പകച്ചു നിൽക്കുന്ന എന്റെയിടയിലേക്ക് കയ്യിലൊരു കേക്കും കൊണ്ട് വന്നത് അവനായിരുന്നു.,മാർക്കോ…
ക്ലാസ്സിലെ കുട്ടികളെല്ലാവരുമുണ്ട്,കൂടെ വർഷയും മാർക്കോയും..എല്ലാവരും മുഖത്തേക്കും നോക്കി നിൽപ്പാണ്..അതിനിടയിൽ എന്ത് ചെയ്യണമെന്നറിയാതെ ഞാനും,,,പതുക്കെ എല്ലാവരെയും മാറ്റി നിർത്തിക്കൊണ്ട് മാർക്കോ കയ്യിലുള്ള കേക്ക് മുന്നിലുള്ള ടേബിളിൽ കൊണ്ട് വെച്ചു, പിന്നെ എന്ത് ചെയ്യണമെന്നറിയാതെ മിഴിച്ചു നിൽക്കുന്ന എന്റെ കൈപിടിച്ച് ആ ടേബിളിന്റെ മുന്നിൽ കൊണ്ട് വന്നു നിർത്തി…
“നോക്കി നിക്കാതെ കേക്ക് മുറിക്ക് പെണ്ണേ…ദേ എല്ലാരും ഇത്രേം നേരം നിന്നേം നോക്കി നിൽപ്പായിരുന്നു,… മറന്നുപോയിക്കാണും ലേ ഇന്നാണ് നിന്റെ ബർത്ത് ഡേ എന്നുള്ള കാര്യം…”
സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ നിറഞ്ഞു വന്ന കണ്ണുകളെ ഞാൻ മറ്റുള്ളവർ കാണാതിരിക്കാൻ വേണ്ടി തല താഴ്ത്തി തുടച്ചുമാറ്റി…ഒരു നിസ്സഹായതയോടെ ഞാനവന്റെ മുഖത്തേക്ക് നോക്കി…കോളേജും നാടും ഒരുപോലെ വിറപ്പിച്ചു നടക്കുന്നവനാണു ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ എനിക്ക് മുന്നിൽ ചിരിച്ചു നില്കുന്നത്…ഒന്ന് ചിരിച്ചു കാണിക്കാൻ ശ്രമിച്ചങ്കിലും കണ്ണുനീർ വീണ്ടും വില്ലനായി…
ഇടയ്ക്കെപ്പയോ വർഷയുടെ ഒരു കൈ സ്പർശം എന്റെ തോളിൽ പതിഞ്ഞിരുന്നു, സങ്കടം പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.. ഒരു തേങ്ങലോടെ ഞാനവളുടെ തോളിലേക്ക് ചാഞ്ഞു…
“അയ്യേ.. എന്തായിതു സുമേ,ഇന്ന് നിന്റെ ബർത്ത് ഡേ അല്ലേടി,ഇന്നും ഇങ്ങനെ കരഞ്ഞാലെങ്ങനെ…നീയാ കണ്ണുതുടച്ച് കേക്ക് മുറിക്ക്.. എല്ലാവർക്കും അത് കഴിഞ്ഞു വേണം വീട്ടിൽ പോവാൻ…”
കണ്ണീർ തുടച്ചു ഞാൻ കേക്കിന് മുന്നിൽ വന്നുനിന്നു…വിറയലോട് കൂടി തന്നെ ആ കേക്കിനെ മുറിച്ചു പല കഷ്ണങ്ങളാക്കി.അപ്പൊയെക്കും ‘ഹാപ്പി ബർത്ത് ഡേ സുമിതാ’ എന്നല്ലാവരും പാടി തുടങ്ങിയിരുന്നു…
ആദ്യത്തെ കഷ്ണമെടുത്ത് വർഷയുടെ വായിലേക്ക് തന്നെ വെച്ചു കൊടുത്തു,അവൾ തിരികെ എന്റെ വായിലേക്കും…അടുത്ത് തന്നെ മാർക്കോ നിൽക്കുന്നുണ്ട് അവനും വായിൽ വെച്ച് കൊടുക്കണമെന്നുണ്ട്, കാണുന്നവരെന്തെങ്കിലും വിചാരിക്കുമോ എന്ന ഭയം അവന് വേണ്ടി പൊങ്ങിയ കൈകളെ തടഞ്ഞു നിർത്തി., എല്ലാം ഒരു ചെറുപുഞ്ചിരിയോടെ അവൻ നോക്കികാണുന്നുണ്ടായിരുന്നു..
ജനന തിയതി അമ്മ പറഞ്ഞ ഒരോർമ്മയുണ്ട്, അല്ലെങ്കിലും എന്നെപോലെ ദാരിദ്ര്യമുള്ള ഒരു പെണ്ണ് അതെല്ലാം ഓർത്തുവയ്ക്കുന്നതെന്തിനാണ്..വർഷത്തിൽ വരാറുള്ള ഓണം പോലും അപ്പുറത്തെ വീട്ടിലെ അത്തപൂക്കളം നോക്കിയാണ് ഞങ്ങൾ കണക്ക് കൂട്ടിയിരുന്നത്,.. ഒന്നാലോചിച്ചാൽ ഈ ഹോസ്റ്റലിൽ വന്നത് കൊണ്ടല്ലേ ദിവസവും ഞാൻ ഭക്ഷണമെങ്കിലും കഴിക്കാൻ തുടങ്ങിയത്…
അങ്ങിനെയുള്ള ഞാനെങ്ങനെ മറ്റുള്ളവരെ പോലെ പിറന്നാളാഘോഷിക്കും..എങ്ങനെ കേക്ക് മുറിക്കും,
ഇപ്പോഴി നടന്നതെല്ലാം എനിക്ക് പുതു അനുഭവങ്ങളാണെന്ന് ഞങ്ങൾക്ക് മൂന്ന്പേർക്കും ഒരുപോലെയറിയാവുന്നത് കൊണ്ടാകും വർഷയുടെയും മാർക്കോയുടെയും മുഖത്ത് സഹതാപം നിറഞ്ഞുനിന്നത്…
ആശംസകൾ നേർന്നു എല്ലാവരും പോയി കഴിഞ്ഞതും തിരിഞ്ഞു ക്ലാസ്സിലേക്ക് നടക്കാനൊരുങ്ങിയ എന്റെ കൈകളിൽ പിടിച്ചുകൊണ്ടവൻ മുന്നിലുള്ള ചുമരിലേക്ക് ചേർത്ത് നിർത്തി..പെട്ടന്നുള്ള നീക്കമായതിനാൽ ഞാനാകെ പകച്ചു പോയിരുന്നു, വർഷ ഒരു കള്ളചിരിയോടെ എന്തോ ഒരു അർത്ഥത്തിൽ മൂളികൊണ്ട് ക്ലാസ്സിലേക്ക് നടന്നു..
നാണമോ അതോ പേടിയോ,അവന്റെ മുഖത്തേക്ക് നോക്കാൻ എനിക്ക് സാധിക്കാത്ത കാരണം എന്താണെന്ന് മനസ്സിലാകുന്നില്ല,..
“ദാ തുറന്ന് നോക്ക്…”
തലതാഴ്ത്തിയിരിക്കുന്ന എന്റെ മുന്നിലേക്കവൻ ഒരു കവർ നീട്ടി,.ആ ഭാവത്തോടെ അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെ ഞാനത് കയ്യിൽ നിന്ന് വാങ്ങി പെട്ടന്ന് തിരിഞ്ഞു ക്ലാസ്സിലേക്ക് നടക്കാൻ തുടങ്ങി..,
“നിൽക്കടി അവിടെ…അത് തുറന്ന് നോക്കി നിനക്കിഷ്ടപെട്ടെങ്കി മാത്രം അതുംകൊണ്ട് പോയാൽ മതി,അല്ലാതെ വെറുതെ ക്ലാസ്സിൽ കൊണ്ട് വയ്ക്കാനാണെങ്കിൽ എനിക്കത് കഷ്ടപ്പെട്ട് പൊതിഞ്ഞു തരണമായിരുന്നോ…”
കുറച്ച് നേരം മറുപടിയൊന്നും പറയാതെ അങ്ങനെ നിന്നു,ആ മുഖത്തേക്ക് നോക്കാൻ സാധിക്കുന്നില്ല, ദൈവമേ ആ കണ്ണ് കാണുമ്പോ ഉള്ളിൽകൂടെയെന്തോ പിടിച്ചുകൊളുത്തുന്നപോലെ,ചിരി കണ്ടാൽ കണ്ണെടുക്കാനും തോന്നില്ല…ഇവന്റെ കയ്യിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപെടാമെന്ന് വെച്ചാൽ അവൻ സമ്മതിക്കേമില്ല…
കയ്യിലുള്ള കവർ അഴിച്ചുനോക്കുക തന്നെ, കിലുക്കമൊന്നും കാണുന്നില്ല, അധികം ഭാരവുമില്ല, വല്ല ചോക്ലേറ്റോ പാവകുട്ടിയോ ആയിരിക്കും…രണ്ടു മൂന്ന് തരം വർണ്ണകടലാസിൽ നിന്നും അവസാനത്തിൽ ഞാനാ ചെറിയ ബോക്സ് കയ്യിലെടുത്തു..പതുക്കെ തിരിഞ്ഞു അവനെയൊന്നു പാളിനോക്കി…
‘ഹ നിന്നോടല്ലെടി ഞാൻ വേഗം നോക്കാൻ പറഞ്ഞേ’ എന്നും പറഞ്ഞവൻ മുറ്റത്തുകിടന്ന ഒരു കല്ലെടുത്ത് എന്നെ നോക്കി എറിയാൻ ഓങ്ങിയതും ഞാൻ വേഗത്തിൽ ബോക്സ് തുറന്നു…പെട്ടന്നൊരു പ്രകാശം മുഖത്തേക്ക് പതിച്ചതു കാരണം കണ്ണടച്ചു പോയി…
പതിയെ ഇറുകിയടച്ചിരുന്ന കണ്ണുകൾ ഞാൻ തുറന്നു നോക്കിയതും കയ്യിൽ കിടന്നിരുന്ന ആ നെക്ക്ലൈസ് എനിക്ക് ചുറ്റിലും ഒരു വയലറ്റ് നിറത്തിലുള്ള പ്രകാശം തീർത്തിരുന്നു…
ഇത്ര ഭംഗിയുള്ള ഒരു മാല കാണുന്നത് ആദ്യമായാണ്,തിളക്കം കാരണം കണ്ണുകാണുന്നില്ല,അച്ഛന്റെ കൂടെ പൂരപ്പറമ്പിൽ പോകുമ്പോ കാണാറുള്ള മുത്ത് മാലയെപോലുണ്ട് ഇനി അതായിരിക്കോ ഇത്, മുത്ത് മാലെയെങ്കിൽ മുത്ത് മാല നാളെതൊട്ട് ഇതിട്ടോണ്ട് വേണം ക്ലാസ്സിൽ വരാൻ…ഒഴിഞ്ഞ കഴുത്താണ് നിന്റെതെന്നുള്ള വർഷയുടെ സ്ഥിരം പഴിയും കേൾക്കേണ്ടി വരില്ല…
“എന്താടി ഇഷ്ടപെട്ടില്ലേ…”
“പെട്ടു…”
“എന്ത്…”
“അല്ല മാല ഇഷ്ടപെട്ടുന്ന്…”
“ആഹ്,, അല്ല ഇനിയിത് ക്ലാസ്സിൽ കൊണ്ട് പോയി വയ്ക്കാനാണോ നിന്റെ പ്ലാൻ.. ഇങ്ങു വന്നേ ഞാൻ കെട്ടിതരാം…”
ദൈവമേ അവൻ കെട്ടിതരാമെന്ന്,അതും മാല.,
“വേണ്ട ഞാൻ കെട്ടിക്കോളാം…”
“ആഹ് ന്നാ കെട്ട്, ഞാനൊന്ന് കാണട്ടെ…”
കെട്ടി അവനെ കാണിക്കാതെ ക്ലാസ്സിൽ കയറാൻ കഴിയില്ലന്ന് മനസ്സിലായതോടെ തിരിഞ്ഞു നിന്ന് ഞാൻ മാലയുടെ കൊളുത്ത് ശെരിയാക്കി കഴുത്തിലേക്ക് വച്ചു.. എത്ര ശ്രമിച്ചിട്ടും കൊളുത്ത് നേരെയാക്കാൻ സാധിക്കുന്നില്ല…
എന്റെ കാട്ടികൂട്ടൽ ഒരു ചിരിയോടെ കണ്ടുനിന്ന മാർക്കോ, സ്പീഡിൽ എന്റെ അടുത്തേക്ക് വന്നു നിന്നു..
“തിരിഞ്ഞു നിൽക്ക് പെണ്ണേ…”
തെല്ലൊരു നാണത്തോടെ ഞാൻ പുറം തിരിഞ്ഞു നിന്നുകൊടുത്തു…
“ചേട്ടനെക്കൊണ്ട് പ്രത്യേകം പറഞ്ഞു വാങ്ങിച്ചതാ നിനക്ക്,അതും അങ്ങ് ലണ്ടനിൽ നിന്ന്.. ഇതൊന്ന് ഇവിടെ എത്തിക്കാൻ വല്ലാതെ പാടുപെട്ടു മോളേ ഡയമണ്ടല്ലേ, എല്ലാം കൂടെ ഒരു എട്ട് ലക്ഷം രൂപയുടെ മുതലുണ്ട്.,നിനക്കിഷ്ടപ്പെടോ എന്നൊരു പേടിയുണ്ടായിരുന്നു.. ഇപ്പൊ ഓക്കേ…സന്തോഷായി..”
ചെറിയൊരു ലാഘവത്തോടെ അത്രയും പറഞ്ഞവൻ എനിക്ക് പറയാനുള്ളത് കേൾക്കാൻ കൂടി സാവകാശം കാണിക്കാതെ തിരിഞ്ഞു നടന്നു..എന്തിനാ ഇതൊക്കെ വാങ്ങിച്ചു കൂട്ടിയേ എന്നുള്ള എന്റെ ചോദ്യത്തിൽ നിന്നും രക്ഷപ്പെടാനായിരിക്കും..
ഒരു ഞെട്ടലോടെയാണ് ഞാനത് കേട്ടുനിന്നത് എട്ട് ലക്ഷം രൂപയുടെ മുതൽ, ഡയമണ്ട്..എന്റെ കയ്യും കാലും കുഴയാൻ തുടങ്ങിയിരുന്നു…നാളിതുവരെ ഒരു മുക്ക് മാലപോലും അണിയാത്ത ഞാനിതാ ഇന്ന് സമ്പന്നർ മാത്രം മോഹിക്കുന്ന, ആഗ്രഹിക്കുന്ന നെക്ളെയ്സും അണിഞ്ഞു നിൽക്കുന്നു.. കാണുന്നതെല്ലാം ഒരു സ്വപ്നമാണെന്ന് തോന്നിപ്പോയി…
അന്തം വിട്ടിട്ടുള്ള ക്ലാസ്സിലേക്കുള്ള എന്റെ വരവ് കണ്ടു വർഷയടക്കം എല്ലാകുട്ടികളും നിശബ്ദതയോടെ നോക്കിനിന്നു…ഒരു മായാലോകത്തിലായിരുന്നു ഞാനപ്പോയും, എല്ലാവരുടെയും കണ്ണ് എന്റെ കഴുത്തിൽ കിടക്കുന്ന നെക്ക്ളെയ്സിലേക്കാണ്., അത് മാർക്കോയുടെ ബർത്ത് ഡേയ് ഗിഫ്റ്റാണെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ടാകും.ഇനി എവിടുന്ന എന്നുള്ള ചോദ്യം കേൾക്കണ്ടല്ലോ…
നാളെത്തെ എക്സസാമിനുള്ള വിഷയം സർവന്നു പറഞ്ഞു തന്നതോടെ നേരെ വർഷയേയും കൂട്ടി പുറത്തേക്ക്.. അവിടെയും പുഞ്ചിരിയോടെ അവൻ കാത്തിരിക്കുന്നുണ്ടായിരുന്നു.. മാർക്കോ..
കഴുത്തിൽ കിടന്നിരുന്ന നെക്ക്ളെയ്സ് ചുട്ടുപൊള്ളുന്നതുപോലെ,മറ്റൊന്നും ചിന്തിച്ചില്ല, പുഞ്ചിരിച്ചു നിൽക്കുന്ന മാർക്കോയെ ലക്ഷ്യമാക്കി ഞാൻ നടന്നു,അടുത്തെത്തിയതും കൊളുത്തഴിച്ച് നെക്ക്ളെയ്സ് അവനെ തന്നെ തിരികെയേൽപ്പിച്ചു.,
“ഇതിട്ട് നടക്കാൻ മാത്രം യോഗ്യതയുണ്ടെന്നു എനിക്കിതുവരെ തോന്നിയിട്ടില്ല.,വില തന്നെയാണ് പ്രശ്നം,താഴെ നോക്കി ജീവിക്കണമെന്ന് അമ്മയെപ്പോയും പറയാറുണ്ട്..ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഞാൻ ജീവിച്ചു വളർന്നത് അങ്ങനെയാണ്.. മാർക്കോ ഒന്നും വിചാരിക്കരുത്…”
എന്റെ ചെയ്തിയിൽ വർഷയ്ക്കു അത്ഭുതം തോന്നിക്കാണില്ല, എല്ലാം ഒരു നിസ്സാരഭാവത്തോടെ അവൾ നോക്കി നിൽക്കുന്നതു കണ്ടു…
“ഒന്ന് നിന്നേ…”
തിരിഞ്ഞു നടന്നിരുന്ന എന്നെയും വർഷയെയും തടഞ്ഞു നിർത്തിയത് അവന്റെ പിറകിൽ നിന്നുള്ള വിളിയായിരുന്നു…
“എന്തെ ഇത്ര വൈകിയെന്ന് വിചാരിച്ചിരിക്കായിരുന്നു,ഇത് കാണാനും കേൾക്കാനും വേണ്ടി മാത്രം വീട്ടിലേക്ക് പോവും വഴിയിൽന്ന് തിരിച്ചു പോന്നതാ.,എനിക്കറിയാം ഇതിന്റെ വില നിന്നേ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടെന്ന്..”
അത്രയും പറഞ്ഞവൻ ഞാൻ കയ്യിൽ വച്ചു കൊടുത്ത നെക്ക്ളെയ്സ് പോക്കറ്റിലേക്കിട്ട് മറ്റേ സൈഡിലുള്ള പോക്കറ്റിൽ നിന്നും ഒരു മുത്ത് മാല എനിക്കായി നീട്ടി…
“നോക്കണ്ട,സാധാ മുത്ത്മാലയാണ്,വെറും മുപ്പത് രൂപ വിലയുള്ളത്, ഇതിലും താഴ്ന്ന മാല ഈ പരിസരത്തുള്ള കടകളിൽ കിട്ടാനില്ല…ഇത് വേണ്ടെന്ന് പറയരുത്, നിർബന്ധത്തോടെ കെട്ടിതരുന്നില്ല, നാളെ നീ ക്ലാസിൽ വരുമ്പോ എനിക്കിത് നിന്റെ കഴുത്തിൽ കാണണമെന്നുണ്ട്,,, ഒന്ന് കൂടെ പറയാം. ഞാനിനി ശല്യമായി നിനക്ക് മുന്നിൽ വരില്ല..”
തിരികെയൊരു മറുപടി പറയും മുൻപേ കയ്യിലുള്ള മാല എന്റെ കയ്യിൽ വച്ചുതന്നവൻ നടന്നുനീങ്ങിയിരുന്നു.,എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹയായി നിന്നുപോയ നിമിഷം…
ഹോസ്റ്റലിലേ വലിയ ജനലിന്റെ കമ്പിയിൽ പിടിച്ചു പുറത്തേക്ക് കണ്ണോടിച്ചു എന്തൊക്കെയോ ആലോചിച്ചു കൂട്ടുകയാണ് ഞാൻ…മാർക്കോ,ചുരുങ്ങിയതൊരു ആയിരം പെൺകുട്ടികളെങ്കിലും പഠിക്കുന്ന കോളേജിൽ, അതും എല്ലാവരും അവന്റെ ഒരു നോട്ടത്തിന് വേണ്ടി കൊതിക്കുന്ന ഈയൊരവസ്ഥയിൽ എന്തിന് വേണ്ടിയവൻ എന്നിലേക്കടുക്കാൻ ശ്രമിക്കുന്നു…
ഞാനൊരു പാവം വീട്ടിലെ കുട്ടിയാണെന്ന് അറിഞ്ഞിട്ടുകൂടി..ഇടയിൽ എന്തിനാണവൻ എന്നെതന്നെ നോക്കി പുഞ്ചിരിക്കുന്നത്, ഞാൻ തിരിച്ചു നോക്കുമ്പോയൊക്കെ പെട്ടന്ന് മുഖം വെട്ടിച്ചു പിന്നേ ഒരു പുഞ്ചിരിമാത്രം.. എന്തിനാണവൻ, മനസ്സിലാകുന്നില്ല, ഇനി ഇതാണോ പ്രണയം,അവനെന്നോട് അനുരാഗം തോന്നി തുടങ്ങിയോ ഈശ്വരാ,അവനു മാത്രം തോന്നിയാൽ അത് പ്രണയമാകുമോ,എനിക്കും കൂടെ തിരിച്ചു തോന്നണ്ടേ..ഇനി തോന്നോ, വേണ്ട ഒന്നും വേണ്ട…
ചിന്തകൾ കാടുകയറി തുടങ്ങിയപ്പോൾ ഞാനതിനെ അവഗണിക്കാനെന്നോണം മേശയിലിരുന്ന ടെക്സ്റ്റ് ബുക്കെടുത്ത് മറിക്കാൻ തുടങ്ങി…കണ്ണ് തുറന്നാൽ കാണുന്നതിലെല്ലാം അവന്റെ മുഖം മാത്രം, തനിച്ചിരിക്കുമ്പോ സുമേ എന്നുള്ള അവന്റെയാ ശബ്ദം കാതുകളിൽ പതിയുന്ന കാരണം എത്രയോ തവണ തിരിഞ്ഞു നോക്കിയിരിക്കുന്നു…തോന്നലാണെന്ന് മനസ്സിലാകുന്നതോടെ ഒരു ചിരി ഞാനറിയാതെ തന്നെ ചുണ്ടിൽ വിരിയാറുമുണ്ട്…കൈവിടല്ലേ ദൈവമേ, സൗന്ദര്യം കൊണ്ടോ സമ്പത്ത് കൊണ്ടോ മാർക്കോയുടെ ഏയയലത്ത് വന്നുനില്കാൻ യോഗ്യതയില്ലാത്തവളാണ് ഞാൻ, ആ എനിക്കവനോട് അനുരാഗം പാടില്ലാത്തതാണ്…
“എന്താടി സുമേ നീയിങ്ങനെ ആലോചിച്ചിരിക്കുന്നെ,ക്ലാസ്സിൽ നിന്ന് വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കാ…എന്ത് പറ്റി നിനക്ക്.. ”
“ഹേയ് ഒന്നുല്ലടി, മാർക്കോയെ ഞാൻ സങ്കടപ്പെടുത്തി എന്നൊരു തോന്നൽ,ആ മാല, നിനക്കറിയാവുന്നതല്ലേ എല്ലാതും, അതെനിക്ക് ശെരിയാവില്ലന്ന് തോന്നീട്ടാ ഞാൻ..”
“നീയത് വിട്ടില്ലേ.,അവനത് മനസ്സിലാകും സുമേ, ദിവസമിത്രയായില്ലേ നിന്നെ കാണാൻ തുടങ്ങീട്ട്,നീയത് വിട്ടേക്ക് വാ നേരം ഒരുപാടായി വന്നു കിടക്കാൻ നോക്ക്…”
അവളുടെ സംസാരം കേട്ടാണ് ഞാൻ ക്ലോക്കിലേക്ക് ശ്രദ്ധിച്ചത്, പതിനൊന്നു കഴിഞ്ഞിരിക്കുന്നു..വേഗം കട്ടിലിൽ കയറി നിദ്രദേവി കനിയുന്നതും കാത്തിരിന്നു,,,എവിടെന്ന്..
എപ്പോഴാണ് ഉറങ്ങിപ്പോയതെന്നോർമ്മയില്ല,എന്നും എണീക്കാറുള്ള സമയത്ത് തന്നെ എഴുന്നേറ്റു.,പുറത്ത് നല്ല മഴയുണ്ട്,ഇനിയിപ്പോ കുടയുണ്ടെങ്കിലും നനയാതെ ക്ലാസിലെത്താൻ കഴിയില്ല…
വേഗത്തിൽ വർഷയുടെ കയ്യും പിടിച്ചു ക്ലാസ്സിലേക്ക് നടന്നു..,ഒരു കുടയെ രണ്ടുപേർക്കും ഉണ്ടായിരുന്നൊള്ളൂ,അതോണ്ട് പാതി നനഞ്ഞിട്ടുമുണ്ട്.,ചുരിദാറിന്റെ പാന്റിൽ തെറിച്ചു വീണ ചളി കയ്യിലെ കർചീഫുകൊണ്ട് തുടച്ചു മാറ്റുന്നിടയിലാണ് ഞാനാ സംസാരം കേട്ടത്…
“എന്നാലുമെന്റളിയാ,ഇത്രയൊക്കെ നീയവളേ സഹായിച്ചത് നിനക്കവളോടുള്ള സ്നേഹം കൊണ്ടല്ലേ…ആ പെണ്ണിന് അതിന്റെ വല്ല നന്ദിയുമുണ്ടോ”
“എത്രയൊക്കെ..”
മാർക്കോയുടെ ശബ്ദം…
“അല്ല അവള്ടെ അമ്മക്ക് സുഖമില്ലന്ന് കേട്ടപ്പോ ഒപ്പം നടക്കുന്ന ആ കൊച്ചിന്റെ കയ്യിൽ ഒന്നും നോക്കാതെ മുപ്പതിനായിരം എണ്ണിക്കൊടുത്തത് നീയല്ലേ…”
ഒരു നിമിഷം ഞാനൊന്ന് തരിച്ചു നിന്നുപോയി…
വർഷയന്ന് അമ്മയുടെ ഓപ്പറേഷന് അച്ഛന്റെ കയ്യിൽ വെച്ചുകൊടുത്ത കാശ്…മുപ്പതിനായിരം രൂപ…
(തുടരും….)
*✍ : അൽറാഷിദ് സാൻ….❤*
താലി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission