Skip to content

സഞ്ചാരി

sanjari story

ഇനി ഞാന്‍ ഉറങ്ങട്ടെ. വേദനകള്‍ക്കും ഏകാന്തതകള്‍ക്കും അവധി കൊടുത്ത് ശാന്തമായി ഒന്ന് ഉറങ്ങട്ടെ. ആരുടേയും സഹാനുഭൂതിയോ സഹതാപങ്ങലോ കേട്ടു തഴബിക്കാന്‍ വേണ്ടിയുള്ളതല്ല എന്‍റെ ചെവികള്‍. ‘അതിന്റെ ഒരു വിധി’ എന്നോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നവരെ കണ്ട് മടുത്തിരിക്കുന്നു. വിരസതയുടെ വായു മൂക്കിലേക്ക് അടിച്ചു കയറുമ്പോള്‍ ശ്വാസ തടസ്സം അനുഭവപെട്ടു തുടങ്ങിയിരുന്നു. സ്പര്‍ശം ഒന്നില്‍പ്പോലും  സ്നേഹമോ സൗഹൃദമോ അനുഭവപെട്ടില്ല. വെറും സഹായങ്ങള്‍ മാത്രം. അടുക്കളയില്‍ നിന്നും ഇടയ്ക്ക് ഉയര്‍ന്നിരുന്ന കൊതിപ്പിക്കുന്ന ഗന്ധമുള്ള ഭക്ഷണങ്ങള്‍ എല്ലാം തന്നെ നിഷിദ്ധമായിരുന്നു. പേരറിയാത്ത ഏതൊക്കെയോ മരുന്നുകള്‍ക്ക് മുന്നോടിയായുള്ള ഉപ്പുമാത്രമിട്ട കഞ്ഞിയും പിന്നെ എരുവും പുളിയും ചേര്‍ക്കാത്ത കറികളും മരുന്നിന്റെ കയ്പ്പില്‍ നിരുപാധികം കീഴടങ്ങിയിരുന്നു. ഇങ്ങനെ ജീവിതം തള്ളി നീക്കുന്നതിനെക്കാള്‍ എളുപ്പം ഉറങ്ങുന്നതാണ് എന്ന് ടോണി കരുതി. സ്വയം ഉറങ്ങാന്‍ ശ്രമിച്ചാല്‍ നടക്കില്ല. അത് തനിയെ വന്നു ചേരണം. അങ്ങനെ ഏതോ ഒരുനാള്‍ ഒരിക്കലും ഉണരാത്ത ഒരു ഉറക്കത്തിലേക്ക് അവന്‍ വഴുതി വീണു.

ടോണിയുടെ ഇരുട്ട് വീണ കിടപ്പറക്ക് ചുറ്റും നിശബ്ദത നിഴലിച്ചിരുന്നു. മരുന്ന് പാത്രങ്ങളുടെ താളങ്ങളില്ലാതെ ആ മുറി ബധിരയായി മാറി. “ഇനിയെങ്ങിലും ഒന്ന് ഉറങ്ങുമോനെ …” എന്ന മാര്‍ത്ത ചേടത്തിയുടെ സ്നേഹം കലര്‍ന്ന ശാസനയില്ലാതെ, എപ്പോഴെങ്ങിലും വന്ന് എത്തിനോക്കി കടമയെന്ന കടംകഴിക്കലില്‍  സുഖവിവരം അന്യോഷിച്ചു പോകുന്ന പപ്പയുടെ “നിനക്കെന്തെങ്കിലും വാങ്ങനുണ്ടോ ?” എന്ന വിരസമായ ചോദ്യമില്ലാതെ, പണ്ടെങ്ങോ കേട്ട് മറന്നുപോയ അമ്മയുടെ താരാട്ടില്ലാതെ ആ മുറി ബധിരയായി മാറി.

മാര്‍ത്ത കരയാന്‍ മറന്നുപോയിട്ട് വര്‍ഷങ്ങളായി. കെട്ടിയവന്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയുടെ അടിവാരത്തിലേക്ക് കൂപ്പുകുത്തിയപ്പോളും മകള്‍ വേലയ്ക്കു വന്ന അന്യ ദേശക്കാരനോടൊപ്പം ഓടിപ്പോയപ്പോഴും മാര്‍ത്ത കരഞ്ഞില്ല. അങ്ങനെയൊന്നും തോറ്റ് കൊടുക്കുന്നവളല്ല മാര്‍ത്തയെന്നു സ്വയം വിശ്വസിപ്പിക്കാന്‍ മനസ്സില്‍ ഒരുപാട് വട്ടം പറഞ്ഞതാണ്. അതാണ്‌ അപ്പനെയും ആങ്ങളമാരെയും ധിക്കരിച്ച് ഇഷ്ടപെട്ടവനോപ്പം ഈ മലഞ്ഞരിവിലേക്ക് കുടിയേറി പാര്ത്തപ്പോള്‍ മറ്റാരുടെയും സഹായം തേടാതിരുന്നത്. ഒടുവില്‍ ആരും ഇല്ലാതായപ്പോള്‍ പള്ളിയിലെ കുശിനിപ്പണിക്ക് സഹായിയായി കൂടിയത്. അവിടന്നാണ്‌ ആബേലച്ഛന്റെ ഉപദേശത്തോടെ ഈ രാവണന്‍ കോട്ടയില്‍ വന്നു പെട്ടത്.

ഇടക്കുമാത്രം വെളിച്ചം കടന്നു വരുന്ന ആ ഇരുട്ടുമുറിയില്‍ ശോഷിച്ച ശരീരവുമായി കട്ടിലില്‍ ചുരുണ്ട് കൂടി കിടക്കുന്ന ടോണിയെ കണ്ടത്. കൌമാരത്തിന്റെ പ്രസരിപ്പും ചൊടിയും അവന്റെ മുഖത്തുണ്ടായിരുന്നു. വിടര്‍ന്ന  കണ്ണുകളും ചിരിക്കുന്ന മുഖവും ആരും  ഒരിക്കലും മറന്നുപോകില്ല. കണ്ടതേ അവന്‍ ചോദിച്ചു:

“എന്നെ നോക്കാന്‍ വന്നതാ ?”

അതെയെന്നു തലയാട്ടി. സ്വന്തം ജീവിത കഥ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു:

“ഇതിപ്പോ ഉരല് ചെന്ന് മദ്ദളത്തോട് കഥ പറയുന്ന പോലെയാണല്ലോ? നമ്മള്‍ രണ്ടാളും ഒരേ തൂവല്‍ പക്ഷികളാണ്.”

“അതെന്താണ് മോന്‍ അങ്ങനെ പറഞ്ഞത്? ഇവിടെ മോനെ നോക്കാന്‍ പപ്പയില്ലേ? ഒരുപാട് പണിക്കാരില്ലേ ?” എന്ന മാര്‍ത്തയുടെ ചോദ്യത്തിന് അവന്‍ വെറുതെ ചിരിച്ചു.

ശോഷിച്ച കാലുകളും നുറുങ്ങുന്ന അസ്ഥികളും തീവ്രമായ വേദന നല്‍കുമ്പോള്‍ പാതി നീക്കിവെച്ച ഗ്ലാസ്‌ ജാലകത്തിന് പുറത്തേക്ക് നോക്കി അവന്‍ വെറുതേ കിടന്നു. ആരുടെയോ വരവും കാത്ത്.

“ഇനി അന്തിക്രിസ്തു മാത്രമേ വരാനുള്ളൂ …” എന്ന ഏതോ പണിക്കാരന്റെ ക്രൂരമായ തമാശക്ക് മാര്‍ത്ത അവനെ കണക്കിന് ശാസിച്ചത് ഓര്‍ക്കുന്നു. ജോലിയില്‍ നിന്നു പിരിച്ചു വിടാനുള്ള വഴി തനിക്കറിയാം എന്നവന്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ “എന്നാ നീ പോയി എന്താന്നുവച്ചാ ചെയ്യടാ, കാണട്ടെ നിന്‍റെ മിടുക്ക് ”  എന്നവനെ തിരിച്ചു വെല്ലുവിളിക്കാനും മാര്‍ത്ത മറന്നില്ല. അപ്പോഴും ടോണിയുടെ കണ്ണുകളിലെ തിളക്കവും പുഞ്ചിരിയും മാഞ്ഞിരുന്നില്ല.

“വഴക്കൊന്നും പറയണ്ട. അയാളൊരു നിഷ്കളങ്കനാണ് എന്ന് തോന്നുന്നു. മനസ്സിലുള്ളത് അതുപോലെ പറയുന്നു എന്ന് മാത്രം. മനസ്സിലൊന്ന് വച്ച് മറ്റൊന്ന് പെരുമാറാനുള്ള ബിസിനെസ്സ് ഇന്റെലെജെന്‍സ് ഒന്നും അയാള്‍ക്കില്ല.”

ടോണി വീണ്ടും പ്രകാശം കടന്നു വരുന്ന ജനാലക്കലേക്ക് നോക്കി ഒരുപാട് നാള്‍ കിടന്നു. അതിനൊപ്പം അവന്‍ കഥകള്‍ പറഞ്ഞു. സങ്കല്പത്തിനെക്കാളും ശക്തിയുള്ള യദാര്‍ത്ഥ കഥകള്‍ .

“ഈ ബംഗ്ലാവ് ഒരു ബ്രിട്ടിഷുകാരന്‍ സായിപ്പിന്റെയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയപ്പോള്‍ ഉണ്ടായ ലഹളയില്‍ പേടിച്ചു നാട് വിടാന്‍ ധൃതി കൂട്ടിയ അയ്യാള്‍ നിസ്സാര വിലക്കിത് വിറ്റു. പളാന്റെര്‍ ആയ എന്‍റെ അപ്പൂപ്പന്‍ അതങ്ങ് ചുളു വിലക്ക് വാങ്ങിച്ചു. ഒരാള്‍ക്ക് പ്രാണ വേദന  മറ്റൊരാള്‍ക്ക്  വീണ വായന. എന്താല്ലേ ?”

“ലോകം അങ്ങനെയാണ് മോനെ ഒരാളുടെ സങ്കടങ്ങളെ മറ്റൊരാള്‍ മുതലെടുക്കാന്‍ നോക്കും. മോന് പ്രായം കുറവായതുകൊണ്ടാ അതൊന്നും മനസ്സിലാവാത്തത്.”

“അതിന് പ്രായം ഒരുപാട് ആവണോ ചേടത്തി ? കുടിയേറ്റ കര്‍ഷകരിലെ പൂത്ത പണമുള്ള കുന്നേല്‍ മാത്തച്ചന്റെ ഏക ദുഃഖം മന്ദതയുള്ള മകളായിരുന്നു. അവരെ വിവാഹം ചെയ്തു ആ ദുഃഖം പരിഹരിച്ചു കൊടുത്തതാവട്ടെ ഈ പറഞ്ഞ മുത്തച്ഛന്റെ മകനും. സഹതാപം കൊണ്ടൊന്നുമല്ല, ഷെവലിയാരായ അമ്മായിയച്ചന്റെ തട്ടുതട്ടായി തിരിച്ച ഏക്കര്‍ കണക്കിന് തേയിലത്തോട്ടവും പേരും പണവും പ്രശസ്തിയും തന്നെ കാര്യം. എന്താണെങ്കിലും ഒരു വിന്‍ വിന്‍ സിറ്റുവേഷന്‍ അല്ലേ ?”

“അതെന്തോന്നാ ?” മാര്‍ത്ത ചോദിച്ചു.

“എങ്ങനെ കൂട്ടിക്കിഴിച്ചു നോക്കിയാലും കച്ചോടം ലാഭം തന്നെ എന്ന്. പിന്നെയോ ?”

“പിന്നെയോ ?”  മാര്‍ത്തക്ക് ജിജ്ഞാസയായി.

“എന്നിട്ടെന്താ? കച്ചോടത്തിന്റെ കണക്കില്‍ പെടുത്താത്ത ഒരു നഷ്ടം പോലെ ഞാനിപ്പോ ദേ ഈ കട്ടിലേല്‍ കിടക്കുന്നു. കഥ തീര്‍ന്നു, ശുഭം.”

അത് പറഞ്ഞു ടോണി പൊട്ടിച്ചിരിച്ചു. ആ ചിരിക്ക് ഒരു കരച്ചിലിന്റെ വേദന ഉണ്ടായിരുന്നു. ഈ ജീവിതം അവനു മടുത്തിരിക്കാം. അല്ലെങ്കില്‍ ആ ജനാലക്ക് അപ്പുറത്തെ ലോകം തനിക്ക് നിഷിദ്ധമാണെന്ന നിരാശ ബോധമായിരിക്കാം. അതെന്തൊക്കെ തന്നെ ആയാലും ഇഷ്ടമില്ലാത്ത കഥാപാത്രം അരങ്ങില്‍ അവതരിപ്പിക്കേണ്ടിവന്ന നടനെപ്പോലെ ഓരോ ദിവസവും ഒരുതരം മരവിപ്പോടെ അവന്‍ തള്ളിനീക്കി.

പിന്നീടൊരു നാള്‍ അവന്‍ പറഞ്ഞു:

“നോക്ക് ഈ ജനാലക്ക്‌ അപ്പുറത്ത് അടിവാരം മുഴുവന്‍ കാണാം. കോട കെട്ടി മലകള്‍ മറഞ്ഞു പോകുന്നതും തണുത്ത വൈകുന്നേരങ്ങളില്‍ കുട്ടികള്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ വരുന്നതും കുന്നിറങ്ങി താഴെ ചെല്ലുമ്പോള്‍ റോഡില്‍ ആനക്കൂട്ടങ്ങള്‍ നില്‍ക്കുന്നതും ചേടത്തി കണ്ടിട്ടുണ്ടോ ?”

“മോനിതെല്ലാം എങ്ങനെ അറിഞ്ഞു ?” മാര്‍ത്ത അത്ഭുതത്തോടെ ചോദിച്ചു.

“ഇവിടുത്തെ പള്ളിയില്‍ ദൈവശാസ്ത്രം പഠിക്കാന്‍ വന്ന ഒരു ചെമ്മാച്ചന്‍ ഉണ്ടായിരുന്നു. പപ്പയെക്കാണാന്‍ ഇടക്കൊക്കെ ഇവിടെ വരുമായിരുന്നു. അയാള്‍ക്ക് ലേശം സാഹിത്യത്തിന്റെ അസുഖം ഉണ്ടായിരുന്നതുകൊണ്ട് എനിക്കിതിക്കെ അറിയാന്‍ പറ്റി. ഇപ്പൊ ഏതോ ഇടവക വികാരിയായി എവിടെയോ ഇരുന്ന് ഇതുപോലെന്തെങ്കിലും കുത്തിക്കുറിക്കുന്നുണ്ടാവും ”

ആ ജനാലയുടെ വശത്തേക്ക് നോക്കി ടോണി പിന്നെയും ദിവസങ്ങള്‍ കഴിച്ചു കൂട്ടി. ഇടക്കൊരിക്കല്‍ തന്നെ ആ ജനലിന് ചേര്‍ത്ത് കട്ടിലിട്ടു കിടത്തണം എന്നവന്‍ ആവശ്യപെട്ടു. അത് സ്വന്തം അധികാര പരിധിയില്‍ വരാത്തതായതുകൊണ്ട് മാര്‍ത്ത തന്‍റെ മുതലാളിയെ ആവശ്യം അറിയിച്ചു. ഡോക്ടറോട് വിളിച്ചു ചോദിച്ചിട്ട് അങ്ങനെ കിടക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്ന് പറയാന്‍ അയാള്‍ ആ മുറിയില്‍ കടന്ന് വന്നു.

“തണുപ്പടിച്ചാല്‍ ഇനിയും ദേഹ വേദന കൂടും എന്നാ ഡോക്ടര്‍ പറഞ്ഞത്.”

“ഓ ഇപ്പൊ നല്ല സുഖത്തിലാണല്ലോ കഴിയുന്നത് …” ദേഷ്യം കടിച്ചമര്‍ത്തി ടോണി പറഞ്ഞു.

“അതിന് എനിക്കെന്ത് ചെയ്യാന്‍ പറ്റും? ചെയ്യാവുന്ന ട്രീറ്റ്‌മെന്റ് ഒക്കെ ചെയ്തില്ലേ ?” അയാളുടെ  ശബ്ദവും ഉയര്‍ന്നിരുന്നു.

“ഇനി അവസാനമായുള്ള ഒരെണ്ണം ഉണ്ട്. ആക്റ്റീവ് യുതെനേഷ്യ. ആ വഴിക്കൊന്നു ചിന്തിച്ചൂടെ?”

“ഇത് നീ വായിക്കുന്ന നോവലുകളിലെ അമേരിക്കയും യുറോപ്പുമോന്നുമല്ല. അതിനൊക്കെ ഒരുപാട് നിയമ തടസങ്ങളും സമയ നഷ്ടവുമുണ്ട്.”

“അപ്പൊ അതാണ്‌ കാര്യം. കാശ് നഷ്ടം വരും. ശരിയാ ആദ്യം നഷ്ടം പറ്റിയ ബിസിനെസ്സില്‍ ബുദ്ധിയുള്ള ആരും ഒന്നൂടെ ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ ധൈര്യപ്പെടില്ല.”

അതുകേട്ട് ജ്വലിക്കുന്ന കണ്ണുകളോടെ അയാള്‍ മുറിവിട്ടു പോയി. മാര്‍ത്ത ഒരിക്കലും കേട്ടിട്ടില്ല ഒരച്ഛനും മകനും ഇത്തരത്തില്‍ സംസാരിക്കുന്നത്. ഇഷ്ടപെട്ട ആളെ വിവാഹം കഴിക്കണം എന്ന് പറഞ്ഞപ്പോള്‍ പോലും ഈ വിധം താന്‍ സ്വന്ത അപ്പനോട് കയര്‍ത്തിട്ടില്ല.

“അരുത് മോനെ , ദൈവകോപം കിട്ടും.”

“ഇതിലും കൂടുതല്‍ കോപിച്ചാല്‍ എനിക്കീ കിടപ്പ് അവസാനിപ്പിക്കാമായിരുന്നു.”

എന്തോ തമാശ പറയുന്ന ലാഘവത്തില്‍ ടോണി പറഞ്ഞു. ആഗ്രഹം സാധിച്ചില്ലെങ്കിലും ആ ജനാല രാതിപോലും അടച്ചിടരുതെന്ന് അവന്‍ പറഞ്ഞു. തണുത്ത കാറ്റ് ഇനിയും ശരീരത്തെ മരവിപ്പിക്കാതിരിക്കാന്‍ രണ്ടു കട്ടി കമ്പിളികള്‍ മാര്‍ത്ത അവനെ പുതപ്പിച്ചു.

അങ്ങനെ ഉറങ്ങി ഉണര്‍ന്ന ഒരു ദിവസം വളരെ ആവേശത്തോടെ ടോണി ഒരു രഹസ്യം പറഞ്ഞു. ഇപ്പൊ കുറച്ചു ദിവസങ്ങളായി ഒരാളെന്നെ കാണാന്‍ വരുന്നുണ്ട്.

“ആര് ? എങ്ങനെ?” മാര്‍ത്ത ചോദിച്ചു.

“ദേ ആ ജനല് വഴി.”

“അതെങ്ങനെ ?”

“ഈ ജനലിന്റെ താഴത്ത് ഉയരം കൂടിയ മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതില്‍ സായിപ്പ് യുറോപ്പില്‍ നിന്ന് എവിടെന്നോ കൊണ്ടുവന്ന ഒരു പ്രത്യേകതരം ലില്ലി പൂക്കളുടെ വള്ളിയുണ്ട് . നല്ല നീല നിറമുള്ള, കയറിന്റെ അത്ര കട്ടിയുള്ള വള്ളികളുള്ള  ചെടി. അതില്‍ വലിച്ചു കയറി വന്നതായിരിക്കും.”

ടോണി അന്ന് സംസാരിച്ചത് മുഴുവന്‍ അയാളെപ്പറ്റിയാണ്.  വട്ട മുഖമുള്ള, ഊശാന്‍ താടിയുള്ള തൂവല്‍ തൊപ്പി വച്ച ഒരു സഞ്ചാരിയെപ്പറ്റി. മെലിഞ്ഞ ശരീരവും ആവശ്യത്തിന് ഉയരവുമുള്ള മുപ്പതുകളുടെ പകുതിയിലെങ്ങോ പ്രായത്തെ കളഞ്ഞിട്ടു പോന്ന ഒരാള്‍. കാണാത്ത കാഴ്ചകളിലേക്ക് ഉറ്റുനോക്കുന്ന കണ്ണുകളും പോകാത്ത ദൂരത്തേക്ക് നടന്നടുക്കാന്‍ വെമ്പുന്ന കാലുകളും അറിയാത്ത നാടുകളെ അറിയാന്‍ കൊതിക്കുന്ന മനസ്സുമുള്ള ഒരാള്‍. പോകുന്ന ദൂരത്തോളം കൈ നീട്ടി വച്ചു കാറ്റിനെ തുഴഞ്ഞുകൊണ്ട് യാത്ര ചെയ്യുവാന്‍ ഇഷ്ടപ്പെടുന്നവന്‍ . കൊതിപ്പിക്കുന്ന മണമുള്ള അതുവരെ അറിയാത്ത രുചികളെ തേടിപ്പിടിച്ചു കഴിക്കാന്‍ ധൃതികൂട്ടുന്നവന്‍. കേള്‍ക്കാത്ത പാട്ടിന്റെ ഈണം ശ്രവിച്ചു പുലരുവോളം തീകൂനക്ക് ചുറ്റുമിരുന്നു രാവ് വെളുപ്പിക്കാന്‍ ആഗ്രഹിക്കുന്നവന്‍.

അയാള്‍ക്ക് ഒരുപാട് കഥകളറിയാം. അനുഭവിച്ചപ്പോള്‍ കഠിനമെന്ന് തോന്നിയതും ഓര്‍മ്മയായപ്പോള്‍ രസമുള്ള കഥകളുമായി മാറിയവ. അതിലോരോന്നും ഓരോ രാത്രികളിലും അയാള്‍ അവനു പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. ആര്‍ത്തലച്ച് ഒഴുകുന്ന നദിയിലൂടെ രണ്ടും കല്പിച്ച് ചങ്ങാടം തുഴഞ്ഞു പോയത്, കറുത്ത കാടിന്റെ വന്യതയില്‍ തനിച്ചായത്, ഇടിവെട്ടി പെയ്യുന്ന മഴയില്‍ ഒരു കൊച്ചു പായ്കപ്പലില്‍ കടലിന്റെ ഒത്ത നടുക്കുള്ള ദ്വീപ്‌ തേടി യാത്രയായത്. അങ്ങനെ  ഒന്ന് കഴിയുമ്പോള്‍ ഒന്നെന്ന പോലെ കഥകളും ഉപകഥകളുമായി ഓരോ രാത്രിയും മനസ്സില്‍ തെളിഞ്ഞു വരുന്ന പ്രദേശങ്ങളിലൂടെ ടോണി യാത്ര ചെയ്തു.

“ഇതിലെന്താണ് സത്യം? എങ്ങനെ ഞാനിത് വിശ്വസിക്കും ?” എന്ന മാര്‍ത്തയുടെ ചോദ്യത്തിന് “തെളിവ് തരാം” എന്ന മറുപടിയോടെ തന്‍റെ പുതപ്പിനുള്ളില്‍ സൂക്ഷിച്ചു വച്ച പക്ഷി തൂവല്‍ ടോണി വിറയാര്‍ന്ന കൈയോടെ എടുത്തുയര്‍ത്തി. “അയാളുടെ തൂവല്‍ തൊപ്പിയില്‍ നിന്നും കൊഴിഞ്ഞു വീണതാണ്” എന്ന് പറഞ്ഞു. മാര്‍ത്തക്ക് വിശ്വാസമായി.

അതുപോലൊരു തൂവല്‍ ടോണി ഒരിക്കലെ കണ്ടിട്ടുള്ളൂ. ഏതോ വിദേശ പര്യടനം കഴിഞ്ഞു   വന്നപ്പോള്‍ പപ്പ സമ്മാനിച്ച ഒരുതരം പഞ്ഞവര്‍ണ്ണ പക്ഷിയുടെ തൂവലിന് ഏതാണ്ട് ഇതേ നിറമായിരുന്നു. സ്വര്‍ണ്ണ നിറമുള്ള കൂട്ടില്‍ കിടന്നത് അവ്യക്തം എന്തൊക്കെയോ പറഞ്ഞു. ആ രാത്രി ടോണിക്ക് ഉറക്കം വന്നില്ല. പിറ്റേന്ന് മര്‍ത്തയോട് നിര്‍ബന്ധിപ്പിച്ച് അതിനെ തുറന്നു വിടാന്‍ പറഞ്ഞു. എന്നോ നഷ്ടപെട്ട സ്വാതന്ത്ര്യം തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ശബ്ദമുണ്ടാക്കി ചിറകടിച്ച് അത് ഏതോ ദിക്കിലേക്ക് പറന്നു പോയി. പിറ്റേന്നു പപ്പ അതറിഞ്ഞപ്പോള്‍ ശകാരം ഉണ്ടായി.

“മാര്‍ത്ത ചേടത്തിയെ കുറ്റം പറയണ്ട. ഞാന്‍ പറഞ്ഞിട്ടാ അങ്ങനെ ചെയ്തത്.”

“എന്തിന്? നിന്‍റെ അമ്മക്ക് ഇതുപോലെ പണ്ടൊരു കിളി ഉണ്ടായിരുന്നു. ആ ഓര്‍മ്മയിലാണ് ഞാനിത് വാങ്ങിയത്.” അയാളുടെ ശബ്ദത്തില്‍ രോഷം പ്രകടമായിരുന്നു.

“വേണ്ട സമയത്ത് നിങ്ങള്‍ അവരെ നോക്കിയിരുന്നെങ്ങില്‍ പ്രസവം കൊണ്ട് അവസാനിക്കാനും ഇതുപോലെ കട്ടിലില്‍ മാത്രം ജീവിക്കുന്ന ഒന്നിന് ജന്മം നല്‍കാനും ഭാഗ്യമുണ്ടാവില്ലായിരുന്നു.”

അല്പനേരത്തെ നിശബ്ധദക്ക്  ശേഷം അയാള്‍ പറഞ്ഞു: “റെയര്‍ സ്പിഷിസ് ആയിരുന്നു. എത്രയാണ് അതിന്റെ വിലയെന്ന് നിനക്ക് പറഞ്ഞാല്‍ അറിയില്ല.”

അതു കേട്ട് ഉറക്കെ ചിരിച്ച് ടോണി പറഞ്ഞു :” ഓ അപ്പൊ അതാണ്‌ കാര്യം. വിലകൊടുത്ത് വാങ്ങാന്‍ കഴിയാത്ത എന്തെങ്കിലും ഉണ്ടോ ഈ ഭൂമിയില്‍? ”

അതിനൊരു മറുപടിയും പറയാതെ പപ്പ മുറിവിട്ടു പോകുന്നത് നോക്കി ടോണി കിടന്നപ്പോള്‍ മാര്‍ത്ത ചോദിച്ചു : “ഇത് വേണാരുന്നോ മോനെ?”

“വേണമായിരുന്നു. ഒരു രാത്രി മുഴുവന്‍ ആ പക്ഷി എന്‍റെ നേരെ നോക്കി എന്തൊക്കെയോ ചിലക്കുകയായിരുന്നു. ‘എന്‍റെ ഈ ഭംഗിയുള്ള ചിറകും പറക്കാനുള്ള കഴിവും കണ്ട് ശേഷിയറ്റ കാലും പാതി ചത്ത ശരീരവും കൊണ്ട് ഈ ഇരുട്ട് മുറിയില്‍ കഴിയുന്ന നിനക്ക് അസൂയയല്ലേ?’ എന്നത് ചോദിക്കുന്നതുപോലെ തോന്നി. പറക്കട്ടെ ചേടത്തി, പറക്കാന്‍ കഴിവുള്ളവരൊക്കെ പറക്കട്ടെ, അല്ലാത്തവര്‍ അതിനെക്കുറിച്ചോര്‍ത്തു അസൂയപ്പെടട്ടെ. ”

ആ രാത്രി ജനല്‍ കയറി വന്ന അയാള്‍ ചോദിച്ചു: “നിനക്ക് പറക്കണോ ?”

“എങ്ങനെ ”? ടോണി ചോദിച്ചു.

ചേതനയറ്റ ടോണിയുടെ  കാലുകളില്‍ പതിയെ തലോടി അയാള്‍ പറഞ്ഞു: “പരാ- ഗ്ലയിഡിംഗ്  ചെയ്‌താല്‍ മതി. ഒരുപാട് ഉയരത്തിലൂടെ മേഘങ്ങളുടെ ഇടയിലൂടെ പറക്കാം. പക്ഷികളൊക്കെ നമ്മളെ കണ്ട് ഒരു വല്ലാത്ത നോട്ടമുണ്ട്, ഇവനാരെടാ നമ്മുടെ പ്രൈവറ്റ് പ്രോപെര്ടിയില്‍ അതിക്രമിച്ചു കടക്കുന്നെ എന്നായിരിക്കും അതിന്റെ അര്‍ത്ഥം.”

അത് പറഞ്ഞ് അയാള്‍  ചിരിച്ചു. ടോണിയുടെ കാലുകള്‍ക്ക് പകരം പഞ്ഞി മെത്തയില്‍ അടിഞ്ഞ ശരീരത്തില്‍ നിന്ന് ചിറകുകള്‍ മുളക്കുന്നത് പോലെ തോന്നി. ഏതോ സ്വപ്നത്തിലെന്ന പോലെ അവന്‍ പറന്നുകൊണ്ടിരുന്നു. മലകളും പുഴകളും കടന്ന്, പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള മേഘങ്ങള്‍ക്കും ഇടയിലൂടെ ദൂരേക്ക് അവന്‍ പറന്നുകൊണ്ടിരുന്നു.

അങ്ങനെ ഒരു രാത്രി ടോണിയുടെ ബോധം മെല്ലെ മാഞ്ഞു തുടങ്ങി. ജനലിങ്ങനെ തുറന്നിടുന്നതാണ് അസുഖം ഇത്രയും കൂടാന്‍ കാരണം എന്ന് ഡോക്ടര്‍ വാദിച്ചു. ഒട്ടും താമസമില്ലാതെ ജനലുകള്‍ എന്നെന്നേക്കുമായി അടയുകയും ദീര്‍ഘമായ ഇടവേളക്ക് ശേഷം മുറിയില്‍ ഇരുട്ട് പ്രകാശത്തിനു മേല്‍ വിജയം വരിക്കുകയും ചെയ്തു. ശക്തമായ പനിയില്‍ പുലബന്ധമില്ലാതെ അവന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. പപ്പക്കോ വേലക്കാര്‍ക്കോ ആ ഭാഷ മനസ്സിലായില്ല. പക്ഷേ മാര്‍ത്തക്ക് അത് മനസ്സിലായി. സ്വപ്നത്തില്‍ എപ്പോഴൊക്കെയോ അയാള്‍ക്കൊപ്പം അവനും സഞ്ചരിക്കാന്‍ തുടങ്ങിയിരുന്നു. നിശ്ചലമായ തടാകത്തിനു മുകളിലെ ചങ്ങാടത്തില്‍ മാനം നോക്കി കിടക്കുന്നതും, കത്തുന്ന വേനലില്‍ ചുട്ടു പഴുത്ത മരുഭൂമിയിലൂടെ ഒട്ടകപ്പുറത്തിരുന്നു ദൂരെ ഉയര്‍ന്നു നില്‍ക്കുന്ന ശവകുടീരങ്ങള്‍ തേടി പോകുന്നതും സ്വര്‍ണം പതിച്ച അറകളുള്ള കൊട്ടാരങ്ങളുടെ കാഴ്ചകളിലേക്ക് പോകുന്നതും അവന്‍ അവ്യക്തമായി പറഞ്ഞിരുന്നു. അതിനവന്‍ അയാളെ കാത്തു കിടന്നിരുന്നു. അതിനായി അടച്ചിട്ട ജനല്‍ തുറക്കുക എന്ന സാഹസം നടത്താന്‍ മാര്‍ത്തക്ക് ധൈര്യം ഇല്ലായിരുന്നു.

അങ്ങനെ ഒരുനാളില്‍ അവ്യക്തമായ ശബ്ദത്തില്‍ അവന്‍ പറഞ്ഞു “ഇനി ഞാന്‍ ഉറങ്ങട്ടെ.” സഹതാപങ്ങള്‍ക്കും  അവഗണനകള്‍ക്കും  അവധി ടോണി വിടപറഞ്ഞു. പാതി തുറന്ന പക്ഷിക്കൂടിന്റെ വാതിലും ഭംഗിയുള്ള ഒരു തൂവലും മാത്രം ആ മുറിയില്‍ അവശേഷിച്ചു. ചക്രവാളങ്ങള്‍ക്കും അപ്പുറം ചേക്കേറാന്‍ പറവകള്‍ പോകുന്ന ഒരു സായന്തനത്തില്‍ ടോണിയുടെ കണ്ണുകള്‍ ബലമായി അടച്ചു. താട കൂട്ടികെട്ടി. അവനെ   ഭംഗിയുള്ള വസ്ത്രങ്ങളും  ഷൂവും ധരിപ്പിച്ചു. വിലകൂടിയ പെട്ടിയില്‍ സുഗന്ധ ദ്രവ്യങ്ങള്‍ പൂശി. നെഞ്ചിലേക്കമര്‍ത്തി പൂക്കളും പുഷ്പ ചക്രങ്ങളും വച്ചു. ദേവദാരുക്കളും സില്‍വര്‍  ഓക്കുകളും അതിരുവച്ചൊരു സെമിത്തേരിയിലെ കല്ലറയിലേക്ക് ടോണി അവസാന യാത്ര നടത്തി.

ഏറെ നാളായി കരയാന്‍ മറന്നുപോയ മാര്‍ത്ത അന്ന് ആര്‍ത്തലച്ച് കരഞ്ഞു. അന്നു വരെ കാണാത്ത വിധം മുതലാളിയുടെ കണ്ണുകള്‍ ചുവന്നതും കലങ്ങി ഒഴുകുന്നതും മാര്‍ത്ത കണ്ടു. തങ്ങളെ ബാധികാത്ത കാര്യമായതിനാല്‍ മറ്റെല്ലാവരും നിറവികാരതയോടെ ഒരു പിടി മണ്ണ് വാരി കുഴിയിലെക്കിട്ട് കടമ നിര്‍വഹിച്ചു. അപ്പോഴാണ്‌ പുള്ളിതൂവലുകള്‍ കൊണ്ടുള്ള തൊപ്പി വച്ച ഒരാള്‍ കുറച്ചു മാറി കുഴിയിലേക്ക് ആയുന്ന  ഷോവല്ലുകളുടെ വേഗത നോക്കി നില്‍ക്കുന്നത് കണ്ടത്. ക്ഷണ നേരം കൊണ്ട് കണ്ണ് തുടച്ചു അയാളുടെ അടുത്തെത്തി മാര്‍ത്ത ചോദിച്ചു:

“നിങ്ങളാണോ ടോണിയെ കാണാന്‍ വന്നുകൊണ്ടിരുന്നത് ?”

“ഓ അതാണോ പേര് ? ഒരു പ്രാവശ്യം സാറിനെ കാണാന്‍ വന്നപ്പോള്‍ കണ്ടിട്ടുണ്ട്. ടോണി എന്നായിരുന്നോ പേര്? പാവം കുട്ടി ഇത്ര ചെറിയ പ്രായത്തിലേ ഒരുപാട് അനുഭവിച്ചു.”

അത് വെറുമൊരു വഴിപോക്കന്റെ സഹതാപം മാത്രമാണ്. തൂവല്‍ തൊപ്പി വച്ചവരെല്ലാം   സഞ്ചാരികളല്ല. വള്ളിപ്പടര്‍പ്പുകളില്‍ തൂങ്ങിപ്പിടിച്ച് ജനല്‍ ചാടി വന്ന് കഥകള്‍ പറഞ്ഞുകൊണ്ടിരുന്ന ആളിന് ഒരിക്കലും ഇങ്ങനെ പറയാന്‍ കഴിയില്ല. അയാള്‍ വല്ല യാത്രയിലും ആയിരിക്കുമോ? കിഴക്കന്‍ കാറ്റടിച്ചപ്പോള്‍ പറന്നു പോയ പഞ്ഞവര്‍ണ്ണക്കിളിയുടെ തൂവല്‍ പോലെ ആ സഞ്ചാരിയും ഏതോ ദിക്കിലേക്ക് പറന്നുപോയിരിക്കുമോ? തൊടാന്‍ കൊതിക്കുമ്പോഴും അകന്നു പോകുന്ന ധ്രുവ ദീപ്തി പോലെ മനസ്സ്  ഒരുതരം ഇന്ദ്രജാലം കാട്ടിയതായിരിക്കുമോ  ?

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: Aksharathalukal Online Malayalam Story Pdf

4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!