Skip to content

ശ്രുതി – 59

ശ്രുതി Malayalam Novel

” എനിക്കൊന്നും കേൾക്കാൻ താല്പര്യം ഇല്ല ”

അത്രയും പറഞ്ഞ് അവനിൽ നിന്നും മുഖംതിരിച്ച് അവൾ പോകാൻ തുടങ്ങിയതും അവന്റെ കൈകൾ അവളുടെ കൈകളിൽ പിടിമുറുക്കിയിരിക്കുന്നു . അത് കണ്ടതോടെ സീൻ വഷളാകും എന്ന് തോന്നിയപ്പോൾ കിച്ചു വേഗം ആരുടെ അടുത്തേക്ക് പാഞ്ഞടുത്തു .

” എനിക്ക് പറയാനുള്ളത് കേട്ടിട്ടേ നീ ഇവിടെ നിന്ന് പോകു ”

അഭിയുടെ സ്വരം ഉറച്ചതായിരുന്നു . എന്നാൽ ഒട്ടും വിട്ടുകൊടുക്കാൻ ശ്രുതി തയ്യാറല്ലായിരുന്നു .

” എനിക്കൊന്നും കേൾക്കണ്ട ”

” ശ്രുതി നീ വെറുതെ വാശി കാണിക്കാതെ എന്റെ കൂടെ വരാൻ നോക്കൂ ”

” എന്തിന് ? എല്ലാ നാടകവും അവസാനിപ്പിച്ചിട്ടല്ലേ ഞാൻ വന്നത് , പിന്നെ ഇപ്പോ എന്തിനാ എന്നെ തിരക്കി വന്നത് ? ”

” ഒരിക്കൽ നിർത്തിയ നാടകത്തിന്റെ ബാക്കി കളിക്കാൻ അല്ല നിന്നെ ഞാൻ വിളിക്കുന്നത് . നിന്നെ കാത്ത് ചില മനുഷ്യരവിടെ ഉണ്ട് . ”

” എന്നെ കാത്ത് ശ്രീ മംഗലത്ത് ഒരു കുഞ്ഞു പോലും ഇല്ല എന്ന് എനിക്കറിയാം . പിന്നെ ആർക്കു വേണ്ടി ഞാൻ അങ്ങോട്ട് വരണം ? എന്തിനു വേണ്ടി വരണം ? ”

ശ്രുതിയുടെ ചോദ്യശരങ്ങൾക്ക് എന്ത് മറുപടി പറയണമെന്നറിയാതെ അഭി കുഴങ്ങി . അപ്പോഴേക്കും തിരിച്ചു അവർക്കരികിലേക്ക് എത്തിയിരുന്നു . കിച്ചുവിനെ കണ്ടതും അഭിയുടെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുക്കി .

” എന്താ ശ്രുതി , എന്തെങ്കിലും പ്രശ്നമുണ്ടോ ? ”

കിച്ചു അത് അഭിയുടെ മുഖത്തുനോക്കി കൊണ്ടാണ് ശ്രുതിയോട് ചോദിച്ചത് . എന്നാൽ അതിനുള്ള മറുപടി കൊടുത്തത് അഭി തന്നെയായിരുന്നു .

” ഇവിടെ ഇപ്പോൾ ഒരു പ്രശ്നവുമില്ല . നീയായിട്ട് പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കാഞ്ഞാൽ മതി ”

” നീ എന്താ ഈ പറയുന്നത് ? ഞാനായിട്ട് ഒരിക്കലും നിങ്ങൾക്കിടയിൽ ഒരു പ്രശ്നവും ഉണ്ടാക്കാൻ നോക്കിയിട്ടില്ല . പിന്നെ അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നു . ഐ ആം എക്സ്ട്രിമിലി സോറി . ”

കിച്ചുവിന്റെ സൗമ്യമായ വാക്കുകൾ കേട്ടപ്പോൾ അഭിയും ഒന്നു തണുത്തു .

” ഏയ് അതിന്റെ ഒന്നും ആവശ്യമില്ല . ഞാൻ അതൊക്കെ അപ്പോഴേ വിട്ടു . ”

” എനിക്ക് സത്യം പറഞ്ഞാൽ അറിയില്ലായിരുന്നു , ശ്രീമംഗലം തറവാട്ടുകാരും ചെമ്പകശ്ശേരിക്കാരും തമ്മിൽ ബന്ധുക്കൾ ആണെന്ന് ”

കിച്ചു പറഞ്ഞത് കേട്ടതും ശ്രുതി ഒരു ഞെട്ടലോടെ രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി .

” നിങ്ങൾ രണ്ടുപേരും എന്തൊക്കെയാ ഈ പറയുന്നത് ? ”

” പറഞ്ഞത് സത്യമാണ് . അതു പറയാനും നിന്നെ കൂട്ടി കൊണ്ടുപോകാനും ആണ് ഞാൻ വന്നത് . അല്ലാതെ , നീ കരുതുന്നതുപോലെ നിന്നെക്കൊണ്ടു പുതിയൊരു നാടകം കളിക്കാനോ വീണ്ടും അഭിനയിക്കാനോ അല്ല ”

ശ്രുതി ഒട്ടും വിശ്വാസം ഇല്ലാത്തത് പോലെ അവന്റെ മുഖത്തേക്ക് നോക്കി നെറ്റിചുളിച്ചു . അതു മനസ്സിലാക്കിയിട്ട് എന്നോണം അവൻ കാറിൽ നിന്നും ഒരു ആൽബം എടുത്തു അവൾക്കു നേരെ നീട്ടി .

” നിനക്കെന്നെ വിശ്വാസം ആയിട്ടില്ല എന്ന് മനസ്സിലായി . ഇതാ ഇതിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ , എന്നിട്ട് പറ ഞാൻ പറയുന്നത് കള്ളമാണ് സത്യമാണോ എന്ന് ”

ശ്രുതി മനസ്സില്ലാമനസ്സോടെ അഭിയുടെ കൈയിൽനിന്നും ആൽബം വാങ്ങി മറിച്ചു നോക്കി . ഓരോ പേജുകൾ മറക്കും തോറും അവളുടെ മുഖത്ത് പലപല ഭാവങ്ങൾ മിന്നിമറഞ്ഞു . ആ ആൽബം നിറയെ അവളുടെ ഓർമ്മകൾ ആയിരുന്നു . അവളുടെ പപ്പയുടെയും അമ്മയുടെയും കല്യാണ ഫോട്ടോ , അവൾ കുഞ്ഞായിരിക്കുമ്പോൾ മുതൽ ഇതുവരെ ഉള്ള ഫോട്ടോസ് . അവൾ അത്ഭുതത്തോടെ അഭിയെ നോക്കി .

” അഭിഏട്ടന് ഈ ആൽബം എവിടെ നിന്ന് കിട്ടി ? ”

” ഇത് ഒരാൾ മുത്തശ്ശന്റെ കയ്യിൽ കൊണ്ട് കൊടുത്തതാണ് . ”

” ആര് ??? ”

അവൾ അടങ്ങാത്ത ആകാംക്ഷയോടെ അവനെ നോക്കി .

” വൺ മിസ്റ്റർ ഹരിനാരായണൻ ”

” ഹരിമാമയോ ??? ”

” എന്താ നിനക്ക് അറിയോ അയാളെ ? ”

ആ ചോദ്യം വന്നത് കിച്ചുവിൽ നിന്നായിരുന്നു .

” അറിയാം . അത് എന്റെ പപ്പയുടെ ഫ്രണ്ട് ആണ് ”

” അതാരെങ്കിലും ആയിക്കോട്ടെ , ഞാനിപ്പോൾ വന്നത് നിന്നെ കൊണ്ടുപോകാൻ ആണ് . ”

” എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല , ശ്രീമംഗലം തറവാട്ടുകാർ എങ്ങനെയാണ് ചെമ്പകശ്ശേരികാരുടെ ബന്ധുക്കൾ ആയത് ? ”

ശ്രുതി സംശയത്തോടെ കിച്ചുവിന്റെ മുഖത്തുനോക്കി .

” ഇത്രയും കാലം നീ അന്വേഷിച്ചിട്ട് നടന്ന കണിമംഗലം തറവാട് തന്നെയാണ് ശ്രീമംഗലം തറവാട് ”

കിച്ചുവിന്റെ മറുപടി ശ്രുതി തെല്ലൊന്നു അത്ഭുതപ്പെടുത്തി . അവളുടെ മുഖത്ത് അത്ഭുതം കണ്ടു അഭി മുന്നോട്ടുവന്നു .

” ഇനിയും മനസ്സിലായില്ലെങ്കിൽ ഞാൻ വിശദീകരിക്കാം , ശ്രീ മംഗലത്ത് രാജഗോപാലിന്റെ യും രാജലക്ഷ്മിയുടെയും ഇളയ സന്തതിയായ ശ്രീദേവിയാണ് നിന്റെ അമ്മ ”

” പക്ഷേ ഹരി മാമ എന്നോട് പറഞ്ഞത് എന്റെ അമ്മ നമ്പൂതിരി കുടുംബത്തിൽ ജനിച്ച അന്തർജ്ജനം ആണെന്നാണ് ”

ഒരു വാദപ്രതിവാദത്തിന് ഒരുങ്ങുന്ന ശ്രുതിയെ കണ്ടപ്പോൾ അഭിക്ക് ദേഷ്യം വന്നു .

” സ്വന്തം അമ്മയുടെ വീട്ടുപേര് പോലും അറിയാത്ത നിന്നെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ”

ദേഷ്യത്തോടെ ഉള്ള അഭിയുടെ വാക്കുകൾ അവളെ ചെറുതായൊന്നു നോവിച്ചു .

” അഭിയേട്ടൻ പറഞ്ഞത് വളരെ ശരിയാണ് . എനിക്കെന്റെ അമ്മയുടെ വീട്ടു പേരോ , കുടുംബത്തെയോ ഒന്നും അറിയില്ല . കാരണം , അവരെക്കുറിച്ച് പറഞ്ഞുതരാൻ എന്റെ അമ്മ ഉണ്ടായിരുന്നില്ല . പിന്നെ അവരാരും തന്നെ എന്നെ അന്വേഷിച്ച് ഇതുവരെ വന്നിട്ടുമില്ല . പിന്നെ ഞാൻ എങ്ങനെ അറിയാനാണ് അവരെക്കുറിച്ച് ? ”

ശ്രുതിയുടെ വേദനയോടുള്ള ചോദ്യം അഭിയുടെ മനസ്സിൽ ആഴത്തിൽ തന്നെ പതിച്ചു . അവൾക്കൊരു മറുപടി നൽകാൻ കഴിയാതെ നിശബ്ദമായി നിൽക്കുന്ന അഭിയുടെ അടുത്തേക്ക് അവൾ നിന്നു .

” ഞാൻ വരാം ശ്രീമംഗലത്തേക്ക് ”

ശ്രുതിയുടെ സ്വരം ഉറച്ചതായിരുന്നു . അത് കേട്ടപ്പോൾ കിച്ചുവിനും സന്തോഷമായി . അഭി കിച്ചുവിനെയും ശ്രീമംഗലത്തിലേക്ക് ക്ഷണിച്ചെങ്കിലും , അവൻ വളരെ സ്നേഹത്തോടെ , പിന്നീടൊരിക്കൽ ആകാം എന്ന് പറഞ്ഞ് അത് നിരസിച്ചു . അഭിയുടെ കൂടെ കാറിൽ പോകാൻ ശ്രുതി ആദ്യമൊന്നു മടിച്ചെങ്കിലും കിച്ചു വരില്ല എന്ന് ഉറപ്പായപ്പോൾ അവൾ പതിയെ കാറിലേക്ക് കയറി . പോകുന്ന വഴിയിൽ ഉടനീളം അവരിരുവരും മൗനത്തെ കൂട്ടു പിടിച്ചിരുന്നു .

അൽപ്പനേരത്തെ യാത്രയ്ക്കൊടുവിൽ ശ്രീമംഗലം എന്ന ഗേറ്റ് കടന്ന് കാർ ഉള്ളിലേക്ക് കുതിച്ചു . കാറിൽ നിന്നിറങ്ങുമ്പോൾ അവൾ ഓർത്തു , ഇനിയൊരിക്കലും ഈ പടി ചവിട്ടരുത് എന്ന് കരുതിയതാണ് . പക്ഷേ കാലം കരുതിവെച്ചത് മറ്റൊന്നായിരുന്നു . മടിച്ചു കൊണ്ടാണ് ശ്രുതി കാറിൽ നിന്നും ഇറങ്ങിയത് . എന്നാൽ ശ്രുതിയുടെ വരവിനെ ഒരു ഉത്സവം പോലെയാണ് ശ്രീമംഗലം തറവാട്ടുകാർ ആഘോഷിച്ചത് അതവളെ ഒത്തിരി സന്തോഷപെടുത്തി .

ഇത്രയും കാലം അകറ്റിനിർത്തിയവരെല്ലാം ചേർത്തുപിടിച്ച് സ്നേഹിക്കുന്നത് കണ്ടപ്പോൾ ശ്രുതി മനസ്സുകൊണ്ട് ഒത്തിരി സന്തോഷിച്ചു . ശ്രുതി വന്നതിൽ ഗൗരിക്ക് ആയിരുന്നു ഏറ്റവും കൂടുതൽ സന്തോഷം . ഗൗരി ശ്രുതിയെ സ്നേഹ ചുംബനങ്ങൾ കൊണ്ട് മൂടി . അപ്പോഴാണ് അവളുടെ കണ്ണുകൾ മുത്തശ്ശനെയും മുത്തശ്ശിയെയും തിരഞ്ഞത് .

മുത്തശ്ശനും മുത്തശ്ശിയും നിറകണ്ണുകളോടെ ശ്രുതിയെ വരവേറ്റു . അവളെ കണ്ടയുടനെ കൈകൂപ്പി മാപ്പുപറയാൻ തുടങ്ങിയതും , അവൾ ഇരുവരുടെയും കാൽക്കൽ വീണു അനുഗ്രഹം വാങ്ങി . എന്നിട്ട് നിറഞ്ഞൊഴുകി അവരുടെ കണ്ണുകൾ ഒപ്പി കൊടുത്തുകൊണ്ട് പറഞ്ഞു .

” എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഇത് , ഈ സമാഗമം . അമ്മ ഒത്തിരി ആഗ്രഹിച്ചിരുന്നു ഇങ്ങോട്ട് മടങ്ങിവരാൻ . നിങ്ങളുടെയൊക്കെ കൂടെ കഴിയാൻ . ”

” നിനക്ക് ഒരു വാക്കു പറയാമായിരുന്നു മോളെ ”

ഒരു തേങ്ങലോടെ മുത്തശ്ശി അവളെ ചേർത്ത് പിടിച്ചു .

” അതിന് എനിക്ക് അറിയില്ലായിരുന്നു മുത്തശ്ശി , നിങ്ങളൊക്കെ എന്റെ സ്വന്തമാണെന്ന് . ഇത്ര അടുത്തുണ്ടായിട്ടും ഞാൻ ഇത്രയും കാലം നിങ്ങളെയൊക്കെ ആണല്ലോ അന്വേഷിച്ചു നടന്നത് ? ”

ശ്രുതി ഒരു കരച്ചിലോടെ അവരെ കെട്ടിപ്പിടിച്ചു . എല്ലാവരും അവളെ ആശ്വസിപ്പിച്ചു സ്നേഹിച്ചു മത്സരിച്ചു കൊണ്ടിരിന്നു . ഇതെല്ലാം വായും പൊളിച്ചു നോക്കി നിൽക്കുകയാണ് സുപ്രിയയും അഞ്ജലിയും ചേർന്നു . ശ്രുതിയുടെ മുന്നിലേക്ക് ചെല്ലാനുള്ള ധൈര്യം അവർക്ക് ഇല്ലാത്തതിനാൽ അവർ ഇരുവരും മുകളിൽ തന്നെ നിന്നു .

അവരോടൊപ്പം വിശേഷങ്ങൾ പങ്കുവെച്ച് സമയം പോയതറിയാതെ ശ്രുതി ഇരുന്നു . അപ്പോഴാണ് അവൾ ഓർത്ത് , ഇവരൊക്കെ ഇത്രയും പാവങ്ങൾ ആയിരുന്നോ ? അമ്മയുടെ ഡയറിയിൽ എല്ലാ സഹോദരങ്ങളെ കുറിച്ചും എഴുതിയിരുന്നു . എന്നാൽ , അമ്മ പോന്നതിന് ശേഷമാണ് അവരുടെയൊക്കെ വിവാഹം കഴിഞ്ഞത് . അതുകൊണ്ട് പിന്നീട് വന്നവരെ കുറിച്ച് ഒരു വിവരവും ഇല്ല . വൈകുന്നേരം വരെ അവരുടെ കൂടെ ഇരുന്നപ്പോൾ സമയം പോയത് അറിഞ്ഞതേയില്ല . ആറുമണിയായപ്പോൾ കിച്ചുവിന്റെ ഫോൺ വന്നപ്പോഴാണ് ശ്രുതി സമയം പോയതറിഞ്ഞത് .

തിരികെ പോകണം എന്ന് അവൾ പറഞ്ഞപ്പോൾ ആർക്കും തന്നെ അവളെ പറഞ്ഞയക്കാൻ മനസ്സ് അനുവദിച്ചിരുന്നില്ല .

” മോൾക്ക് ഇനിയുള്ള കാലം ഇവിടെ നിന്നുടെ ? ”

മുത്തശ്ശിയിൽ നിന്നും വന്ന ചോദ്യം അവളെ ഒത്തിരി സന്തോഷപെടുത്തി .

” ഇല്ല മുത്തശ്ശ , നിങ്ങൾ രണ്ടു കുടുംബക്കാരും എന്നും എന്റെ കൂടെ ഉണ്ടാവണം . അതാണ് എന്റെയും എന്റെ അമ്മയുടെയും ആഗ്രഹം . എന്റെ അമ്മയും അച്ഛനും കാരണം ശത്രുക്കൾ ആയി മാറിയ ചെമ്പകശ്ശേരി കാരും ശ്രീമംഗലം തറവാട്ടുകാരും ഇനിയുള്ള കാലമെങ്കിലും സന്തോഷത്തോടെ കഴിയണം . അതാണ് എന്റെ അമ്മ അവസാനമായി ഡയറിയിൽ എഴുതിയത് . എന്റെ അമ്മയുടെ ആഗ്രഹം നടത്താനാണ് ഞാൻ ഈ നാട്ടിലേക്ക് വന്നത് . ”

സ്തുതിയുടെ ആ മറുപടി എല്ലാവരും ആദ്യമൊന്ന് എതിർത്തെങ്കിലും , അവൾ തന്നെ അതിനൊരു പരിഹാരം കണ്ടെത്തി . ഒരാഴ്ച അച്ഛന്റെ കുടുംബത്തിൽ ആണെങ്കിൽ ഒരാഴ്ച അമ്മയുടെ കുടുംബത്തിൽ അങ്ങനെ മാറി മാറി താമസിക്കാമെന്ന് . അതെല്ലാവരും പൂർണ്ണമനസ്സോടെ ശരിവെച്ചു .

വൈകുന്നേരമായപ്പോൾ അഭിയാണ് ശ്രുതി തിരികെ കൊണ്ടാക്കാൻ പോയത് . എന്നാൽ യാത്രയിലുടനീളം അഭി മൗനമായി തന്നെ തുടർന്നു . അവന്റെ മൗനം ശ്രുതിയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് എന്ന് അവൾക്ക് തോന്നി . ചെമ്പകശ്ശേരി എത്തിയിട്ടും അഭി അവളോട് ഒന്ന് യാത്ര പോലും പറയാതെ കാർ എടുക്കാൻ തുടങ്ങിയതും കിച്ചു അങ്ങോട്ട് വന്നു . കിച്ചു വിനോട് അൽപ നേരം സംസാരിച്ചതിന് ശേഷമാണ് അഭി പോയത് .

അങ്ങനെ ദിനങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു . അതിനിടയിൽ ശ്രുതി ഒരാഴ്ച അച്ഛന്റെ വീട്ടിലും അടുത്ത ആഴ്ച അമ്മയുടെ വീട്ടിലുമായി താമസം തുടങ്ങി . ഇരുവീട്ടുകാരും അവളെ ഒത്തിരി സ്നേഹത്തോടെ തന്നെ പരിപാലിച്ചു . അമ്മയുടെ വീട്ടിൽ പോകുമ്പോഴെല്ലാം ശ്രുതി സുപ്രിയക്കും അഞ്ജലിക്കു നല്ല എട്ടിന്റെ പണി തിരിച്ചു കൊടുത്തു കൊണ്ടിരുന്നു . മനസ്സില്ലാ മനസ്സോടെ അവരിരുവരും പതിയെ ശ്രുതിയുടെ പരിചാരകരാവാൻ തുടങ്ങി . അവസാനം ശ്രുതിയെ പേടിച്ച് അവരിരുവരും അവരുടെ സ്വന്തം വീട്ടിലേക്ക് തന്നെ പോയി .

* * * * * * * * * * * * * * * * * * * * * * * * * * * * * *

അങ്ങനെയിരിക്കെയാണ് ശ്രുതിയുടെ ഇരുപതാം പിറന്നാൾ കെങ്കേമം ആയി ആഘോഷിക്കാൻ ഇരു കുടുംബക്കാരും തീരുമാനിച്ചത് . എല്ലാ പ്ലാനിങ്ങും നടത്തിയത് അഭിയും കിച്ചുവും ചേർന്നായിരുന്നു .

ഇന്നാണ് ആ സുദിനം . ശ്രുതിയുടെ ജന്മദിനം . രാവിലെ തന്നെ ഇരുവീട്ടുകാരുടെയും കൂടെ ശ്രുതി കുടുംബ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചു . പലതവണ അഭിയെ കണ്ടെങ്കിലും അവൻ ഒന്ന് വിഷ് ചെയ്തിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചിരുന്നു . പക്ഷേ , അവൻ അവളെ ഒന്നു മൈൻഡ് ചെയ്യുക കൂടി ചെയ്തില്ല . അത് അവളെ കൂടുതൽ വേദനിപ്പിച്ചു .

വൈകുന്നേരമായിരുന്നു പാർട്ടി അറേഞ്ച് ചെയ്തിരുന്നത് . എല്ലാവർക്കുമുള്ള പാർട്ടിവെയർ സെലക്ട് ചെയ്തതും അഭിയും കിച്ചുവും ചേർന്നാണ് . ചെമ്പകശ്ശേരി തറവാട്ടുകാരുടെ ഡ്രസ്സ് കോഡ് ബ്ലാക്ക് ആൻഡ് വൈറ്റും ശ്രീമംഗലം തറവാട്ടുകാരുടെ ഡ്രസ്സ് കോഡ് റെഡ് ആൻറ് വൈറ്റ് ആണ് സെലക്ട് ചെയ്തത് . അഭിക്കും ശ്രുതിക്കും കിച്ചുവിനും നേവി ബ്ലൂ ആണ് . ബർത്ത് ഡേ ഫംഗ്ഷൻ രണ്ട് തറവാടുകളിൽ വെച്ച് നടത്തണ്ട എന്നും അത് ഒരു ഓഡിറ്റോറിയത്തിൽ വെച്ച് മതിയെന്നും പറഞ്ഞത് കിച്ചു ആയിരുന്നു . അത് വേറൊന്നും കൊണ്ടല്ല , ശ്രുതിയുടെ അച്ഛൻ വിശ്വനാഥന് മകളെ ഒന്ന് കാണാൻ വരാൻ ഉള്ള അവസരം ഒരുക്കിയതാണ് ആരും അറിയാതെ അവൻ .

വൈകുന്നേരം നാല് മണിയോടെ തന്നെ ഫംഗ്ഷൻ തുടങ്ങിയിരുന്നു . ഇരു കുടുംബക്കാരും വളരെ നേരത്തെ തന്നെ ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു . അഞ്ചുമണി ആയപ്പോഴേക്കും ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ് ശ്രുതിയും ഓഡിറ്റോറിയത്തിലേക്ക് എത്തിയിരുന്നു . നേവി ബ്ലൂ ഗൗൺ അണിഞ്ഞ് അതിലേക്ക് ചേർന്ന ഡയമണ്ട് നെക്ലേസും അതിന്റെ എയറിങ് സെറ്റും അണിഞ്ഞു സിമ്പിൾ മേക്കപ്പും മൊത്തത്തിൽ ഒരു ഏയ്ഞ്ചൽ ലുക്കിൽ ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിവരുന്ന ശ്രുതിയെ അവിടെ കൂടിയിരുന്ന എല്ലാവരും കണ്ണെടുക്കാതെ നോക്കിനിന്നു . വലിയ ഗൗണും പിടിച്ച് പതിയെ ഇറങ്ങി വരുന്ന അവളെ കാണാൻ ശരിക്കും ഒരു പ്രിൻസസ് ഡോളിനെ പോലെയുണ്ടായിരുന്നു . പടികൾ ഇറങ്ങി താഴെ എത്തിയ ശ്രുതിയുടെ രണ്ടു സൈഡിൽ ആയി നേവി ബ്ലു കുർത്ത അണിഞ്ഞു കിച്ചുവും അഭിയും വന്നുനിന്നു . പിന്നെ അവർ മൂവരും ഒരുമിച്ചാണ് സ്റ്റേജിലേക്ക് കയറിയത് . ആ വരവ് കാണാൻ തന്നെ ഒരു രാജകീയ പ്രൗഢി തോന്നിയിരുന്നു .

വൈറ്റ് കളർ ബലൂണുകളും വൈറ്റ് റോസാപ്പൂക്കളും കൊണ്ട് ഫുൾ അലങ്കരിച്ചു വച്ചിരിക്കുന്ന സ്റ്റേജിൽ വന്നു നിന്ന ശ്രുതിയിലായിരുന്നു എല്ലാവരുടെയും കണ്ണ് . അഭി അവളുടെ കണ്ണുകൾ തറയിൽ നിന്നും പൊത്തിപ്പിടിച്ചു . അപ്പോഴാണ് കിച്ചു ഒരു സൈഡിൽ നിന്നു ഒരു ടേബിളിൽ വലിയ റെയിൻബോ കേക്ക് കൊണ്ടുവന്നത് . വളരെ സ്പെഷലായി തന്നെ ഡെക്കറേറ്റ് ചെയ്ത് ആ കേക്ക് കണ്ടപ്പോഴേ അവിടെ കൂടിയിരുന്ന എല്ലാവരും ക്ലാപ്സ് ചെയ്യാൻ തുടങ്ങി . കേക്ക് അവൾക്കു മുന്നിൽ എത്തിയതും അഭി പൊത്തിപ്പിടിച്ചിരുന്ന അവളുടെ കണ്ണുകളെ സ്വതന്ത്രമാക്കി .

ശ്രുതി കേക്ക് കട്ട് ചെയ്ത ഉടനെ അഭിയും കിച്ചുവും ചേർന്ന് ആ കേക്ക് അവളുടെ വായിലേക്ക് തന്നെ വെച് കൊടുത്തു . അതിനുശേഷം ശ്രുതി ഓരോരുത്തർക്കായി കേക്ക് വായിൽ വെച്ച് കൊടുത്തു . പക്ഷേ അഭി മാത്രം കേക്ക് അവളുടെ കയ്യിൽ നിന്നും വാങ്ങി കഴിച്ചു . അതിനുശേഷം ഓരോരുത്തരായി അവളെ സമ്മാനങ്ങൾ കൊണ്ട് പൊതിഞ്ഞു . കിച്ചു അവൾക്ക് പിങ്ക് കളർ ഉള്ള ഒരു വലിയ ടെഡി ബിയർ ആണ് വാങ്ങിക്കൊടുക്കുന്നത് . കുടുംബക്കാർ എല്ലാവരും സ്വർണ്ണവും വൈരവും രത്നവും അങ്ങനെ ഒത്തിരി സമ്മാനങ്ങൾ അവൾക്ക് നൽകി .

അവസാനം ഗൗരി അവൾക്ക് സമ്മാനം നൽകാനായി വന്നു . ഗൗരി അവൾക്ക് ദശ ലക്ഷ്മി വളയാണ് സമ്മാനമായി കൈകളിൽ അണിയിച്ചു കൊടുത്തത് . അത് കണ്ടതോടെ എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു . വള ഇട്ടതിനുശേഷം ഗൗരി അവളെ ചേർത്തുപിടിച്ച് നിറുകയിൽ ചുംബിച്ചു . ഗൗരി ശ്രുതിയുടെ കൈകളിൽ അണിയിച്ചു കൊടുത്തത് സാധാരണ വളയല്ല , പരമ്പര പരമ്പരകളായി കൈമാറിവന്ന അമൂല്യ നിധിയാണ് . കണിമംഗലം തറവാട്ടിലെ മൂത്ത മരുമക്കൾക്ക് മാത്രം സ്വന്തമായി ലഭിക്കുന്ന നിധി . മുത്തശ്ശിയാണ് ഗൗരിക്ക് ഇത് തന്റെ വിവാഹത്തിന് ഇട്ടുകൊടുത്തത് . ഇപ്പോൾ ഗൗരി അത് ശ്രുതിക്ക് കൊടുത്തതിന്റെ അർത്ഥം – ശ്രുതിയെ മരുമകളായി അംഗീകരിച്ചു എന്നതാണ് . എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ നിൽക്കുകയാണ് ശ്രുതി .

അപ്പോഴാണ് കിച്ചുവിന്റെ കൂടെ അടുത്തേക്ക് വരുന്ന അതിഥികളെ ശ്രുതി കണ്ടത് . അവരെ കണ്ടതും സന്തോഷം കൊണ്ട് അവളുടെ മിഴികൾ നിറഞ്ഞു . അവൾ ഓടി അവരുടെ അടുത്തേക്ക് ചെന്നു . അത് മറ്റാരുമായിരുന്നില്ല , സ്വാധീയും കുടുംബവും ആയിരുന്നു . എല്ലാവരെയും അവൾ സ്വീകരിച്ചിരുത്തി . കിച്ചു ആണ് അവരെ ഇങ്ങോട്ട് കൊണ്ടുവന്നത് എന്ന് അറിഞ്ഞപ്പോൾ ശ്രുതിക്ക് വല്ലാത്ത സന്തോഷം തോന്നി . അവർ അവൾക്കായി പട്ടുസാരിയാണ് സമ്മാനമായി കൊണ്ടുവന്നിരുന്നത് . അവളത് വളരെ സന്തോഷത്തോടെ തന്നെ സ്വീകരിച്ചു .

അങ്ങനെ എല്ലാവരും ചേർന്ന് ഭക്ഷണം കഴിച്ച് സംസാരിക്കുമ്പോഴാണ് കിച്ചു ഒരു മൈക്കുമായി സ്റ്റേജിൽ കയറിയത് .

” ഹായ് ലേഡീസ് ആൻഡ് ജന്റിൽമാൻ , എല്ലാവരും ഒന്ന് ഇങ്ങോട്ട് നോക്കിയേ … ഐ ആം കാർത്തിക് .
ഇന്ന് നമ്മുടെ ശ്രുതിയുടെ ബർത്ത് ഡേ ആണ് .
എല്ലാവരും ഒന്ന് അവളെ വിഷ് ചെയ്തേ …

‘ ഹാപ്പി ബർത്ത് ഡേ റ്റു യു … ഹാപ്പി ബര്ത്ഡേ റ്റു യു … ഹാപ്പി ബര്ത്ഡേ റ്റു യു ഡിയർ ശ്രുതി … ‘

നീണ്ട 22 വർഷങ്ങൾക്ക് ശേഷമാണ് ഈ രണ്ട് കുടുംബങ്ങളും തമ്മിൽ ഒന്നിച്ചിരിക്കുന്ന അപൂർവ മുഹൂർത്തം ആണിത് . അതുകൊണ്ട് നമ്മൾ രാത്രി ആഘോഷം പൂർണ്ണമാക്കും . ഡാൻസ് പാട്ട് പിന്നെ , ഒരു ഗ്രൂപ്പ് സെൽഫി .

ആർ യു റെഡി ”

” യെസ് …….. യെസ് ……… യെസ് ”

അങ്ങനെ പാട്ട് പ്ലേ ചെയ്തു പാട്ടിനൊത്ത് എല്ലാവരും ഡാൻസ് കളിക്കാൻ തുടങ്ങി . എല്ലാവരുടെയും മുഖത്ത് മാസ്ക് വെക്കണം എന്നാണ് കിച്ചുവിന്റെ ഓർഡർ . എല്ലാവരും മാസ്ക് വെച്ചു . ഇപ്പൊ ആർക്കും പരസ്പരം കണ്ടാൽ മനസ്സിലാവില്ല , ശ്രുതിയും നേവി ബ്ലൂ കളർ മാസ്ക് അണിഞ്ഞു പതിയെ സ്റ്റെപ്പ് ലേക്ക് കയറി നിന്നു . ആ ഗൗൺ ഇട്ട് തട്ടിത്തടഞ്ഞു വീഴേണ്ട എന്ന് കരുതി ചെയ്തതാണ് . അപ്പോഴാണ് കിച്ചുവും സ്വാതിയും ഡാൻസ് കളിക്കുന്നത് ശ്രുതിയുടെ കണ്ണിൽപ്പെട്ടത് .

” അമ്പടി കേമി … എനിക്ക് അന്നേ സംശയം തോന്നിയിരുന്നു … ഇതിന് ആണല്ലേ മാസ്ക് ഡാൻസ് … കാണിച്ച് തരാട്ടോ രണ്ടിനെയും ”

എന്നും പറഞ്ഞ് ശ്രുതി സ്റ്റെപ്പിൽ നിന്നും താഴേക്കിറങ്ങിയതും കാല് സ്ലിപ്പ് ആയി പിറകിലോട്ട് വീഴാൻ പോയതും ഒരുമിച്ചായിരുന്നു , അപ്പോഴാണ് അവളെ ഒരാൾ താങ്ങി പിടിച്ചത് . വീഴാൻ പോയ അവളെ അയാൾ നേരെ പിടിച്ചു നിർത്തി . തനിക്കു മുന്നിൽ മാസ്ക് അണിഞ്ഞു നിൽക്കുന്ന ആളോട് നന്ദി പറഞ്ഞ് അവൾ തിരിയാൻ തുടങ്ങിയതും അയാളുടെ കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു . പെട്ടെന്ന് ഒരു ഞെട്ടലോടെ അവൾ അയാളുടെ മുഖത്തേക്ക് നോക്കി . തന്റെ അതെ കളർ മാസ്ക് അണിഞ്ഞ ആ കണ്ണുകൾ തനിക്ക് പരിചിതമാണെന്ന് അവൾക്ക് തോന്നി . അവൾ അൽപ്പനേരം ആ കണ്ണിലേക്ക് തന്നെ ഉറ്റു നോക്കി .

” അഭിയേട്ടൻ ”

പതിയെ അവളുടെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു . അത് കേട്ടതും അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു . എല്ലാരും നൃത്ത ചുവട് വെക്കുന്ന തിരക്കിലായതിനാൽ ആരും തന്നെ അവരെ ശ്രദ്ധിച്ചിരുന്നില്ല . അപ്പോഴവൻ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു അവളുടെ ചെവിയോരം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു .

” ഹാപ്പി ബര്ത്ഡേ ഡിയർ … എല്ലാവരും നിനക്ക് ഗിഫ്റ്റ് തന്നില്ലേ , എന്റെ വക ഗിഫ്റ്റ് വേണ്ടേ ? ”

അവൻ അത് പറഞ്ഞു കഴിഞ്ഞതും അവിടെയുണ്ടായിരുന്ന ലൈറ്റ്സ് എല്ലാം ഓഫ് ആയി . അപ്പോൾ തന്നെ അഭി അവളുടെ കൈ പിടിച്ചു മുന്നോട്ടു നടക്കാൻ തുടങ്ങി . പക്ഷെ , ആ വലിയ ഗൗൺ ഇട്ടതിനാൽ അവൾക്ക് വേഗത്തിൽ നടക്കാൻ കഴിഞ്ഞിരുന്നില്ല . അതു മനസ്സിലാക്കിയിട്ട് എന്നോണം അവൻ അവളെ അവന്റെ കൈകളിൽ കോരിയെടുത്ത് നടക്കാൻ തുടങ്ങി . ആദ്യമൊന്ന് അവൾ കുതറിമാറാൻ ശ്രമിച്ചെങ്കിലും ഒരു ഫലവുമുണ്ടാല്ലെന്ന് മനസ്സിലായപ്പോൾ വീഴാതിരിക്കാൻ രണ്ടുകൈകൊണ്ടും അവന്റെ തോളിലൂടെ പിടിച്ചു . അവനവളെ നേരെ കൊണ്ടുപോയത് ഓഡിറ്റോറിയത്തിന്റെ ഏറ്റവും മുകളിലേക്ക് ആയിരുന്നു . അതിനു മുകളിൽ എത്തിയതും അവൻ അവളെ താഴെ വെച്ചു . ചെറിയൊരു ചമ്മലോടെ താഴെയിറങ്ങിയ അവൾ ഇവിടെ എന്താ എന്നർത്ഥത്തിൽ അവന്റ മുഖത്തേക്ക് നോക്കി .

അവൻ അവളോട് നേരെ നോക്കാൻ പറഞ്ഞു . അവൾ നോക്കിയതും ദൂരെ ഒരോ ലൈറ്റുകൾ തെളിയാൻ തുടങ്ങി . ലൈറ്റുകൾ എല്ലാം ഒന്നിച്ച് വന്നപ്പോൾ അവിടെ ‘ ഐ ലവ് യു ശ്രുതി ‘ എന്ന് തെളിഞ്ഞു . അവൾ ഒരു ഞെട്ടലോടെ അവനെ നോക്കിയപ്പോൾ അവൻ അവൾക്കു മുന്നിൽ മുട്ടുകുത്തി ഇരുന്നു കയ്യിൽ ഒരു റിങ് പിടിച്ച് അവളെ പ്രപ്പോസ് ചെയ്തു . ഇനി നിമിഷത്തിന് കാഴ്ചക്കാരായി സ്വാധീയും കിച്ചുവും ശ്രുതി കാണാതെ അവിടെത്തന്നെ ഉണ്ടായിരുന്നു . ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി നിന്നു . അവളുടെ മൗനം കണ്ടപ്പോൾ , അഭിക്ക് ഒരൽപ്പം നിരാശയും വിഷമവും തോന്നി .

” ശ്രുതി , നിന്റെ ഈഗോ പറയുന്നത് കേൾക്കരുത് . ഇപ്പോഴെങ്കിലും നീ ഒന്ന് നിന്റെ ഹൃദയം പറയുന്നത് കേൾക്കു . അത് നിന്നോട് പറയും എനിക്ക് തരാനുള്ള ഉത്തരം ”

” ഇല്ല അഭിയേട്ടാ , എന്റെ അമ്മ ചെയ്തത് ഒരിക്കലും ഞാനായിട്ട് ആവർത്തിക്കില്ല . നീണ്ട 22 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും നമ്മുടെ കുടുംബങ്ങൾ തമ്മിൽ ഒന്നിച്ചിരിക്കുകയാണ് . ഇനി വീണ്ടും നമ്മൾ കാരണം അവർ തമ്മിൽ ശത്രുക്കൾ ആവരുത് . ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല . ”

അത്രയും പറഞ്ഞ് നിറകണ്ണുകളോടെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ ശ്രുതിയേ അഭിയുടെ ശബ്ദം തടഞ്ഞു .

” ശ്രുതി ഒരു നിമിഷം , എന്തായാലും മറ്റുള്ളവർക്ക് വേണ്ടി നീ എന്നെയും എന്റെ സ്നേഹത്തെയും ഉപേക്ഷിച്ചു പോവുകയാണ് . പോകുന്നതിനു മുൻപ് ഞാൻ നിനക്കായി ഒരു സർപ്രൈസ് കരുതിവെച്ചിട്ടുണ്ട് . അതും കൂടി കണ്ടിട്ട് നിനക്ക് പോകാം . ”

എന്താണെന്ന് രീതിയിൽ തിരിഞ്ഞുനോക്കിയ ശ്രുതിയുടെ മുഖത്ത് പരിഭ്രാന്തി വന്നു നിറഞ്ഞു . കയ്യിൽ ഒരു ചെറിയ ബോട്ടിലും ആയി നിൽക്കുകയാണ് അഭി .

” പേടിക്കേണ്ട ശ്രുതി ഇത് ആസിഡ് ഒന്നുമല്ല . പ്രണയം നിരസിച്ചതിന് എനിക്ക് നിന്നെ ഒരിക്കലും ഉപദ്രവിക്കാൻ ഉദ്ദേശവും ഇല്ല . പക്ഷെ എല്ലായിടത്തും തോൽക്കുന്ന എനിക്ക് ഇവിടെയെങ്കിലും ഒന്നു ജയിക്കണം . ഇനി നിന്റെ ജീവിതത്തിൽ ഒരു ശല്യമായി ഞാൻ ഉണ്ടാകില്ല . ഗുഡ് ബൈ – സ്റ്റിൽ ഐ ലവ് യു ശ്രുതി ”

അത്രയും പറഞ്ഞ് അഭി ആ കുപ്പിയിൽ ഉള്ളത് മുഴുവനായി തന്റെ വായിലേക്ക് കമഴ്ത്തി . അതു കണ്ടതും ശ്രുതിയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി . അവൾ ഞെട്ടലോടെ അവനെ തന്നെ നോക്കി നിന്നു . പെട്ടെന്ന് അവന്റെ കണ്ണുകൾ എല്ലാം ചുവന്ന കലങ്ങി . അവൻ തമാശ കളിക്കുകയാണെന്ന് കരുതി തിരിഞ്ഞു നടക്കാൻ തുടങ്ങിയ ശ്രുതി . പെട്ടെന്ന് എന്തോ പറയാനായി തിരിഞ്ഞതും ആ കാഴ്ച കണ്ടു തരിച്ചു നിന്നു പോയി .

വായിൽ നിന്ന് രക്തം ഒലിച്ചു കൊണ്ട് നിലത്തേക്ക് പിതിക്കുന്ന അഭി . പെട്ടെന്ന് അവൾക്ക് കണ്ണിന്റെ കാഴ്ച മങ്ങുന്നത് പോലെ തോന്നി . കാലുകൾ ഒരടി മുന്നോട്ടു വയ്ക്കാൻ പറ്റാത്ത അവസ്ഥ . തന്നെത്തന്നെ നോക്കി നിൽക്കുന്ന അഭിയുടെ കണ്ണുകളിലേക്ക് അവളൊന്നു നോക്കി . ഇല്ല , ആ കണ്ണുകൾ അടഞ്ഞു തുടങ്ങിയിരിക്കുന്നു . ഒരു നിലവിളിയോടെ അവൾ അവനരികിലേക്ക് ഓടി അടുത്തു .

( തുടരും )

ശ്രുതി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!