Skip to content

“ഇല്ലിനിവരില്ലൊരാ പൂക്കാലമതുപോൽ …………..”

aksharathalukal story

“ആ….വല്യമ്മ വന്നോ…
ഞാൻ വിചാരിക്ക്യാർന്നൂ ഇന്ന് വല്യമ്മ ഒന്ന് വന്നെങ്കിൽ.. ന്ന്…… ”

സാധാരണ സ്കൂളിൽ നിന്ന് വരണവഴി വീട്ടിൽ കയറി അച്ഛനെം അമ്മേം കണ്ടിട്ടാണ് പോവാറ്. രണ്ടൂസായി പല തിരക്കായിരുന്നു.. പോവാൻ കഴിഞ്ഞില്ല…
ഇന്ന് കേറീപ്പോ അനിയത്തീടെ മോള് മുന്നിൽ തന്നെ ഇരിപ്പുണ്ട്.. എന്നെ കണ്ട ഉടനെയുള്ള ഡയലോഗാണ് കേട്ടത്.
ഒരു ടീച്ചറായതോണ്ടാവും അവൾക്കെന്നോട് ലേശം ബഹുമാനൊക്കെണ്ട്..
അവൾക്ക് എന്തെങ്കിലും കാര്യൊക്കെ പറയാവുന്ന ആൾ എന്നൊരു വിശ്വാസോം ണ്ട്…

”എന്താടാ.. എന്താപ്പോ അങ്ങനെ വിചാരിയ്ക്കാൻ..?”

“ഈ മുത്തശ്ശനെക്കൊണ്ട് ഞാൻ തോറ്റു. അതെന്നെ…. ”

“അതിനിപ്പോ എന്ത്ണ്ടായി?”

അവൾ പരാതിപ്പെട്ടി തുറന്നു.

“ഒന്നും പറേണ്ട വല്യമ്മേ…. ഞാൻ സ്കൂളിൽ ന്ന് വന്നാ തൊടങ്ങും ഈ മുത്തശ്ശൻ…
അത് ഏറ്റ് പിടിയ്ക്കാൻ മുത്തശ്ശീം….ശ്ശൊ.. എന്ത് കഷ്ടാ….
ഞാൻ വന്നൊന്ന് ഇരിക്കാൻ പാടില്ല…
ടി.വി വെച്ചാ അപ്പൊ തൊടങ്ങും…..
” പോയി യൂണിഫോം മാറി കയ്യും കാലും കഴുകി വന്നിട്ടായ്ക്കൂടേന്ന് …. ”
സ്വൈരം തരൂലാന്നേയ്..
എനിയ്ക്കാണെങ്കിൽ ഇങ്ങനെ പറഞ്ഞോണ്ടിരിക്കണത് കേൾക്കുമ്പോ പ്രാന്ത് പിടിക്കും…. വല്ലതും തിരിച്ച് പറഞ്ഞാലോ അത് വല്യ കുറ്റാവും…. എന്തൊരു കഷ്ടാദ്….
അമ്മ്യോട് പറഞ്ഞാ… നീ അവര് പറയണത് അനുസരിച്ചേയ്ക്ക് ന്ന് പറയും… ഇതെന്താ വല്യമ്മേ.. ഞങ്ങള് കുട്ടികൾക്ക് അഭിപ്രായം ണ്ടാവില്ലേ.. ഞങ്ങൾക്കറിഞ്ഞൂടേ എന്തൊക്കെ ചെയ്യണം ന്ന്…
വന്ന ഉടനെ യൂണിഫോം മാറ്റീലാച്ചാ എന്താ.?
കൊറച്ച് ടി.വി കണ്ടിട്ടേ കയ്യും കാലും കഴുകിള്ളൂച്ചാ ആകാശം ഇടിഞ്ഞ് വീഴ്വോ.
ഓരോ നിയമങ്ങള്….
ഞാൻ ക്ലാസിലെ ഫ്രെണ്ട്സിനോട് ഇത് സംസാരിച്ചപ്പോ അവരും പറഞ്ഞു..
അവര്ടെ വീട്ടില്ള്ള അമ്മമ്മേം മുത്തശ്ശനും ഒക്കെ ഇങ്ങനെന്യാത്രേ.. അവരും തോറ്റിരിക്ക്യാന്ന്…
ഞങ്ങള് ന്യൂ ജനറേഷൻകാര്ടെ കാര്യൊന്നും ഈ ഓൾഡ് ജനറേഷന് മനസ്സിലാവില്യ.. അതാ പ്രശ്നം….”

എട്ടാം ക്ലാസുകാരീടെ ഗൗരവത്തിലുള്ള ഇരിപ്പും വലിയവായിലെ വർത്തമാനവും കേട്ട് മിഴിച്ചിരുന്നു പോയി ഞാൻ….

“വല്യമ്മേ.. നിങ്ങക്ക് ണ്ടാർന്നില്ലേ മുത്തശ്ശൻ..?”
……………………………………………………,………………………………………………………………..

ഞങ്ങൾക്കുമുണ്ടായിരുന്നു മുത്തശ്ശൻ….

വൈകുന്നേരം ഞങ്ങൾ സ്കൂൾ വിട്ട് വരുന്ന സമയത്ത് മണിയൻ നായരുടെ ചായക്കടയ്ക്ക് മുന്നിലെ ഇടവഴിത്തലയ്ക്കൽ…മച്ചിങ്ങയിൽ ഈർക്കിൽ വളച്ച് കുത്തി ചെവിയിൽ തൂക്കി….സമപ്രായക്കാരായ കൂട്ടുകാരോടൊത്ത് വട്ടത്തിലിരുന്ന് ചീട്ട് കളിച്ചിരുന്ന മുത്തശ്ശൻ…

അവധി ദിവസങ്ങളിൽ അടുപ്പിലെ കനലിൽ ചക്കക്കുരുവും മത്തങ്ങാക്കുരുവും കശുവണ്ടിയും ചുട്ട് തന്നിരുന്ന മുത്തശ്ശൻ….

ഗോതമ്പുപൊടി ശർക്കര ചേർത്ത് കുഴച്ച് മധുരമുള്ള ചപ്പാത്തി ഉണ്ടാക്കിത്തന്നിരുന്ന……
കാന്താരിമുളകും നാരകത്തിൻ്റെ ഇലയും ചേർത്ത് സ്പെഷൽ ചമ്മന്തി അരച്ച് തന്നിരുന്ന മുത്തച്ഛൻ……

ഞായറാഴ്ച രാവിലെ എഴുനേല്ക്കാൻ വൈകിയതിന് കരി കൊണ്ട് വല്യേച്ചിയ്ക്ക് മീശയും താടിയും വരച്ച് വീടിന് ചുറ്റും മൂന്നു പ്രദക്ഷിണം വെപ്പിച്ച മുത്തശ്ശൻ….
( കരഞ്ഞുകൊണ്ടാണെങ്കിലും ഒരെതിർപ്പും പറയാതെ അവളാ മാരത്തോൺ ഓടിത്തീർക്കാറുണ്ട്….)

കരിമ്പും പേരക്കയും നാരങ്ങയും പച്ചക്കറിയും മുളകും നട്ട് നനച്ച് വളർത്തിയിരുന്ന മുത്തശ്ശൻ…..

മുത്തശ്ശനറിയാതെ മുത്തശ്ശൻ്റെ പച്ചമുളകുതോട്ടത്തിലെ കാന്താരിമുളകും അഞ്ചരി മുളകും (ഗർഭം കലക്കി മുളക്‌ ) പറിച്ച് തിന്ന് മത്സരിക്കാൻ വെല്ലുവിളിച്ച മോഹനേട്ടനോട് മത്സരിക്കാൻ ധൈര്യം കാണിച്ച ഒരേയൊരു ഉണ്ണിയാർച്ച ഞാൻ…

അവൻ പറിച്ച് തിന്നുന്നത് മൂക്കാത്ത മുളകാണെന്നത് അറിയാതെ ഒന്നാന്തരം മൂത്ത മുളകുകൾ വീറോടെ പറിച്ച് തിന്ന് മത്സരിച്ച പാവം ഞാൻ…….

ഒടുവിൽ വയറെരിഞ്ഞ് കത്തിയപ്പോൾ.. മുളകു പറിച്ചതിന് മുത്തശ്ശൻ്റെ വഴക്ക് പേടിച്ച് ആരും അറിയാതെ തട്ടിൻ മുകളിൽ കയറിക്കിടന്നു ഞാൻ…..
ഒരു സ്പൂണിൽ നെയ്യും പഞ്ചസാരയുമെടുത്ത് മുകളിൽ കയറി വന്ന് അടുത്തിരുന്ന് തട്ടി വിളിച്ച് ” ഇതാ ഇത് കഴിക്ക് വയറിൻ്റെ എരിച്ചിൽ മാറും” എന്ന് സൗമ്യനായി പറഞ്ഞ മുത്തശ്ശൻ…..

രാത്രി പവർ കട്ട് സമയത്ത് ഞങ്ങൾ കുട്ടികളെ ചുറ്റും ഇരുത്തി കടങ്കഥകൾ പറഞ്ഞിരുന്ന….വിരലുകൾ കൊണ്ട് നിഴൽ രൂപങ്ങളുണ്ടാക്കി കാണിച്ചിരുന്ന മുത്തശ്ശൻ…

സന്ധ്യയ്ക്ക് കുട്ടികളെല്ലാം നിരന്നിരുന്ന് നാമം ചൊല്ലിക്കഴിയുമ്പോൾ.. പതിനാറ് വരെയുള്ള പെരുക്കപ്പട്ടിക ചൊല്ലിക്കഴിഞ്ഞ് എഴുനേറ്റാൽ മതി എന്ന് ശഠിച്ചിരുന്ന മുത്തശ്ശൻ….

സ്കൂളിൽ സയൻസ് എക്സിബിഷനുണ്ടെന്നറിഞ്ഞപ്പോൾ….
നടന്ന് പാടത്ത് ചെന്ന് കളിമണ്ണ് ഉരുട്ടിയെടുത്ത് കൊണ്ടുവന്ന് ഭംഗിയുള്ളൊരു ആനയെ ഉണ്ടാക്കി… ബാറ്ററി തല്ലിയുടച്ച് കരിയെടുത്ത് ആനയ്ക്ക് പെയിൻറടിച്ച് വെയിലത്ത് വെച്ചുണക്കി “ഇതാ എക്സിബിഷന് കൊണ്ടക്കോ.” എന്ന് പറഞ്ഞ് കയ്യിൽത്തന്ന് അത്ഭുതപ്പെടുത്തിയ മുത്തശ്ശൻ……

ടി.വി ഇല്ലാതിരുന്ന …. റേഡിയോ പോലും ലക്ഷ്വറിയായിരുന്ന ആ കാലം……
മുത്തശ്ശൻ്റെ മുറിയിലെ ഉയരത്തിലുള്ള സ്റ്റാൻഡിൽ മുത്തശ്ശൻ്റെ സ്വകാര്യ സ്വത്തായ നീളത്തിലുള്ള ഫിലിപ്സ് റേഡിയോ…..
അതിൽ തൊടാൻ മറ്റാർക്കും അവകാശമോ അധികാരമോ ഇല്ലായിരുന്നു….
മുത്തശ്ശൻ്റെ കട്ടിലിൻ്റെ കാൽക്കൽ… ജനലിനോട് ചേർന്നിരുന്ന്… സിനിമാ ശബ്ദരേഖയും.. ശ്രീകണ്ഠൻ നായരുടെ നാടകവും.. ഒ എൻ വി യുടെയും മധുസൂദനൻ നായരുടെയും കവിതകളും ആവേശത്തോടെ കേട്ടിരുന്ന നാളുകൾ……
തലേന്ന് രാത്രി റേഡിയോയിൽ കേട്ട കവിത.. അഗസ്ത്യഹൃദയം… രാമ..രഘുരാമ…. നാമിനിയും നടക്കാം…. രസിച്ച് പാടിക്കൊണ്ട് നടക്കുന്ന ഞാൻ… അന്നേരമാണ് അടുത്തുകൂടെ നടന്ന് വന്ന് എന്നെ നോക്കി ”ഹും… പഴത്തൊലി.. ” എന്ന് വിളിച്ചു ….. ഇതിങ്ങനെ മൂന്നാലു പ്രാവശ്യമായപ്പോ….

“ദേ, ഈ മുത്തശ്ശൻ എന്നെക്കാണുമ്പോ പഴത്തൊലി പഴത്തൊലിന്ന് വിളിക്കണ് ണ്ട്.. എനിക്ക് നല്ല ദേഷ്യം വര്ണ്ട് ട്ടോമ്മേ…” ന്ന് മുറുമുറുത്ത ഞാൻ…..

“അത് പിന്നെ നീ ഇന്നലെ മുത്തശ്ശൻ്റെ മുറീലിരുന്ന് കവിത കേട്ടില്ലേ.. അപ്പൊ ഞാൻ കൊണ്ടത്തന്ന പഴം അവിടെ ഇരുന്ന് കഴിച്ച് തൊലി ജനലിന്മേൽ വെച്ച് പോന്നില്ലേ.. എടുത്ത് കളഞ്ഞില്ലല്ലോ….. അതാ മുത്തശ്ശന് ദേഷ്യം വന്നേ…. ഇനി നിന്നെ പഴത്തൊലീന്നേ വിളിക്കൂന്നാ മുത്തശ്ശൻ പറഞ്ഞത്.. ”
( എല്ലാത്തിനും അടുക്കും ചിട്ടയും വേണമെന്ന നിഷ്കർഷയുണ്ടായിരുന്ന മുത്തശ്ശൻ….)

പഴത്തൊലി എന്ന വിളിയുടെ കാരണമറിഞ്ഞപ്പോൾ എന്നിലെ ഉണ്ണിയാർച്ച സടകൊടഞ്ഞെഴുന്നേറ്റു….
“ഓഹോ.. ഞാൻ മറന്നു പോയി അതെടുത്തു കളയാൻ…. അതിനാണോ എന്നെ ഇങ്ങനെ വിളിക്കണത്… ന്നാ… ഞാനും കാട്ടിക്കൊടുക്ക് ണ്ട്…”
എതിരെ വന്ന മുത്തശ്ശനെ നോക്കി “ഞാനേയ് പഴത്തൊലിയാച്ചാ.. മുത്തശ്ശൻ മാങ്ങാത്തൊലിയാ… അല്ല പിന്നെ…. ” ചവിട്ടിക്കുലുക്കിയങ്ങ് നടന്നു പോയി ഞാൻ……
എന്നിട്ടും ദേഷ്യം തീരാതെ രാത്രി മുത്തശ്ശൻ ഊണ് കഴിക്കാൻ വന്നിരുന്നപ്പോൾ മേശയുടെ ഇങ്ങേയറ്റത്തിരുന്ന് എൻ്റെ പാoപുസ്തകത്തിലെ ഒന്നാം ടേമിലെ (അപ്പോൾ മൂന്നാം ടേമായിട്ട് കൂടി) കവിത.. ‘കാലനില്ലാത്ത കാലം’ ഉറക്കെയങ്ങ് വായിക്കാൻ തുടങ്ങിയ ഞാൻ….
” മുത്തച്ഛൻ മുതുക്കൻ്റെ മുത്തച്ഛനിരിക്കുന്നു..
മുത്തച്ഛനവനുള്ള മുത്തച്ഛൻ മരിച്ചീല……”
എന്ന വരികളെത്തുമ്പോ എൻ്റെ വായന ഉച്ചസ്ഥായിയിലാവും …..മുത്തശ്ശൻ്റെ മുഖഭാവം മാറുന്നതനുസരിച്ച് … കവിത പഠിക്കാനുള്ള എൻ്റെ ആവേശവും ശബ്ദവും കൂടും.. ഒടുവിൽ “എനിക്കിന്ന് ചോറ് വേണ്ടാ…… ” ന്ന് പ്രഖ്യാപിച്ച് മുത്തശ്ശൻ എഴുന്നേല്ക്കുമ്പോ അമ്മയുടെ തുറിച്ചു നോട്ടം കണ്ടില്ലെന്ന് നടിച്ചു ഞാൻ….
“നാളെ ക്ലാസില് ഇത് മനാപാഠം ചൊല്ലിക്കും”
എന്നൊരു ന്യായീകരണവും ചുമ്മാ അങ്ങ് തട്ടി വിട്ടു….
നല്ലോണം സങ്കടായിക്കാണണം….
മൂന്നാലുദിവസം മിണ്ടാതെ നടന്നു മുത്തശ്ശൻ…. എന്നാപ്പിന്നെ കാണാംന്നുള്ള മട്ടിൽ ഞാനും….

ഒടുവിൽ പിണക്കം തീർക്കാൻ ഒരു വഴി കണ്ടു പിടിച്ചു മുത്തശ്ശൻ …..

പൂക്കൾ വീക്ക്നെസ്സായ എന്നെ പൂവിലൂടെ വശത്താക്കാൻ……

അടുത്ത വീട്ടിലെ പനിനീർ ചെടിയിൽ നിന്ന് ഭംഗിയുള്ളൊരു പനിനീർ പൂ പറിച്ച് മുണ്ടിൻ്റെ കോന്തലയിൽ ഭദ്രമായി പൊതിഞ്ഞ് കൊണ്ടുവന്ന്
” ഇതാ…. ഇതാ മൂധേവിക്ക് കൊടുത്തേക്ക്…” എന്നുറക്കെ പറഞ്ഞ് അമ്മയെ ഏല്പിച്ചു മുത്തശ്ശൻ….

(നേരിട്ട് തരാൻ മുത്തശ്ശൻ്റെ ഈഗോ സമ്മതിച്ചു കാണില്ല….)

എൻ്റെ പിണക്കങ്ങൾ പൂക്കളിലൂടെ മാറ്റിയിരുന്ന മുത്തശ്ശൻ…….

റേഡിയോ പാടാതായാൽ….. ട്യൂബ് ലൈറ്റ് കത്താഞ്ഞാൽ…. ഓട് പൊട്ടി മഴയത്ത് ചോർച്ചയുണ്ടായാൽ….. ഒക്കെ ‘എടോ രമേശാ.. വാടോ നമുക്കിതൊന്ന് നന്നാക്കാം എന്ന് അയൽ വീട്ടിലെ രമേശേട്ടന വിളിച്ചിരുന്ന മുത്തശ്ശൻ…….

എന്ത് തിരക്കാണെങ്കിലും മുത്തശ്ശൻ്റെ വിളി കേൾക്കേണ്ട താമസം അതെല്ലാം മാറ്റി വെച്ച് ഓടി വരുന്ന രമേശേട്ടൻ…..

(ഒരു നാടിൻ്റെ നന്മയും …… പുതുതലമുറയ്ക്ക് അന്യമാകുന്ന.. ബന്ധങ്ങളുടെ ഊഷ്മളതയും പഠിക്കാനവസരം തന്ന മുത്തശ്ശൻ….)

സുഖമില്ലാതാവുമ്പോൾ… ഡോക്ടറുടെ അടുത്ത് പോവാൻ ടാക്സി എത്തിയാൽ രമേശൻ വന്നോ…. എന്നന്വേഷിച്ചിരുന്ന മുത്തശ്ശൻ……

എഴുപത്കാരനായ മുത്തശ്ശൻ്റെ ബെസ്റ്റ് ഫ്രെണ്ടും പേഴ്സണൽ അസിസ്റ്റൻ്റും അപ്രൻറിസ് ട്രെയിനിയും ഒക്കെ പതിനേഴുകാരനായ രമേശേട്ടനായിരുന്നു……
സ്ക്രൂ ഡ്രൈവർ, സ്പാനർ ഇത്യാദി മുതൽ അത്യാധുനിക ആയുധങ്ങൾ വരെ സൂക്ഷിച്ച് വെച്ചിരുന്ന മുത്തശ്ശൻ്റെ ടൂൾ ബോക്സ് തൊടാനും തുറക്കാനും ഉപയോഗിക്കാനും സ്വാതന്ത്ര്യവും അവകാശമുണ്ടായിരുന്ന ഒരേയൊരു വ്യക്തിയും രമേശേട്ടനായിരുന്നു…..
(രക്തബന്ധങ്ങൾക്കപ്പുറവും വിലയുള്ള ബന്ധങ്ങളുണ്ടെന്ന് പ്രവർത്തിയിലൂടെ മനസ്സിലാക്കിത്തന്ന മുത്തശ്ശൻ…)

ഒടുവിൽ ജീവിത നാടകത്തിലെ ആട്ടം മതിയാക്കി മുത്തശ്ശൻ കളമൊഴിഞ്ഞപ്പോൾ ഏറ്റവുമധികം വിഷമിച്ചതും രമേശേട്ടൻ തന്നെ…..

നല്ലൊരു കൃഷിക്കാരൻ….എഞ്ചിനീയർ…… ടെക്നീഷ്യൻ…. കലാകാരൻ….. ഇതെല്ലാമായിരുന്ന മുത്തശ്ശൻ……

ഓൾഡ് ജനറേഷൻ – ന്യൂജനറേഷൻ ഗ്യാപ്പുകൾ സൂക്ഷിക്കാതിരുന്ന…. ഒരു നാട് മുഴുവൻ മുത്തശ്ശനെന്ന് തന്നെ വിളിച്ച മുത്തശ്ശൻ……

………………………………………………
……………………………………………….

“വല്യമ്മേ നിങ്ങൾക്ക് മുത്തശ്ശൻ ണ്ടായിരുന്നില്ലേന്ന്…? കേട്ടോ ഞാൻ ചോദിച്ചത്…..?

“ഏ…… ഉം……..
ഉണ്ടായിരുന്നു…..

കരുതലായ…… കരുത്തായ….. രക്ഷകനായ….. ശിക്ഷകനായ… മുത്തശ്ശൻ……

ഒരിക്കലും തിരിച്ചു വരാത്തൊരു കാലത്തിൻ്റെ തിരശ്ശീലയ്ക്കുള്ളിലേയ്ക്ക്… നടന്നു മറഞ്ഞൊരു മുത്തശ്ശൻ………. ”

നഷ്ടമാവുമ്പോഴാണല്ലോ നഷ്ടപ്പെട്ടതിൻ്റെ വില മനസ്സിലാവുക…… അല്ലേ…….

DR. RAJANI K P

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!