നിന്നു പ്രസംഗിക്കാതെ വേഗം ഡ്രസ്സ് എടുക്കാൻ നോക്ക്.. അച്ഛൻ വന്നു ദേഷ്യപ്പെട്ടപ്പോൾ വിജിയും വീണയും കൂടി വേഗം തന്നെ എല്ലാം തിരഞ്ഞെടുക്കാൻ തുടങ്ങി.
ലക്ഷ്മിയുടെ വേഷവുമായി മാച്ച് ആകുന്നത് വൈശാഖനും എടുത്തു.
, വീണക്കു ചുരിദാർ, ഉണ്ണിമോൾക്ക് ഫ്രോക്ക്, സുമിത്രക്കും വിജിക്കും സാരീ , ശേഖരനും, ഗോപനും ഷർട്ട്, ഇത്രയുമാണ് എടുത്തത്..
എല്ലാവരും ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു
തിരികെ വീടെത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു..
ഹാവൂ… ഈ പെൺകുട്ടികളെയും കൊണ്ട് ഒരു വഴിക്ക് പോകാൻ പറ്റില്ലാലോ… നടു ഒടിഞ്ഞു… ശേഖരൻ ഉമ്മറത്തേക്ക് കയറി കോണ്ട് പറഞ്ഞു.
ഇങ്ങനെ ഒക്കെ ആണ് അച്ഛാ,, ഈ ഷോപ്പിംഗിനു പോയാൽ… ഉണ്ണിമോൾ ചിരിച്ചു..
നീ മേടിക്കും കെട്ടോ.. പൊയ്ക്കോ എന്റെ മുൻപീന്നു…. ശേഖരൻ കൈ ഓങ്ങി..
സുമിത്ര വേഗം തന്നെ എല്ലാവർക്കും കഴിക്കാനുള്ള ഊണ് എടുത്തു വെച്ചു.
പുളിശേരിയും അച്ചിങ്ങ ഉപ്പേരിയും ചെമ്മീനും മാങ്ങയും വെച്ച് ഒരു ചമ്മന്തിയും ആയിരുന്നു വിഭവങ്ങൾ..
വിശന്നു വന്നത് കൊണ്ട് എല്ലാവരും വയറു നിറച്ചു ഭക്ഷണം കഴിച്ചു.
ഹായ്… ഇവിടുത്തെയും ഷോപ്പിംഗ് കഴിഞ്ഞു കേട്ടോ….. എനിക്കും ഡ്രസ്സ് എടുത്തു..കുർത്ത ആണ്…. റൂമിലേക്ക് വന്നതും വൈശാഖൻ ഫോണെടുത്തു ലക്ഷ്മിക്ക് ഒരു മെസ്സേജ് അയച്ചു.
ക്ലാസ്സിൽ ആയിരുന്നത്കൊണ്ട് ലക്ഷ്മി തിരികെ വീട്ടിൽ എത്തി കഴിഞ്ഞാണ് ഫോൺ എടുത്തു നോക്കിയത്..
ആണോ…. എത്ര രൂപ ആയി… പെട്ടന്ന് അവൾ തിരിച്ചു ചോദിച്ചു.
ക്യാഷ് എത്ര ആയിന്നു ആയിരുന്നു അവൾക്ക് അറിയേണ്ടത്… ഇവൾ തരക്കേടില്ലാലോ… വൈശാഖൻ ഓർത്തു..
കുറച്ചു കോസ്റ്റലി ആയി.. അവൻ മറുപടി കൊടുത്തു.
പക്ഷേ കുർത്തയുടെ ഫോട്ടോ അയക്കാൻ അവൾ പറഞ്ഞില്ലാലോ എന്നു അവൻ ഓർത്തു..
ആഹ് എന്തെങ്കിലും ആകട്ടെ… അന്ന് കണ്ടാൽ മതി… അല്ല പിന്നെ… വൈശാഖൻ ഫോണ് മേശയിൽ വെച്ചിട്ട് അനുജത്തിമാരുടെ അടുത്തേക്ക് പോയി…
വീണയും ഉണ്ണിമോളും കൂടി അവർക്ക് തൈക്കാനുള്ളത് എല്ലാം ആയിട്ട് അടുത്ത വീട്ടിലെ രേഖചേച്ചിയുടെ അടുത്തേക്ക് പോകാൻ തുടങ്ങി.
എടി ഞാൻ ബൈക്കിൽ കൊണ്ടുപോകാം.. അവൻ പറഞ്ഞു.
വേണ്ട വല്യേട്ട… ഞങ്ങൾ പോയ്കോളാം… വീണ പുറത്തേക്ക് ഇറങ്ങി.
എടി… ന്റെ ബ്ലൗസിന്റെ പിൻകഴുത്തു ഒരുപാട് വെട്ടി കുഴിച്ചു കളയരുത് എന്നു പറയണം.. സുമിത്ര വിളിച്ചു പറഞ്ഞു.
ശരി അമ്മേ… ഉണ്ണിമോൾ മറുപടി കൊടുത്തു..
നീ എവിടെ പോകുവാടാ വൈശാഖ….. ബൈക്കിന്റെ കീയും ആയിട്ട് ഇറങ്ങിയ വിശാഖാനോട് അച്ഛൻ ചോദിച്ചു.
ഞാൻ ഇവിടെ വരെ… അവൻ പറഞ്ഞു.
ന്റെ വൈശാഖ, നടന്നു പോയാൽ പോരെ… ഈ പെട്രോൾ എന്നു പറയുന്ന സാധനം ചുമ്മാ കിട്ടുന്നത് അല്ല കെട്ടോ…. അച്ഛൻ പറഞ്ഞതും വൈശാഖൻ ബൈക്കിന്റെ ചാവി എടുത്തു മേശമേൽ വെച്ചിട്ട് നടന്നു ആണ് പുറത്തേക്ക് പോയത്.
അവൻ ബൈക്കിൽ ഒന്നു പോയെന്നു കരുതി എന്താണ് ശേഖരേട്ടാ കുഴപ്പം m..സുമിത്ര വാദിച്ചു.
മിണ്ടാതെ പൊയ്ക്കോണം നീ… ഇന്ന് എത്ര രൂപ ആയിന്നു നിനക്ക് അറിയാമോടി…. രൂപ 14000ആണ് അങ്ങോട്ട് എണ്ണി കൊടുത്തത്… വൈക്കോൽ എടുത്തു തൊഴുത്തിലേക്ക് ഇടുക ആണ് അയാൾ..
നീ ആണ് ഈ പിള്ളേരെ ചീത്ത ആക്കുന്നത്… മാറി പൊയ്ക്കോ എന്റെ മുൻപീന്നു…ഒരു ജോലിയും ഇല്ലാത്തവനെ കൊണ്ട് പെണ്ണ് കെട്ടിച്ചിട്ട് ഇനി എന്താകുമോ ആവോ.. അയാൾക്ക് ദേഷ്യം വന്നു.
സത്യം ആണ് ഏട്ടൻ പറയുന്നത്… വീനമോൾക്ക് ഒരു സ്വർണവള കൂടി മേടിക്കാം എന്നു പറഞ്ഞു, സൂക്ഷിച്ചു വെച്ച പൈസ ആണ്…സുമിത്ര അയാൾക്ക് ചായ എടുക്കാനായി അകത്തേക്ക് പോയി..
*************************
കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന നെൽപ്പാടം നോക്കി നിൽക്കുക ആണ് വൈശാഖൻ..
അയ്യേ.. ഈ ഏട്ടൻ എന്താണ് ഈ കാണിക്കുന്നത്… ന്റെ കൈ വിട്… ആരെങ്കിലും കാണും… പാടവരമ്പത്തൂടെ വേച്ചു വേച്ചു നടന്നു വരുന്ന ലക്ഷ്മിയുടെ കൈയിൽ അവൻ മുറുക്കി പിടിച്ചു.
എടാ… നീ വന്നിട്ട് ഒരുപാടു നേരമായോ.. അനൂപ് വന്നു തോളിൽ തട്ടിയതും വൈശാഖൻ ഞെട്ടി തിരിഞ്ഞു നോക്കി.
ഓഹ്… ദിവാസ്വപ്നം കണ്ടു നിൽക്കുക ആയിരുന്നോ.
നീ പോടാ….അവൻ ചിരിച്ചു.
എന്തായി… ആ പെൺകുട്ടി നിന്നെ വിളിച്ചു മിണ്ടുമോടാ… വിഷ്ണു ചോദിച്ചു.
മ്… ഒന്നു രണ്ട് വാക്കൊക്കെ… പഠിക്കാൻ പോകുന്നത്കൊണ്ട് ഒന്നിനും സമയം ഇല്ലന്ന് അവൾ പറഞ്ഞു.
ആണോ… അതു ശരിയായിരിക്കും…
.
എടാ പിന്നേയ്…. നിങ്ങൾ രണ്ടാളും കൂടി ഞായറാഴ്ച നിശ്ചയത്തിന് പോകാൻ വരണം കെട്ടോ… കാലത്തെ 10മണി ആകുമ്പോൾ ആണ് പോകുന്നത്… അതു പറയാനാണ് ഞാൻ വന്നത്..വൈശാഖൻ രണ്ടാളെയും ക്ഷണിച്ചു.
രണ്ടുപേരും വരാമെന്നു സമ്മതിച്ചു.. അനൂപിനെ ടൗണിൽ നിന്ന് എന്തോ മേടിക്കാൻ ഉണ്ടായിരുന്നു, അതുകൊണ്ട് വിഷ്ണുവും അനൂപും പെട്ടെന്ന് അവനോടു യാത്ര പറഞ്ഞു പോയി.
അസ്തമയസൂര്യന്റെ പൊൻകിരണമേറ്റ് കിടക്കുക ആണ് നെൽ വയൽ……
കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന വയൽപ്പാടങ്ങളും, വിളവ് ആകുമ്പോൾ അതു കൊത്തിത്തിന്നാൻ വരുന്ന നൂറുകണക്കിന് ഞാറ്റുവേലകിളികളും,കൊയ്ത്തു അടുക്കുമ്പോൾ ഉയർന്നു പൊങ്ങുന്ന നാടൻ പാട്ടും,, ഈ ചേറും ചെളിയും, പിടക്കണ കാരിയും വാരലും, നല്ല ചെന്തെങ്ങിൽ നിന്നു ഊറ്റി എടുക്കണ മധുരക്കള്ളും, അതു കുടിച്ചിട്ട് വീട്ടിൽ ചെല്ലുമ്പോൾ തന്നെ കാത്തിരിക്കുന്ന പെണ്കിടത്തിയും,….. കുട്ടനാടിന്റെ സൗന്ദര്യം ഒന്നു വേറെ തന്നെയാണ്….
അകലെ നിന്നും തങ്ങളുടെ സ്വന്തം,, എന്നറിയപ്പെടുന്ന ഒരു ആനവണ്ടി വരുന്നുണ്ട്…. തകഴി എന്ന വലിയ ബോർഡ് ഉണ്ട് മുൻവശത്തു..
അതേ…. ഈ കുട്ടനാടിനെ ആദ്യമായി പ്രശസ്തമാക്കിയ… തങ്ങളുടെ സ്വന്തം തകഴി ശിവശങ്കരപ്പിള്ളയുടെ സ്ഥലത്തേക്ക് പോകുന്ന ലാസ്റ്റ് വണ്ടിആണ്…..
ബസിൽ നിന്നും പാറുക്കുട്ടി വല്യമ്മ ഇറങ്ങി….
വൈശാഖോ…. നിന്റെ കല്യാണം ഒക്കെ ആയല്ലേ… പാറുട്ടിവല്യമ്മക്ക് ഒരു കോടി മേടിച്ചു തരണം കെട്ടോ…അവർ വന്നു വൈശാഖന്റെ കവിളിൽ തലോടി…
സ്ഥലത്തെ പ്രധാനപെട്ട ഗൈനോക്കോളജിസ്റ് ആയിരുന്നു ഒരു കാലത്തു പാറുട്ടി വല്യമ്മ..തകഴിയെ പോലെ തന്നെ ഒരുപാടു മഹാന്മാരെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹതി ആണ്…
ന്റെ… പാറുട്ടിവല്യമ്മേ… ഉറപ്പായിട്ടും മേടിച്ചു തരാം കെട്ടോ… അവൻ അവരുടെ ചുക്കിച്ചുളിഞ്ഞ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.
അവർ അവന്റെ കൈയിൽ സ്നേഹത്തോടെ പിടിച്ചു.
സുന്ദരി ആയിരിക്കും അല്ലേ പെണ്ണ്… അല്ലെങ്കിലും ന്റെ മോൻ സുന്ദരൻ ആയത് കൊണ്ട് പെണ്ണ് ഒട്ടും മോശം വരില്ല… അവർ ചിരിച്ചു.
പാറുകുട്ടിയമ്മേ…. പോരുന്നോ….അവരുടെ വീടിനടുത്തുള്ള ജോസ്ചേട്ടൻ ഓട്ടോ കൊണ്ട് വന്നു നിർത്തി..
ആഹ് പോരാം മോനേ…. അവർ വൈശാഖാനോട് യാത്ര പറഞ്ഞിട്ട് വേഗം ഓട്ടോയിൽ കയറി.
ഇത് എവിടെ പോയതാണ്… ജോസ് ചേട്ടൻ ചോദിക്കുന്നത് അവൻ കേട്ടു.
തിരികെ വീട്ടിലെത്തിയപ്പോൾ അമ്മയും അനുജത്തിമാരും കൂടി ഇരുന്നു നാമം ജപിക്കുന്നുണ്ടായിരുന്നു.
അവൻ ഒരു വശത്തുകൂടി അകത്തേക്ക് കയറി പോയി.
മുറിയിൽ ചെന്നു അവൻ കട്ടിലിൽ ഇരുന്നു.
ഫോണ് എടുത്തു നോക്കി..
അവളുടെ ഒരു മെസ്സേജും കാളും ഒന്നും വരത്തില്ല എന്നു അവനു അറിയാമായിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും അവനും അവൾക്ക് മെസ്സേജ് ഒന്നും അയച്ചില്ല…
അങ്ങനെ നിശ്ചയത്തിന്റെ തലേദിവസം രാത്രിയിൽ വൈശാഖൻ വെറുതെ ഫോണും നോക്കി കിടക്കുക ആണ്.
ഹായ്….. ഒട്ടും പ്രതീക്ഷിക്കാതെ ലക്ഷ്മിയുടെ മെസ്സേജ് ആയിരുന്നു വൈശാഖന്റെ ഫോണിലേക്ക് വന്നത്
അവൻ തിരിച്ചു അവളുടെ ഫോണിലേക്ക് വിളിച്ചു.
ബെൽ അടിച്ചു തീരാറായപ്പോൾ അവൾ കാൾ അറ്റൻഡ് ചെയ്തു.
ഹലോ… എന്താ ലക്ഷ്മി… അവൻ ചോദിച്ചു.
ഒന്നുല്ല വെറുതെ… അവൾ പതുക്കെ പറഞ്ഞു.
.
“നീ എന്തെടുക്കുവാ”… അവൻ ചോദിച്ചു.
“ഞാൻ വെറുതെ ഇരിക്കുക ആണ്..”
അതേയ് ഒരു കാര്യം പറയാനുണ്ടായിരുന്നു.. ലക്ഷ്മി പറഞ്ഞു.
ഈ താടി വേണ്ട കെട്ടോ.. എനിക്ക് ഇഷ്ടമല്ല… നാളെ വരുമ്പോൾ താടി കളഞ്ഞേക്കണം… അവൾ അവന്റെ മറുപടിക്ക് കാക്കാതെ ഫോൺ കട്ട് ആക്കി.
അവൻ ചിരിച്ചു പോയി,
തിരിച്ച് രണ്ടുമൂന്നു പ്രാവശ്യം അവളെ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല,
**********************-
വൈശാഖേട്ട… എത്ര നേരം ആയി കുളിക്കാൻ കയറിയിട്ട്… ഇതുവരെ കഴിഞ്ഞില്ലേ…. ബാത്ത്റൂമിന്റെ വാതിൽക്കൽ വന്നു കുറെ നേരം ആയി ഉണ്ണിമോൾ തട്ടാൻ തുടങ്ങിയിട്ട്..
എടി കോപ്പേ… ഞാൻ കുളിച്ചിട്ട് ഇറങ്ങിക്കോളാം.. നീ ബഹളം കൂട്ടുന്നത് എന്തിനാ… അവൻ അകത്തു നിന്ന് വിളിച്ചു ചോദിച്ചു.
അപ്പുറത്തൊക്കെ വാഷ്‌റൂം ഉണ്ടല്ലോ
അവിടെ പോയി കുളിക്കടി….
ഏട്ടാ… വീണേച്ചി കയറിയിട്ട് കുറെ സമയം ആയി.. എനിക്കും കുളിച്ചു ഒരുങ്ങേണ്ടതല്ലേ.. അവൾ ചിണുങ്ങി..
മോളേ…. ദേ വീണ ഇറങ്ങി. നീ അങ്ങോട്ട് പോയി കുളിക്ക്… അമ്മ വിളിച്ചു പറയുന്നത് കേട്ടപ്പോൾ ഉണ്ണിമോൾ അങ്ങോട്ടുപോയി.
താടിയൊക്കെ വടിച്ച് കുളിച്ചു കുട്ടപ്പനായി വൈശാഖൻ കണ്ണാടിയുടെ മുമ്പിൽ വന്നു നിന്നു.
അവൾ പറഞ്ഞതുപോലെ ഇതാണ് ലുക്ക്… അതോ താടിയുള്ളത് ആണോ… അവൻ ഓർത്തു.
രാഹുകാലത്തിനു മുൻപ് പുറപ്പെടണം… വൈശാഖാ… ഇറങ്ങേണ്ടതല്ലേ.. ശേഖരൻ മകനെ വിളിച്ചു..
വൈശാഖൻ ഇറങ്ങി വന്നപ്പോൾ എല്ലാവരും അവനെ നോക്കി..
നിന്റെ താടി ആര് കൊണ്ടുപോയി.. നാരായണൻമാമ ചോദിച്ചു.
ഓഹ് ഇതല്ലേ അമ്മാവാ ലുക്ക്.. അവൻ അയാളെ നോക്കി കണ്ണിറുക്കി.
ഇവിടെ മമ്മൂട്ടിക്ക് മാത്രമേ ജിവിക്കത്തൊള്ളൂ എന്നുണ്ടോ.. അവൻ അയാളുടെ ചെവിയിൽ പിറുപിറുത്തു..
മോളേ വീണേ… മോതിരം എടുത്തോടി… സുമിത്ര തലമുടിയും പിന്നി ഇട്ടുകൊണ്ട് വന്നു.
എല്ലാം എടുത്തമ്മേ.. m.വാതിൽ പൂട്ടിക്കോ… വീണ പറഞ്ഞു.
അങ്ങനെ എല്ലാവരും പുറപ്പെട്ടു..
ലക്ഷ്മി നിവാസിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു..
അലങ്കാരങ്ങളും വർണങ്ങളും കൊണ്ട് അവിടമാകെ നിറഞ്ഞിരുന്നു.
എല്ലാവരുടെയും കണ്ണുകൾ വൈശാഖനിൽ ആയിരുന്നു..
അവൻ അന്ന് കൂടുതൽ സുന്ദരൻ ആയിരുന്നു…
അവനാകട്ടെ ലക്ഷ്മിയെ തിരയുകയായിരുന്നു.
കുറച്ചു കഴിഞ്ഞതും ലക്ഷ്മിയെ അവളുടെ ചേച്ചിയും വേറെ ഏതോ ഒന്നു രണ്ട് പെൺകുട്ടികളും ചേർന്ന് കൊണ്ട് വന്നു..
അവളെ അണിയിപ്പിച്ച ബ്യൂട്ടീഷനെ കാണുവായിരുന്നു എങ്കിൽ ഒരു ഷെക്ക് ഹാൻഡ് കൊടുക്കാമായിരുന്നു. വൈശാഖൻ ഓർത്തു. അത്രയ്ക്ക് സുന്ദരിയായിരുന്നു അവൾ….
അപ്പോൾ ചടങ്ങുകളെല്ലാം തുടങ്ങാം ആരോ ഒരാൾ പറഞ്ഞു,
ലക്ഷ്മിയുടെ അമ്മ വന്നു നിലവിളക്ക് കൊളുത്തി,… ആരൊക്കെയോ ചേർന്ന് ഈശ്വരനാമം ചൊല്ലി..
ഓം ഗുരു:ബ്രഹ്മ… ഗുരു:വിഷ്ണു……
നാമം ചൊല്ലിക്കഴിഞ്ഞതും സ്വർണത്തളികയിൽ രണ്ട് മോതിരങ്ങളും വെച്ചത് കാരണവന്മാരിൽ ആരോ ഒരാൾ എടുത്തു പിടിച്ചു..
അശോകാ ഇങ്ങ് വരൂ… അയാൾ വിളിച്ചു..
ലക്ഷ്മിയുടെ അച്ഛൻ അശോകൻ അവളുടെ കയ്യിലേക്ക് മോതിരം എടുത്തു കൊടുത്തു,,,
ഇത് വൈശാഖിനു ഇട്ടുകൊടുക്കു മോളെ…അയാൾ പറഞ്ഞു.
ലക്ഷ്മിയുടെ നേർക്ക് അവൻ കൈനീട്ടി..
അവൾ അവന്റെ അണിവിരലിൽ ലക്ഷ്‌മി എന്നു പേര് കുത്തിയ മോതിരം അണിയിച്ചു.
തിരിച്ചു അവനും അവളുടെ അണിവിരലിൽ മോതിരം അണിയിച്ചു…
എന്തൊരു സോഫ്റ്റ് ആടി നിന്റെ കൈകൾ… ഒരു കമഴ്ന്ന പ്ലാവില മറിച്ചു ഇടുന്ന ആൾ അല്ല തന്റെ ഭാവി വധു എന്നു, അവനു മനസിലായി.
ചിങ്ങം 4നു അങ്ങനെ വിവാഹമുഹൂർത്തവും കുറിച്ച്…
ഫോട്ടോഷൂട്ടും പരിചയപെടുത്തലും
ഒക്കെ ആയിട്ട് ആകെ ബഹളം ആയിരുന്നു..
എന്താടോ ഒന്നും മിണ്ടാത്തത്… ഇനി എങ്കിലും തനിക്ക് ഒന്നു മിണ്ടിക്കൂടെ… ഇടയ്ക്കു വൈശാഖൻ അവളോട് ചോദിച്ചു.
അവൾ പക്ഷെ ഒന്നും പറഞ്ഞില്ല…
വീണയും ഉണ്ണിമോളും ആയിട്ട് അവൾ ഭയങ്കര കമ്പനി ആയിരുന്നു..
നിനക്ക് എന്നോട് ഒന്നും പറയാനില്ലേ… അവൻ പിന്നെയും ചോദിച്ചു.
താടി ഉള്ളത് ആയിരുന്നു നല്ലത് എന്നു തോന്നുന്നു… അവൾ പറഞ്ഞു.
നീ” അല്ലേ പറഞ്ഞത് താടി വേണ്ടന്നു… എന്നിട്ട് ഇങ്ങനെ ആണോ പറയുന്നത്…”
രാജീവൻ അപ്പോൾ അവരുടെ അടുത്തേക്ക് വന്നു..
ഹലോ വൈശാഖൻ.. ഇത് എന്റെ ഫാദർ… പി ഡബ്ലിയു ഡി എൻജിനീയർ ആയിരുന്നു… അതു അമ്മ… റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ആണ്… അയാൾ പറഞ്ഞു..
വൈശാഖൻ കൈ കൂപ്പി.
മോൻ എവിടെയാ പഠിച്ചത്… രാജീവന്റെ അമ്മ ചോദിച്ചു..
അവൻ താൻ പഠിച്ച കോളേജിന്റെ പേര് പറഞ്ഞു.
ഇയാൾക്ക് ജോലി ഒന്നും ഇല്ലാ അല്ലേ…. ഇന്നത്തെ കാലത്തു, ഇങ്ങനെ ഉള്ള ആണ്പിള്ളേര്ക്ക് പെണ്ണ് കെട്ടിച്ചു കൊടുക്കുന്ന അശോകനെ പോലെയുള്ളവർ ആണ് ബുദ്ധിമാന്മാർ…. രാജീവന്റെ അച്ഛൻ അവനെ പരിഹസിച്ചു കൊണ്ട് നടന്നു പോയി.. പിറകെ രാജീവനും അമ്മയും..
ലക്ഷ്മി നോക്കിയപ്പോൾ വൈശാഖൻ ആകെ വല്ലാതെ ആയിരുന്നു…
സാരമില്ല… ഉള്ളത് പറയുന്ന സ്വഭാവം ആണ് അവരുടേത്… അവൾ പറഞ്ഞു.
ആയിക്കോട്ടെ… പക്ഷേ ഒരു കാര്യം പറയാം… നീ ഒറ്റ കാലിൽ തപസ്സു ചെയ്താൽ പോലും നിനക്ക് എന്നെ പോലെ ഒരു ചെറുക്കനെ കിട്ടില്ലാടി…
. അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ അവനു സമാധാനം വരില്ലായിരുന്നു.
ഇടയ്ക്കു ലക്ഷ്മിയുടെ ഒന്നു രണ്ട് ഫ്രണ്ട്സ് വന്നു… അവർക്കൊക്ക വൈശാഖാനെ ഇഷ്ടപെട്ടിരുന്ന്…
ചുള്ളൻ ആണ് കൊട്ടോടി… സന്ധ്യ അവളോട് പറഞ്ഞു.
പ്രിയ വന്നില്ലെടി… ലക്ഷ്മി ചോദിച്ചു.
ഇല്ലടി… അവൾക്ക് എന്തോ അത്യാവശ്യം വന്നു… അമ്മാവന് സുഖമില്ലാണ്ട് അവൾ ഹോസ്പിറ്റലിൽ പോയി… ഹിമ പറഞ്ഞു.
നമ്മൾക്ക് ഒരു സെൽഫി എടുക്കാം… സന്ധ്യ പറഞ്ഞപ്പോൾ അവർ എല്ലാവരും കൂടി കുറച്ചു ഫോട്ടോസ് എടുത്തു.
ഇടയ്ക്കു അനൂപിനെയും വിഷ്ണുവിനെയും അവൻ ലക്ഷ്മിക്ക് പരിചയപ്പെടുത്തി കൊടുത്തു..
അപ്പോൾ നമ്മൾക്ക് ഇറങ്ങിയാലോ… ശേഖരൻ പറയുന്നത് അവൻ കേട്ടു..
അതേയ്… ഏട്ടന്റെ അച്ഛൻ പറഞ്ഞത് ഒന്നും കാര്യമാക്കേണ്ട കെട്ടോ… ഇറങ്ങാൻ നേരം ലക്ഷ്മി പറഞ്ഞു.
ഞാൻ വിളിക്കുമ്പോൾ ഫോൺ എടുക്കണം… എപ്പോളും വിളിച്ചു ഞാൻ ശല്യം ചെയ്യാറില്ലാലോ … എന്നും രാത്രിയിൽ 10മണി ആകുമ്പോൾ ഞാൻ വിളിക്കും… അവൻ അവളോട് ശബ്ദം താഴ്ത്തി പറഞ്ഞു..
9മണി ആകുമ്പോൾ ഞാൻ എന്നും ഉറങ്ങും… അതിനു മുൻപ് വിളിക്കണം.. അവൾ പെട്ടന്ന് പറഞ്ഞു.
അപ്പോൾ ഇറങ്ങാം അല്ലേ… സുമിത്രയും ശേഖരനും ലക്ഷ്മിയുടെ അടുത്തേക്ക് വന്നു.
മോളേ… ഞങ്ങൾ ഇറങ്ങുവാണ്… പിന്നെ കാണാം കെട്ടോ… സുമിത്ര പറഞ്ഞു.
ശരിയമ്മേ… അവൾ ചിരിച്ചു..
ശേഖരനും പെൺകുട്ടികളും വന്നു അവളോടും വീട്ടുകാരോടും യാത്ര പറഞ്ഞു..
അശോകന്റെ ക്ഷീണം പോയി കഴിയുമ്പോൾ അവിടേക്ക് ഒന്നു ഇറങ്ങു കെട്ടോ… ശേഖരൻ അശോകന്റെ കൈക്ക് പിടിച്ചു കൊണ്ട് പറഞ്ഞു.
വരാം… തീർച്ചയായും വരാം..ശ്യാമള യും അയാളുടെ സഹോദരിയും അളിയനും ശ്യാമളയുടെ ഏറ്റവും അടുത്ത ബന്ധുക്കളും ദീപയും മാത്രമേ ഇടക്കൊരു ദിവസം വൈശാഖന്റെ വീട്ടിൽ പോയിരുന്നൊള്ളു..
**************************
സുമിത്രയും ഉണ്ണിമോളും കൂടി അലക്കിയുണങ്ങിയ തുണികൾ എല്ലാം മടക്കി വെയ്ക്കുക ആണ്..
“എന്ത് രസമായിരുന്നു ആ ചേച്ചി അല്ലേ അമ്മേ… ആ മാലയും കമ്മലും ഒക്കെ എന്ത് ഭംഗിയാ അല്ലേ… “
അതേ മോളേ… ഞാനും ആ കുട്ടിയെ കുറിച്ച് ഓർത്തു ഇരിക്കുക ആയിരുന്നു.. സുമിത്ര മകളെ നോക്കി പറഞ്ഞു.
ആ കുട്ടിക്ക് ഇവിടെയൊക്കെ ഇഷ്ടമാകുമോ ആവോ… അവർക്ക് ആകാംഷ ആയി.
ഓഹ് അതൊരു പാവം ചേച്ചിയാ… അമ്മ അങ്ങനെ ഒന്നും വിചാരിക്കേണ്ട… ഉണ്ണിമോൾ പറഞ്ഞു.
വീണ എന്ത്യേ… എടി വീണേ… സുമിത്ര വിളിച്ചു…
ഞാൻ ചീരയും വെണ്ടയും ഒക്കെ നനയ്ക്കുവാ അമ്മേ… പുറത്ത് നിന്നു അവൾ വിളിച്ചു പറഞ്ഞു.
വൈശാഖനും അവളെ സഹായിക്കുന്നുണ്ട്…
“ഏട്ടാ… ലക്ഷ്മി ചേച്ചി എന്തു ഭംഗിയാ കാണാൻ… ഏട്ടനോട് ഒരുപാടു സംസാരിക്കുമോ വിളിക്കുമ്പോൾ… “
“എടി… ഞാൻ അവളെ അധികം വിളിക്കാറില്ല… അവൾ എന്നോട് അധികം മിണ്ടാറുമില്ല… “
“ഓഹ് പിന്നെ… ഏട്ടൻ ജാട ഇടുന്നതാ… അവൾ മൂത്തു നിൽക്കുന്ന വെണ്ടയ്ക്ക ഒക്കെ പറിക്കുക ആണ്..
“നീ വിശ്വസിക്കാമെങ്കിൽ വിശ്വസിക്ക്… “അവൻ അകത്തേക്കു കയറി പോയി..
അമ്മേ… ചായ ഇല്ലേ… അവൻ വിളിച്ചു ചോദിച്ചു..
ഉണ്ണി മോളെ നീ പോയി ഒരു ചായ ഇടൂ അച്ഛനും വരാറായി….സുമിത്ര പറഞ്ഞപ്പോൾ അവൾ ചായ ഇടാൻ പോയി.
*****——*************–
ഒരു ദിവസം ഉച്ച കഴിഞ്ഞപ്പോൾ ശേഖരനും സുമിത്രയും കൂടി ഉമ്മറത്തു ഇരിക്കുക ആണ്.. വീണയും ഉണ്ണിമോളും സ്കൂളിൽ പോയി.. വൈശാഖൻ തൊട്ടടുത്തുളള ലൈബ്രറിയിലും…
ഒരു മാസം ഇതാന്നു പറഞ്ഞു പോകും.. കൈയിൽ ആണെങ്കിൽ കാശും ഇല്ലാ… ശേഖരൻ ആലോചനയിൽ ആണ്ടു..
താലിമാല ഒരു അഞ്ച് പവൻ എങ്കിലും ഇടേണ്ടത് അല്ലേ… സുമിത്ര ചോദിച്ചു.
5അല്ലടി 10 പവൻ ആക്കാം….ശേഖരൻ ദേഷ്യപ്പെട്ടു.
വിജിയോട് കുറച്ചു സ്വർണം മേടിക്കാം,, പണയം വെയ്ക്കാൻ.. അല്ലാതെ നിവർത്തിയില്ല.. സുമിത്ര പറഞ്ഞു.
ഒരു കാർ വരുന്നുണ്ടാലോ.. ഇങ്ങോട്ടു ആണോ… ശേഖരൻ പറഞ്ഞു.
സുമിത്ര എഴുനേറ്റു..
അശോകനും ശ്യാമളയും കൂടി കാറിൽ നിന്നിറങ്ങി.
അയ്യോ ഇതാരൊക്കെ ആണ് വന്നിരിക്കുന്നത്…. സുമിത്ര വേഗം മുറ്റത്തേക്ക് ഇറങ്ങി..
വിളിച്ചു പറഞ്ഞിട്ട് വരേണ്ടായിരുന്നോ… ശേഖരൻ അശോകനെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പറഞ്ഞു.
ഓഹ്… നമ്മൾ ഒക്കെ വീട്ടുകാർ ആയില്ലേ.. ഇനി എന്തിനാ അങ്ങനെ വിളിച്ചു ഒക്കെ പറയുന്നത്… അശോകൻ ചിരിച്ചു.
ചേച്ചി പോയി നല്ല ഒരു സ്ട്രോങ്ങ് ടീ എടുക്കു… അശോകൻ പറഞ്ഞു.
സുമിത്ര വേഗം അടുക്കളയിലേക്ക് പോയി..
കുറച്ചു കായ വറുത്തതും,ഉണ്ണിയപ്പവും ഉണ്ടായിരുന്നു, കാലത്തെ ഉണ്ടാക്കിയ വട്ടയപ്പവും കൂടി അവർ മുറിച്ചു, ഞാലിപ്പൂവൻ പഴവും, കൂടി കൂട്ടി അവർ കാപ്പി എടുത്തു വെച്ച്…
ഉപ്പേരികപ്പ ഉണങ്ങാൻ വെച്ചത് കണ്ടു ശ്യാമള രണ്ടെണ്ണം എടുത്തു വായിലിട്ടു..
ഇഷ്ടമാണോ ഇത്… സുമിത്ര ചോദിച്ചു..
എനിക്കും മോൾക്കും ഇഷ്ടമാണ്.. ശ്യാമള പറഞ്ഞു.
ഞാൻ കുറച്ചു തന്നുവിടാം… ഒരു കവർ എടുത്തു കുറച്ചു ഉപ്പേരികപ്പ സുമിത്ര വേഗം പൊതിഞ്ഞു ശ്യാമളയുടെ ബാഗിൽവെച്ചു..
അപ്പോളേക്കും വൈശാഖനും അവിടേക്ക് വന്നു.
അവൻ സഹോദരിമാർക്ക് വേണ്ടി മേടിച്ചുകൊണ്ട് വന്ന കടലമിറായിയും പരിപ്പുവടയും ഉണ്ടായിരുന്നു കൈയിൽ .
സുമിത്ര വേഗം പരിപ്പുവടയും കൂടി ഒരു പ്ലേറ്റിൽ എടുത്തു വച്ചു.
വിളിച്ചു പറയാതെ വന്നിട്ട് ഇവിടെ ഇത്രയും പലഹാരങ്ങളോ.. അപ്പോൾ വിളിച്ചു പറഞ്ഞിട്ട് വന്നിരുന്നു എങ്കിലോ.. അശോകൻ ഒരു ഉണ്ണിയപ്പം എടുത്തു വായിലേക്ക് വെച്ച്..
ഓഹ് സൂപ്പർ.. ഇത് ഇവിടെ ഉണ്ടാക്കിയത് ആണോ.. അയാൾ ചോദിച്ചു.
എന്റെ രണ്ടാമത്തെ മകൾ വീണ ഉണ്ടാക്കിയത് ശേഖരൻ പറഞ്ഞു,
അസ്സലായിട്ടുണ്ട്….. ആ കുട്ടി വരുമ്പോൾ പറയുക അശോകൻ ഒരു ഉണ്ണിയപ്പവും കൂടി എടുത്തു.
ചായ കുടിച്ചു കഴിഞ്ഞപ്പോൾ അശോകൻ പതിയെ എഴുന്നേറ്റു..
ശ്യാമളെ…. അയാൾ ഭാര്യയെ വിളിച്ചു
അവർ ബാഗിൽ നിന്നും ഒരു കെട്ടെടുത്തു..
ഇതാ.. ഇതു മേടിക്ക്.. അശോകൻ ശേഖരന്റെ കൈയിലേക്ക് അതു നീട്ടി..
എന്തായിത്…ശേഖരൻ ചോദിച്ചു..
കല്യാണം ആകുമ്പോൾ ഇതിന്റെ ആവശ്യം വരും.. അശോകൻ പറഞ്ഞു..
ഇതൊന്നും വേണ്ട… ഇവിടെ ആവശ്യത്തിനുള്ള പൈസ ഒക്കെ ഉണ്ട്…. അയാൾ പറഞ്ഞു.
അതൊന്നും പറഞ്ഞാൽ പറ്റില്ല…. ഒരു കല്യാണം ആകുമ്പോൾ ഒരുപാട് ചെലവുകൾ ഒക്കെ വരും, തന്നെയുമല്ല വിജിയെ വിവാഹം കഴിച്ച് അയച്ചിട്ട് ഇത്രയും നാളല്ലെ ആയുള്ളൂ, അതുകൊണ്ട് ഇതൊന്നു മേടിച്ച് അകത്തേക്ക് വയ്ക്കുക… അശോകൻ ശേഖരൻ കൈയിലേക്ക് നിർബന്ധപൂർവ്വം ആ കെട്ടു വെച്ചുകൊടുത്തു,,,
വൈശാഖിന്റെ അച്ഛൻ വിഷമിക്കുക ഒന്നും വേണ്ട,,, എന്റെ മൂത്ത മകൾക്കും ഞാൻ ഇതുപോലെ കൊടുത്തായിരുന്നു
.. അശോകൻ പറഞ്ഞു.
ഞാൻ ജീവിക്കുന്നത് എന്റെ മക്കൾക്ക് വേണ്ടിയാണു,
ലക്ഷ്മി മോൾക്ക് നാള് ദോഷം ആണെന്ന് അറിഞ്ഞപ്പോൾ എന്റെയും ഇവളുടെയും ചങ്ക് തകർന്നു പോയി..
അന്ന് മുതൽ ഞങ്ങൾ വിളിക്കാത്ത ദൈവങ്ങൾ ഇല്ലാ…
വൈശാഖൻ…. മോനേ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു..
എന്റെ മകൾക്ക് ഉള്ള സ്ത്രീധനത്തിന്റെ ഒരു വിഹിതം ആണ് കെട്ടോ… എന്നാൽ ഞങ്ങൾ ഇറങ്ങുവാ… മോളു വരാൻ സമയം ആയി. അശോകനും ശ്യാമളയും മുറ്റത്തേക്ക് ഇറങ്ങി.
വൈകാതെ അവർ യാത്ര പറഞ്ഞു പോയി..
*******************—–*******
രാത്രി… 9:30…
അഞ്ചു ലക്ഷം രൂപ ഉണ്ടെടി… ഇത് നാളെ ബാങ്കിൽ കൊണ്ട് പോയി ഇടാം… ശേഖരൻ നിർദ്ദേശിച്ചു..
അച്ഛാ… കുറച്ചു പൈസ കൊണ്ട് നമ്മൾക്ക് വീട് ഒന്നു മോടിപിടിക്കണം…കല്യാണത്തിന് എന്ത് ആളുകൾ കൂടുന്നതാണ്…
വീണ പറഞ്ഞപ്പോൾ എല്ലാവരും അതു ശരി വെച്ച്..
വല്യേട്ടന്റെ റൂമിൽ ഒരു അറ്റാച്ഡ് ബാത്‌റൂo വേണം… ഉണ്ണിമോൾ പറഞ്ഞു.. അതു ശരിയാണെന്നു വൈശാഖനും ഓർത്തു..
അങ്ങനെ ഒരു അറ്റാച്ഡ് ബാത്‌റൂo,കബോർഡ്, പിന്നെ വീട് ഒന്നു പെയിന്റ് അടിക്കണം, അങ്ങനെ ഒരു ചെറിയ ലിസ്റ്റ് എടുത്തു എല്ലാവരും കൂടി..
ഒരു ലക്ഷം രൂപ ആകും എല്ലാം കൂടി കഴിയുമ്പോൾ… ശേഖരൻ പറഞ്ഞു.
ബാക്കി നാല് ലക്ഷo രൂപക്ക് പെണ്ണിന് ഡ്രെസ്സ്, താലിമാല, ബാക്കി എല്ലാവർക്കും ഉള്ള തുണിത്തരങ്ങൾ വാങ്ങിക്കണം, കല്യാണചിലവ്… ശേഖരൻ കണക്ക് കൂട്ടി..
അഞ്ച് പവന്റെ മാല മേടിക്കാൻ ആണ് തീരുമാനിച്ചത്…എന്തായാലും കല്യാണം ആർഭാടം ആയിട്ട് വെയ്ക്കാൻ ആയിരുന്നു പെണ്മക്കളുടെ തീരുമാനം..
ശേഖരന് അതിൽ വല്യ യോജിപ്പ് ഇല്ലായിരുന്നു..
അച്ഛാ… വല്യേട്ടന്റെ കല്യാണം ഞങ്ങളുടെ സ്വപ്നം ആണ്.. ദയവ് ചെയ്തു അച്ഛൻ എതിര് പറയരുത്… വീണ പറഞ്ഞു … ഉണ്ണിമോൾ അതു പിന്താങ്ങി..
************************—
പിന്നീട് അങ്ങോട്ട് സന്തോഷത്തിന്റെ ദിവസങ്ങൾ ആയിരുന്നു..
ഇനി കഷ്ടിച്ച് രണ്ടാഴ്ച കൂടി ഒള്ളു വിവാഹത്തിന്..
വിവാഹത്തിന് മുന്നോടി ആയിട്ടുള്ള ഒരുക്കങ്ങൾ ഒക്കെ ഇരുവീട്ടിലും പുരോഗമിക്കുക ആണ് .
എല്ലാദിവസവും രാത്രിയിൽ 8മണിക്ക് വൈശാഖൻ ലക്ഷ്മിയെ വിളിക്കും. കൂടിപ്പോയാൽ അഞ്ച് മിനിറ്റ്, അതില്കൂടുതൽ അവൾ സംസാരിക്കില്ല… പഠിക്കാനുണ്ട് എന്ന് പറഞ്ഞു ഫോൺ വെയ്ക്കും..
ഒരു ദിവസം അവൾ ഫോൺ വെയ്ക്കാൻ തുടങ്ങിയതും വൈശാഖൻ അവളോട് ദേഷ്യപ്പെട്ടു.
“നിനക്ക് എന്നോട് സംസാരിക്കാൻ സമയം ഇല്ലേ… എപ്പോൾ വിളിച്ചാലും നീ തിരക്ക്, നിനക്ക് എന്നോട് എന്തെങ്കിലും ഇഷ്ടക്കുറവ് ഉണ്ടോ.. എങ്കിൽ തുറന്നു പറഞ്ഞോ… “
എനിക്ക് കുറെ പ്രൊജക്റ്റും അസൈൻമെന്റും ചെയ്യാൻ ഉണ്ട്…നാളെ എക്സാം ഉണ്ട്.. അതുകൊണ്ട് ആണ്, അല്ലാതെ വേറൊന്നും കൊണ്ട് അല്ല… അവൾ ഫോൺ വെച്ച്.
എന്തായാലും അവളോട് നേരിട്ടു ഒന്നു സംസാരിക്കണം എന്ന് അവൻ തീർച്ച പെടുത്തി.
അടുത്ത ദിവസം അവൾ കോളേജിൽ ചെല്ലുന്ന സമയം കണക്കാക്കി വൈശാഖൻ ബൈക്കും ആയിട്ട് ചെന്നു…
കുറച്ചു കഴിഞ്ഞതും അവൾ ബസിൽ വന്നിറങ്ങി..
കുറെ ഫയലുകൾ ഒക്കെ കൈയിൽ ഉണ്ട്.
സംഭവo ശരിയാണ്.. അവൾക്ക് കുറെ വർക്കുകൾ ചെയുവാൻ ഉണ്ടെന്നു അവനു തോന്നി..
അവൾ വേഗം നടന്നു വന്നു.
വൈശാഖൻ നിൽക്കുന്നത് കണ്ടു പോലുമില്ല.
ലക്ഷ്മി… അവൻ വിളിച്ചു..
പെട്ടന്നവൾ തിരിഞ്ഞു നോക്കി.
“അയ്യോ…… വൈശാഖേട്ട…. അവൾ ആകെ പരവശയായി… എന്താ ഇവിട”
നിന്നെ കാണാൻ…. അല്ലതെന്തിന്… വാ വന്നു വണ്ടിയിൽ കയറു.. അവൻ പറഞ്ഞു.
യ്യോ… എനിക്ക് ഇന്ന് എക്സാം ആണ്.. ഏട്ടൻ പൊയ്ക്കോ.. നിക്ക് സമയം പോയി.. അവൾ വാച്ചിലേക്ക് നോക്കി പറഞ്ഞു.
എത്ര ദിവസം കൂടി കാണുന്നതാണ്… അവനാണെകിൽ പിടിച്ച പിടിയാലേ അവളെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാൻ ഉള്ള മനസ് ആയിരുന്നു.
എക്സാം എപ്പോൾ തീരും… അവൻ ചോദിച്ചു…..
ഉച്ച ആകുമ്പോൾ തീരും… ഞാൻ പോകുവാ… അവൾ മുന്നോട്ട് നടന്നു..
ശരി… ഞാൻ ഇവിടെ വെയിറ്റ് ചെയ്തോളാം… ഉച്ച ആകുമ്പോൾ നീ വന്നേക്കണം… അവൻ പറഞ്ഞു..
തുടരും…
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission