ഓളങ്ങൾ – ഭാഗം 16

6650 Views

olangal novel aksharathalukal

എനിക്ക് എന്റെ വീട്ടിൽ പോകണം.. എന്റെ അച്ഛന്റെയും അമ്മയുടെയും കു‌ടെ നിൽക്കണം കുറച്ചു ദിവസം “

“അങ്ങനെ അല്ലാലോ… നീ ഇപ്പോൾ പറഞ്ഞത്… ഈ ബന്ധം തുടരാൻ സാധിക്കുക ഇല്ലെന്ന് അല്ലേ… “

“അതേ… പക്ഷേ അത്‌ അങ്ങനെ അല്ല ഉദ്ദേശിച്ചത്… “

“എങ്ങനെ അല്ല…. “

“അത്‌.. അത്‌…. സോറി… ഞാൻ അറിയാതെ പറഞ്ഞതാ “

“അല്ലാ… നീ അറിഞ്ഞോണ്ട്, ആലോചിച്ചിട്ട് പറഞ്ഞതാ… നിന്റെ വീട്ടുകാരോട് ഞാൻ പറയും എന്നായപ്പോൾ നിനക്ക് പേടിയായി… അതല്ലേ സത്യം… “

ലക്ഷ്മി ഒന്നും മിണ്ടാതെ മുഖം കുനിച്ചു…. 

“നീ പൊയ്ക്കോ… അതല്ലേ ഇപ്പോൾ നിന്റെ വിഷമം, നാളെ അവരുടെ കൂടെ പൊയ്ക്കോ.. എനിക്ക് എന്ത് പ്രോബ്ലം…. കുറച്ചു ദിവസം നിന്നിട്ട് വന്നാൽ മതി.. ഇനി ഇതിന്റെ പേരിൽ ഒരു വഴക്ക് വേണ്ടാ… “

വൈശാഖൻ പുറത്തേക്ക് ഇറങ്ങി പോയി.  

സമയം 8.30 pm

അടുക്കളയിൽ ആണെങ്കിൽ ആകെ ബഹളമയം ആയിരുന്നു…. 

ദേവകിയും, വീണയും കൂടി ചുവന്നുള്ളിയും സവാളയും  എല്ലാം പൊളിക്കുക ആണ്.. 

മീൻ കറി വെയ്ക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് സുമിത്ര… 

“ആ കുടംപുളി കുതിർത്തുവെച്ച വെള്ളം ഇങ്ങോട്ട് എടുത്തേടി ഉണ്ണിമോളേ “

“മുളക്പൊടി മൂപ്പിച്ചത് നന്നായി എണ്ണ തെളിഞ്ഞു വന്നല്ലോ അമ്മേ “…അവൾ അമ്മയുടെ അടുത്തേക്ക് പുളിവെള്ളം നീട്ടി വെച്ചു കൊടുത്തു.. 

“എങ്ങനെ ആണ് അമ്മേ ഈ മീൻകറി വെയ്ക്കുന്നത്,, ഇത് എന്ത് മീൻ ആണ് “…

ലക്ഷ്മി അവരുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.. 

“ഇത് വറ്റ എന്നു പറയുന്ന ഒരിനം മീൻ ആണ് മോളേ.. ആദ്യം നമ്മൾ മീൻ കഷ്ണം കഴുകി വാരി വെള്ളം എല്ലാം പോകാനായി ഇങ്ങനെ ഇട്ടു വെയ്ക്കണം, എന്നിട്ട് ആവശ്യത്തിന് പിരിയൻ മുളകുപൊടിയും കുറച്ച് മഞ്ഞൾ പൊടിയും കൂടി ചെറു ചൂടുവെള്ളത്തിൽ കുഴച്ച് വയ്ക്കണം,, എന്നിട്ട് ദേ മൺചട്ടി എടുത്തു ചൂടാക്കാൻ അടുപ്പത്തു വെയ്ക്കണം,, ഈ നാടൻ വെളിച്ചെണ്ണ മൺചട്ടിയിലേക്ക് ഒഴിക്കണം… അത്‌ ചൂടായി കഴിയുമ്പോൾ കുറച്ചു ഉലുവയും കടുകും കൂടി ഇടണം, അതെല്ലാം പൊട്ടി കഴിയുമ്പോൾ ചുവന്നുള്ളിയും, ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും എല്ലാം കൂടി ഇട്ട് നന്നായി വഴറ്റണം, അതെല്ലാം കൂടി വഴന്നു കഴിയുമ്പോൾ കുതിർത്തു വച്ചിരിക്കുന്ന പിരിയൻ മുളകുപൊടി അതിലേക്ക് ഇടണം, അതൊന്നു നന്നായി  വഴറ്റി കഴിഞ്ഞ് ഈ കുടംപുളി ഇട്ടു വെച്ച വെള്ളവും ആവശ്യത്തിന് ഉപ്പും  കൂടി ഒഴിച്ച് നന്നായി തിളപ്പിക്കണം, തിളച്ചുകഴിയുമ്പോൾ ഈ മീൻ കഷണങ്ങൾ പെറുക്കി അതിലേക്ക് ഇടണം, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, വെള്ളം, മീൻ കഷണത്തിന് അടിയിൽ നിൽക്കണം ഒരിക്കലും കൂടി പോകരുത്, എന്നിട്ട് ഇത് അടച്ചു വച്ച് വേവിക്കണം, നന്നായിട്ട് പറ്റി കഴിയുമ്പോൾ കുറച്ചു പച്ച വെളിച്ചെണ്ണയും ഒഴിച്ച്, രണ്ട് തണ്ട് കറിവേപ്പിലയും ഇട്ടു, കുറച്ചു ഉലുവപ്പൊടി കൂടി മീതെ ഇടണം… “

“പിറ്റേ ദിവസം രാവിലെ ഈ മീൻകറി മൂടി വെച്ചിരിക്കുന്ന അടപ്പ് ഒന്ന് തുറക്കുമ്പോൾ…. എന്റെ ഏട്ടത്തി.. “

അത്‌ പറയുന്പോൾ ഉണ്ണിമോൾടെ വായിൽ വെള്ളം നിറഞ്ഞു… 

അങ്ങനെ മീൻ കറി റെഡി ആയി…..സുമിത്ര അടുപ്പത്തു നിന്നും വാങ്ങി വെച്ചോണ്ട് പറഞ്ഞു.. 

“നാത്തൂനേ… ബീഫ് വെന്തു കാണും ഇപ്പോൾ… അത്‌ നാളെ കാലത്തേ ഉലർത്തി എടുക്കാം  അല്ലേ”

“മതി മതി….. ഇനി ഇത്തിരി മാങ്ങാ അച്ചാറും ഇടണം, പിന്നെ പുളിശേരിയും ഉണ്ടാക്കി വെയ്ക്കണം… “….സുമിത്ര എളിയ്ക്ക് 

കയ്യും കൊടുത്തു അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്നു.. 

“വിജിയ്ക്ക് ആണെങ്കിൽ ഈ മണം ഒന്നും അടിക്കാൻ മേല.. ഓക്കാനിയ്ക്കാൻ വരുന്നു എന്നു പറഞ്ഞു ചായ്പ്പിലേക്ക് പോയി.. “ദേവകി മാങ്ങാ അരിഞ്ഞു കൊണ്ട് സുമിത്രയോട് പറഞ്ഞു.. 

“ആഹ്… കടിഞ്ഞൂൽ അല്ലേ… അതാ… “

“ഇനി ഇവിടെയും താമസിയ്ക്കാതെ ഒരു കുഞ്ഞിക്കാല് ഓടി നടക്കും “…അവർ ചിരിച്ചു… 

അവിടേക്ക് കയറി വന്ന വൈശാഖൻ അത്‌ കേട്ടു.. 

അവന്റെ കണ്ണ് അപ്പോൾ ലക്ഷ്മിയിൽ ആയിരുന്നു… 

അവൾ ആണെങ്കിൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന മട്ടിൽ ആണ്… 

“ആരാമ്മേ ഓടിയത് “ഒന്നും കേൾക്കാത്ത മട്ടിൽ അവൻ അമ്മയെ നോക്കി.. 

“ഓഹ് അതാ മാലതിചേച്ചിടെ വീട്ടിലെ ചക്കി പൂച്ചയാ ഏട്ടാ… “ഉണ്ണിമോൾ പറഞ്ഞപോൾ ലക്ഷ്മി അടക്കി ചിരിച്ചു.. 

“നല്ല ഏറു കൊടുത്തോണം… മീൻ കറിടെ മണം അടിച്ചു വന്നതായിരിക്കും “

വൈശാഖൻ ലക്ഷ്മിയെ ഒന്നു പാളി നോക്കിയിട്ട് സ്വീകരണമുറിയിലേക്ക് പോയി.. 

“ടി വി യിൽ ഓരോരോ ചാനലുകൾ മാറി മാറി കാണുക ആണ് വൈശാഖൻ.. “

ഏതോ മ്യൂസിക് ഷോ ആണ് ഇപ്പോൾ അവൻ കാണുന്നത്… 

 ആ മുറിയിലെ ഷെൽഫ് ഒക്കെ ആകെ അലങ്കോലം ആയിട്ടാണ് കിടക്കുന്നത്… 

ഉണ്ണിമോളും ലക്ഷ്മിയും കൂടെ അവിടമാകെ വൃത്തിയാക്കുക ആണ്.. 

കുറെ മാഗസിനുകളും ന്യൂസ്‌ പേപ്പറുകളും ഒക്കെ അവിടെ കിടപ്പുണ്ട്… 

അതെല്ലാം ലക്ഷ്മി എടുത്തു അടുക്കി പെറുക്കി വെച്ച്… 

കൈ വയ്യാണ്ടായി ഇരിക്കുനത് കൊണ്ട് ഈ വക ജോലികൾ ഒക്കെ മാത്രമേ അവൾക്ക് ചെയ്യാനാകൂ.. 

ഒരു നീല നിറം ഉള്ള ചുരിദാർ ആണ് അവളുടെ വേഷം… അത്‌ അവൾക്ക് നന്നായി ഇണങ്ങുന്നുണ്ടെന്നു വൈശാഖന് തോന്നി….

മ്യൂസിക് ഷോ ടി വി യിൽ തകൃതിയായി നടക്കുന്നുണ്ട് എങ്കിലും വൈശാഖന്റെ കണ്ണുകൾ ലക്ഷ്മിയിൽ ആണ്‌….

തന്റെ പെണ്ണാണ്… തന്റെ നല്ലപാതി… തന്റെ മക്കളെ പെറ്റുവളർത്തേണ്ടവൾ.. പക്ഷേ ഇവൾക്ക് കുറച്ചു പ്രോബ്ലം ഉണ്ട്… എല്ലാം താൻ വിചാരിച്ചാൽ മാത്രമേ റെഡി ആക്കാൻ പറ്റൂ… 

ഇടയ്ക്ക് ഒരു തവണ അവളുടെ കണ്ണുകൾ അവനിൽ തറഞ്ഞു.. 

താൻ ശ്രെദ്ധിക്കുന്നു എന്നറിഞ്ഞതും പെട്ടന്നവൾ ദൃഷ്ടി  മാറ്റി എന്ന് അവനു മനസിലായി… 

വിവാഹം കഴിഞ്ഞിട്ടു രണ്ടാഴ്ച പോലും ആയില്ല… എന്നാലും തങ്ങൾക്കിടയിൽ ഒരു അകലച്ച വന്നു കഴിഞ്ഞിരിക്കുന്നു… 

“ഏട്ടാ 

.

വാ ഊണ് കഴിക്കാം…അച്ഛാ  നാരായണമമ്മയെയും കൂട്ടി  വായോ… ഉണ്ണിമോൾ ഓരോരുത്തരെ ആയിട്ട് ഊണ് കഴിക്കാൻ വിളിച്ചു.. 

ശേഖരനും അളിയനും കൂടി നല്ല ചെത്തു കള്ള് ഒക്കെ അടിച്ചു സൊറ പറഞ്ഞു ഇരിക്കുക ആണ്‌… 

” അച്ഛനും അമ്മാവനും ഉടനെ വരുന്ന ലക്ഷണം ഒന്നും ഇല്ല നമ്മുക്ക് എല്ലാവർക്കും കഴിക്കാം,,”,, സുമിത്ര പറഞ്ഞപ്പോൾ ബാക്കി എല്ലാവരും കൂടി വട്ടം കൂടിയിരുന്ന് ഊണുകഴിച്ച് എഴുന്നേറ്റു…..

 വൈശാഖൻ മുറിയിലെത്തിയപ്പോൾ ലക്ഷ്മി തന്റെ പുസ്തകങ്ങൾ ഒക്കെ അടുക്കി വെയ്ക്കുക ആണ്‌… 

തന്റെ ഫോൺ റിങ്ങ് ചെയ്തപ്പോൾ അവൾ അത് എടുത്തു നോക്കി,,, 

 ഹലോ ദീപ ചേച്ചി,,, എന്നാ ഉണ്ട് വിശേഷം,,, അവൾ ഫോൺ കാതിലേക്ക് വെച്ചു കൊണ്ട് ചോദിച്ചു…

 കുറച്ചു വിശേഷങ്ങളൊക്കെ ചോദിച്ചതിനു ശേഷം അവൾ ഫോൺ വൈശാഖന്റെ നേരെ നീട്ടി..

 “ദേ രാജീവേട്ടനാ… ഏട്ടനോട് എന്തോ പറയണം എന്ന്..”

“ഹലോ… ആ രാജീവേട്ടാ… ആണോ… അയ്യോ ഇപ്പോൾ പറഞ്ഞാൽ കിട്ടുമോന്നു അറിയില്ല… ഞാൻ അച്ഛനോട് ചോദിക്കട്ടെ… ഓക്കേ… ഞാൻ ട്രൈ ചെയാം… ഓക്കേ… ഗുഡ് നൈറ്റ്‌… “

 അവൻ ഫോൺ തിരികെ ലക്ഷ്മിയുടെ കയ്യിലേക്ക് കൊടുത്തു….

” തന്റെ വീട്ടിൽ പോകേണ്ട എന്ന് പറഞ്ഞപ്പോൾ മുതൽ  അവൾ മുഖം വീർപ്പിച്ച് നിൽക്കുകയാണ്…”

കൂടുതൽ മൈൻഡ് ചെയാതിരിക്കുന്നതാണ് നല്ലത് എന്നു അവൻ തീരുമാനിച്ചിരുന്നു.. 

തന്നോട് സ്നേഹം ഉണ്ടെങ്കിൽ, തന്റെ വാക്കിന് വില നൽകുന്നവൾ ആണെങ്കിൽ അവൾ പോകില്ല എന്ന് അവൻ ഓർത്തു.. 

ഏതൊക്കെയോ ഫേസ് വാഷും ക്രീമും ഒക്കേ എടുത്തു അവൾ വാഷ്‌റൂമിലേക്ക് പോയി.. വലത് കൈ വയ്യാത്തത് കൊണ്ട് കുറച്ചു സാവധാനം ആണ് അവൾ മുഖം കഴുകിയത്… 

എന്നും എന്തൊക്കെയോ കുന്ത്രാണ്ടം ഒക്കെ ഇട്ടു മുഖം കഴുകുന്നത് കാണാം,,, എന്തായാലും ആള് സുന്ദരിയാണ്,, നൂറു ശതമാനം  അതറിയാം അവന്…..

പെട്ടന്നു ആണ്‌ രാജീവൻ പറഞ്ഞ കാര്യം അവൻ ഓർത്തത്… 

“അച്ഛാ…. നാളെ കുറച്ചു മധുരകള്ളൂ കിട്ടുമോ… രാജീവേട്ടൻ വരും…. പുള്ളി ഇപ്പോൾ വിളിച്ചു ചോദിച്ചതാ… 

“മ്… നോക്കട്ടെ മോനെ…. ഉണ്ടെങ്കിൽ എടുത്തു വെയ്ക്കാം “

 ലക്ഷ്മി വാഷ്റൂമിൽ നിന്നും പുറത്തു വന്നപ്പോൾ വൈശാഖിനെ അവിടെയൊന്നും കണ്ടില്ല…

അവൾ കട്ടിലിന്റെ ഓരത്തു കിടന്നു.. 

താൻ എന്ത് പറഞ്ഞാലും ഒന്നും അംഗീകരിക്കാത്ത ആളാണ് വൈശാഖേട്ടൻ…. എല്ലാവരുടെയും മുൻപിൽ വെച്ച് തന്നെ കളിയാക്കുകയായിരുന്നു ഇന്ന്.. കാർ ഓടിക്കാൻ അറിയില്ലെന്ന് നുണ പറഞ്ഞതാണ്… താൻ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ അതും സമ്മതിച്ചില്ല… 

വാതിൽ അടയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ അവൻ മുറിയിൽ വന്നു എന്ന് അവൾക്ക് മനസിലായി.. 

പെട്ടന്നവൾ കണ്ണുകൾ അടച്ചു കിടന്നു… 

*********—-**************

അശോകൻ കാലത്തേ തന്നെ അടുത്തുള്ള ബേക്കറിയിലേക്ക് പോയിരിക്കുക ആണ്‌… 

അച്ചപ്പം, നെയ്യപ്പം, ഹൽവ, ജിലേബി, ലഡ്ഡു, കേക്ക്… അങ്ങനെ ഒരുപാട് ഐറ്റംസ് ആണ്‌ അയാൾ മേടിച്ചു കൊണ്ട് വന്നത്… 

ശാരദയും മരുമകളും കൂടി നേരത്തെ എത്തി ചേർന്നിരുന്നു…. 

ശ്യാമള അവർക്ക് കോഫി കൊടുക്കുക ആണ്‌.. 

അപ്പോളാണ് അശോകൻ വന്നത്.. 

“ഇതെന്തിനാണ് എന്റെ അശോകാ ഇത്രയും സാധനങ്ങൾ… സാധാരണ വയറു കാണൽ ചടങ്ങിനാണ് ഇതോപോലെ എല്ലാം കൊണ്ട് പോകുന്നത്… “

“നമ്മൾ ആയിട്ട് ഒന്നിനും ഒരു കുറവ് വരുത്തേണ്ട…. “

ആയാൾ ഭാര്യ കൊണ്ടുവന്ന കാപ്പി മേടിച്ചു ഡൈനിങ്ങ് ടേബിളിൽ വെച്ച്.. “

” വൈശാഖിനെ സ്വന്തമായിട്ട് ജോലി ഒന്നും ആയില്ലേ,അമ്മായി.. ,, ശാരദയുടെ മരുമകൾ വൃന്ദ മുൻകൂട്ടി തയ്യാറാക്കിയ പോലെ ശ്യാമളയെ നോക്കി… 

“വൈശാഖനു ജോലിക്ക് പോയി കുടുംബം നോക്കേണ്ട കാര്യം ഒന്നുമില്ല മോളെ… അവർക്ക് ധാരാളം കുടുംബ സ്വത്ത്‌ ഒക്കെ ഉള്ളതാണ് “…അശോകൻ ആണ്‌ മറുപടി പറഞ്ഞത്… 

” അതിപ്പോ രാജീവനും പോകേണ്ട കാര്യമൊന്നുമില്ല,, അവർക്കും ഇതിലും കുടുംബസ്വത്ത് ഉള്ളവരാണ്,,, “… ശാരദ വിട്ടുകൊടുക്കുന്ന ഭാവത്തിൽ അല്ലായിരുന്നു….

” അവരെ… എങ്ങനെയെങ്കിലും ജീവിച്ചോളും നിങ്ങൾ ഇനി ഇതിന്റെ പേരിൽ ഒരു വഴക്ക് കൂടെണ്ട…. “അതും പറഞ്ഞു കൊണ്ട് ശ്യാമള കയറി പോയി.. 

“നിങ്ങൾ ഇരിക്ക്‌… ഞാൻ ഇപ്പോൾ ഡ്രസ്സ്‌ മാറി വരാം… “അശോകനും പിറകെ പോയി.. 

” എന്റെ അശോകേട്ട….ഇവർക്ക് ഇത് എന്തിന്റെ കേടാണ്… മോൾക്ക് എന്തൊക്കെ സാധനങ്ങളാണ് കൊടുക്കുന്നത് എന്ന് അറിഞ്ഞു കഴിഞ്ഞപ്പോൾ ചേച്ചിയുടെ മുഖം മാറി…”

” അതൊക്കെ പോട്ടെടീ,,, നീ അതൊന്നും കാര്യമാക്കേണ്ട അവരെ അവരുടെ വഴിക്ക് വിട്ടേക്ക്”

 കാർപോർച്ചിൽ ഒരു വണ്ടി വന്നു നിന്നു നോക്കിയപ്പോൾ ദീപയും രാജീവനും അവന്റെ അമ്മയും ഒക്കെ ആയിരുന്നു വണ്ടിയിൽ..

 ശ്യാമള വേഗം തന്നെ അവരെ സ്വീകരിക്കുവാൻ ആയി അവിടേക്ക് ചെന്നു,, 

 പിറകെ ഓരോരുത്തരായി വന്നു കൊണ്ടേയിരുന്നു….

*****************–**********

“ആളുകൾ വരാറായി… എല്ലാം കാലമായില്ലേ സുമിത്രേ… “

ശേഖരൻ ഇടയ്ക്ക് അടുക്കളയിലേക്ക് വന്നു.. 

” പോയി അച്ഛന്റെ ഒരു പരവേശം കണ്ടാൽ തോന്നും,,,, ഇവിടെ ഒന്നും റെഡി ആയില്ലെന്നു… “

അച്ചനിങ്ങോട്ട് വന്നേ എന്നു പറഞ്ഞു കൊണ്ട് വീണ അയാളുടെ കൈക്ക് പിടിച്ചു.. 

 തോരൻ,  മെഴുക്കുവരട്ടി, വെള്ളരിക്കാ പച്ചടി, ഉള്ളി തീയൽ, 

 അവിയൽ , പുളിശ്ശേരി, മാങ്ങാ അച്ചാർ, ബീഫ് ഫ്രൈ, ചിക്കൻ വരട്ടിയത്, മീൻ കറി, പാവയ്ക്ക കൊണ്ടാട്ടം, പപ്പടം, ചള്ളാസ്… 

… ഇത്രയും ഐറ്റംസ് ഇവിടെ റെഡിയായിട്ടുണ്ട്,,,, ഇനി എന്തിനാണ് അച്ഛൻ ഇങ്ങനെ ടെൻഷനടിച്ച് നടക്കുന്നത്…

ലക്ഷ്മി നീലക്കണ്ണാടിക്ക് മുന്നിൽ നിൽക്കുക ആണ്‌… 

വൈശാഖൻ നോക്കിയപ്പോൾ 

സീമന്തരേഖയിൽ അവൾ സിന്ദൂരം ചാർത്തുക ആണ്‌… 

“ലക്ഷ്മി…. “

അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.. 

“കൈയിലെ മുറിവ് എങ്ങനെ ഉണ്ട് “

“ഓഹ് എന്ത് സുഖവിവരങ്ങൾ ഒക്കെ ചോദിച്ച് അറിയേണ്ട കാര്യമുണ്ടോ താങ്കൾക്ക്,,, മിടുക്കി കുട്ടികൾ ആയ മൂന്നു പെങ്ങന്മാരും ഉണ്ട്, മൂത്ത പെങ്ങൾ  ആണെങ്കിൽ പ്രെഗ്നന്റ് ആണ്‌, സ്നേഹനിധികളായ അച്ഛനും അമ്മയും ഉണ്ട്, അവരുടെയൊക്കെ കാര്യങ്ങളും വിവരങ്ങളൊക്കെ അന്വേഷിച്ച് അറിയണ്ടേ അതിനിടയ്ക്ക് എന്റെ കാര്യത്തിൽ എവിടെയാണ് താങ്കൾക്ക് സമയം”

” അതുകൊണ്ട് നിന്റെ അച്ഛൻ ആണല്ലോ നിന്നെ വന്ന് ക്ലിനിക്കിൽ കൊണ്ടുപോയത്,,, “

 അതും പറഞ്ഞു കൊണ്ട് അവൻ മുറിക്ക് പുറത്തേക്കിറങ്ങി..

11.30 കഴിഞ്ഞപ്പോൾ ആണ്‌ അവർ എല്ലാവരും എത്തിയത്.. 

മൂന്നുഡോറിന്റെ തേക്കിൽ തീർത്ത ഒരു അലമാരയും, ഒരു ഏ സി യും,ഒരു പുതിയ ലാപ്ടോപ്പും, കുറെ ഏറെ പലഹാരങ്ങളും,  ഒക്കെ ആയിട്ടാണ് അവരുടെ വരവ്.. 

വൈശാഖന്റെ വീട്ടുകാർ പകച്ചു നിൽക്കുക ആണ്‌ ഇതെല്ലാം കണ്ടിട്ട്… 

ഇത്രയൊന്നും അവർ ആരും പ്രതീക്ഷിച്ചില്ല… 

ലക്ഷ്മി ആണെങ്കിൽ ഒരു മുഴം പൊങ്ങി ആണ്‌ നിൽക്കുന്നത് എന്ന് വൈശാഖന് തോന്നി.. 

ശേഖരനും വൈശാഖനും കൂടി എല്ലാവരെയും അകത്തേക്ക് സ്വീകരിച്ചു ഇരുത്തി.. 

“അയ്യോ… ഇതെന്തു പറ്റിയതാണ് എന്റെ മോളേ നിന്റെ കൈക്ക്,, “ശരദ ഓടി വന്നു ലക്ഷ്മിയുടെ കൈക്ക് പിടിച്ചു.. 

നാളികേരം പൊതിച്ചതാണ് എന്നു പറഞ്ഞപോൾ അവർ മൂക്കത്തു വിരൽ വെച്ച്.. 

“ദൈവമേ… ഒരു സ്പൂണ് പോലും കൈ കൊണ്ട് എടുക്കാതിരുന്ന പെൺകൊച്ചു ആണ്‌… ഇതെന്താ മോളേ ഇവിടെ ആരും ഇല്ലേ ഇതൊന്നും ചെയ്യാൻ “

“ഇവിടെ ഇതൊക്കെ ചെയ്യാൻ ഒരാളുടെ കുറവുണ്ട് ശാരദഅപ്പച്ചി ഒരു കൈ നോക്കുന്നോ”…. രാജീവൻ അത് ചോദിച്ചപ്പോൾ ശാരദ ചൂളിപ്പോയി…

 അത് കേട്ടപ്പോൾ ആദ്യമായി ദീപക്ക് രാജീവ് നോട് ഇഷ്ടം തോന്നി…

രാജീവൻ ആണെങ്കിൽ വന്നതേ തന്നെ വൈശാഖാന്റെ അടുത്ത് ചെന്നു സാധനം കൈക്കൽ ആക്കി വെച്ചിരുന്നു.. 

രണ്ടാളും തമ്മിൽ കുശുകുശുക്കുണ്ടല്ലോ ചേച്ചി…. ഇടയ്ക്ക് ലക്ഷ്മി ദീപയോട് ചോദിച്ചു.. 

ദീപ പറഞ്ഞപ്പോൾ ആണ്‌ രാജീവൻവന്നതിന്റെ ഉദ്ദേശം ലക്ഷ്മി അറിഞ്ഞത്… 

“മോളെ… വൈശാഖാനോട് ഇത് ഒരു പതിവാക്കേണ്ട എന്ന് പറഞ്ഞേക്കണം കെട്ടോ.. ഇല്ലങ്കിൽ രാജീവേട്ടൻ സ്വൈര്യം കൊടുക്കില്ല “

ശ്യാമളയും ദീപയുടെ അമ്മായിമ്മയും കൂടെ ശേഖരന്റെ പച്ചക്കറി തോട്ടം ഒക്കെ നടന്നു കാണുക ആണ്‌.. 

അവർക്ക് ആ വീടും പ്രദേശവും ഒക്കെ നന്നായി ഇഷ്ട്പെട്ടു എന്നു ശ്യാമളക്ക് മനസിലായി… 

“അമ്മേ… വാ ഫുഡ്‌ കഴിക്കാം… ലക്ഷ്മി അവറുടെ അടുത്തേക്ക് നടന്നു വന്നു 

വന്നവർക്കെല്ലാം സുമിത്രയുടെ കറികൾ ഒക്കെ ഇഷ്ടപ്പെട്ടു… 

എല്ലാവരും ആസ്വദിച്ചു ഇരുന്നു ഭക്ഷണം കഴിക്കുക ആണ്‌…..

വൈശാഖന്റെ കണ്ണുകൾ ഇടയ്ക്കെല്ലാം ലക്ഷ്മിയിലേക്ക് പോകുന്നുണ്ട്… 

അവൾ വീട്ടിലേക് പോകുമോ എന്നാണ് അവന്റെ സംശയം… 

ഊണൊക്കെ കഴിഞ്ഞു എല്ലാവരും ഒരു അരമണിക്കൂർ കൂടി ഇരുന്നതിന് ശേഷം പതിയെ പോകാനായി എഴുനേറ്റു…

“മോളെ ലക്ഷ്മി…. നീ വരുന്നുണ്ടോ ഞങ്ങളുടെ കൂടെ…. നാളെ അവിടെ നിന്ന് കോളേജിൽ പോകാം… രണ്ട് ദിവസം കഴിഞ്ഞു വരികയും ചെയാം”ശ്യാമള മകളോട് ചോദിക്കുന്നത് വൈശാഖൻ പുറത്ത് നിന്ന് കേട്ട്… 

“ഓണത്തിന് ഇനി കുറച്ചു ദിവസം അല്ലേ ഒള്ളു അമ്മേ, ഞാനും ഏട്ടനും കൂടി അന്നേരം വരാo….. നാളെ ഞാൻ ഇവിടെന്നു കോളേജിൽ പോയ്കോളാം… “അത്‌ പറയുമ്പോൾ അവളുടെ സ്വരം ഇടറിയോ എന്ന് ശ്യാമള ഓർത്തു.. 

വൈശാഖൻ അവളെ നോക്കി എങ്കിലും എല്ലാവരും കൂടി നിന്നതിനാൽ അവനു അവളെ കാണാൻ കഴിയില്ലായിരുന്നു… 

കുറച്ചു കഴിഞ്ഞതും അവർ എല്ലാവരും യാത്ര പറഞ്ഞു പോയി… 

ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു വന്നു… ആരും കാണാതെ അവൾ വേഗം തന്റെ കണ്ണീർ കൈകൊണ്ടു തുടച്ചു…. 

ലക്ഷ്മിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന പലഹാരങ്ങൾ എല്ലാം സുമിത്ര എല്ലാവർക്കും വീതം വച്ചു കൊടുത്തു,,, അയൽപക്കത്തുള്ള എട്ടുപത്തു വീട്ടുകാർക്കും കൂടി സുമിത്ര അതെല്ലാം ഉണ്ണിമോളുടെയും  വീണയുടെയും കയ്യിൽ കൊടുത്തു വിട്ടു…

 അടുക്കള കാണൽ ചടങ്ങിന് മേലേടത്ത് വീട്ടിലെത്തിയവരെല്ലാം  പോയപ്പോൾ എല്ലാവരുടെയും കയ്യിൽ ഓരോ കെട്ടു  പലഹാര പൊതി ഉണ്ടായിരുന്നു…

 ലക്ഷ്മി അടുക്കളയിൽ നിന്ന് കൊണ്ട് എന്തൊക്കെയോ ചെയ്യുകയാണ്,,,, വീണയും ഉണ്ണി മോളും അയൽവക്കത്തെ വീടുകളിൽ പലഹാരവും ആയിട്ട് പോയിരിക്കുകയാണ്, സുമിത്രയും വിജിയും കൂടി മുറ്റത്തു ഇരിക്കുക ആണ്‌.. വൈശാഖൻ പതിയെ അടുക്കളയിലേക്ക് വന്നു..

ലക്ഷ്മി ആണെങ്കിൽ പിന്തിരിഞ്ഞു നിൽക്കുക ആണ്.. 

“ഗുഡ് ഗേൾ “…അവൻ അവളുടെ കാതിൽ മന്ത്രിച്ചു… 

*****************-**–*—*******

അലമാര ആണെങ്കിൽ എല്ലാവരും കൂടി എടുത്തു കൊണ്ട് മുറിയിൽ കയറ്റി വച്ചിരുന്നു… 

രാത്രിയിൽ കിടക്കാൻ നേരം ആണ്‌ ലക്ഷ്മി അതെല്ലാം നേരെ ചൊവ്വേ കാണുന്നത്… 

അവൾക്ക് അത്‌ നന്നായി ഇഷ്ടപ്പെട്ടിരുന്നു.. 

“ഹായ് ലക്ഷ്മി കുട്ടി…. “വൈശാഖൻ വലിയ സന്തോഷത്തിൽ ആണ്‌.. 

കാരണം അവൾ പോയില്ലലോ… താൻ പറഞ്ഞത് അനുസരിച്ചല്ലോ… അതായിരുന്നു അവന്റെ സന്തോഷത്തിന്റെ കാരണം.. 

“ജയിച്ചു എന്നു കരുതേണ്ട… തോൽക്കാൻ പോകുന്നതേ ഒള്ളു… “

ലക്ഷ്മി അവനെ നോക്കി പറഞ്ഞു.. 

തുടരും…

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

പരിണയം

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഓളങ്ങൾ – ഭാഗം 16”

Leave a Reply