” ചെറിയച്ഛൻ ഒന്നുകൊണ്ടും പേടിക്കേണ്ട , എനിക്കൊന്നും പറ്റില്ല . ”
ഞാൻ അതും പറഞ്ഞ് കണ്ണിറുക്കി കൊണ്ട് അടുക്കളയിലേക്ക് ഓടി . അപ്പോഴും ചെറിയച്ഛൻ വരാൻപോകുന്ന ആപത്തിനെക്കുറിച്ച് ഓർത്ത് വേവലാതിപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു ….
അടുക്കളയിലെ പണിയെല്ലാം ഒതുക്കിയശേഷം ഞങ്ങൾ എല്ലാവരും ഉറങ്ങാൻ കിടന്നു . ഇരുട്ടിന്റെ അന്ത്യയാമങ്ങളിൽ തിരിഞ്ഞും മറഞ്ഞും കിടന്നെങ്കിലും നിദ്രാദേവി എന്നെ കടാക്ഷിച്ചില്ല . സ്വാതിയും ശ്രേയയും ശ്വേതയും നല്ല ഉറക്കത്തിലാണ് . ഞാൻ പതിയെ മൊബൈൽ എടുത്തു അതിൽ കളിക്കാൻ തുടങ്ങി . അൽപസമയം വാട്സ്ആപ്പ് , ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം , തുടങ്ങി എല്ലാത്തിലും ഒന്ന് കയറി നോക്കി . പതിവില്ലാത്ത ഒരു ബോറടി എനിക്ക് ഫീൽ ചെയ്തപ്പോൾ ഉറക്കം വന്നില്ലെങ്കിൽ പോലും കണ്ണ് ഇറുക്കിയടച്ച് കിടന്നു .
രാത്രിസമയങ്ങളിൽ മാത്രം ശബ്ദമുണ്ടാക്കുന്ന കൂമൻറെ കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ പെട്ടെന്ന് കണ്ണ് തുറന്നത് . കണ്ണുതുറന്ന ഞാൻ കണ്ട കാഴ്ച ശരിക്കും വിചിത്രമായിരുന്നു . ആകാശം തൊട്ടുനിൽക്കുന്ന വൻമരങ്ങൾക്ക് നടുവിലായി നേരത്തെ നനവുള്ള മണ്ണിലായാണ് ഞാൻ കിടക്കുന്നത് . ഞാൻ എങ്ങനെയാണ് ഇവിടെ എത്തിയത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല . ഞാൻ വേഗം കിടന്നിരുന്ന മണ്ണിൽ നിന്ന് ചാടിയെണീറ്റു . എനിക്ക് ചുറ്റും നോക്കിയപ്പോൾ ആളും അനക്കവുമില്ലാത്ത ഒരു ഘോരവനം ആണ് കാണാൻ കഴിഞ്ഞത് . ആ വനത്തിൽ മൊത്തം ഇരുട്ട് വ്യാപിച്ചിരുന്നു . പെട്ടെന്നാണ് ആ ഇരുട്ടിൽ നിന്നും തിളങ്ങുന്ന രണ്ട് ചോര കണ്ണുകൾ എന്നെ തന്നെ ഉറ്റുനോക്കുന്നതായി ഞാൻ കണ്ടത് . ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ഒരു ശില പോലെ നിന്നു . ആ ചോര കണ്ണുകൾ കാട്ടിനുള്ളിൽ നിന്നും എന്റെ അടുത്തേക്ക് കുതിച്ചു വന്നു .
“””” അമ്മേ …………….. “”””
” ശ്രുതി ….. എന്തുപറ്റി ? ”
എന്റെ നിലവിളികേട്ട് സ്വാതിയും ശ്വേതയു ശ്വേതയും ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു . അവർ എന്നെ തട്ടി വിളിച്ചപ്പോഴാണ് ഇത്രയും നേരം ഞാൻ കണ്ടു കൊണ്ടിരുന്നത് സ്വപ്നം ആണെന്നുള്ള ബോധം എനിക്ക് വന്നത് . ഞാൻ ചെറിയൊരു ആശ്വാസത്തോടെ ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ടു . അപ്പോഴാണ് റൂമിലെ വാതിലിൽ ശക്തമായ ആരോ മുട്ടുന്ന ശബ്ദം കേട്ടത് . ഞങ്ങൾ നാലുപേരും ചെറുതായി ഒന്ന് പേടിച്ചു .
” ആരാത് ??? ”
” മോളെ ശ്രുതി … എന്താ പറ്റിയത് ??? കതക് തുറക്കൂ ”
പെട്ടെന്ന് ചെറിയമ്മയുടെ വിളികേട്ടപ്പോഴാണ് ഇത്രനേരം കണ്ടുകൊണ്ടിരുന്നത് സ്വപ്നമാണെന്ന് എനിക്ക് മനസ്സിലായത് . സ്വാതിയും ശ്വേതയും ഞെട്ടലോടെ എന്നെത്തന്നെ നോക്കി നിൽക്കുകയാണ് . എന്നാൽ ശ്രേയ ഇതൊന്നുമറിയാതെ നല്ല ഉറക്കത്തിലാണ് .
” ഹൊ , അമ്മയായിരുന്നോ , മനുഷ്യനെ വെറുതെ പേടിപ്പിക്കാനായിട്ട് ”
” മോളെ ശ്രുതി വാതിൽ തുറക്ക് ”
പെട്ടെന്ന് പുറത്ത് വാതിലിനു മുകളിൽ ഉള്ള പ്രഹരം കൂടിക്കൂടി വന്നു . സ്വാതി വേഗം എണീറ്റ് പോയി വാതിൽ തുറന്നുകൊടുത്തു . ചെറിയമ്മയും ചെറിയച്ഛനും വല്ലാത്ത ടെൻഷൻ ആയെന്ന് അവരുടെ മുഖം കണ്ടാൽ തന്നെ അറിയാം .
” എന്താ മോളെ ….. എന്തുപറ്റി ?? ”
” അത് ചെറിയച്ചാ , ഞാനൊരു സ്വപ്നം കണ്ടതാ ”
” എന്താ മോളെ ഇത് … ഈശ്വരനെ പ്രാർത്ഥിച്ചു കിടക്കണമെന്ന് നിങ്ങളുടെ ഒക്കെ ഞാൻ എത്രതവണ പറഞ്ഞിരിക്കുന്നു . പറഞ്ഞാൽ ലവലേശം കേൾക്കരുത് കേട്ടോ ”
ചെറിയമ്മ ശകാരവാക്കുകൾ ഞങ്ങൾ എല്ലാവർക്കും നേരെ ചൊരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു . ഈ ശകാരവർഷം ഇപ്പോഴൊന്നും നിൽക്കില്ലെന്ന് കണ്ടപ്പോൾ അവസാനം ചെറിയച്ഛൻ കയറി ഇടപെട്ടു .
” സാരമില്ല പോട്ടെ രാധാമണി , കുട്ടികൾ നാമം ജപിച്ചു കിടക്കാൻ മറന്നു പോയതായിരിക്കും . മക്കളെ എന്നാൽ നിങ്ങൾ നാമം ജപിച്ച് കിടക്കാൻ നോക്ക് ”
” ശരി അച്ഛാ ,,,, ”
സ്വാതിയും ശ്വേതയും ഒരുമിച്ച് മറുപടി കൊടുത്തു . ചെറിയമ്മ മനസ്സില്ലാമനസ്സോടെ ചെറിയച്ഛന്റെ കൂടെ റൂമിൽ നിന്നും പുറത്തേക്കിറങ്ങിയതും സ്വാതി വേഗം പോയി കതകടച്ചു . എന്നിട്ട് അവളെനിക്ക് നേരെ തിരിഞ്ഞു ഒരു കള്ളനോട്ടം നോക്കി , എന്നിട്ട് പതിയെ പതിയെ അടിവച്ച് അവൾ എന്റെ അടുത്ത് വന്നിരുന്നു .
” സത്യം പറ മോളെ നീ ആരെയാണ് സ്വപ്നത്തിൽ കണ്ടത് ??? ?”
അവൾ അവളുടെ നുണക്കുഴി കാട്ടി ഒരു കള്ള ചിരി പാസ്സാക്കി കൊണ്ട് ചോദിച്ചു .
” നിന്റെ അമ്മായിയച്ഛനെ ? ”
” അയ്യേ … ആ കെളവനെയോ … ച്ചെ , നിനക്ക് വേറെ ആരെയും കിട്ടിയില്ലേ ശ്രുതി സ്വപ്നം കാണാൻ ? ”
” ഇല്ല … കിട്ടിയില്ല … നീ എനിക്ക് ആരെങ്കിലും കൊണ്ട് താടി ഞാൻ സ്വപ്നം കണ്ടു ഇരുന്നോളാം ”
” ബെസ്റ്റ് , എനിക്ക് ഒരു സ്വപ്നം കാണാൻ പോയിട്ട് ഒന്നു നോക്കാൻ പോലും ആരുമില്ല … പിന്നെയല്ലേ നിനക്കുകൊണ്ട് തരുന്നത് ”
” അല്ല ചേച്ചി എനിക്കൊരു സംശയം ”
ശ്വേത പെട്ടെന്ന് ഞങ്ങൾക്കിടയിൽ കയറി നിന്നു .
” എന്താ മോളെ ? ”
” വേറെ ഒന്നുമല്ല , ഈ സ്വാതി ചേച്ചിയുടെ അമ്മായിയച്ഛൻ എന്തിനാ ശ്രുതി ചേച്ചിയുടെ സ്വപ്നത്തിൽ വരുന്നത് ? ”
” ഓ എന്റെ ദൈവമേ ഇതിനെയൊക്കെ എന്തിനാ ഈ ഭൂമിയിലേക്ക് അയച്ചത് . ”
” ഞാൻ ഒരു സംശയം ചോദിച്ചതല്ലേ ”
” നിന്റെ ഒടുക്കത്തെ സംശയം . മിണ്ടാതെ കിടന്നു ഉറങ്ങടി ”
” ചേച്ചി ഇതെപ്പോഴും എങ്ങനെയാണ് എന്ത് സംശയം ചോദിച്ചാലും വെറുതെ ചൂടാവും . ചേച്ചിക്ക് അതിനുള്ള ഉത്തരം അറിയില്ലെങ്കിൽ അറിയില്ലെന്നു പറഞ്ഞാൽ പോരേ , അല്ലാതെ ചുമ്മാ ജാഡ കാണിക്കുന്നു . ”
” ഡീീ ? ”
സ്വാതി ചാടിയെണീറ്റ് ശ്വേതയെ തല്ലാൻ പോകുമ്പോഴേക്കും അവൾ റൂമിൽ നിന്നും ഓടി പുറത്തിറങ്ങിയിരുന്നു . അവളെ അടിക്കാൻ കിട്ടാത്ത ദേഷ്യത്തിന് സ്വാതി റൂമിലെ കഥകടച്ചു കുറ്റിയിട്ടു .
” അവൾ ഇന്ന് അമ്മയുടെയും അച്ഛന്റെയും കൂടെ കിടക്കട്ടെ ”
” ആയിക്കോട്ടെ , ഗുഡ് നൈറ്റ് ”
അവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല . പുതപ്പെടുത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങി .
അതിരാവിലെ തന്നെ ചെറിയച്ഛൻ റേഡിയോയിലെ ആകാശവാണിയിൽ നിന്നും പാട്ട് കേട്ട് കൊണ്ടാണ് ഞങ്ങൾ എല്ലാവരും എഴുന്നേറ്റത് . എഴുന്നേറ്റ പാടെ സ്വാതിയും ശ്വേതയും ശ്രേയയും ബ്രഷ് കൊണ്ട് അടുക്കളയിലേക്ക് ഓടി . ഒരു മത്സരവും തമ്മിൽതല്ലും ഒഴിവാക്കാൻ ഞാൻ ആദ്യം കുളിക്കാൻ കയറി . അതുകൊണ്ടുതന്നെ എന്റെ പ്രഭാതകൃത്യങ്ങൾ എല്ലാം വളരെ നേരത്തെ തന്നെ കഴിഞ്ഞു . കുളിച്ച് സുന്ദരിയായി അടുക്കളയിലേക്കു ചെന്ന എന്നെ കണ്ടപ്പോൾ ചെറിയമ്മ മറ്റുള്ളവരെ ശകാരിച്ചു .
” പെൺകുട്ടികളായാൽ ദാ ഇതു പോലെ ഇരിക്കണം , അതിരാവിലെ എണീറ്റ് കുളിച്ച് മാത്രം അടുക്കളയിലേക്ക് വരണം . എനിക്കുമുണ്ട് പോത്തുപോലെ മൂന്നെണ്ണം , ഒരു വക കൊള്ളില്ല . ഉച്ച സമയത്ത് എഴുന്നേറ്റു വരും , എഴുന്നേറ്റ പാടെ ബ്രഷ് കൊണ്ട് അടുക്കളയിലേക്കും . ”
” ഓ … തുടങ്ങി …. അമ്മയ്ക്ക് ഇപ്പൊ എന്താ വേണ്ടത് രാവിലെതന്നെ ”
” എനിക്കൊന്നും വേണ്ടായേ … നീയൊക്കെ ദാ ഈ ശ്രുതി മോളെ കണ്ടുപഠിക്കണം . വിദേശത്ത് ജനിച്ചുവളർന്നിട്ട് കൂടി ഈ കുട്ടി ഇതുവരെ നമ്മുടെ സംസ്കാരം മറന്നിട്ടില്ല . ഈ നാട്ടിൻപുറത്ത് ജനിച്ചിട്ടും നിന്നെയൊക്കെ എന്തിന് കൊള്ളും ? ”
” അമ്മ കമ്പാരിസൺ ഈസ് വെരി വെരി ബാഡ് യൂ നോ ദാറ്റ് ”
ശ്രേയ അവൾക്ക് അറിയുന്ന മുറി ഇംഗ്ലീഷ് വെച്ച് ഒന്നു കാച്ചി .
” ഐ ഡോണ്ട് നോ ദാറ്റ് ”
” ഏ ? …. അമ്മ ഇംഗ്ലീഷ് പറഞ്ഞു ”
” എന്റെ മകൾ ഞെട്ടണ്ട അമ്മയ്ക്കും കുറച്ചൊക്കെ ഇംഗ്ലീഷ് അറിയാം ”
” വെരി ഗുഡ് … അപ്പൊ ഇനി അമ്മയെ ഇംഗ്ലീഷ് പറഞ്ഞ് വായടപ്പിക്കാൻ കഴിയില്ല ”
” അതെന്റെ പൊന്നുമക്കൾ മനസ്സിലായല്ലോ , അതുകൊണ്ട് പോയി കുളിക്കാൻ നോക്കൂ ”
” ആജ്ഞ പോലെ മാതാ ശിവകാമി ദേവി ”
” എന്ത് ??? ? ”
” സോറി രാധാമണി ദേവി ….. ഇന്നലെ ബാഹുബലി കണ്ടാൽ ഹാങ്ങോവർ മാറിയിട്ടില്ല ”
അതും പറഞ്ഞ് ശ്രേയയും ശ്വേതയും വീടിന്റെ പിന്നാമ്പുറത്തേക്ക് പോയി . ഞാൻ ചെറിയച്ചനും ലാലുവിനും ഉള്ള ചായ എടുത്തു ഉമ്മറത്തേക്ക് പോയി . ചെറിയച്ഛൻ ഇരുന്ന് പത്രം വായിക്കുകയായിരുന്നു . ലാലു ആണെങ്കിൽ വണ്ടി കഴുകുന്ന തിരക്കിലായിരുന്നു .
” ഹലോ ഇന്ന് എവിടെയെങ്കിലും പോകാനുണ്ടോ ? ”
” ഉണ്ടെങ്കിൽ ??? ”
” വണ്ടി കഴുകുന്നത് കണ്ടു ചോദിച്ചതാണ് ”
” നാഗ കോട്ടയിൽ പോകാനുണ്ട് ”
” നാഗ കോട്ടയോ ??? ”
” അതെ , നാഗക്കോട്ട … കരിനാഗങ്ങളുടെ വിശ്രമ ഭൂമി … നാഗത്താൻ കുന്നിലെ നാഗ കോട്ട … അതിനോട് ചേർന്നുള്ള നാഗ കാവും ”
അവൻ പറഞ്ഞ ഓരോ വാക്കുകളും എന്റെ ചെവിയിൽ വന്നലയടിക്കാൻ തുടങ്ങി . അപ്പോഴാണ് ചെറിയമ്മ കയ്യിൽ ഒരു പൊതിയുമായി ലാലുവിനെ അടുത്തേക്ക് നടന്നു വന്നത് .
” മോനേ ലാലു നീ പോകുമ്പോൾ ഇതു മറക്കാതെ എടുക്കണേ ”
” ശരി അമ്മായി ”
” ചെറിയമ്മേ , ഇതെന്താ ? ”
” ഇതു നാഗ കാവിലേക്കുള്ള മഞ്ഞൾപ്പൊടിയും എണ്ണയുമാണ് ”
” ഇതെന്തിനാ അവിടെ കൊടുക്കുന്നത് ? ”
” ഇത് ചെറിയമ്മയുടെ നേർച്ചയാണ് മോളെ . നമ്മുടെ വീട് കയ്യിൽ നിന്നും പോകുന്ന അവസ്ഥ വന്നപ്പോൾ ചെറിയമ്മ നേർന്നതാണ് . നാഗത്താന്മാർ ആണ് നമ്മളെ രക്ഷിച്ചത് ”
” ചെറിയമ്മേ ലാലുവിന്റെ കൂടെ ഞാനും പൊയ്ക്കോട്ടെ നാഗ കാവിലേക്ക് ? ”
” അയ്യോ … നീയോ … വേണ്ട മോളെ … നീ പോണ്ട … അവിടെ കണ്ടാൽ തന്നെ നിനക്ക് പേടിയാവും … അതു മാത്രമല്ല അവിടെ കുറച്ചു ദൂരം പോകാനുണ്ട് … കാടിന് നടുവിൽ ആണ് ഈ കാവ് വരുന്നത് … അതുകൊണ്ട് കാടിറങ്ങി ഒത്തിരി നടക്കാനുണ്ട് … അതൊന്നും മോൾക്ക് ശീലമില്ലാത്തത് അല്ലേ … അതുകൊണ്ട് മോള് പോകണ്ട ”
” ചെറിയമ്മേ പ്ലീസ് ചെറിയമ്മേ ഞാനും പോട്ടെ … ഞാൻ ഇതുവരെ നാഗക്കാവിൽ ഒന്നും പോയിട്ടില്ല . പ്ലീസ് ചെറിയമ്മ പ്ലീസ് … എനിക്ക് ഇവിടെ വന്നാൽ അല്ലേ ഇതൊക്കെ കാണാൻ കഴിയൂ … ഞങ്ങൾ നിൽക്കുന്ന സ്ഥലത്ത് അമ്പലമോ കാവോ ഒന്നുംതന്നെയില്ല . ”
” മോളെ അത് ………. ”
” രാധാമണി അവൾ പൊയ്ക്കോട്ടെ , ലാലുവിന്റെ കൂടെയല്ലേ തനിച്ചൊന്നും അല്ലല്ലോ …. മോള് പൊയ്ക്കോ ”
” താങ്ക്യൂ ചെറിയച്ചാ … താങ്ക്യൂ സോ മച്ച് ”
” എന്നാൽ മോള് വേഗം പോയി മാറ്റാൻ നോക്കൂ , പോകേണ്ടതല്ലേ ”
അത് കേൾക്കേണ്ട താമസം ഞാൻ വേഗം ഓടി മുറിയിലേക്ക് എന്നിട്ട് ദാവണിയും സാരിയും പട്ടുപാവാടയും ചുരിദാറും ഒക്കെ നിറഞ്ഞു നിൽക്കുന്ന അലമാര തുറന്നു . ഇനി ഇതിൽ നിന്നും ഏത് ഡ്രസ്സ് സെലക്ട് ചെയ്യും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അലമാരയിൽ വളരെ വൃത്തിയായി മടക്കിവെച്ച് ഒരു കറുപ്പ് പട്ടുപാവാട എന്റെ കണ്ണിൽ പെട്ടത് . ഞാൻ വേഗം അതെടുത്ത് അണിഞ്ഞു . കണ്ണെഴുതി പൊട്ടും തൊട്ടു കൈനിറയെ കരിവളയും എടുത്തിട്ടു . കരിവള എന്ന് പറയുമ്പോൾ കറുത്ത കുപ്പി വളയിൽ ഗോൾഡൻ വർക്ക് ഉള്ളത് . ഞാനിട്ട പട്ടുപാവാടയും അതുപോലെ തന്നെയായിരുന്നു . കറുത്ത പട്ടുപാവാടക്ക് വീതിയിലുള്ള ഗോൾഡൻ കസവ് ഉണ്ടായിരുന്നു . ഞാൻ വേഗം അണിഞ്ഞൊരുങ്ങി താഴേക്ക് ചെന്നപ്പോൾ എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു .
” എന്താ എല്ലാവരും ഇങ്ങനെ നോക്കണെ ”
” എന്റെ കുട്ടിക്ക് ആരുടേയും കണ്ണ് തട്ടാതെ ഇരിക്കട്ടെ ”
അതും പറഞ്ഞു ചെറിയമ്മ കണ്ണെഴുതിയ കൺമഷി യിൽ നിന്നും ഒരല്പം എടുത്ത് എന്റെ കഴുത്തിൽ തൊട്ടു . ഞാൻ ഒന്ന് ചെറിയമ്മയെ നോക്കി ചെറുതായി പുഞ്ചിരിച്ചു . ഞാൻ ലാലുവിനോപ്പം അവരോടൊക്കെ യാത്ര പറഞ്ഞു വണ്ടിയിൽ കയറിയിരുന്നു . പോകുന്ന വഴിയിൽ ഒക്കെ ഞാൻ ലാലുവിനോട് നാഗക്കാവിനെ കുറിച്ച് ചോദിച്ചറിയായിരുന്നു . അവനാണെങ്കിൽ അവന്റെ ഭാവന യോടു കൂടി വളരെ വിശദമായിത്തന്നെയാണ് കാവിനെ കുറിച്ച് പറഞ്ഞത് . ഒരുപാട് നേരത്തെ യാത്രയ്ക്കുശേഷം ഞങ്ങളുടെ വാഹനം റോഡിന്റെ രണ്ടു സൈഡിലും വൻമരങ്ങൾ ഉള്ള ഒരു പാതയിലേക്ക് സഞ്ചരിക്കാൻ തുടങ്ങി . ആ റോഡ് അവസാനിച്ചത് മൺതിട്ട കൊണ്ട് ഉണ്ടാക്കിയ മറ്റൊരു റോഡിലാണ് . ആ വഴി ഒട്ടും ശരിയല്ലയിരുന്നു . ആ വഴിയിലൂടെ അൽപ ദൂരം സഞ്ചരിച്ചപ്പോൾ ഞങ്ങൾ കാടിനുള്ളിലേക്ക് ഉള്ള പാതയിലേക്കാണ് എത്തിയത് . ആ പാത നേരെ ചെന്നത് കൊടും കാടിനുള്ളിലേക്കാണ് . കാട്ടിലെത്തിയപ്പോൾ ലാലു വണ്ടി നിർത്തി , വണ്ടിയിൽ നിന്നും ഇറങ്ങി . ഞാനും അവന്റെ കൂടെ ഇറങ്ങി .
” എന്താ ലാലു ഇവിടെ വണ്ടി നിർത്തിയത് ? ”
” വണ്ടി ഇവിടെ വരെ പോവുകയുള്ളൂ ”
” കാവിൽ എത്തിയോ ”
” ഇവിടെനിന്ന് ഇനി മൂന്ന് കിലോമീറ്റർ പോകാനുണ്ട് ”
” എന്ത് ??????? മൂന്ന് കിലോമീറ്ററോ ?? ”
” അതെ മൂന്ന് കിലോമീറ്റർ ”
” ഇവിടെ നിന്ന് ഏതു വണ്ടിയിലാ നമ്മൾ പോവാ ? ”
” ഇവിടെനിന്ന് ഇനി നോ വണ്ടി , ഓൺലി കാൽനട ”
” ലാലു ആർ യു സീരിയസ് ”
” യെസ് . നീ പിന്നെ ഇതെന്ത് വിചാരിച്ച ഇറങ്ങിപ്പുറപ്പെട്ടത് ? ”
” ലാലു നീ എന്നെ ചുമ്മാ പറ്റിക്കല്ലേ ”
” എടി പൊട്ടി കാളി , നമ്മൾ ഇപ്പൊ നിൽക്കുന്നതാണ് പുറം ക്കാട് . നമുക്ക് പോകേണ്ടത് ഉൾക്കാട്ടിലേക്ക് ആണ് . അവിടേക്ക് ഇവിടെ നിന്നും മൂന്നു കിലോമീറ്റർ നടക്കാനുണ്ട് . അതും ടാറിട്ട റോഡിലൂടെ അല്ല കല്ലും മുള്ളും പാറക്കെട്ടുകൾ നിറഞ്ഞ കൊടും വനത്തിലൂടെ . ഇവിടെ ഇങ്ങനെ നിന്നാൽ ഇന്ന് രാത്രിയായാലും കാട് ഇറങ്ങാൻ കഴിയില്ല . ”
” ഈശ്വരാ പെട്ടല്ലോ … ലാലു ഇതു വല്ലാത്ത ചതിയായിപ്പോയി … നീ ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഒന്ന് ഒച്ച വെച്ചിരുന്നെങ്കിൽ ഞാൻ ഇങ്ങോട്ടു വരില്ലായിരുന്നു ”
” ഡി കുരൂപ്പെ , ഹിറ്റ്ലർ മാധവൻകുട്ടി ഡയലോഗ് അടിച്ചു നിൽക്കാതെ വരാൻ നോക്കൂ ”
” ആ വരുവാ … അല്ലാതെ വേറെ വഴിയില്ലല്ലോ ”
ലാലു മുന്നിലും ഞാൻ അവന്റെ പിറകിലുമായി നടക്കാൻ തുടങ്ങി . ഇത്തിരി നേരം നടന്നപ്പോൾ തന്നെ എന്റെ ഉള്ളിലേക്ക് ഒരു പോസിറ്റീവ് എനർജി കയറിയത് പോലെ . അപ്പോഴാണ് ഞാൻ എനിക്ക് ചുറ്റും ഉള്ള കാട് ശ്രദ്ധിച്ചത് . പ്രകൃതിയുടെ അതിമനോഹരമായ ഒരു വശ്യത തന്നെ ആ കാടിനുണ്ട് . ശരിക്കും പച്ചപ്പുനിറഞ്ഞ കുളിർകാറ്റുള്ള അന്തരീക്ഷം . ശരിക്കും പ്രകൃതിദേവി കനിഞ്ഞനുഗ്രഹിച്ച സ്ഥലം തന്നെ . കാടിന്റെ ഒരു വശത്തായി നല്ല അടിപൊളി മുളങ്കാട് കാണാം . അതിനടുത്ത് കൂടെ ഒരു അരുവി ഒഴുകുന്ന ശബ്ദം കേൾക്കാം . ഞാൻ ആ കാഴ്ചകൾ എല്ലാം കണ്ട് അതിൽ ലയിച്ചു നിൽക്കുമ്പോഴാണ് ലാലു എന്നെ വിളിച്ചത് .
” പ്രകൃതിയുടെ വശ്യ സൗന്ദര്യത്തിൽ ലയിച്ചു നിന്നതൊക്കെ മതി , വരാൻ നോക്ക് . നമ്മൾ വന്ന കാര്യം ഇതുവരെ പൂർത്തിയായിട്ടില്ല . ”
അതുകേട്ടപ്പോൾ ഞാൻ വേഗം ലാലുവിന് അടുത്തേക്ക് പോയി . പിന്നെ ഞങ്ങൾ ഒരുമിച്ച് നടത്തം . അവനോടൊപ്പം നടന്നപ്പോൾ അവന്റെ വേഗതകൂടി എനിക്ക് വന്നത് പോലെ തോന്നി . നടന്നു നടന്നു ഞങ്ങൾ ഉൾകാടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു . പുറം കാടിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഉൾകാട് . പുറം കാട്ടിൽ കിളികളുടെയും അണ്ണാന്റെയും കളകളം പാടി ഒഴുകുന്ന അരുവിയുടെയും അതി മനോഹരമായ ശബ്ദം ഉണ്ടായിരുന്നു . എന്നാൽ ഉൾക്കാട്ടിൽ മൂകമായ ഒരുതരം ശാന്തതയായിരുന്നു . ഉൾകാട്ടിലെ ഇലകൾ പോലും ആരെയോ ഭയന്നിട്ട് എന്നപോലെ നിശ്ചലമായി നിൽക്കുന്നു . ഭയം അതിന്റെ സർവ്വ സീമകളും ലംഘിച്ചുകൊണ്ട് എന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു .
ഉൾക്കാട്ടിൽ എത്തിയപ്പോൾ ഞാൻ ശരിക്കും അമ്പരന്നു . ഇന്നലെ രാത്രി ഞാൻ സ്വപ്നത്തിൽ കണ്ട അതേ സ്ഥലം . വിയർപ്പുതുള്ളികൾ എന്റെ ശിരസ്സിൽ നിന്നും മുഖത്താകെ പടർന്നു പിടിച്ചു . സൂര്യനെ മറച്ചു കൊണ്ട് കാടിനുള്ളിൽ മൊത്തം ഇരുട്ടു പരത്തി ആകാശംമുട്ടെ വളർന്നുനിൽക്കുന്ന മരക്കൂട്ടങ്ങളുടെ ഇടയിലായി ഞാൻ ആ കാഴ്ച കണ്ടു ……………………………………
( തുടരും )
Read complete ശ്രുതി Malayalam online novel here
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission