രാജകുമാരിയായി മാറിയ മന്ത്രവാദിനി

8472 Views

princess malayalam story

നീലിമ രാജകുമാരിയുടെ സ്വപ്നത്തിലൂടെ അവളുടെ അറയിൽ കയറിപ്പറ്റിയ മന്ത്രവാദിനിയായ ഒലിവ അവളുടെ ജാലവിദ്യയിലൂടെ കുമാരിയെ ഒരു പ്രാവാക്കി മാറ്റി കൂട്ടിലടച്ചിട്ട് രാജകുമാരിയുടെ രൂപത്തിൽ കൊട്ടാരത്തിൽ കഴിയാൻ തുടങ്ങി…

ഒരിക്കൽ താൻ ഒരു രാജകുമാരിയായി മാറുമെന്ന് കുട്ടിയായിരിക്കുമ്പോൾ ഒലിവ അവളുടെ അച്ഛനോടും അമ്മയോടും എപ്പോഴും പറയുമായിരുന്നു. ദരിദ്രരായ ആ മാതാപിതാക്കൾ മകളുടെ ആ വാക്കുകൾ കേട്ട് ചിരിക്കുകയാണ് ചെയ്തത്..

ഒരുദിവസം മാതാപിതാക്കളോടൊപ്പം കാട്ടിൽ വിറകിനുപോയ ഒലിവ ഒരു ആഴമുള്ള കിണറ്റിൽ വീണുപോയി… അവളെ രക്ഷിക്കാൻ കഴിയാതെ ഹൃദയം പൊട്ടി കരഞ്ഞുകൊണ്ട് അവളുടെ അച്ഛനും അമ്മയ്ക്കും  മടങ്ങേണ്ടി വന്നു..

എന്നാൽ ആ കിണർ മറ്റൊരു ലോകത്തേക്കുള്ള വഴി ആയിരുന്നു..
ദുർമന്ത്രവാദിനി ഘോരയുടെ  സാമ്രാജ്യത്തായിരുന്നു ഒലിവ ചെന്നു പെട്ടത്.. അവൾ ഒലിവയെ അടിമയാക്കുകയും ചെയ്തു.. മന്ത്രവാദിനി ഉറങ്ങുന്ന തക്കം നോക്കി ഒലിവ മന്ത്രഗ്രന്ഥങ്ങളിൽ എഴുതി വെച്ചിരുന്ന ഓരോ മന്ത്രങ്ങളും പഠിക്കുക പതിവായിരുന്നു… അങ്ങനെ ആണ്ടുകൾ പന്ത്രണ്ടു കഴിഞ്ഞു…

ഒരു ദിവസം ദുർമന്ത്രവാദം നടത്തുന്നതിന് ഒലിവയെ ബലി നൽകാൻ ഘോര തീരുമാനിച്ചു  .. ഒലിവയെ ബലിക്കല്ലിൽ കിടത്തി
അവളുടെ തല വെട്ടാൻ മന്ത്രവാദിനി വാൾ ഓങ്ങിയതും ഇതിനോടകം കരസ്ഥമാക്കിയ മന്ത്രവിദ്യയിലൂടെ ഒലിവ പെട്ടന്ന് ഒരു ഭയങ്കര വ്യാളിയുടെ രൂപം പ്രാപിച്ചു…

ഭയന്നുപോയ ഘോരയുടെ നേർക്ക് വ്യാളിയായി മാറിയ ഒലിവ വായ് തുറന്നതും വായിൽ നിന്ന് തീ നാളങ്ങൾ പാഞ്ഞു ചെന്ന് ഘോരയെ കത്തിച്ചു ചാമ്പൽ ആക്കുകയായിരുന്നു… പക്ഷെ ഘോരയുടെ ശരീരം കത്തിക്കരിഞ്ഞ പുകയേറ്റ് സുന്ദരിയായ ഒലിവ കറുത്ത് വിരൂപിയായി മാറുകയും ചെയ്തു…

**

“നിന്റെയീ മനോഹര രൂപം ഞാൻ തിരിച്ചു തരില്ല.. പകരം എന്റെ വിരൂപ രൂപം നിനയ്ക്ക് തന്നേക്കാം.. സമ്മതമല്ലെങ്കിൽ നിനക്ക് പ്രാവായി ഈ കൂട്ടിൽ തന്നെ കഴിയാം.. എന്ത് പറയുന്നു നീലിമ.. ”

ഒലിവ പ്രാവിന്റെ കൂട്ടിലേക്ക് നോക്കി ചോദിച്ചത് കൊട്ടാരത്തിലെ പൂച്ച കേൾക്കാൻ ഇടയായി..

തന്റെ പ്രിയപ്പെട്ട നീലിമയാണ് പ്രാവിന്റെ വേഷത്തിൽ കൂട്ടിലടക്കപ്പെട്ടിരിക്കുന്നതെന്ന് മനസിലാക്കിയ പൂച്ച ഉറക്കെ നിലവിളിച്ചുകൊണ്ട് കൊട്ടാരത്തിൽ നിന്ന് ഇറങ്ങി എങ്ങോട്ടോ ഓടിപ്പോയി.. അവന്റെ ആ ഓട്ടം ചെന്നു നിന്നത് കാട്ടിലെ ഒരു വലിയ മരത്തിന്റെ ചുവട്ടിലായിരുന്നു… അപ്പോൾ ഒലിവ മന്ത്രവാദിനിയെക്കുറിച്ച് രണ്ടു മൂഷികർ പറയുന്നത് പൂച്ച ശ്രദ്ധിച്ചു..

**
പിറ്റേന്ന് പൂച്ച ഒരു ദർപ്പണവും കടിച്ചു പിടിച്ചു കൊണ്ട് കൊട്ടാരത്തിൽ എത്തി.. കാവൽക്കാർ പോലുമറിയാതെ പൂച്ച ആ ദർപ്പണവുമായി  നീലിമയുടെ അറയിൽ കടന്നു..

നീലിമയുടെ രൂപത്തിലുള്ള ഒലിവ നീരാട്ട് കഴിഞ്ഞ് അണിഞ്ഞൊരുങ്ങുന്ന നേരം പൂച്ച കൊണ്ടുവന്നു വെച്ച ദർപ്പണത്തിൽ നോക്കിയതും അവൾ അലറിക്കരയാൻ തുടങ്ങി… തോഴിമാർ ഭയന്നോടുകയും ചെയ്തു..

അവളുടെ അലർച്ച കേട്ട് കൊട്ടാരത്തിലുള്ളവർ എല്ലാം ഓടിയെത്തി.. രാജകുമാരിയുടെ വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന മന്ത്രവാദിനിയെ കണ്ട് എല്ലാവരും ഞെട്ടി…

പെട്ടന്ന് കൂട് തനിയെ തുറന്ന് പറന്ന് വന്ന പ്രാവ് നീലിമയുടെ രൂപം പ്രാപിക്കാൻ തുടങ്ങി…

“ഇവൾ എന്നെ പ്രവാക്കി മാറ്റിയിട്ട് എന്റെ വേഷത്തിൽ ഇവിടെ കഴിയുകയായിരുന്നു.. കള്ളി.. ” നീലിമ കോപത്തോടെ പറഞ്ഞു..

“എന്നെ ഇവൾ നേരത്തെ തന്നെ പൂച്ച ആക്കി മാറ്റിയിരുന്നു ദുഷ്ട.. ”

ആ ശബ്ദം കേട്ട് എല്ലാവരും അറവാതിലിന്റെ അടുത്തേക്ക് നോക്കി..

“ങേ.. പ്രിസ്‌മ രാജകുമാരൻ.. ”

രാജാവിന്റെ ചുണ്ടുകൾ മന്ത്രിച്ചു..

നീലിമയും പ്രിസ്‌മ രാജകുമാരനും തമ്മിൽ നേരത്തെ തന്നെ വിവാഹം ഉറപ്പിച്ചിരുന്നു.. ഒരിക്കൽ നായാട്ടിന് പോയ രാജകുമാരൻ ഒലിവയുടെ പിടിയിലായി.. തന്നെ വിവാഹം ചെയ്യാമോ എന്ന് ഒലിവ പ്രിസ്‌മ രാജകുമാരനോട് ചോദിച്ചു.. അവൻ അത് നിരസിച്ചു.. കോപാകുലയായ ഒലിവ അവനെ ഒരു പൂച്ചയാക്കിമാറ്റുകയായിരുന്നു…

രാജകുമാരൻ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി…

“ഇവിടുന്ന് ഏറെ കാതങ്ങൾക്കപ്പുറത്തുള്ള കിഴക്കേ മലനിരകൾക്ക് മുകളിലെ കോട്ടയിൽ ഒരു മാന്ത്രിക ദർപ്പണമുണ്ടെന്നും ആ ദർപ്പണത്തിൽ നോക്കിയാൽ ഇവളുടെ ശക്തി അതോടെ നശിക്കുമെന്ന് മൂഷികർ പറയുന്നത് ഞാൻ കേൾക്കാനിടയായി.. പൂച്ചയായി മാറിയ ഞാൻ വളരെ പണിപ്പെട്ടാണ് ആ മാന്ത്രിക ദർപ്പണം കോട്ടയിൽ നിന്ന്
കൈക്കലാക്കിയത്.. ” രാജകുമാരൻ പറഞ്ഞു..

പെട്ടന്ന് ഒലിവ മന്ത്രവാദിനി പൊടിഞ്ഞ് പൊടിഞ്ഞ് നിലത്തേക്ക് വീണ് അപ്രത്യക്ഷമാകുകയും ചെയ്തു.. അത് കണ്ട് എല്ലാവരുടെയും കണ്ണുകളിൽ അമ്പരപ്പ് നിറഞ്ഞു..

“ആരെയും ചതിച്ചുകൊണ്ട് ഒന്നും നേടരുത്.. അത് നിലനിൽക്കില്ല.. ” രാജാവ് ദീർഘനിശ്വാസത്തോടെ പറഞ്ഞു.

* Story by Rajeev Rajus *

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply