Skip to content

ശ്രുതി – 45

ശ്രുതി Malayalam Novel

എല്ലാവർക്കും ഉള്ള ചായ മേശപ്പുറത്തു വച്ചതിനു ശേഷം തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് . അടുക്കള പുറത്തു നിന്ന് ഒരാർപ്പ് കേട്ടത് . കേട്ടപാതി കേൾക്കാത്തപാതി എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി . പുറത്തേക്ക് ചെല്ലുമ്പോഴാണ് ഞങ്ങൾ കണ്ടത് ചപല കൂട്ടിയിട്ട് കത്തിച്ചു കൊണ്ടിരുന്ന സീതമ്മയുടെ സാരിക്ക് തീ പിടിച്ചിരിക്കുന്നു . അവർ തീകെടുത്താൻ കഴിയാതെ ഉറക്കെ നിലവിളിക്കുകയാണ് . അത് കണ്ടപാടെ ഞാനും ഉച്ചത്തിൽ നിലവിളിച്ചു കരഞ്ഞു .
“അമ്മേ ……… ” എന്നു വിളിച്ചുകൊണ്ട് ഞാനും താഴേക്ക് നിലംപതിച്ചിരുന്നു . ആളിക്കത്തുന്ന അഗ്നി കണ്ടതോടെ എന്റെ കണ്ണിൽ ഇരുട്ട് കയറി . എന്റെ കണ്ണുകൾ അബോധാവസ്ഥയിലേക്ക് വഴി മാറുമ്പോൾ ഞാൻ കണ്ടു ആരൊക്കെയോ ചേർന്ന് അവരുടെ ദേഹത്തേക്ക് വെള്ളം കോരി ഒഴിക്കുന്നത് ……….

ബോധം തെളിഞ്ഞ് കണ്ണുതുറക്കുമ്പോൾ ഞാൻ ആർമിയുടെ മുറിയിലായിരുന്നു . ഉണർന്ന പാടെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും തലക്ക് ശക്തമായ ഭാരം അനുഭവപ്പെട്ടതിനാൽ അവിടെ തന്നെ ഇരുന്നു . അപ്പോഴാണ് ആർമി റൂമിലേക്ക് കയറി വന്നത് .

” ഹാ , താൻ എഴുന്നേറ്റോ ? ഇപ്പൊ എങ്ങനെയുണ്ട് ശ്രുതി ? ”

” എനിക്ക് കുഴപ്പമൊന്നുമില്ല ”

തലയിൽ കൈവെച്ചു കൊണ്ട് ഞാൻ പതിയെ പറഞ്ഞു . ഞാൻ സീതമ്മയുടെ കാര്യം ചോദിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ആർമി സംസാരിക്കാൻ തുടങ്ങി .

” ഞാനാകെ ടെൻഷനായി . ഡോക്ടർ പറഞ്ഞത് പെട്ടെന്നുണ്ടായ ഷോക്ക് കൊണ്ടാണ് താൻ തലകറങ്ങി വീണത് എന്നാണ് ”

” സീതമ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട് ? നല്ലോണം പൊള്ളിയോ ? ”

” ഏയ് ഇല്ലെടോ അതിനു മാത്രം ഒന്നും പറ്റിയിട്ടില്ല . സാരി കത്തി കയ്യിലേക്ക് ആണ് വീണത് . അതുകൊണ്ട് വലതു കൈക്ക് കുറച്ചു കൂടുതൽ പൊള്ളൽ ഉണ്ട് . വേറെ എവിടെയും കാര്യമായിട്ട് പൊള്ളിയില്ല എന്ന് തോന്നുന്നു ”

” അഭിയേട്ടാ എനിക്ക് സീതമ്മയെ ഒന്ന് കാണണം ”

” ശ്രുതി അവര് ഹോസ്പിറ്റലിൽ പോയിരിക്കുകയാണ് . വന്ന ഉടനെ പോയി കാണാം . താൻ ഇപ്പോൾ കുറച്ചു നേരം റസ്റ്റ് എടുക്കു ”

” എനിക്ക് അതിനുമാത്രം കുഴപ്പമൊന്നുമില്ല . ഞാൻ താഴേക്ക് പോവുകയാണ് ”

അത്രയും പറഞ്ഞു കൊണ്ട് ഞാൻ വേഗം കട്ടിലിൽ നിന്ന് ചാടിയിറങ്ങി നേരെ ഹാളിലേക്ക് പോയി . ഹോളിൽ നിന്നും പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ഞാൻ . ആരെയും കാണാഞ്ഞപ്പോൾ ഞാൻ നിരാശയോടെ ഹോളി ലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു . അതു കണ്ടപ്പോൾ ആർമി വേഗം എന്റെ അടുത്തേക്ക് വന്നു .

” എന്റെ പൊന്നു ശ്രുതി , നീ ഇതാരെ നോക്കി നിൽക്കുവാ ? ”

” അത് ഞാൻ …. അവരെന്താ ഹോസ്പിറ്റലിൽ പോയി വരാൻ ഇത്രയും വൈകുന്നത് ? ”

” ആ ഇതാ പോ നന്നായത് , അവര് പിക്നിക്കിനു പോയതല്ല ഹോസ്പിറ്റലിൽ പോയതാണ് . വരാൻ അല്പം വൈകും ”

അപ്പോഴാണ് ഒരു കാർ മുറ്റത്ത് വന്ന് നിന്നത് . അതിൽ നിന്നും ഇറങ്ങുന്ന സീതമ്മയെ കണ്ടപ്പോൾ പെട്ടെന്ന് എന്തോ ഒരു സന്തോഷം തോന്നി . ഞാൻ വേഗം ഓടി പോയവരെ കെട്ടിപ്പിടിച്ചു . അവരും എന്നെ ഇടത് കൈ കൊണ്ട് ചേർത്തുപിടിച്ചു . പാവം വലതു കൈ നന്നായി പൊള്ളിയിരിക്കുന്നു . അതുകണ്ടപ്പോൾ എന്തുകൊണ്ടോ എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞുകൊണ്ടിരുന്നു . ഞാൻ അവരെയും കൂട്ടി പതിയെ ഹാളിലേക്ക് നടന്നു . അവിടെ എല്ലാവരും നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ സീതമ്മയെ സോഫയിൽ ഇരുത്തിയതിനുശേഷം അവർക്ക് കുടിക്കാൻ വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയി .

അഞ്ജലിയും സുപ്രിയ ആന്റിയും അടക്കം ആ കുടുംബത്തിലെ എല്ലാവരും അപ്പോഴേക്കും ഹോളിലേക്ക് വന്നിരുന്നു .

” ഇപ്പോൾ എങ്ങനെയുണ്ട് സീതേ ? ”

മുത്തശ്ശൻ ആണ് സീതമ്മയോട് ചോദിച്ചത് . മുത്തശ്ശന്റെ കൂടെ മുത്തശ്ശിയുണ്ടായിരുന്നു .

” കയ്യിമേല് നല്ല പുകച്ചിൽ ഉണ്ട് ”

സീതമ്മ അവരുടെ കയ്യിലേക്ക് നോക്കി വേദനയോടെ പറഞ്ഞു .

” വേദനയുണ്ടെങ്കിൽ കണക്കായിപ്പോയി ”

പെട്ടെന്ന് എല്ലാവരെയും ചൊടിപ്പിച്ചുകൊണ്ട് അഞ്ജലിയുടെ സ്വരം അവിടെ മുഴുവൻ പ്രകമ്പനം കൊണ്ടു . അവളുടെ അമ്മ ഒഴികെ ബാക്കിയെല്ലാവരും അവളെ അല്പം നീരസത്തോടെ ആണ് നോക്കുന്നത് . താൻ പറഞ്ഞത് തെറ്റായിപ്പോയെന്ന് മറ്റുള്ളവരെ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കിയ അഞ്ജലി പെട്ടെന്ന് മുത്തശ്ശന്റെ അടുത്തേക്ക് വന്ന് മയത്തിൽ സംസാരിക്കാൻ തുടങ്ങി .

” അല്ലാതെ ഞാനെന്തു പറയാനാ മുത്തച്ചാ , ഈ സീതമ്മ തന്നെയാണ് ശ്രുതിക്ക് അഭിയുടെ റൂമിൽ കഴിയാനുള്ള സൗകര്യം ഒരുക്കി കൊടുത്തത് . അവർ രണ്ടുപേരും ഒരു റൂമിൽ കഴിയാൻ കാരണവും ഇവർ തന്നെയാണ് . ഇവിടെന്താ മറ്റു റൂം ഒന്നും ഇല്ലാത്തതു കൊണ്ടാണോ ? ”

ഇതെല്ലാം കേട്ടുകൊണ്ട് ശ്രുതിയും അഭിയും അടുക്കളയിൽ നിന്നും ഹാളിലേക്ക് കടക്കുന്ന വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു . അഞ്ജലി പറഞ്ഞത് കേട്ട് അഭിയുടെ അമ്മയുടെയും ചെറിയമ്മയുടെയും മനസ്സ് അൽപം വേദനിച്ചു എന്ന് പെട്ടെന്നുള്ള അവരുടെ ഭാവമാറ്റത്തിന് നിന്ന് മനസ്സിലാക്കാം . അല്ലെങ്കിൽ ഈ അഞ്ജലിക്ക് എന്താ ഒട്ടും വിവരമില്ലേ , ഇങ്ങനെ ഒരു സിറ്റുവേഷനിൽ ആണോ ഇതൊക്കെ പറയേണ്ടത് ?
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

” എന്താ സീതേ അഞ്ജലി പറഞ്ഞത് ശരിയാണോ ? ”

മുത്തശ്ശൻ സീതമ്മയോട് ചോദിച്ചു .

” അല്ല തമ്പുരാനേ , അഞ്ജലി കുഞ്ഞ് പറഞ്ഞത് മുഴുവൻ ശരിയല്ല ”

സീതയും അഞ്ജലി പറഞ്ഞതിനെ എതിർത്ത് കൊണ്ടാണ് സംസാരിച്ചത് .

” മുത്തശ്ശ , ഇവൾ കള്ളം പറയുകയാണ് ? ”

അഞ്ജലി കോപത്തോടെ സീതയുടെ നേരെ അലറി .

” അല്ല തമ്പുരാനെ ഞാൻ സത്യമാണ് പറഞ്ഞത് . അഭിയും കുഞ്ഞും ശ്രുതി മോളും ഒരു റൂമിലാണ് കിടക്കുന്നത് എന്നാണ് പുറത്തുനിന്നു നോക്കുന്ന ഒരാൾക്ക് തോന്നുക . എന്നാൽ അവർ ഇരുവരും രണ്ടു റൂമിലാണ് കിടക്കാറ് ”

” ഇന്നലെ കയറിവന്നവൾക്ക് വേണ്ടി നീ മുത്തശ്ശനോട്‌ കള്ളം പറയുന്നോ ? ”

എന്നും പറഞ്ഞുകൊണ്ട് അഞ്ജലി സീതയുടെ പ്രായം പോലും നോക്കാതെ അവരുടെ മുഖത്തിനു നേരെ കൈ ഓങ്ങി . എല്ലാവരും അഞ്ജലിയുടെ ആ പ്രവർത്തിയിൽ ഞെട്ടലോടെ നിൽക്കുകയാണ് . എന്നാൽ അഞ്ജലിയുടെ കൈ സീതയുടെ മുഖത്ത് പതിക്കുന്നതിനു മുമ്പ് ഒരാൾ അവളുടെ കയ്യിൽ ബലമായി തടഞ്ഞു . അതുകണ്ടപ്പോൾ മുത്തശ്ശൻ ആശ്വാസത്തോടെ അഞ്ജലിയെ തടഞ്ഞ ആ കയ്യിന്റെ ഉടമയെ നോക്കി .

“” ശ്രുതി “””

അവിടെ കൂടി നിന്നവരുടെ എല്ലാവരുടെ നാവും ഒരുപോലെ ആ പേര് പറഞ്ഞു . അതു കണ്ടതോടെ അഞ്ജലി കോപത്തോടെ ശ്രുതിക്ക് നേരെ ചീറ്റാൻ തുടങ്ങി .

” എന്റെ കയ്യിൽ കയറി പിടിക്കാൻ മാത്രം നിനക്കെന്ത് ധൈര്യം ആടി ”

” ഒരു തെറ്റും ചെയ്യാത്ത സീതമ്മക്ക് നേരെ അവരുടെ പ്രായം പോലും നോക്കാതെ കൈ ഉയർത്താൻ നീ കാണിച്ച അതേ ധൈര്യം തന്നെയാണിത് ”

ശ്രുതിയും കോപത്തോടെ തന്നെയാണ് അഞ്ജലിയോട് അത് പറഞ്ഞത് . അത് കണ്ടപ്പോൾ ആർമിയുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു . അഞ്ജലി ഇന്ന് ശ്രുതിയുടെ കയ്യിൽ നിന്നും കണക്കിന് വാരിക്കൂട്ടുമെന്ന് അവന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു .

” ഡീ … നീ ആരാണെന്നാണ് നിന്റെ വിചാരം ? എന്നെ സംബന്ധിച്ചിടത്തോളം നീയുമീ അടുക്കളക്കാരിയും ഒക്കെ ഒരുപോലെയാണ് ”

ചീറി വന്ന അഞ്ജലിയുടെ വാക്കുകൾ അവിടെയുള്ള എല്ലാവരെയും ചൊടിപ്പിച്ചു കൊണ്ടിരുന്നു . എന്നാൽ ഞാൻ അതൊന്നും വകവെക്കാതെ സീതയ്ക്ക് എന്റെ കയ്യിലുണ്ടായിരുന്ന ഒരു ക്ലാസ്സ്‌ വെള്ളം കുടിക്കാനായി കൊടുത്തു . അവൾക്ക് മറുപടിയൊന്നും കൊടുക്കാതിരിക്കുന്ന എന്നെ കണ്ടപ്പോൾ അത് അവളെ കൂടുതൽ ചൊടിപ്പിച്ചു . അവൾ പാഞ്ഞുവന്നു സീതമ്മ കുടിച്ചുകൊണ്ടിരുന്ന ക്ലാസിലെ വെള്ളം തട്ടിത്തെറിപ്പിച്ചു . അത് കണ്ടതും എന്റെ കൺട്രോൾ മുഴുവൻ പോയി . അവളുടെ കരണം അടിച്ചു ഞാൻ ഒന്ന് പൊട്ടിച്ചു . വേദന കൊണ്ട് അവളുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി . ഒരു പക്ഷേ ജീവിതത്തിൽ ആദ്യമായിട്ടാവും അവൾക്ക് ഇങ്ങനെ ഒരു അടി കിട്ടുന്നത് . അതിന്റെ ഒരു കുറവും അവൾക്കുണ്ടായിരുന്നു .

” ഡീ നീയെന്നെ തല്ലിയല്ലേ ? ”

” ആ തല്ലി , എന്തേ തമ്പുരാട്ടിക്ക് നൊന്തോ ? ”

” ഡീ ”

എന്ന് അലറി കൊണ്ട് അവൾ എന്റെ കഴുത്തിന് നേരെ പിടിമുറുക്കാൻ ആയി വന്നു . അവളുടെ ആ മൂവ്മെന്റ് മനസ്സിലാക്കിയ ഉടനെ തന്നെ ഞാൻ അവളുടെ ഇരു കൈകളും പിറകിലേക്ക് ബ്ലോക്ക് ചെയ്തു . ഒന്ന് അനങ്ങാൻ പോലും കഴിയാതെ അവൾ കെട്ടിയിട്ട ഒരു നായക്കുട്ടിയെ പോലെ എനിക്ക് നേരെ കടിച്ചുകീറാൻ ആയി ചാടിക്കളിക്കുന്നുണ്ട് . അപ്പോൾ അത് കണ്ടതോടെ അവളുടെ തള്ളയും എനിക്ക് നേരെ വന്നു . ഞാൻ വിചാരിക്കുവായിരുന്നു ഇതുവരെ ഇവരെന്താ അനങ്ങാതെ നിന്നത് എന്ന് ?

” എടീ … നിനക്കെത്ര ധൈര്യം ഉണ്ടായിട്ടാ എന്റെ മക്കളുടെ മേൽ കൈവെച്ചത് ”

അവർ അതും പറഞ്ഞ് എന്റെ നേരെ അടുത്തു വന്നപ്പോൾ . അഭി അവരെ തടഞ്ഞു .

” ആന്റി ഇത് എങ്ങോട്ടാ പോകുന്നത് , അത് അവർ തമ്മിലുള്ള പ്രശ്നം അല്ലേ , അത് അവർ തന്നെ തീർത്തോളും ”

അഭി അവരെ പിടിച്ചു നിർത്തിയപ്പോൾ അവർ ദേഷ്യത്തോടെ അവനെയും എന്നെയും മാറിമാറി നോക്കി . അഞ്ചലി എനിക്ക് നേരെ കുതറി മാറാൻ ശ്രമിച്ചപ്പോൾ ഞാൻ അവളുടെ മുട്ടുകാലിന് പിറകിൽ ഒരു ചവിട്ടു കൊടുത്തു . ചവിട്ടു കിട്ടിയതും അവൾ താഴേക്ക് മുട്ടുകുത്തി ഇരുന്നുപോയി . എന്നോട് ബലം പിടിച്ച് ഒരു കാര്യം ഇല്ല എന്ന് മനസ്സിലായപ്പോൾ അവൾ തന്നെ സ്വയം കണ്ട്രോൾ ചെയ്തു താഴെ നല്ല കുട്ടിയായിരുന്നു . അപ്പോഴും ആ വീട്ടിലുള്ളവർ മൗനമായി ഞങ്ങളെ തന്നെ നോക്കി നിൽക്കുകയായിരുന്നു .

” എന്താ അങ്കിൾ ഇത് ? എന്റെ മകളെ എവിടെനിന്നോ വന്ന ഒരു പെണ്ണ് തല്ലുന്നത് കണ്ടിട്ടും നിങ്ങളൊക്കെ മൗനമായി നിൽക്കുകയാണോ ? ”

സുപ്രിയ ദേഷ്യത്തോടെ മുത്തശ്ശന് നേരെ പാഞ്ഞടുത്തു . അതുകേട്ടപ്പോൾ മുത്തശ്ശൻ ശ്രുതിയോട് സംസാരിക്കാൻ തുടങ്ങി .

” കുട്ടി , അഞ്ജലിയെ വിടു ”

പ്രൗഢഗംഭീരമായ ആ മുഖത്തു നിന്നും വളരെ സൗമ്യമായ ആ വാക്കുകൾ വന്നപ്പോൾ ശ്രുതി അറിയാതെ തന്നെ അഞ്ജലിയുടെ മേലുള്ള അവളുടെ പിടുത്തം അ ഴിഞ്ഞിരുന്നു . ശ്രുതി അപ്പോഴും മുത്തച്ഛന്റെ മുഖത്തേക്ക് നോക്കി നിൽക്കായിരുന്നു .

” മുത്തശ്ശാ അവളെന്നെ ….. ”

അഞ്ജലി എന്തോ പറയാൻ തുടങ്ങിയെങ്കിലും , മുത്തശ്ശൻ അവളെ പറഞ്ഞു മുഴുവനാക്കാൻ അനുവദിച്ചില്ല .

” മതി അഞ്ജലി . നീ ഇപ്പൊ എന്തൊക്കെ ഇവിടെ കാട്ടിക്കൂട്ടിയത് ? സാഹചര്യവും സന്ദർഭവും നോക്കാതെ നീ പെരുമാറരുത് ”

മുത്തശ്ശൻ അല്പം ദേഷ്യത്തോടെ തന്നെ അവളെ ശാസിച്ചു . അത് അവളിൽ ഒന്നുകൂടെ ദേഷ്യം ഉണർത്തി .

” ഇപ്പൊ നമ്മൾ സീതയ്ക്ക് വേണ്ടി ഇനി എന്ത് ചെയ്യാൻ പറ്റും എന്നാണ് നോക്കേണ്ടത് ? ”

മുത്തശ്ശിയുടെ ശബ്ദം അപ്പോഴാണ് ഉയർന്നുകേട്ടത് . അതും സീതമ്മയ്ക്ക് വേണ്ടി . ശ്രുതിയും മറ്റുള്ളവരും അത് ശരിവെച്ചു തലയാട്ടി .

” ഇവൾക്കുവേണ്ടി ഇനി എന്ത് ചെയ്യാനാ ? ഇവളെ വേഗം തന്നെ ഇവിടെ നിന്ന് പറഞ്ഞു അത്രതന്നെ ”

അഞ്ജലി വീണ്ടും അവളുടെ തിരുവാ തുറന്നു . അത് ഞാൻ ഉൾപ്പെടെ മറ്റുള്ളവരെയും രോഷാകുലരാക്കി . മുത്തശ്ശിയുടെ ഭാഗത്തും ദേഷ്യം വരുന്നത് കണ്ടാ അഞ്ജലി വേഗം മയത്തിൽ സംസാരിക്കാൻ തുടങ്ങി .

” അത് … അത് പിന്നെ … ഞാൻ വേറൊന്നും അല്ല ഉദ്ദേശിച്ചത് … ഇവർക്ക് ഇനി പണിക്ക് വരാൻ കഴിയില്ലല്ലോ … അതുകൊണ്ട് അസുഖമൊക്കെ മാറുന്നതുവരെ ഇവർ ഇവരുടെ വീട്ടിൽ പോയി നിന്നോട്ടെ ”

അവൾ അങ്ങനെ പറഞ്ഞതും സീതമ്മയുടെ മുഖമൊന്ന് വാടി . അത് കണ്ടപ്പോൾ എനിക്ക് വീണ്ടും ദേഷ്യം വന്നു . അത് പറ്റില്ല എന്ന് പറഞ്ഞാലോ , അല്ലെങ്കിൽ തന്നെ അതൊക്കെ പറയാൻ തനിക്ക് ഈ കുടുംബത്തിൽ എന്ത് സ്ഥാനമാണുള്ളത് എന്ന് സ്വയം ചിന്തിച്ചപ്പോൾ മൗനം ആയിരിക്കാൻ തോന്നി . എന്റെ മനസ്സിനുള്ളിലെ ദുഃഖം മനസ്സിലാക്കിയെന്നോണം അഭി സംസാരിക്കാൻ തുടങ്ങി .

” ഇത് ഇപ്പോൾ അഞ്ജലിയുടെ മാത്രം അഭിപ്രായമല്ലെ , ഈ കുടുംബത്തിലെ മറ്റുള്ളവർക്ക് ഒന്നും പറയാനില്ലോ ? ”

അഭി മറ്റുള്ള അംഗങ്ങളെ നോക്കിയാണ് അങ്ങനെ ചോദിച്ചത് . അപ്പോൾ ചെറിയമ്മയുടെ ഭാഗത്തുനിന്നും മറുപടി വന്നു .

” സീതയുടെ വീട്ടിൽ അതിന് ആരാ ഉള്ളത് ഇവരെ നോക്കാനായി ? അവിടെ ചെന്നാൽ ഇവർ തീർത്തും ഒറ്റപ്പെട്ടു പോകില്ലേ , ഇവിടെ ആകുമ്പോൾ ഇവർക്ക് നമ്മളൊക്കെ ഇല്ലേ ? ”

” ഓ പിന്നെ ഇവരെ നോക്കി നിൽക്കുകയല്ലേ ഇവിടെ ഉള്ളവർക്കെല്ലാം പണി ”

അഞ്ജലിയുടെ ക്രൂരമായ വാക്കുകൾ അതിര് വിട്ടിരിക്കുന്നു . അത് സീതയെ ഒന്നുകൂടെ വിഷമിപ്പിച്ചു എന്നു തോന്നുന്നു . അവരുടെ കണ്ണുകൾ ഇപ്പോഴും നിറഞ്ഞൊഴുകി കൊണ്ടിരിക്കുകയാണ് . ഇതെല്ലാം മൗനമായി തന്നെ നോക്കി നിന്നു കൊണ്ടിരുന്ന ശ്രുതിയുടെ ഉള്ളൊന്ന് പിടച്ചു . ഇനിയും മൗനമായി നോക്കി നിന്നുകൂടാ …

” ഇവരെ എവിടേക്കാണ് അഞ്ജലി പറഞ്ഞു അയക്കേണ്ടത് ? ”

” അവരുടെ വീട്ടിലേക്ക് … അല്ല ഇതൊക്കെ ചോദിക്കാൻ നീ ആരാടീ ”

” ഞാനാരാണെന്ന് ഇതിനു മുമ്പ് ഒരിക്കൽ നീ അറിഞ്ഞത് അല്ലേ , നിനക്ക് വീണ്ടും അറിയണോ ? ”

” നീ എന്നോട് പറയുന്ന ഓരോ വാക്കിനും നീ അനുഭവിക്കും . നിന്നെ ഞാൻ അനുഭവിപ്പിക്കും . ഇവർ നിന്റെ അനുയായി ആയതുകൊണ്ടാണോ നീ ഇവരെ സപ്പോർട്ട് ചെയ്യുന്നത് ”

അഞ്ജലി തെല്ലൊരു ഈർഷ്യയോടെ തന്നെ എന്നോട് ചോദിച്ചു .

” ആരും എന്റെ അനുയായി അല്ല . എനിക്ക് അങ്ങനെ ഒരു അനുയായിയുടെ ആവശ്യവുമില്ല . എന്നും ഒറ്റയ്ക്ക് നിന്നും പൊരുതി നേടാൻ തന്നെയാണ് എനിക്കിഷ്ടം ”

” എന്താടീ നീ എന്നോട് പൊരുതാൻ പോവുകയാണോ ? ”

” ഞാൻ നിന്നോട് പൊരുതാൻ വന്നതല്ല . സീതമ്മയുടെ കാര്യത്തിൽ ഒരു തീരുമാനം വേണം ”

” എന്റെ തീരുമാനം ഞാൻ പറഞ്ഞുകഴിഞ്ഞു . ആ തീരുമാനമേ ഇവിടെ നടക്കു ”

” അതിനു നിന്റെ തീരുമാനം ആർക്കുവേണം , ഞാൻ ഈ കുടുംബത്തിലെ കാരണവരായ മുത്തശ്ശന്റെ തീരുമാനം അറിയാൻ ആണ് വന്നത് . ”

” ശ്രുതി , നീയായിട്ട് ഇപ്പോൾ മനപ്പൂർവം എന്റെ വഴിയിൽ വന്നു നില്ക്കുകയാണ് . നിന്നെ ഞാൻ വെറുതെ വിടില്ല . ഈ വേലക്കാരിക്ക് വേണ്ടി വക്കാലത്തുമായി വരാൻ നിനക്ക് എങ്ങനെ ധൈര്യം വന്നെടി ”

” അഞ്ജലി നിനക്ക് ശരിക്കും നാണമില്ലേ , ഒന്നുമില്ലെങ്കിലും നിന്റെ അമ്മയേക്കാൾ പ്രായമില്ല ഇവർക്ക് , ആ ഒരു പ്രായത്തെ എങ്കിലും നിനക്ക് ബഹുമാനിച്ചുകൂടെ ”

” ആര് ബഹുമാനിക്കണം എന്നൊക്കെ നീയെന്നെ പഠിപ്പിക്കേണ്ട . മനസ്സിലായോടി ”

” അറിയാത്ത കാര്യങ്ങൾ പഠിക്കുക തന്നെ വേണം . നിന്റെ അച്ഛനോ അമ്മയോ നിനക്ക് നല്ല വാക്ക് പറഞ്ഞു പഠിപ്പിച്ചിരുന്നെങ്കിൽ എനിക്ക് നിന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു , പിന്നെ ഒരു കാര്യം നീ ഓർത്താൽ നന്ന് . നീ ഒരു ദയയും കാണിക്കാതെ ഈ സീതമ്മയെ ഇവിടെനിന്ന് പറഞ്ഞുവിടാൻ നോക്കുന്നില്ലേ … ഈ പാവം പിടിച്ച സ്ത്രീയാണ് നിനക്കും ഈ വീട്ടിൽ ഉള്ളവർക്കും കഴിഞ്ഞ 15 വർഷങ്ങളായി നാലുനേരം ഭക്ഷണം വെച്ചു വിളമ്പുന്നത് . നിന്റെയൊക്കെ വസ്ത്രങ്ങൾ അലക്കുന്നത് ഇവർ തന്നെയാണ് . എന്തിനേറെ പറയുന്നു നിന്റെയൊക്കെ ഒരുവിധം എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ഈ പാവം സ്ത്രീ തന്നെയാണ് . എന്നിട്ടിപ്പോൾ അവർക്ക് ഒരു അപകടം പറ്റിയപ്പോൾ നാണമില്ലേ നിനക്ക് ഇങ്ങനെ സംസാരിക്കാൻ ? ”

ദേഷ്യത്തോടെ ഉള്ള എന്റെ അത്തരം വാക്കുകൾ അവളെ നന്നായി തന്നെ രോഷാകുലയാക്കി എന്ന് എനിക്ക് തോന്നി . പെട്ടെന്ന് വന്ന ദേഷ്യം കൊണ്ട് അവളുടെ പല്ലു കടിച്ചു പൊട്ടിക്കാൻ തുടങ്ങി . അത് കണ്ടു ഞാൻ അവളെ ഒരു പുച്ഛം ഭാവത്തോടെ നോക്കിയതും അവൾ വീണ്ടും എനിക്ക് നേരെ കൈ ഉയർത്താനുള്ള സാഹസം കാണിച്ചു . എനിക്ക് അവളുടെ മറുകവിളിൽ കൂടി കൈ വയ്ക്കേണ്ടി വന്നു .

” ഡീ … നീ എന്നെ തല്ലി അല്ലേ … ഇതിനു നീ കരയും നിന്നെ ഞാൻ കരയിപ്പിക്കും … ഇന്ന് കൂടെ നിൽക്കുന്നവർ എല്ലാം നിന്നെ നാളെ തള്ളിപ്പറയും … നിന്നെ ഒറ്റയ്ക്ക് ആക്കും ഞാൻ … ഓർത്തോ ഈ അഞ്ജലി ആണ് പറയുന്നത് ”

അത്രയും പറഞ്ഞു കൊണ്ട് ചവിട്ടി തുള്ളി അവൾ അകത്തേക്ക് കയറിപ്പോയി . അപ്പോൾ തന്നെ മുത്തശ്ശൻ എഴുന്നേറ്റിരുന്നു സംസാരിക്കാൻ തുടങ്ങി :

” ഇനി ഇതിന്റെ പേരിൽ ഒരു വഴക്ക് വേണ്ട . സീത നമ്മുടെ ഔട്ടോസിൽ തന്നെ താമസിക്കും . ഇതാണ് എന്റെ തീരുമാനം ”

മുത്തശ്ശൻ പറഞ്ഞു നിർത്തിയതും അഞ്ജലിയുടെ അമ്മ പല്ല് കടിച്ചു പൊട്ടിച്ചു കൊണ്ട് എനിക്ക് നേരെ തിരിഞ്ഞു . മകളുടെ ഊഴം കഴിഞ്ഞപ്പോൾ അടുത്തത് ഇതാ അവളുടെ അമ്മ വന്നിരിക്കുന്നു . ഇവരും കൂടെ വായ തുറക്കാൻ തുടങ്ങിയാൽ ദൈവത്തിനാണ് സത്യം ഇവരുടെ പ്രായം പോലും നോക്കാതെ ഞാൻ ഇവരുടെ കരണത്ത് കൈ വെക്കേണ്ടി വരും .

” ഇന്നലെ കയറിവന്ന ഈ നശിച്ച പെണ്ണ് എന്റെ മകളെ പട്ടിയെ പോലെ തല്ലിയിട്ടും ഇവിടെ എല്ലാവരും മൗനമായി നിന്നു അല്ലേ … എത്ര ധൈര്യം ഉണ്ടായിട്ടാണ് ഇവൾ എന്റെ മകളുടെ മേൽ കൈ വച്ചത് … ”

അവർ അതും പറഞ്ഞു കൊണ്ട് ചവിട്ടി തുള്ളി എനിക്ക് നേരെ പാഞ്ഞടുത്തു . അവരുടെ ആ വരവ് കണ്ടാൽ തന്നെ അറിയാം ഇപ്പൊ എന്നെ തുമ്പിക്കൈകൊണ്ട് എടുത്തെറിയുമെന്ന് . ഈശ്വരാ എന്നെക്കൊണ്ട് ഈ തടിച്ചിയെ കൂടി തല്ലിപ്പിക്കല്ലേ . അവർക്ക് തല്ലുകൊള്ളാൻ ആണ് വിധിയെങ്കിൽ കൊള്ളുക തന്നെ വേണം . അല്ല പിന്നെ , ചോദിച്ചുവാങ്ങാൻ വന്നിട്ടില്ലേ എന്ന പാട്ട് ഞാൻ ഒരു കൂസലുമില്ലാതെ അവിടെ തന്നെ നിന്നു . പക്ഷേ അപ്പോഴേക്കും ഒരു രക്ഷാകവചം കണക്കെ അഭി എനിക്കുമുന്നിൽ വന്ന് നിന്നിരുന്നു .

” തൊട്ടുപോകരുത് ഇവളെ ”

” ഓ എത്തിയല്ലോ രക്ഷകൻ . എന്റെ മകളെ അതായത് നിന്റെ മുറപ്പെണ്ണിനെ നിന്റെ മുന്നിൽ ഇട്ടിവൾ തല്ലിയിട്ടും നീ അനങ്ങിയില്ല . ഇപ്പോൾ ഇവൾക്ക് രക്ഷകനായി വന്നു നിൽക്കുന്നു . ”

” ആന്റിയുടെ മകളെ ശ്രുതി തല്ലിയിട്ട് ഉണ്ടെങ്കിൽ അതിന് വ്യക്തമായ കാരണമുണ്ട് . ഒരാളോട് എങ്ങനെ പെരുമാറണമെന്ന് ആന്റി ഒരിക്കലും അഞ്ജലിയെ പഠിപ്പിച്ചിട്ടില്ല . അതുമാത്രമല്ല , ഈ വീട്ടിൽ ഇത്രയും കാലം ഒരംഗത്തെ പോലെ ഉണ്ടായിരുന്ന സീതമ്മയെ അവൾ എന്തൊക്കെയാണ് പറഞ്ഞത് ? എന്നാൽ ഇന്നലെ വന്ന ശ്രുതിയാണ് സീതമ്മയെ സപ്പോർട്ട് ചെയ്ത സംസാരിച്ചത് . അതുമാത്രമല്ല ഒരൊറ്റ കാര്യം ചിന്തിച്ചാൽ മതി , ഒരിക്കൽ ആന്റിയുടെ മകൾ ശ്രുതിയെ ഇവിടെ ഇട്ട് കൊല്ലാൻ നോക്കിയതാണ് , അപ്പോൾ പോലും അവളെ ഒന്നും ചെയ്യാതിരുന്നവളാണ് ശ്രുതി . ”

അതു കേട്ടതും എല്ലാവരും ഒരു ഞെട്ടലോടെ അഭിയുടെ മുഖത്തേക്ക് തന്നെ നോക്കിനിന്നു . മുത്തശ്ശനും ചെറിയമ്മയും ചെറിയച്ഛനും അഭിയുടെ അച്ഛനും അമ്മയും ശരിക്കും ഞെട്ടി ഇരിക്കുന്നു . അതോടെ സുപ്രിയ അവിടെനിന്ന് വിയർക്കാൻ തുടങ്ങി . പക്ഷേ , അവർ തോറ്റു കൊടുക്കാൻ തയ്യാർ അല്ലായിരുന്നു . അവർ വീണ്ടും അവന് നേരെ കുതിര കേറാൻ തുടങ്ങി .

” നീ മിണ്ടരുത് … ഇന്നലെ വന്നവളുടെ പിറകെ നടക്കുന്ന പെൺകോന്തൻ അല്ല ടാ നീ … നിനക്ക് നാണമില്ലേ എവിടെ നിന്നോ കയറി വന്ന ഒരുത്തിയുടെ പുറകെ നടക്കാൻ . ”

അഭിയെ എന്റെ പേരും പറഞ്ഞ് എല്ലാവരുടെയും മുന്നിൽ നാണം കെടുത്താൻ ആണ് ആന്റി ശ്രമിച്ചത് . ആർമിയെ എന്റെ മുന്നിലിട്ടു നാണം കെടുത്തുന്നത് കണ്ട് നോക്കി നിൽക്കാൻ എനിക്ക് കഴിയില്ല .

” ആന്റി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം ”

” ആരാടി നിന്റെ ആന്റി ? പിന്നെ ഇവനെ പറഞ്ഞപ്പോഴേക്കും നിനക്ക് കൊണ്ടോ ”

” ആ കൊണ്ടു . നിങ്ങൾ പറയുന്ന തോന്ന്യാസം കേട്ടിരിക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല . അതുകൊണ്ട് മാന്യമായി സംസാരിക്കണം ”

” മാന്യമായി സംസാരിക്കാൻ പറ്റിയ സാധനം , അതിനു മാന്യത ഉള്ളവരോട് അല്ലെ മാന്യമായി സംസാരിക്കാൻ പറ്റു ”

” എന്തായാലും നിങ്ങളെക്കാളും നിങ്ങളുടെ മകളെ കാളും എന്തുകൊണ്ടും ഞങ്ങൾക്ക് യോഗ്യതയുണ്ട് ”

” എന്ത് യോഗ്യതയാടി നിനക്കുള്ളത് , പറയെടി . ഒരു ബന്ധവുമില്ലാതെ ഇവന്റെ കൂടെ ഈ വീട്ടിലേക്ക് വലിഞ്ഞു കയറി വന്നു എന്നതാണോ നിന്റെ യോഗ്യത ? അതോ , ഒരു ബന്ധവുമില്ലാത്ത ഇവന്റെ കൂടെ ഇത്രയും നാൾ ഒരു മുറിയിൽ കിടക്ക പങ്കിട്ടു എന്നതാണോ നിന്റെ യോഗ്യത ? ”

ഒരു വിജയത്തിനുവേണ്ടി അവർ പറഞ്ഞ വാക്കുകൾ ശ്രുതിയുടെ നെഞ്ചിലേക്ക് തുളഞ്ഞുകയറി . എത്ര ചങ്കൂറ്റമുള്ളവൾ ആണെങ്കിലും അവളുടെ ആത്മാഭിമാനത്തെ ക്ഷതം ഏൽപ്പിക്കാൻ ഇത്തരത്തിലുള്ള വാക്കുകൾ തന്നെ ധാരാളം . ഒരു നിമിഷം അവർ പറഞ്ഞതിനൊരു മറുപടി തിരിച്ചു പറയാൻ കഴിയാതെ ശ്രുതി തരിച്ചിരുന്നു . അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി . അതു കണ്ടതോടെ അഭി അവിടെ ഒരു സംഘർഷ അന്തരീക്ഷം സൃഷ്ടിച്ചു . അപ്പോഴേക്കും സുപ്രിയയുടെ കരണം പുകച്ചു കൊണ്ട് അരവിന്ദൻ മേനോൻ പ്രത്യക്ഷപ്പെട്ടിരുന്നു . തന്റെ ഭർത്താവിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത അടി ആയതിനാൽ സുപ്രിയ കോപത്താൽ വീണ്ടും ഓരോന്ന് വിളിച്ചു കൂവാൻ തുടങ്ങി .

” ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ് , അല്ലെങ്കിൽ ഇവൾ തന്നെ പറയട്ടെ ഇവർ തമ്മിൽ എന്ത് ബന്ധം ആണെന്ന് ? കണ്ടോ കണ്ടോ ഇവളുടെ വായ് അടഞ്ഞത് . ”

മൗനമായി നിലത്തിരുന്ന് കണ്ണീർ പൊഴിക്കുന്ന ശ്രുതിയെ നോക്കി അവർ വീണ്ടും കുത്തുവാക്കുകൾ പറയാൻ തുടങ്ങി . അതുകണ്ട് അവിടെ കൂടി നിന്നവർക്കേല്ലാം വിഷമം തോന്നിയെങ്കിലും അവർ സുപ്രിയയുടെ നാവിനെ അടക്കാൻ ശ്രമിച്ചില്ല . അതൊരു ശരവർഷം പോലെ അവളുടെ മനസിനെ കുത്തി നോവിച്ചു . അതു കണ്ട് നിൽക്കാൻ കഴിയാതെ അഭി പൂജാമുറിയിലേക്ക് നടന്നു . പൂജാ മുറിയിൽ നിന്നും ശരവേഗത്തിൽ ശ്രുതിയുടെ അടുത്തേക്ക് പാഞ്ഞു വരുന്ന അഭിയുടെ മേൽ അവിടെ കൂടി നിന്നവരുടെ എല്ലാവരുടെയും ദൃഷ്ടി പതിച്ചു .

അഭി നിലത്തിരുന്ന് കരയുന്ന ശ്രുതിയുടെ അടുത്തേക്ക് ചേർന്ന് മുട്ടുകുത്തി നിലത്തിരുന്നു . അപ്പോഴാണ് അവരെല്ലാവരും അവന്റെ കയ്യിൽ ഉണ്ടായിരുന്ന ചെപ്പ് ശ്രദ്ധിച്ചത് . അവനാ ചെപ്പു തുറന്നു ഒരു നുള്ളു കുങ്കുമം അവളുടെ നെറുകയിലേയ്ക്ക് ഇട്ടുകൊടുത്തു . ആ കുങ്കുമത്തിൽ നിന്നും അല്പം അവളുടെ മുഖത്ത് കൊഴിഞ്ഞപ്പോഴാണ് അവൾ മുഖമുയർത്തി നോക്കിയത് . എല്ലാവരും ഒരു ഞെട്ടലോടെ അവരെ തന്നെ നോക്കി നിൽക്കുകയാണ് . അപ്പോൾ ശ്രുതി അവളുടെ നെറുകയിൽ വിരൽ കൊണ്ട് പതിയെ തൊട്ടു നോക്കിയപ്പോൾ സുമംഗലികൾ മാത്രം ഇടുന്ന ചുവന്ന സുന്ദരം അവളുടെ വിരലുകളിൽ ആയി . നിറഞ്ഞുതുളുമ്പിയ അവളുടെ കണ്ണുകളിലേക്ക് പതിയെ ഇരുട്ടുകയറി . അവളുടെ ശരീരത്തിന് ഭാരം കുറയുന്നതായി അവളറിഞ്ഞു , പെട്ടെന്ന് അവൾ താഴേക്ക് പതിച്ചു .

( തുടരും ) ………….

ശ്രുതി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!