Skip to content

മിടുക്കനും മിടുക്കിയും

ഒരിടത്ത് ഒരു മിടുക്കിയും മിടുക്കനും താമസിച്ചിരുന്നു….

മിടുക്കി എന്നും രാവിലെ ഒരു പാത്രം നിറച്ചു മധുരമുള്ള മിഠായികളുണ്ടാക്കി മിടുക്കനു കൊടുക്കുകയും മിടുക്കൻ അതെല്ലാം ചന്തയിൽ കൊണ്ടുപോയി വിൽക്കുകയും വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിച്ചു തിരിച്ചു വരുകയും ചെയ്യുമായിരുന്നു…

അങ്ങനെയിരിയ്ക്കെ ഒരു ദിവസം മിടുക്കൻ മിഠായി വിറ്റു തിരിച്ചു പോകുമ്പോൾ വഴിയിൽ ഒരു കൂട്ടം വികൃതി കുട്ടികളെ കണ്ടു…

നല്ലവനായ മിടുക്കൻ ബാക്കിയുള്ള മിഠായികൾ കുട്ടികൾക്ക് കൊടുത്തു….

മിഠായി കഴിച്ച കുട്ടികൾക്ക് ഒരുപാട് സന്തോഷമായി….

എന്നും ഇതുപോലെ മിഠായികൾ കിട്ടിയിരുന്നെങ്കിലോ….???

എന്തു രസമായേനെ….!!

അവർ ചിന്തിച്ചു…

പിറ്റേന്ന് മിടുക്കൻ മിഠായി വിറ്റു വരുമ്പോൾ കുട്ടികൾ വഴിയിൽ കാത്തു നിന്നു….

പക്ഷെ അന്നാകട്ടെ മിടുക്കന്റെ കയ്യിൽ ഒറ്റ മിഠായി പോലും ബാക്കിയുണ്ടായിരുന്നില്ല….

കുട്ടികൾക്ക് സങ്കടമായി….

അവർ വിഷമത്തോടെ മിടുക്കൻ പോവുന്നത് നോക്കി നിന്നു….

പെട്ടെന്നാണ് കൂട്ടത്തിലൊരു വികൃതി കുട്ടിയുടെ തലയിൽ ആ ചിന്തയുദിച്ചത്….

നാളെ മിടുക്കൻ ചന്തയിലേയ്ക്ക് പോകുന്ന വഴി  ഇവിടെ കാത്തു നിൽക്കാം….!!!

മിടുക്കൻ കാണാതെ ഒരാൾ മരത്തിനു മീതെ ഒളിച്ചു നിൽക്കണം….

ആ സമയത്തു താഴെ ഒരു കുട്ടി മിടുക്കനെ തടഞ്ഞു നിർത്തി എന്തെങ്കിലും ചോദിയ്ക്കും അപ്പോൾ മുകളിൽ ഒളിച്ചിരിയ്ക്കുന്ന കുട്ടി ആവശ്യത്തിനു മിഠായികൾ കൈക്കലാക്കണം….!!

എല്ലാവരും ആശയത്തെ കയ്യടിച്ചു പാസ്സാക്കി…

പിറ്റേ ദിവസം മിടുക്കൻ വരുന്നതും നോക്കി കുട്ടികൾ നേരത്തെ വഴിയിൽ കാത്തു നിന്നു….

അൽപ സമയം കടന്നു പോയി….

അതാ വരുന്നു മിടുക്കൻ….!!!

കുട്ടികൾ ശ്വാസമടക്കി….!!!

മിടുക്കൻ അടുത്തെത്തിയപ്പോൾ പറഞ്ഞുറപ്പിച്ച പോലെ കൂട്ടത്തിലെ ഒരു വികൃതി മുൻപോട്ടു ചെന്നു എന്തോ ചോദിച്ചു….

ആ സമയം മരത്തിനു മുകളിൽ ഒളിച്ചിരുന്ന വിരുതൻ മിഠായികൾ കൈക്കലാക്കി….

എല്ലാ ദിവസവും ഇതു തന്നെ ആവർത്തിച്ചു…

പാവം മിടുക്കനും മിടുക്കിയും….

മിഠായിയുടെ എണ്ണം കുറയുന്നതെങ്ങിനെയെന്നു എത്ര ആലോചിച്ചിട്ടും അവർക്ക് മനസിലായതേയില്ല….

അങ്ങനെയൊരു ദിവസം മിഠായി മോഷ്ടിയ്ക്കാനായി മരത്തിൽ ഒളിച്ചു കയറിയ വിരുതൻ കുട്ടി ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി….!!

സ്ഥിരം ഇരിയ്ക്കുന്ന കൊമ്പിലതാ ഒരു വലിയ മൂർഖൻ പാമ്പ് ചുറ്റിപ്പിണഞ്ഞിരുയ്ക്കുന്നു….

പേടിച്ചു വിറച്ച വികൃതിപ്പയ്യന്റെ പിടുത്തം വിട്ടു….!!!

താഴെ കുറ്റികാട്ടിൽ ഒളിച്ചിരുന്ന വികൃതിക്കൂട്ടങ്ങളുടെ ഇടയിലേയ്ക്കാണ് കുഞ്ഞി കള്ളൻ ചെന്നു വീണത്….

പഠോ….!!!!

അയ്യോ….!!

നില തെറ്റി വീണ കുട്ടികൾ ഉറക്കെ കരഞ്ഞു….

ശബ്ദം കേട്ടു നോക്കിയ മിടുക്കനു കാര്യം പിടി കിട്ടി….

വികൃതി കുട്ടികളുടെ തല താഴ്ന്നു….

മിടുക്കൻ കുട്ടികളെ അടുത്തു വിളിച്ചു….

കയ്യിലുള്ള മിഠായികളിൽ അല്പമെടുത്തു കുട്ടികൾക്ക് കൊടുത്തു….

മോഷണം വളരെ തരം താഴ്ന്ന പണിയാണ്…. അർഹതപ്പെടാത്തതിനെ സ്വന്തമാക്കണമെന്നു ഒരിയ്ക്കലും ചിന്തിയ്ക്കുകയെ ചെയ്യരുത്…

പല നാൾ കള്ളം ചെയ്തവൻ ഒരു നാൾ എന്തായാലും പിടിയ്ക്കപ്പെടും….

കുഞ്ഞു കുഞ്ഞു മോഷണങ്ങളാണ് വലിയ വലിയ തെറ്റുകളിലേയ്ക്കുള്ള വഴികാട്ടി….

കുട്ടികൾക്ക് അവരുടെ തെറ്റ് മനസ്സിലായി…!

അവർ സങ്കടത്തോടെ മിടുക്കനോട് ക്ഷമ ചോദിച്ചു….

അങ്ങനെ ആ കുട്ടികൾ ഒരു പാഠം പഠിച്ചു….!!!

വികൃതിയൊക്കെ മാറ്റി നല്ലവരായ കുട്ടികൾ വീട്ടിലേയ്ക്ക് തിരിച്ചു പോയി….

പിന്നീടൊരിയ്ക്കലും അവരാരും മോഷ്ടിച്ചതേയില്ല…..!!!

രചന: സ്വാതി കെ എസ്…
swathi malu •

4.2/5 - (10 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!