവൻ , നിനക്ക് നേരെ കയ്യുയർത്തിയപ്പോഴേക്കും ചോദിക്കാൻ ആൾ എത്തിയല്ലോ . ”

” ആരാ ശ്രുതി ഇത് ? ”

” അത് അഭിയേട്ട … ”

” ഓ അഭിയേട്ടനോ , ആരാടീ ഇവൻ നിന്റെ , നിനക്ക് ഈ നാട്ടിൽ പരിചയക്കാർ ഒന്നുമില്ല എന്നല്ലേ നീ അന്ന് എന്നോട് പറഞ്ഞത് . ഇപ്പൊ എവിടുന്ന് വന്നെടി ഈ രക്ഷകൻ ”

” ഹേ മിസ്റ്റർ , വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം . ശ്രുതി ഇയാളെ നിനക്ക് അറിയോ ”

” അറിയാം ”

” എങ്ങനെ എന്നും കൂടി ചോദിക്കെടാ നീ അവളോട് , അവൾ പഠിച്ച കള്ളിയാണ് . നിന്നെ ഇപ്പൊ അഭി ഏട്ടാ എന്നു വിളിച്ചാലും കൂടെ ഇരിക്കുന്നത് എന്തെങ്കിലും ദുരുദ്ദേശം വെച്ചിട്ട് ആവും . സൂക്ഷിച്ചോ ഇവളെ , വിശ്വസിക്കാൻ കൊള്ളത്തില്ല ”

അത്രയും പറഞ്ഞ് കിച്ചു ഏട്ടൻ രോഷത്തോടെ എന്റെ മുഖത്തേക്ക് നോക്കി ഒരു പുച്ഛഭാവത്തിൽ തിരിഞ്ഞുനടന്നു . കിച്ചുവേട്ടന്റെ തെറ്റു ധാരണകളൊന്നും തിരുത്താൻ കഴിയാതെ ഒരു പ്രതിമ കണക്കെ ഞാൻ അവിടെനിന്നു . നിറഞ്ഞുതുളുമ്പി വന്ന എന്റെ മിഴികൾ അഭിയേട്ടൻ തുടച്ചു . എന്റെ മനസ്സ് ആകെ അസ്വസ്ഥ ആണെന്ന് മനസ്സിലാക്കിയിട്ടെന്നോണം അഭിയേട്ടൻ എന്നെ ഒന്നു നടക്കാൻ വിളിച്ചു . ഞാൻ ഇല്ലെന്ന് എത്ര പറഞ്ഞിട്ടും അഭിയേട്ടൻ കേട്ടില്ല എന്റെ കയ്യും പിടിച്ചു നടക്കാൻ ഇറങ്ങി .

നടന്ന് നടന്ന് ഞങ്ങൾ അമ്പലപരിസരത്ത് നിന്നും കുറച്ചു ദൂരം വന്നിരിക്കുന്നു . അപ്പോഴാണ് ദൂരെ നിന്ന് ഞാൻ ആ ബോർഡ് കണ്ടത് ” നാടൻ കള്ള് “.
കണ്ണെടുക്കാതെ യുള്ള എന്റെ നോട്ടം കണ്ടിട്ട് അഭീ ഏട്ടൻ എന്നോട് ചോദിച്ചു :

” എന്താ നിനക്കു വേണോ ”

” വേണ്ട ”

” നീ കള്ള് ഷോപ്പിലെ എപ്പോഴെങ്കിലും കയറിയിട്ടുണ്ടോ ? ”

” ഇല്ല . എന്തേ ? ”

” ഇവിടെ കള്ള് മാത്രം അല്ല നല്ല അടിപൊളി ഫുഡും കിട്ടും ”

” എന്നാൽ അഭിയേട്ടൻ പോയി ഫുഡ് കഴിച്ചിട്ട് വാ ”

” അപ്പൊ നിനക്ക് വിശക്കുന്നില്ലേ ? ”

” ഇല്ല ”

” എന്നാലും എനിക്കൊരു കമ്പനിക്ക് കൂടെ വാടോ ”

ഞാൻ ഇല്ലെന്ന് എത്ര പറഞ്ഞിട്ടും അഭിയേട്ടൻ കേട്ടില്ല . എന്റെ കയ്യിൽ പിടിച്ചു വലിച്ച് കൊണ്ട് കള്ള് ഷാപ്പിന് ഉള്ളിലേക്കു കയറിപ്പോയി . സത്യം പറഞ്ഞാൽ ഞാൻ ആദ്യമായിട്ടാണ് നാട്ടിൻപുറത്ത് കള്ളുഷാപ്പിൽ ഒന്ന് കയറുന്നത് . ഓലകൊണ്ട് മേഞ്ഞ മരത്തിന്റെ ബഞ്ചും ഡസ്കും ഉള്ള അവിടെ വളരെ ശാന്തരായി നിൽക്കുന്ന കള്ളുകുടിയന്മാരും ഉള്ള ഒരൊന്നൊന്നര കള്ള് ഷോപ്പ് .

അഭിയേട്ടൻ എന്നെയും കൊണ്ട് ഒരു ഒഴിഞ്ഞ ബെഞ്ചിൽ പോയിരുന്നു . എന്നിട്ട് അവിടെയുള്ള സ്പെഷ്യൽ ഒക്കെ കൊണ്ടുവരാൻ പറഞ്ഞു . ഓരോരോ വിഭാഗങ്ങളായി ഞങ്ങൾക്കു മുന്നിൽ നിരന്നു . കപ്പയും മത്തി കറിയും , കൊഞ്ചു ഫ്രൈ , ബീഫ് , ചിക്കൻ , മട്ടൻ , കല്ലുമ്മക്കായ , കുഴിമന്തി , കരിമീൻ പൊള്ളിച്ചത് , നെയ്മീൻ കറി .. അങ്ങനെയങ്ങനെ ഒരുപാട് വിഭവങ്ങൾ .

എല്ലാം കൂടെ ഒരുമിച്ചു കണ്ടപ്പോൾ എന്റെ വായിൽ നിന്നും വെള്ളം വന്നു . ഞാൻ ഓരോന്നിനെയും ടേസ്റ്റ് നോക്കാൻ തുടങ്ങി . ആരെവ്വാ …… എന്തൊരു ടേസ്റ്റാണ് ഇതിനൊക്കെ . അതും പറഞ്ഞു കാന്താരിമുളക് അരച്ച് വെച്ച മസാല കൂട്ട് ഞാൻ എടുത്തു കഴിച്ചു . കഴിച്ചതും എന്റെ ചെവിയിൽ നിന്നും കാറ്റ് പോവാൻ തുടങ്ങി . എരിവ് കാരണം ഞാൻ നാവ് പുറത്തേക്കിട്ട് എന്തൊക്കെയോ ഗോഷ്ടി കാണിച്ചു . എന്റെ രണ്ട് കണ്ണും നിറുത്താതെ നിറഞ്ഞു കൊണ്ടിരുന്നു . കവിള് മൂക്കും മുഖവും ഒക്കെ ചുവന്നുതുടുത്തു . വെള്ളത്തിനായി ഞാൻ ചുറ്റും നോക്കി . അപ്പോഴാണ് ഞങ്ങളുടെ ബഞ്ചിനെ അപ്പുറത്തെ സൈഡിൽ വെച്ച കള്ള് കുപ്പി ഞാൻ കണ്ടത് . പിന്നെ ഒന്നും നോക്കാൻ നിന്നില്ല അത് എടുത്ത് ഒരൊറ്റ കൂടിയായിരുന്നു . അഭിയേട്ടൻ എന്നെ അടുത്തേക്ക് തീരുമ്പോഴേക്കും ആ കുപ്പി കാലിയാക്കിയിരുന്നു .

അതിനെന്തോ വേറൊരു തരം മത്തുപിടിപ്പിക്കുന്ന ടേസ്റ്റ് ആണ് എനിക്ക് തോന്നിയത് . ഞാനവിടെ കണ്ട ബാക്കി കുപ്പികളും എടുത്ത് അകത്താക്കാൻ തുടങ്ങി . അത്യാവശ്യത്തിന് നല്ല കിക്കിൽ ആയപ്പോൾ അഭിയേട്ടൻ എന്നെ അവിടെ നിന്നും പുറത്തിറക്കി . പുറത്തിറങ്ങുമ്പോൾ ഞാൻ എന്റെ കയ്യിൽ ഒരു കുപ്പി പിടിച്ചിരുന്നു . കള്ളുഷാപ്പിൽ നിന്നിറങ്ങിയ ഞങ്ങൾ നേരെ പോയത് പാടത്ത് കെട്ടിയുണ്ടാക്കിയ ചെറിയ ഏർമാടത്തിലേക്ക് ആണ് . പോകുന്ന വഴിയിലൊക്കെ ഞാൻ ബഹളമുണ്ടാക്കി കൊണ്ടിരുന്നു .

അഭിയേട്ടൻ എന്നെ എറമാടത്തിനുമുകളിൽ കൊണ്ടിരുത്തി , അവിടെ ഇരുന്ന് ഞാൻ എന്തൊക്കെയോ കലപില പറയാൻ തുടങ്ങി . ഞാൻ കൈയിലുള്ള മറ്റ് കുപ്പിയിലെ കള്ള് പകുതിയോളം എടുത്തു കുടിച്ചു . എന്റെ ആ കുടി കണ്ടപ്പോൾ അഭിയേട്ടൻ അത് തട്ടി താഴെ ഇട്ടു . ഞാൻ അപ്പോൾ അഭിഏട്ടനെ തന്നെ നോക്കിയിരുന്നു .

” എന്താടി നീ ഇങ്ങനെ നോക്കുന്നെ ? ”

” ചുമ്മാ നോക്കിയതാ അഭിയേട്ടാ എന്നതാ പിടിച്ചില്ലേ ”

” ശ്രുതി എന്താ നീ ഇങ്ങനെ , നിനക്കെന്താ പറ്റിയത് ”

” ഇനിയെന്ത് പറ്റാൻ ”

ആടി ആടി ഉള്ള എന്റെ സംസാരം കേട്ടു അഭിയേട്ടൻ ഒരു കൈകൊണ്ട് എന്റെ കൈ മുറുക്കെപ്പിടിച്ചു . എന്നിട്ട് എന്നോട് ചോദിച്ചു :

” പറ എന്താ നിന്റെ പ്രശ്നം ? ”

” എനിക്ക് എന്ത് പ്രശ്നം , ഞാൻ കാരണം മറ്റുള്ളവർക്ക് അല്ലേ പ്രശ്നം ”

” ശ്രുതി ”

” മ്മ് ”

” നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ ? ”

” വിഷമമോ , അതെന്താ അഭിയേട്ട , ഈ ശ്രുതി അതൊന്നുമറിയാതെ വളർന്നത ”

” എന്താടോ ഇതൊക്കെ , തനിക്ക് എന്താ പറ്റിയത് ”

” അഭിയേട്ടന് ഈ ശ്രുതിയെ കുറിച്ച് എന്തറിയാം , ഒന്നുമറിയില്ല . ആർക്കുമറിയില്ല , ആരും ഇതുവരെ എന്നെ അറിയാൻ ശ്രമിച്ചിട്ടില്ല ”

ഞാൻ അത്രയും പറഞ്ഞ് തളർന്നിരുന്നപ്പോൾ , അഭിയേട്ടൻ എന്റെ തോളിൽ കൈവച്ചു ഞാൻ പതിയെ ആ തോളിലേക്ക് ചാഞ്ഞു . അപ്പോൾ അഭി ഏട്ടന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി . ഫോണിൽ ” അഞ്ചു കോളിംഗ് ” എന്ന് കണ്ടപ്പോൾ അഭിയേട്ടന്റെ മുഖഭാവവും മാറാൻ തുടങ്ങി .

” ഇതേതാ ഈ അഞ്ചു , ഗേൾഫ്രണ്ടാ ? ? ”

കിക്ക് വിടാതെ ഒരു കള്ളച്ചിരിയോടെ ഞാൻ അഭി ഏട്ടന്റെ മുഖത്തുനോക്കി ചോദിച്ചു .

” അല്ല ”

” പിന്നെ ഇവൾ ആരാ ? ?
ഇവള് കാരണമല്ലേ അന്ന് അഭിയേട്ടൻ എന്നെ തള്ളിയിട്ടത് ? ”

” ശ്രുതി അത് അന്ന് അറിയാതെ ഒരു കയ്യബദ്ധം പറ്റിയതാണ് . അയാം റിയലി സോറി ”

” മ്മ് ഇറ്റ്സ് ഒക്കെ , ഇനിയിത് ആവർത്തിക്കരുത് ”

വീണ്ടും അഭിയേട്ടന്റെ കയ്യിൽ കിടന്നു ഫോൺ അടിക്കാൻ തുടങ്ങി . ഞാൻ ഫോണിലേക്കും അഭിയേട്ടന്റെ മുഖത്തേക്കും മാറിമാറി നോക്കി . അഭിയേട്ടന്റെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുക്കാൻ തുടങ്ങി . അത് കണ്ടപ്പോൾ ഞാനാ ഫോൺ വാങ്ങി ഒരൊറ്റ ഏറ് കൊടുത്തു . നിലത്തുവീണ ഫോൺ പീസ് പീസായി ചിതറി . അതു കണ്ടപ്പോൾ ഞാൻ കൈകൊട്ടി ചിരിക്കാൻ തുടങ്ങി .

– പെട്ടെന്ന് അവളിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചില്ല . അതിനാൽ തന്നെ അവൾ എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചപ്പോൾ ആദ്യം എനിക്ക് ഷോക്ക് ആയിരുന്നു . പക്ഷേ അതിനു ശേഷമുള്ള അവളുടെകുട്ടിത്തം നിറഞ്ഞ ആ കൈകൊട്ടി ഉള്ള ചിരി കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു ആശ്വാസം തോന്നി . ചിരിക്കുമ്പോൾ എന്തൊരു ക്യൂട്ട് ആണ് അവൾ . ശരിക്ക് ഒരു കൊച്ചു കുഞ്ഞിനെ പോലെ തന്നെയുണ്ട് . വെള്ളമടിച്ചു കഴിഞ്ഞപ്പോഴാണ് അവളുടെ ഉള്ളിലെ കുറുമ്പും കുസൃതിയും തലപൊക്കി തുടങ്ങിയത് ഒപ്പം ആരോടും പറയാതെ ബാക്കിവെച്ച ഒത്തിരി സങ്കടങ്ങളും –

“അഭിയേട്ടാ , ഈ അഞ്ചു ശരിക്കും ആരാ ? ”

” അത് , അവൾ എന്റെ അങ്കിളിന്റെ മോളാ ”

” അഭിയേട്ടന് അവളെ ഇഷ്ടമല്ലാത്തത് എന്തുകൊണ്ടാ ”

” അങ്ങനെ ചോദിച്ചാൽ എനിക്കറിയില്ല ”

” അപ്പോ അഞ്ചു അഭിയേട്ടന്റെ മുറപ്പെണ്ണ് ആണ് അല്ലേ , കൊച്ചു ഗള്ളൻ ”

ഞാൻ അതും പറഞ്ഞു അഭിയേട്ടന്റെ കവിളിൽ നുള്ളിയപ്പോൾ അഭിയേട്ടൻ ആകെ കിളി പോയ പോലെ എന്നെ നോക്കി നിൽക്കുവാണ് .

” അഭിയേട്ടാ ”

” എന്താടി ”

” ഏട്ടനു ആരെയാ കൂടുതൽ ഇഷ്ടം ”

” മനസ്സിലായില്ല … ”

“ഏയ്‌ പൊട്ടാ തനിക്ക് ആരെയാ കൂടുതൽ ഇഷ്ടം എന്ന് ? അച്ഛനെ ആണോ അമ്മയെ യാണോ ? ”

” രണ്ടുപേരെയും . നിനക്കോ ? ”

” എനിക്കോ ……. എനിക്ക് ഹരിമാമയെ ഇഷ്ട്ടാണ് . സ്വാതിയെ ഇഷ്ടാണ് , ശ്വേതയെ ഇഷ്ടമാണ് , ശ്രേയയെ ഇഷ്ടമാണ് , പിന്നെ ചെറിയ അമ്മയെയും ചെറിയ അച്ഛനെ ഇഷ്ടമാണ് , ടീച്ചറമ്മ ഇഷ്ടമാണ് , ഇപ്പോ ദാ അഭി ഏട്ടനെയും ഇഷ്ടമാണ് . ”

ഞാൻ അതും പറഞ്ഞു അഭിയേട്ടന്റെ തോളിൽ കിടന്നുറങ്ങാൻ തുടങ്ങി .

” ഡീ , നീ എന്താ പറഞ്ഞേ , ഒന്ന് കൂടി പറ , ഡീ ശ്രുതി , പ്ലീസ് ഒന്ന് കൂടി പറ . ഞാൻ ശരിക്കും കേട്ടില്ല . ഡി ശ്രുതി ഒന്ന് എണീക്കടി ”

” മ്മ് ന്താ , ഗുഡ് നൈറ്റ്‌ ”

” ഡീ ഉറങ്ങല്ലേടി മുഴുവൻ പറഞ്ഞിട്ട് ഉറങ്ങിക്കോ . ശ്രുതി പ്ലീസ് എണീക്കേടി ”

” ഇല്ലല്ലോ ”

” നീ എന്താ ഇപ്പൊ പറഞ്ഞേ ”

” കുന്തം ”

– ഹോ ഇവൾ ഇനി പറയുന്ന ഒരു മട്ടും ഇല്ല . ഒരു രക്ഷയുമില്ലല്ലോ എന്റെ ഭഗവാനെ , ഇവളെ കൊണ്ട് അതൊന്നു പറയിപ്പിക്കാൻ . ഇവള് ശരിക്കും വല്ലാത്തൊരു സാധനം തന്നെയാണ് . ചിലപ്പോള് അങ്ങ് ഒത്തിരി സ്നേഹിക്കാൻ തോന്നുന്നു , മറ്റുചിലപ്പോൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും . ശരിക്കും വല്ലാത്ത ഒരു ക്യാരക്ടർ തന്നെ –

” അഭിയേട്ടാ ”

” എന്താ ശ്രുതി ”

” ഏയ് ഒന്നും ഇല്ലല്ലോ ”

” പറയടി ”

” അഭിയേട്ടന് എന്നോട് ദേഷ്യം ഉണ്ടോ ? ”

” എന്തിന് ? ”

” ഞാനൊന്നു ചൂടായതിനു ”

” ഒന്നു പോടി അവിടുന്ന് , നിന്നോടൊക്കെ എങ്ങനെ ദേഷ്യം കാണിക്കാനാണ് . നിന്റെ മുഖത്ത് നോക്കി ഒരു വാക്കുപോലും കടുപ്പിച്ചു പറയാൻ ആർക്കും കഴിയില്ല , പിന്നെ അല്ലേ ദേഷ്യം കാണിക്കല് . ”

” അപ്പോ കിച്ചു ഏട്ടന് എന്നോട് ദേഷ്യം ആണല്ലോ ”

” ആരാ ഈ കിച്ചു ഏട്ടൻ ? ”

” കുറെ മുമ്പ് എന്നോട് വഴക്കിനു വന്നില്ലേ , ആ ഏട്ടനാണ് കിച്ചു ഏട്ടൻ . ”

” അവനും നീയും തമ്മിൽ എന്താ ബന്ധം ? ”

” ആ ഒരു ചെറിയ ബന്ധമുണ്ട് . പക്ഷേ അത് അറിയുന്നതിനു മുൻപ് വരെ കിച്ചട്ടന് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു . ഞാൻ കിചച്ചേട്ടന്റെ ആരാന്ന് അറിഞ്ഞപ്പോ ഇപ്പോ ഇഷ്ടം പോയി . ഇപ്പൊ എന്നെ ഒട്ടും ഇഷ്ടമില്ല എന്നോട് ഭയങ്കര ദേഷ്യമാണ് . ”

” അവനെ നിനക്ക് എങ്ങനെയ പരിചയം ? ”

” കിച്ചു ഏട്ടൻ എന്റെ സീനിയറായിരുന്നു . കോളേജിൽ വെച്ചാണ് ഞാൻ ആദ്യമായിട്ട് കാണുന്നത് തന്നെ . കിച്ചു ഏട്ടൻ കോളേജിലെ വലിയ റൗഡി ആയിരുന്നു . കോളേജ് മുഴുവൻ വിറപ്പിച്ച് നടന്ന റൗഡി . അങ്ങനെയുള്ള ആ കിച്ചൻ ഏട്ടന് ഇന്ന് കാണുന്ന കിച്ചു ആക്കിമാറ്റിയത് ഞാനായിരുന്നു . ”

” എന്നിട്ട് ”

” കിച്ചുയേട്ടനെ ആദ്യം എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു . പക്ഷേ അപ്പോഴാണ് ഞാൻ കോളേജിൽ നിന്നും കിച്ചു ഏട്ടന്റെ അഡ്രസ്സ് കണ്ടത് . അപ്പൊ കിച്ചു ഏട്ടൻ എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണെന്ന് മനസ്സിലായി ”

” എന്നിട്ടോ ”

” ഞാൻ കിച്ചു ചേട്ടനും ആയിട്ട് കമ്പനിയായി . എന്നെ സ്വന്തം പെങ്ങളെ പോലെതന്നെയായിരുന്നു കൊണ്ടു നടന്നിരുന്നത് . പക്ഷേ ഇപ്പോൾ …… ? ”

” ഇപ്പോ എന്താ ? ”

” നേരിൽ കണ്ടതല്ലേ ഞാനാരാണെന്ന് അറിഞ്ഞപ്പോൾ കിച്ചു ഏട്ടന് എന്നോടുള്ള ദേഷ്യം ”

” അതെന്തുകൊണ്ടാ ? ”

ഞാൻ അതിന് മറുപടി പറയണമോ അതോ വേണ്ടേ എന്ന ആശയക്കുഴപ്പത്തിൽ ഇരിക്കുമ്പോഴാണ് നിലത്ത് ചിതറി കിടക്കുന്ന അഭിയേട്ടന്റെ ഫോണിലേക്ക് എന്റെ കണ്ണ് പോയത് . ഞാൻ വേഗം അതെടുത്തു നന്നാക്കി നോക്കി . ബാറ്ററി ഇട്ട് ഓൺ ആക്കിയപ്പോൾ ഫോൺ ഓൺ ആയി വന്നു . അപ്പോൾ ഫോണിൽ 22 മിസ്ഡ് കോൾ എന്ന് ഡിസ്പ്ലേയിൽ കാണിച്ചു .

” 25 മിസ്കോൾ … ! ഹോ അഭിയേട്ടൻ ശരിക്കും ഒരു സംഭവം തന്നെ . ഇത്രയും തവണ വിളിക്കാൻ ആൾക്കാർ ഉണ്ടല്ലോ . ആരൊക്കെ വിളിച്ചതെന്ന് ഞാനൊന്നു നോക്കട്ടെ :

2 മിസ്സ് കോൾ ‘ അഞ്ചു ‘
1 മിസ്കോൾ ‘ അങ്കിൾ ‘
5 മിസ്കോൾ ‘ ചെറിയമ്മ ‘
5 മിസ്സ്കാൾ ‘ ചെറിയച്ഛൻ ‘
8 മിസ് കോൾ ‘ അമ്മ ‘
5 മിസ്സ്‌ കാൾ ‘ അച്ഛൻ ‘

ഹോ എത്ര ആളുകളാണ് അഭിയേട്ടനെ വിളിക്കാൻ ഉള്ളത് . എന്നെ ഒന്നു വിളിക്കാൻ പോലും ആരുമില്ല ”

” ആരുമില്ലെന്നോ , വേണേൽ ഇടയ്ക്കിടയ്ക്ക് ഞാൻ വിളിക്കാം കേട്ടോ ? ”

” അയ്യടാ മോനെ അതൊക്കെ മനസ്സിൽ വെച്ചാൽ മതി കേട്ടോ ”

” ശ്രുതി എനിക്ക് തന്റെ ഫോൺ നമ്പർ ഒന്ന് തരുമോ ? ”

” എന്തിനാ ? ”

” ചുമ്മാ , എന്തെങ്കിലും ആവശ്യം വന്നാലോ ? ”

” എന്താവശ്യം ? ”

” നീയേ ചാത്തന്മാരുടെ അതേപോലെയ എപ്പോ മുങ്ങുമെന്ന് പറയാൻ പറ്റില്ല . അതുകൊണ്ട് ഇവിടെനിന്ന് മറ്റെവിടേക്കെങ്കിലും പോയാലും എനിക്ക് നിന്നെ കോൺടാക്ട് ചെയ്യാലോ ”

” ഹായ് ഗുഡ് ഐഡിയ . എന്നാൽ നമ്പർ നോട്ട് ചെയ്തോ 9876543210 ”

” ശ്രുതി ഞാൻ അതിലേക്ക് ഒരു മിസ്കോൾ ഇടുന്നുണ്ട് . ”

“””” ശലഭം വഴിമാറുമാ മിഴിരണ്ടിലും നിൻ സമ്മതം
ഇളനീർ പകരം തരും ചൊടി രണ്ടിലും നിൻ സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകിയെത്തുന്ന കാറ്റിൽ തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ അറിയാൻ സമ്മതം “”””

എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി .

” അതാണ് എന്റെ നമ്പർ . സേവ് ചെയ്തു വെച്ചേക്ക് ”

അഭിയേട്ടൻ അഭിയേട്ടന്റെ ഫോണിൽ എന്റെ പേര് സേവ് ചെയ്തു വെച്ചു . എന്നിട്ട് ഞാൻ എന്താ സേവ് ചെയ്യുന്നത് എന്ന് അറിയാൻ പാളിനോക്കി , ഞാൻ അപ്പോൾ എന്റെ ഫോണിൽ ആർമി എന്നാണ് സേവ് ചെയ്ത് വെച്ചത് . അത് കണ്ടപ്പോൾ അഭിയേട്ടൻ ഒരു കള്ളച്ചിരി പാസ്സാക്കി .

” അതെയ് , ഫോണിൽ ഇത്രയും മിസ്കോൾ വന്നില്ലേ , എന്നിട്ട് തിരിച്ച് വിളിക്കുന്നില്ലേ ”

” എന്തിന് ? അതിന്റെ ആവശ്യമൊന്നുമില്ല ”

” അവരൊക്കെ എന്തെങ്കിലും അത്യാവശ്യം ഉണ്ടായിട്ട് വിളിച്ചത് ആണെങ്കിലോ ”

” ശ്രുതി നിനക്ക് വേറെ ഒന്നും പറയാൻ ഇല്ലേ , അവരുടെ അത്യാവശ്യം എന്താണെന്ന് ഒക്കെ എനിക്കറിയാം ”

” ഓക്കേ ഫൈൻ , അഭിയേട്ടന് അമ്മയെ എങ്കിലും തിരിച്ചു വിളിച്ചു കൂടെ ”

” ശ്രുതി …. ”

” തനിക്കൊക്കെ തന്നെ വിളിക്കാൻ ഒരു അമ്മ ഉണ്ടായിട്ട് , എനിക്കിവിടെ എന്നെ ഒന്നും മോളേ എന്ന് വിളിക്കാൻ പോലും ആരുമില്ല . ദൈവം എപ്പോഴും ഇങ്ങനെയാണ് വേണ്ടാത്തവർക്ക് എല്ലാം വാരിക്കോരി കൊടുക്കും . വേണ്ടവർക്ക് ഒന്നും കിട്ടില്ല ”

അത്രയും പറഞ്ഞ് എന്റെ മിഴികൾ നിറയുന്നതു കണ്ടപ്പോൾ അഭിയേട്ടന് ശരിക്കും സങ്കടമായി .

” ശ്രുതി നീ കരയേണ്ട ഞാൻ അമ്മയെ വിളിച്ചോളാം ”

” എനിക്കുവേണ്ടി അഭിയേട്ടൻ ആരെയും വിളിക്കേണ്ട ”

” അഭിയേട്ടന്റെ പെറ്റമ്മയോട് സംസാരിക്കാൻ തോന്നുന്നുണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതി ”

” ശ്രുതി പ്ലീസ് പിണങ്ങല്ലേടാ , വീട്ടിൽ ചെറിയൊരു സീൻ ഉണ്ട് അതാ ഞാൻ ഇങ്ങനെ ”

” എനിക്ക് അറിയണ്ട . ”

അത്രയും പറഞ്ഞ് ഞാൻ മുഖം തിരിച്ചിരുന്നു . അപ്പോൾ അഭിയേട്ടൻ ഫോണെടുത്ത് അമ്മയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു . ഫോൺ സ്പീക്കറിൽ ഇട്ടു .

“””” ഏതോ വാർമുകിലിൻ കിനാവിലെ
മുത്തായ് നീ വന്നു ……. “””””””

ഒറ്റ റിംഗിൽ തന്നെ അമ്മ ഫോണെടുത്തു .

” ഹലോ മോനേ , നീ എവിടെയായിരുന്നു , നിന്നെ എത്ര നേരമായി ഞാൻ വിളിക്കുന്നു ”

” അത് അമ്മേ ഞാൻ എന്റെ ഒരു ഫ്രണ്ടിന്റെ കൂടെയായിരുന്നു ”

” നീ വല്ലതും കഴിച്ചോ മോനേ ”

” ആ കഴിച്ചു അമ്മേ , അമ്മ കഴിച്ചോ ”

മറുപടിക്ക് പകരം അപ്പുറത്തു നിന്ന് ഒരു കരച്ചിൽ ആയിരുന്നു കേട്ടത് .

” അമ്മേ എന്തിനാ കരയുന്നത് ”

” മോനെ നിനക്ക് വീട്ടിലേക്ക് തിരിച്ചു വന്നുകൂടെ ”

അത് കേട്ടതും അഭിയേട്ടൻ ഫോൺ കട്ട് ചെയ്തു .

” എന്തിനാ ഫോൺ കട്ട് ചെയ്തത് ? ”

” എന്നാ വീട്ടിലേക്ക് വരുന്നത് എന്ന് അമ്മ ചോദിച്ചിട്ട്
എന്താ മറുപടി കൊടുക്കാത്തത് ”

” എന്റെ ഫാമിലിയിൽ കുറച്ചു പ്രോബ്ലംസ് ഉണ്ട് . അത് സോൾവ് ആവുന്നത് വരെ ഞാൻ അങ്ങോട്ട് പോവില്ല ”

” ഓഹോ , എന്ത് പ്രോബ്ലംസ് എന്ന് ഞാൻ ചോദിക്കുന്നില്ല . ചോദിച്ചാലും എന്നോട് പറയില്ലെന്ന് എനിക്കറിയാം ”

ഞാനത് പറഞ്ഞപ്പോൾ അഭിയേട്ടൻ എന്നെ നോക്കി ഒന്ന് ചിരിച്ചു .

” ഒരിക്കലുമല്ല , ഒരുപക്ഷേ എന്റെ പ്രോബ്ലംസ് എല്ലാം തന്നോട് തുറന്നു പറഞ്ഞാലോ എന്ന് എനിക്ക് തോന്നാറുണ്ട് . ”

” പറഞ്ഞോ എന്നെക്കൊണ്ട് കഴിയുന്നത് ആണെങ്കിൽ ഞാനും സൊലൂഷൻ കണ്ടുപിടിക്കാം . പക്ഷേ ഇപ്പോൾ പറയണ്ട , ഇപ്പൊ അത് കേൾക്കാനുള്ള ത്രാണി എനിക്കില്ല . ”

” അത് ശരിയാ , വെള്ളമടിച്ച് ഫിറ്റായി നിൽക്കുന്ന നിന്നോടൊക്കെ എന്ത് പറയാനാ ? ”

” ദുഷ്ടൻ , ഞാൻ ഇല്ലെന്ന് എത്ര പറഞ്ഞിട്ടും കേൾക്കാതെ എന്നെ നിർബന്ധിച്ചു കള്ള് ഷാപ്പിൽ കൊണ്ട് പോയി കുടിപ്പിച്ചു ☹️☹️☹️ ”

അതും പറഞ്ഞ് ഞാൻ മോങ്ങാൻ തുടങ്ങി .

” ആ തുടങ്ങി , ഡി നിന്നു മോങ്ങാതെ ഇരിക്ക് . ഇപ്പോ സിറ്റുവേഷൻ അണ്ടർ കൺട്രോളായി . ഇനി സീൻ വഷളാകുന്നതിന് മുമ്പ് നിന്നെ ഞാൻ വീട്ടിൽ എത്തിക്കാം . വാ …….. ”

” ഞാൻ വരൂല ”

” ഡി കുരുപ്പ് മര്യാദക്ക് ഇങ്ങോട്ട് ഇറങ്ങി വരാൻ നോക്ക് ”

” ഇല്ലെങ്കിലോ ”

” നിന്റെ കാല് പിടിച്ച് വലിച്ച് താഴേക്കിടും ഞാൻ . എന്താ അത് വേണോ ”

” വേണ്ട , ഞാൻ ഇറങ്ങി കോളാം . അയ്യോ , അഭിയേട്ടാ ”

” എന്താടി ”

” ഇതിന് ഹൈറ്റ് കൂടി . നമ്മൾ കയറുമ്പോ ഇത്രയും ഇല്ലായിരുന്നു . ഇതിന്റെ മുകളിൽനിന്ന് ഞാനെങ്ങനെയ ഇറങ്ങാ ”

” നീ താഴേക്ക് ചാടിക്കോ ”

” ഇല്ല എനിക്ക് പേടിയാ ഞാൻ വരൂല്ല ”

” ഡി നീ വെള്ളമടിച്ചത് കൊണ്ട് നിനക്ക് തോന്നുവാ ഹൈറ്റ് കൂടിയെന്ന് . ഒരു കുഴപ്പമില്ല നീ ചാടിക്കോ ”

” ഇല്ല ഞാൻ ചാടുല , എനിക്ക് പേടിയാ ”

” അടിപൊളി ഉണ്ണിയാർച്ചക്ക് ഹൈറ്റ് പേടിയാണോ ”

അതും പറഞ്ഞ് അഭിയേട്ടൻ എന്റെ അടുത്തേക്ക് വന്ന എന്റെ കാലു പിടിച്ച് ഒറ്റ വലി . ഞാൻ താഴേക്ക് വീണു എന്നാണ് വിചാരിച്ചത് . പക്ഷേ , അഭിയേട്ടൻ എന്നെ പതിയെ എടുത്ത് ഇറക്കുകയായിരുന്നു . എന്റെ പാദങ്ങൾ നിലത്തുകുത്തിയിട്ടും അഭിയേട്ടൻ എന്റെ മേൽ പിടിച്ച പിടി വിട്ടിരുന്നില്ല . ഞാൻ അഭിയേട്ടനെ തന്നെ നോക്കി നിന്നു .

നല്ല പൂർണചന്ദ്രനെ ആകാശത്ത് കാണാമായിരുന്നു . നല്ല നിലാവുള്ള ദിവസം മൊത്തത്തിൽ ഒരു റൊമാന്റിക് മൂഡിന് പറ്റിയ സമയം . ഞങ്ങൾ ഇരുവരും ഇമവെട്ടാതെ കണ്ണും കണ്ണും നോക്കി നിന്നു .

പെട്ടെന്നാണ് ദൂരെ പാടത്തിനിടയിലൂടെ ഒരാൾ ഞങ്ങൾക്കു നേരെ നടന്നടുത്തത് . ഞങ്ങളുടെ നിൽപ്പ് കണ്ട് ദേഷ്യത്തോടെ ഞങ്ങളെ തന്നെ നോക്കി നിന്നു .

( തുടരും ) …………………….. .

 

Read complete ശ്രുതി Malayalam online novel here

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!