Skip to content

മധുവിധു രാവുകളിൽ തേൻ കിനിയുന്ന അധരങ്ങൾ കടിച്ചമർത്തി

read malayalam story

#അപരൻ#

വിവാഹം കഴിഞ്ഞ പിറ്റേ ആഴ്ച തന്നെ, അയാൾ ഭാര്യയോട് യാത്ര പറഞ്ഞ് ,വിദേശത്തേക്ക് പറന്നു.

അപ്പോഴും
അവൾ,
ഒരാഴ്ച കൊണ്ട് അയാൾ നല്കിയ, ഉന്മാദത്തിന്റെ ഹാങ്ങ് ഓവറിലായിരുന്നു .

മധുവിധു രാവുകളിൽ ,അയാൾ നല്കിയ മധുചഷകം നുണഞ്ഞ് തീരാതെ, തേൻ കിനിയുന്ന അധരങ്ങൾ കടിച്ചമർത്തി ,അവന്റെ വരവിനായി ,അവൾ കാത്തിരുന്നു.

പകല് മുഴുവൻ, വീട്ട് ജോലികളിലും മറ്റും മുഴുകി, അവൾ രാത്രിയാകാൻ കൊതിച്ചു.

വീട്ടിലെ മറ്റുള്ളവർ ഉറക്കത്തിലേക്ക് ഊളിയിട്ടപ്പോൾ, അവൾ മാത്രം, അവന്റെ ഓൺലൈൻ പ്രവേശനത്തിനായ് വെയ്റ്റ് ചെയ്തു.

ആദ്യ ദിവസങ്ങളിൽ ,കൃത്യസമയത്ത് വന്ന് കൊണ്ടിരുന്ന അവൻ ,പിന്നീട് സമയം തെറ്റി വരാനും ,ചില ദിവസങ്ങളിൽ തീരെ വരാതിരിക്കാനും തുടങ്ങി.

വിരസമായ രാവുകളെ അനുനയിപ്പിക്കാനായി അവൾ,
FB യുടെ വിരിമാറിൽ, ചൂണ്ട് വിരല് കൊണ്ട് തഴുകി.

ആ തഴുകൽ, ചില ഫ്രണ്ട് റിക്വസ്റ്റുകളുടെ കണ്ണിലും കൊണ്ടു.

അതിലൊരാൾ അവളുടെ ഇൻബോക്സിൽ വെറുതെ ഒന്ന് മുട്ടി നോക്കി.

ഭർത്താവിനെ ധ്യാനിച്ചിരുന്ന അവൾ ,ആ മുട്ട് അത്ര ശ്രദ്ധിച്ചില്ല.

പിറ്റേ ദിവസവും, അപരൻ മുട്ടി നോക്കിയതിനൊപ്പം, ഒരു ഹാ യും പറഞ്ഞു.

ഭർത്താവിന്റെ, പച്ച ലൈറ്റ് ഇന്നും തെളിയില്ലന്ന് മനസ്സിലായ അവൾ
അപരനോട്, ആരാ ,എന്താ ,എന്നാക്കെ കുറച്ച് റഫ് ആയി ചോദിച്ചു.

അപരൻ, വിനയാന്വിതനായി പേരും ഊരും പറഞ്ഞു.

“ഓകെ, ശരി”

എന്ന് കാഷ്വലായി പറഞ്ഞിട്ടവൾ,
ഇൻബോക്സ് കൊട്ടിയടച്ചു.

പിറ്റേന്ന് രാത്രിയിലും ഭർത്താവിനായി അവൾ പച്ച കത്തിച്ച് കാത്തിരുന്നു.

അന്നും അപരൻ കടന്ന് വന്നു.

“എന്താ ഉറക്കമില്ലേ?

അപരന്റെ ചോദ്യം.

അവൾ മറുപടി പറഞ്ഞില്ല.

“ഓഹ്, മറുപടി പറഞ്ഞാൽ, ഞാൻ വീണ്ടും എന്തെങ്കിലുമൊക്കെ കുത്തികുത്തി ചോദിക്കുമെന്ന് കരുതിയല്ലേ?

അപ്പോഴും അവൾ ഒന്നും പറഞ്ഞില്ല.

“സാരമില്ല നിങ്ങളുടെ ഉത്ക്കണ്ഠ എനിക്ക് മനസ്സിലാവുo, ഓരോ ദിവസവും ഓൺലൈനിലൂടെ വഞ്ചിക്കപ്പെട്ടവരുടെ എത്രയെത്ര വാർത്തകളാ പുറത്ത് വരുന്നത്,
ഞാനും ചിലപ്പോൾ അത്തരക്കാരനാണോ ‘എന്ന് നിങ്ങൾ സംശയിച്ചതിൽ തെറ്റ് പറയാനൊക്കില്ല.”

അത് കേട്ടപ്പോൾ അവളുടെ മനസ്സിന് ചാഞ്ചല്യമുണ്ടായി, എന്നിട്ടും അവൾ മറുപടിയൊന്നും കൊടുത്തില്ല.

അത്രയും പറഞ്ഞിട്ടും, ഒരു റിപ്ളേയും കിട്ടാതിരുന്നപ്പോൾ,
അപരൻ പതിനെട്ടാമത്തെ അടവെടുത്തു.

“ഓകെ ,ഞാനിനി ബുദ്ധിമുട്ടിക്കാൻ വരില്ല ,ഗുഡ് ബൈ”

പെട്ടെന്ന് തന്നെ, അവന്റെ പച്ച ലൈറ്റണഞ്ഞു .

അവൾക്കെന്തോ വല്ലായ്ക തോന്നി, അത് വരെ തോന്നാതിരുന്ന ഒരു കുറവ്, ഒരു നഷ്ടബോധം അവളെ ഗ്രസിച്ചു.

കണ്ണടച്ച് കിടന്നെങ്കിലും, ഉറക്കം അവളോട് മുഖം തിരിച്ചു.

അസ്വസ്ഥത കൂടിയപ്പോൾ, വീണ്ടും അവൾ എഴുന്നേറ്റ്, അപരന്റെ വിളക്ക് കാലിലേക്ക്, എത്തി നോക്കി .

ഇല്ല, അത് അണഞ്ഞ് തന്നെ കിടക്കുവാണ്.

രാവിന്റെ ഏതോ യാമത്തിൽ, പിണങ്ങി നിന്നിരുന്ന നിദ്ര, അവളെ ആപാദചൂഡം പുണർന്നു.

ഏതോ സുന്ദര സ്വപ്നം കണ്ട് കൊണ്ടാണ്, അവൾ ഉണർന്നത്.

മുഖം പോലും കഴുകാതെ, അവൾ മൊബൈലെടുത്ത് നെറ്റ് ഓൺ ചെയ്തു.

ഇൻബോക്സിൽ, അവളാദ്യം നോക്കിയത് ,അപരന്റെ പേരിലേക്കാണ്.

അവിടെ വെളിച്ചമുണ്ടെന്നറിഞ്ഞപ്പോൾ,
അവളുടെ മനസ്സിലേക്കൊരു ശീതക്കാറ്റടിച്ചു.

അവന്റെ അടച്ചിട്ടിരിക്കുന്ന ഇൻബോക്സിൽ മുട്ടിവിളിക്കാൻ, അവളുടെ ഉള്ളം തുടിച്ചു.

ഒരു വിറയലോടെ അവൾ, അപരന്റെ നേരെ, കൈ വീശി കാണിച്ചു.

മറുപടിയില്ല.

അവൾക്ക് ഉത്ക്കണ്ഠ കൂടി.

“എന്താ പിണക്കമാണോ?

രണ്ടും കല്പിച്ചവൾ ചോദിച്ചു .

“ഓഹ്, ഞാൻ പിണങ്ങിയാൽ തനിക്കെന്താ?

അവൻ പ്രതികരിച്ചപ്പോൾ ,അവൾക്ക് കുറച്ച് ആശ്വാസമായി .

പിന്നെ അവൾ, അപരനോട് വാചാലയായി.

അന്ന് മുതൽ ,അപരന്റെ കിളിവാതിലിന്റെ മുന്നിലെ പച്ചത്തീ, രാത്രികാലങ്ങളിൽ അവൾക്കായ് അണയാതെ കിടന്നു .

ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഇടക്കിടെ ഇൻബോക്സ് ലൈറ്റ് അണയാൻ തുടങ്ങിയപ്പോൾ, അവൾ പരിഭവിച്ചു.

പെട്ടെന്നൊരു ദിവസം ,ആ പച്ച ലൈറ്റ് പൂർണ്ണമായും അണഞ്ഞു.

മാത്രമല്ല ,ആ വിളക്ക് കാല് നിന്നയിടം, ശൂന്യമായിപ്പോയിരുന്നു.

അപരനെ തിരഞ്ഞവൾ, മൊബൈൽ ഫോണിന്റെ ആറിഞ്ച് സ്ക്രീനിന് മുകളിൽ വിരലുകൾ കൊണ്ട് കളം വരച്ചു.

പക്ഷേ, നിരാശയായിരുന്നു ഫലം.

അപരന്റെ ഓർമ്മകളുറങ്ങുന്ന തന്റെ പേജിന്റെ ഇന്നലെകളിലേക്കവൾ, വെറുതെയൊന്ന് കണ്ണോടിച്ചു.

അപരൻ, ആവശ്യപ്പെട്ടപ്പോൾ ,അവൻ പിണങ്ങുമെന്ന് കരുതി ,മടിച്ച് മടിച്ച് അവനയച്ച് കൊടുത്ത, സ്വന്തം നഗ്നചിത്രങ്ങൾ ,അവളെ നോക്കി കൊഞ്ഞനം കുത്തി.

ഞെട്ടലോടെ അവൾ തന്റെ നോട്ടം പിൻവലിച്ചു.

താൻ ചതിക്കപ്പെട്ടെന്ന് അവൾക്ക് ബോധ്യമായി.

തന്റെ ഉടുതുണിയില്ലാത്ത തളിർ മേനി, കാമ കണ്ണുകളോടെ ലോകം കണ്ട് രസിക്കുമ്പോൾ ,ബെഡ് റൂമിലെ ഫാനിൽ കെട്ടിയ, സാരിയുടെ മറ്റേ അറ്റത്തേ കുരുക്കിനുള്ളിൽ, അവളുടെ ശംഖഴകൊത്ത കഴുത്ത് ഞെരിഞ്ഞമരുകയായിരുന്നു.

രചന
സജി തൈപറമ്പ്.,

4.1/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!