റൂമിലേക്ക് വന്നപ്പോഴോ, തനു അവിടെ സ്വപ്നലോകത്ത് മേഞ്ഞ് നടക്കുന്നു..
“അതേയ് മതി മതി ഗ്രാമങ്ങളിൽ പോയി രാപ്പാർത്തത്.. പോയി ആ പാവങ്ങൾക്ക് ഇച്ചിരി വെള്ളം കൊടുക്കാൻ നോക്ക്..”
കേട്ടതും അവളുടെ കവിളൊക്കെ ചുവന്ന് കേറി.. എന്താ ഒരു നാണം..
കിച്ചണിൽ ഞങ്ങൾ എത്തും മുൻപ് തന്നെ സാധനങ്ങളൊക്കെ സെറ്റാക്കി വച്ചിട്ടുണ്ട്.. ഇനിയത് ആരേലും എടുത്തോണ്ട് നടന്നാ മാത്രം മതി..
പറഞ്ഞു വച്ചെന്ന പോലെ തനു ചായയുടെ ട്രേയിൽ പിടിച്ചു.. അല്ലേലും എനിക്ക് വേണ്ട..
ഉണ്ണിയപ്പോം അച്ചപ്പോം നിറഞ്ഞ പ്ളേറ്റും താങ്ങി പിടിച്ച്, ഞാനാണ് മുന്നേ നടന്നത്.. ഇങ്ങനെ ആരേലും മുന്നേ നടന്നാലല്ലേ പെണ്ണിനൊരു ഗമയുള്ളു..
ഹാളിൽ വന്നപ്പോഴോ, എല്ലാരേം നോക്കി ചിരിച്ചു മടുത്ത ആന്റി.. അച്ഛന്റെ കത്തിക്ക് മുന്നിൽ പിടഞ്ഞോണ്ടിരിക്കുന്ന സതീശൻ അങ്കിൾ.. ഭാവങ്ങൾ മറന്ന് പിരി പോയിരിക്കുന്ന നിരഞ്ജൻ ചേട്ടൻ.. ഓ അനിയന്റെ വിഷാദരോഗത്തിന് മാത്രം ഒരു മാറ്റവുമില്ല..
പ്ളേറ്റ് മേശപ്പുറത്ത് വച്ച് ഞാൻ മാറി നിന്നു കൊടുത്തു… കാരണം ഇനിയും കാത്തിരുന്നാൽ എന്റെ അളിയൻ ഒരു തുള്ളി ചായ കിട്ടാതെ പിടഞ്ഞ് ചാകുമെന്ന് തോന്നിപ്പോയി..
ചേച്ചി മന്ദം മന്ദം നടന്നടുത്തു.. ചേട്ടൻ ദാഹിച്ച് അവശനായിരിക്കുന്നു, ആ മുഖം കണ്ടാലറിയാം.. ഒടുവിൽ ചേച്ചിയുടെ പ്ളേറ്റിൽ നിന്നും ചായ എടുത്തതും ദും ദും ദും ദും ദുന്തുഭി നാദം അവസ്ഥ.. ഭൂമിയിലുമല്ല സ്വർഗ്ഗത്തിലുമല്ല കക്ഷി..
അമ്മ ബാക്കി പലഹാരങ്ങളും കൊണ്ട് നിരത്തി.. അതോടെ നിന്നു, രണ്ടിന്റെയും കണ്ണും കണ്ണും നോട്ടം..
“എല്ലാരേം പരിചയപ്പെടുത്ത് അശോകാ..”
“സതീശന് ഇവിടെ പലരേം അറിയാമായിരിക്കും.. എന്നാലും ചടങ്ങിന് വേണ്ടി പരിചയപ്പെടുത്താം അല്ലെ.. ഇത് എന്റെ ഭാര്യ, പ്രമീള..”
അമ്മ ഒന്നൂടി അച്ഛന്റെ അടുത്തോട്ട് ചേർന്ന് നിന്നു..
“അത് എന്റെ മൂത്തമോൾ ധനലക്ഷ്മി.. ഞങ്ങളൊക്കെ തനൂന്ന് വിളിക്കും.. ഇവിടെ അടുത്തുള്ള കോളേജിൽ ടീച്ചറാ മോള്..”
നിരഞ്ജൻ ചേട്ടൻ ഒളി കണ്ണിട്ടൊക്കെ നോക്കുന്നുണ്ട് ചേച്ചിയെ.. ഹ്മ് ഇത് ഉറപ്പിച്ച മട്ടാ..
“പിന്നേ ആ നിൽക്കുന്നത് എന്റെ ഇളയ മോൾ.. വരലക്ഷ്മി.. വീട്ടിൽ ലച്ചൂന്ന് വിളിക്കും.. തനു പഠിപ്പിക്കുന്ന കോളേജിലാ അവളും പഠിക്കുന്നെ..”
“നിന്റെയൊരു ഭാഗ്യം.. രണ്ട് പെങ്കുട്ട്യോളെയല്ലേ ദൈവം തന്നെ.. ഇവിടെ രണ്ടെണ്ണത്തിനെ ഞങ്ങള് മേയ്ക്കാൻ പെട്ട പാട്.. അല്ലേ ലതേ..”
അങ്കിളിനൊപ്പം ആന്റിയും അളിയനും ചിരിച്ചു.. പക്ഷെ ഇളയതിന്റെ മുഖം കണ്ടിട്ട് ഇന്ന് വീട്ടിലൊരു വധം നടക്കും..
“ഹഹ.. അതോണ്ടല്ലേ ടാ നീ എന്റെ മോളെ കൊണ്ടോവാൻ വന്നേ..”
“ഒന്നിനെ അല്ലെ ഞങ്ങളിപ്പോ കൊണ്ട് പോവുന്നുള്ളു.. എന്നാലും നിനക്ക് ഒന്ന് ബാക്കിയില്ലേ..”
ആ പറഞ്ഞതിൽ എവിടെയോ ഒരു ഉൾക്കുത്തില്ലേ.. ഇനി എന്നെ എങ്ങാനും ഈ കുരിശിന്റെ തലേൽ കെട്ടി വക്കോ.. എനിക്ക് മാത്രമല്ല, മുന്നിലിരിക്കുന്ന സാധനത്തിനും ഒരു താങ്ങ് ഫീല് ചെയ്തിട്ടുണ്ട്.. അവനിപ്പോ എന്നെ നോക്കി ദുർവ്വാസാവിന് പഠിക്കുവാ..
“അശോകാ.. പറയും പോലെ മക്കളെ ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ.. ഇത് ന്റെ ഇളയ മോൻ സഞ്ജു..”
“സഞ്ജയ്..” ദുർവാസാവ് തിരുത്തി..
“ആ സഞ്ജയ്.. അവനിപ്പോ പഠിത്തമൊക്കെ കഴിഞ്ഞ് ജോലി നോക്കിക്കൊണ്ടിരിക്കുവാ..”
എന്നിട്ടാണോ ഇത്രേം ഹുങ്ക്.. മട്ടും ഭാവോം കണ്ടാ തോന്നും കളക്ടറാന്ന്…
“അത് എന്റെ മൂത്ത മോൻ നിരഞ്ജൻ.. അവൻ പഠിച്ചതൊക്കെ ഇടുക്കിയിലാ.. കഴിഞ്ഞ രണ്ട് കൊല്ലം അവിടെ തന്നെയായിരുന്നു ജോലി.. ഇപ്പോ നമ്മുടെ സുധാകരൻ പറഞ്ഞിട്ട്, അഹല്യയിലോട്ട് കേറാൻ നോക്കുവാ.. അത് കഴിഞ്ഞാ പിന്നെ അവൻ ഇവിടെ തന്നെ കാണും..”
ചേച്ചി നാണത്തിന്റെ നിറകുടം വീണ്ടും കമിഴ്ത്തി..
“അപ്പൊ എങ്ങനാ.. പിള്ളേർക്ക് വല്ലോം സംസാരിക്കാനുണ്ടേൽ…”
“മോള് നിരഞ്ജനെ കൂട്ടി ടെറസിലേക്ക് പൊയ്ക്കോ..”
എന്താ ഒരു ഉത്സാഹം.. നിന്ന നിൽപ്പിൽ രണ്ടും സ്ഥലം കാലിയാക്കി..
“അപ്പൊ അശോകാ.. ഇതിനി വച്ച് നീട്ടണോ.. മോളെ ഞങ്ങൾ ഇപ്പൊ വേണേലും കൊണ്ട് പോകാൻ റെഡിയാ ട്ടാ..”
“നമുക്ക് പിള്ളേരോട് കൂടി ചോദിച്ചിട്ട് തീരുമാനിക്കാമെടാ.. നിന്റെ വീട്ടിലേക്കല്ലേ എന്തായാലും, പിന്നെ എനിക്കെന്തിനാ പേടി..”
അച്ഛനും അങ്കിളും ഒരു വശത്ത് സംസാരം.. മറു വശത്ത് അമ്മയും ലതയാന്റിയും.. ദുർവാസാവ് മാത്രം വർഷങ്ങൾക്ക് ശേഷം ചെറയാൻ ഒരാളെ കിട്ടിയ പോലെ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്..
ഈ ചേച്ചി ഇതെവിടെ പോയി കിടക്കുവാ..
അവസാനം എത്തി രണ്ടും.. ഭാഗ്യം, അങ്ങേരെന്നെ ഭസ്മമാക്കിയിട്ടില്ല..
“എന്നാ പിന്നെ മോനേ നമുക്കിറങ്ങാം, അശോകാ ഞങ്ങൾ ഇറങ്ങട്ടെ.. കാര്യങ്ങളൊക്കെ എന്താന്ന് വച്ചാൽ നീ മോളുമായി ആലോചിച്ചിട്ട് പറയ്..”
കേൾക്കേണ്ട താമസം ദാ ചാടിയിറങ്ങി പോണു അനിയൻ.. ഇതിന് വല്ല പേയും പിടിച്ചോ ആവോ.. ചേട്ടൻ പിന്നേം നിന്ന് കറങ്ങുന്നുണ്ട്.. ചേച്ചി അപ്പോഴേക്കും എന്നെ പിന്നിൽ വന്നൊളിച്ചു..
“നമ്പർ ഒക്കെ മേടിച്ചല്ലോ അല്ലേ ചേച്ചീ..”
ഓ ആ തല കുലുക്കം കണ്ടാലേ അറിയാം, അതായിരിക്കും ആദ്യം മേടിച്ചത്..
മടിച്ച് മടിച്ച് ചേട്ടനും, പിന്നാലെ അമ്മയും ഇറങ്ങി.. അങ്കിൾ അച്ഛന്റെ അവസാന കെട്ടിപ്പിടുത്തതിന് കാത്ത് നിൽക്കുവാ..
കെട്ടിപ്പിടിത്തം കഴിഞ്ഞ് പിരിഞ്ഞ ഇണക്കുരുവികളുടെ നോട്ടം ഇപ്പൊ എന്റെ നേർക്കാണ്..
“ഇവളേം നമുക്കൊന്ന് തളക്കണ്ടേ അശോകാ..”
“വേണ്ടാ ട്ടാ ആ പൂതി മനസിലിരിക്കട്ടെ.. അങ്കിളിന് ഞാൻ സന്തോഷത്തോടെ നിൽക്കുന്ന കണ്ടിട്ട് പിടിക്കണില്ലല്ലേ..” എല്ലാരും കൂട്ടച്ചിരി.. സഞ്ജു ഒഴികെ.. അവനാണേൽ ഒരു മാതിരി നോട്ടം.. ഇതെന്ത് പാട്, ഞാൻ അങ്ങേരെ ഉദ്ദേശിച്ചിട്ടേ ഇല്ല..
“അച്ഛൻ വരുന്നുണ്ടോ..!!!” ആ സാധനം കിടന്ന് കയറ് പൊട്ടിക്കുന്നുണ്ട്..
“ഇത് കടിക്കോ..” അറിയാതെന്റെ വായിൽ നിന്ന് വീണതാ.. ന്റമ്മോ അതിൽ പിടിച്ചായി എല്ലാരും ചിരി..
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission