അന്ന് രാത്രിയിൽ ലക്ഷ്മി വൈശാഖാനോട് ഒരു കാര്യം പറഞ്ഞു..
“അതൊന്നും വേണ്ടാ ലക്ഷ്മി.. അത് ശരിയാകില്ല… “
“ഏട്ടാ ..പ്ലീസ്… എതിരൊന്നും പറയല്ലേ.. “
“അത് വേണോ ലക്ഷ്മി… തൽക്കാലം അത്രക്ക് ആവശ്യം ഒന്നുമില്ല… “
“പ്ലീസ് ഏട്ടാ… ഞാൻ പറയുന്നത് കേൾക്കു.. “
ഒടുവിൽ അവൻ ലക്ഷ്മിയുടെ ആഗ്രഹത്തിന് സമ്മതം മൂളി..
“ആഹ് പിന്നെ ഏട്ടാ… നാളെ ഏട്ടൻ വന്നു കഴിഞ്ഞു നമ്മൾക്ക് ടൗണിൽ പോകാം കെട്ടോ… എനിക്കു സാരീ മേടിക്കണം, പിന്നെ അമ്മയ്ക്കും ഉണ്ണിമോൾക്കും ഒക്കെ എടുക്കണ്ടേ..”
“മ്… പോകാം… നോക്കട്ടെ… ഞാൻ നിന്നെ വിളിക്കാം.. “
“അയ്യോ.. ദീപേച്ചിയെ ഒന്ന് വിളിച്ചില്ല… “
അവൾ ഫോണും എടുത്തുകൊണ്ടു ജനാലയുടെ അടുത്തേക്ക് ചെന്നു..
“ഹെലോ.. ദീപേച്ചി. മ്… കുറച്ചു ബിസി ആയിരുന്നു.. കുഴപ്പമില്ല.. ഇങ്ങനെ പോകുന്നു… കല്യാണത്തിന് വരില്ലേ… അച്ഛൻ വരും അങ്ങോട്ട് നിങ്ങളെ ക്ഷണിക്കാൻ… ഉവ്വ് ചേച്ചി.
.ചേച്ചിക്ക് ഭാഗ്യം ഉണ്ട്, ശർദി ഇല്ലാലോ . “….അങ്ങനെ അവളുടെ സംസാരം നീണ്ടു നീണ്ടു പോയി..
“അര മണിക്കൂർ ആകാൻ രണ്ട് മിനിറ്റും കൂടി ബാക്കിയുണ്ട്, കംപ്ലീറ്റ് ആക്കാൻ വല്ല പ്ലാനും ഉണ്ടോ,, “
എന്നും ഒന്നും വിളിക്കുന്നില്ല ല്ലോ വല്ലപ്പോഴും അല്ലേ ഉള്ളൂ,,,, “
” ഇനി അത് പറഞ്ഞാൽ മതി,,, വല്ലാണ്ട് വിശക്കുന്നു നീ വരുന്നില്ലേ കഴിക്കാൻ…”
“മ്.. ഞാൻ ഇപ്പോൾ വരാം ഏട്ടാ.. ഏട്ടൻ പൊയ്ക്കോളൂ “
വൈശാഖൻ മുറിയിൽ നിന്ന് ഇറങ്ങി അച്ഛന്റെ അടുത്തേക്ക് ചെന്നു
.
ചാരുകസേരയിൽ നീണ്ടുനിവർന്നു കിടക്കുകയാണ് ശേഖരൻ.., ഇരുകൈകളും ശിരസ്സിനെ പിറകുവശത്ത് ഊന്നി പിടിച്ചിരിക്കുകയാണ്,, അച്ഛൻ ആകെ മടുത്തിരിക്കുന്നു.. ഒറ്റയ്ക്കാണ് എല്ലാ കാര്യങ്ങൾക്കും ഓടുന്നത്,,, ജോലിക്ക് പ്രവേശിച്ചത് ഉള്ളൂ അതുകൊണ്ട് പെട്ടെന്ന് ലീവും കിട്ടത്തില്ല,,,
“അച്ഛാ… “അവൻ ശേഖരന്റെ അടുത്തേക്ക് ചെന്നു,,
” വാ മോനെ ഇരിക്ക്,,,, ” അയാൾ തന്റെ അടുത്ത് കിടന്ന കസേര അവന് നേർക്ക് നീട്ടി ഇട്ടു,,,
പക്ഷേ അവൻ ഉമ്മറത്ത് കിടന്ന ഒരു തൂണിൽ ചാരി നിന്നതേയുള്ളൂ…
” അച്ഛൻ തന്നെ,, ആകെ മടുത്തു അല്ലേ,, മുഖം കണ്ടാലറിയാം,, എനിക്കാണെങ്കിൽ വേറെ നിവൃത്തിയുമില്ല”
” അതൊന്നും സാരമില്ല മോനെ,, എന്റെ മടുപ്പു നീ നോക്കേണ്ട,, ഈശ്വരാനുഗ്രഹത്താൽ നിനക്ക് നല്ലൊരു ജോലി കിട്ടിയല്ലോ,, അച്ഛനു ഇനി എല്ലാവരുടെയും മുമ്പിൽ തലയുയർത്തി നടക്കാം… അതുമാത്രം മതി”
” എന്നാലും അച്ഛൻ ഈയിടെയായി ഒരുപാട് ക്ഷീണിച്ചു,,,, ഈ പരാക്രമം അല്ലേ,,
“ഏയ്… അതൊന്നും സാരമില്ല… അയാൾ ചിരിച്ചു.
‘
“മോനേ… ഈ മണ്ഡപവും കാര്യങ്ങളും ഒക്കെ ആ മഴവില്ല് ഡെക്കറേഷനു ആണ് കൊടുത്തേക്കുന്നത്… അവര് കുഴപ്പം ഇല്ലാലോ അല്ലേ… “
“ഒരു കുഴപ്പവും ഇല്ല അച്ഛാ… അവരാണ് ഇപ്പോളത്തെ എല്ലാ പരിപാടിക്കും മണ്ഡപം സെറ്റ് ചെയുന്നത്… അഞ്ചാറ് മാസം കൊണ്ട് അവർക്ക് നല്ല ഇമേജ് ആണ് ഉള്ളത്..”
” മ്… നമ്മുടെ ശബരീഷ് പറയുവാ അതിലും നല്ലത് ഒക്കെ ഉണ്ടായിരുന്നു എന്ന്.. “
“ഓഹ്.. ഇത് അത്യാവശ്യം കുഴപ്പമില്ല കെട്ടോ… ഞാൻ നല്ലോരു ഡിസൈൻ ആണ് അവരോട് ചെയ്യാൻ പറഞ്ഞത് “
“ആഹ് എല്ലാം മംഗളമായി കഴിഞ്ഞാൽ മതിയായിരുന്നു,, മോനേ നിന്റെ ഫ്രണ്ട്സിനെ വിളിക്കേണ്ടെ
പൊലീസിലെ ആരോടെങ്കിലും ഒക്കെ പറയണോ.. “
“ഫ്രണ്ട്സ്.. അധികം ആരും ഇല്ലാലോ അച്ഛാ… പിന്നെ സ്റ്റേഷനിൽ ഇപ്പോൾ വർക്ക് ചെയ്യുന്നവരോട് ഒക്കെ പറയണം.. “
“എങ്ങനെ പോയാലും എല്ലാം കൂടി ഒരു ആയിരത്തി അഞ്ഞൂറ് പേര് എങ്കിലും വരും… “
“മ്…എന്തായാലും ഇനി ഉണ്ണിമോൾ വലുതാകണം അടുത്ത ഒരു കല്യാണം ആകാൻ… അതുകൊണ്ട് ഇത് നമ്മൾക്ക് എല്ലാവരെയും വിളിക്കാം അച്ഛാ.. “
” അതുതന്നെയാണ് മോനെ എന്റെ മനസ്സിലും,,,,, ആരെയും ഉപേക്ഷിക്കാൻ പറ്റില്ല നമ്മൾക്ക്, ഈ കുട്ടനാട്ടിൽ ഒരു കല്യാണം വെച്ചാൽ ആയിരം പേരിൽ കുറഞ്ഞ കേസില്ല”
” അച്ഛാ,,, ഏട്ടാ.. ഊണ് കഴിക്കാൻ വരു…”
ഉണ്ണിമോൾ വന്ന് വിളിച്ചപ്പോൾ അവർ രണ്ടാളും എഴുന്നേറ്റു..
കാരിവര്ത്തതും, വെള്ളരിയ്ക്ക മോര് ഒഴിച്ചുകറിയും,
പച്ചപ്പയർ മെഴിക്കുവരട്ടിയും ആയിരുന്നു കറികൾ.. പിന്നെ ലക്ഷ്മിക്ക് വേണ്ടി പ്രത്യേകം ഉള്ളിത്തീയൽ ഉണ്ടായിരുന്നു..
ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഉം എല്ലാവരുടെയും ചർച്ച വീണയുടെ വിവാഹമായിരുന്നു,,,
തലേദിവസം മൈലാഞ്ചി ഇടുന്നതും വീഡിയോ പിടിക്കുന്നതും ഒക്കെ ആയിരുന്നു ഉണ്ണിമോളുടെ വിഷയം..
അങ്ങനെ അടുത്ത ദിവസം വൈകിട്ട് ലക്ഷ്മിയും വീണയും ഉണ്ണിമോളും കൂടി വൈശാഖനും ആയിട്ട് പോയി ഡ്രെസ്സ് എടുത്തു…
ലക്ഷ്മിക്ക് ഒരു കാഞ്ചിപുരം സാരി ആയിരുന്നു എടുത്തത്,, സുമിത്രയ്ക്കും ലക്ഷ്മി എടുത്തത് അതേ കളർ ഒരു സാരിയാണ് തെരഞ്ഞെടുത്തത്,,,, അതും നല്ല വിലയുള്ളത് ആയിരുന്നു.
ഉണ്ണിമോൾക്ക് പാവാടയും ബ്ലൗസും ആണ് എടുത്തത്.. ബ്ലൗസ് ആണെങ്കിൽ അവരുടെ സാരിയുടെ നിറം ഉള്ള കാഞ്ചീപുരം മെറ്റീരിയൽ ആണ് മുറിച്ചെടുത്തത്..
ലക്ഷ്മി എല്ലാംകൂടി ഒരു 25000ത്തിൽ തീരുമൊ.. ” ഇടയ്ക്ക് വൈശാഖൻ അവളുടെ കാതിൽ പതിയെ മന്ത്രിച്ചു..
” ഇത്തിരി ആഡംബരം കൂടിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ല,, എന്തായാലും ഏട്ടൻ അവിടെ പോയി മര്യാദയ്ക്ക് ഒരു കസേരയിൽ ഇരിക്കുക,,,,, ഞങ്ങൾ പെണ്ണുങ്ങൾക്ക് കുറച്ചുസമയം കൂടി അനുവദിക്കണം” അതും പറഞ്ഞ് ലക്ഷ്മി അടുത്ത സെക്ഷൻലേക്ക് നടന്നു.
ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നും ഇറങ്ങി കഴിഞ്ഞ അവർ നേരെ ഒരു ജ്വല്ലറി ലേക്ക് ആണ് കയറിയത്..
” ഇതെന്താ ഏട്ടത്തി ഇവിടെ,,? ” ഉണ്ണി മോൾക്കും വീണയ്ക്കും ഒന്നും മനസ്സിലായില്ലായിരുന്നു..
” അതൊക്കെ പറയാം നിങ്ങൾ വരൂ,,”
ലക്ഷ്മി അവരെ രണ്ടാളെയും വിളിച്ചുകൊണ്ട് ജ്വല്ലറി യിലേക്ക് പ്രവേശിച്ചു…
“ഈ കുട്ടിക്ക് മാച്ച് ചെയ്യുന്ന ഒരു ചെട്ടിനാട് കളക്ഷൻ നെക്ലേസും വളയും വേണം,,, ” ലക്ഷ്മി സെയിൽസ്മാനോട് പറഞ്ഞപ്പോൾ വീണ അന്താളിച്ചു..
“എനിക്കോ.. എനിക്കൊന്നും വേണ്ട ഏട്ടത്തി.. അച്ഛൻ എല്ലാം എടുത്തത് ആണ്… “എന്ന് പറഞ്ഞു കൊണ്ടു വീണ അവളെ തടഞ്ഞു..
“നീ മിണ്ടാതിരിക്കു പെണ്ണേ… ഇഷ്ടമുള്ളത് ഏതാണ് എന്ന് വെച്ചാൽ എടുത്തോളൂ.. “
വീണ പക്ഷെ ഒന്നും മിണ്ടാതെ നിന്നതേ ഒള്ളു…
ആറര പവന്റെ ഒരു നെക്ലൈസ് ആണ് വീണയ്ക്ക് വേണ്ടി ലക്ഷ്മി തെരഞ്ഞെടുത്തത്,,,
അതിനും മാച്ച് ചെയ്യുന്ന വള പക്ഷേ കിട്ടിയില്ല,, പകരം ട്രഡീഷണൽ രീതിയിലുള്ള ഒരു ജിമിക്കി കമ്മലും കൂടി വീണയ്ക്ക് വേണ്ടി അവൾ എടുത്തു….
“ഏട്ടത്തി.. ഈ കമ്മൽ മാത്രo മതി.. പ്ലീസ്.. “വീണ അവളുടെ കൈയിൽ പിടിച്ചു..
” ഇത്രയും നല്ലൊരു കളക്ഷൻ വേണ്ട എന്ന് പറയുന്നത് വളരെ കഷ്ടമാണ് കേട്ടോ മാഡം… “വീണയെ നോക്കി ജ്വല്ലറിയിലെ സെയിൽസ്മാൻ പുഞ്ചിരിച്ചു…
ഉണ്ണി മോൾക്ക് ഒരു ജിമിക്കി കമ്മലും കൂടി ലക്ഷ്മി എടുത്തുകൊടുത്തു…..
ലക്ഷ്മിയുടെ അച്ഛൻ ഡിപ്പോസിറ്റ് ചെയ്തുകൊടുത്ത ക്യാഷ്വൽ നിന്നും എടുത്തതാണ് അവൾ ഈ ആഭരണങ്ങൾ ഒക്കെ വാങ്ങിയത്..
“എന്തിനാണ് മോളേ ഇതൊക്ക വാങ്ങിയത്.. ആവശ്യത്തിന് ഉള്ളത് എല്ലാം അച്ഛൻ മേടിച്ചതല്ലേ… “
വീട്ടിൽ എത്തിയതും സുമിത്ര ലക്ഷ്മിയോട് പറഞ്ഞു..
” ഇതൊക്കെ ഒരു സന്തോഷം അല്ലേ അമ്മേ…. നമ്മുടെ വീണ കുട്ടി ഏറ്റവും സുന്ദരി ആയിരിക്കണം വിവാഹത്തിന്റെ അന്ന്…. “
” അതെന്തായാലും നടക്കില്ല ലക്ഷ്മി ഏട്ടത്തി അടുത്തുള്ളപ്പോൾ….. “ഉണ്ണി മോൾ അവളുടെ ജിമുക്കി കമ്മൽ ഇട്ടുകൊണ്ട് കണ്ണാടിയും പിടിച്ചു കൊണ്ടു അവർക്കരികിലേക്ക് വന്നു..
“ആഹ്ഹ… നോക്കട്ടെ
.. ചുന്ദരി ആയല്ലോ.. “ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു..
“ലക്ഷ്മി… ഇങ്ങോട്ട് ഒന്ന് വരൂ… “വൈശാഖൻ റൂമിൽ നിന്ന് ഉറക്കെ വിളിച്ചു.
“എന്താ ഏട്ടാ… “
“ലക്ഷ്മി…. നീ എത്ര സമയം ആയി ഈ നിൽപ്പ് തുടങ്ങിയിട്ട്.. പോയി കിടക്ക് ഇനി എങ്കിലും നിയ് “
“അതായിരുന്നു അല്ലേ കാര്യം.. ഞാൻ ഓർത്തു എന്താണ് എന്ന്.. “
“മ്.. ഇനി നീ റസ്റ്റ് എടുക്ക് പെണ്ണേ…മടുത്തില്ലേ… “
“കാലിനു നീരുണ്ട്… ദിവസം അടുത്തടുത്തു വരുവല്ലേ.. “
അവൾ തന്റെ കാലുകൾ രണ്ടും നോക്കി..
“വേഷം മാറിവന്നു കിടക്കാൻ…. നീ വല്ലാണ്ട് ക്ഷീണിച്ചു കെട്ടോ. “
അവൻ പറഞ്ഞതും ലക്ഷ്മി ഡ്രസ്സ് മാറി മേല് കഴുകാനായി വാഷ്‌റൂമിലേക്ക് പോയി..
“ഇന്ന് എന്റെ മനസ് നിറഞ്ഞു ഏട്ടാ… വീണയ്ക്ക് ഒരുപാടു ഇഷ്ട്ടം ആയി ആ ഒർണമെന്റ്സ്… “
“മ്.. “
“ഏട്ടന് എന്താ ഒരു സന്തോഷം ഇല്ലാത്തത്.. അത് ഇഷ്ടായില്ലേ.. “
“എനിക്കു ഒരുപാട് ഇഷ്ടം ആയി… സന്തോഷം ആയിരിക്കുന്നു.. പക്ഷേ ഇതിലും സന്തോഷം ആയത് നീ അച്ഛനും അമ്മയ്ക്കും വെഡിങ് ആനിവേഴ്സറിക്ക് കൊടുത്ത ഗിഫ്റ്റ് കണ്ടപ്പോൾ ആണ്.. “
അത് കേട്ടതും ലക്ഷ്മി ഒന്ന് പുഞ്ചിരിച്ചു..
അവൻ മെല്ലെ ലക്ഷ്മിയുടെ അടുത്ത് ചെന്നു.. അവളെ തന്റെ വലം കൈയാൽ ചേർത്ത് പിടിച്ചു…
“ലക്ഷ്മി…. “
“എന്താ ഏട്ടാ… “
“ലക്ഷ്മി… റിയലി ഐ ആം പ്രൗഡ് ഓഫ് യു മൈ ഡാർലിംഗ്… “
“ഓഹ്.. എന്തൊരു പരിഷ്‌കാരം ആണ് ഏട്ടാ.. “
“സത്യം… ലക്ഷ്മി.. നിന്നെ എനിക്ക് ഈശ്വരൻ തന്നതാണ് മോളേ…. ഞാൻ എപ്പോളും ഓർക്കാറുണ്ട്… നീ വന്നതോടെ ഈ വീട് ആകെ മാറി.. അമ്മയ്ക്കും അച്ഛനും ഞങ്ങൾ മക്കളെ കാട്ടിലും ഇഷ്ടം ഇപ്പൊ നിന്നോടാണ് “
അവൻ അവളുമായി വന്നു കട്ടിലിൽ ഇരുന്നു…
“കുഞ്ഞാവേ… അച്ഛ പറയുന്നത് കേൾക്കുന്നുണ്ടോ…അമ്മയെ എല്ലാവർക്കും ഭയങ്കര ഇഷ്ട്ടം ആണെന്ന്… “
“അച്ചോടാ…. മുത്തിനോട് മിണ്ടാൻ ഇന്ന് അച്ഛ മറന്നു പോയി…അച്ഛെടെ പൊന്നെ…. സുഖാണോ. . കുഞ്ഞാവ ഇനി എന്നാ വരുന്നത് അച്ഛെടെ അടുത്തേക്ക്… “
“സമയം ആകട്ടെ അല്ലേ പൊന്നേ..അച്ഛയോട് തിടുക്കം കൂട്ടണ്ട എന്ന് പറ… “
“മോൻ ആണോ മോൾ ആണോ ആവോ… അല്ലേടി.. ‘
“അറിയില്ല ഏട്ടാ… നെക്സ്റ്റ് ടൈം ചെക്ക്അപ്പിന് പോകുമ്പോൾ ആ ഡോക്ടറോട് ഒന്ന് ചോദിച്ചു നോക്കിയാലോ.. “
“ആഹ്.. എന്തായാലും ഇത്രയും ആയില്ലേ. ഇനി വാവ ഉണ്ടാകുമ്പോൾ അറിഞ്ഞാൽ മതി.. “
“ഏട്ടന്റെ ഇഷ്ടം പോലെ ആകാൻ ഞാൻ പ്രാർത്ഥിക്കുന്നുണ്ട്… ഇനി അഥവാ മോൻ ആണെങ്കിൽ ആ ഡോക്ടർ പറഞ്ഞത് പോലെ നമ്മൾക്ക് വീണ്ടും ട്രൈ ചെയ്യാമെന്നേ… “
“മ്.. അതെ അതെ… ഞാൻ എന്റെ കഴിവിന്റെ പരമാവധി ഉപയഃഗിക്കും…”
“ഓഹ് അത് ശരി… അപ്പൊ അങ്ങനെ ആണ് അല്ലേ കാര്യങ്ങൾ.. “
***************
അങ്ങനെ ദിവസങ്ങൾ പെട്ടന്ന് പിന്നിട്ടു..
കല്യാണത്തലേന്ന് എത്തി..
എല്ലാവരും ആകെ തിരക്കിലാണ്,,, വൈശാഖൻ അന്ന് ലീവ് എടുത്തിരുന്നു,,,
ബന്ധുമിത്രാദികൾ ഓരോരുത്തരായി എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണ്…
ലക്ഷ്മിയും ഉണ്ണിമോളും കൂടി തയിക്കാൻ കൊടുത്തത് ഒക്കെ മേടിച്ചു കൊണ്ടുവന്നു…
വീണ യാണെങ്കിൽ ബ്യൂട്ടിപാർലറിൽ ഒക്കെ പോയി നല്ല സുന്ദരിയായി വന്നിരിക്കുകയാണ്,
ഉച്ച കഴിഞ്ഞതും പന്തൽ ഇടാൻ ഉള്ളവരും സദ്യ ഉണ്ടാക്കുന്നവരും ഒക്കെ വന്നു…
മുറ്റത്തു പന്തൽ ഉയർന്നതും അതൊരു കല്യാണവീട് ആയി മാറി,,
ആകെ ബഹളമയം ആണ് അന്തരീക്ഷം..
അത്താഴസദ്യക്ക് ഉള്ള വിഭവങ്ങൾ ഉണ്ടാക്കുവാനായി പച്ചക്കറികൾ അരിയുക ആണ് സ്ത്രീജനങ്ങൾ.. പടവലവും വെള്ളരിയും മത്തനും പയറും വെണ്ടയും ചീരയും എല്ലാം ശേഖരൻ തലേന്നാൾ പറിച്ചു വെച്ചിരുന്നു…
ചോറ് ആണെങ്കിൽ ഒരു വല്ലം എങ്കിലും വേണ്ടി വരും അല്ലേ… ഇടയ്ക്ക് നാരായണൻ വന്നു പെങ്ങളോട് ചോദിച്ചു..
“ആള് കൂടുതൽ ആണോ ഏട്ടാ… “
“മ്… അതെ… അവരോട് ഞാൻ കുറച്ച് അരി കൂടുതൽ ഇട്ടോള്ൻ പറഞ്ഞിട്ടുണ്ട്.,, ആൾക്കാരെ വന്നിട്ട് വിശന്നു പോകരുതല്ലോ… “
” ഇന്ന് കുടിക്കരുത് കേട്ടോ നാരായണേട്ടാ… എല്ലാത്തിനും ഏട്ടൻ വേണം മുൻകൈ എടുക്കാൻ.. വൈശാഖനും ശേഖരേട്ടനും കൂടി ഓഡിറ്റോറിയത്തിൽ പോയേക്കുവാ..”
“അത് പിന്ന പറയണോടി… അതിനല്ലേ ഞാൻ ഇന്നലെ തന്നെ ഇവിടേക്ക് വന്നത് … “
“അമ്മേ… ദേ വിലാസിനി കുഞ്ഞമ്മ വരുന്നു… “ഉണ്ണിമോൾ വിളിച്ചു പറഞ്ഞു..
“ഏട്ടാ.. ഞാൻ ഇപ്പൊ വരാം… “
“നീ ഈ ഭാഗത്തേക്ക് വരണ്ട, ഇവിടെ ഞാൻ ഉണ്ട്… “
“ഓഹ്… സുമിത്രേ.. തിരക്കാണല്ലേ,,, മക്കൾ എല്ലാവരും എന്ത്യേടി “
“കുഞ്ഞമ്മേ…. കേറിവാ… മക്കൾ എല്ലാവരും അവിടെയും ഇവിടെയും ഒക്കെ ആയിട്ടുണ്ട്.. “
“മ്.. നിന്നോട് ഒരു കാര്യത്തിന് ഞാൻ പിണക്കം ആണ് കെട്ടോ.”
“എന്താ കുഞ്ഞമ്മേ.. “
“നിന്റെ മോനു ജോലി കിട്ടി വല്യ ഇൻസ്‌പെക്ടർ ആയിട്ട് എന്നോട് ഒന്ന് പറഞ്ഞോ.. ഞാൻ എടുത്തോണ്ട് നടന്ന കുട്ടി അല്ലേ അവൻ.. “
“ന്റെ കുഞ്ഞമ്മേ… ഞാൻ രാജേന്ദ്രനോട് വിളിച്ചു പറഞ്ഞിരുന്നു. കുഞ്ഞമ്മേടെ കൈയിൽ ഫോൺ കൊടുക്കാൻ പറഞ്ഞപ്പോൾ അവൻ ടൗണിൽ ആണ്, വീട്ടിൽ ചെല്ലുമ്പോൾ പറഞ്ഞോളാം എന്ന് എന്നോട് പറഞ്ഞു..
“ഓഹ്.. അമ്മ ഇത് പറയുവാൻ ആണോ ഇങ്ങോട്ട് വന്നത്..നൂറു കാര്യങ്ങൾ ഉണ്ട് ഇവിടെ, അതിന്റെ ഇടയ്ക്ക് ആണ് അമ്മയുടെ ഒരു പരാതി.. “രാജേദ്രന്റെ ഭാര്യ ആയ കനക അവരോടു ദേഷ്യപ്പെട്ടു..
“കേറിവാ കുഞ്ഞമ്മേ… ഇത്രയും ദൂരം വണ്ടിയിൽ ഇരുന്നു വന്നതല്ലേ.. “സുമിത്ര പറഞ്ഞപ്പോൾ അവർ അകത്തേക്ക് കയറി..
“മണവാട്ടി പെണ്ണ് എന്ത്യേടി… “
“വീണേ… “സുമിത്ര ഉറക്കേ വിളിച്ചു..
“ദാ വരുന്നു അമ്മേ… “
അവളും ലക്ഷ്മിയും കൂടി ഇറങ്ങി വന്നു..
“ആഹ് ഇങ്ങോട്ടു വന്നെടി കൊച്ചേ.. നിന്നെ ഒന്ന് കാണട്ടെ… “
കുഞ്ഞമ്മ വീണയെ വിളിച്ചു കൈയിൽ പിടിച്ചു..
“വൈശാഖന്റെ പെണ്ണിന് ഇത് എത്ര മാസം ആടി സുമിത്രേ . “
“മോൾക്ക് ഏഴുമാസം കഴിഞ്ഞു.. എട്ടിൽ കേറി… “
“ആണോ… മോളുടെ വയറു കണ്ടിട്ട് ആൺകുഞ്ഞു പോലെ ഉണ്ട് അല്ല്യോടി.. ‘
“അമ്മേ… അതൊക്ക പിന്നെ പറയാം… അമ്മ ഇങ്ങോട്ടു വാ.. “കനക വന്നു കയ്യിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി..
“മോളേ… കുഞ്ഞമ്മേടെ മുന്നിൽ ഒന്നും അധികം ചെല്ലണ്ട… കണ്ണുവെച്ചാൽ ഫലിക്കും “എന്ന് പറഞ്ഞു കൊണ്ടു സുമിത്ര കുറച്ചു പാണലിന്റെ ഇല കൊണ്ടു വന്നു ലക്ഷ്‌മിയെ ഉഴിഞ്ഞു കൊണ്ടു പോയി..
“ഓഹ്.. ഇനി ഇതും കണ്ടുകൊണ്ട് കുഞ്ഞമ്മ വന്നാൽ പിന്നെ തീർന്നു.. “സുമിത്രയുടെ മൂത്ത നാത്തൂൻ മാലതി പറഞ്ഞു..
“ദേ.. ഇപ്പൊ വരാം ചേച്ചി…”സുമിത്ര മെല്ലെ പറഞ്ഞു..
വിജിയുടെ കുഞ്ഞിനെ എടുത്തു കൊണ്ടു ഉണ്ണിമോൾ നടക്കുക ആണ്.. വിജി ഇപ്പോൾ വന്നതേ ഒള്ളൂ..
വന്നതറിയാതെ അവൾ ലക്ഷ്മിയുടെ അടുത്തേക്ക് ഓടി ചെന്നു..
ദേ ലക്ഷ്മി.. ഫേഷ്യൽ കിറ്റ് ഒക്കെ മേടിച്ചിട്ടുണ്ട്.. നീ ഒന്ന് ചെയ്തു താ.. അവൾ ഒരു പാക്കറ്റ് ലക്ഷ്മിയുടെ നേർക്ക് നീട്ടി..
“ആഹ് നീ വന്നു കേറിയതെ തുടങ്ങിയോ.. ” സുമിത്ര മകളുടെ അടുത്തേക്ക് വന്ന് ദേഷ്യപ്പെട്ടു..
സന്ധ്യ ആയതോടെ അവിയലിന്റെയും കുറുക്ക് കാളന്റെയും ഒക്കെ ത്രസിപ്പിക്കുന്ന സുഗന്ധം അവിടമാകെ നിറഞ്ഞു..
ബന്ദിപ്പൂക്കൾ കൊണ്ടുള്ള മാലകൊണ്ടു അലങ്കരിച്ചിരിക്കുക ആണ് വീടിന്റെ ഉമ്മറത്ത് എല്ലാം…
ഒക്കെ ലക്ഷ്മിയുടെ പ്ലാൻ ആണ്… മൈലാഞ്ചി കല്യാണത്തിന് മുന്നോടി ആയിട്ടുളള ഒരുക്കങ്ങൾ..
മഞ്ഞ നിറം ഉള്ള ലെഹെങ്ക ആണ് വീണ ധരിച്ചത്… ഉണ്ണിമോളും ലക്ഷ്മിയും ഒക്കെ ആ നിറം ഉള്ള വേഷം തിരഞ്ഞെടുത്തിരിന്നു…
തലേന്നാൾ വീണയുടെ കൂട്ടുകാരികൾ ആയ സൈറയും ശബാനയും വന്നു അവൾക്ക് മൈലാഞ്ചി ഇട്ടു കൊടുത്തിരുന്നു..
വൈകിട്ട് ഏഴുമണിയോട് കൂടി മഞ്ഞനിറം ഉള്ള ഒരു പരവതാനി വിരിച്ചു അതിൽ എല്ലാവരും നിരന്നിരുന്നു… ലക്ഷ്മിക്ക് തറയിൽ ഇരിക്കാൻ ബുദ്ധിമുട്ടായതിനാൽ അവൾ ഒരു കസേരയിൽ ആണ് ഇരുന്നത്..
വീണയെ അവളുടെ അമ്മായിമാർ ചേർന്ന് ആനയിച്ചു കൊണ്ടു വന്നു.
സുമിത്ര നിലവിളക്ക് കൊളുത്തി… അലങ്കരിച്ച ഉണ്ണിക്കണ്ണന്റെ വെണ്ണക്കൽ വിഗ്രഹത്തിന്റെ മുൻപിൽ ആണ് അവൾ വിളക്ക് കൊളുത്തി വെച്ചത് .
ഓട്ടുമൊന്തയിൽ നിറയെ വെള്ളം എടുത്തു വെച്ച് അതിൽ കുറച്ചു പനിനീർ പൂക്കൾ ഇട്ടു വെച്ചിരിക്കുന്നു.. ഒരു തളികയിൽ കുറച്ചു മുന്തിരിയും അനറും ഞാവൽ പഴവും നിറയെ വെച്ചിട്ട്, ഒരു സ്പൂണും ഇട്ടിട്ടുണ്ട്… മഞ്ഞൾപൊടി ഒരു ചെറിയ ഓട്ടുപാത്രത്തിൽ കുഴച്ചു വെച്ചിട്ടുണ്ട്..
വീണയെ അലങ്കരിച്ച ഒരു കസേരയിൽ ഇരുത്തിയിട്ട് അമ്മായിമാർ രണ്ടാളും ചേർന്ന് കാലിൽ രണ്ടും കിണ്ടിയിൽ നിന്നും വെള്ളം ഒഴിച്ച് കഴുകി..
അതിനുശേഷം കുഴച്ച മഞ്ഞൾ എടുത്തു കവിളിൽ രണ്ടും തേച്ചു… കൈക്കുടന്നയിൽ ചേർത്ത് വെച്ചിരിക്കുന്ന വെറ്റിലയിൽ അവർ ആദ്യം മൈലാഞ്ചി ഇട്ടു കൊടുത്തു…
ഒരു സ്പൂണിൽ ഓരോ മുന്തിരിയും കൂടി എടുത്തു അവളുടെ വായയിൽ വെച്ച് കൊടുത്തിട്ട് അവർ രണ്ടാളും മാറിയത്… ഇതെല്ലാം ലക്ഷ്മി പറഞ്ഞ പ്രകാരം ആണ് അവർ ചെയ്തത്..
വിഡിയോഗ്രാഫർ എല്ലാം കറക്റ്റ് ആയി പിടിച്ചെടുക്കുന്നുണ്ട്..
ശേഖരനും സുമിത്രയും കൂടി ആണ് മകൾക്ക് മൈലാഞ്ചി ഇട്ടുകൊടുത്തത്.. അതുപോലെ വൈശാഖനും ലക്ഷ്മിയും.. അങ്ങനെ എല്ലാവരും വീണയ്ക്ക് മൈലാഞ്ചി ഇട്ടു കൊടുത്തു… ലക്ഷ്മിയുടെ അച്ഛനുമമ്മയും രാജീവനും ദീപയും എല്ലാവരും എത്തിച്ചേർന്നിരുന്നു.
എല്ലാവരും അതീവ സന്തോഷത്തിൽ ആണ്.. മൈലാഞ്ചി കല്യാണം അങ്ങനെ ഗംഭീരമായി കഴിഞ്ഞു..
അത്താഴസദ്യക്ക് ശേഷം ഓരോരുത്തരായി പിരിഞ്ഞു പോയി..
എല്ലാവരും കിടന്നപ്പോൾ രാത്രി 12മണി കഴിഞ്ഞിരുന്നു..
വീണയ്ക്ക് ആണെങ്കിൽ ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞു കിടക്കുക ആണ്.. ശ്രീരാജിന്റെ വീട്ടിൽ ബാച്ചിലേഷ്സ് പാർട്ടി പൊടി പൊടിയ്ക്കുക ആയിരുന്നു.. എന്നാലും അവൻ മൂന്ന് നാലു പ്രാവശ്യം അവളെ വിളിച്ചു..
“വീണകുട്ടി…. നീ മിടുക്കി കുട്ടി ആയിട്ട് കിടന്നു ഉറങ്ങാൻ നോക്ക്.. നാളെ പെട്ടന്ന് ഒന്നും ഉറങ്ങാൻ പറ്റില്ല കെട്ടോ.. “അവന്റെ കള്ളച്ചിരി അവളുടെ കാതിൽ മുഴങ്ങി..
*******++++******—–********
സമയം… 4.30am
“വീണേ… മോളേ.. എഴുന്നേൽക്കു
..” സുമിത്ര കൊട്ടി വിളിച്ചപ്പോൾ അവൾ വേഗം കണ്ണുതുറന്നു
..
“അമ്മേ…. നേരം പോയോ.. “അവൾ ചാടി എഴുനേറ്റു..
“ഇല്ല
.ഇല്ലാ… നിനക്ക് കുളിച്ചു അമ്പലത്തിൽ പോയി തൊഴാൻ പോകണ്ടേ.. അത് കഴിഞ്ഞു ഒരുങ്ങാൻ പോകണ്ടേ മോളേ.. “
“മ്… അമ്മേ ഞാൻ വേഗം പോയി കുളിച്ചു വരാം… “അവൾ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു..
“വൈശാഖനും ആയിട്ട് ആണ് വീണ അമ്പലത്തിൽ പോയത്.. അവൻ ആണ് ബ്യുട്ടി പാർലറിലും കൊണ്ടു പോയത്..
വീണ ഒരുങ്ങി വന്നപ്പോൾ ഇത്തിരി താമസിച്ചു പോയി..
പിന്നെ വേഗം ദക്ഷിണകൊടുക്കൽ ചടങ്ങ് ആയിരുന്നു…
അച്ചന്റേയും അമ്മയുടെയും ഏട്ടന്റെയും ഒക്കെ കാല് തൊട്ട് തൊഴുതപ്പോൾ വീണയെ വിറക്കുക ആയിരുന്നു… ഇപ്പോൾ കരഞ്ഞു പോകുന്ന മട്ടിൽ ആയിരുന്നു വീണ.. പക്ഷേ എല്ലാവരും മുൻകൂട്ടി ക്ലാസ്സ് എടുത്തത് കൊണ്ട് അവൾ പിടിച്ചു നിന്നു…
ലക്ഷ്മി അവളുടെ കവിളിൽ കെട്ടിപിടിച്ചു ഒരു മുത്തം കൊടുത്തു.
അച്ഛന്റെ കൈ പിടിച്ചാണ് അവൾ ഏട്ടന്റെ ഒപ്പം കാറിൽ കയറിയത്..
അങ്ങനെ എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു…
അവർ ചെന്നു കുറച്ചു കഴിഞ്ഞപ്പോഴാണ് ചെറുക്കൻ കൂട്ടരു എത്തിയത്,,
വൈശാഖനും ശേഖരനും വിചാരിച്ചതിലും കൂടുതൽ
മണ്ഡപം നന്നായി അലങ്കരിച്ചിരുന്നു
എല്ലാവർക്കും മണ്ഡപം നന്നേ ഇഷ്ടപ്പെട്ടു.,,,
ലക്ഷ്മിയും വിജിയും ഉണ്ണി മോളും എല്ലാവരും അതീവ സുന്ദരികളായി ഒരുങ്ങിയിരുന്നു…
പക്ഷേ ഉണ്ണിമോൾ പറഞ്ഞതുപോലെ ലക്ഷ്മി ആയിരുന്നു താരം… അതിന്റെ ഒരു ഗമ വൈശാഖിന്റെ മുഖത്ത് കാണാം… തന്റെ സഹപ്രവർത്തകരെ എല്ലാവരെയും അവൻ ഭാര്യയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു..
അങ്ങനെ ചെറുക്കനെ,, വൈശാഖൻ സ്വീകരിച്ച മണ്ഡപത്തിലേക്ക് ഇരുത്തി.. അഷ്ടമംഗല്യം നിറച്ച താലവുമായി വീണയും എത്തി..
എല്ലാവരുടെയും അനുഗ്രഹ ആശംസകളോടെ 11 30 നും 12നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ ശ്രീരാജ് വീണയുടെ കഴുത്തിൽ താലിചാർത്തി,,
തുടരും..
കഥ വായിച്ചിട്ട് എല്ലാവരും ലൈക് ചെയ്യണം കമന്റ് ചെയ്യണം)
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Kurachude length kootamo