Skip to content

കെടാവിളക്ക്

kedavilaku story in aksharathalukal

അമ്മുമ്മ വിവരിച്ച മംഗലം ഗ്രാമത്തിലെ കഥകൾ അഭിനവിനു ഭീതിയുണ്ടാക്കിയെങ്കിലും അവനത് വീണ്ടും വീണ്ടും പറയാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അമ്മുമ്മക്കും അത് എത്ര തവണ പറയാനും മടിയുണ്ടായിരുന്നില്ല.

തന്റെ പൂർവികനും വീരശൂര പരാക്രമിയുമായിരുന്ന അപ്പൂപ്പന്റെയും അച്ഛനായ മാളികവീട്ടിൽ പദ്മനാഭൻ നായരുടെ കഥയാണ്‌ മംഗലത്തിന്റെയും കഥ. കുട്ടിയായിരിക്കുമ്പോൾ
എത്രയോ തവണ ആ കഥകൾ അമ്മുമ്മ കേട്ടിട്ടുണ്ട്… കേട്ടു കേട്ടു മനസ്സിൽ പതിഞ്ഞ കഥകൾ പത്തു വയസ്സുകാരൻ അഭിക്ക് അമ്മുമ്മ സന്തോഷത്തോടെ പറഞ്ഞു കൊടുത്തു… വിടർന്ന കണ്ണുകളോടെ അവൻ അമ്മുമ്മയെ തൊട്ടിരുന്നു കഥ കേട്ടു.

” പണ്ട് വളരെ വളരെ പണ്ട് ” അമ്മുമ്മ കഥ തുടങ്ങുന്നതെങ്ങനെയാണ്… അന്ന് മംഗലം വെറും കുഗ്രാമം ആയിരുന്നു… കൂറ്റൻ മരങ്ങളും ആകാശത്തോളം പൊങ്ങിയ പനകളും പാറകളും കുളങ്ങളും വയലുകളും നിറഞ്ഞ സ്ഥലം.. അങ്ങിങ്ങു എട്ടോ പത്തോ വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു .അവിടെ താമസിച്ചിരുന്നവരെല്ലാം ബന്ധുക്കളും ആയിരുന്നു…

പണി ചെയ്യാൻ ധാരാളം ചെറുമൻമാരും ചെറുമികളും ഉണ്ടായിരുന്നു.. ആഹാരത്തിനു വകയില്ലാത്തവർ… ഒരു കഷ്ണം ഭൂമി പോലും സ്വന്തമായിട്ടില്ലാത്തവർ.. അവർ തമ്പ്രാക്കളുടെ പറമ്പിൽ കൊച്ചു കൂരയുണ്ടാക്കിയാണ്‌ താമസിച്ചിരുന്നത് . അടിമകളെപ്പോലെ അവർ വയലിലും പറമ്പിലും പണി ചെയ്തു. അവർക്കു മുറ്റത്തു മണ്ണിൽ കുഴി കുത്തി അതിൽ ഇലയിട്ടാണ് ആഹാരം കൊടുത്തിരുന്നത്… വേതനമായി കാശൊന്നും കൊടുക്കാറില്ല… .. നല്ല മനസ്സുള്ളവർ കുറച്ചു നെല്ലോ ധാന്യങ്ങളോ പച്ചക്കറിയോ കൊടുത്തലായി… ധിക്കരിക്കുന്നവരെ മരത്തിൽ കെട്ടി അടിക്കുമെന്നുള്ളത് കൊണ്ട് ആരും തമ്പ്രാക്കളോടു ഒന്നും ചോദ്യം ചെയ്യാറോ എതിർത്ത് പറയാറോ ഇല്ല .അവർ മിക്കവാറും പട്ടിണി ആയിരുന്നു . അവരിൽ ചിലരൊക്കെ കുട്ടികളുടെ വിശപ്പ് മാറ്റാൻ മാളങ്ങളിലെ എലിയെപ്പിടിച്ചു ചുട്ടു കൊടുക്കാറുണ്ടത്രെ ..

ഇപ്പോഴും അഭി മംഗലത്തു പോകുമ്പോൾ തമ്പ്രാൻ കുഞ്ഞെന്നു പറഞ്ഞു ഓച്ഛാനിച്ചു നിൽക്കുന്ന വയസ്സായ ചെറുമികളെ കണ്ടിട്ടുണ്ട്.

അമ്മുമ്മയുടെ അപ്പൂപ്പന്റെ അച്ഛൻ മാളികവീട്ടിൽ പദ്മനാഭൻ നായർ, മംഗലത്തെ പ്രമാണിയായിരുന്നു. അദ്ദേഹം ഒരു പ്രശസ്തനായ വൈദ്യനും, ജ്യോതിഷിയും മന്ത്രവാദിയുമായിരുന്നു… മന്ത്രവാദത്തിനു വളരെ ദൂരെ നിന്നു പോലും ആൾക്കാർ വന്നു അദ്ദേഹത്തെ കാള വണ്ടിയിൽ കൂട്ടികൊണ്ടു പോകുമായിരുന്നു. അടുത്തൊക്കെയുള്ള മന്ത്രവാദമാണെങ്കിൽ അദ്ദേഹം നടന്നു പോകും. സാഥ്വികനായ അദ്ദേഹം ഒരിക്കലും ദുർമന്ത്രവാദം ചെയ്തിരുന്നില്ല.
മന്ത്രവാദം കഴിഞ്ഞു ബാധയെ ആവാഹിച്ചു തളച്ചിട്ടു അദ്ദേഹം കുറ്റാകുറ്റിരുട്ടിലൂടെ ഒരു ചൂട്ടും പിടിച്ചു നളചരിതം ആട്ടക്കഥയോ മറ്റോ ഉറക്കെ ചൊല്ലി വയൽ വരമ്പിലൂടെ നടന്നു വരും. മുണ്ടും മേൽമുണ്ടുമാണ് വേഷം… മന്ത്രവാദം ചെയ്യുന്ന വീട്ടിൽ നിന്നും കിട്ടുന്ന പുതിയ മുണ്ടും നേര്യതും മറ്റു പൂജക്കുപയോഗിച്ച സാധനങ്ങളും ഒരു സഞ്ചിയിൽ തോളിലുണ്ടാവും. മരം കോച്ചുന്ന തണുപ്പത്തു മാത്രം ഒരു കമ്പിളി പുതയ്ക്കും.
ദൂരെ വയൽ വരമ്പിൽ കൂടി ചൂട്ടും പിടിച്ചു അദ്ദേഹം നടന്നു വരുന്നത് വീട്ടിൽ നിന്നും നോക്കിയാൽ കാണാം. പക്ഷെ അദ്ദേഹം ഭാര്യയോട് ഒരിക്കലും രാത്രി പുറത്തു വരരുതെന്ന് നിർബന്ധമായും പറഞ്ഞിരുന്നു.. കാരണം അവർ അദ്ദേഹത്തിന്റെ പുറകെ വരുന്ന തീപ്പന്തത്തെ കണ്ടു തീർച്ചയായും ഭയപ്പെടുമെന്നു അദ്ദേഹത്തിന് അറിയാമായിരുന്നു.. തീപ്പന്തമായി ഒഴിപ്പിച്ച പിശാചാവാം ചിലപ്പോൾ പുറകെ വരുന്നത്… അല്ലെങ്കിൽ വഴിയിലെ വല്ല ദുർശക്തികളാവാം… രാത്രി പുറത്തിറങ്ങിയ ചിലർ അത് നേരിട്ട് കണ്ടു പേടിച്ചു പനി പിടിച്ചു കിടന്നിട്ടുണ്ട്… പദ്മനാഭൻ നായർ ഭസ്‌മം ഇട്ടു കൊടുത്താണ് അവരെ സുഖപ്പെടുത്താറ്.

അദ്ദേഹത്തിന്റെ പ്രശസ്തി യിലും അഭ്യുന്നതിയിലും അസൂയ മൂത്ത അയൽ പ്രദേശത്തെ ചില ദുർമന്ത്രവാദികൾ അദ്ദേഹത്തിനെ കൊല്ലാനായി ഒരു വാതയെ അയച്ചുവത്രേ. അത് മംഗലം ദേശത്തിൽ കുറെ അധികം നാശം വിതച്ചു…രാത്രിയിൽ പുറത്തിറങ്ങിയ ചെറുപ്പക്കാരായ ആണുങ്ങൾ രണ്ടു മൂന്നു പേർ രക്തം ശർദ്ധിച്ചു മരിച്ചു… അവരുടെ മുതുകിൽ ആരോ അടിച്ച കൈ വിരൽ പാടുകൾ പതിഞ്ഞു കിടന്നുവത്രേ ..

നാട്ടുകാർ പദ്മനാഭൻ നായരെ കണ്ടു എന്തെങ്കിലും പ്രതിവിധി ചെയ്യണമെന്നു അഭ്യർത്ഥിച്ചു. അദ്ദേഹം മറ്റു പ്രഗത്ഭരായ ജ്യോതിഷികളെ വിളിച്ചു അഷ്ടമംഗല പ്രശ്നം വച്ചു നോക്കി. തന്നെ കൊല്ലാൻ ലക്ഷ്യമാക്കി ആരോ ഒരു വാതയെ അയച്ചിട്ടുണ്ടെന്നു അദ്ദേഹം മനസ്സിലാക്കി… അതിനെ തിരിച്ചയക്കാൻ പറ്റില്ലെന്നും ഒരു ചന്ദനപ്പാവയിൽ ആവാഹിച്ചു ആണി അടിച്ചു ഒരു പനയിൽ ബന്ധിക്കണമെന്നും ഒരു മാടം കെട്ടി അതിൽ കുടിയിരുത്തണം എന്നുമാണ് പ്രശ്നത്തിൽ തെളിഞ്ഞത്…അങ്ങനെ ചെയ്താൽ പിന്നെ അനുഗ്രഹദാതാവായി അത് മാറുമെന്നാണ് പ്രശ്നം വച്ചപ്പോൾ മനസ്സിലായത്. പക്ഷെ വാതയെ തളയ്ക്കുക സാധ്യമായ കാര്യമല്ലെന്ന് മറ്റു ജ്യോതിഷികൾ അഭിപ്രായപ്പെട്ടു. ഉഗ്ര രൂപിയാണ്… പക്ഷെ തളച്ചു കഴിഞ്ഞാൽ കരിങ്കോഴിയെ കുരുതി കൊടുത്തു വാതയെ പ്രീതിപ്പെടുത്താൻ കഴിയുമെന്നും പ്രശ്നത്തിൽ തെളിഞ്ഞു. …

അതിൻ പ്രകാരം കുടുംബക്കാരെല്ലാപേരും കൂടി ഒരു വലിയ ആവാഹന പൂജ ചെയ്യാൻ തീരുമാനിച്ചു. പക്ഷെ പരികർമി ആയിപ്പോലും ആരും വരാൻ തയ്യാറായില്ല. പദ്മനാഭൻ നായർ ചങ്കൂറ്റത്തോടെ ആ വെല്ലുവിളി ഏറ്റെടുത്തു. പൂജാ ദിവസം നാട്ടിലെ ബന്ധുക്കളൊക്കെ മാളികവീട്ടിൽ കൂടി. വീടിനു വശത്തുള്ള ഒഴിഞ്ഞ പറമ്പിലാണ് പൂജക്ക്‌ കളം വരച്ചു ഒരുക്കിയത്. അർധരാത്രിയായിരുന്നു പൂജ. എന്ത് ശബ്ദം കേട്ടാലും ആരും പുറത്തു വരരുതെന്ന് അദ്ദേഹം കർശനമായി നിർദ്ദേശിച്ചിരുന്നു. രാത്രി പൂജ സമയത്തു അട്ടഹാസങ്ങളും ആർപ്പുവിളികളും കേട്ട് വീട്ടിനുള്ളിൽ പ്രാർത്ഥനയോടെ ഇരുന്നവർ ഞെട്ടി.. അദ്ദേഹം പൂജ ചെയ്യുന്ന സ്ഥലത്തിന് അടുത്തുണ്ടായിരുന്ന വൻ മരങ്ങൾ കട പുഴകി വീണു… പക്ഷെ ഒടുവിൽ ഒരു ചന്ദനപ്പാവയിൽ ആ വാതയെ ആവാഹിക്കാൻ അദ്ദേഹത്തിനായി

അതും കൊണ്ട് അദ്ദേഹം വീടുകൾ ഒഴിഞ്ഞുള്ള ഉൾപ്രദേശത്തു പോയി.. അവിടെ ഒരു കൂറ്റൻ പനയുടെ ചുവട്ടിൽ ഓല കൊണ്ടൊരു മാടം കെട്ടി… ഒരു ചെറിയ നിലവിളക്കും പൂജാ സാധനങ്ങളും പൂമാലയുമൊക്കെ അദ്ദേഹം എടുത്തിട്ടുണ്ടായിരുന്നു. ആ ചന്ദനപ്പാവയെ ആ പനമരത്തിൽ മാടത്തിനുള്ളിലായി ആണി അടിച്ചുറപ്പിച്ചു… എന്നിട്ടു കയ്യിൽ കരുതി ഇരുന്ന മൂന്നു കരിങ്കോഴികളെ വെട്ടി കുരുതി കൊടുത്തു… കണ്ണും മുഖവും തുണി കൊണ്ട് മൂടിക്കെട്ടിയിട്ടാണ് കോഴികളെ വെട്ടിയത്… എന്നിട്ടു അവിടെ ഇരുന്നു പൂജ ചെയ്തു. തങ്ങളുടെ കുടുംബത്തിന് അഭിവൃദ്ധിയുണ്ടാകാൻ അനുഗ്രഹിക്കണമെന്നും ഇനി അവിടെ ഒരു ദുർമരണം ഉണ്ടാവാൻ പാടില്ലെന്നും മനസ്സുരുകി പ്രാർത്ഥിച്ചു… കോഴികളെ വെട്ടിയ സ്ഥലത്തു ഒരു തുള്ളി ചോര പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം കണ്ടു… വാത നിവേദ്യം സ്വീകരിച്ചിരിക്കുന്നു… അദ്ദേഹത്തിനു സമാധാനമായി. പൂജ ചെയ്ത സ്ഥലമൊക്കെ വൃത്തിയാക്കി കുളിച്ചു കുടുംബഭരദേവതയെ തൊഴുതു വന്നപ്പോഴേക്കും നേരം വെട്ടം വച്ചു തുടങ്ങിയിരുന്നു… ബന്ധുക്കളൊക്കെ ഉറങ്ങാതെ നേരം വെളുക്കാൻ കാത്തിരിക്കുകയായിരുന്നു.പൂജ ഫലവത്തായെന്നും എല്ലാ കറുത്ത വാവിനും വാതക്കു കരിങ്കോഴി കുരുതി കൊടുക്കണമെന്നും അദ്ദേഹം അവരോടു ആവശ്യപ്പെട്ടു… ആ പതിവ് ഇപ്പോഴും തുടരുന്നു.. അവിടെ പിന്നെ ഇതുവരെ ദുർമരണങ്ങൾ ഉണ്ടായിട്ടില്ല.

അഭിയും അമ്മുമ്മയോടൊപ്പം രണ്ടു മൂന്നു പ്രാവശ്യം മംഗലത്തു കൊടുതിക്ക്‌ പോയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും മാടത്തിനടുത്തു പോകാൻ അനുവാദമില്ലായിരുന്നു. ധൈര്യമുള്ള ആണുങ്ങൾ മാത്രം മാടത്തിലേക്കു കോഴികളുമായി പോകും. രാത്രി പന്ത്രണ്ടു മണിക്ക് കൊടുതി കഴിഞ്ഞു അവർ കോഴികളുമായി മടങ്ങുമ്പോഴേക്കും സ്ത്രീകൾ കോഴിത്തോരൻ വയ്ക്കാനും വറുക്കാനും കൂട്ടു തയ്യാറാക്കിയിട്ടുണ്ടായിരിക്കും. എല്ലാവർക്കും ആവശ്യമായ ചോറ് നേരത്തെ വച്ചിട്ടുണ്ടാകും… ആണുങ്ങൾ കോഴികളെ പെട്ടെന്ന് വൃത്തിയാക്കി കൊടുക്കും. സ്ത്രീകൾ മുറ്റത്തെ കല്ല് കൂട്ടി വച്ച വലിയ അടുപ്പിൽ ഉരുളി വച്ചു അത്യന്തം രുചിയുള്ള കോഴിക്കറിയുണ്ടാക്കും.

എല്ലാപേരും അപ്പോഴാണ് അത്താഴം കഴിക്കുന്നത്‌. ഉറങ്ങിക്കിടക്കുന്ന കുട്ടികളെ വിളിച്ചുണർത്തി ചൂട് കോഴിത്തോരനും കോഴി വറുത്തതും ചോറും വാഴ ഇലയിൽ വിളമ്പി കൊടുക്കും… അതിന്റെ രുചി ഓർത്താൽ അഭിക്ക് എപ്പോഴും നാവിൽ വെള്ളമൂറും…

ഇപ്പോഴും കോഴി വെട്ടുമ്പോൾ രക്തം കാണാറില്ലെന്നു പോയി വന്നവർ പറയുന്നത് കേട്ടു അഭി അത്ഭുതപ്പെട്ടിട്ടുണ്ട്…

ദൂരക്കൂടുതൽ കാരണം എപ്പോഴും മംഗലത്തു പോകാൻ അവർക്കു കഴിയാറില്ല… എങ്കിലും ആ നാടും അവിടെ പദ്മനാഭൻ അപ്പൂപ്പൻ പൂജിച്ചിരുന്ന ഒരു വാളും നിലക്കണ്ണാടിയും മാത്രം പ്രതിഷ്ഠയായുള്ള തെക്കതും, അപ്പൂപ്പൻ നിർമിച്ച ഭദ്രകാളിയുടെ പ്രതിഷ്ഠയുള്ള കുടുംബക്കോവിലും കുളങ്ങളും പ്രകൃതി ഭംഗിയും അഭിക്ക് വളരെ ഇഷ്ടമാണ്. ഇപ്പോൾ കുടുംബ കോവിൽ പുനരുദ്ധീകരണം കഴിഞ്ഞു പുതുക്കി പണിഞ്ഞു ഗണപതിയേയും മറ്റുപദൈവങ്ങളെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.
ഭദ്രകാളിയെ സേവിച്ചിരുന്നെങ്കിലും പദ്മനാഭൻ അപ്പൂപ്പൻ ഒരു കൃഷ്ണ ഭക്തനായിരുന്നു… കൃഷ്ണാ എന്നുറക്കെ പറഞ്ഞുകൊണ്ടിരിക്കും എപ്പോഴും. അതുകൊണ്ടു അപ്പൂപ്പൻ വരുന്നത് ദൂരെ നിന്നും തന്നെ വീട്ടിലുള്ളവർ അറിഞ്ഞിരുന്നു. കൃഷ്ണനും പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹമെന്ന് അദ്ദേഹം മരിച്ചപ്പോൾ എല്ലാപേർക്കും ബോധ്യമായ ഒരു സംഭവം ഉണ്ടായി. അദ്ദേഹത്തിന് വേണ്ടി
മകൻ ആദ്യത്തെ ബലിയിട്ടപ്പോൾ ബലിച്ചോറുണ്ണാൻ കാക്കകളൊന്നും വന്നില്ല… എല്ലാപേരും വിഷമിച്ചു നിൽക്കുമ്പോൾ ആകാശത്തു കുറേ നേരമായി വട്ടം കറങ്ങികൊണ്ടിരുന്ന ഒരു കൃഷ്ണ പരുന്തു താണു വന്ന് ആ ബലിച്ചോറു മുഴുവൻ കൊത്തി തിന്നത്, കണ്ടു നിന്നവരെ അത്ഭുത സ്തബ്ധരാക്കി…

അദ്ദേഹം മരിച്ചതിലും വ്യത്യസ്തത ഉണ്ടായിരുന്നു. . അദ്ദേഹത്തിന് മംഗലത്തു ഒരു വൈദ്യശാലയുണ്ടായിരുന്നു.. അവിടെ നോക്കി നടത്താൻ ഒരു ബന്ധുവിനെ നിയോഗിച്ചിരുന്നു… വല്ലപ്പോഴും മാത്രമേ അപ്പൂപ്പൻ വൈദ്യശാലയിൽ പോകാറുള്ളൂ…പക്ഷെ അവിടെയുള്ള മരുന്നുകളെല്ലാം സ്വന്തം മേൽനോട്ടത്തിലാണ് ഉണ്ടാക്കാറ്..തീരാ രോഗങ്ങൾ മാത്രം അദ്ദേഹം നേരിട്ട് ചികിൽസിച്ചു ഭേദമാക്കി.

അന്ന് അദ്ദേഹം രാവിലെ പ്രാതലൊക്കെ കഴിച്ചു ഉന്മേഷവാനായി വൈദ്യശാലയിൽ പോയി. കുറച്ചു കഴിഞ്ഞു “തല കറങ്ങുന്നു.. കാലൻ വന്നു കഴിഞ്ഞു… എന്നെ പെട്ടെന്ന് വീട്ടിൽ കൊണ്ടു പോകണം “എന്ന് പറഞ്ഞുവത്രേ. ആജാനുബാഹുവായ അദ്ദേഹത്തെ നാലഞ്ച് പേർ ചേർന്നാണ് കസേരയിൽ ഇരുത്തി വീട്ടിൽ കൊണ്ടുപോയത്.. നിലത്തു പായ വിരിച്ചു അതിൽ കിടത്താൻ അദ്ദേഹം പറഞ്ഞു… അപ്പോഴും കൃഷ്ണാ കൃഷ്ണാ എന്ന് ജപിക്കുന്നുണ്ടായിരുന്നു. നിലത്തു കിടത്തിയപ്പോൾ ചുറ്റും കൂടി നിന്നവരെ ഒന്നു നോക്കിയിട്ട് അദ്ദേഹം ശാന്തമായി കണ്ണുകളടച്ചു… മരിച്ചുവെന്ന് ആർക്കും മനസ്സിലായില്ല… അത്ര അനായാസമായ മരണമായിരുന്നു അദ്ദേഹത്തിന്റേത്. . !

മറ്റു ജ്യോതിഷികൾ അപ്പൂപ്പൻ ഇപ്പോൾ മന്ത്രമൂർത്തിയായി കുടുംബത്തിന്റെ അഭിവൃദ്ധിക്കായി നിലകൊള്ളുന്നുവെന്നു പ്രശ്നത്തിൽ കണ്ടു പറഞ്ഞിട്ടുണ്ടത്രെ… കുടുംബത്തിൽ എന്തെങ്കിലും വലിയ പ്രശ്നം വരികയാണെങ്കിൽ കാവി വസ്ത്രം ധരിച്ചു അന്തരീക്ഷത്തിൽ ചമ്രം പടിഞ്ഞു ഇരിക്കുന്ന രീതിയിൽ മന്ത്രമൂർത്തി അപ്പൂപ്പനെ കാരണവന്മാർ കാണാറുണ്ടത്രെ…അപ്പോൾ അവർക്കു ആ പ്രശ്നത്തിന് പരിഹാരവുമുണ്ടാവുമത്രെ. അമ്മുമ്മക്ക് അതിലൊക്കെ പരിപൂർണമായ വിശ്വാസമായിരുന്നു. എന്താവശ്യത്തിനും ആ അപ്പൂപ്പനെ വിചാരിച്ചു പ്രാർത്ഥിച്ചാൽ മതിയെന്ന് അഭിയോട് അമ്മുമ്മ പറയാറുണ്ട്.

മംഗലത്തെ കുടുംബവീട്ടിൽ പദ്മനാഭൻ നായരുടെ ഒരു വലിയ എണ്ണ ഛായ ചിത്രമുണ്ട്… നിറം മങ്ങിയതെങ്കിലും രാജ പ്രൗഢിയുള്ള ആ മുഖം അഭിയുടെ മനസ്സിൽ മായാതെ പതിഞ്ഞു കിടന്നു.

അപ്പൂപ്പനെ പോലെ തനിക്കും, തലമുറകളോളം പോറ്റിപ്പാടുന്ന പ്രാഗൽഭ്യം ഏതിലെങ്കിലും സിദ്ധിക്കണം എന്നതാണ് അവന്റെ രഹസ്യമായ പ്രാർത്ഥന. അത് ആ അപ്പൂപ്പന്റെ അനുഗ്രഹത്തിൽ സാധിക്കുമെന്ന് തന്നെയാണ് അവന്റെ വിശ്വാസവും.

~~~~~~~~~~~~~

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!