Skip to content

ശ്രുതി – 36

ശ്രുതി Malayalam Novel

അയാൾ പവിഴത്തിന്റെയും മുരുകന്റെയും അടുത്തേക്ക് ചലിക്കാൻ തുടങ്ങി . എന്നിട്ട് ശ്രുതിയെ ചൂണ്ടിക്കാണിച്ച് എന്തൊക്കെയോ ചോദിക്കാൻ തുടങ്ങി . അവർ അതിനുള്ള മറുപടിയും കൊടുത്തു . ആൾക്കുവേണ്ട ഉത്തരം കിട്ടിയതിനുശേഷം , അയാൾ ബംഗ്ലാവിന്റെ ഗേറ്റ് കടന്ന് പോയി . പോകുമ്പോഴും അയാൾ ഇടയ്ക്കിടയ്ക്ക് ശ്രുതിയെ തന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു . ഞങ്ങൾ ഇതൊന്നുമറിയാതെ ആർത്തുല്ലസിക്കുകയായിരുന്നു .

അയാൾ വന്നു പോയതിനു ശേഷം പവിഴവും മുരുകനും നല്ല ടെൻഷനിലായിരുന്നു . എന്നാൽ അയാളുടെ വരവിനെക്കുറിച്ച് അവരൊന്നും തന്നെ അഭിയോട് പറയാൻ തുനിഞ്ഞില്ല . ഒരു പക്ഷേ , വർഷങ്ങൾക്കു ശേഷമാണ് അവർ അഭിയെ ഇത്രയും സന്തോഷത്തോടെ കാണുന്നത് . ആ സന്തോഷം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കേണ്ടന്ന് കരുതിയാവും അവരാരും വന്നയാളെ കുറിച്ച് ഒന്നും തന്നെ അഭിയോട് പറയാതിരുന്നത് .

അന്നു വൈകുന്നേരം അവരെല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനുശേഷം ഷീറ്റ് കളിക്കാൻ തുടങ്ങി . മുരുകണ്ണന് ഏറ്റവും ഇഷ്ട്ടപെട്ട കളിയാണ് ഷീറ്റുകളി . കളികളെല്ലാം കഴിഞ്ഞു കിടക്കാൻ പോകുമ്പോൾ ശ്രുതി മറ്റാരെക്കാളും സന്തോഷവതിയായിരുന്നു .

രാവിലെ ഉറക്കമുണർന്ന ശ്രുതിയുടെ കണ്ണുകൾ അപ്രതീക്ഷിതമായാണ് മുരുകണ്ണൻ രാവിലെ കൊണ്ടുവച്ച പത്ര കെട്ടിലിലേക്ക് പോയത് . പത്രത്തിന്റെ ഹെഡ് ഒന്നു നോക്കിയശേഷം പത്രം തിരിച്ചുവെച് നടക്കാൻ തുടങ്ങുമ്പോഴാണ് ശ്രുതി പത്രത്തിലെ ഡേറ്റ് ശ്രദ്ധിച്ചത് . ആ ഡേറ്റ് കണ്ടതോടെ അവളുടെ മുഖഭാവം തന്നെ മാറി . ആരോടും ഒന്നും പറയാതെ അവൾ തിരിച്ച് റൂമിലേക്ക് തന്നെ കയറി പോകുന്നത് ജോഗിംഗ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുന്ന ആർമി കണ്ടു .

” പെട്ടെന്ന് ഇങ്ങനെ വിഷമിച്ചു പോകാൻ മാത്രം എന്താണ് പത്രത്തിൽ ഉള്ളത് ? ”

ആർമിയുടെ മനസ്സിൽ സംശയം ശക്തമായതോടെ അവൻ വേഗം വന്നാ പത്രം എടുത്തു നോക്കി , അതിൽ ഹെഡ്ലൈൻസ് തന്നെ ‘ സുഷമാ സ്വരാജ് വിട വാങ്ങി ‘ എന്നായിരുന്നു . ഓഹോ , അപ്പൊ ഇത് കണ്ടിട്ടാണ് അവൾക്ക് പെട്ടെന്ന് വിഷമമായത് . അല്ല , പുറത്തു ജനിച്ചു വളർന്ന ഇവൾക്ക് ഈ പൊളിറ്റിക്സിലൊക്കെ താല്പര്യമുണ്ടോ ? ഒരുപക്ഷേ , പൊളിറ്റിക്സ് തന്നെ ആകണം എന്നില്ലല്ലോ . ഒരു പാർട്ടിയിൽ പോലും ഇല്ലാത്തവർക്ക് വരെ സുഷമ സ്വരാജ് എന്ന ഉരുക്കു വനിതയെ ഇഷ്ടമായിരുന്നു . എന്തിനേറെ പറയുന്നു , പൊളിറ്റിക്സിൽ ഒട്ടും താല്പര്യം ഇല്ലാത്ത എനിക്ക് പോലും ഒരുപാട് ആരാധന തോന്നിയ വ്യക്തിത്വങ്ങളിൽ ഒരാൾ . ഒരിക്കലും നികത്താനാവാത്ത നഷ്ടം തന്നെയാണ് അവരുടെ വിയോഗം . പാവം , ദൈവം കുറച്ചു കൂടി ആയുസ്സ് കൊടുത്തിരുന്നെങ്കിൽ അവർക്ക് ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ കഴിയുമായിരുന്നു .

****************************************

രാവിലെ ശ്രുതി ചായകുടിക്കാൻ വന്നില്ല , ഉച്ചയ്ക്കും ഇതുതന്നെയായിരുന്നു അവസ്ഥ . ചോദിക്കണം എന്ന് കരുതി യതാണ് , പക്ഷേ എന്റെ ചോദ്യം അവളെ വേദനിപ്പിച്ചാലോ എന്ന് കരുതി ഒന്നും ചോദിച്ചില്ല . അതുകൊണ്ടുതന്നെ അവൾ മനപ്പൂർവ്വം എല്ലാവരിൽനിന്നും ഒഴിഞ്ഞു മാറി നടന്നു . രാത്രിയും പട്ടിണി കിടക്കാൻ ആണ് അവളുടെ ഉദ്ദേശം എന്ന് അറിഞ്ഞപ്പോൾ വീണ്ടും മൗനം ആയിരിക്കാൻ തോന്നിയില്ല . അവളെ കഴിക്കാൻ വിളിക്കാനായി ഞാൻ മുകളിലേക്ക് ചെന്നു .

രാത്രി ബംഗ്ലാവിന്റെ ബാൽക്കണിയിൽ നിന്നു ആകാശം നോക്കി നിൽക്കുകയായിരുന്നു ശ്രുതി . അപ്പോഴാണ് അവളെ ഭക്ഷണം കഴിക്കാൻ വിളിക്കാനായി ആർമി അതിലെ പോയത് . ആകാശം നോക്കിയുള്ള ശ്രുതിയുടെ നിൽപ്പ് കണ്ടപ്പോൾ അവൾ എന്തു ചെയ്യുകയാണ് എന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ട് അവൻ ശബ്ദമുണ്ടാക്കാതെ ബാൽക്കണിയുടെ സൈഡിൽ ഉണ്ടായിരുന്ന തുണിന്റെ മറവിൽ ഒളിച്ചിരുന്നു .
ഇതൊന്നുമറിയാതെ ശ്രുതി ആകാശം നോക്കി സംസാരിക്കാൻ തുടങ്ങി .

” അമ്മേ … അമ്മയ്ക്ക് ഇന്നത്തെ ദിവസം ഓർമ്മയുണ്ടോ , ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ദിവസമായിരുന്നു ഇന്ന് . എന്നാൽ , ജീവിതത്തിലാദ്യമായി എനിക്ക് ഈ ദിവസം ഓർമ്മിക്കാൻ ഇന്നത്തെ പത്രത്തിന്റെ സഹായം വേണ്ടി വന്നു . ആരെയും സ്നേഹിക്കാൻ അറിയാത്ത , കരിങ്കല്ല് പോലെ ഹൃദയം ഉള്ളവളാണ് ശ്രുതി എന്നാണ് എല്ലാവർക്കും അമ്മയുടെ മകളെ കുറിച്ചുള്ള അഭിപ്രായം . അങ്ങനെയുള്ള ഈ ശ്രുതി ഇന്ന് എവിടെയാണെന്ന് അമ്മയ്ക്ക് അറിയുമോ ,

അമ്മ ഇതൊക്കെ കാണുന്നുണ്ടോ , അമ്മയുടെ മകൾ ഇപ്പോൾ ഒരുപാട് സന്തോഷത്തിലാണ് . ശരിക്കും ഇവരുടെയൊക്കെ കൂടെ കഴിയാൻ എന്ത് രസമാണെന്നോ , ഇവിടെയുള്ള എല്ലാവരും പാവങ്ങളാണ് . മുരുകണ്ണനും പവിഴവും അവരുടെ മക്കളും . ശരിക്കും അവർ എത്ര സന്തോഷത്തോടെയാണ് ഇവിടെ കഴിയുന്നത് എന്ന് അറിയുമോ , അവർ ഇവിടെ ജോലി ചെയ്യുന്നവരാണ് . പറയുമ്പോൾ സമ്പത്തുകൊണ്ട് അവർ അത്ര വലിയ ധനികർ ഒന്നുമല്ല . പക്ഷേ സ്നേഹം കൊണ്ട് അവർ മറ്റാരെക്കാളും കൂടുതൽ ധനികരാണ് . അവരുടെ ഇരുവരുടെയും ആകെയുള്ള സമ്പാദ്യം എന്ന് പറയുന്നത് അവരുടെ മൂന്നു മക്കളാണ് . ആ കുട്ടികൾ എന്നുവച്ചാൽ അവർക്ക് ജീവനാണ് .

അമ്മേ പണ്ടൊരിക്കൽ ഹരി മാമൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ‘ കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് എന്ന് ‘ അത് പവിഴത്തിന്റെയും മുരുകണ്ണന്റെയും കാര്യത്തിൽ വളരെ ശരിയാണ് . പക്ഷേ എന്റെ കാര്യത്തിൽ അത് തെറ്റായിപ്പോയി . ”

” ഇവൾക്കെന്താ വട്ടായിപ്പോയോ , ആകാശത്തുള്ള നക്ഷത്രങ്ങളെ നോക്കി സംസാരിക്കുന്നു ! ഇത് എനിക്കറിയുന്ന ശ്രുതി തന്നെയാണോ , ഇവൾക്ക് എന്താ പറ്റിയത് ? പെട്ടെന്ന് ഇത്രയ്ക്ക് ഡൗൺ ആവാൻ എന്താ കാരണം ? ”

കരച്ചിലിന്റെ വക്കത്ത് എത്തിനിൽക്കുന്ന ശ്രുതിയെ കണ്ടപ്പോൾ ആർമിക്ക് എന്തോ സഹിക്കാൻ കഴിഞ്ഞില്ല . അവനു അവളെ ഒന്ന് സാന്ത്വനിപ്പിക്കാൻ തോന്നി . പക്ഷേ അപ്പോഴേക്കും അവൾ വീണ്ടും ആകാശത്തെ നക്ഷത്രങ്ങളോട് സംസാരിച്ചു തുടങ്ങിയിരുന്നു .

” അമ്മേ , അമ്മയ്ക്ക് ഒരു കാര്യം അറിയുമോ , ഞാൻ ഈ നാട്ടിൽ വരുമ്പോൾ എനിക്കിവിടെ ആരുമുണ്ടായിരുന്നില്ല . പക്ഷേ ഓരോ സാഹചര്യത്തിലും എന്നെ സഹായിക്കാൻ ഒരുപാട് പേർ എത്തി . അപ്പോഴൊക്കെ എന്റെ മനസ്സ് എന്നോട് പറഞ്ഞത് എന്റെ അമ്മ എന്റെകൂടെ തന്നെ ഉണ്ടെന്നാണ് . ഹരിമാമ എന്താ പറഞ്ഞതെന്ന് അറിയോ , എന്റെ അമ്മ ചെയ്ത പുണ്യങ്ങൾ ആണ് എന്റെ രക്ഷയ്ക്കായി എത്തുന്നതെന്ന് . ദൈവത്തിന്റെ കൃപകൊണ്ട് ആണത്രേ എനിക്ക് ഇത്രയും സ്നേഹമുള്ള ആളുകളെ കിട്ടുന്നത് , ശരിയാണോ അമ്മേ , അത് ശരിയാണോ ?

അല്ല അമ്മേ , ഒരിക്കലും ശരിയല്ല . ഈ ഭൂമിയിൽ ദൈവങ്ങളില്ല . അതാണ് സത്യം അതുമാത്രമാണ് സത്യം . ഉണ്ടായിരുന്നെങ്കിൽ , എല്ലാവരും ഉണ്ടായിട്ടും എന്നെ ഒരു അനാഥയാക്കി മാറ്റില്ലായിരുന്നു . ( ശ്രുതി വിങ്ങി പൊട്ടി കരയാൻ തുടങ്ങി ) ഈ ഭൂമിയിൽ ദൈവങ്ങൾ ഉണ്ടായിരുന്നെങ്കിൽ എല്ലാവർക്കും നല്ലതു വരണം എന്ന് മാത്രം ആഗ്രഹിക്കുന്ന എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെടില്ലായിരുന്നു . അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടാതെ ഒരു പാഴ്ജന്മം ആയി എനിക്ക് വളരേണ്ടി വരില്ലായിരുന്നു .

ഇല്ല അമ്മേ , ഇപ്പോൾ ആരൊക്കെ കൂടെയുണ്ട് എന്ന് പറഞ്ഞാലും ഈ ജീവിതത്തിൽ ഞാൻ ഒറ്റയ്ക്കാണ് . എനിക്ക് ആരുമില്ല എന്നതാണ് സത്യം 😔 എനിക്ക് ആരുമില്ല അമ്മേ , മനസ്സു നോവുമ്പോൾ ഒന്ന് ചേർത്ത് പിടിക്കാൻ , കരയുമ്പോൾ ഒന്ന് കണ്ണീരൊപ്പാൻ , തളർന്നു വീഴുമ്പോൾ ഒരു താങ്ങായി നിൽക്കാൻ , അമ്മയുടെ മോൾക്ക് ആരുമില്ല . ഞാൻ ഇവിടെ ഒറ്റയ്ക്കാണ് . എന്തിനാ അമ്മേ , എന്നെ ഈ ലോകത്ത് ഒറ്റയ്ക്കാക്കി പോയത് 😣 . ”

അതും പറഞ്ഞ് ശ്രുതി നിലത്തുവീണ് പൊട്ടി കരയാൻ തുടങ്ങി . ഒരു കൊച്ചു കുഞ്ഞിനെ പോലെ ആർത്ത് കരയുന്ന അവളെ കണ്ടപ്പോൾ ആർമി സ്വയം മറന്ന് അവളിലേക്ക് ഓടിവന്നു . നിലത്തിരുന്ന് കരയുന്നവളുടെ മുഖം തന്റെ കൈകളാൽ കോരിയെടുത്തു , പെട്ടെന്ന് ശ്രുതി ഒന്ന് അമ്പരന്നെങ്കിലും ആർമിയെ കണ്ടപ്പോൾ അവൾ അവന്റെ നെഞ്ചിലേക്ക് വീണ് കരഞ്ഞു .

പാവം , ഉള്ളിൽ ഒത്തിരി വേദന അടക്കിപ്പിടിച്ച് നടക്കുവായിരുന്നെന്ന് അവളുടെ കണ്ണിൽ നിന്നും വീഴുന്ന ഓരോ ചുടുകണ്ണീരും മന്ത്രിച്ചുകൊണ്ടിരുന്നു . അവളുടെ ഇരു കണ്ണുകളും കരഞ്ഞു കരഞ്ഞു കലങ്ങിയിരിക്കുന്നു . അവളുടെ മുഖം വാടിപ്പോയ ഒരു താമരപ്പൂ പോലെ ക്ഷീണിച്ചിരുന്നു . തന്റെ മാറിലേക്ക് മുഖം പൊത്തി കരയുന്ന ശ്രുതിയെ കണ്ടപ്പോൾ ആർമിയുടെ ഹൃദയം വല്ലാതെ പിടഞ്ഞു . അപ്പോഴാണ് അവൻ ആ സത്യം മനസ്സിലാക്കിയത് , അവളുടെ നൊമ്പരം അവന്റെ യും കണ്ണു നിറച്ചു എന്നത് . അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ അവൻ മൗനമായി ഇരുന്നു . പെട്ടെന്ന് ശ്രുതി , ആ കരച്ചിലിനിടയിൽ അവനോട് സംസാരിക്കാൻ ശ്രമിച്ചു .

” അഭിയേട്ടാ …… എന്റെ അമ്മ …… എനിക്ക് ആരുമില്ല അഭിയേട്ടാ …… ”

അവൾ അതു പറഞ്ഞു മുഴുവൻ ആകുന്നതിനു മുമ്പ് അവൻ ഒരു കൈകൊണ്ട് അവളുടെ വാ പൊത്തി . എന്നിട്ട് മറുകൈ കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു . എന്നിട്ടവാളോടായി പറഞ്ഞു :

” നിനക്ക് ഞാനുണ്ട് , എന്നും ഞാൻ ഉണ്ടാകും കൂടെ നീ പറഞ്ഞപോലെ നിനക്ക് ഒരു താങ്ങായി തണലായി , നീയായിട്ട് എന്ന് എന്നെ നിന്നിൽ നിന്നും അകറ്റുന്നുവോ അന്നേ ഞാൻ നിന്നെ വിട്ടു പോകു ”

ഈ കാഴ്ചകൾ എല്ലാം കണ്ടുകൊണ്ട് പുറത്ത് പവിഴം നിൽക്കുന്നുണ്ടായിരുന്നു . നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് പവിഴം അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു താഴേക്കിറങ്ങി . ശ്രുതി യേയും അഭിയെയും ഭക്ഷണം കഴിക്കാൻ വിളിക്കാൻ പോയ പവിഴം തനിച്ചു തിരികെ വരുന്നത് കണ്ടപ്പോൾ മുരുകൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു .

” അഭി സാറും ശ്രുതി മോളും എവിടെ ? ”

” അവർ മുകളിൽ ഉണ്ട് , ഇപ്പോ അങ്ങോട്ട് പോവണ്ട . അവര് ഇങ്ങോട്ട് വന്നോളും ”

അതും പറഞ്ഞ് പവിഴം എല്ലാവർക്കും ഉള്ള ഫുഡ് വിളമ്പി വെക്കാൻ തുടങ്ങി . അല്പസമയത്തിനുശേഷവും അവരെ താഴേക്ക് കാണാതായപ്പോൾ മുരുകൻ മുകളിലേക്ക് പോകാൻ തുനിഞ്ഞു . അതുകണ്ട് പവിഴം മുരുകനെ വിലക്കി , എന്നിട്ട് മുകളിൽ നടന്ന കാര്യങ്ങളെല്ലാം മുരുകനോട് തുറന്നു പറഞ്ഞു .

” പാവം കുട്ടി . അതിനെ കണ്ടാൽ പറയുമോ ആരോരുമില്ലാത്തതാണെന്ന് . അഭി സാർ ആ കുട്ടിക്ക് ഒരു ജീവിതം കൊടുക്കാൻ തയ്യാറായത് തന്നെ വളരെ നല്ലൊരു കാര്യമാണ് . പക്ഷേ അഭി സാറിനെ വീട്ടിലുള്ളവർ ഇതറിഞ്ഞാൽ , ആ കുട്ടിയെ ദ്രോഹിക്കും ”

” ഇന്നലെ ഇവിടെ ശങ്കുണ്ണിനായർ ( അഭിയുടെ കുടുംബ കാര്യസ്ഥൻ ) വന്ന കാര്യം അഭിസാറോട് പറയേണ്ടതായിരുന്നു . ”

” അത് ശരിയാണ് , ഇന്നലെ അയാൾ ഇവിടെ വന്നപ്പോൾ ശ്രുതിയെയും അഭി സാറേയും ഒരുമിച്ച് കണ്ടതാണ് . ഇതെന്തായാലും അയാൾ അഭി സാറിന്റെ വീട്ടിൽ പറഞ്ഞിട്ടുണ്ടാവും . ഇനി അവിടെ നിന്ന് എപ്പോഴാ ഇങ്ങോട്ട് ഒരു പട വരുന്നത് എന്ന് മാത്രം നോക്കിയാൽ മതി . ”

” ഇന്നെന്തായാലും ഇത് അഭി സാറിനോട് പറയണ്ട , നാളെ രാവിലെ പറയാം ”

അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മുകളിൽ നിന്നും ശ്രുതിയുടെ കയ്യും പിടിച്ച് ഭക്ഷണം കഴിക്കാൻ താഴത്തേക്ക് വരുന്ന അഭിയെ അവർ കണ്ടത് . അവരെ കണ്ട ഉടനെ പവിഴവും മുരുകനും സംസാരം നിർത്തി അവരെ തന്നെ നോക്കിനിന്നു .

” മുരുകണ്ണ , ശരിക്കും അവർ നല്ല ജോഡികൾ ആണല്ലേ ”

” ശരിയാ പവിഴം ”

ശ്രുതിയുടെ മുഖം കരഞ്ഞ് ചുവന്നിരുന്നു . അഭിയുടെ മുഖവും ചുവന്നിരുന്നു . കാര്യം അറിയാവുന്നതു കൊണ്ട് പവിഴവും മുരുകനും അവരോട് ഒന്നും ചോദിക്കാൻ പോയില്ല . അവർ എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ മൗനമായിരുന്നു . എല്ലാവരുടെയും മൗനം കണ്ടിട്ടാകാം മക്കളും ഒന്നും മിണ്ടാൻ പോയില്ല . രാത്രി ഉറങ്ങാൻ പോകുമ്പോഴും എല്ലാവരും മൗനമായിരുന്നു .

അഭിയും ശ്രുതിയോടൊപ്പം അവളുടെ റൂമിലേക്ക് പോയി . സൈലന്റ് ആയിരിക്കുന്ന ശ്രുതിയെ കണ്ടപ്പോൾ ആർമി ക്കും ആകെ ടെൻഷനായി . അവൾ ആകെ മൂഡ് ഓഫ് ആണല്ലോ , ഇനി ഇപ്പോൾ എന്താ ചെയ്യുക ?

” അല്ല ശ്രുതി ഞാനൊരു കാര്യം ചോദിക്കട്ടെ ? ”

” എന്താ ”

” താനെന്താണ് പവിഴത്തിനോടും മുരുകണ്ണനോടും നമ്മുടെ റിലേഷനെ കുറിച്ച് പറഞ്ഞത് ? ”

അവളെ മൂഡോഫ് ഒന്ന് മാറ്റാം എന്ന് കരുതിയാണ് വേഗം വിഷയം മാറ്റി സംസാരിച്ചത് . പക്ഷേ അവൾ ഒരു മറുപടിയും തരാത്തത് കണ്ടപ്പോൾ ഞാൻ റൂമിൽ നിന്നും പുറത്തേക്ക് പോവാൻ തുടങ്ങിയപ്പോൾ അവൾ സംസാരിച്ചു തുടങ്ങി .

” എന്തിനാ അഭി ഏട്ടാ എന്റെ കൂടെ എപ്പോഴും ഒരു നിഴലായി ഇങ്ങനെ നിൽക്കുന്നത് ? ഞാൻ എത്രയൊക്കെ ആട്ടിട്ടും അകന്നു പോവാത്തത് ? ”

” അതിന് കാരണം എന്താണെന്ന് എനിക്കറിയില്ല ശ്രുതി . പക്ഷേ , എനിക്ക് ഒന്നറിയാം നീ എന്റെ കൂടെ ഉള്ളപ്പോൾ ഈ ഭൂമിയിൽ മറ്റാരെക്കാളും സന്തോഷം എന്റെ കൂടെയുണ്ട് . നീ എന്നിൽ നിന്നും അകന്നു പോകുമ്പോൾ ഞാൻ ആരുമില്ലാത്തവൻ ആയി മാറുന്നു ”

” ആർമി എന്താ ഇതൊക്കെ , എന്താ ഇതിന്റെ അർത്ഥം ”

” ഇതിന്റെ അർത്ഥം എന്താണെന്ന് എനിക്ക് പോലും അറിയില്ല , പക്ഷേ ഒന്നു ഞാൻ പറയാം നീ എപ്പോഴും ഹാപ്പിയായി ഇരിക്കുന്നത് കാണാനാണ് എനിക്കിഷ്ടം . നിന്റെ സങ്കടങ്ങൾ എന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട് . നിന്റെ സന്തോഷങ്ങൾ എന്നെ ഒരുപാട് സന്തോഷപെടുത്തുന്നുണ്ട് . ”

” അഭിയേട്ടാ എനിക്ക് കുറച്ച് ഡ്രിങ്ക്സ് തരൂമോ ? ”

” എന്ത് ? അതെന്തിനാ നിനക്ക് ? ”

” അതൊരു നല്ല മരുന്നാണ് . എല്ലാ വേദനകളും മറക്കാൻ ഉള്ള മരുന്ന് , തണുപ്പിൽ നിന്നും അതിജീവനം തേടാനുള്ള മരുന്ന് , അതൊന്ന് എനിക്ക് തരുമോ ”

” ശ്രുതി അത്ര നല്ലതല്ല , ആരോഗ്യത്തിന് കേടാണ് ”

” അഭിയേട്ടൻ കുടിക്കാറില്ലേ , പറ്റുമെങ്കിൽ എനിക്ക് കൂടെ തരുമോ , എനിക്ക് അഭിയേട്ടനോട് കുറച്ച് സംസാരിക്കാൻ ഉണ്ട് . അതിന് എനിക്ക് അതിന്റെ ആവശ്യമുണ്ട് ”

അവളോട് എത്ര വാധിച്ചിട്ടും ഒരു കാര്യവുമില്ല , അതുകൊണ്ട് ബംഗ്ലാവിൽ നല്ല അടിപൊളി വൈൻ ഉണ്ടായിരുന്നു . കുടിച്ചാൽ പെട്ടെന്ന് തന്നെ കിക്ക് ആവുന്ന നല്ല ഒന്നാന്തരം വൈൻ . ഞാൻ രണ്ടു ഗ്ലാസിൽ ഒഴിച്ച് അവൾക്ക് കൊടുക്കാൻ തുനിഞ്ഞപ്പോൾ അവൾ എന്റെ കയ്യിൽ നിന്നും ബോട്ടിൽ പിടിച്ചു വാങ്ങി ചിയേഴ്സ് പറഞ്ഞ് അടിക്കാൻ തുടങ്ങി . വൈനിന്റെ രുചി വിത്യാസം കാരണം അവളുടെ മുഖത്ത് പലതരത്തിലുള്ള എക്സ്പ്രഷൻസ് വരാൻ തുടങ്ങി . അല്ലെങ്കിലും അടിച്ച് ഫിറ്റായി കഴിഞ്ഞാൽ ശ്രുതി പിന്നെ കുട്ടി കുറുമ്പി ആണ് . അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ക്യൂട്ട്നസ് ഒന്നുകൂടി കൂടിയ പോലെ എനിക്ക് തോന്നി .

” ഓയ് ആർമി , ഇതാരെ നോക്കി നിൽക്കുവാ ? ”

അടിപൊളി … പെണ്ണ് ഫിറ്റ് ആയെന്നു തോന്നുന്നു .

” ആരെയും നോക്കിയില്ല ഉണ്ണിയാർച്ചേ ”

” അതെയ് ഒന്നിങ്ങു വന്നേ ”

” എന്താണാവോ ? ”

” വേറൊന്നുമല്ല , എനിക്ക് ഒരു വല്ലാത്ത സംശയം ”

” എന്ത് സംശയം ? ”

” ആരാ അഞ്ചു ??? ”

ആ പേരു പറഞ്ഞപ്പോൾ ആർമിയുടെ മുഖത്ത് വീണ്ടും ദേഷ്യം വന്നു .

” ദേഷ്യമൊക്കെ കയ്യിൽ വച്ചാൽ മതി , കണ്ണുരുട്ടി പേടിപ്പിക്കണ്ട എനിക്ക് പേടി ആവുന്നില്ല , എനിക്കിന്ന് അറിയണം ആരാ അഞ്ചു ”

” നിന്നോട് ഞാൻ അന്ന് പറഞ്ഞതല്ലേ അതെന്റെ അങ്കിളിന്റെ മോള് ആണെന്ന് ”

” അങ്കിളിന്റെ മോള് വിളിച്ചിട്ട് അഭിയേട്ടൻ എന്താ ഫോൺ എടുക്കാത്തെ ? ”

” എനിക്ക് അവളെ ഇഷ്ടമല്ലത്തതുകൊണ്ട് ”

” അതെന്താ അവളെ ഇഷ്ടം അല്ലാതത് ? ”

” നിനക്കിപ്പോ എന്തൊക്കെയാണ് അറിയേണ്ടത് ? ”

” ദേ അഭിയേട്ടാ , മര്യാദയ്ക്ക് ഞാൻ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലെങ്കിൽ ……….. ? ”

” ഇല്ലെങ്കിൽ ??? ഇല്ലെങ്കിൽ നീ എന്ത് ചെയ്യും ??? ”

” ഞാൻ ഇപ്പോൾ ഈ വീട്ടിൽ നിന്ന് ഇറങ്ങി പോകും ”

” ആഹാ ബെസ്റ്റ് , നീ ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഇറങ്ങി പോയാൽ നാളെ സൂര്യോദയം കാണാൻ മോള് ബാക്കി ഉണ്ടാവില്ല ”

” അതെന്താ എന്നെ കടുവ പിടിക്കുമോ ? ”

” ഹേയ് മൃഗങ്ങളെയൊന്നും നിന്നെ ഒന്നും ചെയ്യില്ല . കാരണം അവർക്ക് പ്രേതങ്ങളെ പേടിയാണ് 😆😉 . ”

” അഭിയേട്ടാ 😡😡😡 ”

” കിടന്ന് ഒച്ഛ ഇടാതിരി , പവിഴവും മുരുകനും കേൾക്കും ”

” ഞാനിപ്പോ ഒച്ചയും വിളിയും ഉണ്ടാകും ”

” എന്റെ പൊന്നു ശ്രുതി ചതിക്കല്ലേ , അവരുടെ മുന്നിൽ ഒക്കെ എനിക്ക് ഒരു ഇമേജ് ഉള്ളതാണ് . നീ ആയിട്ട് അത് ഇല്ലാതാക്കരുത് ”

” ഇല്ല ഞാൻ ബഹളം വെക്കില്ല , എന്നാ എന്നോട് പറ , എന്തുകൊണ്ടാണ് അഞ്ജുവിനെ ഇഷ്ടമല്ലാത്തത് ? ”

” അതൊക്കെ ഞാൻ നിന്നോട് പറഞ്ഞു തരാം . അതുപോലെ എനിക്കൊരു കാര്യം അറിയണം , നിന്നോട് ചോദിക്കരുതെന്ന് കരുതിയതാണ് . പക്ഷേ , എന്തോ നിന്റെ വിഷമങ്ങൾ കാണുമ്പോൾ അറിയാൻ തന്നെ തോന്നുന്നു . ഒരു പക്ഷേ എനിക്ക് നിന്റെ എല്ലാ വിഷമങ്ങൾക്കും പരിഹാരം കാണാൻ കഴിഞ്ഞാലോ ? ”

” എന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം എന്റെ മരണമാണ് . എന്താ പരിഹാരം കണ്ടെത്തി തരാമോ ”

” ശ്രുതി … ”

” ഒച്ച എടുക്കണ്ട . എന്റെ ഒരു പ്രശ്നത്തിനും ആർക്കും ഒരു പരിഹാരവും കണ്ടെത്താൻ കഴിയില്ല . പിന്നെ എന്റെ പ്രശ്നങ്ങൾ എന്താണെന്ന് ഒക്കെ ആരോടും പറയുന്നത് എനിക്കിഷ്ടമല്ല . അത് വേറൊന്നും കൊണ്ടല്ല , എല്ലാം അറിഞ്ഞു കഴിഞ്ഞാൽ അവർ ഒരു തരം ചീപ്പ് സിമ്പതി എന്നോട് കാണിക്കും . അതെനിക്കിഷ്ടമല്ല ”

” എന്നെയും നീ അങ്ങനെയാണോ കാണുന്നത് ? ”

കുറച്ചു വേദനയോടെ കൂടി തന്നെയാണ് ഞാനവളോട് ചോദിച്ചത് .

” അല്ല അഭിയേട്ടാ , അങ്ങനെയൊക്കെ കരുതി അകറ്റിനിർത്താനാണ് ഞാൻ ആദ്യമൊക്കെ ആഗ്രഹിച്ചത് , പക്ഷെ ഇപ്പൊ എന്തുകൊണ്ടോ എനിക്ക് അതിന് കഴിയുന്നില്ല ”

” എന്നുവച്ചാൽ ????? ”

” എനിക്കറിയില്ല അഭിയേട്ടാ നിങ്ങൾ എനിക്ക് ആരാണെന്ന് . ഓരോ തവണയും ആരുമല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും , എന്റെ ആരൊക്കെയോ ആണെന്ന് മനസ്സ് എപ്പോഴും എന്നോട് തിരിച്ചു പറയും . എന്താ അഭിയേട്ടാ അങ്ങനെ ? ”

അവൾ അത് എന്റെ മുഖത്തുനോക്കി പറഞ്ഞപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി . ഒപ്പം ഒത്തിരി സന്തോഷവും .

” ഒരു പക്ഷേ നമ്മൾ തമ്മിൽ എന്തെങ്കിലും മുജ്ജന്മ ബന്ധം ഉണ്ടെങ്കിലോ ? ”

” അഭിയേട്ടന് അതിലൊക്കെ വിശ്വാസം ഉണ്ടോ ? ”

” ഇല്ലായിരുന്നു . ഇപ്പോൾ ഉണ്ട് . നിന്നെ ഞാൻ അന്നാദ്യമായി കണ്ടത് നിനക്ക് ഓർമ്മയുണ്ടോ ”

” അന്ന് അവന്മാര് ഉപദ്രവിക്കാൻ വന്നപ്പോൾ അല്ലേ ? അതിനുശേഷം പലപ്പോഴും ആർമി ശരിക്കും എന്റെ രക്ഷകനായി വന്നിരുന്നു ”

” അന്നാണ് ഒരുപക്ഷേ നമ്മൾ ആദ്യമായി കണ്ടത് , പക്ഷേ നിന്റെ ഈ മുഖം ഞാൻ പണ്ടെപ്പോഴോ കണ്ടു മറന്നത് പോലെ എനിക്ക് തോന്നുന്നു ”

” അഭിയേട്ടാ ഞാൻ ഫിറ്റ് ആണെന്ന് കരുതി ഇങ്ങനെ വെടി പൊട്ടിക്കരുത് ”

” അല്ല ശ്രുതി ഞാൻ പറഞ്ഞത് സത്യമാണ് . നിനക്ക് അങ്ങനെ ഒരു ഫീൽ തോന്നിയില്ലെങ്കിൽ കുഴപ്പമില്ല . എനിക്ക് എന്തുകൊണ്ടാണ് അങ്ങനെ തോന്നിയത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല ”

” അതൊക്കെ പോട്ടെ അഭിയേട്ടന്റെ വീട്ടിൽ ആരൊക്കെയുണ്ട് ? ”

” അതൊക്കെ നീ അധികം വൈകാതെ തന്നെ അറിയും . നിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ? ”

” ആരുമില്ല . അതുകൊണ്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത് ? ”

” ആരുമില്ലെന്ന് പറയുമ്പോൾ ? ”

” എന്നോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കണം എന്ന് ഉണ്ടല്ലോ , പക്ഷേ എന്നെ വേദനിപ്പിക്കണ്ടെന്നു കരുതി ചോദിക്കാതിരിക്കുകയാണ് അല്ലേ ”

” എന്താ നിനക്ക് അങ്ങനെ തോന്നിയോ ? ”

” തോന്നി … തോന്നൽ അല്ല അതാണ് സത്യം . അഭിയേട്ടാ , എനിക്കും എല്ലാവരെയും പോലെ അച്ഛനും അമ്മയും ഉണ്ടായിരുന്നു . അമ്മ മരിച്ചുപോയി . അച്ഛൻ ഇപ്പോഴും സുഖമായി ജീവിക്കുന്നു . ”

” എന്നിട്ടും നീ എന്താ നിന്റെ അച്ഛന്റെ അടുത്തേക്ക് പോകാത്തത് ? ”

” അച്ഛനെ എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് ”

പെട്ടെന്ന് അവളിൽ നിന്ന് അങ്ങനെ ഒരു മറുപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ ഒരു ഞെട്ടലോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി .

” നോക്കണ്ട സത്യം പറഞ്ഞതാണ് , എനിക്ക് എന്റെ അച്ഛനെ ഇഷ്ടമല്ല . ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരൻ ഒരുപക്ഷേ എന്റെ അച്ഛനാണ് . എനിക്കും ഹരി മാമക്കും മാത്രമേ ഇത് അറിയുകയുള്ളൂ . ഇപ്പോൾ ഇത് അഭിയേട്ടനും അറിയാം . ”

” ശ്രുതി നീ എന്തൊക്കെയാ ഈ പറയുന്നത് ? ”

” സത്യം മാത്രമാണ് അഭിയേട്ടാ . തൽക്കാലം ഒന്നു മാത്രം ഞാൻ പറയാം , എനിക്ക് എന്റെ അച്ഛനെ വെറുപ്പാണ് അതിനേക്കാളേറെ പേടിയാണ് ”

” എന്തിനാ നീ പേടിക്കുന്നത് ? ”

” ഇപ്പൊ അഭിയേട്ടൻ എന്നോടൊന്നും ചോദിക്കരുത് . ഇപ്പോൾ അഭിയേട്ടന്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ ഉള്ളത് . എന്നെക്കുറിച്ച് കുറച്ചെങ്കിലും അഭിയേട്ടൻ അറിയണം എന്ന് എനിക്ക് തോന്നി . ”

അത്രയും പറഞ്ഞ് അവൾ വളരെ ശാന്തമായി കട്ടിലിലേക്ക് വീണു . ഉറക്കത്തിലും എന്തൊക്കെയോ പിച്ചും പേയും വിളിച്ചു പറയുന്നുണ്ട് . പിന്നെ ചെറുതായൊന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ വളരെ ശാന്തമായി ഉറങ്ങാൻ തുടങ്ങി .

ശ്രുതി നീയെനിക്കെപ്പോഴും ഒരു ചോദ്യ ചിഹ്നമായിരുന്നു . അയക്കാൻ ശ്രമിക്കുന്തോറും വീണ്ടും കെട്ടി കുടുങ്ങുന്ന ഒരു കടങ്കഥ പോലെയാണെന്ന് സാരം . പക്ഷേ ഇന്നല്ലെങ്കിൽ മറ്റൊരു നാൾ നീയെന്ന കടംകഥയെ ഞാൻ പൂർണമായി മനസ്സിലാക്കുക തന്നെ ചെയ്യും . നിന്നെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും എനിക്കറിയണം . ഇനി അതിനായി കാത്തിരിക്കാൻ ഞാൻ തയ്യാറല്ല . കണ്ടുപിടിക്കും ഞാൻ നിന്റെ എല്ലാ പ്രശ്നങ്ങളും .

അത്രയും പറഞ്ഞ് ഒരു ദൃഢനിശ്ചയത്തോടെ ആർമി അവളുടെ റൂമിൽ നിന്നും ഇറങ്ങി പോയി .
പിറ്റേദിവസം ബംഗ്ലാവിൽ നേരം പുലർന്നത് തന്നെ ഒരു അതിഥി യുടെ വരവോട് കൂടിയാണ് .

( തുടരും )

Read complete ശ്രുതി Malayalam online novel here

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!