മഴ തോർന്നു തുടങ്ങിയിരിക്കുന്നു. മരണാനന്തര ക്രിയകൾ നടന്നുകൊണ്ടിരിക്കുന്നു. ഒന്നും മിണ്ടാതെ ലക്ഷ്മി ഒരു മൂലയിൽ ഇരിക്കുന്നുണ്ട്. ഗോപിയേട്ടൻ ആണ്എല്ലാ കാര്യങ്ങൾക്കും നേതൃത്വം കൊടുക്കുന്നത്. ഗോപിയേട്ടൻ ലക്ഷ്മിയുടെ അയൽവാസിയാണ്. എന്നാൽ ഒരു അയൽവാസി എന്നതിനേക്കാൾ ലക്ഷ്മിയുടെ ഒരു രക്ഷാധികാരി തന്നെയായിരുന്നു ഗോപിയേട്ടൻ. ലക്ഷ്മിയും അമ്മയും മാത്രമാണ് ആ വീട്ടിൽ താമസിച്ചിരുന്നത്. അച്ഛൻ പണ്ടേ മരിച്ചു. ലക്ഷ്മിക്ക് സഹോദരങ്ങൾ ആരുമില്ല. ചൊവ്വാദോഷം കൊണ്ട് ലക്ഷ്മിയുടെ കല്യാണം ഇത് വരെ നടന്നില്ല. ലക്ഷ്മിക്ക് ഒരു തയ്യൽ മെഷീൻ ഉണ്ട്. അങ്ങനെയാണ് അവർ ജീവിച്ചിരുന്നത്. ലക്ഷ്മിയുടെ തയ്ക്കാനുള്ള കഴിവ് കണ്ടു തയ്യൽ മെഷീൻ സംഘടിപ്പിച്ചു കൊടുത്തത് ഗോപിയേട്ടനാണ്. ദുർവിധിയാകണം അമ്മ ലക്ഷ്മിയെ വിട്ടു പോയി.
“മാധവേട്ടാ, ഇനി അധികം വൈകിക്കണ്ടല്ലോ?” – ഗോപിയേട്ടൻ ചോദിച്ചു.
മാധവേട്ടൻ ലക്ഷ്മിയുടെ അമ്മാവനാണ്. അമ്മയുടെ ഒരേ ഒരു ചേട്ടൻ. അമ്മാവന്റെ മകനാണ് കർമങ്ങൾ ഒക്കെ ചെയ്യുന്നത്. അമ്മാവനും കുടുംബവും ദൂരെയാണ് താമസം. ഒരു വാക്ക് പോലും മിണ്ടാതെ ഇരിക്കുന്ന ലക്ഷ്മിയെ ഗോപിയേട്ടൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മരണമറിഞ്ഞു അവിടെ എത്തിയ ചില വ്യക്തികളെ ഗോപിയേട്ടൻ പെട്ടെന്ന് തിരിച്ചറിഞ്ഞു.
കുഴിഞ്ഞ കണ്ണുകളും കട്ടി മീശയും താടിയുമായി വലിയൊരു കുറിയുമായി മതിലിൽ ചാരി ഒരാൾ നിൽക്കുന്നുണ്ട്. അത് ജ്യോൽസ്യൻ കുട്ടിക്കൃഷ്ണ പണിക്കരായിരുന്നു. ഏകദേശം പത്തു വർഷം മുൻപ് തന്നെ ലക്ഷ്മിക്ക് ചൊവ്വാദോഷ പട്ടം ചാർത്തികൊടുത്തത് പണിക്കരായിരുന്നു. പിന്നീടങ്ങോട്ട് കുറെയേറെ ആലോചനകൾ നടക്കാതെ പോയി. കുറ്റബോധം തോന്നിയതുകൊണ്ടാണോ എന്നറിയില്ല പണിക്കർ മുഖം താഴ്ത്തി പിടിച്ചിരിക്കുകയായിരുന്നു.
പ്രായം ബാധിച്ചെങ്കിലും പതുക്കെ നടന്നെത്തി നിറകണ്ണുകളോടെ ഒരു കസേരയിൽ ഇരിക്കുകയാണ് മോഹനേട്ടൻ. മോഹനേട്ടന് പഴയ ഒരു തയ്യൽകടയുണ്ടായിരുന്നു. മക്കളൊക്കെ വേറെ ഉദ്യോഗത്തിനു കേറിയപ്പോൾ മോഹനേട്ടൻ കട ഉപേക്ഷിച്ചു. എന്നാലും തയ്യൽ മെഷീൻ ഉപകാരപ്രദമാകുന്ന ഒരാൾക്ക് തന്നെ കൊടുക്കണമെന്ന് മോഹനേട്ടൻ തീരുമാനിച്ചു. അങ്ങനെയാണ് ഗോപിയേട്ടന് വഴി തയ്യൽ മെഷീൻ ലക്ഷ്മിക്ക് കൈ മാറുന്നത്.
ഏതോ ഒരു ഓട്ടത്തിന് ശേഷം കുട്ടൻ ഓട്ടോയിൽ പാഞ്ഞെത്തിയിട്ടുണ്ട്. കുട്ടൻ എന്ന് വിളിപ്പേരുള്ള ദിലീപ്. വളരെ ഉപകാരിയായ ഒരു ഓട്ടോക്കാരനാണ്. പണ്ടൊരിക്കൽ ലക്ഷ്മിയുടെ അമ്മക്ക് അസുഖം വന്നപ്പോൾ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചു. അതിനു അയാൾ പൈസയും വാങ്ങിയിരുന്നില്ല. പിന്നീട് പലപ്പോഴും കുട്ടൻ സഹായിക്കാറുണ്ട്. ഒരു വിളി മതി. കുട്ടൻ ഓടിയെത്തും.
കുറച്ചപ്പുറത്തു ഒരാൾ മാറി നിൽക്കുന്നത് അപ്പോഴാണ് ഗോപിയേട്ടൻ ശ്രദ്ധിച്ചത്. ഒരു നീല ഷർട്ടും മുണ്ടുമാണ് വേഷം. 6 അടിയോളം ഉയരമുണ്ട്. മുടി കുറച്ചു നരച്ചു തുടങ്ങിയിരിക്കുന്നു. ദൂരെ നിന്ന് തന്നെ ഗോപിയേട്ടൻ ആളെ മനസ്സിലാക്കി. അത് ശ്രീകുമാർ ആണ്. വർഷങ്ങൾക്ക് മുൻപ് തന്നെ ശ്രീകുമാറിനെ ഗോപിയേട്ടന് അറിയാം. ഒരു ഞായറാഴ്ച രാവിലെയാണ് ലക്ഷ്മിയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുമെന്ന് കേട്ട് ഗോപിയേട്ടൻ ചെന്നത്. ഒതുക്കമുള്ള ശരീരവും നല്ല ഉയരവും നന്നായി ഒതുക്കി ചീകിയ മുടിയും ഒക്കെയായി നല്ലൊരു പയ്യൻ. അത് ശ്രീകുമാർ ആയിരുന്നു. കാര്യങ്ങളെല്ലാം ലക്ഷ്മിയുടെ അമ്മ തുറന്നു പറഞ്ഞിരുന്നു. ആ കല്യാണം നടക്കും എന്ന് തന്നെയായിരുന്നു ഗോപിയേട്ടനും വിചാരിച്ചിരുന്നത്. പക്ഷെ ശ്രീകുമാറിന്റെ ഒരു അമ്മാവന്റെ ഇടപെടലിൽ അവർ കല്യാണം ഉപേക്ഷിക്കുകയായിരുന്നു.
ഗോപിയേട്ടൻ ശ്രീകുമാറിന്റെ അടുത്തേക്ക് നടന്നു.
“എപ്പോ വന്നു?”
“കുറച്ചു നേരമായി”
“എന്നെ ഓർമ്മയുണ്ടോ”
“ഉണ്ടല്ലോ”
“തന്റെ കല്യാണം ഒക്കെ കഴിഞ്ഞോ?”
“ഇത് വരെ കഴിഞ്ഞില്ല”
“എന്തേ?”
“പിന്നെ വേണ്ടെന്നു വച്ചു”
നേരം ഇരുട്ടി തുടങ്ങി. ആളുകളെല്ലാം തന്നെ മടങ്ങി. ഇപ്പോഴും ലക്ഷ്മി അവിടെ തന്നെ ഇരിക്കുകയാണ്. ഗോപിയേട്ടൻ ലക്ഷ്മിയുടെ അടുത്തേക്ക് വന്നു.
“ഇങ്ങനെ ഇരിക്കാതെ അകത്തേക്ക് ചെല്ലൂ”
ലക്ഷ്മി ഒന്നും മിണ്ടിയില്ല.
ഗോപിയേട്ടൻ വീണ്ടും ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഗോപിയേട്ടനെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് വിചാരിച്ചാവണം ലക്ഷ്മി എഴുന്നേറ്റു. അപ്പോഴാണ് ഗോപിയേട്ടൻ ശ്രദ്ധിച്ചത്. മുറ്റത്ത് ഒരാൾ നിൽക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ അത് ശ്രീകുമാറാണെന്നു ഗോപിയേട്ടന് മനസ്സിലായി.
“എന്താ താൻ പോയില്ലേ?”
ശ്രീകുമാർ പതുക്കെ പടി കയറി വന്നു.
“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.” – ഗോപിയേട്ടനെ നോക്കിയാണ് ശ്രീകുമാർ പറഞ്ഞതെങ്കിലും പറയുന്നത് ലക്ഷ്മിയോടായിരുന്നു.
“കുറച്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ ഇവിടെ വന്നപ്പോൾ എനിക്കൊരാളെ ഇഷ്ടപ്പെട്ടിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ചില തെറ്റിദ്ധാരണകൾ കൊണ്ട് അത് നടന്നില്ല. എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാൻ ഇപ്പോൾ ഇത് പറയുന്നത് ശരിയാണോ എന്നെനിക്കറിയില്ല. ലക്ഷ്മിയെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്. പെട്ടെന്നൊരു മറുപടി വേണ്ട. ആലോചിച്ചു മതി. ”
ലക്ഷ്മി ഒന്നും മിണ്ടിയില്ല. ശ്രീകുമാർ നടന്നകന്നു. ഗോപിയേട്ടൻ ശ്രീകുമാർ പോകുന്നതും നോക്കി അങ്ങനെ നിന്നു. ആ ഇരുട്ടത്തു ഗോപിയേട്ടന്റെ കണ്ണുകളിലെ സന്തോഷം ആരും കണ്ടു കാണില്ല. .
കൂടുതൽ കഥകൾ ഇവിടെ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Malayalam Story: chovva dosham Story by പ്രശാന്ത് വാര്യർ യു. – Aksharathalukal Online Malayalam Story