Skip to content

ആദ്യരാത്രിയിൽ എൻ്റെ ചോദ്യത്തിന് അവൾ പറഞ്ഞ മറുപടി കേട്ട് ഞാൻ ഞെട്ടി.

This woman's answer shocks her husband on marriage night story by Saji Thaiparambu

അന്ന് ഞാൻ നിഖിതയെ പെണ്ണ് കാണാൻ വന്നപ്പോൾ, എന്തൊരു നാണമായിരുന്നു തനിക്ക്, എൻ്റെ ചോദ്യങ്ങൾക്കൊക്കെ, വെറുതെ മൂളിയതല്ലാതെ, ഒന്നും മറുപടി പറയാതിരുന്നപ്പോൾ, ഞാൻ കരുതിയത്, എന്നെ ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണെന്നാണ് ,പിന്നീട് നിങ്ങളുടെ വീട്ടിൽ നിന്ന് വിളിച്ച്, താത്പര്യമുണ്ടെന്നറിയിച്ചപ്പോഴാണ്, എനിക്ക് സമാധാനമായത്

അലങ്കരിച്ച മുറിയുടെ ഒരു വശത്തായി കിടക്കുന്ന ടേബിളിൽ ചാരി ,നമ്രമുഖിയായി നില്ക്കുന്ന അവളോട് ഞാൻ മുഖവുരയില്ലാതെ സംസാരിച്ചു.

അതിന് താത്പര്യമുണ്ടെന്ന് പറഞ്ഞത്, എൻ്റെ അച്ഛനല്ലെ? അല്ലാതെ, എൻ്റെ ഇഷ്ടം ആരും തിരക്കിയില്ലല്ലോ?

അവളുടെ ശബ്ദത്തിലെ നീരസം, എന്നെ അമ്പരപ്പിച്ചു.

അല്ലാ .. അപ്പോൾ നിഖിതയുടെ സമ്മതമില്ലാതെയാണോ, ഈ കല്യാണം നടന്നത്

അതെ ,അച്ഛൻ കെട്ടിത്തൂങ്ങി ചാകുമെന്ന് ഭീഷണിപ്പെടുത്തിയാ, എന്നെ കൊണ്ട് സമ്മതിപ്പിച്ചത്, കാരണം, നിങ്ങള് വലിയ തറവാട്ട്കാരാണെന്നും നിങ്ങളുമായിട്ടുള്ള എൻ്റെ വിവാഹം നടന്നാൽ ,സമൂഹത്തിൽ അച്ഛൻ്റെ നിലയും വിലയുമൊക്കെ ഉയരുമെന്നും, അച്ഛൻ വിശ്വസിച്ചു, അങ്ങനെ അച്ഛൻ്റെ നിർബന്ധം കൊണ്ട് മാത്രമാണ്, ഞാൻ നിങ്ങളുടെ മുന്നിൽ തലകുനിച്ചത്

നിരാശ പൂണ്ട അവളുടെ സംസാരം കേട്ടപ്പോൾ ,ഞാനാകെ ഉരുകിയൊലിച്ച് പോയി.

അതെന്താ, നിഖിതയ്ക്ക് ലൗഅഫയർ വല്ലതുമുണ്ടായിരുന്നോ?

ജിജ്ഞാസയോടെ ഞാൻ ചോദിച്ചു.

ഇത് വരെ ഞാനാരെയും പ്രേമിച്ചിട്ടില്ല ,പക്ഷേ ,ഞാൻ ആഗ്രഹിച്ചത് ഒരു പ്രണയവിവാഹമായിരുന്നു.

ഓഹ് അത് ശരി

എനിക്കത് കേട്ടപ്പോൾ തെല്ലൊരാശ്വാസമായി.

അല്ലാ.. അതെന്താ അങ്ങനെയൊരാഗ്രഹം ,
അറേഞ്ച്ഡ് മാര്യേജിന് എന്താ കുഴപ്പം?

എന്താ കുഴപ്പമെന്നോ ?നമ്മൾ ജനിച്ചിട്ട് ആദ്യമായി കാണുന്നത്, കഴിഞ്ഞ മാസം നിങ്ങളെന്നെ പെണ്ണ് കാണാൻ വരുമ്പോഴാണ്,
നിങ്ങളെൻ്റെ ബാഹ്യ സൗന്ദര്യം കണ്ട് മാത്രം, എന്നെ ഇഷ്ടപ്പെട്ടതാണ്, അല്ലാതെ എൻ്റെ സ്വഭാവത്തെക്കുറിച്ചോ, എൻ്റെ ശീലങ്ങളെക്കുറിച്ചോ, എൻ്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചോ ഒന്നും നിങ്ങൾക്കറിയില്ല ,അത് പോലെ തന്നെയാണ്, എൻ്റെ കാര്യവും ,കാണാൻ സുന്ദരനാണ്, ഒരു സർക്കാർ ജോലിയുണ്ട് എന്നല്ലാതെ, നിങ്ങളെ കുറിച്ചും, എനിക്ക് വലിയ പരിജ്ഞാനമില്ല,
അങ്ങനെയുള്ള നമ്മൾ ജീവിതം തുടങ്ങുന്നത് തന്നെ, ഒരു പരീക്ഷണാടിസ്ഥാനത്തിലാണ്, എൻ്റെയും നിങ്ങളുടെയും അഭിരുചികൾ, വ്യത്യസ്തമാണെങ്കിൽ, ചിലപ്പോൾ നമ്മൾ ഒരു കോംപ്രമയിസിന് വിധേയരാകേണ്ടി വരും, എന്ന് വച്ചാൽ ,പങ്കാളിയുടെ സന്തോഷത്തിന് വേണ്ടി ,ഇഷ്ടമില്ലാത്ത പലതും പരസ്പരം സഹിച്ച്, ആയുഷ്ക്കാലം നമ്മൾ, ഒരു അഡ്ജസ്റ്റ്മെൻ്റ് ജീവിതം നയിക്കേണ്ടി വരും, ശരിയല്ലേ?

ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള
അവളുടെ കാഴ്ചപ്പാടുകളെക്കുറിച്ച് പറഞ്ഞപ്പോൾ, എനിക്ക് അത്ഭുതം തോന്നി.

ഓകെ, അപ്പോൾ ലൗമാര്യേജ് എങ്ങനെയാ ,ഫലപ്രദമാകുന്നത്,
അത് കൂടി നിഖിത പറയു

സീ ,ഒരു സ്ത്രീ അല്ലെങ്കിൽ, പുരുഷൻ ഒരാളെ പ്രണയിക്കുന്നത് പല കൂടിക്കാഴ്ചകൾക്കും, പരസ്പരം സംസാരിച്ച് മനസ്സിലാക്കിയതിന് ശേഷവുമായിരിക്കും, പിന്നീടവർ മാസങ്ങളും, വർഷങ്ങളും കമിതാക്കളായി ജീവിച്ചെന്നിരിക്കും, ആ കാലയളവിനുള്ളിൽ, അവർ മാനസികമായി ഒരു പാട് അടുത്തിരിക്കും ,രണ്ട് പേരുടെയും കുറ്റവും കുറവുകളുമൊക്കെ, അവർ മനസ്സിലാക്കുകയും ചെയ്യും,
അതിന് ശേഷമാണ് അവർ വിവാഹിതരാകുന്നതെങ്കിൽ, ദാമ്പത്യ ജീവിതത്തിൽ അവർക്ക് ഒരിക്കലും വിട്ട് വീഴ്ചയോടെയോ, അഡ്ജസ്റ്റ് ചെയ്തോ ജീവിക്കേണ്ടി വരില്ല ,അതായിരിക്കും വിജയകരമായ ഒരു ദാമ്പത്യ ജീവിതത്തിന് നല്ലതെന്നാണ് എൻ്റെ അഭിപ്രായം

അത് പറയുമ്പോഴും, അവളുടെ മുഖത്തെ ഗൗരവം, ഒട്ടും കുറഞ്ഞിരുന്നില്ല ,ഈ വിവാഹത്തോട് ,അവൾക്ക് തീരെ താത്പര്യമില്ലായിരുന്നു എന്ന് ,ആ മുഖ ഭാവത്തിൽ നിന്ന് എനിക്ക് വ്യക്തമായിരുന്നു.

ഈ കാര്യങ്ങളൊക്കെ, കല്യാണത്തിന് മുമ്പ് ,നിഖിതയ്ക്ക് എന്നെ ഒന്നറിയിക്കാമായിരുന്നു,
എല്ലാം കഴിഞ്ഞ സ്ഥിതിക്ക്, ഇനിയിപ്പോൾ എന്താ ചെയ്ക?

നിസ്സഹായതയോടെ ഞാനവളോട് ചോദിച്ചു.

അതിന് നിങ്ങളെ ഒന്ന് ഫോൺ ചെയ്യാനോ, നിങ്ങളുമായി ഒന്ന് മീറ്റ് ചെയ്യാനോ എൻ്റെ വീട്ടുകാരെന്നെ സമ്മതിച്ചിട്ട് വേണ്ടേ, നിങ്ങളെന്നെ കാണാൻ വന്ന ദിവസം തന്നെ, എൻ്റെ ഫോൺ അവർ പിടിച്ച് വാങ്ങി, ഇല്ലെങ്കിൽ ഞാനീ വിവാഹം മുടക്കുമെന്ന് അവർ ഭയന്നു ,പിന്നെ ഇന്ന് ഇങ്ങോട്ട് വരുമ്പോഴാ ,ഫോൺ തിരിച്ച് തരുന്നത്

അവളുടെ ഓരോ വാചകങ്ങളും, എൻ്റെ ആത്മവിശ്വാസത്തെ കെടുത്തുന്നതായിരുന്നു, പരവശനായ എനിക്ക് കടുത്ത ദാഹം തോന്നി.

ടേബിളിന് മുകളിൽ കുറച്ച് മുമ്പ് അവൾ കൊണ്ട് വച്ചിരുന്ന, തണുത്ത പാല് ,ഞാൻ ഒറ്റ വലിക്ക് കുടിച്ച് തീർത്തു.

നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഞാനൊരു കാര്യം പറയാം

അവളെന്തോ ആലോചിച്ചുറപ്പിച്ചത് പോലെ എന്നോട് പറഞ്ഞു

ശരി ,എന്താണെങ്കിലും പറയു നിഖിതേ..

നമ്മുടെ വീട്ട് കാരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം നമുക്കീ ജീവിതം തുടരാം, എന്ന് നമുക്ക് പരസ്പരം മനസ്സിലാക്കാൻ കഴിയുന്നു, അന്ന് മുതൽ മാത്രമായിരിക്കും, നമ്മുടെ യഥാർത്ഥ ദാമ്പത്യ ജീവിതം തുടങ്ങുന്നത്, അത് വരെ എൻ്റെ സമ്മതമില്ലാതെ, ഒരിക്കൽ പോലും നിങ്ങളെന്നെ സ്പർശിക്കാൻ പാടില്ല

അവൾ പറഞ്ഞതിനെക്കുറിച്ച് ഞാൻ നന്നായി ആലോചിച്ചു ,അവൾ പറയുന്നത് പോലെ മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി ,ഇല്ലെങ്കിൽ ഉടനെയൊരു വേർപിരിയലുണ്ടായാൽ, തൻ്റെ പൂർവ്വികരായി ഉണ്ടാക്കിയെടുത്ത തറവാടിൻ്റെ സൽപ്പേരിന് കളങ്കമുണ്ടാകുമെന്ന് ഞാൻ ഭയപ്പെട്ടു ,ഞാനായിട്ട് തറവാടിനുണ്ടാകാൻ പോകുന്ന ദുഷ്പേര് ഒഴിവാക്കാനായി, എനിക്ക് വിട്ട് വീഴ്ചയ്ക്ക് തയ്യാറാകേണ്ടി വന്നു.

അങ്ങനെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എൻ്റെ ആദ്യരാത്രി കാളരാത്രിയായി മാറി

പിറ്റേന്ന് മുതൽ എൻ്റെ വീട്ടുകാരുടെ മുന്നിൽ അവൾ സാധാരണ പോലെ പെരുമാറി

പകൽ മുഴുവൻ മറ്റുള്ളവരെ കാണിക്കാനായി എൻ്റെ സ്നേഹനിധിയായ ഭാര്യയായി അവൾ തകർത്തഭിനയിച്ചു.

രാത്രിയിൽ, ഞാൻ കട്ടിലിൽ ഉറക്കം വരാതെ കിടക്കുമ്പോൾ അവൾ നിലത്ത് ബെഡ്ഷീറ്റ് വിരിച്ച് സുഖമായി കിടന്നുറങ്ങി.

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി.

ഞാൻ വീണ്ടും ജോലിക്ക് പോകാൻ തുടങ്ങി ,ഒരു ദിവസം സമയം ഒരുപാടായത് കൊണ്ട്, എൻ്റെ മൊബൈൽ ഫോൺ വീട്ടിൽ മറന്ന് വച്ചിട്ടാണ് ഞാൻ ഓഫീസിൽ പോയത്

വൈകിട്ട് മടങ്ങിയെത്തിയപ്പോൾ സാധാരണ വീട്ടുകാരെ ബോധിപ്പിക്കാനായി പൂമുഖപ്പടിയിൽ എന്നെയും കാത്ത് നില്ക്കാറുള്ള നിഖിതയെ അന്ന് മുൻവശത്ത് കണ്ടില്ല

ഞാൻ ബെഡ് റൂമിലേക്ക് ചെല്ലുമ്പോൾ അവൾ കട്ടിലിൽ കമിഴ്ന്ന് കിടക്കുന്നതാണ് കണ്ടത്

എന്ത് പറ്റി തലവേദന വല്ലതുമുണ്ടോ ?

എൻ്റെ ശബ്ദം കേട്ടപ്പോൾ പെട്ടെന്നവൾ ചാടിയെഴുന്നേറ്റു.

ഹേയ് ഒന്നുമില്ല, ഞാൻ ചായയെടുത്തിട്ട് വരാം എന്നും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി

അവൾ കൊണ്ട് തന്ന ചായ മൊത്തിക്കുടിക്കുമ്പോൾ ഞാനവളുടെ മുഖത്തേയ്ക്ക് നോക്കി, എന്തോ സങ്കടമുള്ളത് പോലെ എനിക്ക് തോന്നി

എന്താ ആകെ ഡള്ളായിരിക്കുന്നല്ലോ സുഖമില്ലെങ്കിൽ പറയു ,നമുക്ക് ഡോക്ടറെ കാണാം

അസുഖം ബാധിച്ചിരിക്കുന്നത് ശരീരത്തിനല്ല മനസ്സിനാണ് അതിനി നിങ്ങളെക്കൊണ്ട് മാറ്റാനും കഴിയില്ല

അവൾ പുറം തിരിഞ്ഞ് ജനാലക്കമ്പിയിൽ പിടിച്ച് പുറത്തേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു

നീയെന്തൊക്കെയാണീ പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല

ഞാനമ്പരപ്പോടെ ചോദിച്ചു.

ഇന്ന് നിങ്ങളുടെ ഫോണിലേക്ക് ഒരു വിധുബാല വിളിച്ചിരുന്നു ,നേരത്തെ നിങ്ങളൊന്നിച്ച് ഒരു ഓഫീസിൽ വർക്ക് ചെയ്തിരുന്നതാണെന്നും നിങ്ങളോട് വിവാഹാശംസകൾ പറയാനാണ് വിളിച്ചതെന്നും പറഞ്ഞു

ആഹാ അത് കൊള്ളാമല്ലോ അവളെ ഞാൻ കല്യാണത്തിന് വിളിച്ചിട്ട് വന്നിരുന്നില്ല

ങ്ഹാ വരാതിരുന്നതിൻ്റെ കാരണവും അവൾ പറഞ്ഞു

എന്ത് പറഞ്ഞു

നിങ്ങളെ അവൾ പ്രൊപ്പോസ് ചെയ്തപ്പോൾ നിങ്ങൾ വേറെ ആരെയോ സ്നേഹിക്കുന്നുണ്ടെന്നും അവളെ മാത്രമേ വിവാഹം ചെയ്യുള്ളു എന്നും പറഞ്ഞെന്ന്,
ആ നിരാശയിലാണ് അവൾ ഓഫീസ് മാറിപ്പോയതെന്നും കല്യാണത്തിന് വരാതിരുന്നതെന്നും പറഞ്ഞു.

അത് ശരി ,അവളെല്ലാം പറഞ്ഞല്ലേ?

അതേ, അത് കൊണ്ട് ഞാൻ നിങ്ങളുടെ പൂർവ്വ ചരിത്രമറിഞ്ഞു
നിങ്ങൾക്കങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്നെങ്കിൽ പിന്നെ എന്നെയെന്തിനാ ഇതിനിടയിലേക്ക് വലിച്ചിഴച്ചത് ,അവളെ തന്നെ കെട്ടികൂടായിരുന്നോ ?

അതിന് നിഖിതയിത്ര രോഷാകുലയാകുന്നതെന്തിനാ, നമ്മൾ തമ്മിൽ ഒരു താലിച്ചരടിൻ്റെ ബന്ധം മാത്രമേയുള്ളു ,ഞാനത് പൊട്ടിച്ചെറിഞ്ഞാൽ ഏത് നിമിഷവും തീരാവുന്നൊരു ബന്ധം

നിങ്ങൾക്കങ്ങനെയൊക്കെ പറയാം ,അന്ന് ഞാൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും, ഇപ്പോൾ ഞാൻ നിങ്ങളെ ഇഷ്ടപ്പെട്ട് വരികയായിരുന്നു, അപ്പോഴാ ഇടിത്തീ പോലെ ഒരു വാർത്ത നിങ്ങളുടെ പഴയ പ്രണയബന്ധത്തെക്കുറിച്ച് ,മറ്റൊരാൾ പറഞ്ഞ് ഞാൻ അറിയേണ്ടി വന്നത്, എന്തിന് വേണ്ടിയാണ് ഇഷ്ടപ്പെട്ടവളെ വേണ്ടെന്ന് വച്ച് നിങ്ങളെന്നെ കല്യാണം കഴിച്ചതെന്നെനിക്കറിയണം ,
അതറിഞ്ഞ് കഴിഞ്ഞാൽ പിന്നെ, ഞാൻ നിങ്ങളുടെ ജീവിതത്തിൽ ഒരു തടസ്സമായുണ്ടാവില്ല ,

അവളുടെ കൺകോണിൽ പൊട്ടിയൊഴുകാൻ തയ്യാറെടുക്കുന്ന നീർക്കുമിളകൾ ഞാൻ കണ്ടു

ഞാൻ പറയാം ,അവളെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയത്, ഏതാണ്ട് നാലഞ്ച് മാസങ്ങൾക്ക് മുമ്പാണ്,

ഞാൻ ഓഫീസിൽ പോകുന്ന പ്രൈവറ്റ് ബസ്സിൽ വച്ചാണ് ആദ്യമായി ഞാനവളെ കാണുന്നത്, എന്ത് കൊണ്ടോ ആദ്യകാഴ്‌ചയിൽ തന്നെ, അവളെൻ്റെ മനസ്സിൽ കയറിക്കൂടി,പിന്നെ അവളെ കാണാൻ വേണ്ടി മാത്രമായി, ഞാൻ കൃത്യമായി ആ ബസ്സിൽ തന്നെ സ്ഥിരമായി യാത്ര ചെയ്തു,
അവൾ പഠിക്കുന്ന കോളേജിന് മുന്നിൽ ഇറങ്ങുന്നത് വരെ, എൻ്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു ,അങ്ങനെ ഊണിലും ഉറക്കത്തിലുമെല്ലാം,അവളെക്കുറിച്ച് മാത്രമായി എൻ്റെ ചിന്ത ,പക്ഷേ ഒരിക്കൽ പോലും, എൻ്റെ ഇഷ്ടം അവളോട് തുറന്ന് പറയാൻ എനിക്ക് ധൈര്യമില്ലായിരുന്നു,
അത് കൊണ്ട് എൻ്റെ കല്യാണത്തോടെ, ഞാനാ ഇഷ്ടം എൻ്റെ മനസ്സിൽ തന്നെ കുഴിച്ച് മൂടി

ഇപ്പോൾ നിങ്ങൾക്ക് നിരാശ തോന്നുന്നില്ലേ?

എന്തിന്?

അവളോട് ഇഷ്ടം തുറന്ന് പറയാതിരുന്നത് കൊണ്ടാണ്, നിങ്ങൾക്കീ ഗതി വന്നതെന്നോർത്തിട്ട്

ഇല്ല

അതെന്താ?

എനിക്കവളെ കാണണമെന്ന് തോന്നുമ്പോൾ ,അവളറിയാതെ ഞാനെടുത്ത കുറെ ഫോട്ടോസ് എൻ്റെ മൊബൈലിലുണ്ട് ,അത് ഞാനെടുത്ത് നോക്കും, എന്നിട്ട് എൻ്റെ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കും, അവളെ കണ്ട് കൊതിക്കാൻ മാത്രമേ എനിക്ക് അർഹതയുള്ളു, സ്വന്തമാക്കാൻ ഒരിക്കലും കഴിയില്ലെന്ന്

മറ്റൊരു പാവം പെണ്ണിനെ താലി കെട്ടിയിട്ട് പിന്നെയും പഴയ പ്രണയിനിയുടെ ഫോട്ടോ കണ്ട് ആസ്വദിക്കുന്നത് തറവാട്ടിൽ പിറന്ന ആണുങ്ങൾക്ക് ചേർന്നതല്ല

ശരി, ഇനി മുതൽ ഞാൻ കാണില്ല

എങ്കിൽ പിന്നെ അതങ്ങ് ഡിലിറ്റ് ചെയ്തൂടെ

എന്തോ, എനിക്കൊരു മടി, നീ തന്നെയിതങ്ങ് ഡിലിറ്റ് ചെയ്തേക്ക്

ഞാൻ എൻ്റെ മൊബൈലിൽ നിന്ന് പഴയ കാമുകിയുടെ ഫോട്ടോ എടുത്ത് അവൾക്ക് നേരെ നീട്ടി .

അത് പിടിച്ച് വാങ്ങിയിട്ട് ഡിലിറ്റ് ചെയ്യാനൊരുങ്ങുമ്പോൾ, ഫോട്ടോ കണ്ട ,അവളുടെ കണ്ണുകളിൽ അത്ഭുതം വിരിയുന്നതും ,കടന്നൽ കുത്തിയത് പോലെയിരുന്ന അവളുടെ മുഖത്ത്, സന്തോഷം തിരതല്ലുന്നതും ഞാൻ ഒരു പുഞ്ചിരിയോടെ നോക്കിയിരുന്നു

അതെന്ത് കൊണ്ടാണെന്ന് ഇത് വായിച്ച നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ ,ബാക്കിയൊക്കെ ശുഭം

NB :-ചില തെറ്റിദ്ധാരണകൾക്ക് കാലക്രമേണ മാറ്റങ്ങളുണ്ടാകും,
ലൗ മാര്യേജും, അറേഞ്ച്ഡ് മാര്യേജും വിജയിക്കും, പക്ഷേ അത് വിജയിക്കണമെങ്കിൽ ഭാര്യയും ഭർത്താവും തന്നെ വിചാരിക്കണം.

രചന
സജി തൈപ്പറമ്പ്.

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Malayalam Story: This woman’s answer shocks her husband on marriage night story by Saji Thaiparambu – Aksharathalukal Online Malayalam Story

5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!