Skip to content

ഈ പ്രണയവും കടന്ന്…. (കഥ)

ഈ പ്രണയവും കടന്ന്

ക്വാറന്റൈനിൽ  പതിനാലു ദിവസം കഴിയണം.

വീടിനു മുകൾ നിലയിൽ ഞാനൊറ്റക്ക്. താഴെ ഭാര്യ സ്വാതി.

അപ്പൂപ്പനും  മക്കളും വീട് മാറി  അമ്മാവന്റെ വീട്ടിലേക്കു പോയിരിക്കുന്നു.

ഒറ്റപ്പെടലിന്റെ വേദന എന്നൊക്കെ വേണമെങ്കിൽ പറയാം. ഒരു ദിവസത്തിന് ഇരുപത്തിനാലു മണിക്കൂർ അല്ല എന്ന് തോന്നും ചിലപ്പോൾ.

കുറേ നേരം സോഷ്യൽ മീഡിയയിൽ. കുറേ നേരം ഉറക്കം. പക്ഷെ മനസ്സവിടെയൊന്നും ഉറക്കാത്ത പോലെ.

ജോലിത്തിരക്കായി നടക്കുന്ന സമയങ്ങളിൽ ഓർക്കാറുണ്ട്  ഒരു ഒഴിവു കിട്ടിയിരുന്നെങ്കിൽ കുറേ വായിക്കാമായിരുന്നു അല്ലെങ്കിൽ എഴുതാമായിരുന്നു എന്നൊക്കെ. ഇപ്പോളാണെങ്കിൽ അതിനൊന്നും തോന്നുന്നുമില്ല. പണ്ടൊക്കെ എത്ര വായിക്കുമായിരുന്നു, എഴുതുമായിരുന്നു. മനു ആലോചിച്ചു.

സ്വാതി ഭക്ഷണവുമായി വരുന്നുണ്ട്.  അത് കഴിച്ചു തീരുന്നതുവരെ അവൾ അകലം പാലിച്ചു അവിടെ തന്നെ ഇരിക്കും.  കറിയൊഴിക്കാനും, ചോറ് വിളമ്പാനുമൊക്കെ അവളുടെ കൈ തരിക്കുന്നപോലെ എനിക്ക് തോന്നാറുണ്ട്.

“എങ്ങനുണ്ട് കറി,  മീൻ പൊരിച്ചത് ഇഷ്ടായോ. ഉപ്പിന്റെ കുറവുണ്ടോ മനുവേട്ടാ, പപ്പടം ഒന്നുകൂടി എടുക്കട്ടേ” അങ്ങിനെ എന്നും കേൾക്കുന്ന പതിവ് ചോദ്യങ്ങൾ.

എന്നെ ഒരുവട്ടം കെട്ടിപ്പിടിക്കാൻ സാധിക്കാത്തതിന്റെ വിഷമം സ്വാതിക്കുണ്ട്.  അങ്ങിനെ പറയുമ്പോൾ ഞാൻ തമാശക്ക് സാനിറ്റൈസർ ഉയർത്തി   അടിക്കുന്നപോലെ കാണിക്കും. അത് കാണുമ്പോൾ ചിരിച്ചു കൊണ്ട് സ്വാതി പറയും, “ഈ മനുവേട്ടന്റെ കാര്യം”.

“പനിയും, ചുമയും ഒന്നുമില്ലല്ലോ മനുവേട്ടാ. കുറച്ചു കഴിഞ്ഞു ഞാൻ ചുക്കുകാപ്പി കൊണ്ടുവരാം ട്ടോ”.

“പാവമാണ് എന്റെ സ്വാതി. ചെറിയൊരു അസുഖം വന്നാൽ പിന്നെ എന്നെ ചുറ്റിപ്പറ്റി അങ്ങിനെ ഇരിക്കും. ഇതിപ്പോൾ ഒരു നിവൃത്തിയും ഇല്ലാഞ്ഞിട്ടാണ്.  ഇത് ലെവൽ വേറെയല്ലേ. നശിച്ച ഒരു കൊറോണ”, മനസ്സിൽ പറഞ്ഞു.

കഴിച്ച പാത്രങ്ങൾ കഴുകിക്കൊടുത്തപ്പോൾ അതുമെടുത്തവൾ താഴേക്ക് പോയി. ഇനി വൈകുന്നേരം ചായയും പലഹാരവുമായിട്ടാവും വരുക. സ്വാതിക്ക്‌  ഞാനും മക്കളും മാത്രമാണ് ലോകം. ഞങ്ങളുടെ ഇഷ്ടങ്ങൾ എങ്ങിനെ നിറവേറ്റാം എന്ന് മാത്രം നോക്കി നടക്കുക. വേറൊന്നും വേണ്ട. സ്ത്രീകൾ ഇങ്ങനെയുമുണ്ടോ. ഞാൻ ഇടയ്ക്കു അത്ഭുദപ്പെടാറുണ്ട്.

ഇന്ന്  അത്തം തുടങ്ങിയ ദിവസമാണ് . മക്കളും സ്വാതിയും പൂക്കളമൊക്കെ ഒരുക്കാൻ കാത്തിരുന്നതായിരുന്നു.അതിനിടയ്ക്കാണ് ഇത്. സാരമില്ല, മാറിയിരിക്കാം. എല്ലാവര്ക്കും വേണ്ടിയല്ലേ.

ഇന്ന് നാലാം ദിവസം ആയിട്ടേയുള്ളു. ഇനിയും പത്തു ദിവസങ്ങൾ കൂടി. അതിനിടയിൽ പനിയോ ചുമയോ വന്നാൽ, ഏയ് ഉണ്ടാവില്ല.

ഇത്തവണത്തെ ഓണം ഇങ്ങനെ ആകുവാനായിരിക്കും വിധി.

“അതൊന്നും സാരല്യ മനുവേട്ടാ, ഇനിയും എത്ര ഓണം വരാനുണ്ട്”. സ്വാതി ഇടയ്ക്കു എന്നോട് പറയും.

വെറുതെയിരുന്നാൽ ചിന്തകൾ ട്രെയിൻ പിടിച്ചുവരുമെന്നു പറയുന്നത് ശരിയാണ്. ആലോചിക്കുന്നതെല്ലാം പൊട്ടകാര്യങ്ങൾ.

“ജ്യോതിയെ ഒന്ന് വിളിച്ചാലോ”, മുൻപും പലതവണ ആലോചിച്ചതാണ്. വേണ്ട, തിരുവോണത്തിന് വിളിക്കാം. അതാകുമ്പോൾ ആശംസകൾ പറയുകയുമാവാം. ഇപ്പോൾ വിളിച്ചാൽ എന്താ പറയുക. പറഞ്ഞു വരുമ്പോൾ ജ്യോതി സ്വാതിയുടെ ചേച്ചിയാണ്. ജ്യോതിക്കു സ്വാതിയെക്കാൾ മൂന്നു വയസ്സേ കൂടുതൽ ഉള്ളു.

 

ഞങ്ങളുടെ  മക്കളും അവളുടെ മക്കളും എല്ലാം ഏകദേശം സമപ്രായക്കാരാണ്

അടുത്തടുത്ത വീടുകളിലാണ് താമസവും.

കാഴ്ചയിൽ സ്വാതിയാണ് സുന്ദരി.

പക്ഷെ ജ്യോതിയുടെ കാര്യപ്രാപ്തി കാണുമ്പോൾ എനിക്കവളോട് വല്ലാത്ത ഒരു അടുപ്പം ഉണ്ടായിരുന്നു. സ്വാതിക്ക്‌ എന്തിനും ഏതിനും എന്നെ വേണം.  പക്ഷെ ജ്യോതി ഭർത്താവുണ്ടെങ്കിലും ഒറ്റക്കാണ് വീടും, ജോലിയും, മക്കളുടെ കാര്യങ്ങളും എല്ലാം നോക്കുന്നത്.

അതുകൊണ്ടുതന്നെ ജ്യോതിയുടെ ഭർത്താവ് ഹരി എന്റെ സുഹൃത്താണെങ്കിലും എനിക്കവനോട് ഉള്ളിന്റെയുള്ളിൽ ഒരുതരം അസൂയ തോന്നാറുണ്ടായിരുന്നു. ഇത്രയും പക്വമതിയായ ഒരു സ്ത്രീയെ ആണല്ലോ അവനു ഭാര്യയായി കിട്ടിയത്. ജ്യോതിയോടു ആദ്യം അഭിമാനം ആയിരുന്നു തോന്നിയത്.  പിന്നീട് ഞാനറിയാതെ അത് വേറൊരു വികാരത്തിലേക്കു വഴിമാറി.

കുറച്ചു നാളുകളായി ജ്യോതിയോടു തോന്നിയിരുന്ന ആ വികാരം പ്രണയമായിരുന്നു. എപ്പോൾ തുടങ്ങിയെന്നോ, എങ്ങിനെ തുടങ്ങിയെന്നോ എന്നൊന്നും എനിക്കറിയില്ല.

മനസ്സിൽ അവളോട് വല്ലാത്ത ഒരു അടുപ്പം, പ്രേമം, പ്രണയം …അങ്ങിനെ എന്ത് പേരിട്ടു വേണമെങ്കിലും വിളിക്കാം. അല്ലെങ്കിൽ അവളോടുണ്ടായിരുന്ന ആരാധന പ്രണയമായി മാറിയിട്ടുണ്ടാകും. അറിയില്ല.

പ്രായം അൻപതോടടുക്കുമ്പോൾ ഇങ്ങനെ ഒരു തോന്നൽ വന്നതിൽ എന്നോട് തന്നെ ഒരു പുച്ഛം ആദ്യം തോന്നിയിരുന്നു. പിന്നെ അത് രസമുള്ള ഒരു രഹസ്യമായി കൊണ്ടുനടന്നു. ഇപ്പോഴും അത് മനസ്സിൽ മാത്രം കിടന്നു വിങ്ങുന്നു. ജ്യോതിയെ ആലോചിക്കുമ്പോൾ ഒരു ഉന്മേഷവും ഉണർവുമൊക്കെ വരുന്നത് പോലെ തോന്നാറുണ്ട്. ജ്യോതിയുടെ ഒരു വാക്കോ, നോട്ടമോ മാത്രം മതി, എനിക്ക് സന്തോഷവാനാകാൻ.

 

ഒരു വർഷം ആകുന്നുണ്ടാകും ഈ പ്രണയം എന്നെ വരിഞ്ഞു മുറുക്കാൻ തുടങ്ങിയിട്ട്. കുടുംബസുഹൃത്തുക്കളായതുകൊണ്ടു തന്നെ രണ്ടു വീടുകളിലെയും എന്ത് വിശേഷങ്ങൾ  വന്നാലും ഒരുമിച്ചാണ് ഞങ്ങൾ ആഘോഷിച്ചിരുന്നത്. ഹരിയുടെ വീട്ടിലെ എന്ത് പരിപാടിയും നല്ല ഉഷാറോടെ ഏറ്റെടുക്കുന്നത് ജ്യോതിയാണ്.  ആദ്യാവസാനം ഓടിനടന്നു ഞങ്ങളുടെയും, മക്കളുടെയും കാര്യങ്ങൾ നോക്കി, ഒന്നിനും ഒരു കുറവ് വരാതെ  നടത്തുന്നത് ആരും അറിയാതെ ഞാൻ നോക്കിയിരുന്നുപോകാറുണ്ട്.  എന്തൊരു ചുറുചുറുക്ക് ആണ് ജ്യോതിക്ക്. ജ്യോതിയുടെ നേരെ വിപരീത സ്വഭാവമാണ് സ്വാതിക്ക്‌. ഒന്നിനും ഒരു ചൂടില്ല. കുറെ ഭക്ഷണം ഉണ്ടാക്കും, അത് കഴിക്കാൻ പറയും.  സ്വാതിക്ക്‌ സ്വന്തമായി ഒരു തീരുമാനവും ഇല്ല. ഞാൻ എന്ത് പറയുന്നോ അതുമാത്രം. അതിനപ്പുറമോ ഇപ്പുറമോ ഇല്ല. ഇടയ്ക്കു ദേഷ്യം വന്നു എന്തെങ്കിലും പറഞ്ഞാൽ ആ മുഖം ആകെ വാടും. അല്ലാതെ ഒരു പ്രതികരണവും ഇല്ല.

ഞാൻ ഇപ്പോൾ ക്വാറന്റൈനിൽ ഇരിക്കാൻ കാരണം ജ്യോതിയാണ്.

കഴിഞ്ഞ ദിവസം ജ്യോതിയെ അവളുടെ വീട്ടിൽ പോയി കണ്ടിരുന്നു.

ഇടയ്ക്കിടെ അവിടെ പോകാറുണ്ട്. ഹരിയും വീട്ടിൽ വരാറുണ്ട്.  പക്ഷെ ഈയിടെയായി ഞാൻ പോകുന്നത് ജ്യോതിയെ കാണാനും, അവളുടെ സംസാരം കേൾക്കാനും മാത്രമാണ്. അന്നും വെറുതെ കുറേ നേരം സംസാരിച്ചിരുന്നു. ഞങ്ങൾക്ക് പരസ്പരം സംസാരിക്കാനുള്ള വിഷയം ഓരോന്നായി കടന്നു വരും. അത് സിനിമയാവാം, രാഷ്ട്രീയമാവാം, സാഹിത്യമാവാം. എല്ലാത്തിലും നല്ല അറിവും ജ്യോതിക്കുണ്ട്. നന്നായി വായിക്കുകയും ചെയ്യുന്ന കൂട്ടത്തിലാണ് അവൾ. മക്കൾ അപ്പുറത്തു കളിക്കുകയായിരുന്നു. “എന്റെ മനു” എന്ന് പറഞ്ഞവൾ ഓരോ കാര്യവും പറയുമ്പോൾ അറിയാതെ ഏതോ ഒരു മായിക ലോകത്തെത്തുന്ന പോലെ ഞാനിരുന്നു. സ്വപ്നങ്ങൾക്ക് ചിറകു മുളക്കും. പിന്നെ ഞാനും അവളും മാത്രം അങ്ങിനെ ആടിപ്പാടി നടക്കും.

ചില പ്രണയങ്ങൾ അങ്ങിനെ ആയിരിക്കും.  ഒരു സ്വപ്നകൂടുണ്ടാക്കി അതിൽ അടയിരിക്കുക. അവിടെ ഞാനും എന്റെ പ്രണയിനിയും   മാത്രം.

 

“ജ്യോതി, എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്” എന്ന് മനസ്സിൽ അവളോട് പറയാൻ തുടങ്ങിയിട്ട് കുറേ ആയി.  പക്ഷെ അത് വാക്കുകളിലൂടെ പുറത്തേക്കിതുവരെ വന്നിട്ടില്ല എന്നതാണ് സത്യം. നിക്കറിട്ടു സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ്സുകാരന് താൻ  സ്നേഹിക്കുന്ന കൂട്ടുകാരിയെ കാണുമ്പോളുള്ള   നാണം എന്നെ ആ സമയങ്ങളിൽ പിടികൂടാറുണ്ടായിരുന്നു.

അവളുടെ കണ്ണുകളും, കവിളുകളും, ചുണ്ടുകളും, ചലനങ്ങളും നോക്കിയിരിക്കുമ്പോൾ ഞാൻ എല്ലാം മറക്കുകയാണ്. അവളാണെങ്കിൽ എന്റെ കണ്ണിൽ തന്നെ നോക്കിയിരുന്നാണ് സംസാരിക്കുക. ഇമ വെട്ടാതെ അങ്ങിനെ നോക്കിയിരിക്കുമ്പോൾ എനിക്ക് തോന്നാറുണ്ട്, ഇവളാണെൻറെ കാമുകി.

എന്റെ പ്രണയം, തനിക്കു മാത്രം കാണാനായി അവിടവിടെ എഴുതിവെച്ചു മായ്ചുകളയുന്ന ഒരു കൊച്ചുകുട്ടിയുടെ പുസ്തകത്തിലെ കോറിവരച്ചിട്ട അക്ഷരങ്ങളെപോലെ തന്നെയായിരുന്നു. ആർക്കും വായിക്കാനാകാത്ത ഒരു പ്രണയം.

എന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന ഒരു ഭാര്യ, കൗമാരത്തിലേക്കെത്തുന്ന രണ്ടു മക്കൾ. സന്തുഷ്ട കുടുംബം. എന്നിട്ടും കടിഞ്ഞാണിടാൻ പറ്റാത്ത ഒരു മനസ്സ് മാത്രം എന്നെ ഞാനല്ലാതാക്കുന്നു.

കുറേ നേരം അങ്ങിനെ ഇരുന്നപ്പോൾ ഹരി എത്തി. പിന്നെ ജ്യോതി പോയി ഞങ്ങൾക്ക് കാപ്പി ഇട്ടുകൊണ്ട് വന്നു.

“നല്ല കാപ്പി ജ്യോതി”. അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു. ഹരിയും അത് ശരി വെച്ചു. കൂട്ടത്തിൽ പറഞ്ഞു, “എന്നും ഇങ്ങനെ നന്നാകാറില്ല മനു, ആരെങ്കിലുമൊക്കെ വരുമ്പോൾ മാത്രം”.

അതും പറഞ്ഞു അവൻ എന്നെ നോക്കി കണ്ണിറുക്കി.

ജ്യോതി ഇഷ്ടപ്പെടാത്തപോലെ അടുക്കളയിലേക്കു പോയി.

ഹരിയുണ്ടെങ്കിൽ ജ്യോതി  എന്നോട് അധികം സംസാരിക്കാറില്ല. വളരെ കുറച്ചറിയാവുന്നവരെ പോലെ ആവശ്യത്തിന് മാത്രമേ വായ തുറക്കു.  അത്രയും നേരം കലപിലകൂട്ടി വർത്തമാനം പറഞ്ഞ ജ്യോതിയെ പിന്നെ കണ്ടില്ല.

ഒരു പക്ഷെ അവൾക്കും എന്നോട് ഇഷ്ടമുണ്ടാകുമോ. ചരട് പൊട്ടിയ പട്ടം പോലെ അലയുന്ന എന്റെ  മനസ്സിലെ പ്രണയം ജ്യോതി കാണാനിടയില്ല.

“നല്ല അടി കിട്ടേണ്ടത്  ആവശ്യമാണ്”, ഞാൻ എന്നോട് തന്നെ പറഞ്ഞു ചിരിച്ചു.

ഇറങ്ങുമ്പോൾ ഹരി പറഞ്ഞു, “തിങ്കളാഴ്ച   തിരുവോണമാണ്. നമുക്കൊരുമിച്ചു ഇവിടെ ആഘോഷിക്കാം. കൂട്ടത്തിൽ നമുക്കും ഒന്ന് കൂടാം അല്ലെ മനു”. ഹരി എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു.

“തീർച്ചയായും ഹരി, ഞങ്ങൾ വരാം . എങ്കിൽ നമുക്ക് അന്ന് കാണാം”.

അത് ഇടക്കുള്ളതാണ്. ആരുടെയെങ്കിലും പിറന്നാളോ, വിവാഹവാർഷീകമോ ഒക്കെയായി മാസത്തിൽ ഒരു തവണ ഞാനും ഹരിയും ചെറുതായി ഒന്ന് കൂടാറുണ്ട്. അതിൽ സ്വാതിക്കോ ജ്യോതിക്കോ ഒരു പരാതിയും ഇതുവരെ ഉണ്ടായിട്ടില്ല.

അന്നേക്ക്  നാലാം ദിവസം ഹരി എന്നെ വിളിച്ചു.” ജ്യോതിക്ക് കൊറോണ പോസിറ്റീവ് ആണ്.  അവളെ കോവിഡ് സെന്ററിലേക്ക്  മാറ്റിയിട്ടുണ്ട്. നീ ഉടനെ ക്വാറന്റൈനിലേക്കു മാറണം. അവളുടെ ഓഫീസിൽ ഒരു പോസിറ്റീവ് കേസ് ഉണ്ടായിരുന്നു മനു. കുഴപ്പമൊന്നുമില്ല.”.

വേറൊന്നും ഹരി പറഞ്ഞില്ല.

ഞാൻ ഉടനെ സ്വയം നിർമിത തടവറയിലേക്ക് മാറി. പ്രൈമറി കോണ്ടാക്ട് ഒന്നും ഉണ്ടായിട്ടില്ല. ഉണ്ടെങ്കിൽ തന്നെ ആ കാപ്പി കപ്പ് മാത്രം. അതും വീട്ടിൽ എത്തിയിട്ട് സാദാരണ ചെയ്യുന്ന കൈ കഴുകലും എല്ലാം നടത്തിയിരുന്നു.

ഇന്ന് തിരുവോണം.

“ജ്യോതിചേച്ചിക്ക് ചെറിയ ശ്വാസം മുട്ടലുണ്ടെന്നു ഹരിയേട്ടൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. ചിലപ്പോ വെന്റിലേറ്റർ വേണ്ടിവരുമത്രെ, പേടിയാവുന്നു മനുവേട്ടാ.” പ്രാതൽ കഴിഞ്ഞപ്പോൾ സ്വാതി പറഞ്ഞു. “ഞാൻ വിളിച്ചപ്പോൾ കിട്ടിയില്ല. മനുവേട്ടനൊന്നു വിളിച്ചു നോക്കണേ. ഞാൻ ഉച്ചത്തേക്കുള്ള ഭക്ഷണം തയ്യാറാക്കട്ടെ”.

മനു മൊബൈലെടുത്തു ജ്യോതിയുടെ നമ്പർ ഡയൽ ചെയ്തു.  റിംഗ് ടോൺ ഒരു പുതിയ പ്രണയ ഗാനത്തിന്റെ വരികൾ.

“ഹലോ, മനു”. ജ്യോതി പറഞ്ഞു.

“ഹാപ്പി ഓണം  മൈ ഡിയർ സ്വീറ്റ് ലവിങ് ജ്യോതിക്കുട്ടി” എന്ന് പറയണമെന്നാണ് വിചാരിച്ചത്.

പക്ഷെ “ഓണാശംസകൾ” എന്ന ഒരു വാക്കിലൊതുക്കാനെ  എന്റെ ധൈര്യം അനുവദിച്ചുള്ളു. ബാക്കി എല്ലാം വിഴുങ്ങി.

“സുഖാണോ ജ്യോതി”, മനസ്സിലുള്ള പ്രണയം വാക്കുകളിൽ വരുത്താതെ ചോദിച്ചു.

“കുഴപ്പമില്ല മനു. ഇന്നലെ കുറച്ചു സമയം ശ്വാസം മുട്ടൽ പോലെ തോന്നിയിരുന്നു. ഇപ്പോൾ സുഖമുണ്ട്. ഒരു ചെറിയ പനി. അത്രയേ ഉള്ളു. ഹരിയേട്ടന് നല്ല പേടിയുണ്ട്. എപ്പോഴും വിളിച്ചുകൊണ്ടിരിക്കും. ഇവിടെ അടുത്തായതു നന്നായി. പിന്നെ മനു സൂക്ഷിക്കണേ. അന്ന് നമ്മൾ കുറേ നേരം സംസാരിച്ചതല്ലേ. മാസ്‌ക്കൊന്നും വെച്ചില്ലായിരുന്നു”.

“മ്”, ഞാൻ മൂളി .

“പിന്നെ മനു, ഒരു കാര്യം പറഞ്ഞോട്ടെ, എന്നോട് ദേഷ്യം തോന്നരുത്”.

“എന്താ ജ്യോതി, എന്ത് പറ്റി”. പകുതി സംശയത്തോടും പിന്നെ ആകാംഷയോടും കൂടി ചോദിച്ചു.

“ചിലപ്പോൾ ഈ പനി കൂടിയാൽ, എനിക്കെന്തെങ്കിലും സംഭവിച്ചാൽ… പിന്നെ അത് പറയാൻ പറ്റിയില്ലെങ്കിൽ…. മനു….. അതുകൊണ്ടാണ്…. എന്നെ വെറുക്കരുത്, പ്ളീസ്.”

ഇവളെന്താണ് പറയാൻ പോകുന്നത്. എനിക്കും ടെൻഷൻ ആയി തുടങ്ങി. ഇനി അസുഖം അധികമായിട്ടാണോ. അല്ലാതെ ജ്യോതി ഇത്രയും പരിഭ്രമിച്ചു സംസാരിക്കുന്നതു ഞാൻ കേട്ടിട്ടേയില്ല. ഇവളുടെ ധൈര്യവും പക്വതയുമൊക്കെ എവിടെ പോയൊളിച്ചു.

“നീ എന്താണ് പറയാൻ വരുന്നത്, എന്തായാലും എന്നോട് പറയു, നിന്റെ മനുവല്ലേ  പറയുന്നത്.”

എന്റെ സ്വരവും ഇടറി തുടങ്ങി.

ഞാനെന്താ അവളോട് പറഞ്ഞത്, “നിന്റെ മനുവെന്നോ.  അങ്ങിനെ പറയണ്ടായിരുന്നു. ജ്യോതി എന്ത് വിചാരിച്ചുകാണും.

“മനു”

അവൾ വിളിച്ചു.

“എനിക്ക് നിന്നെ  ഒരുപാടു ഇഷ്ടമാണ് മനു”.

ഞാൻ തരിച്ചുപോയി.  പെട്ടന്ന് ഒരു കൊള്ളിയാൻ എന്റെ ശരീരത്തിലൂടെ പാഞ്ഞു പോയതിന്റെ തരിപ്പ് അനുഭവപ്പെട്ടുവോ. രോമങ്ങളെല്ലാം എഴുന്നേറ്റുവോ.

ജ്യോതി തുടർന്നു.

“എനിക്കറിയില്ല, എന്നാണ് ഞാൻ മനുവിനെ  ഇഷ്ടപ്പെട്ടു തുടങ്ങിയതെന്ന്. കഴിഞ്ഞ ഒരു കൊല്ലമായി ഞാനിതു മനസ്സിൽ കൊണ്ട് നടക്കുന്നു മനു.  മനുവിനെ ഞാൻ എന്ന് കാണാൻ തുടങ്ങിയതാ. ആദ്യമൊക്കെ നീയെന്റെ അനിയനെപ്പോലെയായിരുന്നു. പക്ഷെ അറിയില്ല മനു, ഇപ്പോൾ വിട്ടുപിരിയാൻ പറ്റാത്ത പോലെ തോന്നുകയാണ്. നീയെനിക്കിപ്പോൾ ആ പഴയ മനുവല്ല. വേറെ ആരൊക്കെയോ ആണ്.”.

ഞാൻ കേട്ടത് സത്യമാണോ. ഇത്രയും കാലമായി ഞാൻ ജ്യോതിയോടു പറയാൻ ആഗ്രഹിച്ചത് ഇത് തന്നെയല്ലേ.

എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.

“എന്റെ പ്രണയം പൂവിട്ടിരിക്കുന്നു” മനസ്സിൽ പറഞ്ഞു.

“എന്താ മനു ഒന്നും പറയാത്തെ.  അഥവാ ഞാൻ മരിച്ചു പോവുകയാണെങ്കിൽ ഇതായിരിക്കും എന്റെ ഏറ്റവും വലിയ സങ്കടം. എന്റെ പ്രണയം മനുവിനെ അറിയിച്ചില്ലെങ്കിൽ എന്റെ ആത്മാവ് എന്നും കരഞ്ഞുകൊണ്ടിരിക്കും.” ജ്യോതി പറഞ്ഞു.

“എന്തെങ്കിലുമൊന്ന് പറയു മനു”.

എന്താണ് പറയേണ്ടത്.

“ജ്യോതി, നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ, വെറുതെ വേണ്ടാത്തതോരോന്നും ചിന്തിച്ചു വിഷമിക്കണ്ട.  ഇതൊരു സാധരണ പനി പോലെ വന്നു മാറും.”. ഞാൻ പറഞ്ഞു.

“അറിയാം മനു, എന്നാലും ഒരു പേടി. കഴിഞ്ഞ ദിവസം ഇവിടെ ഉണ്ടായിരുന്ന ഒരാൾ പെട്ടന്ന് ശ്വാസം മുട്ടി മരിച്ചു. അപ്പോൾ തുടങ്ങിയതാ എനിക്കെന്റെ മനസ്സ്   മനുവിനെ അറിയിക്കണമെന്ന്”. അവൾ കിതക്കുന്നതുപോലെ പറഞ്ഞു.

“എന്നോട് ദേഷ്യമാണോ മനു”.

ഓടിചെന്ന് ജ്യോതിയെ കെട്ടിപ്പിടിക്കാനാണ് തോന്നിയത്. ഫോണിലൂടെയാണ് സംസാരിക്കുന്നതെന്ന് ഒരു നിമിഷം മറന്നു പോയത് പോലെ.

“വിളിച്ചു പറയാൻ പറ്റാത്ത പ്രണയം എന്നും മനസ്സിന്റെ  വേദനയാണ് മനു”.

“മ്”, ഞാനൊന്നു മൂളി.

ഞാനതനുഭവിച്ചതല്ലേ, ഇക്കഴിഞ്ഞ നിമിഷം വരെ. ജ്യോതിയുടെ മുന്നിൽ മുട്ടിടിച്ചു നിൽക്കുന്ന ഒരു സ്കൂൾ കുട്ടിയെ പോലെയായിരുന്നു.  ഇപ്പോൾ എവിടുന്നോ ഒരു ധൈര്യം വന്ന പോലെ.

“ഞാൻ ചെയ്യുന്നത് തെറ്റല്ലേ മനു”. ജ്യോതി ഒരു കൊച്ചു കുട്ടിയെപ്പോലെ ചോദിച്ചുകൊണ്ടിരുന്നു.

“തെറ്റും ശരിയുമൊക്കെ തീരുമാനിക്കുന്നത് നമ്മളല്ലേ ജ്യോതി.” എന്ന് പറയാനാണ് വന്നത്. അതും പറയാതെ വിഴുങ്ങി.

“മ്”, ഉത്തരം ഒരു മൂളലിൽ ഒതുക്കി.

എന്റെ പ്രണയം വിളിച്ചു പറയാൻ എനിക്ക് തിരക്കായി. പക്ഷെ  വാക്കുകൾ പുറത്തേക്കു വരുന്നില്ല.

“ജ്യോതി” , ഞാൻ വിളിച്ചു.

“ഹരി ഇതറിഞ്ഞാൽ,   സ്വാതി അറിഞ്ഞാൽ, നമ്മുടെ മക്കളറിഞ്ഞാൽ……”

ഒരു അധ്യാപകന്റെ പക്വത വാക്കുകളിൽ വരുത്തി ചോദിച്ചു.

“അറിയില്ല മനു…എനിക്കറിയില്ല, അവൾ കരഞ്ഞു തുടങ്ങിയിരുന്നു”,

“ജ്യോതി… നമ്മൾ കുട്ടികളല്ല.  പ്രണയം ഒരു തെറ്റുമല്ല. പക്ഷെ നമ്മളെ ആശ്രയിച്ചു കഴിയുന്ന, നമ്മളെ മാത്രം സ്നേഹിച്ചു കഴിയുന്ന അവരെ നമുക്ക് വെറുക്കാൻ പറ്റുമോ. അവരെയെല്ലാം വെറുപ്പിച്ചിട്ടു പിന്നെ നമ്മൾ മാത്രം ഏതു സ്വർഗ്ഗത്തിൽ പോയാലും സമാധാനം കിട്ടുമോ ജ്യോതി”.

മറുപടി ഒന്നും കേൾക്കുന്നില്ല. ഒരേങ്ങൽ മാത്രം.

യുദ്ധത്തിൽ ജയിച്ച യോദ്ധാവിനെപ്പോലെ ഞാനെന്റെ പ്രണയം  ജ്യോതിയിൽ നിന്നും ഒളിപ്പിക്കാൻ ശ്രമിച്ചു.

“നീ ഹരിയുടെ കാര്യം ഓർത്തു നോക്ക്. നിന്നെ എത്ര സ്നേഹിക്കുന്നു അവൻ. എന്നെങ്കിലും അനാവശ്യമായി നിന്നെ എന്തെങ്കിലും പറയാറുണ്ടോ, അവിശ്വസിച്ചിട്ടുണ്ടോ ? അതേപോലെ തന്നെയല്ലേ സ്വാതിയും. എന്റെ മുഖമൊന്നു മാറിയാൽ അവളും അസ്വസ്ഥയാകുന്നത് ഞാനും കാണുന്നതല്ലേ. അതിനിടയിൽ ഈ പ്രണയം, അത് വേദന മാത്രമേ നൽകു ജ്യോതി.  നീ എന്നും എന്റെ നല്ലൊരു സുഹൃത്തായിരിക്കും. തിരിച്ചും. അത് പോരെ”.

എന്താണ് പറഞ്ഞതെന്നുപോലും ഒരു നിമിഷം എനിക്ക് ഓർമ വന്നില്ല. ഇതായിരുന്നില്ല ഞാൻ പറയേണ്ടിയിരുന്നത്. ഇതായിരുന്നു എന്റെ പ്രണയം ജ്യോതിയെ അറിയിക്കാൻ  കിട്ടിയ അവസരം. പക്ഷെ, പറഞ്ഞു വന്നപ്പോൾ ഇങ്ങനെ ആയിപ്പോയി.

“എന്നാലും എന്റെ മനു. ഈ വിങ്ങൽ എനിക്ക് സഹിക്കാവുന്നതിന്റെ അപ്പുറമായിരുന്നു. മനുവിനെ  കാണാൻ എന്നും എന്റെ മനസ്സ് തുടിക്കാറുണ്ടായിരുന്നു. ഹരിയേട്ടനോട് എനിക്ക് ഒരു ഇഷ്ടക്കുറവും തോന്നിയിരുന്നില്ല. പക്ഷെ മനുവിന്റെ ഓരോ നോട്ടങ്ങളും എന്നെ ഒരു പ്രണയത്തിലേക്ക് വലിച്ചിടുന്ന പോലെ തോന്നിയിരുന്നു. ”.

ഞാൻ അദ്‌ഭുതപ്പെട്ടുപോയി. എന്റെ മനസ്സിനെ കണ്ണുകളിലൂടെ അവൾ കണ്ടിരിക്കുന്നു. അപ്പോൾ അവൾക്കെന്നോട് പ്രണയം തോന്നാൻ ഞാൻ തന്നെ കാരണം.

“ഞാൻ തെറ്റുകാരിയാണോ മനു”.

“അല്ല, ഞാനാണ് തെറ്റുകാരൻ. ഞാനാണ് നിന്നെ പ്രണയിക്കാൻ, വശീകരിക്കാൻ കള്ളനോട്ടങ്ങൾ എയ്തു വീഴ്ത്തിയത്. മനപ്പൂർവം ആയിരുന്നു. എന്നോട് ക്ഷമിക്കു ജ്യോതി”.  ഇല്ല വാക്കുകൾ പുറത്തു വന്നില്ല. അത് തൊണ്ടയിൽ കുടുങ്ങി.

അവളെ സ്വാധീനിക്കുന്ന രീതിയിൽ ഇപ്പോൾ ഒന്നും പറയണ്ട.

രണ്ടു കുടുംബങ്ങൾ നിന്ന നിൽപ്പിൽ ഇല്ലാതാവുന്നതോർത്തു ഞാനൊന്നു ഞെട്ടി.

പുറത്തു പറയാനാകാത്ത പ്രണയം ഗർഭത്തിൽ മരിക്കുന്ന ചാപിള്ളയെ  പോലെ ആരും അറിയാതെ കുഴിച്ചുമൂടുകയാണ്  നല്ലത്.

“റിസ്ക് ആണ് മോളെ.  പിടിവിട്ടു പോയാൽ തിരിച്ചു കിട്ടാത്ത പലതും ഉണ്ട്,  എനിക്കായാലും നിനക്കായാലും. എന്നും നമ്മുടെ ഹൃദയത്തിൽ മാത്രം സൂക്ഷിച്ചുവെക്കേണ്ടി വരുന്ന വേദനയാണ് ഈ വിലപിടിച്ച പ്രണയം”

ഞാൻ സ്വയം പറഞ്ഞു.

“മനു, ഞാൻ തെറ്റുകാരിയാണോ”. അവൾ വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു.

“മ്”, മനു മൂളിക്കൊണ്ടിരുന്നു…. ഒന്നും പറയാനാകാതെ….

പിന്നെ നീണ്ട ഒരു നിശബ്ദത. മറുവശം ഫോൺ കട്ട് ആയി.

“എന്നോട് ക്ഷമിക്കു എന്റെ പ്രിയപ്പെട്ടവളേ…” അപ്പുറം ജ്യോതി കേൾക്കുന്നില്ലായെന്നുറപ്പായപ്പോൾ ഞാനുറക്കെ  പറഞ്ഞു.

മനു  ഡയറിയിൽ അന്നത്തെ തീയതിയിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു വെച്ചു. പരിചയക്കുറവിന്റെ അച്ചടക്കമില്ലാത്ത കുറെ വാക്കുകൾ കൂട്ടിവെച്ചതുപോലെ അതിനെ തോന്നിപ്പിച്ചു.

അതിങ്ങനെ ആയിരുന്നു.

 

“ഇത്തവണ ഓണത്തിന് ഞാനറിയാതെ ഒരു പ്രണയിനിയെ കിട്ടി. എങ്ങനെയെന്നോ ഏതു വഴിയിലൂടെയെന്നോ അറിയാതെ ഒരു പൂ പോലെ പൊട്ടിമുളച്ച  പ്രണയം. പണ്ട് നഷ്ടപ്പെട്ട പലതും തിരിച്ചുകിട്ടിയെന്നു തോന്നുന്നു. ഓർമകളുടെ ചിതലരിച്ച ഓണമല്ല ഇത്തവണ ആഘോഷിക്കാൻ പോകുന്നത്. പുതുമയുള്ള കുറച്ചു നല്ല അനുഭവങ്ങൾ കൂടി ഉണ്ട്. ആ ഒരു പൂവിനെ എന്നും വാടാതെ നനച്ചു കൊണ്ട് നടക്കാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ചുറ്റിലും എന്തൊക്കെയോ പ്രതിബന്ധങ്ങൾ. അതിനെയൊക്കെ തകർക്കാൻ ആഗ്രഹിച്ചിരുന്നില്ല. പഴയ ഓർമകളാകുന്ന കുന്നിക്കുരുക്കൾ കൂട്ടിവെച്ച  മനസ്സിന്റെ  ചെപ്പിലേക്കു ആ പൂവിനെ പതുക്കെ സൂക്ഷിച്ചു വെച്ചു. ആരും അറിയാതെ അതവിടെ കിടക്കട്ടെ. ഒറ്റക്കിരിക്കുമ്പോൾ  ചെപ്പു തുറന്നു അതിനെ താലോലിക്കാം. അങ്ങിനെ ആ പൂവ് ഒരു വാടാ മലരായി എന്നും  ജീവിതത്തിനെ തരളിതമാക്കട്ടെ.  ഓണപ്പൂക്കളത്തിന്റെ ഒത്ത നടുവിലായി ആരും കാണാതെ  ആ പൂവ് അവിടെയിരുന്നു മൗനമായി തേങ്ങാറുണ്ടായിരുന്നു, പ്രിയപ്പെട്ടവന്റെ  ഒരു നോട്ടത്തിനായി മാത്രം കൊതിച്ചുകൊണ്ട്….”

————————————-

സുധേഷ്‌ ചിത്തിര

3.7/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!