Skip to content

പാന്ഥർ

aksharathalukal-malayalam-kathakal

“ചില തോന്നലുകൾ അങ്ങനെയാണ്, അസംഭവ്യമെന്ന് നാം കരുതുന്ന കാര്യങ്ങൾ സംഭവ്യമെന്ന് ഉറക്കെ വിളിച്ചു പറയുന്ന തോന്നലുകൾ. ഇത് അത്തരമൊരു തോന്നലായിരുന്നു”. ഇടറുന്ന ശബ്ദത്തോടെ രാജീവ് പറഞ്ഞു നിർത്തി. കേട്ടതൊന്നും വിശ്വസിക്കാനാകാതെ അരുൺ സവിതയെ നോക്കി. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു. അവിടെ മേശമേൽ രാജീവും,സവിതയും, പവിത്രമോളും ചേർന്നുള്ള ഒരു കുടുംബ ചിത്രം – ജീവനില്ലാത്ത ആ ചിത്രത്തിൽ തുടിക്കുന്ന സന്തോഷം ജീവനുള്ള ഈ മുഖങ്ങളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. മൂന്ന് വർഷത്തെ വിദേശവാസത്തിനു ശേഷം പ്രിയ സുഹൃത്തിനെയും കുടുംബത്തെയും കാണാൻ വന്ന തനിക്ക് ഇത്തരമൊരു അവസ്ഥ നേരിടേണ്ടിവരുമെന്ന് അരുൺ കരുതിയിരുന്നില്ല. വിദേശത്തേക്ക് പോകുന്നതിന് മുൻപ് രാജീവിനെയും കുടുംബത്തെയും കാണാൻ വന്നപ്പോൾ മുല്ലപ്പൂപ്പല്ല് കാട്ടി ചരിച്ചു കൊണ്ട് അടുത്ത് വന്ന രണ്ടു വയസ്സുകാരി പവിത്രമോളെ ഇപ്പോഴും നന്നായി ഓർക്കുന്നു – നീണ്ട മൂക്കിൻതുമ്പത്ത് കറുത്ത മറുകുള്ള ആ സുന്ദരിക്കുട്ടിയെ….. ഓർമകളിൽ നിന്നുമുണർന്ന് അരുൺ സവിതയെ നോക്കി ചോദിച്ചു “അപ്പോൾ മേഘ?”. സവിത മെല്ലെ മുഖമുയർത്തി നോക്കി, പിന്നെ കിടപ്പുമുറിയുടെ അരികിലേക്ക് നീങ്ങി അകത്തേക്ക് നോക്കി ഇടറിയ ശബ്ദത്തിൽ വിളിച്ചു – “മോളെ…… “. അകത്തുനിന്നുമൊഴുകി വരുന്ന പാദസരത്തിൻ്റെ കൊഞ്ചൽ കേട്ട് കൊണ്ട് അരുൺ അക്ഷമയോടെ ഇരുന്നു…

*****************

അപ്രതീക്ഷിതമായിട്ടാണ് ഹൈപ്പർമാർക്കറ്റിൽ വെച്ച് രാജീവ് സൂരജിനെ കണ്ടുമുട്ടിയത്. നാല് വർഷങ്ങൾക്കു മുൻപ് നഗരത്തിലെ പ്രശസ്തമായ ആശുപത്രിയുടെ പ്രസവവാർഡിലെ വരാന്തയിൽ അക്ഷമയോടെ നിൽക്കുമ്പോഴാണ് സൂരജിനെ പരിചയപ്പെട്ടത്. ഭാര്യയുടെ കടിഞ്ഞൂൽ പ്രസവത്തിനായി കാത്തുനിൽക്കുന്ന ഭർത്താവിൻറെ പിരിമുറുക്കമെന്ന പൊതുഘടകമായിരുന്നു ആ പരിചയപ്പെടലിൻറെ നിദാനം. സർക്കാർ ഉദ്യോഗസ്ഥരായ രാജീവിനും സൂരജിനും പിരിമുറുക്കം കുറയ്ക്കാനും സമയം കളയാനും സർവീസ് ചട്ടങ്ങളും, ശമ്പളപ്രശ്നങ്ങളുമൊക്കെ കടന്നു വന്ന ചർച്ചകൾ സഹായിച്ചു. നീണ്ട കാത്തിരിപ്പിനൊടുവിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ രണ്ടു കുഞ്ഞുമാലാഖമാരെ കൈയ്യിലേന്തി പ്രസവമുറിയുടെ വാതിൽ തുറന്നു രണ്ടു നഴ്സുമാർ പ്രത്യക്ഷപ്പെട്ടു. അതിലൊരാൾ രാജീവിനെയും മറ്റെയാൾ സൂരജിനെയും വിളിച്ചു കുട്ടികളെ കൈമാറി. മൂക്കിൻതുമ്പത്ത് മറുകുള്ള സുന്ദരിക്കുട്ടിയുടെ നെറ്റിയിൽ ചുംബിച്ച ശേഷം രാജീവ് തൻ്റെ അമ്മയുടെ കൈയിലേക്ക് അവളെ കൊടുത്തു. തിരിഞ്ഞു നോക്കിയപ്പോൾ സൂരജ് തൻ്റെ ബന്ധുക്കൾക്കിടയിലായിരുന്നു. അന്ന് പിരിഞ്ഞ ശേഷം ഇപ്പോഴാണ് അവർ വീണ്ടും കാണുന്നത്.

“രാജീവ് ഒറ്റയ്ക്കാണല്ലേ, എൻ്റെ കൂടെ. ഭാര്യയും മകളുമുണ്ട്”. ഇപ്രകാരം പറഞ്ഞു കൊണ്ട്, കുറച്ചകലെ സാധനങ്ങൾ എടുത്തുകൊണ്ടു നിൽക്കുകയായിരുന്ന ഒരു യുവതിയെയും കുട്ടിയെയും സൂരജ് അടുത്തേക്ക് വിളിച്ചു. അവരെ പരിചയപ്പെട്ടുകൊണ്ടിരുന്നപ്പോൾ രാജീവിന്റെ മനസ്സിൽ ഒരു വീർപ്പുമുട്ടലുണ്ടായി. നാലുവയസ്സുകാരി മേഘയുടെ വിടർന്ന കണ്ണുകളും നുണക്കുഴി ചിരിയും – അത് രാജീവിൽ ഒരു ടെലിപ്പതിക് വികാരമുണ്ടാക്കി. സവിതയെ പ്രായം കുറച്ചു കാലം മുൻപിൽ കൊണ്ട് നിർത്തിയ പോലെ!. ഹൃദയത്തിന്റെ ഉള്ളറകളിലെവിടെയോ ഒരു നവജാതശിശുവിന്റെ നേർത്ത കരച്ചിൽ കേൾക്കുന്ന പോലെ രാജീവിന് തോന്നി. അന്ന് യാത്ര പറഞ്ഞു പിരിയുമ്പോൾ അവർ പരസ്പരം മൊബൈൽ നമ്പർ കൈമാറുകയും ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാവുകയും ചെയ്തിരുന്നു. വല്ലാത്ത ഹൃദയഭാരത്തോടെയാണ് രാജീവ് തിരികെ വീട്ടിലേക്കു വണ്ടിയോടിച്ചു പോയത്. മേഘ എന്ന നാലുവയസ്സുകാരിയിൽ കണ്ടെത്തിയ സവിതയുടെ ബാല്യത്തെക്കാൾ അയാളുടെ മനസ്സിൽ അപ്പോൾ വിങ്ങലായി നിന്നത് സൂരജിന്റെ ഭാര്യ ഹേമയുടെ നീണ്ട മൂക്കിൻതുമ്പത്ത് കണ്ട കറുത്ത മറുകായിരുന്നു !!

“കുട്ടികൾ മാറി പോവുകയോ? ഇല്ല, അങ്ങനെ ഒരിക്കലും സംഭവിക്കില്ല”. രാജീവിൻെറ തോന്നലുകൾ കേട്ട് സവിത പൊട്ടിത്തെറിച്ചു. സൂരജിനെ കണ്ട ശേഷം വീട്ടിൽ വന്ന രാജീവ് എപ്പോഴും ചിന്താമഗ്നനായി ഇരിക്കുന്നത് കണ്ടിട്ടാണ് സവിത പിന്നാലെ നടന്ന് കാര്യമന്വേഷിച്ചത്. തങ്ങളുടെ ജീവനായ മകൾ യഥാർത്ഥത്തിൽ മറ്റൊരാളിന്റേതാണെന്നും, അയാളോടൊപ്പമുള്ളതാണ് തങ്ങളുടെ യഥാർത്ഥ മകളെന്നുമുള്ള രാജീവിന്റെ തോന്നലുകൾ ആദ്യം ചെവിക്കൊണ്ടില്ലങ്കിലും സൂരജിന്റെ ഫെയ്‌സ്ബുക്കിലുള്ള കുടുംബചിത്രങ്ങൾ കണ്ടപ്പോൾ സവിതയ്ക്കും, വീട്ടിലെല്ലാവർക്കും അത്തരമൊരു തോന്നലുണ്ടായി. ഒടുവിൽ രാജീവ് രണ്ടും കൽപ്പിച്ചു സൂരജിനെ വിളിച്ചു. രാജീവിന്റെ വീട്ടിലുണ്ടായ സംഭവങ്ങൾ അതേ പോലെ സൂരജിന്റെ വീട്ടിലുമുണ്ടായി. പിന്നീടുള്ള ദിവസങ്ങൾ നീറുന്ന മനസ്സോടെ തള്ളിനീക്കിയ കുടുംബങ്ങൾ ഈ സമസ്യക്ക്  ഒരു പരിഹാരം കാണാൻ തീരുമാനിച്ചു. അതിൻപ്രകാരം, രാജീവും സൂരജുമൊരുമിച്ചു കുട്ടികൾ ജനിച്ച ആശുപത്രിയിൽ പോയെങ്കിലും അവർ ഒരു ചോദ്യത്തിനും ഉത്തരം പറയാൻ തയ്യാറായില്ല. പിന്നീട് അവർ ഒരു വക്കീലിനെ കണ്ടു നിയമപരമായി നീങ്ങാൻ തീരുമാനിച്ചു. അങ്ങനെ കോടതിയിൽ നിന്നും ഡി എൻ എ ടെസ്റ്റിനുള്ള അനുമതി നേടിയെടുത്തു. ഒടുവിൽ ടെസ്റ്റ് നടത്തി റിസൾട്ട് വന്നപ്പോൾ രാജീവിന്റെ തോന്നലുകൾ ശരിയാണെന്നു തെളിഞ്ഞു!. ഒരു വർഷം നീണ്ട നിയമനടപടികൾക്ക് ശേഷം കാര്യങ്ങൾക്ക് ഒരു വ്യക്തത വന്ന് കഴിഞ്ഞപ്പോഴേക്കും രണ്ടു കുടുംബങ്ങളിലും സമാധാനം നഷ്ടപ്പെട്ടിരുന്നു. ഒരു വശത്തു അഞ്ചുവർഷം ഓമനിച്ചു വളർത്തിയ മകൾ, മറുവശത്തു സ്വന്തം ചോരയിൽ പിറന്ന മകൾ. ആരെ തള്ളണം, ആരെ കൊള്ളണം എന്നറിയാൻ കഴിയാത്ത അവസ്ഥ!. ഒടുവിൽ നിയമനടപടികൾ ഔദ്യോഗികമായി കോടതിയിൽ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള ചർച്ചകൾക്ക് ശേഷം കുടുംബങ്ങൾ ബുദ്ധിമുട്ടേറിയ ആ തീരുമാനത്തിലെത്തി – കുട്ടികളെ കൈമാറുക! കോടതി ഏർപ്പാടാക്കുന്ന ഒരു വക്കീലിന്റെ സാന്നിദ്ധ്യത്തിൽ കുട്ടികളെ കൈമാറാനും, കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു കൗൺസിലിങ് നൽകാനും നീതിപീഠം ഉത്തരവിട്ടു.

അവസാനം ആ ദിവസം വന്നെത്തി. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി രണ്ടു കുടുംബങ്ങളും കോടതിസമുച്ചയത്തിലുള്ള ഒരു മുറിയിൽ ഒത്തുകൂടി. കോടതി ഏർപ്പാടാക്കിയ വയോധികനായ വക്കീലും ഹാജരായിരുന്നു. കാര്യങ്ങൾ ശരിക്കും മനസ്സിലായില്ലെങ്കിലും അമ്മയെയും, അച്ഛനെയും വിട്ട് മറ്റൊരു അമ്മയോടും അച്ഛനോടുമൊപ്പം പോകണമെന്ന് കുട്ടികൾക്ക് മനസ്സിലായിരുന്നു – അശ്രാന്തപരിശ്രമങ്ങൾക്കൊടുവിൽ വീട്ടുകാർ കുട്ടികളുടെ മനസ്സിനെ അതിനായി പാകപ്പെടുത്തിയിരുന്നു. നെറ്റിയിൽ നീണ്ട ചന്ദനക്കുറിയും, ചെവിയിൽ തുളസിക്കതിരും ധരിച്ചിരുന്ന വക്കീൽ നീട്ടിയ പേപ്പറിൽ വിറയ്ക്കുന്ന കൈകളോടെ രാജീവും സൂരജ്ഉം ഒപ്പു വെച്ച ശേഷം കുട്ടികളെ കൈമാറാൻ തയ്യാറായി. നടുക്ക് വക്കീലും, അപ്പുറവും ഇപ്പറവും മുഖാമുഖമായി രണ്ടു കുടുംബങ്ങളും ഇരുന്നിരുന്ന മുറിയാകെ പെട്ടെന്ന് ഭീകരമായ ഒരു നിശബ്ദത പടർന്നു. കോടതിയിൽ വെച്ച് വികാരപ്രകടനങ്ങൾ ഒന്നും പാടില്ലെന്ന് രണ്ടു കുടുംബങ്ങളും നേരത്തെ തീരുമാനിച്ചിരുന്നു. വിറയ്ക്കുന്ന കൈകളോടെ രാജീവ് പവിത്രമോളെ സൂരജിരിക്കുന്ന ഭാഗത്തേക്ക് മെല്ലെ തള്ളിവിട്ടു. അതേ സമയം മേഘയും തൻ്റെ യാത്ര ആരംഭിച്ചിരുന്നു. പവിത്രയും, മേഘയും – അവർ വിതുമ്പിക്കൊണ്ട്‌ മുഖാമുഖം നടന്നുവന്നു. അടുത്തെത്തിയപ്പോൾ ഒരു നിമിഷം പരസ്പരം നോക്കി നിന്നു, പിന്നെ ഒരേ സമയം രണ്ടു പേരും ഒന്ന് തിരിഞ്ഞു നോക്കി…

അനന്തരം, ഒരേ സമയം പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവർ തിരിച്ചോടി തങ്ങളുടെ വളർത്തമ്മയെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു. അത്രയും നേരം സ്വയം നിയന്ത്രിച്ചു നിന്ന സവിതയും ഹേമയും തങ്ങളുടെ മകളെ മാറോടുചേർത്ത് പൊട്ടിക്കരഞ്ഞു. മുറിയാകെ ഒരു വല്ലാത്ത വീർപ്പുമുട്ടലുണ്ടായി. നിർവികാരനായി ഇരുന്നിരുന്ന വക്കീലിന്റെ കണ്ണിലും അപ്പോൾ ഒരു നനവുണ്ടായി. അദ്ദേഹം രാജീവിനെയും സൂരജിനെയും വിളിച്ചു മാറ്റിനിർത്തി പറഞ്ഞു – “ഏതോ നിയോഗത്താൽ ഈ കുട്ടികൾ പരസ്പരം മാറി നിങ്ങളുടെ പക്കലെത്തി. കാലങ്ങളോളം ചേർന്ന് ജീവിച്ച ശരീരത്തോട് ആത്മാവ് വിടപറയുന്നതിലും ഭീകരമാണ് മുലപ്പാലൂട്ടി വളർത്തിയ കുഞ്ഞുങ്ങളെ ഈ പെൺകുട്ടികളിൽ നിന്നും വേർപിരിക്കുന്നത്. ഈ വിഷയത്തിന് ഒരു ശാശ്വത പരിഹാരമില്ല. അപ്പോൾ ഉള്ളതിൽ ഉചിതമായ ഒരു തീരുമാനം നിങ്ങൾ എടുക്കുക. കേട്ടിട്ടില്ലേ, വഴിയാത്രക്കാർ തങ്ങളുടെ നീണ്ട യാത്രയ്ക്കിടെ വിശ്രമത്തിനായി ഒരു സത്രത്തിൽ ഒത്തു കൂടുന്നത് പോലെയാണ് ബന്ധങ്ങൾ. സത്രത്തിൽ വെച്ച് പരിചയപ്പെടുന്ന അവർ വിശ്രമം കഴിയുമ്പോൾ പിരിയണം, തങ്ങളുടെ യാത്ര തുടരണം. വിധി, അത് തീരുമാനിച്ച ഒരു യാത്രയാണ് ഈ മുറിയാകുന്ന സത്രത്തിൽ നിങ്ങളെ എത്തിച്ചത്. കുരുക്കഴിക്കാനാകാത്ത ബന്ധങ്ങളുടെ സമസ്യക്ക് ഉത്തരമില്ലാതെ നിങ്ങൾക്ക് പിരിഞ്ഞേ മതിയാകൂ. ഉചിതമായ ഒരു തീരുമാനമെടുക്കുക, പിരിഞ്ഞു പോവുക. നിയമവഴികൾ ഞാൻ നോക്കിക്കൊള്ളാം”. ഇത്രയും പറഞ്ഞുകൊണ്ട് അദ്ദേഹം തിരിഞ്ഞു നടന്നു. രാജീവും സൂരജ്ഉം പരസ്പരം നോക്കി നിന്നു.

*****************

 അകത്തുനിന്നുമൊഴുകി വരുന്ന പാദസരത്തിൻ്റെ കൊഞ്ചൽ കേട്ട് കൊണ്ട് അരുൺ അക്ഷമയോടെ ഇരുന്നു…………

 മുറിയിൽ നിന്നും പുറത്തു വന്ന കുട്ടിയെ കണ്ട് അരുൺ ഞെട്ടി – മൂക്കിൻതുമ്പത്ത് കറുത്ത മറുകുള്ള സുന്ദരിക്കുട്ടി! ഒന്നും മനസ്സിലാകാതെ അരുൺ തിരിഞ്ഞു രാജീവിനെ നോക്കി. അയാൾ തലകുനിച്ചിരിക്കുകയായിരുന്നു.

ഒരു ദീർഘനിശ്വാസത്തോടെ അരുൺ പവിത്രക്കരികിലെത്തി, അവളെ തന്നോട് ചേർത്തുപിടിച്ചുകൊണ്ട് സവിതയെ നോക്കി. അപ്പോൾ അവൾ പറഞ്ഞു “അരുൺ, ഒരു അമ്മയുടെ മാറിടത്തിൽ നിന്നും ആദ്യമായി ഇറ്റുവരുന്ന മുലപ്പാൽ അവളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ ഉറഞ്ഞുകൂടിയിരിക്കുന്ന മാതൃത്വത്തിന്റെ ഉറവയാണ്. അത് ഒഴുകിയിറങ്ങുന്ന ചുണ്ടിലും മനസ്സിലും അമ്മ എന്ന വികാരം എഴുതി ചേർക്കപ്പെടും. ജീനിന്റെ ഘടനകൾക്കോ നിയമത്തിന്റെ നിർവചനങ്ങൾക്കോ മായ്ക്കാൻ കഴിയുന്ന ഒന്നല്ല ആ വികാരം. അതാണ് ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. എങ്കിലും രാജീവേട്ടന്റെ തോന്നലുകൾ വെളിപ്പെടുത്തിയ സത്യങ്ങൾ, അത് എന്നും ഒരു നീറ്റലായി മനസ്സിൽ ഉണ്ടാകും. ദൈവത്തോട് ഒരു പ്രാർത്ഥന മാത്രം, പവിത്രമോളെ ഇതേ പോലെ അങ്ങോളം സ്നേഹിക്കാനുള്ള മനസ്സ്  ഞങ്ങൾക്കുണ്ടാകണം. അതേ അളവിൽ സ്നേഹിക്കപ്പെടാനുള്ള ഭാഗ്യം മേഘമോൾക്കും ഉണ്ടാകണം”. ഒരു വിതുമ്പലോടെ സവിത പറഞ്ഞു നിർത്തി.

തല കുനിച്ചിരിക്കുന്ന രാജീവിനെയും സവിതയെയും നോക്കി തെല്ലൊരാശ്വസത്തോടെ അരുൺ പവിത്രമോളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു. നീണ്ട മൂക്കിൻതുമ്പത്ത് കറുത്ത മറുകുള്ള സുന്ദരിക്കുട്ടിയുടെ മുഖത്ത് ആ പഴയ മുല്ലപ്പൂച്ചിരി മെല്ലെ തെളിഞ്ഞു വരുന്നുണ്ടായിരുന്നു……….

4.5/5 - (21 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!