Skip to content

കൂട്ടുകാരിയുടെ ഭർത്താവായത് കൊണ്ട് മാത്രമാണ്, ബെഡ്റൂമ് വരെ കയറി വന്നിട്ടും,

koottukariyude husband

കുളി കഴിഞ്ഞ് ബാത്ത് ടൗവ്വല് ചുറ്റിക്കൊണ്ട് പുറത്തേക്കിറങ്ങിയ ഞാൻ, മുന്നിൽ നില്ക്കുന്നയാളെക്കണ്ട്, ഷോക്കടിച്ചത് പോലെ പുറകിലേക്ക് വലിഞ്ഞു.

എൻ്റെ കൂട്ടുകാരി സ്വാതിയുടെ ഹസ്ബൻ്റായിരുന്നു അത് .

“എന്താ ഗിരീ .. സ്വാതിയും കുട്ടികളുമെവിടെ?

ബാത്റൂമിൽ തിരിച്ച് കയറി, വാതിലടച്ച് പിടിച്ച് കൊണ്ട്, ഞാൻ അയാളോട് ചോദിച്ചു.

“അവര് വന്നില്ല, ഞാൻ മാത്രമേയുള്ളു”

“ഗിരിയെന്തിനാ എൻ്റെ ബെഡ് റൂമിൽ കയറി വന്നത് ,ഡ്രോയിംഗ് റൂമിൽ പോയിരിക്കു ,എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഡ്രെസ്സ് ചെയ്തിട്ട് ഞാൻ അങ്ങോട്ട് വരാം”

നീരസത്തോടെ ഞാൻ അയാളോട് പറഞ്ഞു.

കുറച്ച് കഴിഞ്ഞ് അനക്കമൊന്നുമില്ലാതായപ്പോൾ ,ഞാൻ വാതിൽപാളി, മെല്ലെ തുറന്ന് നോക്കി ,അയാളവിടെ ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം, കുളിമുറിയിൽ നിന്ന് വെളിയിലിറങ്ങി.

ബെഡ് റൂമിൻ്റെ വാതിൽ ചേർത്തടച്ച് കുറ്റിയിട്ടു.

അപ്പോഴാണ് എൻ്റെ ശ്വാസം നേരെ വീണത് .

ഞാൻ വേഗം ഈറൻ മാറി ഡ്രോയിങ്ങ് റൂമിലേക്ക് വന്നു .

എന്നെ കണ്ടപ്പോൾ സോഫയിൽ നിന്ന് ചാടിയെഴുന്നേറ്റ് , അയാൾ എൻ്റടുത്തേക്ക് വന്നു.

“ഈ വേഷം ശരണ്യക്ക് നന്നായി ചേരുന്നുണ്ട് ,ആര് കണ്ടാലും ഒന്ന് നോക്കി നിന്ന് പോകും”

എൻ്റെ ഹസ്ബൻ്റ് ഗൾഫിൽ നിന്ന് കൊണ്ട് വന്ന, അരയ്ക്ക് ഒരു ബെൽറ്റ് പോലെ ചരട് കെട്ടി വയ്ക്കുന്ന മോഡേൺ നൈറ്റിയായിരുന്നു ഞാനപ്പോൾ അണിഞ്ഞിരുത് .

“ഇത് പറയാനാണോ ഗിരി ഇപ്പോൾ ഇങ്ങോട്ട് വന്നത്”

അയാളുടെ നോട്ടവും, ആ കണ്ണിലെ ആസക്തിയും കണ്ട് ചൂളിപ്പോയ ഞാൻ, അനിഷ്ടത്തോടെ ചോദിച്ചു .

പെട്ടെന്നായിരുന്നു അത് സംഭവിച്ചത്.

ശരവേഗത്തിൽ, അയാൾ എന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു.

ഒരു നിമിഷം പതറിപ്പോയ ഞാൻ സർവ്വശക്തിയുമെടുത്ത് കുതറി മാറി .

“എന്താ ഗിരീ .. നീയി കാണിച്ചത്, എൻ്റെ കൂട്ടുകാരിയുടെ ഭർത്താവായത് കൊണ്ട് മാത്രമാണ്, ബെഡ്റൂമ് വരെ കയറി വന്നിട്ടും, നിങ്ങളോട് ഞാൻ ,ഇത് വരെ മര്യാദയോടെ പെരുമാറിയത് ,ഇനി നിങ്ങൾ ആ മര്യാദ അർഹിക്കുന്നില്ല ,ഇറങ്ങിപ്പോ എൻ്റെ മുമ്പിൽ നിന്ന്, ഇല്ലെങ്കിൽ ഞാനിപ്പോൾ സ്വതിയെ വിളിക്കും”

കിതച്ച് കൊണ്ട് ഞാൻ, അയാളോട് താക്കീത് ചെയ്തു.

“വിളിച്ചോളു, പക്ഷേ ,എന്നാലും എനിക്ക് ശരണ്യയെ ഇഷ്ടമാണ്, ശരണ്യയും ഇപ്പോൾ ഒരു പുരുഷൻ്റെ സാമീപ്യം കൊതിക്കുന്നുണ്ടെന്ന് എനിക്കറിയാം ,അതിന് ഞാൻ ശരണ്യയെ കുറ്റപ്പെടുത്തുന്നില്ല ,കാരണം ദേവേട്ടൻ ഗൾഫിൽ പോയിട്ടിപ്പോൾ വർഷം രണ്ട് കഴിഞ്ഞില്ലേ? ഞാനിപ്പോൾ പോകാം ,പക്ഷേ ഇനിയും വരും ,കാരണം എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ്”

യാതൊരു കൂസലുമില്ലാതെ അത്രയും പറഞ്ഞിട്ട് അയാൾ പുറത്തേക്കിറങ്ങിപ്പോയി.

എന്തൊക്കെയാണയാൾ പറഞ്ഞിട്ട് പോയത്,

അയാളുടെ വാക്കുകൾ എന്നെ വല്ലാതെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു,
ഒരു പാട് കാലത്തെ അടുപ്പമുണ്ട് ,സ്വാതിയുമായുള്ള ബന്ധത്തിന്, വർഷങ്ങൾക്ക് മുമ്പ് അവളും കുടുംബവും അയൽവക്കത്ത് താമസത്തിന് വന്ന കാലം തൊട്ടുള്ള സൗഹൃദമാണത് ,

വെറുമൊരു കൂട്ടുകാരിയായിരുന്നില്ലവൾ, ധൈര്യമായിട്ട് എനിക്ക് എല്ലാ രഹസ്യങ്ങളും അവളോട് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അത് കൊണ്ട് ഞാനവളോട് എല്ലാം പറയുമായിരുന്നു,

എൻ്റെ ഹസ്ബൻ്റ് നാട്ടിലില്ലാത്തത് കൊണ്ട് എനിക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന സുന്ദരരാവുകളെക്കുറിച്ചും ,
ഡിസംബറിലെ മരം കോച്ചുന്ന തണുപ്പത്ത് ,കെട്ടിപ്പിടിച്ച് കിടക്കാൻ നിൻ്റെ ഭർത്താവ് അടുത്തുണ്ടല്ലോ എന്നോർത്ത്, എനിക്ക് നിന്നോട് അസൂയ തോന്നുന്നു എന്നൊക്കെ, ഞാനവളോട് ഒരു രസത്തിന് പറഞ്ഞിട്ടുണ്ട് .

അയാൾ പറഞ്ഞത് ശരിയാണെങ്കിൽ ,സ്വാതി ഞാൻ പറഞ്ഞതൊക്കെ, ഏതെങ്കിലും ദുർബ്ബല നിമിഷത്തിൽ അയാളോട് വിളമ്പിക്കാണും.

ഈശ്വരാ.. കൂടെപ്പിറപ്പിനെപോലെ സ്നേഹിച്ചവള്, എന്നോടിങ്ങനെ കാണിച്ചെങ്കിൽ, ഇനി സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാൻ കഴിയില്ലല്ലോ?

എന്തായാലും, സ്വാതിയെ വിളിച്ച്
ഇതിൻ്റെ നിജസ്ഥിതി അറിയാനും,
ഗിരി തന്നോട് അപമര്യാദയായ് പെരുമാറിയതിനെക്കുറിച്ച് പറയാനും, ഞാൻ തീരുമാനിച്ചു.

“ഹലോ ..”

“ഹലോ.. സ്വാതീ …ഞാൻ ശരണ്യയാണ്”

“ഉം മനസ്സിലായി ,എന്താ നിനക്കിപ്പോൾ വേണ്ടത്”

അവളുടെ ശബ്ദത്തിലെ വ്യതിയാനം എന്നെ അമ്പരപ്പിച്ചു.

“എടീ .. എനിക്ക് നിന്നോട് ചിലത് ചോദിക്കാനും പറയാനുണ്ട് ,നീ ഇവിടെ വരെ ഒന്ന് വരുമോ?

“എനിക്കൊന്നും കേൾക്കണ്ടാ ,നീ പറഞ്ഞതൊക്കെ കേട്ടത് കൊണ്ടാ, എനിക്കിപ്പോൾ ഈ ഗതി വന്നത് ,നീ വിളിച്ചിട്ടല്ലേ? ഗിരിയേട്ടൻ അങ്ങോട്ട് വന്നത്, നിനക്കെന്നോട് അസൂയയാണെന്ന് പറഞ്ഞപ്പോൾ, ഞാനിത്രയ്ക്ക് കരുതിയില്ല ,നിനക്ക് തണുപ്പ് മാറ്റാൻ എൻ്റെ ഭർത്താവിനെ തന്നെ വേണമല്ലേ ?

“സ്വാതീ … നീയെന്തൊക്കെയാണീ പറയുന്നത് ,നീയാദ്യം ഞാൻ പറയുന്നത് കേൾക്ക്”

സ്വാതി പറയുന്നത് കേട്ട് ഞാൻ പകച്ചുപോയി .

“വേണ്ട ,എനിക്കൊന്നും കേൾക്കണ്ട ,ഞാൻ റേഷൻ കടയിൽ പോയ നേരം നോക്കി , എൻ്റെ ഭർത്താവിനെ നീ… ,വേണ്ട ,എന്നെക്കൊണ്ട് വെറുതെ വേണ്ടാധീനം പറയിപ്പിക്കേണ്ട”

ഇനിയവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് എനിക്ക് മനസ്സിലായി ,ഞാൻ മാത്രമുള്ളപ്പോൾ ഇവിടുന്നയാൾ കതക് തുറന്ന് ഇറങ്ങിച്ചെല്ലുന്നത് അവൾ കണ്ട് കാണും, അതിനെക്കുറിച്ച് അവൾ ചോദ്യം ചെയ്തപ്പോൾ സ്വയം രക്ഷപെടാൻ വേണ്ടി ,അയാൾ ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുന്നു ,സ്വാതി ,എന്തായാലും ഭർത്താവിൻ്റെ വാക്കുകളെ വിശ്വസിക്കു, കാരണം എൻ്റെ ഉള്ളിലെ മോഹവും ദാഹവുമൊക്കെ ഒരിക്കൽ ഞാനറിയാതെ, അവളോട് പറഞ്ഞ് പോയില്ലേ ?

എല്ലാം എൻ്റെ തെറ്റ് ,ഇനി സ്വാതിയുടെ വീടുമായി എനിക്കൊരു ബന്ധവും വേണ്ടെന്ന് ഞാൻ തീരുമാനിച്ചു.

പിറ്റേന്ന് തന്നെ ,പണിക്കാരെ വിളിച്ച് ,വലിയ തകരഷീറ്റ് കൊണ്ട്, ഞാനെൻ്റെ വടക്കേ അതിര് മറച്ചു.

എൻ്റെ അനുഭവം ഇത് വായിക്കുന്ന നിങ്ങൾക്കാർക്കുമുണ്ടാവരുത് ,
എല്ലാ ബന്ധങ്ങൾക്കും ഒരു അതിർവരമ്പ് നല്ലതാണ്, നമ്മുടെ ഉള്ളിലെ അതീവ രഹസ്യങ്ങൾ പങ്ക് വയ്ക്കേണ്ടത് കൂട്ടുകാരോടല്ല ,അതിന് അനുയോജ്യരായത് നമ്മുടെ പങ്കാളികൾ മാത്രമാണ്, എല്ലാവർക്കും സന്തുഷ്ടമായൊരു ദാമ്പത്യം ആശംസിച്ച് കൊണ്ട് നിർത്തുന്നു.

രചന
സജി തൈപ്പറമ്പ്.

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.8/5 - (12 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!