രചന:റെജിൻ. എം. വൈ
വല്ലപ്പോഴും കടന്നു പോകുന്ന ചില ആമ്പുലൻസുകളും പോലിസ് വാഹനങ്ങളും ഒഴിച്ചാൽ റോഡ് തികച്ചും ശൂന്യമാണ്.
കഴിഞ്ഞ ഏതാനും ദിവസമായി ജീവിതം ഏകാന്തവും നിർവികാരവും ആയതിനാൽ അയാൾക്ക് പ്രത്യേഗിച്ച് ഒന്നും തോന്നിയില്ല.
ഹോസ്പിറ്റലിന്റെ എമർജൻസി വിഭാഗത്തിന്റെ ഗേറ്റിനരികിൽ അയാൾ വാഹനം നിർത്തി.
ഗേറ്റ് കടന്ന് ഒരു ആമ്പുലൻസ് പുറത്തേക്ക് പോകുന്നുണ്ടായിരുന്നു. മുഖം മൂടിയും കോട്ടും ധരിച്ച സെക്യൂരിറ്റി വാഹനത്തിനരികിലേക്ക് വന്നു.
കൈയ്യിൽ ഉണ്ടായിരുന്ന പാസ് കാണിച്ചപ്പോൾ അയാളെ അകത്തേക്ക് കയറ്റി വിട്ടു.
വെള്ള കോട്ട് ധരിച്ച രണ്ടു പേർ വാഹനത്തിനരികിൽ വന്ന് കൃത്യമായ അകലം പാലിച്ച് നിന്ന് അയാളോട് പുറത്തേക്കിറങ്ങാൻ ആഗ്യം കാട്ടി.
കൈവശമുണ്ടായിരുന്ന പാസ് പരിശോധിച്ച ശേഷം അയാൾ അകത്തേക്ക് ആനയിക്കപ്പെട്ടു.
ഒരു വെളുത്ത കോട്ടും മുഖാവരണവും അവർ അയാളെ ധരിപ്പിച്ചു.
ഏതാനും ചില വെള്ളകോട്ടുധാരികൾ മാത്രമുള്ള വരാന്തയിലൂടെ നടന്ന് അവർ ഒരു മുറിയിലേക്ക് പ്രവേശിച്ചു.
അവിടെ കസേരയിൽ ഇരുന്ന ആൾ മുഖംമൂടി അൽപ്പം താഴ്ത്തി ഇരിക്കാൻ ആഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു
“ഞാൻ ഡോ. അലക്സ്. ഞാനാണ് രാവിലെ നിങ്ങളെ വിളിച്ചു വിവരം പറഞ്ഞത്. ഇന്നത്തെ ദിവസം നമ്മൾക്ക് നഷ്ടപെട്ട എട്ടാമത്തെ ആളാണ് താങ്കളുടെ ഭാര്യ ” മുഖവുര ഒന്നും കൂടാതെ ഡോ. പറഞ്ഞു.
വലിയ ദുരന്തങ്ങൾ മനുക്ഷ്യനെ നിസ്സഹായകൻ ആക്കുക മാത്രമല്ല, കൃത്രിമമായി ഒട്ടിച്ചു വച്ച എല്ലാ ആചാര മര്യാദകളെയും പൊളിച്ചുകളഞ്ഞ് അവനെ നഗ്നനാക്കുക കൂടി ചെയ്യുന്നു.
പ്രതീക്ഷിച്ചിരുന്ന ഒരു വാർത്ത കേൾക്കുന്നത് പോലെ അയാൾ മുഖം കുനിച്ചിരുന്നു.
“അസുഖം സ്ഥിരീകരിക്കുന്നതിനു മുൻപ് തന്നെ സ്വയം ഐസൊലേഷനു വിധേയനായി ഹെൽത്ത് ഡിപ്പാർട്മെന്റിനെ സഹായിച്ചതിനാൽ താങ്കൾക്ക് ഒരു പ്രത്യുപകാരം എന്ന നിലയിൽ അധികം ആർക്കും ലഭിക്കാത്ത ഒരു സൗകര്യം ഞങ്ങൾ അനുവദിക്കുകയാണ്. അതിനാണ് താങ്കളെ ഇപ്പോൾ ഇങ്ങോട്ട് വിളിപ്പിച്ചത് ”
“നിങ്ങൾ ആവശ്യപ്പെട്ടതുപോലെ ഭാര്യയെ അവസാനമായി ഒന്ന് കാണാനുള്ള അനുമതി താങ്കൾക്ക് ലഭിച്ചിരിക്കുന്നു “.
മുഖം ചെറുതായി ഒന്നുയർത്തി അയാൾ ഡോക്ടറെ ഒന്നു നോക്കുക മാത്രം ചെയ്തു.
ഒരു പേപ്പറിൽ എന്തോ എഴുതി വെളുത്ത കോട്ടുധാരിയുടെ കയ്യിൽ കൊടുത്തു കൊണ്ട് ഡോക്ടർ അവരെ പുറത്തെക്കയച്ചു.
കുറച്ചു ദൂരം വരാന്തയിലൂടെ നടന്ന് ഒരു ഗ്ലാസ് ഡോർ തള്ളി തുറന്ന് അകത്തേക്ക് കടന്ന വെള്ള കോട്ടുധാരിയെ അനുഗമിച്ചു് അയാൾ ആ ശീതികരിച്ച മുറിയിൽ പ്രവേശിച്ചു.
അകത്തു ഏതാനും ചില്ലു പെട്ടികൾ കൃത്യമായ അകലത്തിൽ നിരത്തി വച്ചിരുന്നു ആ കാഴ്ച്ച അയാളുടെ നടത്തത്തിന്റെ വേഗത കുറച്ചു.
നിൽക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് കോട്ടുധാരി തന്റെ കയ്യിലുള്ള പേപ്പറിൽ എഴുതിയ നമ്പർ പെട്ടികൾക്കു മുകളിൽ ഒട്ടിച്ചു വച്ച നമ്പറുമായി ഒത്തുനോക്കുകയാണ്.
ഒരു പെട്ടിയുടെ മുന്നിലെത്തിയപ്പോൾ അയാളോട് അടുത്തേക്ക് ചെല്ലാൻ ആംഗ്യം കാട്ടി. ആ പെട്ടിക്കരികിലേക്കു പതുക്കെ നടക്കുമ്പോൾ അയാളുടെ കാലുകൾക്ക് തളർച്ച അനുഭവപെട്ടു
കണ്ണുകൾ പെട്ടിക്കുള്ളിലേ കാഴ്ചയിലൂടെ അരിച്ചു നടന്നു. മുഖം മാത്രം കാണാവുന്ന രീതിയിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ ശരീരവും വെളുത്തു വിളറിയ മുഖങ്ങളും അയാളുടെ ഉള്ളിൽ ഭീതി നിറച്ചു.
അവളുടെ മുഖം ആകെ മാറിയിരിക്കുന്നു. കവിളുകൾ കുഴിഞ്ഞു വിളറിയിരിക്കുന്നു വളരെക്കാലം ഫ്രീസറിൽ സൂക്ഷിച്ചതുപോലെ തൊലി ചുളിങ്ങിയിരിക്കുന്നു.
അയാൾക്ക് കൂടുതൽ സമയം അവളുടെ മുഖത്തേക്കുനോക്കാൻ സാധിച്ചില്ല.
കണ്ണുകൾ നിറഞ്ഞ് കാഴ്ച്ച മങ്ങി പോകുന്നു. കാലുകൾക്കു ബലം നഷ്ടപ്പെട്ട് വീഴാൻ പോകുന്നതുപോലെ.
ഒന്നും പറയാതെ അയാൾ തിരികെ വാതിലിനടുത്തേക്കു തന്റെ ഭാരമേറിയ കാലുകൾ വലിച്ചു കൊണ്ട് നടന്നു. വാതിൽ ആയാസപ്പെട്ട് തുറന്ന് പുറത്തിറങ്ങി.
വേച്ചുകൊണ്ട് അടുത്തുകണ്ട ഇരിപ്പിടത്തിലേക്കു ഇരുന്നു. കണ്ണുകൾ പുറംകൈ കൊണ്ട് തുടച്ചുകൊണ്ട് അയാൾ ഇതിനകം ഒപ്പമെത്തിയ കോട്ടുധാരിയോട് പറഞ്ഞു
“ഞാൻ കുറച്ചു സമയം ഇവിടെ ഇരിക്കട്ടെ “.
“ഉം… കുടിക്കാൻ എന്തെങ്കിലും വേണൊ? ”
“വേണ്ട ”
“എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറയണം ഞങ്ങൾ ഇവിടെത്തന്നെ കാണും… റെസ്റ്റ് എടുത്തോളൂ ”
കോട്ടുധാരി നടന്നകന്നു.
അയാൾ തലയും കുനിച്ചു അവിടെ തന്നെ ഇരുന്നു.
ആശുപത്രി വരാന്തയിൽ തളർന്നിരിക്കുന്ന അയാളുടെ ജീവിതം, ലോകം കൊറോണ എന്ന വൈറസിലേക്കു ചുരുങ്ങുന്നതിനുമുൻപ് മറ്റൊന്നായിരുന്നു.
ഒരു കോശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ലാഘവത്തോടെ ആ വൈറസ് ഭൂമിയിലെ മനുക്ഷ്യകുലത്തെ മുഴുവൻ നിയന്ത്രിക്കാൻ തുടങ്ങുന്നതിനു മുന്പ് , ഏതൊരു മനുക്ഷ്യനെയും പോലെ അയാളും ജാതി, മത, സുരക്ഷിത ബോധങ്ങളാൽ അഭിമാനം കൊണ്ടിരിന്നു.
ഒരു വൃകൃതി കുട്ടി അശ്രദ്ധമായി ഒരു ചിത്രം മായിച്ചു കളയുന്നതുപ്പോലെ വൈറസ് സകല മനുഷ്യ നിർമിത അതിർവരമ്പുകളെയും മായ്ച്ചുകളയുന്നതിനു മുൻപ് സ്വാപ്നങ്ങളും സങ്കല്പങ്ങളും ഉള്ള മനുക്ഷ്യനായിരുന്നു അയാൾ.
അനീഷ് എന്നാണയാളുടെ പേര്. ഈ വലിയ നഗരത്തിലെ ഐ. റ്റി കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യയും മകളുമൊത്ത് നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസമാക്കിയിട്ട് വർഷങ്ങൾ ആയി.
ഗ്രാമപ്രദേശത്താണ് അനീഷ് ജനിക്കുകയും വളരുകയും ചെയ്തത്. ചെറുപ്പം മുതലേ അറിയുന്ന അഖിലയെ ഉള്ളിൽ പ്രണയിക്കുകയും ഒടുവിൽ വീട്ടുകാരുടെ അനുഗ്രഹത്തോടെ സ്വന്തമാക്കുകയും ചെയ്തതിനു ശേഷമാണ് അവർ രണ്ടുപേരും കൂടി പട്ടണത്തിലെ ഫ്ലാറ്റിലേക്ക് ചേക്കേറിയത്.
അവരുടെ ജീവിതം സ്വച്ഛന്ദമായി ഒഴുകികൊണ്ടിരുന്നപ്പോൾ ഏകദേശം രണ്ടു വർഷങ്ങൾക്ക് മുൻപാണ് സന്ധ്യ, മുപ്പതിനോടടുത്തു പ്രായമുള്ള അവിവാഹിതയായ യുവതി, അനീഷിന്റ ഓഫീസിൽ ജോലിക്കു വന്നത്.
അവൾ തന്റെ ജീവിതത്തിന്റെ ഗതിയെ പൂർണ്ണമായും തിരിച്ചുവിടുമെന്ന് അനീഷിന് അന്ന് അറിയില്ലായിരുന്നു. സാമാന്യ സൗന്ദര്യവും ചുറുചുറുക്കും നിഷ്കളങ്കമായ പെരുമാറ്റവും ഉള്ള സന്ധ്യ യോട് നല്ല സൗഹൃദം മാത്രമാണ് അനീഷിന് ഉണ്ടായിരുന്നത്.
ഏതാനും മാസങ്ങൾ കൊണ്ട് സ്ത്രീ പുരുഷ സൗഹൃദം എന്ന ട്രിപ്പീസ് ചരടിൽ നിന്നും അടി തെറ്റി രണ്ടാളും പ്രണയത്തിലേക്ക് വീണു.
പൊതുവെ എല്ലാരോടും അടുത്തിടപഴകുന്ന രണ്ടുപേർക്കും സാമൂഹിക നിയമത്തിനു പുറത്തുള്ള അവരുടെ ഈ ബന്ധത്തെ രഹസ്യമാക്കി വെക്കാൻ കഴിഞ്ഞു.
രണ്ടുമാസം മുൻപ് നടന്ന ഒരു രഹസ്യ കൂടിക്കാഴ്ചയിൽ ആണ് ആരും അറിയാതെ മറ്റെവിടെയെങ്കിലും പോയി ഒന്നിച്ചു താമസിക്കാം എന്ന ധാരണയിൽ രണ്ടാളും എത്തിച്ചേർന്നത്.
അതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു സംസ്ഥാനത്ത ഒരു നല്ല സോഫ്റ്റ്‌വെയർ കമ്പനി യിൽ ജോലി ലഭിക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും രണ്ടാളും രഹസ്യമായി ചെയ്യുകയും അവിടെ ഒന്നിച്ചു താമസിക്കുകയും പതുക്കെ ഭാരിയായ അഖിലയുമായുള്ള ബന്ധം വേർപെടുത്താം എന്നും തീരുമാനിച്ചു.
ഈ സമയമെല്ലാം അനീഷിന്റെ കുടുംബജീവിതം സാധാരണപോലെ മുന്നോട്ടു പോയി.
തങ്ങളുടെ ജോലിയും താമസവും ആയി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പൂർത്തിയാക്കുന്നതിനുവേണ്ടി മൂന്നാഴ്‌ച മുൻപാണ് ഒരു മീറ്റിങ് ഉണ്ട് എന്ന് അഖിലയോട് കള്ളം പറഞ്ഞ് അനീഷ് സന്ധ്യ യോടൊത്ത് താമസിക്കാൻ തീരുമാനിച്ച ആ വലിയ നഗരത്തിലേക്ക് തനിച്ച് പോയത്.
അനീഷ് അവിടെ എത്തുന്നതിനും മുൻപുതന്നെ ആരും അറിയാതെ ആ നഗരത്തിലേക്ക് കൊറോണ വൈറസ് ഇറക്കുമതി ചെയ്യപ്പെട്ടിരുന്നു.
അനീഷ് താമസിക്കുന്ന ഹോട്ടലിൽ താമസിച്ച ചിലരിൽ നിന്നും അത് ഹോട്ടൽ ജീവനക്കാരിലേക്കും അനീഷിലേക്കും എത്തിയിരുന്നു.
കാര്യങ്ങൾ പെട്ടെന്ന് മാറുകയും വാർത്തകൾ അതിവേഗത്തിൽ വ്യാപിക്കുകയും ചെയ്തു.
സ്ഥിതിഗതിയുടെ ഗൗരവം വേണ്ടത്ര മനസ്സിലാവാത്ത അനീഷ് അത്തരം വാർത്തകളെ കുറിച്ച് ചിന്തിച്ചതെ ഇല്ല.
പോയ കാര്യം എല്ലാം ഭംഗിയായി ചെയ്യാൻ പറ്റിയതിന്റെ സന്തോഷത്തിൽ ആയിരുന്നു അയാൾ, ആ സന്തോഷം സന്ധ്യ യുമായി ഫോണിലൂടെ പങ്കിടുകയും ചെയ്തു.
ഇന്നു രാത്രി പതിനൊന്നു മണിക്കാണ് അനീഷിന്റെ റിട്ടേൺ ഫ്ലൈറ്റ്. നാളെ രാവിലെ എയർപോർട്ടിൽ വരണമെന്നും കാണാതിരിക്കാൻ പറ്റുന്നില്ല എന്നും പറയാൻ അനീഷ് സന്ധ്യയെ വിളിച്ചു. കൂട്ടിക്കൊണ്ടുപോകാൻ വരാമെന്ന് അവൾ വാക്ക് കൊടുത്തതാണ്.
“രാവിലേ ഏഴുമണിക്ക് ആണ് ഫ്ലൈറ്റ് അവിടെ എത്തുന്നത് നീ അവിടെ ഉണ്ടാകണം”
“ഉം… വരുന്നതിനു എനിക്ക് ബുദ്ധിമുട്ട് ഇല്ല… പക്ഷെ അനീഷ് ഇവിടെ വാർത്തയിൽ എല്ലാം കോറോണയെ കുറിച്ച് മാത്രമാണ് ചർച്ച സ്പെഷ്യലി നീ നിൽക്കുന്ന സ്ഥലത്തു കുറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മൾ സൂക്ഷിക്കണം”
“ഉം ചില വാട്സ്ആപ് മെസ്സേജുകൾ ഞാനും കണ്ടിരുന്നു… സാരമില്ല ഞാൻ ഇന്ന് തന്നെ തിരിച്ചു വരുമല്ലോ”
“അതല്ല അനീഷ് സിറ്റുവേഷൻ ഒന്നു മനസ്സിലാക്കു ”
തുടർന്ന് കുറെ ദിവസം ആരോടും സമ്പർക്കം ഇല്ലാതെ തനിച്ചു കഴിയണമെന്നും എയർപോർട്ടിൽ നിന്നും ഒരു ടാക്സി പിടിച്ചു വീട്ടിൽ പോയി സ്വയം നിരീക്ഷണത്തിൽ ഇരിക്കണം എന്നും എല്ലാം മാറിയതിനു ശേഷം കാണാമെന്നും ഉപദേശിച്ചു.
അനീഷിന്റെ ഉള്ളിൽ രോഗ ഭയം നിറയാൻ തുടങ്ങി അയാൾ ഉടനെ തന്റെ സുഹൃത്തായ ഒരു ഡോക്ടറെ വിളിച്ചു സംസാരിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് സ്വയം നിരീക്ഷണത്തിൽ പോകാനും തീരുമാനിച്ചു.
അപ്പോൾ തന്നെ അഖിലയെ വിളിച്ച് ഉടൻ തന്നെ മകളെയും കൂട്ടി വീട്ടിൽ പോയി നിൽക്കണമെന്നും താൻ കുറച്ചു ദിവസം ഒറ്റയ്ക്ക് താമസിക്കുന്നതാണ് നല്ലതെന്നും അറിയിച്ചു.
ഫ്ലൈറ്റിൽ കയറുന്നവിവരം മെസ്സേജിലൂടെ സന്ധ്യയെ അറിയിച്ചപ്പോൾ കോറോണയുമായി ബന്ധപ്പെട്ട ഒരു ഫോർവേഡ് മെസ്സേജ് ആണ് തിരികെ ലഭിച്ചത്.
അതിരാവിലെ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ സ്ഥിതി ആകെ മാറിയിരുന്നു. അനീഷ് വന്ന ഫ്ലൈറ്റിൽ ഉള്ള മുഴുവൻ വിദേശ യാത്രക്കാരെയും ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി.
നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഐസൊലേഷനിൽ കഴിഞ്ഞുകൊള്ളാം എന്ന് സാക്ഷ്യപ്പെടുത്തി നൽകിയതിന്റെ അടിസ്ഥാനത്തിൽ അനീഷിന് ഒരു ടാക്സിയിൽ വീട്ടിലേക്ക് പോകാനായി.
ഫ്ലൈറ്റ് ഇറങ്ങിയത് മുതൽ അഖിലയുടെ കോളുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട് എന്നാൽ അത് അറ്റൻഡ് ചെയ്യാൻ അനീഷിന് തോന്നിയില്ല. സന്ധ്യയുടെ ഒരു ഗുഡ് മോർണിങ് മെസ്സേജ് മാത്രമാണ് അയാൾക്ക് കിട്ടിയത്.
വീട്ടിലെത്തിയപ്പോൾ അഖില വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു കാർ നിർത്തിയ ഉടനെ അരികിലേക്കു വരികയും ബാഗ് അനീഷിന്റെ കയ്യിൽനിന്നും വാങ്ങി അയാളുടെ കൂടെ അകത്തേക്ക് നടന്നു.
“ചേട്ടന്റെ ഫോണിനെന്തു പറ്റി ഞാൻ എത്രതവണ വിളിച്ചു?
” തിരക്കായിരുന്നു.. നിന്നോട് വീട്ടിൽ പോകാൻ പറഞ്ഞതല്ലേ.? മോളെവിടെ?
“അച്ഛൻ ഇന്നലെ രാത്രി തന്നെ അവിടെ നിന്നും പുറപ്പെട്ടിരുന്നു വെളുപ്പിന് ഇവിടെ എത്തി മോളെയും കൂട്ടി പോയിട്ട് അര മണിക്കൂർ കഴിഞ്ഞതേ ഉള്ളൂ കാണാൻ നിൽക്കണ്ടാന്നു ഞാൻ നിർബന്ധിച്ചത് കൊണ്ടാ അച്ഛൻ ചേട്ടൻ വരുന്നതിന് മുന്പ് പോയത്”
“നീ എന്താ കൂടെ പോവാതിരുന്നത്??
“അച്ഛൻ കുറെ നിർബന്ധിച്ചു ഞാൻ പോയില്ല ”
“നിനക്കിതിന്റെ ഗൗരവം അറിയാഞ്ഞിട്ടാ ”
ഷർട്ടും മുണ്ടും എടുത്തുതന്നുകൊണ്ടവൾ പറഞ്ഞു
” ഒരുജലദോഷം വന്നാൽ പോലും സഹിക്കാൻ പറ്റാത്ത ചേട്ടൻ എങ്ങനെ ഇവിടെ ഒറ്റക്കുനിൽക്കും. കുറച്ചുകഴിഞ്ഞു നമ്മൾക്കൊരുമിച്ചുപോകാം.”
അനീഷിന് മറുത്തൊന്നും പറയാൻ തോന്നിയില്ല. അവൾ ഇല്ലാതെ തനിച്ച് ഈ ഫ്ലാറ്റിൽ എങ്ങനെ കഴിയും എന്നകാര്യം താൻ ആലോചിച്ചില്ലല്ലോ എന്നയാൾ ഓർത്തു.
അഖില അടുക്കളയിലും അനീഷ് ടീവി യുടെ മുന്നിലുമായി സമയം കടന്നുപോയി.
ടേക്ക് റസ്റ്റ് എന്ന ഒരു മെസ്സേജ് മാത്രമാണ് സന്ധ്യ യിൽ നിന്നും അയാൾക്ക് ലഭിച്ചത്.
അന്നുച്ചയോടുകൂടി കാര്യങ്ങൾ ആകെ മാറി. സമൂഹമാധ്യമങ്ങൾ കോറോണയെ കുറിച്ചുള്ള അറിവുകളും ജാഗ്രത നിർദ്ദേശങ്ങളും കൊണ്ട് നിറഞ്ഞു.
സംസ്ഥാനത്ത് നിരവധി പേർ നിരീക്ഷണത്തിൽ ആയി. വൈകുന്നേരത്തെ പത്ര സമ്മേളനത്തിൽ ജനങ്ങൾ പാലിക്കേണ്ട നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും മുഖ്യമന്ത്രി അറിയിച്ചു.
രാത്രി അഖില ഉറങ്ങുന്നത് വരെ അനീഷ് ടീവി യുടെ മുന്നിൽ ഇരുന്നു അയാളുടെ മനസ്സ് ആകെ കലുക്ഷിതമായിരുന്നു. ഇനി എന്തു ചെയ്യും എന്നറിയാത്ത അവസ്ഥ.
രാവിലെ വളരെ വൈകി ആണ് അനീഷ് എഴുന്നേറ്റത്. വല്ലാത്ത ക്ഷീണവും ജലദോഷവും ഉണ്ട്. അടുക്കളയിൽ ആയിരുന്ന അഖില ബെഡ് റൂമിലേക്ക് വന്നു
“ഇന്നലെ എപ്പോളാണ് കിടന്നത് ഞാൻ ഉറങ്ങിപ്പോയി…. നല്ല ക്ഷീണം ഉണ്ടല്ലോ ചായ കൊണ്ടുവരട്ടെ ”
“ഉം ”
അനീഷ് ബാത്‌റൂമിൽ പോയിവന്നപ്പോൾ ചായയും കയ്യിൽ പിടിച്ച് അഖില ടീവി കാണുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമാണ് സംസ്ഥാനം ഗുരുതരാവസ്ഥയിൽ ആണെന്നും പുതിയ രോഗികളുടെ എണ്ണം വർധിക്കുക്കയാണെന്നും അതിനാൽ കൊണ്ടുവരുന്ന നിയന്ത്രണങ്ങളെ കുറിച്ചും ഒക്കെ ആണ് പറയുന്നത്.
അനീഷ് ചാനൽ മാറ്റി നോക്കിയെങ്കിലും എല്ലായിടത്തും കൊറോണ മാത്രമായിരുന്നു വിഷയം.
“കാര്യങ്ങൾ ആകെ വഷളായി കൊണ്ടിരിക്കുകയാണ് ” അഖില പറഞ്ഞു”
ഈ നശിച്ച വൈറസ് കാരണം ആയിരങ്ങൾ ആണ് മരിച്ചുകൊണ്ടിരിക്കുന്നത് ”
അനീഷ് ഒന്നും പറഞ്ഞില്ല.
“രാവിലെ ചേച്ചി വിളിച്ചിരുന്നു ചേട്ടനോട് റൂമിൽ നിന്നും പുറത്തിറങ്ങേണ്ട എന്ന് പറയാൻ പറഞ്ഞു. പിന്നെ ഏതെങ്കിലും ഹോസ്പിറ്റലിൽ ഐസൊലേഷനിൽ കഴിയുന്നതാണ് നല്ലതെന്ന്. അത് ഒന്നും ശരിയാവില്ല ഒറ്റയ്ക്ക് ഹോസ്പിറ്റലിൽ ഒന്നും പറ്റില്ല. ഇനി കൊറോണ വന്നാലും നമ്മുക്ക് ഒരുമിച്ചു നേരിടാം … ”
മറുപടി ഒന്നുപറയാതെ അനീഷ് അവളുടെ മുഖത്തേക്ക് ഒന്നു നോക്കുകമാത്രം ചെയ്തു. അഖില അടുക്കളയിലെ തിരക്കിലേക്ക് തിരിച്ചുപോയി.
ടീവി യുടെ മുൻപിൽ ആണ് ഇരിക്കുന്നതെങ്കിലും അയാൾ ഒന്നും കാണുകയോ കേൾക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല മനസ് അസ്വസ്ഥമായിരുന്നു.
സമയം പോകുന്നതനുസരിച്ച് അനീഷിന് ക്ഷീണവും ബുദ്ധിമുട്ടുകളും കൂടികൂടിവന്നു. അഖില ഒപ്പംതന്നെ നിന്ന് ശിശ്രുഷിച്ചു. ഇടക്ക് വീട്ടിൽ നിന്നും വരുന്ന കോള്കൾക്ക് അവരെ ആശ്വസിപ്പിച്ചുകൊണ്ടുള്ള മറുപടി നൽകി.
വർക്ക് അറ്റ് ഹോം ആയതിനാൽ ഓഫീസിൽ പോകാതെ വീട്ടിൽത്തന്നെ ഇരുന്നു ജോലി ചെയ്യുകയാണ് എന്നറിയിച്ചുകൊണ്ട് സന്ധ്യ യുടെ മെസ്സേജ് ഉണ്ടായിരുന്നു.
മുന്നോട്ടുള്ള ഓരോദിവസവും അനീഷിന്റെ ശാരീരികവും മാനസികവും ആയ അസ്വസ്ഥതകൾ കൂടിക്കൂടി വന്നു.
സന്ധ്യ അയാളോട് കാണിക്കുന്ന അകൽച്ച അയാളെ കൂടുതൽ തളർത്തുകയും ഏകാന്തത കൂട്ടുകയും ചെയ്തു.
തനിക്കു കൂടുതൽ സ്നേഹവും പരിഗണയും ലഭിക്കേണ്ട ഈ സമയത്ത് സന്ധ്യ തന്നെ ഒരു വെറുക്കപെട്ടവനെ പോലെ മാറ്റിനിർത്തുന്നതായി അനീഷിന് അനുഭവപെട്ടു
ഇത് അയാളുടെ പ്രതീക്ഷകളെ തകർത്തുകൊണ്ടിരുന്നു എന്നാൽ അഖിലയുടെ സാന്നിധ്യവും കരുതലും അയാൾ ശ്രദ്ധിച്ചതേ ഇല്ല.
പതുക്കെ വൈറസ് അയാളുടെ മേൽ ഉള്ള പിടി മുറുക്കികൊണ്ടിരുന്നു
ചെറുതായി തുടങ്ങിയ ചുമയും ശ്വാസം മുട്ടലും ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും വല്ലാതെ കൂടി. അഖില മുഴുവൻ സമയവും അയാൾക്കൊപ്പം തന്നെ ഇരുന്നു.
ലോകത്തിന്റെ പരിതാപമായ അവസ്ഥയും കൂടി വരുന്ന മരണനിരക്കും അവളെ വല്ലാതെ ഭയപ്പെടുത്തി എങ്കിലും അയാളോടുള്ള അതിയായ സ്നേഹം നൽകിയ ഉൾകരുത്തുമായി ഒരു അമ്മ കുഞ്ഞിനെ എന്നവണ്ണം അയാളെ പരിപാലിച്ചു.
അവൾ ഇപ്പോൾ ടീവി കാണാറില്ല ന്യൂസ് പേപ്പർ വായിക്കാറില്ല സമാധാനം കളയുന്ന ഒരു വാർത്തയും അറിയാതെ താനും അനീഷും മാത്രമുള്ള ലോകത്തിലാണ് അവളിപ്പോൾ ഉള്ളത്.
അഖിലയുടെ സ്നേഹപൂർവമുള്ള പരിചരണവും, സന്ധ്യയുടെ അവഗണനയും അയാളിൽ കുറ്റബോധം നിറച്ചു അത് സന്ധ്യയോടുള്ള വെറുപ്പായി അയാളിൽ പുകഞ്ഞുകൊണ്ടിരുന്നു.
അയാൾ ഫോണിൽ നിന്നും അവളുടെ നമ്പർ ഡിലീറ്റ് ചെയ്യുകയും ബ്ലോക് ചെയ്യുകയും ചെയ്തു.
കടുത്ത ശ്വാസം മുട്ടലും ശാരീരിക അസ്വസ്ഥതയും മൂലം താൻ ഉടനെ മരിച്ചുപോകുമെന്ന് അയാൾ തീർച്ചപ്പെടുത്തി.
കഴിഞ്ഞ രണ്ടുദിവസമായി അയാളുടെ മനസ്സിൽ മുഴുവൻ അഖില ആയിരുന്നു ഒരിക്കൽ അവൾ തന്റെ ജീവനായിരുന്നു അവളെക്കുറിച്ച് ആലോചിക്കാത്ത നിമിഷങ്ങൾ താൻ ജീവിക്കുന്നില്ല എന്നുപോലും തോന്നിയ വർഷങ്ങൾ.
പിന്നെ പതുക്കെ പതുക്കെ അനീഷ് ജോലിയും പുതിയ സൗഹൃദങ്ങളും നിറഞ്ഞ തന്റേതായ ഒരു പുതിയ ലോകം സൃഷ്ടിക്കുകയും അഖില അവിടെ നിന്നും കുടിയിറക്കപെടുകയും ചെയ്തു.
ഇപ്പോൾ മരണവും കാത്തുകിടക്കുന്ന സമയത്ത് അവൾ മാത്രമേ തനിക്കുള്ളൂ മറ്റെല്ലാം വെറും സങ്കല്പങ്ങളും പ്രതീക്ഷകളും മാത്രമായിരുന്നു എന്നയാൾ തിരിച്ചറിഞ്ഞു.
എന്തുവലിയ തെറ്റാണ് ഞാൻ അവളോട് ചെയ്തിരിക്കുന്നത് ആരാണ് തന്നോടു ക്ഷമിക്കുക. മരിക്കുന്നതിന് മുൻപ് എല്ലാം അവളോട് തുറന്നു പറയണം എങ്കിലേ സമാധാനമായി മരിക്കാൻ പറ്റു.
ചിന്തകൾ കണ്ണുനീരായി ഒഴുകി. അകത്തേക്ക് വന്ന അഖില അയാളുടെ കണ്ണുനീർ കണ്ട് സകല നിയത്രണവും വിട്ട് കരഞ്ഞു.
“എന്താ ചേട്ടാ ഇത് നമ്മുക്ക് ഒന്നും വരില്ല”
അവളിൽ ഒതുക്കിവച്ച സകല സങ്കടങ്ങളും ഭയങ്ങളും വാക്കുകളും തേങ്ങലുമായി പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു.
അവൾ അവന്റെ ഇളം ചൂടുള്ള നെറ്റിയിൽ ചുംബിച്ചു ഒരുതുള്ളി കണ്ണുനീർ അവന്റെ തലയിൽ വീണ് മുടിയിഴകളിലൂടെ ഊർന്നിറങ്ങിപോയി.
അനീഷ് കൈ പതുക്കെ ഉയത്തി അവളുടെ കയ്യിൽ പിടിച്ചു അഖില അവളുടെ കൈ അവന്റെ കൈയ്യുടെ മുകളിൽ വച്ചു.
“മോളെ എനിക്ക് ഒരു കാര്യം പറയാനുണ്ട് ”
അനീഷ് അഖിലയെ മോളെ എന്നുവിളിച്ചിട്ട് എത്ര കാലമായി. വർഷങ്ങൾക്കു പിന്നിൽ നിന്നും തന്റെ പ്രിയപ്പെട്ടവൻ തന്നെ വിളിക്കുന്നതുപോലെ അഖിലക്കു തോന്നി.
തളച്ചയും, കണ്ണീരും, നെടുവീർപ്പും കലർന്ന സ്വരത്തിൽ അനീഷ് സന്ധ്യയെ കുറിച്ചും അവൾ തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും ഒരുമിച്ചെടുത്ത തീരുമാനത്തെ കുറിച്ചും അഖിലയോടു കള്ളം പറഞ്ഞു നടത്തിയ യാത്രയെ കുറിച്ചും എല്ലാം എല്ലാം അയാൾ തുറന്നുപറഞ്ഞു.
അനീഷിന്റെ കൈക്കു മുകളിൽ വച്ച കൈ ഒന്നു മാറ്റുകപോലും ചെയ്യാതെ നിറഞ്ഞൊഴുകുന്ന മിഴികൾ ഒന്ന് തുടക്കുകപോലും ചെയ്യാതെ അവൾ എല്ലാം കേട്ടിരുന്നു.
“മോളെ നീ എന്നോട് ക്ഷമിക്കില്ലേ….. ക്ഷമിച്ച് എന്നെ സമാധാനമായി പോകാൻ അനുവദിക്കണം ”
അവളുടെ കയ്യിൽ ചുംബിച്ചുകൊണ്ടായാൾ തേങ്ങി.
“ഇങ്ങനെ ഒന്നും എന്നോട് പറയരുത്… ചേട്ടൻ എവിടെയും പോകുന്നില്ല… ഞാൻ എങ്ങോട്ടും വിടില്ല.. പിന്നെ എനിക്കാരാ ഉള്ളത്. എല്ലാം എന്റെ തെറ്റാണ്…
ചേട്ടൻ ഇത്ര ഒക്കെ മാറിയിട്ടും ഒന്നും മനസ്സിലാക്കാത്ത ഞാൻ ഒരു പൊട്ടിയാണ്…. എല്ലാം ചേട്ടനുവേണ്ടി ചെയ്യുമ്പോളും ഇതൊക്കെത്തന്നെയാണോ വേണ്ടതെന്ന് മനസ്സിലാക്കാത്ത ഒന്നും കണ്ടറിയാൻ പറ്റാത്ത പൊട്ടി”
“ചേട്ടനുവേണ്ടി മാത്രമാണ് ഞാൻ ജീവിച്ചത് കല്യണം കഴിഞ്ഞു നിന്നുപോയ പീ.ജി പഠനം തുടരാൻ എല്ലാരും നിർബന്ധിച്ചപ്പോളും ഇനി പഠിക്കാൻ വയ്യാ എന്നുപറഞ്ഞത് പഠിക്കാൻ മടി ഉള്ളതുകൊണ്ടോ, ജോലിക്കുപോകാൻ ആഗ്രഹമില്ലാഞ്ഞിട്ടോ ഒന്നും അല്ല..
അതൊക്ക ചേട്ടന്റെ കാര്യങ്ങൾ നോക്കാൻ ഒരു തടസ്സമാവൂല്ലൊന്നു വിചാരിച്ചാ.. പകലുമുഴുവൻ ഒറ്റക്ക് ഈ ഫ്ലാറ്റിൽ ഞാൻ എന്തുമാത്രം വീർപ്പുമുട്ടലാ അനുഭവിക്കുന്നെന്ന് അറിയോ ഒക്കെ നമ്മുക്ക് വേണ്ടിയാ നമ്മുടെ സന്തോഷത്തിനു വേണ്ടിയാ…
എന്റെ ലോകം ചേട്ടനും മോളും മാത്രമാണ്.. എന്നിട്ടും അത് നഷ്ടപെട്ടത് ഞാൻ അറിഞ്ഞില്ലല്ലോ എന്റെ ദൈവമേ ”
ഏങ്ങലിച്ചുകൊണ്ട് അവൾ അനീഷിനെ തന്നോട് ചേർത്തുപിടിച്ച് അവനോടൊപ്പം കിടന്നു. ഒന്നും പറയാൻ കഴിയാതെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ മുറുകെ അടച്ച് അവളോട് ചേർന്ന് കിടന്നു.
അഖിലയുടെ ഏങ്ങലടിക്കിടയിൽ അനീഷ് എപ്പോളോ മയക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ അനീഷ് ഉറക്കമുണർന്നപ്പോൾ ക്ഷീണം കുറവുള്ളത് പോലെ തോന്നി.
ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് വളരെ കുറഞ്ഞു. അഖില ചായയുമായി കടന്നുവന്നു. അവളുടെ മുഖത്തിന് ക്ഷീണം ബാധിച്ചിരിക്കുന്നു ജലദോഷവും ഉണ്ട്.
ചായ കുടിച്ചുകൊണ്ടിരിക്കുന്ന അനീഷനരികിൽ ഇരുന്നുകൊണ്ടവൾ പറഞ്ഞു
“ഞാൻ ഇന്നലെ രസമുള്ള ഒരു സ്വപ്നം കണ്ടു… നമ്മുടെ വീടിന്റെ പുറകിലുള്ള ആ വലിയ നാട്ടുമാവില്ലേ ആദ്യമൊക്കെ എത്ര സമയാ നമ്മൾ ഒന്നിച്ച് അതിന്റ ചോട്ടിൽ ഇരുന്നിട്ടുള്ളത്…
നമ്മൾ രണ്ടാളും ആ മാവിൻ ചുവട്ടിൽ അങ്ങനെ ഇരിക്കുകയാണ് അപ്പോൾ ചിറകൊക്കെയുള്ള വലിയ രണ്ടു മാലാഖമാർ വന്ന് നമ്മളെ രണ്ടാളെയും പൊക്കിക്കൊണ്ട് ആകാശത്തിലേക്ക് പറന്ന് കുറെ ഉയരത്തിൽ എത്തി പെട്ടന്ന് ചേട്ടൻ മാലാഖയുടെ കയ്യിൽ നിന്നും ഊർന്ന് നിലത്തേക്ക് വീണു…
അതുകണ്ട് ഞെട്ടിയാണ് ഞാൻ എഴുന്നേറ്റത് ഞാൻ ആകെ വിയർത്തുപോയി”
അവൾ ഇടക്ക് ചുമക്കുന്നുണ്ടായിരുന്നു
” രസം അതല്ല ഇന്നലെ അച്ഛൻ വിളിച്ചപ്പോൾ പറയാ ആ മാവിന്റെ, നമ്മൾ ഊഞ്ഞാൽ കെട്ടിയ കൊമ്പില്ലേ, അത് ഉണങ്ങി തുടങ്ങീന്ന് ”
അനീഷ് അവളെ തന്നെ നോക്കിയിരുന്നു.
” സ്വപ്നം കണ്ടു പേടിച്ചിട്ടായിരിക്കും രാവിലെ ചെറിയ പനി ഉണ്ടായിരുന്നു സാരമില്ല ഞാൻ ഒരു ചുക്കുകാപ്പി ഉണ്ടാക്കി കുടിച്ചു. അത് ഇപ്പൊ മാറിക്കോളും ”
അനീഷ് അവളുടെ നെറ്റിയിൽ കൈ വച്ചുനോക്കി ചെറിയ ചൂടുണ്ട്.
അനീഷിന്റെ മനസ്സിലേക്ക് ഭയം ഇരച്ചു കയറാൻ തുടങ്ങി.
തന്റെ അതേ രോഗലക്ഷണങ്ങൾ ആണ് ഇവൾക്കും താൻ കാരണം ഇവൾക്കും വൈറസ് ബാധ ഉണ്ടായോ.
“ഈ പനി അത്ര നിസ്സാരമല്ല ചുമയും ഉണ്ട്. ദയവ്ചെയ്ത് മോള് ഞാൻ പറയുന്നത് അനുസരിക്കണം നമ്മൾക്ക് എത്രയും പെട്ടന്ന് ഹോസ്പിറ്റലിലേക്ക് മാറണം ”
“ചേട്ടന് ഇപ്പോൾ കുറവായില്ലേ അതുമതി. എനിക്ക് വെറും സാധാരണ പനിയാണ് പേടിക്കാൻ ഒന്നും ഇല്ല”
ഒന്നും പറയാതെ അനീഷ് ഫോൺ എടുത്ത് തന്റെ സുഹൃത്തായ ഡോക്‌ടറെ വിളിച്ച് കാര്യങ്ങൾ വിശദമായി സംസാരിച്ചു .
ഫോൺ വച്ചിട്ട് അഖിലയോട് ഈ അവസ്ഥയുടെ ഗൗരവത്തെകുറിച്ച് പറയുകയും തയ്യാറായിരിരിക്കാൻ ആവശ്യപെടുകയും ചെയ്തു.
അല്പം കഴിഞ്ഞപ്പോൾ ഒരു ആംബുലൻസിൽ ഡോക്ടറും മറ്റുചിലരും വരികയും രണ്ടുപേരെയും പരിശോധിച്ചു. അനീഷിന്റെ രോഗം മാറിത്തുടങ്ങിയതിനാൽ വീട്ടിൽ തന്നെ ഐസൊലേഷൻ തുടരാൻ ആവശ്യമായ എല്ലാം ചെയ്തതിനു ശേഷം അവർ അഖിലയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി
അതിനുശേഷം ഇന്നാണ് അനീഷ് അഖിലയെ കാണുന്നത്.
ഹോസ്പിറ്റലിൽ നിന്നിറങ്ങി ഫ്ലാറ്റിലേക്ക് വണ്ടിയോടിച്ചു പോകുമ്പോൾ അയാൾ ചില ഉറച്ച തീരുമാനങ്ങൾ എടുക്കുകയായിരുന്നു.
തന്റെ ജീവിതത്തെ തകർത്തെറിഞ്ഞ ആ പട്ടണവും അവിടെ നിന്നും ലഭിച്ച എല്ലാ ബന്ധങ്ങളെയും സൗകര്യങ്ങളെയും എന്നെന്നേക്കുമായി ഉപേക്ഷിച്ച് മകളോടും മാതാപിതാക്കളോടും ഒപ്പം തന്റെ ജന്മനാടായ നാട്ടിന്പുറത്തു കഴിയാൻ അയാൾ തീരുമാനിച്ചു.
അടുത്ത ഒരുദിവസം കൊണ്ട് ആ പട്ടണവുമായുള്ള എല്ലാ ബന്ധങ്ങളും മുറിച്ച് അയാളെ കാത്തിരിക്കുന്ന ആ കുളിർമയുള്ള മാവിൻ ചുവട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചുപോകുമ്പോൾ അയാൾ ഉപേക്ഷിച്ച പട്ടണം മഞ്ഞുകാലത്തു ഇലകൾ മുഴുവൻ പൊഴിച്ച് നഗ്നമായി നിൽക്കുന്ന ഒരു ആപ്പിൾ മരത്തെപോലെ പുതിയ പൂക്കൾക്ക് വേണ്ടി പ്രതീക്ഷയോടെ നിന്നു.
രചന :റെജിൻ. എം. വൈ.
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission