പെട്ടെന്ന് ശ്രുതി ഇതൊക്കെ പറഞ്ഞു ബഹളം വെക്കാൻ തുടങ്ങി . അതോടെ ആർമിക്ക് അവളെ കണ്ട്രോൾ ചെയ്യാൻ കഴിയാതെയായി . അവൻ കട്ടിലിലേക്ക് കയറി ബഹളം വെച്ചുകൊണ്ടിരിക്കുന്ന ശ്രുതിയെ ചേർത്തു പിടിച്ചു . ആദ്യം അവൾ അവനിൽ നിന്നും കുതറിമാറാൻ ശ്രമിച്ചെങ്കിലും . അവൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തിയപ്പോൾ അവൾ ഒന്നു ശാന്തമായി വന്നു . അവൻ പതിയെ അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു . ആ പാതിമയക്കത്തിലും അവൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു .
അമ്മ … അമ്മ … എനിക്ക് എന്റെ അമ്മയുടെ അടുത്ത് പോണം …
അത്രയും പറഞ്ഞ് അവൾ അവനിലേക്ക് തളർന്നു കിടന്നു . അൽപ്പസമയത്തിനകം തന്നെ അവൾ നല്ല മയക്കത്തിലേക്കു വഴുതിവീണു . ആർമി അവളുടെ അടുത്തു നിന്നും മാറി കിടക്കാൻ തുടങ്ങിയപ്പോൾ , ഒരു ഞെരുക്കത്തോടെ അവൾ അവന്റെ കയ്യിൽ ഒന്നുകൂടി മുറുക്കി പിടിച്ചു . അപ്പോൾ അവൻ അവളുടെ അടുത്ത് തന്നെ ഇരുന്നു കൊണ്ട് ഒരു കൈകൊണ്ട് അവളുടെ കൈകൾ കോർത്തു പിടിച്ചു . മറുകൈ കൊണ്ട് അവളുടെ തലയിൽ തലോടി കൊടുത്തു .
ശ്രുതി ഇപ്പോൾ നല്ല ഉറക്കത്തിലാണ് . എന്നാൽ ആർമിയുടെ മനസ്സു മുഴുവൻ അസ്വസ്ഥമായിരുന്നു .
ശ്രുതി എന്തൊക്കെയാണ് ഉറക്കത്തിൽ പറഞ്ഞത് ? അതിൽ വല്ല സത്യവും ഉണ്ടോ ? അവളുടെ അമ്മ എങ്ങനെയാണ് മരിച്ചത് ? അവൾ ആരെയെങ്കിലും ഭയക്കുന്നുണ്ടോ ? അവളുടെ ജീവിതത്തിൽ ശരിക്കും എന്താണ് സംഭവിച്ചത് ? നാളെ നേരം വെളുക്കട്ടെ അവളോട് തന്നെ ചോദിക്കാം .
രാവിലെ ആർമി എഴുന്നേൽക്കുമ്പോഴും ശ്രുതി ഉണർന്നിട്ടുണ്ടായിരുന്നില്ല . അവൻ പതിയെ അവന്റെ കൈ അവളുടെ കയ്യിൽ നിന്നും മോചിപ്പിച്ചതിന് ശേഷം എണീറ്റു . ഉറക്കത്തിൽ പോലും നിനക്ക് എന്തൊരു സൗന്ദര്യമാണ് പെണ്ണെ … അവൻ കുറച്ചുനേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കിനിന്നു . പുതപ്പിനുള്ളിലേക്ക് താഴ്ന്നിറങ്ങി കിടക്കുന്ന അവളുടെ കുഞ്ഞു മുഖം മാത്രം പുറത്തു കാണാം . എന്തുവാടെ ഉറക്കത്തിന് പോലും വല്ലാത്തൊരു ക്യൂട്ട്നസ് ഉണ്ടായിരുന്നു . ഒരു കൊച്ചു കുഞ്ഞിനെ പോലെ പുതച്ചുറങ്ങുന്ന അവളെ കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു .
അവൻ റൂമിന് പുറത്തിറങ്ങിയപ്പോൾ അടുക്കളയിൽ ആളനക്കം കേൾക്കുന്നുണ്ട് . ഞാൻ പതിയെ അടുക്കളയിലേക്ക് ചലിച്ചു . അവിടെ പവിഴം കാപ്പിയും പലഹാരവും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു . പവിഴം ആ ബംഗ്ലാവിലെ വേലക്കാരിയാണ് . തമിഴത്തി ആണെങ്കിലും അവൾക്ക് നന്നായി മലയാളം അറിയാം . മലയാളം കേട്ടാൽ മനസ്സിലാകും , ഇടയ്ക്കൊക്കെ മലയാളത്തിൽ സംസാരിക്കുകയും ചെയ്യും .
” ആരിത് പവിഴമോ , കിച്ചണിൽ നിന്നും നല്ല കാപ്പിപ്പൊടി യുടെ മണം വന്നപ്പോഴേ ഞാൻ ഊഹിച്ചു പവിഴം കിച്ചണിൽ ഹാജർ ആയിട്ടുണ്ടാകും എന്ന് . ”
മറുപടിക്ക് പകരം അവൾ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു .
” ഇന്നെന്താ പവിഴം ചായയ്ക്ക് സ്പെഷ്യൽ ? ”
” ദോസ ചമ്മന്തി ”
” ദോസ ചമ്മന്തി അല്ല പവിഴം ദോശയും ചമ്മന്തിയും ”
അപ്പോഴും അവളുടെ മറുപടി ഒരു ചെറുപുഞ്ചിരി ആയിരുന്നു .
” നിന്റെ മക്കൾ എവിടെ പവിഴം ? ”
” അവങ്കെ വന്ദ് ബോർഡിംഗിൽ ഇറുക്കെൻ വെക്കേഷന്ക്ക് വന്ദിടുവേൻ ”
” എന്റെ പൊന്നു പവിഴം , നീ ദൈവത്തെ ഓർത്ത് മലയാളവും തമിഴും കൂട്ടിക്കലർത്തി പറയരുത് . പിന്നെ , എന്റെ കൂടെ ഒരാൾ കൂടിയുണ്ട് അയാളുടെ അടുത്ത നീ നിന്റെ തമിഴ് കൊണ്ടുപോകരുത് . മലയാളത്തിൽ പറഞ്ഞാൽ മതി ”
” സരി … ആമാ യാരത് ? ഉങ്കളുടെ നൻപനാ ? ”
” അവയാര്ന്ന് കേട്ടാ എപ്പടി സ്വല്ലണം എന്ന് എനക്ക് തെരിയാത് ”
” അത് യാര് ? പൊമ്പിളയാ ആമ്പിളയാ ? ”
” പൊണ്ണ് … അവ വന്ദ് എന്നുടെ ഫ്രണ്ട് ”
അപ്പോൾ അവൾ ഒരു കള്ളച്ചിരിയോടെ എന്നോട് മറുചോദ്യം ചോദിച്ചു .
” വെറും ഫ്രണ്ട് താനാ ? ”
അവളുടെ ആ ചോദ്യത്തിന് ഞാൻ മറുപടി ഒന്നും കൊടുത്തില്ല . പകരം 32 പല്ലും പുറത്ത് കാണത്തക്കവിധത്തിൽ ഒന്നു ചിരിച്ചുകൊണ്ട് ഒരു കപ്പ് കാപ്പിയും എടുത്തു പുറത്തേക്കിറങ്ങി . മുറ്റത്ത് മുരുകണ്ണൻ ചെടികൾ നനക്കുന്നുണ്ടായിരുന്നു . മുരുകണ്ണൻ പവിഴ ത്തിന്റെ ഭർത്താവാണ് . ഇവർക്ക് മൂന്നു കുട്ടികളുമുണ്ട് . അവ ബോഡിംഗ് സ്കൂളിലാണ് പഠിക്കുന്നത് . വെക്കേഷൻ ആകുമ്പോൾ മാത്രമേ അവരെ ഇവിടെ കാണൂ . എന്നെ കണ്ട പാട് മുരുകണ്ണൻ എന്റെ അടുത്തേക്ക് വന്നു .
” ഇന്നലെ രാത്രി സാർ വന്നത് ഞാൻ കണ്ടിരുന്നു . സാറിന്റെ കൂടെ ഒരു പെൺകുട്ടിയെ കണ്ടപ്പോൾ ഞാൻ ഇങ്ങോട്ട് തന്നെ തിരിച്ചുപോന്നു . ”
അത് ആരാണെന്ന് മുരുകണ്ണന് എന്നോട് ചോദിക്കണമെന്നുണ്ട് എന്ന് ആമുഖത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം . പക്ഷേ , ഇവിടത്തെ വെറുമൊരു ജോലിക്കാരനായ മുരുകണ്ണൻ എങ്ങനെ ഇവിടത്തെ യജമാനനായ എന്നെ ചോദ്യം ചെയ്യും എന്ന അപകർഷതാബോധം ആണ് മുരുകണ്ണന്റെ വായി അടപ്പിച്ചത് . പക്ഷേ , ഞാൻ മുരുകണ്ണനെയും പവിഴ ത്തെയും വെറും വേലക്കാരായല്ല കാണുന്നത് . അതുകൊണ്ടുതന്നെ ഒരു ചോദ്യത്തിന് കാത്തുനിൽക്കാതെ ഞാൻ അങ്ങോട്ട് പറഞ്ഞു .
” മുരുകണ്ണൻ ഇന്നലെ എന്റെ കൂടെ കണ്ട കുട്ടി ആണ് ശ്രുതി . എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ് . അവൾ നമ്മുടെ നാടൊക്കെ കാണാനെത്തിയതാണ് . ”
” ആ അതൊരു നല്ല കാര്യമാണ് . എന്നിട്ട് ആ കുട്ടി എവിടെ ? ”
” അവൾ എണീറ്റിട്ടില്ല . ചിലപ്പോൾ നല്ല യാത്ര ക്ഷീണം ഉണ്ടാകും ”
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് പവിഴം ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നത് .
” ആ കുട്ടിക്ക് പനിക്കുന്നുണ്ട് . അവ ഉടമ്പ് വന്ദു സുട്ടു പൊള്ളുത് ”
അതു കേൾക്കേണ്ട താമസം ഞാൻ വേഗം റൂമിലേക്ക് ഓടി . കാര്യമറിയാതെ അവർ എന്റെ പിറകെ ഓടി വന്നു . ഞാൻ റൂമിൽ എത്തുമ്പോൾ ശ്രുതി കിടന്നു വിറയ്ക്കുകയായിരുന്നു . അവൾക്ക് നല്ല ചുട്ടുപൊള്ളുന്ന പനി ഉണ്ട് . ഒരുപക്ഷേ പെട്ടെന്നുണ്ടായ കാലാവസ്ഥാമാറ്റം ആയിരിക്കാം ഇതിനു കാരണം . ഞാൻ അവളെ തട്ടി വിളിച്ചിട്ടും അവൾ കണ്ണ് തുറന്നില്ല എന്നു മാത്രമല്ല , അവളിൽ നിന്ന് ആകെ ഞെരുക്കം മാത്രമേ പുറത്തു വന്നിരുന്നുള്ളൂ . അതെന്നെ കൂടുതൽ ഭയപ്പെടുത്തി . ഞാൻ അവളെ എടുത്ത് മടിയിലേക്ക് കിടത്തി അവളുടെ മുഖത്ത് തട്ടി വിളിച്ചുനോക്കി . അവളുടെ കൈയും കാലും തടവി നോക്കി . ശരീരത്തിലാകെ തണുപ്പ് പടർന്നു പിടിക്കുന്നു .
” ശ്രുതി …… കണ്ണു തുറക്കൂ …… എന്നോട് എന്തെങ്കിലും ഒന്ന് സംസാരിക്ക് ”
എന്നാൽ അവൾ എനിക്ക് ഒരു മറുപടിയും തന്നില്ല . അതെന്നെ കൂടുതൽ വിഷമിപ്പിച്ചു . അപ്പോഴുണ്ടായ എന്റെ വേദനനിറഞ്ഞ പെരുമാറ്റം കണ്ടിട്ടാവും മുരുകണ്ണനും പവിഴവും എന്നെ തന്നെ നോക്കി . ഞാൻ ശ്രുതിയെ കൈകളിലെടുത്ത് വണ്ടിയിൽ കയറ്റി അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പാഞ്ഞു . ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കാണുന്നത് വരെ എനിക്ക് ഒരു സമാധാനം ഉണ്ടായിരുന്നില്ല .
” ഡോക്ടർ ഹൗ ഈസ് ഷീ ? ”
” ഷീ ഈസ് ഓക്കേ , ഡോണ്ട് വറി . ചെറിയ പനി ഉണ്ട് . ”
” പെട്ടെന്ന് പനി വരാൻ മാത്രം മഴയോ മഞ്ഞോ കൊണ്ടിരുന്നോ ? ”
” യെസ് ഡോക്ടർ . ഞങ്ങൾ ഇന്നലെ രാത്രിയാണ് ഇവിടെ എത്തിയത് . അപ്പോൾ തൊട്ടു നല്ല വിറയൽ ഉണ്ടായിരുന്നു ”
” സാരമില്ല , പെട്ടെന്നുണ്ടായ കാലാവസ്ഥാമാറ്റത്തിന്റെ പ്രശ്നമാകും . ഈ ട്രിപ്പ് കഴിഞ്ഞാലുടൻ വീട്ടിൽ പോകാം ”
” താങ്ക്യൂ ഡോക്ടർ ”
ഡോക്ടറുടെ വായിൽ നിന്നും ശ്രുതിക്ക് ഒരു കുഴപ്പവുമില്ല എന്ന് കേൾക്കുന്നത് എനിക്കൊരു സമാധാനം ഉണ്ടായിരുന്നില്ല . സത്യം പറഞ്ഞാൽ ഇപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത് . ഞാൻ ശ്രുതി ഉണരുന്നതും കാത്ത് അവളുടെ അടുത്ത് ത്തന്നെയിരുന്നു . അല്പസമയത്തിനു ശേഷം അവൾ പതിയെ കണ്ണുകൾ തുറന്നു . പെട്ടെന്ന് താൻ ഇതെവിടെയാണെന്ന് മനസ്സിലാക്കാൻ കഴിയാതെ അവൾ ഒന്നു ടെൻഷനായി ചുറ്റും നോക്കാൻ തുടങ്ങി . തൊട്ടടുത്ത കസേരയിൽ ഇരിക്കുന്ന എന്നെ കണ്ടപ്പോഴാണ് അവൾക്ക് സമാധാനമായത് .
” ശ്രുതി ഇപ്പൊ എങ്ങനെയുണ്ട് ? ആർ യു ഓക്കേ ? ”
” ഫീൽ ബെറ്റർ ”
” ഈ ട്രിപ്പ് കഴിഞ്ഞ് നമുക്ക് വീട്ടിൽ പോകാം ”
ശരിയെന്ന് അവൾ തലയാട്ടി . അല്പസമയത്തിനുശേഷം ഞങ്ങളിരുവരും ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി . അവൾക്ക് നല്ല ക്ഷീണം ബാധിച്ചിരുന്നു . അവളുടെ അവസ്ഥ കണ്ട് അവൾ താഴെ വീണു പോകുമോ എന്ന ഭയത്താൽ ഞാൻ ഓരോ ചുവടും അവളെ ചേർത്തുപിടിച്ച് ആണ് നടന്നത് . ബംഗ്ലാവിൽ എത്തിയതിനുശേഷം
ഞാൻ അവളെ കാറിൽ നിന്ന് പതിയെ ഇറങ്ങാൻ സഹായിച്ചു . അവളെ ചേർത്ത് പിടിച്ചു റൂമിലേക്ക് കയറി പോകുമ്പോഴും മുരുകണ്ണനും പവിഴവും വായും പൊളിച്ച് ഞങ്ങളെ തന്നെ നോക്കി നിൽക്കുകയായിരുന്നു .
ശ്രുതിയെ മുകളിലെ മുറിയിൽ കൊണ്ടുപോയി കിടത്തിയതിനുശേഷം ഞാൻ വേഗം കിച്ചണിൽ ചെന്ന് അവൾക്ക് ഒരല്പം കഞ്ഞി എടുത്ത് തിരിച്ചു റൂമിലേക്ക് തന്നെ പോകുന്നതും നോക്കി നിൽക്കുകയാണ് പവിഴം . ഞാൻ ഇതെന്തിനുള്ള പുറപ്പാടാണ് എന്ന് അറിയാൻ പവിഴം എന്റെ പിറകെ വന്നു . അപ്പോൾ അവൾ കണ്ടത് ശ്രുതിക്ക് കഞ്ഞി കോരി കൊടുക്കുന്ന എന്നെയാണ് . അവൾ അന്തം വിട്ട് വായും പൊത്തി അവിടെത്തന്നെ നിന്നു . എന്നാൽ ഇതൊന്നും അറിയാതെ ശ്രുതിയെ ശുശ്രൂഷിക്കുന്ന തിരക്കിലായിരുന്നു ഞാൻ . വെള്ള മുണ്ടിലെ ഒരറ്റം കീറി നനച്ച് ഞാനവളുടെ നെറ്റിയില് ഇട്ട് കൊടുത്തു . അതിനു ശേഷം അവൾക്ക് കഴിക്കാനായി മെഡിസിൻസ് എടുത്ത് കൊടുത്തപ്പോൾ അനുസരണയുള്ള ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ അതെല്ലാം എന്റെ കയ്യിൽ നിന്നും വാങ്ങി കഴിച്ചു .
” ശ്രുതി , ഇനി നീ കുറച്ചുനേരം കിടന്നോളൂ . നിനക്ക് നല്ല ക്ഷീണമുണ്ട് . ഒന്ന് ഉറങ്ങി എണീറ്റാൽ തീരാവുന്നതേയുള്ളൂ നിന്റെ എല്ലാ അസുഖങ്ങളും ”
ഞാനത് പറഞ്ഞപ്പോൾ ഒരു മറുപടി എന്നോണം അവൾ എന്നെ നോക്കി വശ്യമായി ഒന്നു പുഞ്ചിരിച്ചു . എന്നെ നോക്കി നിൽക്കുന്നതിനിടയിൽ തന്നെ അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു . ഒരുപക്ഷേ മെഡിസിന് സൈഡ് എഫക്റ്റ് ആകാം . എന്തായാലും നന്നായി ഉറങ്ങിക്കോട്ടെ , ഇന്നലെ അവൾക്ക് ശരിക്കും ഉറങ്ങാൻ കഴിഞ്ഞിട്ടില്ല . ഇന്നലെ അവൾ ഉറക്കത്തിൽ കണ്ടതെല്ലാം അവളെ ഒരുപാട് വേദനിപ്പിക്കുന്നുവയാണ് . അതുകൊണ്ട് അതിനെക്കുറിച്ച് ഒന്നും ഞാനായിട്ട് ഒരിക്കലും അവളോട് ചോദിക്കാൻ പാടില്ല . അവൾ ആയിട്ട് എന്നെങ്കിലും അവളുടെ ജീവിതത്തിൽ നടന്നതെല്ലാം എന്നോട് പറയും എന്ന് എന്റെ മനസ്സ് പറയുന്നു .
ഇല്ല ശ്രുതി , നീ തനിച്ചല്ല . നിന്റെ കൂടെ എന്നും ഈ ഞാൻ ഉണ്ടാവും , നിനക്കെന്നും ഒരു കാവലായി . എന്നെങ്കിലും നിനക്ക് നിന്നെ കുറിച്ച് എന്നോട് പറയണം എന്ന് തോന്നുകയാണെങ്കിൽ മാത്രം എനിക്ക് നിന്റെ പാസ്ററ് അറിഞ്ഞാൽ മതി . കാരണം , ഞാൻ അതൊന്നും അറിയാതെയാണ് നിന്നെ സ്നേഹിച്ചത് . ഇപ്പോഴും സ്നേഹിക്കുന്നതും അങ്ങനെ തന്നെയാണ് . എന്നെ സംബന്ധിച്ചിടത്തോളം , നിന്നെ വേട്ടയാടുന്ന നിന്റെ ഭൂതകാലത്തിൽ നിന്ന് നിന്നെ സംരക്ഷിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് . ഒരിക്കലും ഞാൻ നിന്നെ തനിച്ചാക്കില്ല . ഇത് ഈ ആർമി ശ്രുതിക്ക് തരുന്ന വാക്കാണ് …
( തുടരും )
Read complete ശ്രുതി Malayalam online novel here
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission