ആ ഒരു മാനസികാവസ്ഥയിൽ ക്ലാസ്സിൽ ഇരുന്നാൽ ശരിയാവില്ല എന്ന് തോന്നിയതുകൊണ്ട് ശ്രുതി പതിയെ കോളേജിനടുത്തുള്ള ഗാർഡനിൽ പോയിരുന്നു . അവിടത്തെ സിമന്റ് ബെഞ്ചിൽ ഇരുന്ന് കണ്ണടച്ചപ്പോൾ നല്ല തണുത്ത കാറ്റ് അവളെ തലോടി കടന്നു പോയി . പെട്ടെന്നാണ് അവളുടെ തോളിൽ ഒരാൾ തട്ടി വിളിച്ചത് . ശ്രുതി കണ്ണുകൾ തുറന്ന് തലയ്ക്കു പിറകിൽ നിൽക്കുന്ന ആളെ നോക്കിയതും അറിയാതെ തന്നെ അവൾ ഇരുന്നിടത്തു നിന്നെഴുന്നേറ്റ് പോയി . ആ വ്യക്തിയെ കണ്ട ഉടനെ അവളുടെ മനസ്സ് ചെറുതായി ഒന്ന് പിടഞ്ഞു . അവളുടെ മിഴികൾ അനുവാദമില്ലാതെ നിറഞ്ഞു തുളുമ്പി ………….
” അഞ്ജലി “……
അവൾ അറിയാതെ തന്നെ അവളുടെ നാവ് ആ പേരു ഉച്ചരിച്ചുരുന്നു .
” ശ്രുതി ”
അവർ ഇരുവരും പരസ്പരം വാരി പുണർന്നു കൊണ്ട് കരയാൻ തുടങ്ങി . ഒരുപാട് കാലത്തിനു ശേഷമാണ് ഇരുവരും കാണുന്നത് . ശ്രുതിയുടെ മനസ്സിലേക്ക് കഴിഞ്ഞുപോയ കാലഘട്ടം ഓടിയെത്തി .
‘ അഞ്ജലി – കോളേജിൽ ശ്രുതിക്കുന്നുണ്ടായിരുന്നു ഏക കൂട്ടുകാരി . ആളൊരു പാവം തൊട്ടാവാടി ആണെങ്കിലും , ശ്രുതി കൂടെയുള്ളപ്പോൾ നല്ല ധൈര്യം ആണ് അവൾക്ക് . എന്തിനും ഏതിനും ശ്രുതിയുടെ വലംകയ്യായി കൂടെ നിന്നിരുന്നവൾ . അങ്ങനെയുള്ള അവളുടെ ജീവൻ തന്നെ താൻ കാരണം അപകടത്തിലായ ആ നിമിഷം മനസ്സ് ഒത്തിരി മരവിച്ചു പോയിരുന്നു . ചോരയിൽ കുളിച്ച് നടുറോഡിൽ അവസാനമായി കണ്ട അവളുടെ മുഖം , പലതവണ ശ്രുതിയുടെ ഉറക്കം കളഞ്ഞതാണ് . അവളെ ഒരു നോക്ക് കാണാനായി, അന്ന് ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവളുടെ മാതാപിതാക്കളുടെ നെഞ്ചുപൊട്ടി ഉള്ള കരച്ചിൽ , തന്റെ മനസ്സിനെ ഒത്തിരി വേദനിപ്പിച്ചിരുന്നു . ഇനിയൊരിക്കലും അവരുടെ മുന്നിലേക്ക് പോവില്ലെന്ന് സത്യം ചെയ്തു കൊടുത്തു കൊണ്ട് ഇവിടെ നിന്ന് തുടങ്ങിയതാണ് എല്ലാ യാത്രകളും . എന്നിട്ടെന്തായി , ഒടുവിലെത്തി നിൽക്കുന്നതും ഇവിടെത്തന്നെ . ശ്രുതിയുടെ ചിന്തകൾ കാടുകയറി തുടങ്ങിയിരുന്നു . ആ ചിന്തകളെ കടിഞ്ഞാണിട്ടു കൊണ്ട് അഞ്ജലി സംസാരിക്കാൻ തുടങ്ങി ‘
” ശ്രുതി , നീ ഇത്രയും കാലം എവിടെയായിരുന്നു ? നിനക്കൊന്നു എന്നെ കാണാൻ വരാൻ പോലും തോന്നിയില്ലല്ലോ ? ”
” അങ്ങനെയല്ല അഞ്ജലി , ഞാൻ … ഞാൻ എങ്ങനെ നിന്നെ കാണാൻ വരാനാണ് … ഞാൻ കാരണമാണ് നിനക്ക് അപകടം സംഭവിച്ചത് … ഞാൻ കാരണമാണ് നിനക്ക് മെമ്മറി ലോസ് ഉണ്ടായത് . എന്നിട്ടും ഞാൻ എങ്ങനെ നിന്റെ മുന്നിൽ വരും ? എങ്ങനെ നിന്റെ വീട്ടുകാരെ ഫേസ് ചെയ്യും ? ”
” മെമ്മറിലോസ് … അതൊരിക്കലും പെര്മനെന്റ് ആയിരുന്നില്ല … ആ ആക്സിഡന്റിന്റ ഷോക്കിൽ ഞാനാരെയും തിരിച്ചറിഞ്ഞില്ല എന്നത് ശരിയാണ് . എന്നാൽ എനിക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല . സ്വബോധത്തിലേക്ക് തിരിച്ചു വന്ന ഞാൻ ആദ്യം ചോദിച്ചത് നിന്നെയാണ് … നീ എന്നെ കാണാൻ വരുമെന്ന് ഞാൻ ഒരുപാട് പ്രതീക്ഷിച്ചിരുന്നു . പക്ഷേ നീ വന്നില്ല ”
അഞ്ജലി വിഷമത്തോടെ പറഞ്ഞു നിർത്തിയതും ശ്രുതി അവളെ ചേർത്തു പിടിച്ചു .
” ഐആം സോറി … ആം സോറി അഞ്ജലി ”
” സാരമില്ല പോട്ടെ , നിന്നോട് അന്ന് അങ്ങനെയൊക്കെ പറഞ്ഞതിൽ അച്ഛനും അമ്മയ്ക്കും നല്ല വിഷമം ഉണ്ട് . ഇടയ്ക്ക് നിന്റെ ഹരി മാമ വന്നിരുന്നു അച്ഛന് എന്റെ ചികിത്സയ്ക്ക് കുറച്ചു പണവും നൽകിയിരുന്നു . അത് നീ കൊടുത്തു വിട്ടതാണ് എന്നെനിക്ക് നന്നായി അറിയാം . അപ്പോൾ ഞാൻ പ്രതീക്ഷിച്ചിരുന്നു നിന്നെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ”
” സാരമില്ലടാ പോട്ടെ , ഞാൻ ഇപ്പോൾ ഇങ്ങോട്ട് തന്നെ വന്നില്ലേ ”
” അന്ന് നിന്റെ ഹരിമാമയോട് ഞാൻ ചോദിച്ചപ്പോൾ അങ്ങേര് എന്നോട് പറഞ്ഞത് , ഇനി ഒരിക്കലും നീ ഇങ്ങോട്ട് തിരിച്ചു വരില്ല എന്നാണ് . സത്യം പറഞ്ഞാൽ അന്ന് നല്ല വിഷമം തോന്നിയിരുന്നു . ഇനി നിന്നെ ഒരിക്കലും കാണാൻ കഴിയില്ല എന്നാണ് ഞാൻ കരുതിയത് , പക്ഷേ അന്ന് നീ അഡ്മിഷൻ എടുക്കാൻ വന്നപ്പോൾ ശരിക്കും ഞാൻ ഷോക്ക് ആയി പോയി . ഒരു നിമിഷം ദൂരെ നിന്ന് നിന്നെ കണ്ടപ്പോൾ അത് നീ തന്നെയാണോ എന്ന് എനിക്ക് തോന്നിപോയി . ഞാൻ ഓടി നിന്റെ അടുത്തേക്ക് വരുമ്പോഴേക്കും നീ അവിടെ നിന്നു പോയിരുന്നു . ”
” അഞ്ജലി , ഇനി ഞാൻ എങ്ങോട്ടും പോകില്ല ഇവിടെ തന്നെ കാണും . നിന്റെ കൂടെ ”
” ഉറപ്പാണോ ? ”
” യെസ് ”
” നീ ഇത്രയും കാലം എവിടെയായിരുന്നു ? നിന്നെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നല്ലോ ”
” ഞാൻ ഒരു യാത്രയിലായിരുന്നു … ”
” എന്ത് യാത്ര ? ”
” അതിനെക്കുറിച്ചൊക്കെ നിന്നോട് ഞാൻ പിന്നെ പറയാം . ഇപ്പോ എന്തായാലും നമുക്കിനി സെക്കൻഡ് ഹവർ മുതൽ ക്ലാസ്സിൽ കയറാം ”
” ശരിയാ … സെക്കൻഡ് ഹവർ പ്രിൻസിയുടെ ക്ലാസ്സ് ആണ് . എങ്ങാനും ക്ലാസ് കട്ട് ചെയ്താൽ അവർ നമ്മളെ ശരിയാകും ”
അഞ്ജലി ശ്രുതിയുടെ കയ്യിൽ ചേർത്തുപിടിച്ച് ക്ലാസ്സിലേക്ക് നടന്നു . എന്നിട്ട് ക്ലാസിൽ ഉണ്ടായിരുന്ന എല്ലാവർക്കും ശ്രുതിയെ പരിചയപ്പെടുത്തിക്കൊടുത്തു . കുറേപ്പേർക്ക് എല്ലാം ശ്രുതിയെ അറിയാമായിരുന്നു . ശ്രുതിയുടെ വീരശൂര പരാക്രമങ്ങൾ എല്ലാവർക്കും വിവരിച്ചു കൊടുക്കുകയാണ് അഞ്ജലി . അഞ്ജലിയുടെ മുഖത്ത് സന്തോഷം നിറഞ്ഞ എക്സ്പ്രഷൻ കണ്ടപ്പോൾ ശ്രുതിക്ക് ചിരിയാണ് വന്നത് .
ഇന്ന് വളരെ പെട്ടെന്ന് സമയം പോകുന്നതു പോലെ ശ്രുതിക്ക് തോന്നി . വൈകുന്നേരമായപ്പോൾ ശ്രുതി അഞ്ജലിയുടെ നോട്സ് വാങ്ങി കോളേജിൽ നിന്ന് ഇറങ്ങി . അവർ ഇരുവരും ഒരുമിച്ചാണ് ബസ് സ്റ്റോപ്പിലേക്ക് പോയത് . ഓരോ റൂട്ടിലേക്കും ഓരോ ബസ് സ്റ്റോപ്പ് ആണുള്ളത് . കോളേജിനടുത്തുള്ള ബസ്റ്റോപ്പിൽ നിന്നാണ് അഞ്ജലി സാധാരണ ബസ്സ് കയറാറു , അതുകൊണ്ടുതന്നെ ശ്രുതിയും അവളുടെ കൂടെ സ്റ്റോപ്പിലേക്ക് ചെന്നു .
അപ്പോഴേക്കും അഭി ശ്രുതിയെ പിക് ചെയ്യാനായി കാറുമായി എത്തിയിരുന്നു . വഴിയരികിൽ അഭിയുടെ കാർ കണ്ടെങ്കിലും അവൾ അവനെ മൈൻഡ് ചെയ്യാതെ ബസ്റ്റോപ്പിൽ പോയി നിന്നു . ശ്രുതിയുടെ ആ പ്രവർത്തി അഭിയെ തെല്ലൊന്ന് ചൊടിപ്പിച്ചു . അഞ്ജലി ആണെങ്കിൽ ഇതൊന്നും അറിയാതെ ശ്രുതിയോട് ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു .
പെട്ടെന്നാണ് അഭിയുടെ കാർ അവർ നിൽക്കുന്ന ബസ് സ്റ്റോപ്പിന് മുന്നിൽ ചെന്ന് നിന്നത് . വേഗത്തിലുള്ള കാറിന്റെ വരവ് അഞ്ജലി ചെറുതായൊന്നു പേടിച്ചു . അഭി കാറിന്റെ ഗ്ലാസ് താഴ്ത്തി ശ്രുതിയോട് കയറാൻ ആവശ്യപ്പെട്ടു . എന്നാൽ അവൾ അതൊന്നും മൈൻഡ് ചെയ്യാതെ അഞ്ജലിയോട് സംസാരിക്കാൻ തുടങ്ങി . അതോടെ , രോഷാകുലനായ അഭി കാറിൽ നിന്നിറങ്ങി കാറിന്റെ ഡോർ വലിച്ചടച്ച് കൊണ്ട് ശ്രുതിയുടെ അടുത്തേക്ക് പാഞ്ഞടുത്തു .
” എന്താ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ ? ”
അഭി ശ്രുതിയോട് കുറച്ചു ദേഷ്യത്തിൽ കയർത്തു . എന്നാൽ ശ്രുതി അവനെ നോക്കി മൗനമായി തന്നെ നിന്നു . അതുകണ്ടപ്പോൾ അഞ്ജലി അവർക്കിടയിൽ കയറി സംസാരിച്ചു .
” നിങ്ങളാരാ ? ”
” അത് നിന്നോട് പറയേണ്ട ആവശ്യമില്ല . ശ്രുതി നീ വന്ന് കാറിൽ കയറുന്നു ഉണ്ടോ ഇല്ലയോ ? ”
” ഇല്ല ”
” ശ്രുതി നീ വെറുതെ എന്റെ ക്ഷമയെ പരീക്ഷിക്കരുത് . നീയായിട്ട് വന്നു കയറുന്നതാ നിനക്ക് നല്ലത് ”
അഭി അല്പം ഭീഷണിയുടെ സ്വരത്തിൽ തന്നെ പറഞ്ഞു . അതുകേട്ടപ്പോൾ വീണ്ടും അഞ്ജലി അവനു നേരെ കയർത്തു .
” ഇല്ലെങ്കിൽ താൻ എന്ത് ചെയ്യും ഇവളെ ? ”
” ഇവൾ ആയിട്ട് കയറാൻ കൂട്ടാക്കിയില്ലങ്കിൽ തൂക്കിയെടുത്തു കൊണ്ടുപോകും . എന്താ കാണണോ ? ”
അഭി അഞ്ജലിക്ക് നേരെ വെല്ലുവിളി ഉയർത്തി . അവളും ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറല്ലയിരുന്നു .
” ആ കാണണം ”
അതോടെ അവിടെ ഒരു സംഘർഷ അന്തരീക്ഷമായി തീർന്നു . ശ്രുതിയും അഭിയും തമ്മിൽ ഇപ്പോൾ ഒരു പിടിവലി തന്നെയാണ് അവിടെ നടക്കുന്നത് . അവർക്കിടയിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് അഞ്ജലി . പ്രശ്നം വഷളാക്കുന്നതിനനുസരിച്ച് ശ്രുതിയുടെയും അഭിയുടെയും ശബ്ദം ഉയർന്നു കൊണ്ടിരുന്നു . പെട്ടെന്നാണ് അവരുടെ ബഹളംകേട്ട് ഒരു പോലീസ് കോൺസ്റ്റബിൾ അങ്ങോട്ട് വന്നത് .
” എന്താ അവിടെ ? ”
പോലീസുകാരൻ അവരെ മൂവരെയും നോക്കി ചോദിച്ചു . അതിനുള്ള മറുപടി കൊടുത്തത് അഞ്ജലി ആയിരുന്നു .
” അത് സാർ , ഇയാൾ വെറുതെ പ്രശ്നം ഉണ്ടാക്കുകയാണ് ”
” ഇതാരാ ??? ”
” അറിയില്ല സാർ , ഇയാൾ വന്ന് ഞങ്ങളുടെ അടുത്ത് കാർ നിർത്തിയിട്ട ഇവളെ ബലമായി പിടിച്ച് കാറിൽ കയറ്റാൻ നോക്കുവായിരുന്നു ”
ഇവൾ ഇത് എന്ത് തേങ്ങയാപറയുന്നത് എന്ന രീതിയിൽ അഭിയും ശ്രുതിയും അഞ്ജലിയെ തന്നെ നോക്കി നിന്നു .
” ആഹാ നീ ആള് കൊള്ളാമല്ലോ ഡോ , പെൺകുട്ടികളെ തട്ടികൊണ്ടു പോകാൽ ആണോ തന്റെ പണി . ”
” സർ ഞാൻ ഇവളെ പിക്ക് ചെയ്യാൻ വന്നതാണ് ”
” അതൊക്കെ നമുക്ക് സ്റ്റേഷനിൽ പോയിട്ട് പറയാം . ഓരോരുത്തന്മാർ ഇറങ്ങിക്കോളും പെൺകുട്ടികളെ ശല്യം ചെയ്യാൻ ആയിട്ട് , നിന്നെ ഒന്നും കണ്ടാൽ തോന്നിയില്ലല്ലോഡാ ഇത്തര കാരൻ ആണെന്ന് . കുട്ടി ഒരു റീട്ടെൻ കംപ്ലയിന്റ് എഴുതിത്തരു ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം ”
അങ്ങനെ പറഞ്ഞുകൊണ്ട് പോലീസുകാരൻ അഭിയുടെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു . അതോടെ , അവനും നല്ല കലിപ്പിൽ ആയിരുന്നു . ഈശ്വരാ , അഞ്ജലി സീൻ മുഴുവൻ വഷളാക്കുകയാണല്ലോ . ഇനിയും മിണ്ടാതിരുന്നാൽ പോലീസ് അഭിയെയും കൊണ്ടുപോകും , പിന്നെ നടക്കുന്ന പുകിലൊന്നും പറയേണ്ടി വരില്ല .
” സാർ എനിക്ക് കംപ്ലൈന്റ് ഒന്നുമില്ല ”
ശ്രുതി വേഗം പോലീസുകാരനോട് പറഞ്ഞു . എന്നാൽ അയാൾക്ക് അവനെ വിടാൻ ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല .
” കൊച്ചിന് കംപ്ലയിന്റ് ഇല്ലെങ്കിൽ വേണ്ട , ഞാൻ സ്വമേധയാ കേസെടുത്തു കൊള്ളാം ”
ഇയാൾക്ക് ഇത് എന്തിന്റെ സൂക്കേടാണ് ആവോ , അപ്പോഴാണ് അതുവഴി പോയിരുന്ന പ്രിൻസിപ്പൽ മാഡം കാർ ഞങ്ങളുടെ അടുത്തേക്ക് കൊണ്ട് നിർത്തിയത് . സംഗതി അത്ര പന്തിയല്ലെന്നു തോന്നിയതോടെ , മേമ് വേഗം വന്നു പോലീസിനോട് സംസാരിക്കാൻ തുടങ്ങി .
” എന്താ സാർ പ്രശ്നം ? ”
മേഡത്തിന്റെ ചോദ്യത്തിന് മറുചോദ്യമായിരുന്നു അയാളുടെ മറുപടി .
” നിങ്ങളാരാ ? ”
” ഞാൻ ഈ കുട്ടികൾ പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പലാണ് . ”
മേമ് വളരെ സൗമ്യമായി തന്നെ ഉത്തരം നൽകി .
” ആ എന്നാൽ നിങ്ങളുടെ കോളേജിലെ ഈ കുട്ടിയെ ഇയാൾ ബലമായി പിടിച്ചു കാറിൽ കയറ്റാൻ ശ്രമിച്ചു . തട്ടിക്കൊണ്ടുപോകൽ ആണ് ഉദ്ദേശം എന്ന് തോന്നുന്നു . ഈ കുട്ടിക്ക് പരാതി ഒന്നും ഇല്ലാത്തതിനാൽ ഞാൻ സ്വമേധയാ കേസെടുത്തു . ”
” ഇവര് ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നത്തിൽ സർ നിങ്ങൾ എന്തിനാണ് ഇടുന്നത് ? ”
മേടത്തിൽ നിന്നും അങ്ങനെ ഒരു മറുപടി ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല . അത് കേട്ട പാടെ ഞാനും അഞ്ജലിയും ആർമിയും ഒരുപോലെ കിളി പോയത് പോലെ പരസ്പരം മുഖത്തോടു മുഖം നോക്കി ഇരുന്നു . പാവം പോലീസുകാരൻ വാപൊളിച്ചു നിൽക്കുകയാണ് .
” എന്ത് ????? ”
അയാൾ അവിശ്വസനീയമായി ഞങ്ങളുടെ മുഖത്തേക്ക് നോക്കി . അപ്പോൾ മാഡം എന്റെ അടുത്തേക്ക് വന്നു .
” ശ്രുതി , നിങ്ങൾ രണ്ടുപേരും ഒരു വീട്ടിൽ നിന്ന് തന്നെ അല്ലേ വരുന്നത് ? ”
മേടത്തിന്റെ ആ ചോദ്യത്തിന് ഞാൻ അതെയെന്നു തലയാട്ടി . അത് കണ്ടതോടെ അഞ്ജലി ശരിക്കും ഫ്യൂസ് പോയപോലെ ഇരിക്കുകയാണ് . ആ പോലീസുകാരനും ശരിക്കും ചമ്മിയ പോലെയായി . ആയാൾ വേഗം തന്നെ ആർമിയോട് സോറി പറഞ്ഞു . എന്നിട്ട് എന്റെ നേരെ തിരിഞ്ഞു ഉപദേശിക്കാൻ തുടങ്ങി .
” എന്റെ പൊന്നു കൊച്ചേ , നിങ്ങൾ ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് ഒക്കെ വീട്ടിൽ വച്ച് തീർക്കാൻ നോക്ക് . അല്ലാതെ ആളുകളെ കൊണ്ട് പറയിപ്പിക്കാൻ ആയി നടുറോട്ടിൽ വെച്ചല്ല തീർക്കേണ്ടത് . വെറുതെ മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട് ഓരോന്ന് ഇറങ്ങിക്കോളും ”
അത്രയും പറഞ്ഞു കൊണ്ട് അയാൾ പതിയെ അവിടെ നിന്നും സ്കിപ്പായി . അപ്പോൾ , ആർമി അഞ്ജലിയെ ഒന്നു തുറിച്ചുനോക്കി . അതോടെ അടുത്ത ബസ്സിൽ തന്നെ അവളും സ്ഥലം കാലിയാക്കി . ഞാനാണെങ്കിൽ അഭിയെ നോക്കി മുഖം വീർപ്പിച്ചു നിൽക്കുകയായിരുന്നു . അത് കണ്ടതോടെ മാഡം എന്റെ അടുത്തേക്ക് വന്നു .
” ശ്രുതി , ഞാൻ അങ്ങനെ പറഞ്ഞതിൽ നിനക്ക് ദേഷ്യം ഒന്നും തോന്നേണ്ട . അന്ന് കോളേജിൽ നിന്നും ഡ്രഗ്സ്സ് പിടിച്ചതിനു ശേഷം ഈ പരിസരത്ത് എപ്പോഴും പോലീസുകാർ ഉണ്ടാവാറുണ്ട് . നിങ്ങൾ തമ്മിലുള്ള പ്രശ്നം കാണുമ്പോൾ , തെറ്റിദ്ധരിച്ചു കൊണ്ടയാൾ എന്തായാലും അഭിയെ സ്റ്റേഷനിൽ കൊണ്ടു പോകും . അത് ഒഴിവാക്കാൻ വേണ്ടി ഞാൻ ഒരു കള്ളം പറഞ്ഞതാണ് . ”
മാഡം അങ്ങനെ പറഞ്ഞപ്പോഴാണ് എനിക്ക് ഒന്ന് ശ്വാസം നേരെ വീണത് .
” എന്നാൽ രണ്ടുപേരും അധികം ഇവിടെ കിടന്നു കറങ്ങണ്ട , വേഗം വീട്ടിൽ പോകാൻ നോക്ക് ”
മേഡം ശാസന രൂപത്തിൽ ഞങ്ങളെ ഇരുവരെയും നോക്കി പറഞ്ഞു . എന്നിട്ട് ഞങ്ങൾ പോകുന്നത് വരെ അവിടെ കയ്യുംകെട്ടി ഞങ്ങളെ തന്നെ നോക്കി നിന്നു . മേഡം അവിടെ നിൽക്കുന്നത് കൊണ്ട് മറുത്തൊന്നും പറയാൻ കഴിയാതെ ഞാൻ ആ കാറിൽ കയറി .
ശ്രുതിയും അഭിയും കാറിൽ കയറി പോകുന്നത് നോക്കി ചിരിച്ചുകൊണ്ട് പ്രിൻസിപ്പൽ അവരുടെ ഫോൺ എടുത്ത് ജാനകിയെ വിളിച്ചു .
” ഹേയ് ഇല്ലെടോ , രണ്ടിനെയും ഞാൻ കാറിൽ കയറ്റി വിട്ടിട്ടുണ്ട് . നീ പേടിക്കേണ്ട അവളെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു കൊള്ളാം ”
അത്രയും പറഞ്ഞു ചിരിച്ചു കൊണ്ട് അവരുടെ സംഭാഷണം അവസാനിച്ചു . ശേഷം , അവരും അവരുടെ കാറിൽ യാത്രയായി .
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
മയക്കത്തിൽ നിന്നുണർന്ന വിശ്വനാഥ് താൻ എവിടെയാണെന്ന് മനസ്സിലാകാതെ ആദ്യം ഒന്നു പരവേശ പെട്ടെങ്കിലും . കാശിനാഥൻ കയ്യിൽ ഒരു കോഫി കപ്പുമായി വന്നത് കണ്ടപ്പോൾ അയാൾ ഒന്ന് ശാന്തനായി .
” ഞാനൊരു അല്പം ഉറങ്ങിപ്പോയി ”
കാശിനാഥൻ റെ മുഖത്ത് നോക്കാൻ മടിച്ചു കൊണ്ട് വിശ്വനാഥ് പറഞ്ഞു .
” ഉവ്വ് ഉവ്വേ … അടിച്ചു ഫിറ്റായി കിടന്ന നിന്നെ ഞാൻ അല്ലേ തൂക്കിയെടുത്ത് ഇങ്ങോട്ട് കൊണ്ടുവന്നത് ”
അയാൾ ഒരു കള്ളച്ചിരിയോടെ വിശ്വനാഥനെ നോക്കി പറഞ്ഞുകൊണ്ട് കയ്യിലുള്ള കോഫി കപ്പ് വിശ്വനാഥ്ന് നേരെ നീട്ടി . അയാളത് വാങ്ങി കുടിച്ചു .
” നീണ്ട ഇരുപത് വർഷത്തിനുശേഷം നീയിപ്പോൾ എന്തിനാണ് നാട്ടിലേക്ക് വന്നത് ? ”
കാശിനാഥൻ തന്റെ ഉള്ളിലെ സംശയം പ്രകടിപ്പിച്ചു . അതിനിപ്പോൾ എന്ത് മറുപടി കൊടുക്കണം എന്നറിയാതെ വിശ്വനാഥൻ നിന്ന് പതറാൻ തുടങ്ങി .
” അത് … അത് പിന്നെ … ബിസിനസ് ആവശ്യത്തിന് ”
” മതി മതി … എന്നോട് പറയാൻ വേണ്ടി മാത്രം പുതിയ കള്ളങ്ങൾ ഉണ്ടാക്കണ്ട … നീ എന്തിനാ വന്നതെന്ന് ഒക്കെ എനിക്ക് നന്നായി അറിയാം ”
എന്തോ വലിയ കള്ളത്തരം പിടിച്ചത് പോലെ കാശിനാഥ് വിശ്വനാഥനെ നോക്കി ചിരിച്ചു .
” നിനക്കെന്തറിയാം എന്നാണ് നീ പറയുന്നത് ? ”
” നീ നിനക്ക് ഏറ്റവും വിലപ്പെട്ട ഒന്നിനെ തിരഞ്ഞ് വന്നതല്ലേ ? ”
” എന്ത് ????? ”
വിശ്വനാഥൻ സംശയം രൂപത്തിൽ കാശിയെ നോക്കി .
” നിന്റെ വിലക്കപ്പെട്ട കനി – ശ്രുതി . ശ്രുതി വിശ്വനാഥ് വർമ്മ ”
പെട്ടെന്ന് ഒരു ഞെട്ടലോടെ വിശ്വനാഥ് കാശിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു .
” അത് നിനക്ക് എങ്ങനെ അറിയാം ? ”
” അതൊക്കെ അറിയാം , എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ ? ”
” ശരിയാണ് … എന്റെ മകൾ ശ്രുതി … നീ അവളെ കണ്ടിട്ടില്ലല്ലോ … അവളുടെ അമ്മയെ പോലെ തന്നെ സുന്ദരിയാണ് … ഡാൻസ് , പാട്ട് , കരാട്ടെ , മാർഷൽ ആർട്സ് , സ്പോർട്സ് , അങ്ങനെ എല്ലാത്തിലും മിടുക്കിയാണ് ”
തന്റെ മകളെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ അയാൾ അറിയാതെ തന്നെ വാചാലനായിപോയി . കാശിനാഥ് ഒരു ചെറുപുഞ്ചിരിയോടെ വിശ്വനാഥ് പറയുന്നതെല്ലാം കേട്ടുനിന്നു .
” എന്നിട്ട് നീ അവളെ കണ്ടോ ? ”
കാശിനാഥ് ആകാംഷയോടെ വിശ്വനോട് ചോദിച്ചു .
” ഇല്ല . എന്റെ നിഴൽ വട്ടം കാണുമ്പോഴേക്കും അവൾ എന്നിൽ നിന്നും ദൂരങ്ങളിൽ പോയി ഒളിക്കും ”
നിരാശയും ദുഃഖവും കലർന്ന സ്വരത്തിൽ വിശ്വനാഥ് മറുപടി നൽകി .
” സാരമില്ലെടോ , ഞാനും അവളെ കണ്ടിട്ടില്ല . പക്ഷേ എന്റെ മകൻ കിച്ചു അവളെ കണ്ടിട്ടുണ്ട് . ”
ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു നിർത്തിയ കാശിനാഥന്റെ മുഖത്തേക്ക് തന്നെ വിശ്വനാഥ് അവിശ്വസനീയമായി നോക്കിനിന്നു .
” നിന്റെ മകൻ കിച്ചുവോ ? അവൻ എങ്ങനെ അവളെ കണ്ടു ? അല്ല അവന് എങ്ങനെ അവളെ മനസ്സിലായി ? അവൻ ഒരിക്കൽ പോലും ശ്രുതി മോളെ കണ്ടിട്ടില്ലല്ലോ , പിന്നെ അവൻ അവളെ എവിടെ നിന്ന് കണ്ടു എന്നാണ് നീ പറയുന്നത് ? ”
വിശ്വനാഥൻ തന്റെ ഉള്ളിലെ സംശയങ്ങൾ ഓരോന്നോരോന്നായി ഉന്നയിക്കാൻ തുടങ്ങി .
” ശരിയാണ് … അവൻ ഒരിക്കലും ശ്രുതിയെ കണ്ടിട്ടില്ലായിരുന്നു … അവന് രണ്ടു വയസ്സ് പ്രായമുള്ളപ്പോഴാണ് കുടുംബത്തെ മുഴുവൻ ചതിച്ചു കൊണ്ട് നീ ഒരു പെൺകുട്ടിയുമായി നാട് വിടുന്നത് … ഇങ്ങനെയൊരു ചെറിയച്ഛൻ ഉണ്ടെന്നല്ലാതെ നീ ആരാണെന്നോ എന്താണെന്നോ കിച്ചുവിന് അറിയില്ലായിരുന്നു … എന്നാൽ രക്തം രക്തത്തെ തിരിച്ചറിയും എന്നതുപോലെ കിച്ചു അവന്റ പെങ്ങളെ തിരിച്ചറിഞ്ഞു ”
” എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ”
” സത്യമാടോ , അവള് തന്റെ പെങ്ങളാണെന്ന് അറിയുന്നതിനു മുമ്പ് വരെ കിച്ചുവും അവളും തമ്മിൽ നല്ല കൂട്ടായിരുന്നു . കോളേജിൽ അവന്റെ പെങ്ങളായി തന്നെയാണ് അവൾ അറിയപ്പെട്ടത് . പക്ഷേ , നിന്റെ മകളാണെന്ന് അറിഞ്ഞതോടെ അവന് അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു . ”
” അതെന്തിനാ ? അവന്റെ ഓർമ്മകളിൽ ഒന്നും തന്നെ ഈ ചെറിയച്ഛൻ ഉണ്ടാകില്ല പിന്നെ എന്തിനാണ് എന്നോട് ഇത്ര ദേഷ്യം ? ”
” പലരിൽ നിന്നും കേട്ട് പഠിച്ച പഴങ്കഥ കൊണ്ടായിരിക്കും … അത്രയ്ക്ക് നല്ല ഇമേജ് ആയിരുന്നല്ലോ നാടുവിട്ടുപോയ നിനക്ക് ഉണ്ടായിരുന്നത് … ”
” ഈ നാടു വിട്ടു പോകുമ്പോഴും ഇവിടെ നിന്ന് ആരുടെയും പൊന്നോ പണമോ കൊണ്ട് പോയിരുന്നില്ല … ആകെ കൊണ്ടുപോയത് സ്നേഹിച്ച പെണ്ണിനെ മാത്രമാണ് … പിന്നെ എന്തിന്റെ പേരിലാണ് എല്ലാവരും എന്നെ വെറുത്തത് ? ”
” അത് വേറൊന്നും കൊണ്ടല്ല , നമ്മുടെ കുടുംബത്തിന്റെ പേരിനും പ്രൗഡിക്കും അനുസരിച്ച് നല്ല ബന്ധം തന്നെയാണ് നിനക്കുവേണ്ടി അച്ഛൻ കണ്ടെത്തിയത് . എന്നാൽ നീ അച്ഛനെ എതിർത്തുകൊണ്ട് ഒരു അന്തർജ്ജനത്തിനെ വിവാഹം കഴിച്ചു . അതും അച്ഛന്റെ ശത്രുവിന്റെ മകളെ … ശരിക്കും പറഞ്ഞാൽ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും മരണത്തിൽ പോലും എത്താത്തതിനാലാണ് നിന്നോട് കിച്ചുവിന് ദേഷ്യം തോന്നിയത് . അവനാ ദേഷ്യം ശ്രുതിയോടും കാണിച്ചിരുന്നു . ”
” അല്ലെങ്കിൽ തന്നെ എന്നോടുള്ള ദേഷ്യം എന്തിനാ അവളോട് തീർക്കുന്നത് ? ”
” നീ പോയതിൽ ഉള്ള മനോവിഷമത്തിൽ ആണ് നമ്മുടെ അച്ഛൻ നെഞ്ചുപൊട്ടി മരിച്ചത് . അതോടെ , അന്നുമുതൽ എല്ലാവർക്കും നിന്നോട് നല്ല ദേഷ്യം ഉണ്ടായിരുന്നു . എന്നാൽ കാലത്തിനു മായ്ക്കാൻ കഴിയാത്ത മുറിവുകൾ ഇല്ല എന്നാണല്ലോ . നിനക്ക് ഒരു കുഞ്ഞുണ്ടായി എന്നറിഞ്ഞപ്പോൾ ഇവിടെ എല്ലാവർക്കും അതിനെ കാണാൻ കൊതിയായിരുന്നു . അമ്മ മരിക്കുന്നതിനു മുമ്പ് അവസാന ആഗ്രഹമായി പറഞ്ഞത് , നിന്റെ കുഞ്ഞിനെ കാണണമെന്നായിരുന്നു . എന്നാൽ നി വന്നില്ല . അതോടെ കിച്ചുവിനും നിന്നോട് കൂടുതൽ ദേഷ്യമായി . ആ ദേഷ്യം ആണ് അവൻ നിന്റെ മകളോട് കാണിച്ചത് . ”
” എന്നിട്ടിപ്പോ എന്റെ മകൾ എവിടെയുണ്ട് ? ”
” അത് ഞങ്ങൾക്ക് അറിയില്ല . എന്നാൽ കിച്ചു വിചാരിച്ചാൽ അവളെ നിഷ്പ്രയാസം കണ്ടുപിടിക്കാൻ കഴിയും . ”
” അവന് രണ്ടു വയസ്സുള്ളപ്പോഴാണ് അവസാനമായി കാണുന്നത് . എന്നാൽ ഇപ്പോൾ അവൻ ഒത്തിരി വളർന്നു കാണും അല്ലേ , ഇപ്പോഴും അവന് എന്നോട് ദേഷ്യം ആയിരിക്കും അല്ലേ ? ”
” ഇല്ലടോ , ഇപ്പൊ അവനെ കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് . അവൻ ഇപ്പോൾ ഒക്കെയാണ് . ശ്രുതിയെ അന്വേഷിക്കാൻ അവൻ തന്നെയാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത് . ”
” അതെന്തായാലും നന്നായി … എന്റെ കുട്ടി എവിടെയാണോ എന്തോ ? ”
ഒരു ദീർഘനിശ്വാസത്തോടെ വിശ്വനാഥൻ സോഫ സെറ്റിലേക്ക് ചാരിയിരുന്നു .
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
വീട് എത്തുന്നതുവരെ ശ്രുതി മൗനത്തെ കൂട്ടുപിടിച്ചിരിക്കുന്നു . അത് അഭിയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത് . കാർ ഗേറ്റ് കടന്ന് നിർത്തിയ ഉടനെ ശ്രുതി കാറിൽ നിന്നിറങ്ങി വേഗത്തിൽ തന്നെ ഓടി അകത്ത് കയറി . റൂമിലെ ഡോർ അഭി ചവിട്ടിപ്പൊളിച്ചത് കൊണ്ട് ഇനി അത് കുറ്റിയിടാൻ കഴിയില്ല . അത് ശ്രുതിയെ കൂടുതൽ അസ്വസ്ഥയാക്കി .
വീട്ടിലുള്ളവർക്ക് അവർ തമ്മിലുള്ള മാനം കണ്ടപ്പോൾ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയെങ്കിലും ആരും തന്നെ അവരുടെ കാര്യത്തിൽ ഇടപെടാൻ മുതിർന്നില്ല . എന്നാൽ , ചെറിയച്ഛനും ചെറിയമ്മയും മാത്രം അവരുടെ ഈ പിണക്കം കണ്ടു ചിരിക്കുകയായിരുന്നു .
എന്നാൽ ഇതിലേക്ക് ഒന്നും ഇടപെടാൻ നിൽക്കാതെ ശ്രുതിക്കെതിരെ വളരെ ഗൂഢതന്ത്രങ്ങൾ മെനയുകയായിരുന്നു അഞ്ജലിയും അവളുടെ അമ്മ സുപ്രിയയും . കാര്യമായി എന്തോ ആലോചിച്ച് ഇരിക്കുന്ന അഞ്ജലിയെ സുപ്രിയ ചെന്ന് തട്ടിവിളിച്ചു .
” നീ ഇവിടെ സ്വപ്നവും കണ്ടിരുന്നോ ? ശ്രുതി മിടുക്കിയാണ് . അവൾ ഈ വീട്ടിലുള്ള ഓരോരുത്തരെയായി കയ്യിലെടുത്തു കൊണ്ടിരിക്കുകയാണ് . ഇങ്ങനെ പോയാൽ അഭിയും ഈ കണ്ട സ്വത്തുക്കളും നിന്റെ കയ്യിൽ നിന്നും പോകും . ”
സുപ്രിയ തന്റെ ഉള്ളിലെ വേവലാതി അഞ്ജലിയെ അറിയിച്ചെങ്കിലും അവൾ വീണ്ടും ചിന്തയിൽ മുഴുകി ഇരിക്കുകയായിരുന്നു . അത് കണ്ടതോടെ സുപ്രിയക്ക് കലികയറി .
” നീ ഇത് എന്ത് പിണ്ണാക്കാണ് ചിന്തിക്കുന്നത് ഒരുമാതിരി അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ ”
” എന്റെ പൊന്നു അമ്മേ , ഞാൻ അന്നത്തെ സംഭവം ഓർക്കുകയായിരുന്നു . സീതയുടെ കൈപൊള്ളിയ ദിവസം . അന്ന് ആ കാഴ്ച കണ്ട് സീതയെ അമ്മേ എന്ന് വിളിച്ചു കൊണ്ടാണ് ശ്രുതി ബോധംകെട്ടു വീണത് ”
” അതുകൊണ്ട് ഇപ്പൊ എന്താ ? ”
” ഇനിയൊരു പക്ഷേ സീതയുടെ മകൾ ആയിരിക്കുമോ ശ്രുതി ? ”
” എന്റെ പൊന്നു അഞ്ജലി … നീ ഇങ്ങനെ വിഡ്ഢിത്തരം വിളിച്ചു പറയാതിരിക്ക് … ശ്രുതി സീതയുടെ മകൾ ഒന്നുമല്ല … അത് കണ്ടാൽ തന്നെ അറിയില്ലെ … കാര്യം എന്തൊക്കെ പറഞ്ഞാലും അവളുടെ മുഖത്ത് നല്ല ഐശ്വര്യം ഉണ്ട് … അടുക്കളക്കാരി സീത എവിടെ കിടക്കുന്നു അവൾ എവിടെ കിടക്കുന്നു … അവളുടെ ഒടുക്കത്തെ കണ്ടുപിടുത്തം ”
” അപ്പൊ അവൾ അന്ന് അമ്മേയെന്ന് വിളിച്ചു നിലവിളിച്ചതോ ? ”
” ഓ എന്റെ മണ്ടിപ്പെണ്ണേ … അത് അവൾക്ക് ചെറുപ്പംതൊട്ടേ തീ ഭയങ്കര പേടിയാണ് ”
” അത് അമ്മയ്ക്ക് എങ്ങനെ അറിയാം ? ”
” അത് അന്ന് അവൾ ജാനകിയോടും സീതയോടും പറയുന്നത് ഞാൻ ഒളിച്ചു നിന്നു കേട്ടതാണ് ”
അതു കേട്ടതും അഞ്ജലിയുടെ മുഖത്ത് ഒരു നിഗൂഢമായ ചിരി പരന്നു .
” ഓഹോ … അപ്പൊ അവൾക്ക് തീ പേടിയാണ് അല്ലേ … എങ്കിൽ അവൾക്ക് ഒരു അത്യുഗ്രൻ പണി ഈ അഞ്ജലി ഒരുക്കിവെച്ചിട്ടുണ്ട് ”
” എന്തു പണി ? ഈ അമ്മയോടു കൂടി പറ … വെറുതെ നീ ഒറ്റയ്ക്ക് ഓരോന്ന് ചെയ്ത് അബദ്ധത്തിൽ പോയി ചാടണ്ട ”
” ഇല്ലമ്മേ … ഈ കാര്യത്തിൽ അഞ്ജലിക്കു പിഴക്കില്ല . അത്രയും കൃത്യമായാണ് ഞാൻ ഇത്തവണ കരുക്കൾ നീക്കുന്നത് ”
” നീ എന്താ ചെയ്യാൻ പോകുന്നതെന്ന് എന്നോട് പറയുന്നുണ്ടോ ഇല്ലയോ ? ”
” കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ ദീപാവലിയാണ് . ദീപം കൊണ്ട് ഇവിടെ മൊത്തം അലങ്കരിക്കും . അന്ന് ഞാൻ അവളെ അഗ്നിക്കിരയാക്കും ”
അത്രയും പറഞ്ഞു കൊണ്ട് അഞ്ജലി ഒരു യക്ഷിയെ പോലെ പൊട്ടിച്ചിരിക്കാൻ തുടങ്ങി . അവളുടെ അമ്മ സുപ്രിയയും മകളുടെ പ്ലാനിംങ്ങിൽ വളരെയധികം സന്തോഷവതിയായിരുന്നു . അവരങ്ങനെ ദീപാവലിയ്ക്കായി ദിവസങ്ങളെണ്ണി കാത്തിരുന്നു .
( തുടരും )
ശ്രുതി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission