Skip to content

ഓളങ്ങൾ – ഭാഗം 7

  • by
olangal novel aksharathalukal

ശരി… ഞാൻ ഇവിടെ വെയിറ്റ് ചെയ്തോളാം… ഉച്ച ആകുമ്പോൾ നീ വന്നേക്കണം… അവൻ പറഞ്ഞു..

വൈശാഖേട്ട… ഉച്ചകഴിഞ്ഞു കമ്പയിൻ സ്റ്റഡി ഉണ്ട്… അവൾ വേഗം തിരിഞ്ഞു നിന്നു.. 

കമ്പനി തരാൻ ഞാൻ ഉണ്ട്… മര്യാദക്ക് വന്നോണം… വേഗം പോയി നല്ല കുട്ടി ആയി പരീക്ഷ എഴുതു പെണ്ണേ   …. അവൻ അവളെ പറഞ്ഞയച്ചു.. 

വൈശാഖൻ വെറുതെ ബൈക്കിൽ ഒന്നു കറങ്ങി… കുറച്ചു സമയം പാർക്കിൽ പോയിരുന്നു.. 

അവൻ നോക്കിയപ്പോൾ 

രണ്ട് യുവമിഥുനങ്ങൾ നടന്നു വരുന്നുണ്ടായിരുന്നു.. 

കോളേജിൽ പോകുവനെന്നു പറഞ്ഞു പോരും, എന്നിട്ട് ഇങ്ങനെ കറങ്ങി നടക്കും.. പാവപ്പെട്ട മാതാപിതാക്കൾ വിഡ്ഢികൾ… അവരുണ്ടോ ഇത് വല്ലതും അറിയുന്നു.  എന്നിട്ട് പ്രണയതിന്റെ അവസാനം “നീ എന്നെ ഒരു ഫ്രണ്ടായി കാണണം, നമ്മൾക്ക് നല്ല ഫ്രണ്ട്സ് ആകാം…  എന്നു പറഞ്ഞു പാട്ടും പാടി പോകും “

നിനക്ക് എന്താടാ ആരോടും പ്രണയം തോന്നാത്തത്… നീ ഒരു വികാരജീവി ആണോ… ഒരു ദിവസo വിഷ്ണു കൊണ്ടുവന്ന കള്ളും കുടിച്ചിട്ട് അനൂപ് തന്നോട് ചോദിക്കാൻ വന്നത് അവൻ ഓർത്തു.. 

ഒള്ള കാര്യം പറയാമെടാ.. മൂന്നു പെങ്ങന്മാർ ഉള്ളവർക്ക് ഈ പ്രണയം ഒന്നും തലയ്ക്കു പിടിക്കില്ല…അതിനു സമയം ഇല്ലാ… അതാണ്… സത്യം… താനും രണ്ടെണ്ണം വീശിയിട്ട് ഇരിക്കുക ആണ്.. 

പക്ഷേ…. മംഗലത്തെ പാർവതി…. കാച്ചെണ്ണ തേച്ച ഇടതൂർന്ന മുടിയിൽ എന്നും കാണും ഒരു തുളസിക്കതിർ… വിടർന്ന കണ്ണുകളിൽ കരിമഷി പടർന്നിരിക്കും.. ഒരു കുഞ്ഞു വട്ടപ്പൊട്ടും അതിന്റെ മുകളിൽ ഒരു ചന്ദനക്കുറിയും… അവൾ അടുത്തുവരുമ്പോൾ കാച്ചെണ്ണയുടെയും പനിനീരിന്റെയും സുഗന്ധം ആയിരുന്നു… നാട്ടിന്പുറത്തുകാരി സുന്ദരി പെണ്ണ്… 

 ധനുമാസത്തിലെ തിരുവാതിരക്കും, സ്കൂൾയുവജനോത്സവത്തിനും ഒക്കെ അവൾ നല്ല അസ്സലായി തിരുവാതിര കളിക്കും.. 

അങ്ങനെ തുടങ്ങിയ ആരാധന ആണ് അവസാനം പ്രണയമായി മാറിയത്.. 

പക്ഷേ ഒരു പാളിച്ച പറ്റി…. 

താൻ അല്ലാതെ മറ്റൊരാൾക്കും ഇത് അറിയില്ലായിരുന്നു…. അവൾക്ക് പോലും…

അവസാനം കണ്ടത് കഴിഞ്ഞ മീനത്തിലെ, കാവിലെ ഉൽസവത്തിനാണ്….. 

അവളുടെ കുഞ്ഞിന് ബലൂണും ഐസ്ക്രീമും മേടിച്ചു കൊടുത്തത് ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.. 

എല്ലാവരുടെയും ജീവിതത്തിൽ പ്രണയം എന്ന വികാരം ഉണ്ടാകും… 

ഒരു കൗമാരക്കാരന്റെ സ്വപ്നങ്ങളിൽ 

പ്രണയത്തിനു തീവ്രത ഏറും.. 

ഈ ഭൂമിയിൽ എല്ലാത്തിനും പരസ്പരം പ്രണയം  ആണ്.. 

ഒരു പൂവിനോട് ഒരു പൂമ്പാറ്റക്ക് പ്രണയം തോന്നും, പൂമ്പാറ്റ വന്നു അവളെ ഇക്കിളിപെടുത്തുന്നതും കാത്തു ആ പനിനീർപൂവ് cനിൽക്കും… കാത്തിരിപ്പിനും ഒരു സുഖം ഉണ്ടല്ലോ… 

ഒരു ഇളംകാറ്റിനു ഒരു ചെറുചില്ലയോട് ആയിരിക്കും പ്രണയം, ഇളം കാറ്റിന്റെ തലോടൽ ഏറ്റു അവൾ അങ്ങനെ ചായും… 

മുല്ലവള്ളിക്ക് എന്നും തേന്മാവിൽ പടരാൻ ആണ് ഇഷ്ടം…. കാരണം അതിനു മധുരം കുടും.. 

മഴയോട് ഏറ്റവും പ്രണയം  ഭൂമിദേവിയ്ക്കാണ്… മഴയിൽ ലയിച്ചു ഈ ധരിത്രി ശയിക്കും.. 

പ്രണയം അനശ്വരമാണ്…. 

കവി പാടിയത് പോലെ… 

എന്താണ് ഇപ്പോൾ ഇങ്ങനെ ഒരു തോന്നൽ… ആ കമിതാക്കളെ കണ്ടത് കൊണ്ട് അല്ലേ എന്നു അവൻ ഓർത്തു.. തനിക്കു പ്രണയിക്കാന് ഉള്ളവൾ ഇപ്പോൾ പരീക്ഷ എഴുതികൊണ്ട് ഇരിക്കുവാണ്.. 

സമയം 12കഴിഞ്ഞു… 

ഇനി ഒരു മണിക്കൂർ കൂടി വേണം.. 

അവൻ വെറുതെ ഫോണിൽ നോക്കിയിരുന്നു.. 

അവൾക്ക് എന്താണ് തന്നോട് മിണ്ടാൻ ഒരു മടി… വിവാഹം ഉറപ്പിച്ച പെൺകുട്ടികൾ ഇങ്ങനെ ആണോ ആവോ… ആർക്കറിയാം… വരട്ടെ നോക്കാം 

അങ്ങനെ ഒരു മണി ആയപ്പോൾ വൈശാഖൻ വീണ്ടും കോളേജിലേക്കുള്ള പോക്കറ്റ് റോഡിൽ ചെന്നു.. 

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ലക്ഷ്മി വന്നു. 

വാ….ആരെങ്കിലും കാണും മുൻപ് പോകാം.. അവൾ പെട്ടന്ന് അവന്റെ ബൈക്കിൽ കയറി.. 

വേഗം വണ്ടി വിട്……അവന്റെ തോളത്തു അവളുടെ നീളമുള്ള നഖങ്ങൾ ആഴ്ന്നു ഇറങ്ങി..  

ഹാ… വേദനിക്കുന്നു….വേഗം തിരുമ്മിക്കൊ… അവൻ ഒച്ച വെച്ചു

നിനക്ക് ഐസ്ക്രീം വേണോ?? അവൻ ചോദിച്ചു. 

യ്യോ…. വേണ്ട.. അവൾ പെട്ടെന്ന് പറഞ്ഞു. 

പക്ഷെ അവൻ പോയത്, നേരെ  ഒരു ഐസ് ക്രീം പാർലറിൽ ആണ് പോയത്.. 

ഓരോ ഫ്രൂട്ട് സാലഡ് ഓർഡർ ചെയ്തിട്ട് ഇരിക്കുക ആണ് രണ്ടാളും. 

നിനക്ക് എന്താ ഇത്ര പേടി… അവൻ ചോദിച്ചു.. 

എന്റെ ടീച്ചേർസ് ആരെങ്കിലും കാണും. ഇടക്കൊക്കെ അവർ ഇവിടെ വരും, ലവ് ബേർഡ്‌സ്നെ കണ്ട് പിടിക്കാൻ…. . ചുറ്റിലും നോക്കികൊണ്ട് അവൾ പറഞ്ഞു.. 

അതിനെന്താ… നമ്മൾ കല്യാണം കഴിക്കാൻ പോകുന്നവർ അല്ലേ… അവൻ അവളെ നോക്കി. 

എന്നാലും എനിക്ക് നാണമാ…. 19 വയസിൽ ആരെങ്കിലും കല്യാണം കഴിക്കുമോ… ചുമ്മാ ജാതകദോഷം എന്നും പറഞ്ഞു.. അവൾ പതിയെ പറഞ്ഞു . 

“ജാതകദോഷം ഉള്ളത്കൊണ്ടല്ലേ നിന്നെ എനിക്ക് കിട്ടിയത്…. “

“പതുക്കെ പറ.. ആരെങ്കിലും കേൾക്കും “…… അവൾക്ക് ദേഷ്യം വന്നു. 

ശരി.. നീ വേഗം കഴിക്ക്.. നമ്മൾക്ക് പോകാം… അവൻ പറഞ്ഞുതീർന്നതും അവൾ പെട്ടന്ന് കഴിച്ചു തീർത്തു. 

ബില്ല് തീർത്തിട്ട് ഇറങ്ങിയപ്പോൾ ലക്ഷ്മി അവന്റെ പിന്നിലൂടെ ചക്കിപ്പൂച്ചയുടെ കൂട്ട് പതുങ്ങി നടക്കുക ആണ്.. 

അവൻ അവളുടെ കൈയിൽ പിടിച്ചു മുൻപോട്ട് വലിച്ചു. 

ശോ… ആരെങ്കിലും കാണും…. അവൾ കൈ വിടുവിച്ചു.. 

അയ്യോ,,, ദേ… വാണി ടീച്ചർ.. ഏട്ടാ വേഗം വണ്ടി എടുക്ക്… 

അവൾ ദൃതി കാട്ടി. 

എന്താ.. എന്റെ, പെണ്ണേ നിനക്ക്.. അവനു ദേഷ്യം വന്നു. 

ഡിപ്പാർട്മെന്റ് ഹെഡ് ആണ്… വേഗം വണ്ടി എടുക്ക്… അവൾ അവനോട് ഒട്ടിച്ചേർന്നു പതുങ്ങി ഇരുന്നു. 

ആരെങ്കിലും കാണുമോ എന്നോർത്ത് ആണെങ്കിലും ഈ ഇരുപ്പിനു സുഖം ഉണ്ട്… അവൻ ബൈക്ക് ഓടിച്ചുകൊണ്ട് ഊറി ചിരിച്ചു. 

കുറച്ചു കഴിഞ്ഞതും അവൾ വേഗം അവനിൽ നിന്നു അടർന്നു മാറി. 

എന്താ പേടി   പോയോ… അവൻ ചോദിച്ചു. 

എന്നെ ബസ് സ്റ്റോപ്പിൽ വിട്ടാൽ മതി.. അവൾ പറഞ്ഞു, എങ്കിലും അവൻ നേരെ പാർക്കിലേക്ക് ആണ് പോയത്. 

അയ്യോ…എന്തായിത് വൈശാഖേട്ട… എനിക്ക് നാളത്തെ പരീക്ഷക്ക് പഠിക്കാൻ ഉള്ളതാ… വേഗം വീട്ടിൽ പോകണം… “

എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്… അതിനാണ് ഞാൻ രാവിലെ മുതൽ ഇവിടെ ഇരിക്കുനത്… അവൻ പറഞ്ഞു. 

“ശരി ശരി…. ചോദിച്ചോളൂ…”

“നിനക്ക് ഈ വിവാഹത്തിന് ഇഷ്ടക്കുറവ് ഉണ്ടോ…? 

“ആദ്യം ഉണ്ടായിരുന്നു….ഇപ്പോൾ ഇല്ലാ .. “

“ഫോൺ വിളിക്കുമ്പോൾ പോലും എന്താ മിണ്ടാത്തത് “

“അതു… കുറച്ചു ദിവസം ആയിട്ട് മുത്തശ്ശി ഉണ്ട്… നിശ്ചയത്തിന് വന്നതാ… ഇനി കല്യാണം കഴിഞ്ഞേ പോകു….എന്റെ കൂടെ ആണ് കിടക്കുന്നത് “

“ഓക്കേ… ഞാൻ വിശ്വസിച്ചു.. “അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. 

വൈശാഖേട്ട… ആരെങ്കിലും കാണും… പോകാം… അവൾക്ക് ക്ഷമ നശിച്ചു.. 

ശരി പോകാം എന്നു പറഞ്ഞു അവനും എഴുനേറ്റു. 

കൂട്ടംതെറ്റിപോയ മാൻപേടയെ പോലെ ആണ് അവൾ എന്നു അവനു തോന്നി. 

അത്രക്ക് ഭയം ആയിരുന്നു ആ കണ്ണുകളിൽ… 

കണ്ടു കൊതി തീർന്നിട്ടെങ്കിലും അവൻ അവളെ ബസ് സ്റ്റോപ്പിൽ കൊണ്ട് ചെന്നു ഇറക്കി വിട്ടു.. 

അതേയ്… .. ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും ചിന്തിച്ചു കൂട്ടേണ്ട കേട്ടോ.. എനിക്ക് ഇയാളെ വല്യ ഇഷ്ടമാ… ഇറങ്ങാൻ നേരം അവൾ പറഞ്ഞു.. 

പുലർനിലാ ചില്ലയിൽ കുളിരിടും മഞ്ഞിന്റെ പൂവിതകൾ തുള്ളികൾ പെയ്തതാവാം… 

അവൻ ഒരു മൂളിപ്പാട്ടും പാടി വണ്ടി മുന്നോട്ട്  എടുത്തു… 

****-**—*****-*——*********

അമ്മേ… അച്ഛൻ എവിടെ പോയി.. തിരികെ വീട്ടിലേക്ക് വന്ന വൈശാഖൻ ചോദിച്ചു  

“അച്ഛൻ ആണെങ്കിൽ കല്യാണം വിളി തുടങ്ങി കഴിഞ്ഞിരിക്കുന്നു..

 നമ്മൾക്ക് മറ്റന്നാൾ പെൺകുട്ടിക്ക് സാരീ എടുക്കാൻ പോകാം.ഇനി എന്നാ ദിവസം ഉണ്ട്… സുമിത്ര മകനോട് പറഞ്ഞു… “

ആ പെൺകുട്ടിക്ക് എന്ത് നിറം ആണ് ഇഷ്ടം എന്നു ചോദിക്ക് കെട്ടോ.. ഏത് ഡിസൈൻ ആണെന്ന് ഫോട്ടോ അയച്ചു മേടിക്ക്.. അമ്മ പറഞ്ഞപ്പോൾ അവൻ തല കുലുക്കികൊണ്ട് അകത്തേക്ക് പോയി. 

അപ്പോൾ തന്നെ അവൻ അവൾക്ക് മെസ്സേജ് അയച്ചു. 

അവൾ കുറച്ചു കഴിഞ്ഞു പറയാമെന്ന് പറഞ്ഞു ഫോൺ വെച്ചു. 

വീണയും ഉണ്ണിമോളും പരീക്ഷ ആയത് കൊണ്ട് ഡ്രസ്സ്‌ എടുക്കാനായി വന്നില്ലായിരുന്നു… 

വീണക്ക് ദാവണി ആണ്… ഉണ്ണിമോൾക്ക് ഏതോ സ്കർട്ട് ഉം ബ്ലൗസും.. അവർ രണ്ടാളും വിജിയുടെ ഫോണിലേക്ക് ഫോട്ടോ അയച്ചു കൊടുത്തു. 

കുറെ ബ്രൈറ്റ് കളർസ് ആണ് ലക്ഷ്മി വൈശാഖന്റെ ഫോണിലേക്ക്  അയച്ചു കൊടുത്തത്… 

ആദ്യം വീണക്കും ഉണ്ണിമോൾക്കും എടുത്തു,  വിജിക്കു ഒരു കാഞ്ചിപുരം സാരീ എടുത്തു. സുമിത്രക്കും ചെറിയ കസാവോടുകൂടിയ ഒരു കോട്ടൺ സാരീ മേടിച്ചു. വിജിയുടെ അമ്മയ്ക്കും ഗോപനും ഉള്ളത് എല്ലാം കൂടി ഒരു കവറിൽ വെയ്ക്കാൻ വിജി നിർദ്ദേശിച്ചു. 

ഇനി പെണ്ണിനും ചെറുക്കനും ഉള്ളത്… വിജി നിർദ്ദേശിച്ചപ്പോൾ സെയിൽസ്ഗേൾ അവരെ വേറൊരു സെക്ഷനിൽ കൊണ്ട് പോയി.. 

വൈശാഖൻ കാണിച്ചുകൊടുത്ത സാരീ ഡിസൈൻ ഒക്കെ അവിടെ ഉണ്ടായിരുന്നു. 

പക്ഷെ 20000 രൂപയിൽ ആയിരുന്നു തുടക്കം. സത്യം പറഞ്ഞാൽ, ലക്ഷ്മി പറഞ്ഞ ഡിസൈനർ സാരിക്ക് മുപ്പത്തി അയ്യായിരം രൂപയോളം വിലവരും ആയിരുന്നു….

 ഇത്രയും വിലയുള്ള സാരി ഒരു ദിവസത്തേക്ക് എടുക്കണോ,, അവൻ  വിളിച്ചു ചോദിച്ചു…

ഏട്ടന് ഇഷ്ടം ഉള്ളത് സെലക്ട്‌ ചെയ്തോളു.. 

ക്ലാസ്സിൽ ആയതിനാൽ അവൾ പെട്ടന്ന് പറഞ്ഞിട്ട് ഫോണ് കട്ട്‌ ആക്കി.. 

അത്രയും രൂപ ക്യാഷ് ആയിട്ട് തന്നതുകൊണ്ട്, നല്ല സാരി തന്നെ എടുക്കാം അല്ലേ അമ്മേ വിജിയുടെ ആയിരുന്നു ആ നിർദേശം…

 അത് തന്നെയാണ് നല്ലതെന്ന് സുമിത്രയും പറഞ്ഞു.

 അങ്ങനെ 20000 രൂപയുടെ ഒരു സാരിയാണ് അവൾക്ക് മന്ത്രകോടി ആയിട്ട്  എടുത്തത്,.. 

വൈകിട്ടത്തെ ഫങ്ക്ഷന് വേണ്ടി അവൾക്ക് എടുത്തത് ഒരു ഡിസൈനർ ലെഹെങ്ക ആണ്.. അതു വൈശാഖന്റെ ഇഷ്ടപ്രകാരം ആണ് എടുത്തത്, അതു എല്ലാവർക്കും ഇഷ്ടമാകുകയും ചെയ്തു. 

പിന്നെ അവൾക്ക് സെറ്റും മുണ്ടും, വീട്ടിൽ ഉപയോഗിക്കാനുളളത്.. എല്ലാം കൂടി ചുരുക്കി പറഞ്ഞാൽ ലക്ഷ്മിക്ക് എടുത്തതിനു തന്നെ നല്ല തുക ആയി…

അങ്ങനെ വിവാഹത്തിനുളള ഡ്രസ്സ്‌ എല്ലാം ഏകദേശം എടുത്തു…

ഉണ്ണിമോളും വിജിയും വന്നപ്പോൾ അടുത്ത വീട്ടിലെ മായ ചേച്ചിയും,, ജാനകി അമ്മയും ഒക്കെ അടങ്ങുന്ന സംഘം ഉണ്ട്.. 

എല്ലാവരും ഡ്രസ്സ്‌ എല്ലാം കാണുക ആണ്.. 

ഉണ്ണിമോളേ…. അടിപൊളി ആണ് കെട്ടോ…. മായ ചേച്ചി അവളെ നോക്കി. 

ഡ്രെസ്സുകൾ എല്ലാം കണ്ടു കഴിഞ്ഞു ഭദ്രമായി വീണ അതു അലമാരയിൽ കൊണ്ട് പോയി വെച്ചു. 

അന്ന് രാത്രിയിൽ സാരിയുടെ ഫോട്ടോ അവൻ ലക്ഷ്മിക്ക് അയച്ചു കൊടുത്തു.. 

അവൾക്ക് അതു അത്ര പിടിച്ചില്ല എന്നു അവനു തോന്നി… 

വല്യ രസത്തിൽ അല്ലായിരുന്നു അവൾ. 

ആർഭാടം ഇത്തിരി കൂടുതൽ ഉള്ള പെണ്ണാണ് എന്നു അവനു പലപ്പോഴും തോന്നിയിരുന്നു.. 

 ഒരു ദിവസം 10 മണി ആയപ്പോൾ വിജി അവിടേക്ക് വന്നു… അവൾ ലക്ഷ്മിയുടെ അളവ് ബ്ളൗസുമായിട്ട് വന്നത് ആയിരുന്നു.. 

മന്ത്രകോടിക്കുള്ള ബ്ലൗസ് തയ്യ്ക്കാൻ ആണ് അളവ് ബ്ലൗസ് തന്നു വിട്ടിരിക്കുന്നത്… 

“എന്റെ ദൈവമേ…. ഈ കുട്ടി എന്ത് ക്ഷീണിച്ചാണ്‌ ഇരിക്കുന്നത്… “സുമിത്ര അവളുടെ ബ്ലൗസ് കൈയിൽ എടുത്തിട്ട് പറഞ്ഞു. 

ശരിയാണെന്നു വൈശാഖനും തോന്നി.. 

അമ്മേ.. അമ്മയുടെ സങ്കടം എല്ലാം ഈ വൈശാഖൻ മാറ്റും… അവളെ പുഷ്ട്ടിപ്പെടുത്തി എടുക്കുന്ന കാര്യം ഈ വൈശാഖൻ ഏറ്റു… അവൻ മനസിൽ പറഞ്ഞു എങ്കിലും മുഖത്തു ഒരു കള്ളചിരി വിരിഞ്ഞത് വിജി കണ്ടു പിടിച്ചു.. 

എന്താടാ ചിരിക്കണത്… അവൾ ചോദിച്ചു. 

എനിക്കെന്താ ചിരിക്കാൻ അനുവാദം ഇല്ലെടി.. . അവൻ അവളുടെ നേർക്ക് കൈ ഓങ്ങി.. 

തുടങ്ങി രണ്ടും കൂടെ… ഒരാഴ്ച കഴിഞ്ഞാൽ കല്യാണം കഴിക്കേണ്ട അവനാണ് ഇപ്പോഴും കുട്ടിക്കളി  മാറിയിട്ടില്ല… സുമിത്ര രണ്ടാളെയും വഴക്കുപറഞ്ഞു,, 

അങ്ങനെ ദിവസങ്ങൾ പിന്നിട്ടു… 

വിവാഹഒരുക്കങ്ങൾ എല്ലാം ഏകദേശം പൂർത്തിയായി….

വീടെല്ലാം മോടി പിടിപ്പിച്ചു, എല്ലാവരുടെയും തുണിത്തരങ്ങൾ ഒക്കെ തയ്ച്ചു കിട്ടി… വിവാഹക്ഷണം എല്ലാം ഏറെക്കുറെ കഴിഞ്ഞു.. 

വൈശാഖൻ എന്നും പതിവ് പോലെ അവളെ വിളിക്കും… അഞ്ച് മിനിറ്റ് സംസാരിച്ചതിന് ശേഷം അവൾ കട്ട്‌ ചെയ്യും… അവളുടെ മുത്തശ്ശി ആയിരുന്നു വില്ലത്തി… 

അനൂപ്, വിഷ്ണു, ജിത്തു, ഡെന്നിസ്… ടീന, മേഖ,,, അങ്ങനെ കുറച്ചു കുട്ടുകാർ മാത്രമേ വൈശാഖന് വിളിക്കാൻ ഉള്ളായിരുന്നു. 

അവർ എല്ലാവരും അടിച്ചു പൊളിക്കാൻ ഇരിക്കുക ആണ്.. 

ഒരു ദിവസം വൈശാഖൻ വിളിച്ചപ്പോ ദീപ  ആണ് ഫോൺ എടുത്തത്… 

വളരെ മാന്യമായി ആയിരുന്നു ദീപ  അവനോട് സംസാരിച്ചത്… ശ്യാമളയും ഇടയ്ക്കു അവളോട് ഫോൺ മേടിച്ചു  വൈശാഖനോട് സംസാരിച്ചു.. 

ഈ ദീപയെ  ആ മുരടൻ രാജീവനെ കൊണ്ട് കെട്ടിച്ചതിൽ ആണ് അവരുടെ അച്ഛന് തെറ്റ് പറ്റിയത് എന്നു അവൻ ഓർത്തു.. 

അന്ന് വൈകുന്നേരം കുറച്ചു സമയം ലക്ഷ്മി അവനോട് പിണങ്ങി ഇരുന്നു, കാരണം എന്താണെന്നോ… 

ലക്ഷ്മി വൈശാഖനെ വിളിച്ചു സംസാരിക്കുന്ന കാര്യം വീട്ടിൽ ആരോടും  പറഞ്ഞിരുന്നില്ല… 

അവൻ വിളിച്ചപ്പോൾ ആണ് അവർ ഈ കാര്യം അറിയുന്നത്.. 

എല്ലാവരും കളിയാക്കിയപ്പോൾ അവൾക്ക് സങ്കടം ആയി…വീട്ടിലെ കുഞ്ഞി ആണ് അവൾ ഇപ്പോളും.. 

വൈശാഖൻ വിളിച്ചപ്പോൾ, 

അവൾ അവനോട് ദേഷ്യപ്പെട്ടിട്ട് ഫോൺ കട്ട്‌ ചെയ്തു. 

നാളെ നിന്നെ ഞാൻ കോളേജിൽ വന്നു കണ്ടോളാം,, ഇപ്പോൾ ഫോൺ എടുത്തില്ലെങ്കിലും കുഴപ്പമിലാ… …. അവസാനം അവന്റെ ഭീഷണിക്ക് മുൻപിൽ അവൾ മുട്ട് മടക്കി.. 

പലപ്പോളും അവൾ അമ്പലത്തിൽ വെച്ചു  തനിക്കിട്ട് അടിച്ചതിനെ പറ്റി അവനു അവളോട്  ചോദിക്കണം  എന്ന് ഉണ്ടായിരുന്നു. 

അതെങ്ങനെ ആണ്, വിളിച്ചു കഴിഞ്ഞാൽ അഞ്ചു മിനിറ്റ് കഷ്ടിച്ച് മിണ്ടും… അപ്പോൾ ഇത് ചോദിക്കാൻ എവിടെ സമയം… 

അതൊക്കെ കല്യാണം കഴിഞ്ഞു, രണ്ട് പേരും കൂടി ഒരുമിച്ചു ഇരിക്കുമ്പോൾ ,,,  ആവാം എന്ന് അവൻ ഒടുവിൽ തീരുമാനിച്ചു.. 

അങ്ങനെ കല്യാണം വന്നെത്തി.. 

വിജിയും ഗോപനും തലേദിവസം വൈകിട്ട് ആണ് എത്തിയത്.. 

നാരായണന്മാമയും കുടുംബവും രണ്ട് ദിവസം മുന്നേ എത്തി.. 

അമ്മ ആണെങ്കിൽ ദേഷ്യപ്പെട്ട് വരുന്നുണ്ട്.. എന്താ കാര്യം എന്നറിയാതെ അവൻ അങ്ങോട്ട് ചെന്നു…..

ശോ… ഞാൻ ഇനി എന്നാ ചെയ്യും… അമ്മ പിറുപിറുക്കുക ആണ്.. 

എന്തമ്മേ…. എന്താ പ്രശ്നം  . 

.ന്റെ മോനേ… ആ മിക്സി കേടായി… 

അതുള്ളത് കൊണ്ട് ആയിരുന്നു ഈ അരയ്ക്കലും പൊടിയ്ക്കലും ഒക്കെ ഞാൻ നടത്തി പോന്നിരുന്നത്.. അമ്മക്ക് സങ്കടം വന്നിട്ട് ഒരു രക്ഷയും ഇല്ലാ… 

സാരമില്ല അമ്മേ… മറ്റന്നാൾ നമ്മൾക്ക് റെഡി ആക്കാം… അവൻ അമ്മയെ സമാധാനിപ്പിച്ചു.. 

.

ഉണ്ണിമോളുടെ പ്രായം ഉള്ള മിക്സി ആണ്, ഈ കാലം അത്രയും ഒരു പണിമുടക്ക് പോലും നടത്തിയിട്ടില്ല.. പാവം… കൃത്യസമയത്തു അവൾ ഹർത്താൽ പ്രഖ്യാപിച്ചു.. 

കല്യാണത്തലേന്ന് ലക്ഷ്മിയുടെ വീട്ടിൽ മൈലാഞ്ചിരാവ് ഭയങ്കര ആഘോഷം ആയിരുന്നു.. 

.

അവൾ കുറച്ചു ഫോട്ടോസ് ഒക്കെ വൈശാഖന് അയച്ചു കൊടുത്തു.. 

ബ്യൂട്ടിഫുൾ…. അവൻ തിരിച്ചു അയച്ചു. 

അവളെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു മുത്തം കൊടുക്കാനുള്ള മനസ് ഉണ്ടായിരുന്നു അവനു… 

മ്… നാളെ ആയിക്കോട്ടെ…വെച്ചിട്ടുണ്ടെടി കാന്താരി…  എത്രയും പെട്ടെന്ന് നാളെ ഈ സമയം ആകുവാൻ അവൻ പ്രാത്ഥിച്ചു… 

*******************************

കാലത്തെ എല്ലാവരും ഒരുക്കത്തിൽ ആണ്. 

വിജിയും, വീണയും ഉണ്ണിമോളും ഒക്കെ കണ്ണാടിയുടെ മുൻപിൽ ആണ്.. 

മതിയെടി ഒരുങ്ങിയത്… ആളുകൾ ഒക്കെ വരാൻ തുടങ്ങി… സുമിത്ര മകകളുടെ അരികിലേക്ക് വന്നു. 

അമ്മ വേഗം സാരീ ഉടുക്കാൻ നോക്ക്.. ഉണ്ണിമോൾ ദൃതി വെച്ചു.. 

നീ ഒക്കെ ഒന്നു കഴിഞ്ഞെങ്കിൽ മാറ്.. എന്നിട്ട് വേണം എനിക്ക് സാരീ ഉടുക്കാൻ..സുമിത്ര പറഞ്ഞു   .. 

അപ്പോളേക്കും വിജിയും ഉണ്ണിമോളും കൂടി മാറി നിന്നു.. 

എടി… ഫോട്ടോ എടുക്കാൻ വാ… അവിടെ വൈശാഖൻ ബഹളം കൂട്ടുന്നു… രമ ചിറ്റ അവരോട് പറഞ്ഞു. 

കഴിഞ്ഞില്ലേ വിജി…. ഗോപൻ വന്നു വിളിച്ചപ്പോൾ വിജി വേഗം ഇറങ്ങി ചെന്നു.. 

വൈശാഖന്റെ മൂന്നു സഹോദരിമാരും സുന്ദരിമാരായിട്ട് അണിഞ്ഞൊരുങ്ങി വന്നു. 

ദക്ഷിണ മേടിക്കാനുള്ളവർ എല്ലാവരും വരിക… മാധവമ്മാമ പറഞ്ഞപ്പോൾ ഓരോരുത്തർ ആയി വന്നു.. 

അങ്ങനെ അവസാനം  അമ്മയ്ക്കും

ദക്ഷിണ കൊടുത്തിട്ട് വൈശാഖൻ മുറ്റത്തേക്ക് ഇറങ്ങി. 

******************************

കാലത്തെ മുതൽ ലക്ഷ്മിയെ അണിയിച്ചൊരുക്കുന്ന തിരക്കിൽ ആയിരുന്നു ബ്യുട്ടീഷൻ.. 

സ്വര്ണാഭരണങ്ങളും കാഞ്ചിപുരം പട്ടും അണിഞ്ഞു അവൾ ഒരു ദേവതയെ പോലെ ആയിരുന്നു. 

എന്താ.. നിന്റെ മുഖത്തു ഒരു തെളിച്ചം ഇല്ലാത്തത്.. ഇടയ്ക്കു ദീപ  അവളോട് ചോദിച്ചു. 

അവളുടെ കണ്ണുകൾ അപ്പോൾ നിറഞ്ഞൊഴുകി.. 

അയ്യേ… നീ കരയുക ആണോ… ആരെങ്കിലും കാണും… കണ്ണ് തുടയ്ക്ക്….

ദീപ അവളുടെ തോളിൽതട്ടി.. 

കരഞ്ഞുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങരുത്…അതു ശ്രീയല്ല കുട്ടി… അപലക്ഷണം ആണ്.    ദേവി ചെറിയമ്മ ലക്ഷ്മിയോട് പറഞ്ഞു.

കഴിഞ്ഞില്ലേ… ഓഡിറ്റോറിയത്തിൽ പോകാൻ സമയം ആയി… രാജുമാമന്റെ ശബ്ദം കേട്ടതും ദീപയും  ലക്ഷ്മിയും കൂടി പുറത്തേക്ക് വന്നു.. 

ശ്യാമളയും അശോകനും രണ്ട് ദിവസം ആയിട്ട് മിണ്ടാട്ടം പോലും ഇല്ലാ… മകളെ കെട്ടിച്ചു അയക്കുന്നതിൽ അവർക്ക് നല്ല വിഷമം ഉണ്ട്… ദീപക്കാണെങ്കിൽ 24വയസ് ആയതിൽ പിന്നെ ആയിരുന്നു വിവാഹം.. ഇതിപ്പോൾ ഇവൾക്ക് 19വയസേ ഒള്ളു…

രാഹുകാലത്തിനു മുൻപ് ഇറങ്ങേണ്ടത് അല്ലേ… വാ വാ… ആരോ പറഞ്ഞപ്പോൾ അശോകൻ അവിടേക്ക് വന്നു.. 

അശോകൻ ആണ് മകളെ പിടിച്ചു കാറിൽ കയറ്റിയത്.. അയാളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.. 

ആർപ്പുവിളികളും ആരവങ്ങളും ഒക്കെ ആയി ആകെ ബഹളമയം ആണ് ഓഡിറ്റോറിയം.. 

മണ്ഡപം ആണെങ്കിൽ ഒരു കൊട്ടാരസദൃശ്യം ആയിരുന്നു. 

അശോകൻ കുറച്ചു കാശ് ഇറക്കിയല്ലോ ഇളയമകളെ കെട്ടിക്കാൻ… ഈ അടുത്ത നാളിൽ ഒന്നും ഇത്രയും കേമമായ ഒരു കല്യാണം കൂടിയിട്ടില്ല… എല്ലാവരിൽ നിന്നും ഉയർന്നത് ആ ഒരു വാചകം ആയിരുന്നു. 

വധുവിനെ ഇനി വിളിക്കാം… തന്ത്രിമുഖ്യൻ അതു പറയുമ്പോൾ അവന്റെ കണ്ണുകളും അവളെ തിരഞ്ഞു.. 

സർവ്വാഭരണവിഭുഷിതയായ ലക്ഷ്മിയെ കണ്ടപ്പോൾ വൈശാക്ന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… 

അങ്ങനെ എല്ലാവരുടെയും അനുഗ്രഹാശിസുകളോടെ വൈശാഖൻ ലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി. 

മഹാദേവാ…… നീ തന്നെ തുണ… 

അവളുടെ കൈയിൽ പിടിച്ചു കൊണ്ട് കതിര്മണ്ഡപത്തിനു വലം വെയ്ക്കുമ്പോൾ അവൻ പ്രാർത്ഥിച്ചു.. 

തുടരും.

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

പരിണയം

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!