എടീ.. അതിന് പ്രിയ, നിന്നെപ്പോലെ പൊണ്ണത്തടിച്ചിയൊന്നുമല്ല

10765 Views

malayalam love story

പൊണ്ണത്തടിച്ചി

“അനിച്ചേട്ടാ.. എന്നെ അത് പോലെ ഒന്നെടുത്ത് പിടിക്കാമോ? നമുക്കും അത് പോലൊരു ഫോട്ടോ എടുക്കാം”

ബീച്ചിൽ വച്ച് ,നാത്തൂനെ എടുത്തുയർത്തിപ്പിടിച്ചിട്ട് അവളുടെ ഭർത്താവ്, പല പോസ്സിലുള്ള ഫോട്ടോസ് എടുക്കുന്നത് കണ്ടപ്പോൾ ,കൊതി മൂത്തിട്ടാണ് രാജി സ്വന്തം ഭർത്താവിനോട് തന്റെ ആഗ്രഹം പറഞ്ഞത് .

“എടീ.. അതിന് പ്രിയ,നിന്നെപ്പോലെ പൊണ്ണത്തടിച്ചിയൊന്നുമല്ല, അവളെ രാജേഷിന് നിസ്സാരമായിട്ട് എടുത്ത് പൊക്കാൻ പറ്റും ,പക്ഷേ ഞാനെങ്ങാനും അത് പോലെ ശ്രമിച്ചാൽ ,നടുവൊടിഞ്ഞ് താഴെ കിടക്കും, എനിക്ക് കുറച്ച് നാള് കൂടി ആരോഗ്യത്തോടെ ജീവിക്കണം, നീ നിന്റെ പാട് നോക്കി പൊയ്ക്കെ ഒന്ന്”

അത് കേട്ട്, പ്രിയയും രാജേഷും പൊട്ടിച്ചിരിച്ചതിലല്ല അവൾക്ക് വിഷമം തോന്നിയത് ,തന്റെ ഭർത്താവിന്റെ നിലപാട് മാറ്റം കണ്ടിട്ടായിരുന്നു.

“ഞാനൊരുപാട് പെൺകുട്ടികളെ പോയി കണ്ടതാണ്, പക്ഷേ ഒന്നിനും വണ്ണമില്ല ,എല്ലാം നീർക്കോലികളെ പോലിരിക്കുന്നു, അവസാനമാണ് , എന്റെ മനസ്സിനിണങ്ങിയ ഒരു പെണ്ണിനെ കണ്ടെത്തിയത്, പെൺകുട്ടികളായാൽ, ഇത് പോലെ കുറച്ച് തടിയൊക്കെ വേണം ,എന്നാലേ സാരിയൊക്കെ ഉടുക്കുമ്പോൾ ഒരു ലുക്കുണ്ടാവു ,അല്ലാതെ ചില പെണ്ണുങ്ങളെ കണ്ടിട്ടില്ലേ? ഒരു മാതിരി വടിയിൽ തുണി ചുറ്റിയത് പോലെ, എനിക്ക് അങ്ങിനെയുള്ളവരെ കാണുന്നത് തന്നെ ദേഷ്യമാണ് ”

കല്യാണം കഴിഞ്ഞ ആദ്യ ദിവസം, അനിച്ചേട്ടൻ തന്നെ ചുറ്റിവരിഞ്ഞ് കൊണ്ട് , കാതരമായ് തന്നോട് പറഞ്ഞത് അവളോർത്തു .

“അനിച്ചേട്ടൻ എന്നെ വന്ന് കണ്ടില്ലായിരുന്നെങ്കിൽ ,ഒരു പക്ഷേ ,എന്റെ വിവാഹം ഇനിയും ഒരുപാട് വൈകിയേനെ ,പല പല ആലോചകൾ എനിക്കും വന്നിരുന്നു ,പക്ഷേ എന്റെ ഈ അമിതവണ്ണം കാരണമാ
എല്ലാം മുടങ്ങിപ്പോയത്”

അവൾക്കന്ന്, അദ്ദേഹത്തിന്റെ ആ ആറ്റിറ്റ്യൂഡ് ഒരുപാട് ഇഷ്ടമായി, അത് വരെ തന്റെ വണ്ണത്തെയോർത്ത് സ്വയം ശപിച്ച് കൊണ്ടിരുന്ന രാജി, അനിലിന്റെ പിന്തുണ കൂടി ആയപ്പോൾ പിന്നെയും വണ്ണം വെച്ച് കൊണ്ടിരുന്നു,

തന്റെ വണ്ണത്തെ പുകഴ്ത്തി കൊണ്ടിരുന്നയാൾ, പിന്നെ എപ്പോഴാണ് അതിൽ നിന്ന് വ്യതിചലിക്കാൻ തുടങ്ങിയതെന്ന് അവൾ ഓർത്ത് നോക്കി.

ഫസ്റ്റ് വെഡ്ഡിങ്ങ് ആനിവേഴ്സറി കഴിഞ്ഞിട്ടുo, താൻ ഗർഭിണിയാകാതിരുന്നപ്പോൾ അനിച്ചേട്ടന്റെ ഒരു ആന്റിയാണ് പറഞ്ഞത് , മോൾക്കിത്രയും വണ്ണമുള്ളത് കൊണ്ടാണ് ഗർഭിണിയാകാത്തതെന്ന്

അതിന് ശേഷമാണ് അനിച്ചേട്ടന് തന്നോട് ,പഴയ പോലെ സ്നേഹമില്ലെന്ന്, രാജിക്ക് തോന്നി തുടങ്ങിയത്.

ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്താമെന്ന് രാജി അയാളോട് പറഞ്ഞെങ്കിലും, ദൈവം നിശ്ചയിച്ച സമയത്ത് എല്ലാം നടന്നോളും എന്ന് പറഞ്ഞ് ,അനിൽകുമാർ അന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു.

ബീച്ചിലെയും പാർക്കിലെയും ഉല്ലാസയാത്ര കഴിഞ്ഞ് രാത്രി വീട്ടിലെത്തിയിട്ടും, രാജിയുടെ മനസ്സിന്റെ നീറ്റൽ കൂടിക്കൊണ്ടിരുന്നു.

എങ്ങിനെയും തന്റെ വണ്ണം കുറയ്ക്കണം, അതായിരുന്നു അവളുടെ ഏക ചിന്ത.

അതിനായ്, അവൾ ഭക്ഷണം കുറയ്ക്കാനും, എക്സർസൈസ് ചെയ്യാനും, ഡാൻസ് പ്രാക്ടീസ് ചെയ്യാനും തുടങ്ങി.

ദിവസങ്ങൾ പലത് കടന്ന് പോയി.

പക്ഷേ ,രാജിയുടെ ശരീരഭാരം ഒരു ഗ്രാം പോലും കുറഞ്ഞില്ല.

അവളുടെ ഈ കഷ്ടപ്പാടൊക്കെ അനിൽകുമാറിന്റെ അമ്മ ദിവസവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു

“എന്റെ മോളെ, നീയിങ്ങനെ തിന്നാതെയും കുടിക്കാതെയും കിടന്നിട്ടൊന്നും ഒരു കാര്യവുമില്ല, ഈ തടി, ജന്മനാ ഉള്ളതല്ലേ ?ഇതൊരിക്കലും കുറയാൻ പോകുന്നില്ല.”

“ഇല്ലമ്മേ.. എനിക്ക് എങ്ങനെയെങ്കിലും വണ്ണം കുറച്ചേ പറ്റു ,ഇല്ലെങ്കിൽ അനിച്ചേട്ടൻ എന്നിൽ നിന്ന് ഒരു പാട് അകന്ന് പോകും ,അതെനിക്ക് സഹിക്കാനാവില്ല”

അമ്മായി അമ്മ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, അവള് തോല്ക്കാൻ തയ്യാറല്ലായിരുന്നു.

ഒരു ദിവസം മുഷിഞ്ഞ ഡ്രസ്സ് കഴുകാൻ എടുക്കുമ്പോൾ, അനിലിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും, ഒരു യുവതിയുടെ ഫോട്ടോ താഴേക്ക് ഊർന്ന് വീണു.

ഞെട്ടലോടെ അത് കൈയ്യിലെടുത്തിട്ട്, ആരും കാണാതെ അവൾ , ബെഡ് റൂമിലെ അലമാരയ്ക്കകത്ത് ഒളിപ്പിച്ച് വച്ചു.

അതിനെ കുറിച്ച് അദ്ദേഹത്തോട് ഇപ്പോൾ ചോദിച്ചാൽ ,എന്തെങ്കിലും കള്ളം പറഞ്ഞ് അയാൾ ഒഴിഞ്ഞ് മാറുമെന്ന് അവൾക്ക് തോന്നി, ഇതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ ,വ്യക്തമായ തെളിവ് സഹിതം വേണം തനിക്ക് ചോദ്യം ചെയ്യേണ്ടതെന്ന് അവൾ തീരുമാനിച്ചു .

പിറ്റേന്ന് തുണി കഴുകാൻ എടുത്തപ്പോഴും ,അവൾ അയാളുടെ പോക്കറ്റ് പരിശോധിച്ചു.

പാൻറ്സിന്റെ പോക്കറ്റിൽ നിന്നും അവൾക്കൊരു ലെറ്റർ കിട്ടി.

അത് തുറന്നവൾ വായിച്ചു.

“പിന്നെ…ഇന്നലെ തന്ന ഫോട്ടോ ആരെയും കാണിക്കരുത് കെട്ടൊ,
ഞാനെന്താ ഒരു ഫോൺ വാങ്ങിക്കാത്തതെന്ന് ചോദിച്ചില്ലേ?എന്റെ ഭർത്താവ് ഒരു സംശയ രോഗികായത് കൊണ്ട് ഫോൺ ഉപയോഗിക്കാനൊന്നും അയാൾ സമ്മതിക്കില്ല ,അത് കൊണ്ട് പറയാനുള്ളതൊക്കെ തല്ക്കാലം നമുക്ക് ഇങ്ങനെ കത്തിടപാടിലൂടെ പരസ്പരം പങ്ക് വയ്ക്കാം, ഓഫീസിലുള്ളവർക്ക് ,നമ്മുടെ കാര്യത്തിൽ ചില സംശയങ്ങൾ തോന്നി തുടങ്ങീട്ടുണ്ട്, അത് കൊണ്ടാണ് ഞാൻ നേരിൽ കാണുമ്പോൾ മൈൻഡ് ചെയ്യാത്തത് ,പിന്നെ ഞാൻ ഒപ്പിടാനെന്നും പറഞ്ഞ് കൊണ്ട് ത്തരുന്ന ഫയലിനകത്ത് എന്റെ ലൗലെറ്റർ ഉണ്ടാകും, ശ്രദ്ധിച്ചോണെ ,ശരി ബാക്കിയൊക്കെ പിന്നെ തത്ക്കാലം ഒരു ഉമ്മ പിടിച്ചോ ഉമ് മ് മ് മാ….”

അത് വായിച്ച് കഴിഞ്ഞപ്പോൾ രാജിക്ക് ശരീരം തളരുന്നത് പോലെ തോന്നി.

മതി, ഇത് മതി, ഇനിയദ്ദേഹത്തിന് തന്റെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ല.

വൈകിട്ട് ഓഫീസിൽ നിന്ന് അനിൽ തിരിച്ച് വരാനായി അവൾ കാത്തിരുന്നു.

കുറച്ച് കഴിഞ്ഞ് ഒരു ഫോൺ വന്നു.

അനിലായിരുന്നു അത്.

“ങ്ഹാ,രാജി ഞാൻ ചെന്നൈ വരെ അത്യാവശ്യമായി പോകുവാ, കമ്പനിയുടെ ഒരു അർജൻറ് മീറ്റിംഗ് ഉണ്ട് ,ചിലപ്പോൾ ഒരാഴ്ച കഴിഞ്ഞേ തിരിച്ച് വരു, അത് വരെ എന്നെ വിളിക്കരുത്, ഞാൻ ബിസി ആയിരിക്കും”

പെട്ടെന്ന് ഫോൺ കട്ടായി.

ഇതെന്താ ഇത് വരെ പറയാത്ത ഒരു മീറ്റിംഗ് .

അവളുടെ മനസ്സിൽ ഒരായിരം സംശയങ്ങൾ ഉരുത്തിരിഞ്ഞു.

“ആരാ മോളേ വിളിച്ചത്” ,

“അത് ,അനിച്ചേട്ടൻ ആയിരുന്നമ്മേ,
ചെന്നെയിൽ എന്തോ മീറ്റിംഗുണ്ടെന്ന്, ഒരാഴ്ച കഴിയുമെന്ന്”

“ശരിയാ , രാവിലെ ഒരു പെങ്കൊച്ച് വിളിച്ചായിരുന്നു, അനിൽ സാറ് ഇറങ്ങിയോ എന്ന് ചോദിച്ച്, അവരൊന്നിച്ചാണ്, ചെന്നെയിൽ പോകുന്നതെന്ന് പറഞ്ഞു ,ഞാനത് പറയാൻ വന്നപ്പോൾ മോള് ബാത്റൂമിലായിരുന്നു”

അത് കേട്ടപ്പോൾ തന്റെ തലയ്ക്കകത്തിരുന്ന് ഒരു കരിവണ്ട് മൂളുന്നത് പോലെ അവൾക്ക് തോന്നി.

ഭൂമി കീഴ്‌മേൽ മറിയുന്നത് പോലെ, കണ്ണിലാകെ ഇരുട്ട് കയറിയപ്പോൾ അവൾ കട്ടിലിലേക്കിരുന്നു.

#########$$$$$#####$#

ഉച്ചകഴിഞ്ഞപ്പോൾ അനിലിന്റെ ഫോണിലേക്ക് ഒരു കോള് വന്നു.

രാജി ആത്മഹത്യക്ക് ശ്രമിച്ചു ഹോസ്പിറ്റലിലാണ്.

അത് കേട്ട മാത്രയിൽ അയാൾ ബൈക്കുമെടുത്ത് ഹോസ്പിറ്റലിലേക്ക് പാഞ്ഞു .

രാജിയെ അപ്പോഴേക്കും റൂമിലേക്ക് മാറ്റിയിരുന്നു.

“പേടിക്കാനൊന്നുമില്ല മോനേ.. അമ്മ സമയത്ത് ചെന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ,ഞങ്ങൾ ചോദിച്ചിട്ട് അവളൊന്നും പറയുന്നില്ല, ഇനി മോൻ അവളോടൊന്നു സംസാരിക്ക്, ഞങ്ങൾ വെളിയിലിരിക്കാം”

എല്ലാവരും ഇറങ്ങിക്കഴിഞ്ഞപ്പോൾ ,അനിൽ അകത്ത് കയറി കതക് കുറ്റിയിട്ടു.

“എന്തിനാ രാജി, നീയിങ്ങനെയൊക്കെ ചെയ്തത്”

“ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു, ഭർത്താവിന് മറ്റൊരു അവിഹിത ബന്ധമുണ്ടെന്നറിഞ്ഞാൽ, അത് സഹിച്ച് ജീവിക്കാനുള്ള മനക്കരുത്തൊന്നും എന്റെ മനസ്സിനില്ല ,ശരീരത്തിന് മാത്രമേ വണ്ണമുള്ളു, എന്റെ മനസ്സ് ഇപ്പോഴും ലോലമാണ്”

“ഓഹ് എന്നാലും കുറച്ച് നേരത്തേക്ക് എന്റെ ശ്വാസം നിലച്ചത് പോലെയായിരുന്നു”

അനിൽ ആശ്വാസത്തോടെ പറഞ്ഞു.

“അതിന് നിങ്ങൾ സന്തോഷിക്കുകയല്ലേ വേണ്ടത്, ഞാനൊഴിഞ്ഞ് പോയാൽ നിങ്ങൾക്ക് രണ്ടാൾക്കുo പിന്നെ സ്വൈര്യമായി ജീവിക്കാമല്ലോ?

“രാജി… ,നീയെന്തൊക്കെയാണീ പറയുന്നത് ,എന്റെ ജീവിതത്തിൽ നിന്ന് നീയൊഴിഞ്ഞ് പോകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അതെനിക്ക് മറ്റൊരുവളുമായി ബന്ധമുണ്ടായിട്ടായിരുന്നില്ല, അതൊക്കെ , ഞാൻ ക്രിയേറ്റ് ചെയ്ത വെറുമൊരു നാടകമായിരുന്നു,”

“എന്തിനായിരുന്നു അത് ,നിങ്ങൾക്കെന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ?

“അല്ല, ഇഷ്ടക്കൂടുതൽ കൊണ്ടായിരുന്നു, അന്ന് ആന്റി അങ്ങനെ പറഞ്ഞപ്പോൾ, ഞാൻ നിന്നെ കൂട്ടാതെ, തനിച്ച് ഒരു ഡോക്ടറെ പോയി കണ്ടിരുന്നു, എനിക്ക് എന്തെങ്കിലും കുഴപ്പമുള്ളത് കൊണ്ടാണോ? നീ ഗർഭിണിയാകാത്തത് എന്നറിയാനായിരുന്നു അത്, അന്നത്തെ പരിശോധനയിൽ ഞാൻ ഒരിക്കലും ഒരച്ഛനാകില്ലന്ന് ഡോ: തീർത്ത് പറഞ്ഞു ,അതിന് ശേഷമാണ്, ഞാൻ നിന്നോട് അകലാൻ ശ്രമിച്ചതും, നിന്റെ വണ്ണത്തെക്കുറിച്ച് കുറ്റം പറയാൻ തുടങ്ങിയതും ,കാരണം, നീ എന്നെ ഉപേക്ഷിച്ച് പോകാനും മറ്റൊരു വിവാഹം ചെയ്യാനും വേണ്ടിയായിരുന്നു അത് ,അല്ലങ്കിൽ ഒന്നുമറിയാതെ, നീയെന്റെ കൂടെ എന്നും മച്ചിയെന്ന് മുദ്രകുത്തി, മറ്റുള്ളവരുടെ മുന്നിൽ ഒരു പരിഹാസ കഥാപാത്രമായി ജീവിക്കേണ്ടി വരുമെന്ന്, ഞാൻ ഭയപ്പെട്ടു. ഞാൻ കാരണം നിന്റെ ജീവിതം നശിച്ച് പോകരുതെന്ന് ഞാൻ ആഗ്രഹിച്ചു.അതിന് വേണ്ടി ഞാൻ തന്നെ കൈയ്യക്ഷരം മാറ്റിയെഴുതിയ, ലൗ ലെറ്ററും, പോക്കറ്റിൽ ഒളിപ്പിച്ചു വച്ചു ,കളഞ്ഞ് കിട്ടിയ ,ഏതോ ഒരു യുവതിയുടെ ഫോട്ടോ ആയിരുന്നു അത്”

“ങ് ഹേ! സത്യമാണോ അനിച്ചേട്ടാ ഇതൊക്കെ ,അപ്പോൾ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെയാണോ ധരിച്ച് വച്ചിരിക്കുന്നത് ,എനിക്ക് എന്റെ അനിച്ചേട്ടൻ കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളു ,ഓർമ്മ വച്ച കാലം തൊട്ടെ, പൊണ്ണത്തടിച്ചീ.. എന്ന് വിളിച്ച്, മറ്റുള്ളവരെല്ലാം എന്നെ കളിയാക്കിയപ്പോൾ ,എന്റെ വണ്ണം കണ്ട് എന്നെ ഇഷ്ടപ്പെട്ട ഒരേ ഒരാള് എന്റെ അനിച്ചേട്ടനാ ,ആ നിങ്ങളുടെ മനസ്സിനെ മറ്റെന്തിനെക്കാളും ഞാൻ വിലമതിക്കുന്നു ,നിങ്ങൾ എന്റെ കൂടെയുണ്ടെങ്കിൽ എനിക്ക് മറ്റൊന്നും വേണ്ട അനിച്ചേട്ടാ…”

അത്രയും പറഞ്ഞവൾ അവന്റെ കൈത്തലമെടുത്ത് തെരുതെരെ ഉമ്മ വച്ചു.

രചന
സജി തൈപ്പറമ്പ്.

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply