Skip to content

അമലു പൊന്നുവിന്റെ അവസാന പരകായ പ്രവേശം!

parakaya-pravesha-story

1

ചക്രങ്ങളും പാളവും ആഞ്ഞു ചുംബിച്ച് ഇരുമ്പിന്റെ മുഷിപ്പിയ്ക്കുന്ന ഗന്ധത്തെ ജനിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ്  ട്രയിനിലെ തമിഴൻ പയ്യന്റെ കയ്യിൽ നിന്ന് അൽപ്പം മുൻപ് വാങ്ങിയ ചൂട് വടയിലെ കുരുമുളകിൽ അമലു കടിച്ചത്.  നാവിന്റെ എരിവകറ്റാൻ ഡിസ്പോസിബിൾ ഗ്ലാസിലെ മധുരം കൂടിയ ചൂട് ചായ അവൾ ഊതിക്കുടിച്ചു കൊണ്ടിരുന്നു.  ട്രെയിൻ നീങ്ങിത്തുടങ്ങിയിട്ട് കുറച്ചു നേരമേ ആയിട്ടുണ്ടായിരുന്നുള്ളു.   പുറത്തു നിന്ന് സുഖകരമായ കാറ്റ്  ട്രെയിനിന്റെ താളത്തിനൊപ്പിച്ച് കംപാർട്മെന്റിലേയ്ക്ക് തള്ളിക്കയറി വന്നപ്പോൾ, അലക്ഷ്യമായി കിടന്നിരുന്ന ഷാൾ മാറിലേക്ക് പിടിച്ചിട്ട് അമലു വെളിയിലേക്കു നോക്കി.

ചെടികളുടെയും മരങ്ങളുടെയും ഇടയിലൂടെ സൂര്യൻ അസ്തമിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു.  എത്തി നോക്കി പെട്ടന്നോടിപ്പോയ  തോടുകളും, ഒരു പാട് രഹസ്യങ്ങളൊളിപ്പിച്ച് കാട് പിടിച്ചു കിടക്കുന്ന പറമ്പുകളും, ഉണങ്ങിക്കിടക്കുന്ന പാടത്ത് പന്തിനു പിറകെ പാഞ്ഞു കൊണ്ടിരിയ്ക്കുന്ന കുട്ടികളും മഞ്ഞയിൽ ജ്വലിച്ചു നിന്നു.  ഡിസ്പോസിബിൾ കപ്പിലെ അവസാന തുള്ളിയും കുടിച്ച്, അമലു കപ്പ് ചുരുട്ടി  ജനലിലൂടെ വെളിയിലേക്കിട്ടു.

ട്രാക്കിനിരുവശത്തുമുള്ള ജീവജാലങ്ങളെ ചിതറിച്ചു കൊണ്ട് ട്രെയിനിന്റെ നീണ്ട ഹോൺ മുഴങ്ങിയപ്പോൾ, കോളേജ് അസിസ്റ്റന്റ് ലൈബ്രെറിയൻ അമലു പൊന്നു തന്റെ ലൈബ്രറിയിലെ പുസ്തകങ്ങളിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചിന്തയിലായിരുന്നു.

ചേതനയും, ഒറോതയും, ഭീമനും, മീശയുമൊക്കെ  ലൈബ്രറിയിലെ ഇരുണ്ട മുറിയിൽ എന്തെടുക്കുകയായിരിയ്ക്കും  ഇപ്പൊ?

അവർ പരസ്പരം സംസാരിയ്ക്കുന്നുണ്ടാവുമോ? എന്തായിരിയ്ക്കും അവർ സംസാരിയ്ക്കുക? അവർ തമാശ പറയുമോ?

കുശലാന്വേഷണങ്ങൾ നടത്തുന്നുണ്ടാവുമോ അവർ?  ചിലപ്പോളവർ പുസ്തകങ്ങളിൽ നിന്നിറങ്ങി, മൈതാനത്തിലേയ്ക്ക് തുറക്കുന്ന ജനലിന്റെ അടുത്ത് നിന്ന് കുട്ടികളുടെ പന്ത് കളി കാണുന്നുണ്ടാവാം!

ഒരു കുഞ്ഞുകുലുക്കത്തിൽ ട്രെയിൻ വേഗത കുറച്ചു.  നീലിമംഗലം പാലം അടുക്കാറായിരുന്നു. മുഖത്തടിച്ച ഇളം കാറ്റിന്റെ സുഖത്തിൽ അമലു കണ്ണുകളടച്ചു.   ഇന്നാര്.?…..സ്ത്രീ, പുരുഷൻ, കുട്ടികൾ?…അതോ ഇന്നലത്തെ പോലെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിയ്ക്കപ്പെട്ട പൂച്ചകുട്ടിയോ?

ആരുമാകട്ടെ, …എന്തുമാകട്ടെ …..ഈ സമയം എന്റെ സ്വന്തം!……… അസ്ഥിത്വത്തിന്റെ ഭാരത്തിൽ നിന്ന് മോചനം കിട്ടുന്ന മുഹൂർത്തമാണിത്!….. ഈ സമയത്തിനായി…….. അതിനായി മാത്രമാണ് ഞാൻ അഞ്ചരയുടെ ഈ മുഷിഞ്ഞ വണ്ടിയിൽ എന്റെ വൈകുന്നേരങ്ങൾ തളച്ചിടുന്നത്,… എന്റെ പരകായ പ്രവേശങ്ങൾക്കായി!!

വണ്ടി വീണ്ടും കുലുങ്ങി. നീണ്ട ഹോൺ ശബ്ദവും അകമ്പടിയായി എത്തി.   അമലു  കണ്ണു തുറന്നു.  നീലിമംഗലം പാലമെത്തിയിരിയ്ക്കുന്നു .

 

2

മിച്ചം വന്ന മീനുകൾ അലുമിനിയം ചേരുവത്തിലെ നീല ടാർപോളിന്റെ മീതെയിട്ട്, പെരച്ചന്റെ ഐസ് പെട്ടിയിൽ നിന്ന് ഒരു പിടി ഐസ് കട്ടകളെടുത്ത്  അതിനു മീതെ വിതറി, അതിനും മീതെ  കറുത്ത റബർ ഷീറ്റും ഇട്ട് ചെരുവം എടുത്ത് കസ്‌തൂരി നടന്നു തുടങ്ങിയപ്പോഴാണ് അഞ്ചരയോടെ പാസ്സഞ്ചർ കടന്നു പോയത്. ട്രെയിനിന്റെ ജനലിനടുത്തിരുന്ന ഒരു കുസൃതികുട്ടിയുടെ ടാറ്റായ്ക്കു മറുപടിയായി കൈവീശിക്കാണിച്ച്, അവൾ പാലത്തിന് താഴെയുള്ള ഒറ്റയടിപ്പാതയിലേക്കിറങ്ങി വേഗത്തിൽ നടന്നു.

ഒന്നര കിലോമീറ്ററോളം ഉണ്ട് വീട്ടിലേയ്ക്ക്. അയാൾ ഇപ്പൊ എത്തിക്കാണുമോ എന്തോ..!  കുട്ടികൾ എന്തായാലും ഇരുന്നു പഠിയ്ക്കുകയായിരിയ്ക്കും. കുടിച്ചിട്ട് വന്ന് അയാൾ കുട്ടികൾക്ക് ശല്യമുണ്ടാക്കുമോ എന്ന് പേടിച്ച് കസ്തുരിയുടെ കാലുകൾ അവൾ പോലുമറിയാതെ  വേഗത കൂട്ടിക്കൊണ്ടിരുന്നു. വരമ്പിൽ നിന്ന് പടിയ്ക്കൽകാരുടെ പറമ്പിലേക്കിറങ്ങിയപ്പോൾ തന്നെ അലർച്ച കേട്ടു. അയാൾ എത്തിയിരിയ്ക്കുന്നു!  കിതപ്പിനെ നിയന്ത്രിയ്ക്കാൻ പാട് പെട്ട് എങ്ങിനെയൊക്കെയോ ഓടി വീടിനു മുന്നിലെത്തിയ കസ്‌തൂരി കണ്ടത് മുറ്റത്തെ മണ്ട പോയ തെങ്ങിൽ പിടിച്ച് ആടി നിൽക്കുന്ന മനോജിനെയാണ്. വീടിന്റെ വെട്ടുകൽ ഭിത്തിയിൽ ചാരി, കീറി പോയ പുസ്തകവും പിടിച്ച് കരഞ്ഞു നിൽക്കുന്ന മോളെയും അവളുടെ   മുഷിഞ്ഞ ഉടുപ്പിന്റെ വള്ളിയിൽ പിടിച്ചു പകച്ചു നിൽക്കുന്ന മൂന്ന് വയസുകാരനെയും കണ്ട് കസ്തൂരിയുടെ ചങ്ക് പിടച്ചു.

“കൂ….ഇപ്പോഴാണോടീ… നിന്റെ കച്ചോടം കഴിഞ്ഞത്” തെറിയുടെ അകമ്പടിയോടെ എത്തിയ കുഴഞ്ഞ വാക്കുകൾ കേട്ടതായി നടിയ്ക്കാതെ കസ്‌തൂരി കുട്ടികളുടെ അടുത്തേയ്ക്കു നടന്നു. വീണ്ടുമൊരു തെറിയുടെ അകമ്പടിയോടെ കസ്തൂരിയുടെ എളിയിലിരുന്ന ചെരുവം അയാൾ ചവിട്ടി തെറിപ്പിച്ചു. ആർത്തു കരഞ്ഞ കുട്ടികളെ ചേർത്ത് പിടിച്ച് അവൾ അയാളെ ഉറ്റു നോക്കി.

എന്നത്തേതുമെന്ന പോലെ അന്ന് കസ്തൂരി  കരഞ്ഞില്ല!!

തീ പാറുന്ന കണ്ണുകൾ കണ്ട്  മനോജ് ആദ്യമായി ഒന്ന് പതറി.  പെട്ടന്ന് തന്നെ പരിസരം വീണ്ടെടുത്ത് അയാൾ മുന്നോട്ട് വന്നു.

“നായിന്റെ മോളെ എന്താടീ നോക്കി പേടിപ്പിയ്ക്കുന്നത്….” അയാൾ അവൾക്കു നേരേ കൈയുയർത്തി.

ശബ്ദം കേട്ടപ്പോൾ പടക്കം പൊട്ടിയതായിരിക്കുമെന്നാണ് തൊണ്ടിലൂടെ നടന്നു വന്ന തെങ്ങുകേറ്റക്കാരൻ വേലന് തോന്നിയത്. ചുറ്റും നോക്കിയ അയാൾ വീണു കിടക്കുന്ന മനോജിനെയും  തൊട്ടടുത്ത്  ജ്വലിച്ചു നിൽക്കുന്ന കസ്തൂരിയേയും കണ്ട് പകച്ചു പോയി.  തേങ്ങാക്കൂട കൈമാറ്റിപ്പിടിച്ച്, മനോജിന്റെ ഷാപ്പ്പങ്കാളി നടപ്പിന് വേഗത കൂട്ടി.

പകപ്പ് മാറാതെ എണീറ്റ് മനോജ്  തരിച്ചു പോയ കവിളിൽ തൊട്ടു നോക്കി . ചുണ്ടിന്റെ കോണിലെ ചുവന്ന നനവ് അയാൾ ചൂണ്ടു വിരലിൽ തിരിച്ചറിഞ്ഞു.

 

3

ട്രെയിനിന്റെ നീണ്ട ഹോൺ ശബ്ദം അമലുവിനെ ഉണർത്തി. അവൾ വല്ലാതെ വിയർത്തിരുന്നു. വേഗത കുറച്ച്, പതിയെ ഇഴഞ്ഞു വന്ന് സ്റ്റേഷനിൽ ട്രെയിൻ ചത്ത് കിടന്നപ്പോൾ അവൾ വണ്ടിയിൽ നിന്നിറങ്ങി.  വിരലിലെണ്ണാവുന്ന യാത്രക്കാരിൽ ഒരുവളായി അമലു പ്ലാറ്റഫോമിലൂടെ നടന്നു പോയി.

അത്താഴം കഴിഞ്ഞ് പാത്രങ്ങളൊക്കെ കഴുകി കഴിഞ്ഞപ്പോഴേയ്ക്കും അമലു വല്ലാതെ തളർന്നു പോയിരുന്നു.  കൊതി തീരെ ഒന്നുറങ്ങാൻ ആഗ്രഹിച്ചാണവൾ ബെഡ്റൂമിലെത്തിയത്.  കട്ടിലിനോട് ചേർത്തിട്ടിരുന്ന തടി മേശയ്ക്കു മുന്നിലെ പ്ലാസ്റ്റിക് കസേരയിലിരുന്ന് വാട്സാപ്പ് ലോകത്ത് നീന്തിക്കളിയ്ക്കുന്ന പൊടിയനെ കണ്ടപ്പോൾ അമലുവിനു വല്ലാത്ത മടുപ്പ് തോന്നി. ഇനിയുള്ള ജീവിതം മുഴുവൻ ഇയാളുടെ കൂടെയാണല്ലോ എന്ന ചിന്ത കാലിൽ നിന്നും അരിച്ചു കയറാൻ തുടങ്ങിയപ്പോൾ, അതറിഞ്ഞിട്ടെന്നവണ്ണം പൊടിയൻ ഫോണിൽ നിന്ന് ചുവന്ന കണ്ണുകളുയർത്തി അമലുവിനെ നോക്കി വികൃതമായി ചിരിച്ചു.

മാഡം അമലു പൊന്നു എം എ, …മാസ ശമ്പളം കിട്ടി എന്ന് വിചാരിയ്ക്കുന്നു”

ഒന്നും മിണ്ടാതെ അമലു കട്ടിലിൽ വന്നിരുന്ന് മുടി അഴിച്ചിട്ട് മേശയിൽ കിടന്നിരുന്ന പല്ലുകൾ പൊട്ടിയ ചീപ്പെടുത്ത് മുടി ചീകിക്കൊണ്ടിരുന്നു.

കുറെ നേരം അവളെ ഉറ്റുനോക്കിയിരുന്നിട്ട് ഫോൺ മേശയിൽ വച്ച് പൊടിയൻ അമലുവിന്റെ അടുത്തേയ്ക്കു ചെന്നു.  മരവിപ്പോടെ അമലു തല താഴ്ത്തി!

സൂര്യ പ്രകാശം മുഖത്തടിച്ചപ്പോൾ അമലു കണ്ണ് തുറന്നു.  എണീറ്റിരുന്ന്, മുടി കെട്ടി വച്ച് ജനലിലൂടെ വെളിയിലേക്കു നോക്കി.  തൊഴിലുറപ്പുകാർ കൂട്ടമായി ഇടവഴിയിലൂടെ പോകുന്നുണ്ടായിരുന്നു.

തളർച്ച തോന്നിയപ്പോൾ അവൾ വീണ്ടും കട്ടിലിൽ ഇരുന്നു. എത്ര ഉറങ്ങിയാലും തന്റെ ക്ഷീണം മാറില്ല എന്നമലുവിനു തോന്നി.  പൊടിയൻ സ്ഥലം വിട്ടിരുന്നു. പഞ്ചായത്തോഫീസിലെ  സമയനിഷ്ഠയുള്ള ഏക ജോലിക്കാരൻ എന്നും അയാൾ മാത്രമായിരുന്നു.  അത് മാത്രമാണ്  അയാൾക്കാകെയുണ്ടായിരുന്ന നല്ല ഗുണം എന്ന് ഇപ്പോൾ പലപ്പോഴും അമലുവിനു തോന്നാറുണ്ട് . അലമാരിയിൽ വച്ചിരുന്ന ഹാൻഡ്ബാഗ് മേശപ്പുറത്തു തുറന്നിരിയ്ക്കുന്നതു കണ്ട് എടുത്തു നോക്കി. കിട്ടിയ ശമ്പളത്തിൽ തന്റെ വണ്ടിക്കൂലിയ്‌ക്കൊഴികെയുള്ള  പൈസ അയാൾ എടുത്തു കൊണ്ട് പോയിരുന്നു.  പൊടിയനെ തെറി വിളിയ്ക്കുവാൻ, ആദ്യമായി അമലുവിന് തോന്നി!!

 

4

“എന്ത് പറ്റി മോളെ …മുഖമൊക്കെ വല്ലതിരിയ്ക്കുന്നല്ലോ?  അറ്റൻഡർ വർഗീസേട്ടനെ കൂടി ചേർത്ത് നാലാമത്തെയാളാണ് ഇന്ന് ചോദിയ്ക്കുന്നത്.  ചിരിച്ചു എന്ന് വരുത്തി പുതിയ പുസ്തകങ്ങളുടെ ലിസ്റ്റ് വർഗീസേട്ടന് കൈ മാറി.  നടന്നപ്പോൾ തല കറങ്ങുന്നതു പോലെ….!.  ബാത്‌റൂമിൽ കയറി പൈപ്പ് തുറന്നു മുഖമൊന്നു കഴുകിയപ്പോൾ ചെറിയൊരാശ്വാസം!  കണ്ണാടിയിലെ പ്രതിച്ഛായയിൽ കാണുന്നത് തന്നെ തന്നെയാണോ? എവിടെയാണാ പഴയ അമലു??

പതിവിലും നേരത്തെ ട്രെയിൻ വന്നെങ്കിലും വെള്ളിയാഴ്ചയായിരുന്നത് കൊണ്ട് വണ്ടിയിൽ തിരക്ക്‌ കൂടുതലായിരുന്നു.  പ്രിയപ്പെട്ട വിന്ഡോ സീറ്റ് പോയിട്ട് ഒരു സീറ്റും കിട്ടുന്ന ലക്ഷണമില്ല. ബാഗ് ഇടതു കയ്യിൽ ചേർത്ത് പിടിച്ച് മറു കൈ കൊണ്ട് സൈഡിലെ സീറ്റിന്റെ പുറകിൽ അള്ളിപ്പിടിച്ചു നില്ക്കാൻ ശ്രമിയ്ക്കുമ്പോഴാണ് വിളി കേട്ടത്.

” ചേച്ചീ…ദാ ഇവിടെ…”

നോക്കിയപ്പോൾ രണ്ടു സീറ്റ് പുറകിൽ വിപിനിരിയ്ക്കുന്നു. തന്റെ സീറ്റിൽ വന്നിരിയ്ക്കുവാൻ അവൻ ആംഗ്യം കാണിച്ചു.  ചിരിച്ചിട്ട്, സാരമില്ല എന്ന് തിരിച്ച് ആംഗ്യം കാണിച്ചു.  വിപിൻ സമ്മതിയ്ക്കാതെ വീണ്ടും തല മുന്നോട്ടാട്ടി ആംഗ്യം കാണിച്ചു കൊണ്ടിരുന്നു. പിന്നെ നിരസിയ്ക്കുവാൻ തോന്നിയില്ല. അത്രയ്ക്കുണ്ടായിരുന്നു ക്ഷീണം!

“വീട്ടിൽ പോകുവാ ചേച്ചി, ഞാൻ ഏറ്റുമാനൂർ ഇറങ്ങും. അവിടുന്ന് രാത്രി ബസ്സിനെ പോകുന്നുള്ളൂ. കൂട്ടുകാരുടെ കൂടെ ഒന്ന് കൂടിയിട്ട്. ചേച്ചി ഇരുന്നോളു. സജി ഒക്കെ ഡോറിനടുത്ത് നിൽപ്പുണ്ട്. ഞാൻ അവന്മാരുടെ കൂടെ നിന്നോളാം” ബാഗ് തോളിലിട്ട് ഒന്ന് ചിരിച്ചിട്ട് വിപിൻ നടന്നു.

ലൈബ്രറിയിൽ സ്ഥിരം കാണുന്ന കുട്ടികളിലൊരുവനായിരുന്നു വിപിൻ.   അരവിന്ദ് അഡിഗയുടെയും, കെ. ആർ. മീരയുടേയും കടുത്ത ആരാധകൻ.  വയനാടാണ് വീട്. ചുങ്കത്ത്, ഒരു വീട്ടിൽ പേയിങ് ഗസ്റ്റ് ആയി താമസിച്ചു പഠിയ്ക്കുകയാണ് എന്നോ മറ്റോ പറഞ്ഞ ഒരോർമ്മ.  ഇരുന്നപ്പോൾ വല്ലാത്തൊരാശ്വാസം!  ബാഗ് മടിയിൽ വച്ച് തുറന്ന് കർചീഫ് എടുത്തു.  മുഖം വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.

ട്രെയിൻ വേഗത വീണ്ടെടുത്ത് പാഞ്ഞു കൊണ്ടേയിരുന്നു.  ക്ഷീണത്താൽ കണ്ണുകളടഞ്ഞു പോയി.

ഒരു ചെറിയ കുലുക്കം! കണ്ണ് തുറന്നപ്പോൾ ട്രെയിൻ പ്ലാറ്റഫോമിൽ നിർത്തിയിട്ടിരിയ്ക്കുന്നു. ഏറ്റുമാനൂരാണ്. സജിയോടും കൂട്ടുകാരോടും യാത്ര പറഞ്ഞ് ഷോൾഡർ ബാഗ് തോളത്തിട്ട്  നടന്നു പോകുന്ന വിപിനെ തുരുമ്പിച്ച ജനൽ കമ്പികൾക്കിടയിലൂടെ കണ്ടു.

അവൻ നടന്ന് സ്റ്റേഷൻ കെട്ടിടത്തിന്റെ അകത്തെവിടെയോ അപ്രത്യക്ഷനാകുവോളം അമലു കണ്ണിമ ചിമ്മാതിരുന്നു.

 

5

ദേഷ്യം വന്നു വിപിന്!  അഞ്ചു മണി മുതൽ വീട്ടിൽ കാണുമെന്നു പറഞ്ഞിട്ട്, എത്തിയപ്പോൾ ലോഡ്ജിലെ റൂമും പൂട്ടി പോയിരുന്നു ശങ്കവും റഫീക്കും.  ഫോൺ എടുത്ത് ശങ്കുവിന്റെ നമ്പർ ഡയൽ ചെയ്തു. കാൾ എടുക്കാതെ റിങ് പോയിക്കൊണ്ടേയിരുന്നു. പല വട്ടം വിളിച്ചിട്ടും എടുക്കാതായപ്പോൾ ” എവിടെയാടാ   പര നാറി…. ഞാൻ നിന്റെ റൂമിന്റെ മുന്നിലുണ്ട് ..” എന്നൊരു മെസേജും കുറെ തെറിയുടെ ചിഹ്നങ്ങളും ടൈപ്പ് ചെയ്തു വിട്ടിട്ട് ലോഡ്ജിന്റെ അര മതിലിൽ കയറിയിരുന്ന് അയാളൊരു സിഗരറ്റ് കത്തിച്ചു.

സിഗരറ്റ് വലിച്ചു തീരാറായപ്പോൾ ഫോണിൽ മെസ്സേജ് ശബ്ദം കേട്ടു.

ശങ്കുവാണ്.  ” മുത്തേ ..നീ ക്ഷമി…അത്യാവശ്യമായി ഒരാളെക്കാണാൻ കിടങ്ങൂർക്ക് പോരേണ്ടി വന്നു . ഒന്നൊന്നര മണിക്കൂർ എടുക്കും…ദേ ..വന്ന്”

ശങ്കുവിന്റെ പ്രിന്റിങ് ജോലികളെ പ്‌രാകി വിപിൻ ലോഡ്ജിന്റെ അര മതിലിൽ കുറച്ചു നേരം കൂടിയിരുന്നു.  ഫോണിൽ കുത്തിയും തോണ്ടിയും മടുത്തപ്പോൾ അയാൾ നടന്നു ലോഡ്ജിന്റെ വെളിയിലെത്തി. സമയം കളയാൻ വഴിയാലോചിച്ചു നിന്ന അയാൾക്ക്‌ പെട്ടന്നാണ് അമലുവിന്റെ വീടിനെപ്പറ്റി വെളിപാടുണ്ടായത്.  സ്വന്തം വീട് ഇവിടടുത്തെവിടെയോ ആണെന്ന് അമലു എപ്പോഴോ അവനോട് പറഞ്ഞിരുന്നു.  ശങ്കു വരാൻ ഇനിയും സമയമെടുക്കും.  ഒന്ന് പോയി നോക്കിയാലോ?  ചെറുപ്പത്തിൽ, ഒരപകടത്തിൽ അയാൾക്ക് നഷ്ടപെട്ട ചേച്ചിയുടെ മുഖസാദൃശ്യം അമലുവിനെ വിപിന് എന്നും പ്രിയങ്കരിയാക്കിയിരുന്നു.

പലവട്ടം വിളിച്ചു നോക്കിയെങ്കിലും അമലുവിന്റ് ഫോണിൽ നിന്നും പ്രതികരണം ഉണ്ടായില്ല.  ഒടുവിൽ വീട് തനിയെ കണ്ടു പിടിയ്ക്കുവാൻ തന്നെ തീരുമാനിച്ച്  അവൻ മുന്നോട്ട് നടന്നു.

ചോദിച്ചും പിടിച്ചും അമലുവിന്റെ വീട്ടിലെത്തിയപ്പോൾ മുക്കാൽ മണിക്കൂറെടുത്തു.  ബസ് സ്റ്റാൻഡിന്റെ പുറകിലെ വഴിയിലൂടെ ഒന്നൊന്നര കിലോമീറ്ററോളം നടക്കേണ്ടി വന്നു.  സ്‌കൂൾ കെട്ടിടം കഴിഞ്ഞ് ഇടതു വശത്തു കണ്ട പൊങ്ങല്യത്തിന്റെ എതിരെയുള്ള തൊണ്ടിൽ കൂടി കുറച്ചു നടന്നപ്പോൾ കണ്ടു, ആരോ അടയാളം പറഞ്ഞു തന്ന, തുളസിത്തറയുള്ള ഓടിട്ട ആ വീട്!

പ്രേതാലയം പോലെ വിജനവും ഭീതി ജനിപ്പിയ്ക്കുന്നതുമായിരുന്നു ആ വീടും പരിസരവും.  തിങ്ങി, ഉയരത്തിൽ വളർന്ന് നിന്ന മരങ്ങൾ വീടിനെ കൂടുതൽ ഇരുട്ടിലാഴ്ത്തി.  തുളസിത്തറയിലെ ചെടി പരിചരണങ്ങളില്ലാതെ ഉണങ്ങിക്കിടന്നു. പുല്ലു പിടിച്ചു കിടന്നിരുന്ന മുറ്റത്തേയ്ക്ക് കയറി നിന്ന് വിപിൻ ഉറക്കെ വിളിച്ചു.

“ഇവിടാരുമില്ലേ”?

രണ്ടാമത്തെ വിളിയിൽ ഒരു പെൺകുട്ടി ഇറങ്ങി വന്നു. പത്തോ പന്ത്രണ്ടോ പ്രായം! അമലുവിന്റെ നല്ല ഛായയുണ്ടായിരുന്നു അവൾക്ക്.  അവൾ വിപിനെ ഉറ്റു നോക്കി നിന്നു.

“ആരാ ?” കാറ്റിന്റെ  സ്വരമാണ് ആ കുട്ടിയ്ക്ക് എന്ന് വിപിന് തോന്നി.

അമലു ചേച്ചിയുടെ സുഹൃത്താണ്”

കുറച്ചു നേരം കൂടി വിപിനെ നോക്കി നിന്നിട്ട് അവൾ അയാളെ അകത്തേയ്ക്കു ക്ഷണിച്ചു.

“വരൂ”

നടക്കല്ലിൽ ചെരുപ്പൂരിയിട്ട് വിപിൻ അകത്തേയ്ക്കു കയറി. മൂന്നു മുറികൾ മാത്രമുള്ള ഒരു ചെറിയ വീടായിരുന്നു അത്.

‘അമ്മ ഇവിടെയാണ്” സ്വീകരണ മുറിയിൽ നിന്ന് പരുങ്ങിയ വിപിനെ പെൺകുട്ടി അകത്തേയ്ക്കു ക്ഷണിച്ചു.  മരുന്നിന്റെ മണമുള്ള ആ മുറിയിലെ കട്ടിലിൽ മുടി മുക്കാലും നരച്ച ഒരു വൃദ്ധ കിടപ്പുണ്ടായിരുന്നു.

വാതിലിൽ നിഴലനക്കം കണ്ട് വൃദ്ധ തല തിരിച്ചു.

“പൊന്നൂ…പൊന്നുവാണോ അത്?” വേഗത്തിലുള്ള ശ്വാസനിശ്വാസങ്ങൾ…ഒപ്പം ക്ഷീണിച്ച വാക്കുകളും.

“ചേച്ചി രണ്ടു ദിവസം കഴിഞ്ഞേ വരൂ അമ്മേ…..ഇത് ചേച്ചിയുടെ കൂട്ടുകാരനാ” പെൺകുട്ടി വിപിന് ഇരിയ്ക്കാൻ ഒരു പ്ലസ്റ്റിക് കസേര വലിച്ചിട്ടു കൊടുത്തു.

“വന്ന് വന്ന് തീരെ ..ബോധം ല്ലാണ്ടായോ കുട്ടീ…ഇത് പൊന്നുവല്ലേ…ന്റെ പൊന്നു”.  നിറകണ്ണുകളോടെ അവർ അയാളുടെ കൈത്തണ്ടയിൽ തന്റെ ശുഷ്കിച്ച കരങ്ങളമർത്തി പിടിച്ചു.  അവരുടെ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കിക്കൊണ്ട് വിപിൻ കട്ടിലിൽ വൃദ്ധയുടെ അരികത്ത് ഇരുന്നു .  വൃദ്ധ  വിറയ്ക്കുന്ന വിരലുകൾ കൊണ്ട് വിപിൻറെ കൈ തണ്ട തലോടി.

“നീയ്യിങ്ങനെ എപ്പോഴും വരേണ്ടെന്റെ കുട്ട്യേ… കുഞ്ഞീണ്ടല്ലോ…അവള് നോക്കണൊണ്ട്…നല്ലോണം…. “ ചുമ കാരണം മുഴുമിപ്പിയ്ക്കാനാവാതെ അവർ പ്രയാസപ്പെട്ടപ്പോൾ  ഭിത്തി ചാരി നിന്നിരുന്ന കുഞ്ഞി മേശയിലെ കൂജയിൽ നിന്ന് സ്റ്റീൽ ഗ്ലാസ്സിലേയ്ക്ക് വെള്ളം പകർന്ന് അത് കുറേശ്ശെയായി അവരുടെ വായിലേയ്ക്ക് ഒഴിച്ച് കൊടുത്തു.

“അമ്മയ്ക്ക് ഓർമ്മ നിൽക്കണില്യ…ക്ഷമിയ്ക്കണം” ഗ്ലാസ് മേശപ്പുറത്ത് തിരികെ വയ്ക്കവേ കുഞ്ഞി വിപിനോടായി പറഞ്ഞു.

സാരമില്ലെന്ന് അയാൾ അവളെ കണ്ണടച്ച് കാണിച്ചു.

“കൂടെപ്പോയാൾടെ ഒപ്പൊള്ള ജീവിതം ന്റെ കുട്ടിയ്ക്ക് സന്തോഷം തരണൊണ്ടേ  …..ന്റെ കുട്ടി വേറൊന്നും നോക്കണ്ട …ഞങ്ങൾക്ക് സുഖാ….സന്തോഷാ…..പറഞ്ഞൂല്ലോ.. ഞാൻ മുൻപും പല വട്ടം..” വിറച്ചു വിറച്ചു പുറത്തേയ്ക്കു വന്ന വാക്കുകൾ ഒരു ഗദ്ഗദത്താൽ തടസ്സപ്പെട്ടു.

“അവനറിയാതെ കുട്ടി ഇനി പൈസ ഒന്നും ഇവിടെ തരേണ്ടാ ട്ടോ… കുഞ്ഞിയ്ക്കൊരു ജോലി ശരിയായിട്ടുണ്ട്… സഹായായി അത്. .. ന്നെ നോക്കാനും ഒരു പെണ്ണിനെ ഏർപ്പാടാക്കീട്ട്ണ്ട്.  അവർ വിപിന്റെ വിരലുകളിൽ ഇറുക്കിപ്പിടിച്ചു.

വിപിൻ കുഞ്ഞിയെ നോക്കി. അവൾ വിപിനെ നോക്കി ശബ്ദമില്ലാതെ ചിരിച്ചു.

വൃദ്ധ വീണ്ടും ചുമച്ചു.

“ഒറ്റ സങ്കടെ ള്ളൂ ട്ടീ… അച്ഛൻ നേരത്തെ പോയി….വളരെ നേരത്തെ…ന്റെ കാര്യം പോലും ഓർത്തില്ല്യ…

വാക്കുകൾ ഇടറി .

“നിന്നെ കുഞ്ഞിയെക്കാൾ ഇഷ്ടായിരുന്നു അങ്ങേർക്ക്….” വൃദ്ധ ഏങ്ങലടിച്ചു.

” അമ്മേ…” വിപിൻ എന്ത് പറയണമെന്നറിയാതെ വിളിച്ചു

“സങ്കടപ്പെടേണ്ടട്ടോ…വിധി!.. അല്ലാണ്ടെന്താ…” നെടുവീർപ്പ്!

“പൊയ്ക്കോളൂ …..അവൻ കാത്തിരിയ്ക്കില്ലേ ?” വൃദ്ധ കണ്ണുകളടച്ചു.  വിപിൻ കുറച്ചു നേരം കൂടി കട്ടിലിലിരുന്നു. വൃദ്ധ പിന്നീട് ശബ്ദിച്ചതേയില്ല.

“കൂടുതൽ സംസാരിയ്ക്കാൻ വയ്യാണ്ടായി അമ്മയ്ക്ക്..” മുറിയുടെ മൂലയിൽ നിന്ന് കുഞ്ഞിയുടെ പതിഞ്ഞ ശബ്ദം കേട്ടു.

കുറച്ചു നേരം കൂടി വൃദ്ധയെ നോക്കി ഇരുന്നിട്ട് അയാൾ പതിയെ എണീറ്റ് മുറിയിൽ നിന്നും വെളിയിലിറങ്ങി. നടക്കല്ലിൽ ഇട്ടിരുന്ന ചെരുപ്പെടുത്തിട്ട് രണ്ടു ചുവട് വച്ചിട്ട് അയാൾ തിരിഞ്ഞു നിന്നു.

“ചേച്ചിയെ പോലെ ആകരുത്…ഒരിയ്ക്കലും”!!

പകച്ചു നിന്ന കുഞ്ഞിയുടെ കൈകളിൽ, പോക്കറ്റിൽ നിന്ന് കിട്ടിയ മുഴുവൻ നോട്ടുകളുമെടുത്ത്  ബലമായി പിടിച്ചേൽപ്പിച്ചിട്ട് അയാൾ തിരിഞ്ഞു നടന്നു.

നടക്കുന്തോറും അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു!

അയാൾ കടന്നു പോയ വഴിയിൽ ശക്തമായി കാറ്റ് വീശുകയും കരിയിലകൾ പറന്നു വീഴുകയും  ചെയ്തു കൊണ്ടിരുന്നപ്പോൾ മൈലുകൾക്കപ്പുറം അഞ്ചരയുടെ പാസഞ്ചർ കുതിച്ചു പായുകയായിരുന്നു.

ട്രെയിനിന്റെ താരാട്ടേറ്റ് , തൊട്ടിലിൽ കിടക്കുന്ന കുഞ്ഞെന്നവണ്ണം,  വിജനമായ കംപാർട്മെന്റിൽ അമലു ഉറങ്ങിക്കിടന്നു!

അവൾക്കിറങ്ങേണ്ട സ്ഥലവും പിന്നിട്ട്, വല്ലാത്തൊരു സന്ധ്യയിലൂടെ വണ്ടി കുതിച്ചു പാഞ്ഞു കൊണ്ടേയിരുന്നു!

*******************************

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!