ലോക് ഡൗണിലെ വെളിപാട്

2736 Views

lockdown story

വൈകുന്നേരം മൊബൈലിൽ മുഖം താഴ്ത്തി മുറിയിൽ കിടക്കുമ്പോഴാണ് അമ്മ ചായയും പഴുത്ത ചക്ക കൊണ്ടുണ്ടാക്കിയ ഇലയടയുമായി മുറിയിലേക്കുവന്നത്.

“നിനക്കു കുറച്ചുനേരം ആ മൊബൈലൊന്നു താഴെ വച്ചൂടെ..ആ കണ്ണ് ഇനീം ഒരുപാടു നാളു വേണ്ടതാ…”

“അമ്മയ്ക്കെന്താ…ഞാൻ കുഞ്ഞു കുട്ടിയൊന്നുമല്ല… ഞാൻ പിന്നെന്തു ചെയ്യാനാ…എത്ര ദിവസായി ഒന്നു പുറത്തേക്കിറങ്ങീട്ടെന്നറിയാമോ ..” – ചാറ്റിങ്ങിനിടയിൽ ശല്യപെടുത്തിയതു കൊണ്ടു അമ്മയോട് നന്നായി കയർത്താണ് ഞാനതു പറഞ്ഞത്.

“അപ്പൊ നീ എന്റെ കാര്യം ഒന്നാലോചിച്ചു നോക്കിയാ…ഞാനെന്നും ഈ വീടിന്റെ ഉള്ളിൽ തന്നല്ലേ…”- ഒരു ചിരിയോടെയാണ് അമ്മയ തു പറഞ്ഞു പോയതെങ്കിലും അതെനിക്ക് എവിടെയോ ഒന്നു കൊണ്ടു.

അന്നു രാത്രി ഉറങ്ങാൻ കിടന്നപ്പോഴും അമ്മ പറഞ്ഞ ആ വാചകം മനസ്സിലേയ്ക്ക് തിരയടിച്ചു കൊണ്ടിരുന്നു…

ശരിയാണത്..ഞാനും അച്ഛനും ജോലിക്കു പോയാൽ അമ്മ തനിച്ചാണ്.മിണ്ടാനും പറയാനും കൂടി ആരുമില്ല… വൈകിട്ട് അമ്മയോടു ദേഷ്യപ്പെട്ടതിനു എനിക്കു സങ്കടം തോന്നി…

ഉറക്കമെണീറ്റപ്പോൾ രാവിലെ മണി പത്തു കഴിഞ്ഞിരുന്നു.അമ്മ കൊണ്ടു വച്ച ബെഡ് കോഫി ഇത്തിരി തണുത്തിട്ടുണ്ട്. പതിവു പോലെ ‘അമ്മേ ഇതൊന്നു ചൂടാക്കി താ … ‘ -എന്നു വിളിച്ചു പറയാനൊരുങ്ങിയെങ്കിലും അത് വേണ്ടാന്ന് തോന്നി.

എന്നും ഇങ്ങനെയാണ്. ചൂടു ചായയുമായി അമ്മ രാവിലെ വന്നു വിളിക്കാറുണ്ടെങ്കിലും പുതപ്പിനടിയിലെ ഫാനിന്റെ കുളിരിൽ ഞാനാ വിളി കേൾക്കാതമട്ടിൽ കിടക്കാറാണു പതിവ്.

എന്നിട്ട് ഞാൻ എഴുന്നേൽക്കുന്ന സമയത്ത് വേറെ എന്തേലും തിരക്കിട്ടു ജോലി ചെയ്യുന്ന അമ്മയെക്കൊണ്ടു തന്നെ അത് ചൂടാക്കി കുടിച്ചാലേ എനിക്കു സമാധാനാവൂ…

പക്ഷെ ഇന്നും അമ്മയെ കൊണ്ട് അങ്ങനെ ചെയ്യിക്കാൻ എന്തോ മനസ്സനുവദിച്ചില്ല.

തണുത്ത ചായ ഒരു കവിളെടുത്ത് ഞാൻ അടുക്കളയിലേക്ക് നടക്കുമ്പോഴാണ് ഉമ്മറത്തെ ചാരുകസേരയിൽ കാലുപൊക്കി വച്ച് മലർന്നു കിടന്നുകൊണ്ടുള്ള അച്ഛന്റെ ഉത്തരവ് ഞാൻ കേട്ടത് – “എടിയേ… ആ പത്രം ഗേറ്റിലുണ്ടാവും… ഒന്നെടുത്തു കൊണ്ടു വന്നേ…”

പശുവിനു കാടിവെള്ളം കലക്കിക്കൊണ്ടിരുന്ന അമ്മ നടുവിൽ കൈ കൊടുത്ത് എഴുന്നേറ്റു നെറ്റിയിലെ വിയർപ്പു തുടച്ചു കൊണ്ട് പത്രമെടുക്കാൻ ഗേറ്റിനടുത്തേക്കു പോകുന്നതു ഞാൻ കണ്ടു.

” ഇതെങ്കിലും ഒന്നു ചെന്നെടുത്തൂടെ … ഇതിനും ഞാൻ തന്നെ വേണോ…”- അമ്മയുടെ പതം പറച്ചിൽ കേട്ടെങ്കിലും പതിവു നിസംഗ്ഗ ഭാവത്തോടെ അച്ഛൻ പത്രം വാങ്ങി അതരിച്ചുപെറുക്കാൻ തുടങ്ങി.

പെട്ടെന്നു തന്നെ കുക്കറിന്റെ മൂന്നാമത്തെ വിസിലു കേട്ട് അടുക്കളയിലേക്കോടുന്ന അമ്മയെയാണ് പിന്നെ ഞാൻ കണ്ടത്.

ആ ഓട്ടത്തിനിടയിൽ അമ്മയുടെ കാലിലെ ചെറുവിരൽ അടുക്കളപ്പടിയിൽ നന്നായൊന്നു തട്ടി, വേദന ക്കൊണ്ടൊരു നിമിഷം നിന്നെങ്കിലും പെട്ടെന്നുതന്നെ കുക്കറിനടുത്തേക്കോടി… ഞാനും പിന്നാലെ പോയി.

“അമ്മേ കാലിനെന്തെങ്കിലും പറ്റിയോ ? അമ്മ മാറ് ഞാൻ സഹായിക്കാം… ഞാൻ ചെയ്യാം പണിയൊക്കെ…”

“വേണ്ടടാ ഞാൻ ചെയ്തോളാം.. കുഴപ്പമില്ല…അല്ലേലും നീ എന്തു ചെയ്യാനാ…ഒരു തേങ്ങാ ചിരവാൻ പോലും അറിയില്ലല്ലോ അച്ഛനും മകനും..”- ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു നിർത്തി…വേദനയുള്ള കാലിൽ മറ്റേ കാലു കൊണ്ട് ഒന്നു തടവിക്കൊണ്ട് അമ്മ അടുത്ത ജോലികളിൽ മുഴുകി.

വീട്ടിലുള്ളപ്പോൾ അച്ഛൻ ടി.വിയിലെ വാർത്തയിലും ഞാൻ മൊബെലിലും മുഴുകുകയല്ലാതെ അടുക്കളയിലേക്കെത്തി നോക്കാനോ അമ്മയോടെന്തങ്കിലും സംസാരിക്കാനോ മുതിർന്നിരുന്നില്ല എന്നതായിരുന്നു സത്യം.

മൊബൈലിന്റെ കാര്യം പറഞ്ഞപ്പോഴാ….അമ്മയ്ക്കും ഉണ്ടൊരു മൊബൈല് ഫോൺ… ചുറ്റും റബ്ബർ ബാന്റ് ഇട്ടു മുറുക്കിയത്… അച്ഛൻ ഉപയോഗിച്ചു മടുത്ത കീപ്പാടിലെ അക്ഷരങ്ങൾ തേഞ്ഞുതീർന്ന ഒരെണ്ണം…എന്റെയും അച്ഛന്റെയും മാമന്റേയും നമ്പർ മാത്രമുള്ള ഫോൺ….ശെരിക്കും അതായിരുന്നു അമ്മയുടെ ലോകവും.

ഈ ചുരുങ്ങിയ ലോക്ഡൗൺ ദിവസങ്ങളിൽ വീട്ടിന്റെ ചുമരുകൾക്കുള്ളിൽ ഞാനനുഭവിച്ച വീർപ്പുമുട്ടൽ എന്നും അനുഭവിക്കുന്ന അമ്മ യാതൊരു പരാതിയും ഇതുവരെ പറഞ്ഞിരുന്നില്ല.

പുതിയ കാറു വാങ്ങി ഞാനും അച്ഛനും നാടു മുഴുവൻ കറങ്ങിയപ്പോഴും അമ്മ അതിൽ കയറിയത് ആകെയൊരുവട്ടമാണ്… അതും നടൂ വേദന വന്ന് ആശുപത്രിൽ പോകാൻ… ഓരോന്നാലോചിച്ച് കണ്ണു നിറഞ്ഞു.

ഉച്ച കഴിഞ്ഞ് പണിയൊക്കെ തീർത്ത് ഞാനും അച്ഛനും കഴിച്ചു കഴിഞ്ഞ് അടുക്കളവരാന്തയിരുന്ന് ചോറു കഴിക്കുന്ന അമ്മയുടെ പാത്രത്തിലേക്ക് ഞാനൊന്നു നോക്കി.

ഇന്നു രാവിലെ വാങ്ങി അമ്മ വെട്ടി തേച്ച് വച്ചുണ്ടാക്കി, ഞങ്ങൾ ആസ്വദിച്ചു കഴിച്ച മൊരിഞ്ഞ വറുത്ത മീനും കറിയിലെ മീൻ കഷണങ്ങളുമൊന്നും ഞാൻ അമ്മയുടെ പാത്രത്തിൽ കണ്ടില്ല.

കുറച്ചു മീൻ ചാറും പിന്നെ കഷണമെന്നു പറയാൻ മീൻകറിയിലിട്ടിരുന്ന ഒരു കുടംപുളിയും പിന്നെ ചോറിന്റെ ഒരു വശത്തായി ഇത്തിരി അച്ചാറുമാണതിൽ ഉണ്ടായിരുന്നത്. ഞാനവിടെ അമ്മയോടൊപ്പം ഇരുന്നു.

“അമ്മേ എനിക്കൊരുപിടി വാരിത്തരുമോ ?” – ഞാനമ്മയോട് ചോദിച്ചു.

ഒന്നത്‌ഭുതപ്പെട്ടെങ്കിലും തിരിച്ചൊന്നും പറയാതെ പാത്രത്തിൽ നിന്നൊരു വറ്റു പിടി എന്റെ വായിൽ വച്ചു തന്നു അമ്മ.

“പണ്ടൊക്കെ ഞാൻ വാരിത്തന്നാലേ നീ ഉണ്ടിരുന്നുള്ളൂ… അന്നെന്തിനും ഏതിനും ഞാൻ വേണോരുന്നു നിനക്ക്…” – പതിവു ചിരിയോടെയാണ് അത് പറഞ്ഞതെങ്കിലും അതിനു പിന്നിലൊളിച്ചിരുന്ന ഒരു നെടുവീർപ്പു ഞാൻ കണ്ടു.

അമ്മ കഴിച്ചു തീർത്ത് എഴുന്നേറ്റു പോയി പാത്രം കഴുകുമ്പോൾ ഞാനും കൂടെ പോയി നിന്നു .

“ടാ…പിന്നെ നീ പറഞ്ഞില്ലേ അടുക്കളേലെ പണിയൊക്കെ ചെയ്യാന്നും സഹായിക്കാ അമൊക്കെ..അതൊന്നും വേണ്ട ഇപ്പൊ ഇരുന്നതു പോലെ സമയോള്ളപ്പൊ ന്റെ കൂടെ ഇത്തിരിനേരം വന്നിരുന്നാ മാത്രം മതി…”

ഒരു ലാഘവത്തോടെ അമ്മയത് പറഞ്ഞു തീർത്തത് ഒരു മുള്ളു പോലെ എന്റെയുള്ളിൽ തറച്ചു..

അന്നു ഞാൻ മൊബൈലിൽ തോണ്ടാൻ പോയില്ല… വരാന്തയിലിരുന്നു നടു നിവർക്കുന്ന അമ്മയുടെ മടിയിൽ തലവെച്ചു ഞാൻ കിടന്നു…

അമ്മയുടെ കൈയ്യെടുത്ത് ഞാനെന്റെ കവിളിൽ വച്ചു…ജോലീം കഷ്ടപാടും കാരണമാവാം ആ കൈ നന്നായി തഴമ്പിച്ചിരുന്നു…

അടുത്ത ദിവസം മുതൽ അടുക്കളയിലും തൊടിയിലും അമ്മയോടൊപ്പം നടന്ന് ഓരോന്ന് ചെയ്തും സഹായിക്കാനും തുടങ്ങി. പിന്നീടെപ്പോഴാ ഒരു ദിവസം തലയിലൊരു തോർത്തും കെട്ടി അച്ഛനും ഞങ്ങളോടൊപ്പം കൂടി…

ഇന്നൊരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച്, മൊബൈലിനും ടി.വി ക്കും അവധി കൊടുത്ത് ഉമ്മറത്തിരുന്നു അമ്മയുടെ ഏറെക്കാലത്തെ മോഹമായ ഗുരുവായൂർ യാത്ര പ്ലാൻ ചെയ്യുമ്പോൾ അമ്മ അമ്മയുടെ കണ്ണ് ചെറുതായി നനയുന്നുണ്ടായിരുന്നു…

(സാങ്കൽപികം)

P.Sudhi

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply