സ്വയം ഹത്യ ഒന്നിനും പരിഹാരമല്ല

  • by

2945 Views

sushant death story

സുബു സുബി

ദേഷ്യം മൂത്ത് ഫോൺ ആ മൂലയിലേക്ക് വലിച്ചെറിഞ്ഞു…. വില കൂടിയ ഫോൺ ശക്തമായ ഇടിയിൽ ചിന്നി ചിതറി… ഒരു പേപ്പർ എടുത്ത് റെസിഗ്നേഷൻ ലെറ്റർ എഴുതി…. ഒരു ദീർഘനിശ്വാസം വിട്ട്….കസേരയിൽ നിന്ന് എഴുന്നേറ്റ് ഒരു ബസിൽ കയറി റയിൽവേ സ്റ്റേഷൻ്റെ എതിർ ദിശയിലെ സ്റ്റോപ്പിലിറങ്ങി… എതിരേ വരുന്ന വാഹനങ്ങൾ നോക്കാതെ ചീറി പാഞ്ഞു വരുന്ന ട്രെയിൻ്റെ മുന്നിലേക്ക് എടുത്ത് ഒറ്റ ചാട്ടം… വെള്ള പുതപ്പിച്ചു ഉമ്മറത്ത് കിടക്കുന്ന എന്നെ നോക്കി ഉച്ചത്തിലുളള കരച്ചിലുകൾ….. ബന്ധുക്കളും സുഹൃത്തുക്കളും ഒട്ടനവധി പേർ…. ആളി കത്തുന്ന ചിതയിൽ തന്നെ തനിച്ചാക്കി എല്ലാരും തിരികെ പോയി…

പെട്ടെന്നാണ് എല്ലാം ഒന്ന് മാറ്റി ചിന്തിക്കുവാൻ തോന്നിയത്…

കഷ്ടപ്പെട്ട കാശ് കൊണ്ടുണ്ടാക്കിയ ഫോൺ എറിഞ്ഞുടച്ചാൽ നഷ്ടം എനിക്ക് മാത്രം… ഫോണിൻ്റെ ചില്ല് പൊട്ടിയത് തന്നെ മാറാൻ വേണം ആയിരങ്ങൾ.

പഠിച്ച് സമ്പാതിച്ച് നേടിയ തൊഴിൽ നഷ്ടപ്പെടുത്തിയാൽ നാളെ അവിടെ പകരം ആൾക്കാർ വരും…. ഒരു ജോലിക്കായി കാത്തിരിക്കുന്ന എത്രയോ ആൾക്കാരുണ്ട്.

ട്രെയിൻ കയ്യിലോ കാലിലോ കയറി ഇറങ്ങി ജീവൻ മാത്രം ബാക്കിയായാൽ ആജീവനാന്തം വിഗലാംഗ പെൻഷൻ വാങ്ങി ബാക്കിയുള്ള കാലം കഴിക്കാം.

പ്രിയപ്പെട്ടവരുടെ സങ്കടങ്ങളുംകണ്ണുനീരും രണ്ടു ദിവസം കഴിയുമ്പോൾ വറ്റി തുടങ്ങും .. എല്ലാം നാളെ മുതൽ മങ്ങി തുടങ്ങും..

ജീവിക്കാനുള്ള ഓട്ട പാച്ചിലിൽ ഓർമ്മകൾ എല്ലാം മാസങ്ങൾക്കുള്ളിൽ ഇല്ലാതാവും… ഓർമ്മകൾ വർഷങ്ങളിൽ വരുന്ന വിരുന്നുകാരനാവും..

മരണത്തിനു കരഞ്ഞവർ ഏഴ് ദിവസം കഴിഞ്ഞ് വന്ന് ഇഡലിയും സാമ്പാറും പ്രഥമനും കഴിച്ച് സന്തോഷത്തോടെ മടങ്ങും

ഇപ്പൊഴുള്ള പുതിയ വീടുകളുടെ ചുമരിൽ ഫോട്ടോ തൂക്കാത്തതിനാൽ മാലയിട്ട് ചുമരിൽ ഇരിക്കാെമെന്നുള്ളതും വ്യാമോഹമാകും..

ആദ്യത്തെ കുറച്ച് വർഷങ്ങളിൽ മരിച്ച ആ ദിവസം പ്രിയപ്പെട്ടവർ ഓർത്ത് ചേരും….. വർഷങ്ങൾ കഴിയുമ്പോൾ ആരെങ്കിലും ആ ദിവസം ഓർമ്മയിൽ സൂക്ഷിച്ച് കുറച്ച് പുഷ്പങ്ങളോ ഒരു തിരിയൊ കൊളുത്തിയിലായി….

ഇവിടെ എന്തൊക്കെ എങ്ങനെ നടന്നോ അതുപോലെ തന്നെ തുടരും….. മക്കൾ വളർന്ന് വലുതാകും… ഒരാളില്ലാത്തതിൻ്റെ വിഷമതകൾ അത് ഒരു ശീലമാകും.. ആഘോഷങ്ങൾ ആഘോഷിച്ച് തന്നെ തീർക്കും… ചിരിക്കേണ്ടവർ ചിരിക്കും.. ആസ്വദിക്കേണ്ടവർ ആസ്വദിക്കും…. കാലത്തിനൊ മഴക്കോ ആർക്കും… ഈ ഭൂമിക്ക് തന്നെ ഒരു മാറ്റവും വരാൻ പോകുന്നില്ല… നഷ്ടം നമുക്ക് മാത്രം.

അച്ഛനായാലും അമ്മയായാലുംമകളായാലും മകനായാലും ഭാര്യയായാലും ഭർത്താവായാലും… ആരായാലും … ഇന്നത്തെക്കാലത്ത് എന്തിനു എല്ലാർക്കും പകരം ആളുണ്ട്…
നമ്മളെ പോലെ ആകാൻ നമുക്കേ പറ്റു… നമ്മൾ ചെയ്യണ്ട കടമകൾ നമുക്ക് തന്നെ ചെയ്യാം… ഒരു പകരക്കാരൻ തത്ക്കാലം വേണ്ട എന്ന് ചിന്തിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ ഉള്ളു…

വിഷമം അധികം ആകുമ്പോൾ ദീർഘനിശ്വാസം എടുത്ത് കണ്ണടച്ച് വിഷമം പോകുന്നത് വരെ നമുക്ക് പറയാം

ഈ നിമിഷവും കടന്നു പോകും…

മരിക്കുവാൻ തന്നെ ഇത്രത്തോളം മാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ… അപ്പോൾ ജീവിക്കാനും അതിലേറെ മാർഗ്ഗങ്ങൾ തീർച്ചയായും ഉണ്ടാവും… മനസ്സിനെ നിയന്ത്രിച്ച് ചിന്തകൾ മാറ്റിയാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ ഉളളു എല്ലാവർക്കും.

ആ ഒരു നിമിഷം നമ്മളെ നിയന്ത്രിക്കാനായാൽ നാളെ നമ്മുടേതു മാത്രമായിരിക്കും.പരലോകത്ത് ചെന്ന് ഇവിടെ നടക്കുന്നത് കണ്ട് … “അയ്യോ ഇങ്ങനെ ഒന്നും ചെയ്യണ്ടിയിരുന്നില്ല”… എന്ന് വില പിക്കാതെ.. എല്ലാത്തിനെയും വീറോടെ വാശിയോടെ നേരിടാം.. വരുന്നതൊക്കെ വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതാം.

ജീവിക്കുക വിധിച്ച കാലം വരെ….. നമ്മൾ ആഗ്രഹിച്ചല്ല ഇവിടേക്ക് വന്നത്, മടക്കവും അതുപോലെ നമ്മൾ അഗ്രഹിക്കാത്ത സമയത്ത് ആകട്ടേ….!!!
താണ്ടുവാൻ ഇനിയും ദൂരം ഒരു പാട് ഉണ്ട്… ആസ്വദിക്കുവാൻ ഇനിയും ഏറയുണ്ട്… കുന്നോളം വിഷമങ്ങൾ ഉണ്ടങ്കിൽ മാത്രമേ കുന്നിക്കുരുവിനോളം കിട്ടുന്ന സന്തോഷത്തിന് ഒരു സുഖമുണ്ടാവു…

നാളെ നല്ലതാവുമെന്ന പ്രതീക്ഷയിൽ സമാധാനത്തോടെ ജീവിക്കാം. ഒരുപാട് കാലം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply